മംഗല്യ താലി, ഭാഗം 16,17,18 – എഴുത്ത്: കാശി നാഥൻ

മംഗല്യത്താലി ഭാഗം 16

താൻ കണ്ടപ്പോഴൊക്കെ കണ്ണ് നിറച്ചു നിന്നിരുന്ന ഭദ്ര ആയിരുന്നില്ല ഓർഫനേജിൽ എത്തിയപ്പോൾ അവള്.

അവിടുത്തെ ഓരോ കുട്ടികളോടും ഒപ്പം, ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട്, ഭദ്ര അതിലൂടെ എല്ലാം ചുറ്റിപ്പറ്റി നടന്നു.

എന്തിനെന്നറിയാതെ അവന്റെ മിഴികളും അവളെ പിന്തുടർന്നു.

പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കൂടി, ഒരു മുറിയിലേക്ക് പോകുന്നത് അവൻ കണ്ടു.

ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കു…

അതിമനോഹരമായ ഒരു ശബ്ദം വന്നു അവനെ കീഴ്പ്പെടുത്തി കളഞ്ഞു.

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയാല്‍ രക്തം ചിന്തി
മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌
താതാ നാഥാ കരം പിടിക്കൂ

ആരെയും മതിമയക്കുന്ന ആ ശബ്ദമാധുര്യത്തിൽ അവൻ മിഴികൾ അടച്ചു നിന്ന പോയ്‌.

കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞ് അവരെല്ലാവരും പുറത്തേക്കിറങ്ങി വന്നു.

കുട്ടികളൊക്കെ ഭദ്രവളരെ സ്നേഹത്തോടെയാണ് സംസാരിക്കുന്നത്. അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന് നാലു വയസ്സായിരുന്നു. അവനെയും ഒക്കത്ത് ഇരുത്തി, ഭദ്ര കോറിഡോറിലൂടെ നടന്നു നീങ്ങി…

ഇടയ്ക്ക് ദേവി വന്ന് വഴക്ക് പറഞ്ഞപ്പോഴാണ് അവളും കുട്ടികളും തിരിച്ചു കയറി വന്നത്. അപ്പോഴേക്കും നേരം 8 മണിയൊക്കെ കഴിഞ്ഞു. മീര ടീച്ചർ ഉള്ളതുകൊണ്ട് ഹരിക്ക് അവരോട് സംസാരിച്ചുകൊണ്ട് ഇരിക്കുവാൻ സാധിച്ചു.

ഭക്ഷണം കഴിക്കുവാനായി,ദേവി അമ്മയായിരുന്നു ഹരിയെ വിളിക്കുവാൻ ഭദ്രയോട് ആവശ്യപ്പെട്ടത്.

ഞാൻ വിളിക്കുന്നില്ല, ടീച്ചറോട് പറയൂ ദേവിയമ്മേ…

അവൾ പെട്ടെന്ന് പിന്നോട്ട് മാറി.

ഇതെന്തു വർത്തമാനമാണ് ഈ കുട്ടി പറയുന്നത്,മോളുടെ ഭർത്താവല്ലേ,ചെല്ല് ചെന്ന് വിളിച്ചു കൊണ്ടുവാ…ദേവീയമ്മ പിന്നെയും അവളോട് പറഞ്ഞു.

അതൊക്കെ അദ്ദേഹത്തിന് ബുദ്ധിമുട്ടാവും, എനിക്ക് പേടിയാ ദേവിയമ്മേ…അവൾ പിന്നെയും ഒഴിഞ്ഞുമാറി.. ടീച്ചറോട് പറഞ്ഞപ്പോൾ അവർക്കും മടിയാണ്

അതൊന്നും വേണ്ട ദേവി, ഹരിക്ക് ഒരുപക്ഷേ ബുദ്ധിമുട്ടായാലോ. പിന്നീട് ഒരിക്കൽ ആവാം,  അതല്ലേ നല്ലത്..

ആ സമയത്ത് ഹരിയുടെ ഫോണിലേക്ക് മഹാലക്ഷ്മി വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൻ പക്ഷേ കോള് അറ്റൻഡ് ചെയ്തില്ല.. പകരം വീട്ടിലേക്ക് തിരിച്ചു പോകാം എന്ന് കരുതി ഭദ്രയെ നാലുവശത്തും തിരഞ്ഞു.

അകത്തിരുന്നു കഴിക്കുവാ മോനേ..ഇപ്പൊൾ എത്തും കേട്ടൊ.

അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും മീര ടീച്ചർ പറഞ്ഞു.

ഹ്മ്മ്… ഇറ്റ്സ് ഓക്കേ ടീച്ചർ..ഭദ്ര വരട്ടെ. അവൻ അവർക്ക് മറുപടിയും കൊടുത്തു..

ഭദ്രയെ വീട്ടിൽ എല്ലാവർക്കും അംഗീകരിക്കുവാൻ ബുദ്ധിമുട്ട് കാണും അല്ലേ മോനേ….മടിച്ചു മടിച്ചാണെങ്കിൽ പോലും ഒടുവിൽ ടീച്ചർ അവനോട് ചോദിച്ചു.

അത് സ്വാഭാവികം ആണല്ലോ, ആരെയും കുറ്റപ്പെടുത്തി പറയുവാനും കഴിയില്ല.

ഹരിക്ക് അവളെ അംഗീകരിക്കുവാൻ പറ്റുമോ, അനാഥയാണ് അനാഥത്വത്തിന്റെ വില ഒരുപാട് അറിഞ്ഞവളാണ് ഈ മുറ്റത്തു പിച്ച വെച്ചു നടന്ന എന്റെ പ്രിയപ്പെട്ട മകളാണ് ഭദ്ര.. അവൾക്ക് ഒരു ജീവിതം നൽകിയാൽ, എന്റെ ഹരി ചെയുന്ന കാരുണ്യ പ്രവർത്തി ആയിട്ടൊന്നും കാണണ്ട..പക്ഷെ അവൾ,,, അവളൊരു നല്ല പെൺകുട്ടിയാണ് മോനേ, യാതൊരു തരത്തിലും അവളിൽ നിന്നൊരു മോശം പെരുമാറ്റമൊ, അവിവേകമോ, അഹങ്കാരമോ ഒന്നും തന്നേ ഉണ്ടാവില്ല. അവളുടെ നന്മ വൈകാതെ എന്റെ ഹരിയ്ക്ക് തിരിച്ചു അറിയുവാൻ സാധിക്കും, അതെനിക്ക് ഉറപ്പാണ്,,അവൾക്കിത്തിരി സമയം കൊടുത്താൽ മതി മോനേ…

അത്രയ്ക്ക് ഹൃദയവിശാലതയൊന്നും എനിയ്ക്ക് ഉണ്ടാവില്ല ടീച്ചർ.. സോറി..ഞാൻ പുറത്ത് കാണും, ഭദ്രയോട് അവിടേക്ക് വരാൻ പറഞ്ഞോളൂ…

ഹരി നടന്നു പോകുന്നത് നോക്കി നിന്നപ്പോൾ മീരയ്ക്കു കണ്ണു നിറഞ്ഞു തൂവി.തന്റെ കുട്ടി ഒരുപാട് വേദന താങ്ങേണ്ടി വരുമെന്ന് ഏറെക്കുറെ അവർക്ക് ഉറപ്പായി.

ഹരിയോട് തുറന്നു സംസാരിച്ചിട്ടു പോലും അവന്നത് ഉൾകൊള്ളാൻ തയ്യാറല്ല.

അതായിരുന്നു അവരെ ഏറെ വിഷമിപ്പിച്ചത്.

ഭദ്ര നടന്നു വരുന്ന കണ്ടപ്പോൾ അവർ പെട്ടന്ന് കണ്ണീർ തുടച്ചു, മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവളെ നോക്കി നിന്നു.

ഹരി വണ്ടിയിലുണ്ട്, മോളോട് ചെല്ലാൻ പറഞ്ഞു

മീര പറഞ്ഞതു അവളുടെ മുഖം വാടി

ഞാൻ പോണോ ടീച്ചറേ, എനിയ്ക്ക് ഇവിടമായിരുന്നു ഇഷ്ട്ടം. അതാണ്..അവൾ അവരെ നോക്കി

അങ്ങനെ പറഞ്ഞാൽ പറ്റുമോ കുട്ടി, ഹരി എന്ത് കരുതും, മോൾക്ക് ഇവിടെയ്ക്കു വരണമെന്ന് തോന്നുമ്പോൾ ഓടിപ്പോരെ, ഹരി ഓഫീസിൽ പോകുമ്പോൾ,അടുത്ത ശനിയാഴ്ച മോളെ ഇവിടെ ഇറക്കാൻ പറഞ്ഞാൽ മതി, അതാകുമ്പോൾ വൈകുന്നേരം തിരിച്ചു പോയാൽ പോരേ,

ഹരിയേട്ടൻ സമ്മതിക്കുമോ ആവോ, ആർക്കറിയാം.

അതൊക്ക സമ്മതിക്കും, ഇല്ലെങ്കിൽ എന്നേ വിളിച്ചാൽ മതി, ഞാൻ ഹരിയോട് സംസാരിക്കാം.

അത് കേട്ടതും പാതി സമ്മതത്തോടെ അവൾ തല കുലുക്കി.

ദേവിയമ്മയെയും ടീച്ചറേയുമൊക്കെ കെട്ടിപിടിച്ചു ഉമ്മകൊടുത്തു കൊണ്ട് കുട്ടികളോട് ഒക്കെ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഭദ്രയുടെ ഹൃദയം അലമുറയിടുകയായിരുന്നു

ഹരി വണ്ടി സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു അവളെ കണ്ടപ്പോളേയ്ക്കും.

ടീച്ചറേ….

ഹ്മ്മ്… എന്താ മോളെ.

എനിയ്ക്ക് ഇവിടം വിട്ടു പോരാൻ മനസ് വരുന്നില്ല, സത്യമായിട്ടും എന്റെ സ്വർഗം ഇതാരുന്നു. ആ വീട്ടിൽ എല്ലാവർക്കും ഞാനൊരു അധികപ്പറ്റാണ്, അതുകൊണ്ട ടീച്ചറേ.

അവൾ ശബ്ദം താഴ്ത്തി കേണു

മംഗല്യ താലി 17

എനിയ്ക്ക് ഇവിടം വിട്ടു പോരാൻ മനസ് വരുന്നില്ല, സത്യമായിട്ടും എന്റെ സ്വർഗം ഇതാരുന്നു. ആ വീട്ടിൽ എല്ലാവർക്കും ഞാനൊരു അധികപ്പറ്റാണ്, അതുകൊണ്ട ടീച്ചറേ.

അവൾ ശബ്ദം താഴ്ത്തി കേണു.

മോളങ്ങനെയൊന്നും കരുതേണ്ട,  എല്ലാം ശരിയാകും, പെട്ടെന്ന് ആയതുകൊണ്ട് നിന്നെ അംഗീകരിക്കുവാൻ എല്ലാവർക്കും അല്പം ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവും, ശരിയാണ്,പക്ഷേ മഹാലക്ഷ്മിയമ്മ മോളെ പൊന്നുപോലെ നോക്കും ഉറപ്പ്.പിന്നെ ഹരിയും എന്റെ കുട്ടിയെ വൈകാതെ മനസ്സിലാക്കി തുടങ്ങും.

മീര ടീച്ചറാണ് ഭദ്രയ്ക്ക് കയറുവാനായി കാറിന്റെ ഡോർ തുറന്നു കൊടുത്തത്..

ടീച്ചറെ എന്നാൽ പിന്നെ പോയേക്കുവാ കേട്ടോ നേരം ഒരുപാട് ആയി..ഹരി അല്പം കുനിഞ്ഞ് മീരടീച്ചറെ നോക്കി പറഞ്ഞു.

അവർ തലയാട്ടികൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

അപ്പോഴേക്കും ഭദ്രയുടെ മിഴികൾ നിറഞ്ഞുതൂവി കവിളിലൂടെ ഒലിച്ചിറങ്ങി..

അയ്യേ, ഇതെന്താ മോളെ, ഇങ്ങനെ കരഞ്ഞോണ്ടാണോ ഇവിടുന്ന് പോകുന്നത്, ടീച്ചർക്ക് സങ്കടായി ട്ടൊ.കഷ്ട്ടമുണ്ട്

അവർ ഭദ്രയുടെ തോളിൽ തട്ടി അവളെ സമാധാനിപ്പിച്ചു.

ഗേറ്റ് കടന്നു ഹരിയുടെ വണ്ടി പോകുന്നതും നോക്കി മീര നിറ മിഴികളോട് നിന്നു.

ടീച്ചറേ… കയറി വാ, എത്ര നേരമായി ഈ നിൽപ്പ് തുടങ്ങിട്ട്, തണുപ്പടിച്ചു ഇനി വല്ല അസുഖവും പിടിപ്പിക്കല്ലേ….

ദേവിയമ്മ വന്നിട്ട് അവരുടെ തോളിൽ പിടിച്ചു.

കണ്ണീർ തുടച്ചു മാറ്റി, അവരോടൊപ്പം മീര അകത്തേക്ക് നടന്നു.

*****

എനിയ്ക്ക് എന്റെ ടീച്ചറോടൊപ്പം നിൽക്കുന്നതായിരുന്നു ഏറെ ഇഷ്ടം,

കുറച്ചു ദൂരം പിന്നിട്ട ശേഷം ഭദ്ര ഹരിയെ നോക്കി പറഞ്ഞു.

അവനാണെങ്കിൽ മറുത്ത ഒരക്ഷരം പോലും അവളോട് സംസാരിച്ചില്ല.

ഹരിയേട്ടാ, ഏട്ടന്റെ വീട്ടിൽ എല്ലാവർക്കും ഞാനൊരു ബാധ്യതയാണ്, എന്തിനാ വെറുതെ നിങ്ങളുടെയൊക്കെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ ഞാനൊരു വിലങ്ങു തടിയായി നിൽക്കുന്നത്. ലക്ഷ്മി അമ്മയോട് ഒന്ന് പറയുമോ, എന്നെ എന്റെ ഓർഫനേജിലേക്ക് തിരിച്ചയക്കാൻ. അല്ലെങ്കിൽ ഹരിയേട്ടൻ എന്നെ അവിടെ ആക്കിയിട്ട് പൊയ്ക്കോളൂ,പ്ലീസ്. അവൾ അവനോട് കെഞ്ചി.

അവിടേക്ക് പോകുമ്പോൾ നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, അതു മനസ്സിലാക്കുവാനുള്ള പ്രായം തനിക്ക് ആയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഇമ്മാതിരി ഡയലോഗുകൾ ഒന്നും ഇനി എന്റെ അടുത്ത് ഇറക്കേണ്ട, കേട്ടല്ലോ.

അവൻ അല്പം ഗൗരവത്തിൽ ഭദ്രയോട് പറഞ്ഞു.

നിറഞ്ഞു തൂവിയ മിഴികളോടുകൂടി അവൾ വണ്ടിയിൽ ഇരുന്നു. പിന്നീട് ഒന്നും സംസാരിച്ചതെയില്ല.

ഭദ്ര ആ ചോക്ലേറ്റ് എടുത്തു കഴിച്ചോളൂ വീട് എത്താറായി.

ഹരി പറഞ്ഞതും അവൾ ഒന്ന് മുഖം തിരിച്ചു നോക്കി..

എനിയ്ക്കിതൊന്നും വേണ്ട, ഞാൻ ഇതുവരെയായിട്ടും  കഴിച്ചിട്ടുമില്ല,.

പെട്ടെന്നായിരുന്നു ഹരി ആ ചോക്ലേറ്റ് ബാർ വലിച്ചെടുത്ത് ഗ്ലാസ് താഴ്ത്തി വെളിയിലേക്ക് എറിഞ്ഞു കളയാൻ തുടങ്ങിയത്.

അത് കണ്ടതും ഭദ്ര അത് അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി.

എന്നിട്ട് ആ പായ്ക്കറ്റ് പൊട്ടിച്ചു, പകുതിയൊടിച്ച് ഹരിയുടെ നേർക്ക് നീട്ടി..

താൻ കഴിച്ചോളൂ എനിക്ക് വേണ്ട..

ഇതു മുഴുവനും ഞാനൊറ്റയ്ക്ക് കഴിക്കില്ല ഹരിയേട്ടാ,അതുകൊണ്ടല്ലേ…

അവൾ പിന്നെയും പറഞ്ഞപ്പോൾ ഹരി പിന്നീട് ആ ചോക്ലേറ്റ് മേടിച്ചു.

ഒരു താങ്ക്സ് പറഞ്ഞേക്കാം എന്ന് കരുതി അവൻ അവളുടെ മുഖത്തേക്ക് നോക്കി.

പൂർണ്ണ ചന്ദ്രനെപ്പോലെ ശോഭയോടുകൂടി അവൾ പുഞ്ചിരിച്ചു.

പെട്ടെന്ന് അവൻ മിഴികൾ വലിച്ച് മുൻപോട്ടു നോക്കിയിരുന്നു വണ്ടിയോടിച്ചുപോയ്‌.

ഹരിയേട്ടന് വിശക്കുന്നുണ്ടാവും അല്ലേ, എനിക്ക് ദേവിയമ്മ ഭക്ഷണമൊക്കെ തന്നിരുന്നു. ഹരിയേട്ടനെ നിർബന്ധിയ്ക്കാഞ്ഞത് ഏട്ടന് അവിടെയിരുന്നു കഴിക്കാൻ ഇഷ്ടമാവില്ലന്ന് കരുതിയാണ് കേട്ടോ…

ഹ്മ്മ്… Its ഓക്കേ… രണ്ടു വളവും കൂടി കഴിഞ്ഞാൽ വീടെത്തും.

ഹരി പറഞ്ഞു.

ഹരിയുടെ കാർ  അകത്തേക്ക് കയറി വരുമ്പോൾ മഹാലക്ഷ്മി ഉമ്മറത്തുണ്ട്.

അമ്പലത്തിൽ പോയോന്ന് അമ്മ ചോദിക്കുകയാണെങ്കിൽ താൻ എന്തു മറുപടി പറയും.?

പോയില്ലെന്ന്,,,

പകരം എവിടെയായിരുന്നു എന്ന് ചോദിച്ചാലോ..?

ഓർഫനേജിൽ, മീര ടീച്ചറെയും ദേവിയമ്മയെയും കാണാൻ പോയെന്നു പറയും..

വേണ്ട തൽക്കാലം അങ്ങനെയൊന്നും പറയണ്ട…

അയ്യോ, പിന്നെ ലക്ഷ്മിയമ്മോടെ ഞാൻ എന്തു പറയും?

എന്റെ പിന്നാലെ വന്നാൽമതി, അമ്മ എന്തെങ്കിലും ചോദിച്ചാൽ ഞാൻ മറുപടി പറഞ്ഞോളാം,പോരേ.

ഹ്മ്മ്… അവൾ തല കുലുക്കി.

വണ്ടി പോർച്ചിലേക്ക് കയറ്റി ഇട്ടശേഷം ഹരിയായിരുന്നു ആദ്യം ഇറങ്ങിയത്. അവന്റെ പിന്നാലെ ഉമ്മറത്തേക്ക് നടക്കുമ്പോൾ ഭദ്രയുടെ മുഖം കുനിഞ്ഞു.

താനെന്തിനാ ഇങ്ങനെ പേടിക്കുന്നത്, മുഖമുയർത്തി നടക്കു ഭദ്രേ.

ഹരിയുടെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി. എന്നാൽ അവൻ പറഞ്ഞതുപോലെ നടക്കുവാൻ  ഭദ്രയ്ക്കു ഭയമായിരുന്നു.

ചെരിപ്പ് ഊരി വെച്ച ശേഷം ഭദ്ര അകത്തേക്ക് കയറുമ്പോൾ മഹാലക്ഷ്മി മകനെ ഉച്ചത്തിൽ ശകാരിക്കുന്നത് അവൾ കേട്ടുഎം

നിങ്ങൾ ഇത് ഇത്രനേരം എവിടെയായിരുന്നു ഹരി, ഞാൻ ഫോൺ വിളിച്ചപ്പോൾ അറ്റ്ലീസ്റ്റ് അതെടുത്ത് എന്നോടൊന്ന് സംസാരിക്കുവാനുള്ള മാനേഴ്സ് പോലും നിനക്കില്ലല്ലേ..

ഇന്നലെ കല്യാണം കഴിഞ്ഞ് ഞാനും എന്റെ ഭാര്യയും കൂടി, ഒന്ന് പുറത്തേക്ക് പോയത് അത്ര വലിയ അപരാധമായോ  അമ്മയ്ക്ക്.

പെട്ടെന്നുള്ള ഹരിയുടെ മറുപടി അവരെ അമ്പരപ്പിച്ചു എന്ന് വേണം പറയാൻ..

ഇവിടുന്ന് പോകുംവരേക്കും തന്നോട്, ഭദ്രയുടെ പേരിൽ കിടന്നു തുള്ളിയ മകനാണ്. ഇപ്പോൾ അവളെ അവന്റെ ഭാര്യ എന്നുകൂടി അഭിസംബോധന ചെയ്തിരിക്കുന്നു. ഇതെങ്ങനെ സാധിപ്പിച്ചെടുത്തു.

മഹാലക്ഷ്മി ഹരിയുടെ പിന്നിലായി നിന്നിരുന്ന ഭദ്രയെ ഒന്ന് നോക്കി.

എവിടെയായിരുന്നു എന്ന് അവളോട് ചോദിയ്ക്കുവാൻ പിന്നീട് അവർക്ക് തോന്നിയില്ല.

ഭദ്രേ…പോയി കുളിച്ചു, ഈ വേഷമൊക്കെ മാറ്റി വരൂ എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം, നേരം കുറെ ആയില്ലേ, ഐശ്വര്യയും അനിക്കുട്ടനുമൊക്കെ കിടന്നു കഴിഞ്ഞു.

അയ്യോ ലക്ഷ്മിയമ്മേ, എനിയ്ക്കിനി ഒന്നും വേണ്ട… ദേവി അമ്മ എനിക്ക് നല്ല അസ്സൽ മാമ്പഴ പുളിശ്ശേരി ഒക്കെ കൂട്ടി ചോറ് തന്നു..

പറഞ്ഞു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് സത്യത്തിൽ ഭദ്ര ചിന്തിച്ചത്.

അരികിലായി നിന്നിരുന്ന ഹരിയെ അവളൊന്നു നോക്കി..ആ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു

മംഗല്യ താലി 18

പറഞ്ഞു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് സത്യത്തിൽ ഭദ്ര ചിന്തിച്ചത്.

അരികിലായി നിന്നിരുന്ന ഹരിയെ അവളൊന്നു നോക്കി.. ആ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു

അവിടെ എല്ലാവരും സുഖമായിരിക്കുന്നോ മോളെ..

ഹ്മ്മ്.. സുഖം. അവൾ പുഞ്ചിരിയോടെ പറഞ്ഞു.

ആഹ്, എന്നാലുംഒരിത്തിരിയെങ്കിലും കഴിയ്ക്ക്, എന്നിട്ട് കിടന്നോളു.

ലക്ഷ്മിയമ്മേ, എന്റെ വയറ്റില് ഒട്ടും സ്ഥലമില്ലെന്നേ.. അതല്ലേ… ഇനി നാളെ മതി.

അവൾ അവരെ നോക്കി ദയനീയമായി പറഞ്ഞു.

ആഹ്.. എന്നാൽപ്പിന്നെ മോൾടെ ഇഷ്ടം പോലെ.അല്ലാണ്ട് ഞാനിനി എന്ത് പറയാനാ…

മഹാലക്ഷ്മി പറഞ്ഞതും അവള് വിളറിയ ഒരു ചിരി ചിരിച്ചു. ഹരി അപ്പോൾ റൂമിലേക്ക് പോയിരിന്നു അവന്റെ പിന്നാലെ ഭദ്രയും കയറിപ്പോയ്.

മുറിയിലെത്തിയപ്പോൾ അവൻ ഡ്രസ്സ്‌ മാറ്റുവാണ്.

പെട്ടെന്ന് അങ്ങനെ കഴിയ്ക്കാൻ പറഞ്ഞപ്പോൾ, അങ്ങനെ പറഞ്ഞു പോയതാ, ഹരിയേട്ടാ… സോറി….ഒരായിരം സോറി.

അവന്റെ അടുത്തേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

അതൊന്നും മൈൻഡ് ചെയ്യാതെ ഹരി അവന്റെ ഷർട്ട്‌ ഊരി മാറ്റിയിട്ട് ഇന്നർ ബനിയൻ മാത്രം ഇട്ടു കൊണ്ട് ഒരു ടവൽ എടുത്തു തോളത്തു ഇട്ടു വാഷ് റൂമിലേക്ക് പോയ്‌.

കുളിച്ചു ഫ്രഷ് ആയിറങ്ങി വന്നപ്പോളും അവളാ നിൽപ്പ് അങ്ങനെ നിന്നു.

സോറി ട്ടൊ.. എന്നോട് ദേഷ്യമായോ ഹരിയേട്ടാ..

പിന്നെയും സങ്കടത്തോടെ ഭദ്ര വീണ്ടും ചോദിച്ചു.

Its ഓക്കേ…..

അത്രമാത്രം പറഞ്ഞ ശേഷം ഹരി മുറിയിൽ നിന്നും ഇറങ്ങി താഴേയ്ക്കു പോയ്‌.

ഒറ്റയ്ക്കിരുന്നാണ് ഹരി ഭക്ഷണം കഴിച്ചത്. അവൻ കഴിച്ചു തീരാറായപ്പോൾ മഹാലക്ഷ്മി അവന്റെ അടുത്തേക്ക് വന്നു.

എന്താ ഹരി, നിനക്കെന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്, എന്ത് പറ്റി…അവർ മകനെ നോക്കി.

ഞാനിപ്പോ വരാം, ഈ കൈയൊന്ന് കഴുകട്ടെ..

ഹരി പറഞ്ഞതും അവർ ഉമ്മറത്തേക്ക് ഇറങ്ങി.

മോനേ.. കുറച്ചുടെ ചോറ് വിളമ്പട്ടെ.
സൂസമ്മച്ചി വന്നു അവനോട് ചോദിച്ചു.

വേണ്ട, ഒന്നും വേണ്ട ചേച്ചി, വയറു നിറഞ്ഞതാണ്. മതി.

കഴിച്ചിരുന്ന പ്ലേറ്റ് എടുത്തു അവർക്ക് കൊടുത്ത ശേഷം അവൻ എഴുന്നേറ്റ് കൈ കഴുകുവാനായി പോയ്‌.

ഹരി വെളിയിലേക്ക് ചെന്നപ്പോൾ മഹാലക്ഷ്മി അവിടെയിരിപ്പുണ്ട്.

അവനും അമ്മയുടെ അടുത്തായി ചെന്നിരുന്നു.

മകൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അറിയുവാൻ വേണ്ടി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുകയാണ് മഹാലക്ഷ്മി.

അമ്മേ… എന്റെ ജാതകദോഷം തീർക്കാൻ വേണ്ടിയാണോ ഭദ്രയെക്കൊണ്ട് എന്നെ വിവാഹം ചെയ്യിപ്പിച്ചത്.

പെട്ടന്ന് ഉള്ള മകന്റെ ചോദ്യത്തിന് മുന്നിൽ അവരൊന്നു പകച്ചു നിന്നു പോയ്‌.

ഭട്ടത്തിരിയാണോ അമ്മയോട് ഈ ബുദ്ധി ഉപദേശിച്ചത്,, അതിനു വേണ്ടിയാണോ ആ പാവം പെൺകുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചത്. എന്തിനാരുന്നമ്മേ ഇത്രേം വലിയൊരു അപരാധം നിങ്ങളല്ലാവരുംകൂടി ആ കുട്ടിയോട് ചെയ്തേ. ആഹ് പിന്നെ അവൾക്ക് ചോദിക്കാനും പറയാനുമാരുമില്ലല്ലേ..അതുകൊണ്ടാവും..അമ്മേടെ ചിലവിൽ ഓർഭാനെജിൽ കഴിയുന്നവളല്ലേ…ഹരിയുടെ മുഖത്തു പുച്ഛം നിറഞ്ഞു.

നിന്റെ ജീവിതത്തിൽ രണ്ട് വിവാഹത്തിന് യോഗമുണ്ടെന്ന്, ഇപ്പൊ ഇങ്ങനെയൊരെണ്ണം നടത്തിയാൽ പിന്നെ ഒരു വർഷം കഴിഞ്ഞു….

മതി…. ഒന്ന് നിർത്തുന്നുണ്ടോ.

അവർ പറഞ്ഞു പൂർത്തിയാക്കും മുന്നേ ഹരി അമ്മയെ നോക്കി അലറി.

നാണമില്ലേ അമ്മയ്ക്ക്, ഇങ്ങനെയൊക്കെ സംസാരിക്കാൻ..ഒന്നുല്ലേലും അറിവും വിവരവുമൊക്കെയുള്ള ഒരു സ്ത്രീയല്ലേ അമ്മ…

ആയിരിക്കാം, പക്ഷെ എന്റെ മക്കളുടെ കാര്യത്തിൽ ഞാൻ സ്വർത്ഥയാണ്..

ആ സ്വാർത്ഥത കാണിക്കേണ്ടത്, ആരോരുമില്ലാത്ത ആ പാവം പെൺകുട്ടിടെ അടുത്തല്ല, അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തകൊണ്ടാണോ…

നീയെങ്ങനെ വേണേലും വ്യാഖ്യാനിച്ചോളു.. അത് നിന്റെയിഷ്ടം..

ഏതോ ഒരു ജ്യോൽസ്യൻ എന്തോ പൊട്ടത്തരം പറഞ്ഞുന്നു കരുതി അമ്മ ബലിയാടാക്കിയത് ഒരു പാവം പെണ്ണിനെയാണ്.അറിയോ അമ്മയ്ക്ക്.

അവൻ ഓരോന്ന് പറഞ്ഞു ബഹളം കൂട്ടിയപ്പോൾ മഹാലക്ഷ്മി നിശബ്ദത പാലിച്ചു.

അല്ലേലും ഒന്നും കാണാതെ അമ്മ ഇത്രയും വലിയൊരു ത്യാഗമൊന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാരുന്നു. പിന്നെ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ട് അമ്മയോട് സംസാരിക്കാമെന്ന് കരുതി ഞാൻ വെയിറ്റ് ചെയ്തത്.

ഒരു വർഷം കഴിഞ്ഞു ഭദ്രയെ എന്ത് ചെയ്യാനാ അമ്മേടെ പ്ലാൻ, അതൊന്നു പറഞ്ഞേ.. എന്തായാലും അത് കൂടി കേൾക്കട്ടെ. അവൻ മഹാലക്ഷ്മിയെ ഉറ്റു നോക്കി.

ഭദ്രയെ ഓർഭനേജിലേക്ക് തിരികെ പറഞ്ഞു അയക്കാം..

അപ്പൊ അവിടെ മീരടീച്ചർ ചോദിക്കില്ലേ അമ്മയോട് ഈ വിവരം.

നിനക്ക് അഡ്ജസ്റ്റ് ചെയ്തു പോകാൻ സാധിക്കുന്നില്ലന്നു പറയാം.

ഓഹോ.. അപ്പോൾ എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തു വെച്ചിട്ടാണല്ലേ..കൊള്ളം, അമ്മേടെ ബുദ്ധി അപാരം തന്നേ..അല്ലേലും അമ്മയ്ക്ക് പണ്ട് മുതലേ കുരുട്ടുബുദ്ധിയൽപ്പം കൂടുതലാണ്, അതെനിക്ക് വ്യക്തമായി അറിയാം..

ഹരി…..

വേണ്ട… ശബ്ദമുയർത്തേണ്ട…. ഞാൻ പറഞ്ഞത് സത്യമാണോന്ന് ഒന്ന് ആലോചിച്ചു നോക്കിയാൽ മതി, പിന്നെ ഭദ്രേടെ കാര്യത്തിൽ ഞാൻ കുറച്ചു തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്. ഇനി മുന്നോട്ട് അങ്ങനെയാവും. അതിനു യാതൊരു മാറ്റവുമില്ല… ഇനി അമ്മ അറിഞ്ഞില്ലെന്നു ഒന്നും പറഞ്ഞു വന്നേക്കരുത്…

നീയെന്തു തീരുമാനം എടുത്തുന്ന പറയുന്നേ.. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി, ഒരു വർഷം..കൃത്യം ഒരു വർഷത്തേയ്ക്കു അവൾ ഈ കുടുംബത്തിൽ കാണും. ബാക്കികാര്യം അതിനു ശേഷം…

ഓഹോ…അങ്ങനെയാണോ കാര്യങ്ങൾ, അവളെ നാലാളറിഞ്ഞു കല്യാണം കഴിച്ചത് ഞാനാണ്, അപ്പോൾ അവളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശവും അധികാരവുമൊക്കെ തത്കാലം എനിയ്ക്കാണ്.

നീയവളെ എന്ത് ചെയ്യാൻ പോകുന്നു?

അത് അമ്മയോട് പറയാൻ എനിക്ക് സൗകര്യമില്ല.

ഹരി…..

അതേ ഹരി തന്നേ, അമ്മ അലറേണ്ട…

അവളെ തിരിച്ചു ഓർഭനേജിൽ ആക്കാനാണോ നിന്റെ പ്ലാൻ. അങ്ങനെയെങ്കിൽ അത് നടക്കില്ല മോനേ..

അവളെ എവിടെയാക്കുമെന്നുള്ളത് അമ്മ കണ്ടോളു..നോ പ്രോബ്ലം.

എടാ,,,,, മൃദുലയുമായിട്ട് ഒരു വർഷം കഴിഞ്ഞു നിന്റെ വിവാഹം നടത്താമെന്ന് ഞാൻ അമ്മാവനും അമ്മായിയ്ക്കും വാക്ക് കൊടുത്തതാ… അവരും അതെല്ലാം സമ്മതിച്ചു.നീയായിട്ട് ദയവ് ചെയ്തു എല്ലാം നശിപ്പിക്കരുത്,

ഭദ്രയ്ക്ക് ആകുമ്പോൾ ആരും ചോദിക്കാനും പറയാനും വരില്ലലോ അല്ലേ അമ്മേ..

നീയെന്തു കരുതിയാലും അതൊക്കെ നിന്റെ ഇഷ്ട്ടം.. ഞാനായിട്ട് ഒന്നും പറയുന്നില്ല.

മഹാലഷ്മി എഴുന്നേറ്റ് അകത്തേക്ക് നടന്നതും പെട്ടെന്ന് ആരോ പിടിച്ചുകെട്ടിയ പോലെ അവരവിടെ നിന്നു..

അമ്മേടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ഹരി തിരിഞ്ഞു നോക്കി.

അവരെ ഇരുവരെയും നോക്കി ഒരു മന്ദഹാസത്തോടെ നിൽക്കുകയാണ് ഭദ്ര.

എന്നാൽ അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു.

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ