മംഗല്യത്താലി 7
ഒന്ന് രണ്ടു തവണ അവൾ ഹരിയെ കണ്ടിട്ടുണ്ട്. ഓർഫനേജിൽ വെച്ച്. കാണാൻ സുന്ദരനായ അയാൾക്ക് തന്നേ ഇഷ്ട്ടം ആകുമോ എന്നൊക്കെ വല്ലാത്ത പേടി അവൾക്കുണ്ടായിരുന്നു. ആ സംശയം പങ്ക് വെച്ചപ്പോൾ പക്ഷെ മീര ടീച്ചറും ദേവിയമ്മയും കൂടി അവളേ വഴക്ക് പറഞ്ഞു..
എല്ലാം മോളുടെ സൗഭാഗ്യമാണ്, അല്ലെങ്കിൽ ഇങ്ങനെയൊരു ബന്ധം വരുമോ നിന്നെത്തേടി. അവർ തിരിച്ചു ചോദിച്ചു..
മോളെ ഭദ്രേ….മഹാലക്ഷ്മി വിളിച്ചപ്പോൾ ഭദ്ര ഞെട്ടി തിരിഞ്ഞു നോക്കി.
അവളെ റൂമിൽ ആക്കിയ ശേഷം ആയിരുന്നു അവർ അനിരുദ്ധന്റെ അടുത്തേക്ക് പോയത്.
തിരികെ കയറി വന്നപ്പോൾ ജനാലയിൽ മുറുക്കി പിടിച്ചുകൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയാണ് ഭദ്ര…
മോളെ….. ഉറക്കം വരുന്നുണ്ടോ.
ഇല്ലമ്മേ….. അദ്ദേഹം വിളിച്ചിരുന്നോ.
വിഷമത്തോടെ അവൾ ചോദിച്ചു.
ഹമ്… നാളെയവൻ വരും. മോള് വിഷമിക്കണ്ട.
മൃദുല.. ആ കുട്ടി വരുമോ..
ഇടറിയ ശബ്‍ദത്തിൽ അവൾ അവരെ വീണ്ടും നോക്കി.
അറിയില്ലന്നേ … ചിലപ്പോൾ എത്തും. മോള് ടെൻഷൻ ആവണ്ട.മൃദുല എന്റെ സഹോദരന്റെ മകളാണ്.. ഇങ്ങു വരട്ടെ, ഞാൻ സംസാരിച്ചോളാം…
അർഹിക്കാത്തതെന്തൊ അത് നേടിയെടുത്താലും ഒരിക്കൽ നമ്മള് പോലും പ്രതീക്ഷിയ്ക്കാത്ത നേരത്തു കൈ വിട്ടും പോകും ലക്ഷ്മിയമ്മേ …
നിനക്ക് അർഹതപെട്ടവൻ തന്നെയാണ് ഹരി.. വെറുതെ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട കേട്ടോ..
അവളെ ചേർത്തു പിടിച്ചു. എനിയ്ക്ക് നീയെന്റെ മകളാണ്, എന്റെ സ്വന്തം മകൾ.
അവളുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ട് മഹാലക്ഷ്മി പറഞ്ഞപ്പോൾ ഭദ്ര മിഴിനീർ തുടച്ചു കൊണ്ട് മുഖം ഉയർത്തി.
മോള് വാ.. കിടക്കാം. അവരോടൊപ്പം കിടക്കാൻ പാവത്തിന് ആകെ ഒരു ബുദ്ധിമുട്ട്. പക്ഷെ മഹാലക്ഷ്മി അവളെ ചേർത്തണച്ചുകൊണ്ട് കിടന്നു.
ഹരി നാളെ എത്തും കേട്ടോ…അനിക്കുട്ടൻ അവനെ വിളിച്ചിരുന്നു,
കളവ് ആണേലും അവളെ സമാധാനിപ്പിക്കാൻ വേണ്ടി മഹാലക്ഷ്മിക്ക് അങ്ങനെ പറയേണ്ടി വന്നു.
ഒന്ന് മൂളിയത് അല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല..
*****
ഇതിപ്പോ എത്രാമത്തെയാണ് എന്റെ ഹരിക്കുട്ടാ, മതി കഴിച്ചത് ഇനി നിർത്ത്.
പോളേട്ടൻ വന്നു ഒരുപാട് വഴക്ക് പറഞ്ഞ ശേഷം ആയിരുന്നു ഹരി ഒന്ന് ഒതുങ്ങിയത്.
മാഡം വിളിച്ചു കാണും, എന്റെ ഫോൺ ഓഫ് ആക്കി വച്ചിരിക്കുവാ.
അതങ്ങനെ ഇരിക്കട്ടെ പോളെട്ടാ..നാളെ ഓൺ ചെയ്‌താൽ മതി. അവന്റെ ശബ്ദം ഉയർന്നു
കുടിച്ചു വെളിവില്ലാതെ അമ്മയെയും ചേട്ടനെയും ഒക്കെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട് ഹരി.
ഈശോയെ, ഇതു എന്തൊരു കഷ്ട്ടം ആണോ, ഇഷ്ട്ടം ഇല്ലാതെ എന്തിനാ ഈ പാവത്തിനെ പിടിച്ചു പെണ്ണ് കെട്ടിച്ചത്..ആ പെൺകൊച്ചുന്റെ ഒരു വിധി.. പിന്നേ ചോദിക്കാനും പറയാനും ആരുമില്ലാത്ത കൊണ്ട് കുഴപ്പമില്ല. പോള് തന്നെത്താനെ പറഞ്ഞു..
*****
രാവിലെ മഹാലക്ഷ്മി ഉണർന്നപ്പോൾ തന്നോട് ചേർന്ന് കിടന്നുറങ്ങുന്ന ഭദ്രയെയായിൽര്ന്നു കണ്ടത്. കുറച്ചു സമയം അവളുടെ മുഖത്തേക്ക് നോക്കി അവർ കിടന്നു
പാവം…ഒരുപാട് നന്മയുള്ളവൾ ആണ്, അതുകൊണ്ട് അല്ലെ തന്റെ ഹരിയുടെ പെണ്ണായി ഇവിടേക്ക് കൊണ്ട് വന്നത്.
അവളെ നന്നായി പുതപ്പിച്ച ശേഷം മഹാലക്ഷ്മി ഫ്രഷ് ആവാനായി പോയ്.
കുളിയൊക്കെ കഴിഞ്ഞു വേഷം മാറി കരിനീല നിറം ഉള്ള ഒരു സാരീയൊക്കെ ഉടുത്തു കൊണ്ട് നിൽക്കുകയാണ് മഹാലക്ഷ്മി. നെറ്റിയിൽ നീളത്തിൽ ഒരു ഭസ്മക്കുറിയുണ്ട്.
മുടി അഴിച്ചു തോർത്തികൊണ്ട് നിന്നപ്പോൾ ആയിരുന്നു ഭദ്ര ഉണർന്നു വന്നത്.
ആഹ്… ഗുഡ് മോണിംഗ് മോളെ. അവർ അവളെ നോക്കി പുഞ്ചിരിച്ചു.
സോറി… ഞാൻ ഉറങ്ങിപ്പോയി ലക്ഷ്മിയമ്മേ. അവൾ കിടക്കവിട്ടു എഴുന്നേറ്റു.
നേരം ഒന്നുമായില്ല… അഞ്ച് മണി ആകുന്നെയൊള്ളു. ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്തും. അതുകൊണ്ട് എഴുന്നേറ്റ് കുളിച്ചത്.മോള് കിടന്നോളു.
ഏയ്, എന്റെ ഉറക്കമൊക്കെ കഴിഞ്ഞു.. ഞാനും പെട്ടന്ന് കുളിച്ചു വരാം.
അപ്പോളാണ് തന്റെ ഡ്രസ്സ് ഒക്കെ മുകളിൽ ആണെന്ന് ഭദ്ര ഓർത്തത്. ലക്ഷ്മിയമ്മയോടു കാര്യം പറഞ്ഞു
അതിനെന്താ,മോള് അവിടേക്ക് പൊയ്ക്കോളൂന്നേ…സാരമില്ലന്നേ.
ഹരിയുടെ മുറിയിലേക്ക് പോകും തോറും ഭദ്രയെ വിറച്ചു. അവനവിടെ ഇല്ലെന്ന് ഉള്ളത് അറിയാം. എന്നാലും ഒരു പേടി.
പെട്ടെന്ന് തന്നെ വാഷ് റൂമിൽ കേറി കുളിച്ചു, വേഷം മാറ്റി മറ്റൊരു ചുരിദാർ എടുത്തു ഇട്ടു. ഇരു കാതുകൾക്കും ഇടയിൽ നിന്നും ഇത്തിരി വീതം മുടി എടുത്തു കുളിപിന്നൽ പിന്നിയിട്ടുകൊണ്ട് താഴേക്ക് ഓടി ചെന്നു. പൂജാമുറിയിലേക്ക് കയറി
ചന്ദനതിരിയുടെയും അഷ്ടഗന്ധത്തിന്റെയും മണം ആയിരുന്നു അവിടമാകെ നിറഞ്ഞു നിന്നത്..
പേര് പോലെ തന്നെ ഐശ്വര്യം തുളുമ്പുന്ന ഒരമ്മയാണെന്ന് മഹാലക്ഷ്മിയെ കണ്ടപ്പോൾ ഭദ്ര ഓർത്തു.
ദീപ പ്രഭയിൽ അവരുടെ മുഖം തിളങ്ങിനിന്നു. എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നുണ്ട്. അവരുടെ അധരം ചലിയ്ക്കുന്നത് ഒരു കൗതുകത്തോടെയവൾ നോക്കി നിന്നു. അല്പം കഴിഞ്ഞ് മഹാലഷ്മി മിഴികൾ തുറന്നു. അരികിലായി നിൽക്കുന്ന ഭദ്രയെ കണ്ടതും അവരൊന്ന് പുഞ്ചിരിച്ചു..
ജപവും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു ഇരുവരും കൂടി അടുക്കളയിൽ എത്തി.
സൂസമ്മേ…..കോഫി ഒരു കപ്പ് കൂടി എടുത്തൊ. മോൾക്കും വേണം..
ആഹ് ശരി ചേച്ചി. ഇപ്പൊ തരാം
മഹാലക്ഷ്മി ഉറക്കെ പറഞ്ഞപ്പോള് ഒരു സ്ത്രീ അപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.
അമ്മേ…ഞാൻ എടുത്തോളാം, കുഴപ്പമില്ല..
ഹേയ് അതൊന്നും സാരമില്ലന്നേ, ഞാനെടുത്തു വെച്ചിട്ടുണ്ട് മോളെ.
50വയസിനോട് അടുത്തു പ്രായം ഉള്ള ഒരു ചേച്ചി ഒരു കലത്തിൽ വെള്ളവും ആയിട്ട് കയറി വരുന്നുണ്ട്. കുടിക്കാൻ ഉള്ള വെള്ളമാ. ദേ ഇവിടെ കിണറുണ്ട്.
അവളുടെ നോട്ടം കണ്ടതും ആ സ്ത്രീ പറഞ്ഞു.
മോളെ… ഇതു സൂസമ്മ, അടുക്കളയിൽ ഒരു സഹായത്തിനു സൂസമ്മയാണ് വരുന്നേ. പിന്നെ ലേഖയുണ്ട് കെട്ടോ. എന്താവശ്യം ഉണ്ടെങ്കിലും സൂസമ്മയോട് ചോദിച്ചാൽ മതി.
മഹാലഷ്മി പറഞ്ഞതും അവൾ തല കുലുക്കി.
സൂസമ്മ കൊടുത്ത കാപ്പി മേടിച്ചു ഊതി കുടിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു ലേഖ അവിടെക്ക് വന്നത്.
കുളിയൊക്കെ കഴിഞ്ഞു ഐശ്വര്യം ആയിട്ട് ഇരിക്കുന്ന ഭദ്രയെ കണ്ടതും ലേഖയുടെ മുഖം ഇരുണ്ടു
മംഗല്യത്താലി 8
ലേഖ എന്താ അവിടെ നിൽക്കുന്നത്, കേറിവരു..
മഹാലക്ഷ്മി ശബ്ദം ഉയർത്തിയതും ലേഖ പെട്ടെന്ന് അവരുടെ അടുത്തേക്ക് ചെന്നു..
കാലത്തെ ബ്രേക്ക് ഫാസ്റ്റിന് ഇഡ്ഡലിയും സാമ്പാറുമായിരുന്നു, സാമ്പാറിലേക്കുള്ള കഷണങ്ങളൊക്കെ എടുത്ത് നേരത്തെ തന്നെ വെള്ളത്തിലിട്ടു വച്ചിട്ടുണ്ട് സൂസമ്മ.
ഇഡലി മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി പരുവം ആക്കിയപ്പോൾ ലേഖ അത് കുറേശ്ശെ തട്ടിലേക്ക് കോരി ഒഴിച്ചു.
അനിക്കുട്ടനും ഐശ്വര്യയും ഇതുവരെ ഉണർന്നില്ലല്ലോ ലേഖേ, കാര്യം പറഞ്ഞാൽ കുടുംബക്ഷേത്രത്തിൽ കാലത്തെ പോയി കുളിച്ച് തൊഴേണ്ടതായിരുന്നു..
ഞാൻ വിളിക്കണോ ചേച്ചി?
ഹേയ് വേണ്ട, ഏഴുമണിക്ക് മുന്നേ ഉണരും ആണെങ്കിൽ അവരെ പറഞ്ഞയക്കാം അല്ലെങ്കിൽ വൈകുന്നേരത്തെ ദീപാരാധനയ്ക്ക് പോട്ടെ.
മഹാലക്ഷ്മി എഴുന്നേറ്റ് അടുക്കളയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
മോളെ ഭദ്രേ..അവർ നീട്ടി വിളിച്ചതും ഭദ്ര പെട്ടെന്ന് അവരുടെ അരികിലേക്ക് ചെന്നു.
മോള് വാ,അമ്മ ഒരു കൂട്ടം കാണിച്ചുതരാം.
വീടിന്റെ കിഴക്ക് വശത്തായി ഒരു ചെറിയ പൂന്തോട്ടം ഉണ്ടായിരുന്നു. പലതരത്തിലുള്ള, മണവും നിറവുമുള്ള പൂക്കളുകൾ അവിടമാകെ നിറഞ്ഞു നിൽപ്പുണ്ട്.
ചെത്തിയാണെങ്കിൽ, നാലഞ്ച് കളറിലുള്ളതാണ്,കടും ചുവപ്പ്, ഇളം മഞ്ഞ, ഇളം റോസ്,പിങ്ക് നിറം ഉള്ളത്,പിന്നെ അല്പം കൂടി ചുവപ്പ് കലർന്ന മറ്റൊരു കളർ.
അതുപോലെതന്നെ ചെമ്പരത്തിയും റോസും ഒക്കെ, വൈവിധ്യമാർന്ന നിറത്തിലും രൂപത്തിലും ഒക്കെ ഉണ്ടായിരുന്നു.
മുല്ലപ്പൂവിന്റെയും, പാരിജാതത്തിന്റെയും ഒക്കെ സുഗന്ധം അവിടെ മാകെ നിറഞ്ഞുനിന്നു..അതെല്ലാം കണ്ടപ്പോൾ ഭദ്രയ്ക്ക്, അവളുടെ മിഴിയും മനവും ഒരുപോലെ നിറഞ്ഞു.
മോൾക്ക് ഇഷ്ട്ടം ആണെന്ന് എനിക്കറിയാം, അതാ വിളിച്ചേ.
മഹാലക്ഷ്മി പറഞ്ഞപ്പോൾ ഭദ്ര പുഞ്ചിരിച്ചു.
ഓർഭനേജിൽ ഒരുപാട് ഉണ്ട്, ഞാനും മീരടീച്ചറും കൂടിയാണ് നോക്കുന്ന്.
ഹമ്.. എനിക്ക് അറിയാം, മീര എന്നോടും പറഞ്ഞിട്ടുണ്ട്. ഭദ്രയെ കൂട്ടി അവിടമാകെ ചുറ്റി നടക്കുകയാണ് മഹാലക്ഷ്മി.
ചേച്ചി….ലേഖ വിളിച്ചതും അവർ തിരിഞ്ഞു നോക്കി.
എന്താ ലേഖേ.
പോളേട്ടൻ വിളിക്കുന്നുണ്ട്. ഫോണും ആയിട്ട് അവർ ഓടി വന്നു.
ആഹ്…. ഹലോ പോളച്ചാ, ഇതെവിടെ ആയിരുന്നു, എത്ര നേരമായിട്ട് ഞാൻ വിളിക്കുന്നു തന്നേ.ഹരി എവിടെ.
ആരോടോ കയർത്തു സംസാരിക്കുന്ന മഹാലക്ഷ്മിയെ അല്പം പേടിയോടെ ആയിരുന്നു ഭദ്ര നോക്കിയത്.
ഹമ്… ഇന്നിനി ഓഫീസിൽ പോകണ്ട, അനികുട്ടൻ പൊയ്ക്കോളും. അവനോട് ഇവിടേക്ക് വരാൻ പറയ്..
ഇക്കുറി ശബ്ദംഒന്ന് മാർവപ്പെട്ടെന്ന് അവൾക്ക് തോന്നി.
ഹമ്… ശരി ശരി വെച്ചോളു. പറഞ്ഞത് മറക്കേണ്ട, കൃത്യം 11മണിക്ക് അവനെയും ആയിട്ട് ഇങ്ങു എത്തിയ്ക്കോണം.
ഗൗരവത്തിൽ പറഞ്ഞു കൊണ്ട് മഹാലക്ഷ്മി ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
മോള് വാ, ഐശ്വര്യ ഉണർന്നോന്ന് നോക്കട്ടെ..
ഇരുവരും കൂടി അകത്തേക്ക് ചെന്നപ്പോൾ ഐശ്വര്യ ഇരുന്നു കോഫി കുടിക്കുന്നു.
അവരെ കണ്ടതും ഐശ്വര്യ ഒന്ന് പുഞ്ചിരിച്ചു.
അനിക്കുട്ടൻ ഉണർന്നോ മോളെ?
ഹമ്.. കുളിക്കുന്നു, എന്താ അമ്മേ.
ഇവിടെ പരദേവതയെ തൊഴാൻ ഒന്ന് പോണം, ഈ കുടുംബത്തിൽ എല്ലാവരും വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ,ക്ഷേത്രത്തിൽ പോകാറുണ്ട്, നമ്മുടെ ദേശദേവതയും പരദേവതയും ഒക്കെ ഭഗവതിയാണ്. നമ്മുടെ തറവാട്ട് അമ്പലം കൂടിയാണത്.
മഹാലക്ഷ്മി പറയുമ്പോൾ ഐശ്വര്യ എല്ലാം തല കുലുക്കി കേട്ടുകൊണ്ടിരുന്നു.
ഹരി വന്നശേഷം, വൈകുന്നേരം നിങ്ങൾ രണ്ടാളും കൂടി പോയാൽ മതി കേട്ടോ മോളെ. മഹാലക്ഷ്മി അരികിൽ നിന്ന് ഭദ്രയെ നോക്കി പറഞ്ഞു..
അരമണിക്കൂറിനുള്ളിൽ ഐശ്വര്യയും അനിരുദ്ധനും അമ്പലത്തിലേക്ക് പുറപ്പെട്ടു..
ഒരു ദാവണി ഒക്കെ ചുറ്റി, അത്യാവശ്യം മേക്കപ്പ് ഒക്കെയിട്ട് അതിസുന്ദരിയായിട്ടായിരുന്നു ഐശ്വര്യ അമ്പലത്തിലേക്ക് പോയത്.
കൃത്യം 9 മണിക്ക് മഹാലക്ഷ്മി ബ്രേക്ഫാസ്റ്റ് കഴിക്കാനായിരുന്നു, ഒപ്പം ഭദ്രയെയും പിടിച്ചിരുത്തി..
രണ്ട് ഇഡലിയും,കുറച്ചു സാമ്പാറും ആയിരുന്നു അവൾ എടുത്തത്.എന്നാൽ മഹാലക്ഷ്മി അത് സമ്മതിച്ചില്ല, പിന്നെയും അവളുടെ പ്ലേറ്റിലേക്ക് എടുത്തു ഇട്ടു കൊടുത്തു.എന്നിട്ട് അത് മുഴുവനും കഴിപ്പിച്ചു…
അനാഥയായ അവളോട് മഹാലക്ഷ്മിയ്ക്കു ഒരു പ്രേത്യേക വാത്സല്യം ആയിരുന്നു. ലേഖയും ഭാമയും അതൊക്കെ കണ്ട് അടക്കം പറഞ്ഞപ്പോൾ സൂസമ്മയ്ക്കു അത് അത്ര പിടിച്ചില്ല.
കുശുമ്പ് കാണിച്ചോണ്ട് നിന്നിട്ട് കാര്യമില്ല, ആ കൊച്ചു ഒരു പാവം ആയതു കൊണ്ടാ ഈ കുടുംബത്തിൽ വന്നു കേറിത്. മഹാലക്ഷ്മി ചേച്ചിടെ നല്ല മനസാ, അതുകൊണ്ട് ഹരിക്കുഞ്ഞിനു വേണ്ടി ആലോചിച്ചു ഉറപ്പിച്ചത്,
സൂസമ്മചേച്ചിയോട് അതിനു ഞങ്ങൾ ഒന്നും പറഞ്ഞില്ലാലോ, പിന്നെന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ. പെട്ടെന്ന് ഭാമ ചോദിച്ചു.
എന്നോട് പ്രത്യേകിച്ച് ഒന്നും നിങ്ങൾ പറയാൻ നിൽക്കണ്ട, ഇന്നലെ ആ ഭദ്രകൊച്ച് വന്ന കയറിയപ്പോൾ മുതലുള്ള നിങ്ങളുടെ കോപ്രായങ്ങൾ ഞാൻ കാണുന്നത് ആണ്.
ഇരുവരും കൂടി കൊമ്പ് കോർത്തുകൊണ്ട് നിന്നപ്പോഴായിരുന്നു ഐശ്വര്യയും, അനിരുദ്ധനും അമ്പലത്തിൽ നിന്നും മടങ്ങിവന്നത്.
ഐശ്വര്യ മോള് വന്നെന്നും പറഞ്ഞ്, ലേഖ ഉമ്മറത്തേക്ക് ഓടുന്നതുകൊണ്ട് സൂസമ്മ അതിശയിച്ചു നിന്നു.
ഹമ്… താമസിയാതെ ലേഖയിവിടുന്ന് കെട്ടും പൂട്ടി പോകുമെന്നാണ് തോന്നുന്നത്. അതിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. സൂസമ്മ മനസ്സിൽ ഓർത്തുകൊണ്ട് തന്റെ ജോലികൾ തുടർന്നു.
അനിരുദ്ധൻ ഭദ്രയെ നോക്കി ഒന്ന് ചിരിച്ചപ്പോൾ ഐശ്വര്യം അവളെ മൈൻഡ് ചെയ്തില്ല.
അർഹതപ്പെടാത്ത സ്ഥലത്ത് വന്നു കേറുമ്പോൾ ഇങ്ങനെയൊക്കെ ചിലരിൽ നിന്നെങ്കിലും,പ്രതീക്ഷിക്കണം. അല്ലാതെ വേറെ നിർവാഹമില്ല..ഭദ്ര തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ബ്രേക്ഫാസ്റ്റ് ഒക്കെ കഴിച്ചശേഷം അനിരുദ്ധൻ ഓഫീസിലേക്ക് പോകാൻ തയ്യാറായി.
ഐശ്വര്യയുടെ മുഖം പെട്ടെന്ന് വാടിയത് മഹാലക്ഷ്മി ശ്രദ്ധിച്ചു,.
മോളെ ഐശ്വര്യേ, അനിക്കുട്ടൻ പെട്ടെന്ന് മടങ്ങി വരും കേട്ടോ, വിവാഹത്തിന്റെ തിരക്കുകൾ ഒക്കെ ആയിരുന്നതിനാൽ, ഓഫീസുകളിലെയ്ക്കു പോയിട്ട് കുറച്ചു ദിവസമായി,
അതു കുഴപ്പമില്ല അമ്മേ അനിയേട്ടൻ പോയിട്ട് വരട്ടെ, പെട്ടെന്ന് ഐശ്വര്യ പറഞ്ഞു.
മംഗല്യ താലി 9
മോളെ ഐശ്വര്യേ, അനിക്കുട്ടൻ പെട്ടെന്ന് മടങ്ങി വരും കേട്ടോ, വിവാഹത്തിന്റെ തിരക്കുകൾ ഒക്കെ ആയിരുന്നതിനാൽ, ഓഫീസുകളിലെയ്ക്കു പോയിട്ട് കുറച്ചു ദിവസമായി. അനിരുദ്ധൻ പോകുന്നത് നോക്കിനിന്ന ഐശ്വര്യയുടെ അടുത്തേക്ക് വന്ന് മഹാലക്ഷ്മി പറഞ്ഞു.
അതു കുഴപ്പമില്ല അമ്മേ അനിയേട്ടൻ പോയിട്ട് വരട്ടെ,ഓഫീസിലെ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ശരിയാവില്ലല്ലോ.
പെട്ടെന്ന് ഐശ്വര്യ പറഞ്ഞു..
ഭദ്ര ആ സമയത്ത് അടുക്കളയിലായിരുന്നു. സൂസമ്മ ചേച്ചിയോടൊപ്പം ഓരോരോ ജോലികൾ ചെയ്യാൻ അവളും കൂടി..
മഹാലക്ഷ്മി വഴക്കു പറയും എന്നും പറഞ്ഞ്, സൂസമ്മ അവളെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചു. പക്ഷേ ഭദ്ര അവിടെ നിന്നും ഇറങ്ങി പോയില്ല.
കാബേജ് എടുത്ത് തോരൻ വയ്ക്കുവാനായി കൊത്തിയരിയുകയാണ് ഭദ്ര.
അവളതരിയുന്നത് കാണാൻ തന്നെയൊരു ചേല്ണ്ടായിരുന്നു.
” മോൾക്ക് ഇതൊക്കെ നല്ല വശമാണല്ലോ ” സൂസമ്മ ചോദിച്ചതും ഭദ്ര ഒന്ന് ചിരിച്ചു.
ഇതൊക്കെ അവിടെ ചെയ്തുകൊണ്ടിരുന്നത് ആയിരിക്കും അല്ലേ? ഐശ്വര്യയുടെ ശബ്ദം കേട്ട് ഭദ്ര മുഖമുയർത്തി..
അവളെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് ഐശ്വര്യ.
മ്മ്,, അവിടെ ഒരു ടീച്ചർ ഉണ്ട് മീര എന്നാണ് പേര്. ടീച്ചറാണ് എന്നെ ഇതൊക്കെ പഠിപ്പിച്ചത്. സത്യസന്ധമായി ആയിരുന്നു ഭദ്ര അവളോട് മറുപടി കൊടുത്തത്..
ഹമ്… അപ്പോൾ അടുക്കളയിലെ സഹായത്തിന് ഒരാളായി അല്ലേ ലേഖേച്ചി..ഐശ്വര്യ പറഞ്ഞതും, ലേഖ ചിരിച്ചു. ഭദ്ര ഒരക്ഷരം പോലും മിണ്ടാതെ ചെയ്യുന്ന ജോലി തുടർന്നു.
മോളെ, ഹരിക്കുട്ടന്, കുറച്ചു വൃത്തിയും വെടിപ്പും ഒക്കെ യുള്ള കൂട്ടത്തിലാണ്. മോള് ചെന്നിട്ട് മുറിയൊക്കെ ഒന്ന് വൃത്തിയാക്കി ഇട്ടേക്കാമോ. ചേച്ചി ഈ കറികളൊക്കെ വെച്ചോളാം.
സൂസമ്മ പറഞ്ഞതും, ഭദ്ര പെട്ടെന്ന് തന്നെ കറിക്ക് അരിഞ്ഞു കൊടുത്തു. എന്നിട്ട് മുറിയിലേക്ക് പോയി.
എന്താണെന്ന് അറിയില്ല, ആ മുറിയിൽ കയറുമ്പോൾ ഭദ്രയ്ക്ക് വല്ലാത്ത പേടിയാണ്. ഹരിയുടെ ശബ്ദം അവിടെ മുഴങ്ങുന്നത് പോലെ അവൾക്ക് തോന്നും..
ബെഡ്ഷീറ്റ് ഒക്കെ നല്ല വൃത്തിയായി വിരിച്ചു തന്നേയാണ് കിടക്കുന്നത്. എന്നാലും ഒന്നൂടൊന്ന് പൊടി തട്ടി വിരിച്ചു, പില്ലോ എടുത്തു വെച്ചു, റൂം അടിച്ചു വാരി വൃത്തിയാക്കി. ജനാലയൊന്നു തുറന്നു, കർട്ടൻ വകഞ്ഞു മാറ്റിയ ശേഷം അവിടമാകെയൊന്നു ക്ലീൻ ചെയ്തു. അത്രയ്ക്ക് വലിയ പ്രശ്നം ഒന്നും ഇല്ല.. എല്ലാം നീറ്റ് and ക്ലീൻ ആയിരുന്നു. എന്നാലും സൂസമ്മ ചേച്ചി പറഞ്ഞപ്പോൾ ഒരു പേടി പോലെ. പതിനൊന്നു മണിക്ക് എത്തണമെന്ന് കാലത്തെ അമ്മ പറയുന്നതും കേട്ടു, അതുകൊണ്ടാണ് അവൾ തിടുക്കപ്പെട്ട് ഓടി കയറി വന്നത്..
എല്ലാം ചെയ്ത ശേഷം വാഷ് റൂമിൽ പോയ് ഒന്ന് മുഖം കഴുകി ഇറങ്ങി വന്നപ്പോൾ കാണുന്നത് ഇട്ടിരുന്ന ഷർട്ടും ഇന്നർ ബനിയനും അഴിച്ചു മാറ്റി നിൽക്കുന്ന ഹരിയെ ആയിരുന്നു. അവന്റെ ഇടതു കൈയുടെ തോളിന്റെ ഭാഗം മുതൽ താഴോട്ട് പച്ച കുത്തിയിട്ടുണ്ട്.നെഞ്ചിന്റെ ഇടതു ഭാഗത്തു ഓം എന്നെഴുതി ശിവ ലിങ്കവും ഉണ്ട്. അത് മാത്രമമേ ഭദ്ര കണ്ടോള്ളൂ.
പെട്ടെന്ന് മുന്നിൽ നിൽക്കുന്ന അവളെ കണ്ടതും ഹരിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.അവളുടെ അടുത്തേക്ക് അവൻ പാഞ്ഞടുത്തു.
ആരോട് ചോദിച്ചിട്ടാടി ഇങ്ങോട്ട് കേറി വന്നത്, എന്തെടി…അവളുടെ ഇരു ചുമലിലും പിടിച്ചു അവൻ ശക്തിയിൽ കുലുക്കിയപ്പോൾ ഭദ്രയ്ക്കു തോളു പറഞ്ഞു പോകും പോലെ തോന്നി.ഒപ്പം അവളുടെ കണ്ണിൽനിന്നും കണ്ണീർ പുറത്തേക്ക് ഒഴുകി വീണു.
എന്റെ മുന്നിൽ പോലും വന്നേക്കരുത്, പറഞ്ഞില്ലെന്നു വേണ്ട… ശ, വം..മാറിപ്പോടി…
അവൻ അലറിയതും ഭദ്ര അവനെ ദയനീയമായൊന്നു നോക്കി.
സൂസമ്മചേച്ചി പറഞ്ഞു ഹരിയേട്ടൻ വരുമ്പോൾ റൂമൊക്കെ ക്ലീൻ ചെയ്തു ഇടണമെന്ന്. അതിനു വേണ്ടി വന്നതാ, ഇപ്പൊ കേറി വന്നേയൊള്ളു. സത്യം ആയിട്ടും.
പറയുമ്പോൾ പാവത്തിന്റെ കവിൾത്തടത്തിലൂടെ കണ്ണീർ ധാര ധാരയായി ഒഴുകി..എന്നിട്ട് പെട്ടന്ന് പുറത്തേക്ക് ഇറങ്ങി പോയിരിന്നു.
കണ്ണും മുഖവും കൈപ്പത്തി കൊണ്ട് അമർത്തി തുടച്ച്, അവൾ താഴേക്ക് ഇറങ്ങിച്ചെന്നു. മഹാലക്ഷ്മി വളരെ സന്തോഷത്തിൽ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്..ഭദ്രനേരെ അടുക്കളയിലേക്കാണ് പോയത്.
എന്താ മോളെ എന്താ പറ്റിയത് മോളുടെ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നത്..?
അവളെ കണ്ടതും സൂസമ്മ ചോദിച്ചു.
ഹേയ്… എനിക്ക് കുഴപ്പമൊന്നുമില്ല ചേച്ചി,.അവൾ വിളറിയ ഒരു ചിരി ചിരിച്ചു.
സൂസമ്മ ചേച്ചി…..പെട്ടെന്നായിരുന്നു വാതിൽക്കൽ നിന്നും ഹരിയുടെ ശബ്ദം കേട്ടത്.
എന്താണ് മോനേ.
ചേച്ചിയോട് ആരാണ് പറഞ്ഞത്, എവിടുന്നോ വലിഞ്ഞു കേറി വന്നവളെയൊക്കെ എന്റെ റൂമിലേക്ക് വിടാൻ. നിങ്ങൾക്ക് പറ്റുന്ന ജോലികൾ നിങ്ങൾ ചെയ്താൽ മതി, ഇനി മേലിൽ ഇത് ആവർത്തിക്കരുത്,കേട്ടല്ലോ
അവൻ പറഞ്ഞതും സൂസമ്മ തല കുലുക്കി.
എവിടുന്നോ,വലിഞ്ഞു കേറി വന്നവൾ അല്ല, അഗ്നിസാക്ഷിയായി നാലാള് കാണ്കേ നീ വിവാഹം കഴിച്ചു കൊണ്ടുവന്ന നിന്റെ ഭാര്യയാണ് ഇവള്..എന്താ ഹരി അതില് നിനക്ക് വല്ല സംശയവും ഉണ്ടോ.
മഹാലക്ഷ്മിയുടെ ശബ്ദം ഉയർന്നു.
അമ്മയൊരക്ഷരം പോലും മിണ്ടരുത്, എല്ലാരും കൂടി ചേർന്ന് എന്റെ ജീവിതം തുലച്ചപ്പോൾ സന്തോഷമായി കാണും അല്ലേ, ഞാൻ അമ്മയുടെ കാലുപിടിച്ച് പറഞ്ഞതല്ലേ, ഈ ബന്ധത്തിൽ നിന്നും എന്നെ ഒഴിവാക്കണമെന്ന്, എന്നിട്ട് കേട്ടോ, ഇല്ലാലോ.. എന്നെ കൊണ്ടുപോയി കൊ, ലക്കയറിൽ കയറ്റിയപ്പോൾ അമ്മയ്ക്ക് സമാധാനമായോ..
ഹരി അവരെ നോക്കി വിറഞ്ഞുതുള്ളി.
ഹരി നീ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം,,,
ഞാൻ പറയും, എനിക്ക് തോന്നുന്നത് പോലെ പറയും, അതിൽ ആരും ഇടപെടേണ്ട.
എടാ…. എന്റെ നേർക്ക് തർക്കുത്തരം പറയാറായോ നീയ്.
അമ്മയോട് ഒന്നും പറയാതെ എല്ലാം അനുസരിച്ച് ജീവിച്ചതിന്റെ ഫലമാണ് ഇന്നിവിടെ നിൽക്കുന്ന ഇവള്.. ഇനി അത് നടക്കില്ല ഞാൻ എനിക്ക് തോന്നിയത് പോലെ ജീവിക്കും, അമ്മയെന്നല്ല ആരും എന്റെ ജീവിതത്തിലേക്ക് ഉപദേശവും ആയിട്ട് വരണ്ട, എനിക്കത് ഇഷ്ടവുമല്ല..
കലിപുരണ്ട് അമ്മയോട് വായിൽ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ ശേഷം ഹരി മുകളിലേക്ക് പോയി.
ഹരിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ലെങ്കിൽ പിന്നെ, ഇനി ഇവിടെ നിർത്തേണ്ട കാര്യമുണ്ടോ പറഞ്ഞു വിട്ടാൽ പോരെ, വെറുതെ എന്തിനാ ഇവരുടെ രണ്ടാളുടെയും ജീവിതം കളയുന്നത്.
മുകളിലേക്ക് പോകവേ ഹരി കേട്ടിരുന്നു ഐശ്വര്യ തന്റെ അമ്മയോട് പറയുന്ന വാക്കുകൾ.
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
