സർവ്വഭരണവിഭൂഷിതയായി ഓറഞ്ച് നിറം ഉള്ള കാഞ്ചിപുരം പട്ടുടുത്തു, മുടി നിറയെ മുല്ലപ്പൂ ചൂടി,അതി സുന്ദരിയായി, അല്പം ഗർവോട് കൂടി അണിഞ്ഞൊരുങ്ങി കതിർ മണ്ഡപത്തിൽ ഇരിയ്ക്കുകയാണ് ഐശ്വര്യ..അരികിൽ ഇരിക്കുന്ന അനിരുദ്ധൻ അവളെ ഒന്നു പാളി നോക്കിയപ്പോൾ നാണത്തോടെ അവൾ മുഖം കുനിച്ചു.അത് കണ്ടതും അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി തത്തികളിച്ചു.
കുറച്ചു മാറി അതേ സ്റ്റേജിൽ ആയി അലങ്കരിച്ചിരിക്കുന്ന മണ്ഡപത്തിൽ പേടിയോടെ മുഖം താഴ്ത്തി ഇരിക്കുന്നുണ്ട് മറ്റൊരുവൾ..
ഭദ്ര….
അച്ഛനും അമ്മയും ആരെന്നു അറിയാത്ത ഒരു പാവം അനാഥ കുട്ടി.
21വർഷങ്ങൾക്ക് മുന്നേ മംഗലത്തു ഓർഫനേജിന്റെ മുറ്റത്തു ഉണ്ടായിരുന്ന അമ്മ തൊട്ടിലിൽ ആരോ കൊണ്ട് പോയി കിടത്തിയിട്ട് പൊയ്ക്കളഞ്ഞ ഒരു പാവം പെൺകിടാവ്
ഐശ്വര്യയെ പോലെ ഒരുപാട് വെളുത്തു തുടുത്ത സുന്ദരി ഒന്നും അല്ലെങ്കിലും, അവൾ ആരുടെ കണ്ണുകളിലും മനോഹരി ആയിരുന്നു.
പറയത്തക്ക ആഭരങ്ങൾ ഒന്നും തന്നെയില്ല..
ആകെ കൂടി ഉള്ളത്, ഒരു മുല്ലമൊട്ടു മാലയും, പിന്നെ കരിമണിമാലയും ആണ്.പിന്നെ പാദസ്വരവും കഴുത്തിൽ ഇട്ടിട്ടുണ്ട്.
കൈകളിൽ ഈരണ്ട് വളകൾ, നടുക്ക് ഓരോ കാപ്പും, വിരലിൽ രണ്ടു മോതിരം ഉണ്ട്. കടും ചുവപ്പ് നിറം ഉള്ള പട്ടണിഞ്ഞു ചുരുണ്ടു ഇടതൂർന്ന പനങ്കുല പോലുള്ള മുടി നിറയെ മുല്ലപ്പൂ വെച്ചു, ചുവപ്പ് നിറം ഉള്ള വട്ടപൊട്ടും ചുറ്റി അവൾ ഇരിക്കുന്നത് കണ്ടപ്പോൾ, അമ്പലക്കാവിലേ ആളുകളുടെ ഒക്കെ കണ്ണ് തള്ളിപ്പോയി.
മംഗലത്തുഅമ്മ രണ്ടു ദിവസം മുന്നേ വാങ്ങി കൊടുത്തത് ആയിരുന്നു ഈ ആഭരണങ്ങളും സാരിയും ഒക്കെ..
“മുഹൂർത്തം ആയിരിക്കുന്നു, ഈ കുട്ടീടെ ചെക്കൻ ഇതേ വരെ ആയിട്ടും എത്തിയില്ലലോ “
തിരുമേനി മുഖം തിരിച്ചു നോക്കിയപ്പോൾ അതി സുന്ദരിയായ ഒരു യുവതി സ്റ്റേജിലൂടെ ചുറ്റിനും നോക്കി.
“ഇപ്പൊ വരും… പത്തു മിനിറ്റ് കൂടി ടൈം ഉണ്ടല്ലോ “
അവരുടെ ശബ്ദം കേട്ട ഭാഗത്തേക്ക് ഒന്നു നോക്കണം എന്ന് ഭദ്രയ്ക്ക് ആഗ്രഹം ഉണ്ടെങ്കിലും പേടി കാരണം മുഖം ഉയർത്തിയില്ല.
അല്പം കഴിഞ്ഞതും തേനീച്ച മൂളും പോലെ ഒരു മൂളൽ..
കാണികൾ എല്ലാവരും പിറു പിറുക്കുന്നത് ആണ്.
“ഹരിക്കുട്ടൻ വന്നു, ഇനി വൈകിക്കേണ്ട അല്ലേ ചേച്ചി “
പിന്നിൽ നിന്നും ആരോ പറയുന്നുണ്ട്.
പേടി കാരണം ഭദ്രയുടെ നെഞ്ച്ഇടിപ്പ് വർധിച്ചു.
അരികിൽ ഒരുവൻ വന്നിരിക്കുന്നതു അറിഞ്ഞതും അവളുടെ തൊണ്ട വറ്റി വരണ്ടു.
പെട്ടെന്ന് തന്നെ കൊട്ടും മേളവും ഒക്കെ ആരംഭിച്ചു.
ആദ്യം മൂത്തയാളുടെ നടക്കട്ടെ അല്ലേ?
തിരുമേനി അനുവാദം തേടി നോക്കിയത് മംഗലത്തു അമ്മയെ ആയിരിക്കും എന്ന് അവൾ ഊഹിച്ചു.
ഹ്മ്മ്… ആദ്യം അനിരുദ്ധന്റെ യും ഐശ്വര്യ മോളുടെയും വിവാഹമാണ് നടക്കേണ്ടത്, ശേഷം ഹരികുട്ടന്റെ.
നിർദേശം ലഭിച്ചതും പൂജിച്ച മഞ്ഞ പൂത്താലി എടുത്തു അയാൾ അനിരുദ്ധന്റെ കൈയിൽ കൊടുത്തു.
“നല്ലോണം പ്രാർത്ഥിച്ചു കൊണ്ട് വാങ്ങിച്ചോളൂ മോനേ, “
അമ്മ പറഞ്ഞതും മകൻ ഒന്നു പുഞ്ചിരി തൂകി.
എന്നിട്ട് അല്പം വിറയലോടെ താലി ചരട് മേടിച്ചു.
അരികിൽ ഇരിക്കുന്ന ഐശ്വര്യം യുടെ കഴുത്തിലേക്ക് ആ താലി അണിയിച്ചപ്പോൾ കൊട്ടും കുരവയും മുഴങ്ങി.
പരസ്പരം മാല ചാർത്തിയ ശേഷം ഇരുവരും എഴുന്നേറ്റു അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു അനുഗ്രഹം മേടിച്ചു.
അടുത്തത് ഹരിക്കുട്ടന്റെ..
മുൻപ് ചെയ്തത് പോലെ തന്നെ തിരുമേനി ചെയ്തപ്പോൾ ഹരിയും ആ താലി ചരട് ഏറ്റു വാങ്ങി.
എന്നാൽ അനിയേട്ടനെ പോലെ അവന്റെ കൈകൾ ഒരിക്കൽ പോലും വിറച്ചിരുന്നില്ല എന്നത് ആണ് സത്യം.
അരികിലായി ഇരുന്ന ഭദ്രയുടെ കഴുത്തിലേയ്ക്ക് താലി കെട്ടിയ ശേഷം അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ മുൻപോട്ട് നോക്കി ഇരുന്നു.
മാല ചാർത്തുവാൻ വേണ്ടി ഒന്ന് കുനിഞ്ഞു കൊടുക്കുവാൻ പോലും ഇഷ്ട്ടപ്പെടാതെ ഹരി ഇരിക്കുന്നത് കണ്ടപ്പോൾ ലക്ഷ്മിയമ്മ വന്നു അവനെ ഒന്ന് തോണ്ടി..
ആ സമയത്ത് ആയിരുന്നു ഭദ്ര മുഖം ഉയർത്തി അവനെ ഒന്ന് നോക്കിയത് പോലും.
മെല്ലെ ഒന്ന് തല അല്പം താഴ്ത്തിയതും ഭദ്ര വേഗം തുളസി മാല അവന്റെ കഴുത്തിലേക്ക് ഇട്ടു.
പുറകെ അവനും ഭദ്രയ്ക്കും ഇട്ടു കൊടുത്തു, എന്നിട്ട്
പുച്ഛഭാവത്തിൽ മുഖം മാറ്റി.
“അമ്മയുടെ അനുഗ്രഹം മേടിക്ക് മക്കളെ “
പിന്നിൽ നിന്നും രാമൻ ചെറിയച്ഛന്റെ ശബ്ദം കേട്ടതും ഹരി മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു. ഒപ്പം ഭദ്രയും.
അമ്മയുടെ കാലിൽ തൊട്ടു തൊഴുതു.
അനിരുദ്ധനും ഐശ്വര്യയും ക്യാമറമാന്റെ നിർദ്ദേശ പ്രകാരം ഓരോരോ സ്റ്റൈലിൽ പോസ്സ് ചെയ്യുന്നത് നോക്കി ഭദ്ര വെറുതെ നിന്നു.
“അവരെ നോക്കി വെള്ളം ഇറക്കാതെ മാറിപ്പോടി നീയ് “
കാതോരം ഹരിയുടെ ശബ്ദം കേട്ടതും ഭദ്ര ഞെട്ടി വിറച്ചു കൊണ്ട് മുഖം തിരിച്ചു.
അരികിൽ കത്തുന്ന ദേഷ്യവുമായി നിൽക്കുന്നവനെ കണ്ടതും അവൾക്ക് പേടിയായി.
പെട്ടെന്ന് അവളുടെ കൈ തണ്ടയിൽ പിടിച്ചു കൊണ്ട് ഹരി വെളിയിലേക്ക് ഇറങ്ങി പോയി.
അവന്റെ പിടുത്തം ഭദ്രയെ നന്നായി വേദനിപ്പിച്ചു.
കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിന്നു.
അമ്പലക്കാവിന്റെ അരികിലായ് ഉള്ള ചെമ്പക മരത്തിന്റെ കീഴെ ആയിട്ട് ആണ് ഹരി അവളെ കൊണ്ടുപോയി നിറുത്തിയത്.
“ടി….. നീ ആരാണെന്നോ എതാണെന്നോ ഒന്നും എനിക്ക് അറിയണ്ട, താല്പര്യവും ഇല്ല.ഇന്ന് ഈ താലി കേറിയ നിമിഷം മുതൽ എന്റെ ഭാര്യയായ് സന്തോഷത്തോടെ വാഴാം എന്നൊരു വ്യാമോഹം ഉണ്ടെങ്കിൽ അതൊക്കെ നിന്റെ മനസ്സിൽ നിന്ന് ദൂരെ എറിഞ്ഞു കളഞ്ഞോണം, ഈ ഹരിയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ മൃദുല മാത്രം ആണ്,,എന്റെ ജന്മം അവൾക്കായി മാത്രം ഞാൻ മാറ്റി വെച്ചു കഴിഞ്ഞു, എല്ലാ രീതിയിലും ഒന്നയവർ ആണ് ഞങ്ങള്… അത്കൊണ്ട് എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകാൻ നോക്ക്, അല്ലാതെ അമ്മ വെച്ചു നീട്ടിയ ചില്ലറ കണ്ടു കണ്ണ് മഞ്ഞളിച്ചു, ചുളുവിൽ കഴിയാം എന്നൊന്നും ഒരു മോഹവും നിന്റെ മനസ്സിൽ കേറ്റി പൊറുപ്പിക്കണ്ട….”
ഹരി പറയുന്നത് എല്ലാം കേട്ട് കൊണ്ട് സ്തംഭിച്ചു നിൽക്കുകയാണ് പാവം ഭദ്ര.
എവിടെ എങ്കിലും വീണു പോകുമോ എന്ന് ഭയന്ന് അവൾ ആ ചെമ്പക മരത്തിൽ അമർത്തി പിടിച്ചു.
അപ്പോളേക്കും മഹാലക്ഷ്മി തിടുക്കത്തിൽ ഓടി വരുന്നത്, ഹരിയും ഭദ്രയും ഒരുപോലെ കണ്ടു.
“ഞാൻ പറഞ്ഞ കാര്യങ്ങൾ അതുപോലെ തന്നെ അമ്മയോട് പറഞ്ഞോണം.. ഒന്നും ഒളിക്കേണ്ട കേട്ടല്ലോ “
അവൻ പറഞ്ഞതും ഭദ്ര പതിയെ തല കുലുക്കി.
” ഇതെന്താ ഹരി രണ്ടാളും കൂടെ ഇവിടെ വന്നു നിൽക്കുന്നത്, എല്ലാവരും നിങ്ങളെ തിരക്കുന്നുണ്ട്, വന്നേ, എന്നിട്ട് ഫോട്ടോ ഒക്കെ എടുത്തേ “
അമ്മ പറഞ്ഞതും അവൻ അത് മുഖം വെട്ടി തിരിച്ചു.
“മോളെ… എന്താ പറ്റിയെ, എന്തിനാ നീ കരയുന്നത്, ങ്ങെ “
ഭദ്ര കരയുകയാണെന്ന് ഹരിയും കണ്ടു.
“എന്ത് പറ്റി മോളെ “?
“അത്… അത് പിന്നെ ഹരിയേട്ടന് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടം ആണെന്ന്, അവരെ മാത്രം ഭാര്യ ആയി സ്വീകരിക്കൂ എന്ന് പറഞ്ഞപ്പോൾ “
വാക്കുകൾ കിട്ടാതെ വിഷമിച്ചു നിൽക്കുകയാണ് പാവം ഭദ്ര.
മകനെ കത്തി ചാമ്പൽ ആക്കുന്ന അത്ര ദേഷ്യത്തിൽ മഹാലക്ഷ്മി ഒന്ന് നോക്കി.
“ഹരി… നേരാണോ ഈ കേട്ടത്, നീ ഈ കുട്ടിയോട് അങ്ങനെ ഒക്കെ സംസാരിച്ചോടാ “
“ഹ്മ്മ്… സംസാരിച്ചു, എന്തേ അമ്മയ്ക്ക് ബുദ്ധിമുട്ട് ആയോ, എങ്കിൽ കണക്ക് ആയി പോയി…. എന്നേ ചതിക്കുക അല്ലായിരുന്നോ എല്ലാവരും കൂടി, എന്റെ മൃദുല… ആ പാവത്തെ കൂടി പറഞ്ഞു വഞ്ചിച്ചു, വിടില്ല, ഒന്നിനെയും വെറുതെ വിടില്ല “
പറഞ്ഞു കൊണ്ട് അവൻ അവരുടെ അരികിൽ നിന്നും നടന്നു പോയപ്പോൾ ഭദ്രയുടെ മിഴികൾ നിറഞ്ഞു തുളുമ്പി നിന്ന്.
“മോളെ, അവനു ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു, ജോലി ചെയ്യുന്ന സ്ഥലത്ത് ഉള്ള ഒരു കുട്ടിയും ആയിട്ട്, പക്ഷെ, ആ വിവാഹ നടക്കാൻ പാടില്ലാത്തത് ആയിരുന്നു,, അല്ലാതെ അവനെ ചതിച്ചത് ഒന്നും അല്ല.. കാര്യങ്ങളൊക്ക അമ്മ പറയാം, മോള് വാ, ആളുകൾ ശ്രെദ്ധിക്കുന്നുണ്ട്”
അവർ ഭദ്രയുടെ കൈയിൽ പിടിച്ചു.
അപ്പോൾ അവളെ വല്ലാണ്ട് വിറയ്ക്കുകയായിരുന്നു.
മംഗലത്തു വീട്ടിലേക്ക് മരുമകളായി ചെന്നു കേറുകയാണെന്ന് പറഞ്ഞു, തന്റെ ഭാഗ്യത്തെ വാനോളം പുകഴ്ത്തിയ, മീരചേച്ചിയെയും ദേവിയമ്മയെയും ഒക്കെ കണ്ടപ്പോൾ ഭദ്ര ഒന്ന് നെടുവീർപ്പെട്ടു.
ആ സ്ഥാനത്തേക്കാൾ എത്രയോ നല്ലത് ആയിരുന്നു, അനാഥലയത്തിലെ തന്റെ ജീവിതം എന്ന് ആണ് അപ്പോൾ അവൾ ചിന്തിച്ചത്.
****************
3മണിയ്ക്ക് മുന്നേ ചെക്കനും പെണ്ണും തറവാട്ടിൽ കേറണം. ഗൃഹ പ്രവേശത്തിന്റെ സമയം കൊടുത്തിരിക്കുന്നത് 2.55ആയിരുന്നു. അതുകൊണ്ട് 2.30ആയപ്പോൾ അനുരുദ്ധനും ഐശ്വര്യയും കൂടി അവർക്ക് പുറപ്പെടാനുള്ള വാഹനത്തിന്റ അടുത്തെത്തി..
ഐശ്വര്യയുടെ അച്ഛൻ വാങ്ങികൊടുത്ത ഫോർച്ചുണർ ലെജൻഡർ…..അത് കിടക്കുന്നത് കണ്ടുകൊണ്ട് ആയിരുന്നു ഹരി ഇറങ്ങി വന്നത്.
മോനേ ഹരി…. നാലാളും കൂടി ഇതിൽ കേറിയാൽ പോരേ. രാമച്ചൻ ചോദിക്കുന്ന കേട്ട് അവൻ മുഖം തിരിച്ചു.
മറുപടിയൊന്നും പറയാതെകൊണ്ട് അവൻ മുന്നോട്ട് നടന്നു.
ചെല്ല് മോളെ…. അയാള് പോയത് കണ്ടില്ലേ. ദേവിയമ്മയും മീരചേച്ചിയും കൂടെയാണ് ഭദ്രയെ അവന്റെ അരികിലേക്ക് കൊണ്ട് ചെന്നു ആക്കിയത്.
വൈറ്റ് നിറം ഉള്ള ഒരു ഹോണ്ട സിറ്റി കാറിന്റെ പിന്നിലേക്ക് അവൻ കേറാൻ തുടങ്ങുകയാണ്.
ഹരിക്കുട്ടാ
മീര വിളിച്ചതും അവൻ അവരെ നോക്കി.
ആഹ് ടീച്ചറേ….അവൻ പെട്ടെന്ന് അവരുടെ അടുത്തേക്ക് വന്നു.
ഈ കുട്ടി അവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടപ്പോൾ…. മോനെന്താ ഇവളെ വിളിക്കാഞ്ഞത്.
എനിക്ക് താല്പര്യം ഇല്ലാ…അത്രതന്നെ..പിന്നെ ടീച്ചർക്ക് സുഖം അല്ലെ…
മ്മ്……. അവരൊന്നു മൂളി.
ഹരിയോടൊപ്പം ആ കാറിലേക്ക് കയറവെ ഭദ്രയ്ക്ക് തന്റെ കയ്യും കാലും ഒക്കെ കുഴയുന്നത് പോലെ തോന്നി..അവന്റെ അരികിലായ് ഇരുന്നപ്പോൾ അവളെ പൂക്കുല പോലെ വിറച്ചു.
ഹരി ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ട് സീറ്റിൽ ഇരിയ്ക്കുന്നു.
അടച്ചിട്ട വണ്ടിയിൽ ആദ്യമായിട്ട് ഇരുന്നപ്പോൾ ഭദ്രയ്ക്ക് ഓക്കാനിക്കാൻ തോന്നി..പേടി കാരണം മിണ്ടാതെ കുറച്ചു നേരം ഇരുന്നു. ഒടുവിൽ അവൾ ഹരിയുടെ കൈത്തണ്ടയിൽ അമർത്തി പിടിച്ചു.
അവൻ മുഖമുയർത്തിയപ്പോൾ ഛർദിക്കാൻ വരുന്നുന്നു പറഞ്ഞു. പെട്ടെന്ന് അത് കേട്ട്കൊണ്ട് ഡ്രൈവർ വണ്ടിഒതുക്കി..
ഡോർ തുറക്കാൻ അറിയില്ലാതെ അത് തിരിക്കുന്നത് കണ്ടു ഹരിക്ക് കലികയറി.
നാശം പിടിക്കാൻ.. ഓരോരോ മാരണങ്ങള്…ഉറക്കെ പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്നു. ഭദ്ര പുറത്തേക്ക് ഓടി ഇറങ്ങിപ്പോയി. എന്നിട്ട് വലിയ വായിൽ ഓക്കാനിച്ചു. അവൾ തിരികെ വരാൻ ഏകദേശം ആറേഴു മിനുട്ട് എടുത്തു.
മഹാലക്ഷ്മിയുടെ കാൾ വന്നതും ഹരി ഫോണെടുത്തു…
മോനേ.. എവിടെയെത്തി… ഇനി അഞ്ചു മിനിറ്റ് കൂടിഒള്ളു… അത് കഴിഞ്ഞാൽ പിന്നെ ഗുളികകാലം ആണ്. പരിഭ്രാമത്തോടെയുള്ള അമ്മയുടെ വാക്കുകൾ..
ഹമ്… എത്തി…ഹരി പറഞ്ഞു പൂർത്തിയാക്കും മുന്നേ വണ്ടി ചെന്നു നിന്നത് ഒരു കൂറ്റൻ മാളികയുടെ മുന്നിൽ ആയിരുന്നു..മുഖം ഉയർത്തി നോക്കാൻ പോലും തനിക്ക് അവകാശം ഇല്ലാത്തത്ര വലിയൊരു സൗധം ആണിതന്നു ഭദ്ര ഓർത്തു..
ഡ്രൈവർ വന്നിട്ട് ഡോർ തുറന്നു കൊടുത്തപ്പോൾ ഭദ്ര വേഗം ഇറങ്ങി.
അനിരുദ്ധനും ഐശ്വര്യയും ദേഷ്യത്തോടെ നോക്കുന്നത് ഭദ്ര കണ്ടു.അവളുടെ മുഖം താണു.
മക്കളെ…മഹാലക്ഷ്മിയുടെ ശബ്ദം കേട്ട് ഭദ്ര മുഖം ഉയർത്തി.
അഞ്ചു തിരിയിട്ട നിലവിളക്ക് ശോഭയോട് കൂടി കത്തുന്നു.
ഐശ്വര്യ……അനിക്കുട്ടാ…അവർ വിളിച്ചതും ഇരുവരും മുന്നോട്ട് വന്നു.
ഐശ്വര്യ വിളക്ക് മേടിച്ചു. എന്നിട്ട് അല്പം അഹങ്കാരത്തോടെ മുന്നോട്ട് നടന്നു.
വലത് കാൽ എടുത്തു വെച്ചു കേറി വരൂ മോളെ.
അവർ അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറ്റി.
കലചേച്ചി…പൂജാ മുറി കാണിച്ചു കൊടുക്ക്.
അകത്തേക്ക് നോക്കി അവർ നിർദ്ദേശം കൊടുത്തു.
ഭദ്രാ….അവർ വിളിച്ചതും ഭദ്രയും ഹരിയും കൂടെ അമ്മയുടെ അടുത്തെത്തി. ഭദ്ര അവരുടെ കാലിൽ തൊട്ട് അനുഗ്രഹം മേടിച്ചു.
ദീർഘ സുമംഗലി ഭവ…..പെട്ടെന്ന് മഹാലക്ഷ്മി പറഞ്ഞു. എന്നിട്ട് ആയിരുന്നു വിളക്ക് അവളുടെ കൈയിൽ കൊടുത്തത്.
മഹാലക്ഷ്മിയും മക്കളോടൊപ്പമഅകത്തേക്ക് കേറി വന്നു.
അതി ശ്രേഷ്ഠമായ ഒരു പൂജാ മുറി ആയിരുന്നു അത്. കൃഷ്ണന്റയൊരു വലിയ വിഗ്രഹം… ഓട് കൊണ്ട് ഉള്ളതാണു.
അതിൽ നീളത്തിൽ ഒരു തുളസി മാല.
അത് നോക്കി നിന്നതും ഭദ്രയ്ക്ക് മനസ് നിറഞ്ഞു..
വിളക്ക് വെച്ചു പ്രാർത്ഥിച്ച ശേഷം അവൾ ഒന്ന് മിഴികൾ പൂട്ടി.
അഭിനയിച്ചത് മതിയായെങ്കിൽ ഇറങ്ങി പോടീ. കാതോരം ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി. പുച്ഛം ഭാവത്തിൽ അവളെ നോക്കിനിൽപ്പുണ്ട് ഹരി.
വിശാലമായ സ്വീകരണ മുറിയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ, കണ്ടു ഐശ്വര്യയുടെ അടുത്തായി ചുറ്റി പറ്റി നിൽക്കുന്ന ഒരു പറ്റം സ്ത്രീജനങ്ങളെ. ആരൊക്കെയോ അവളുടെ കവിളിൽ തലോടി സംസാരിക്കുന്നുണ്ട്..
അമ്മേ…..ഹരിയുടെ ശബ്ദം ഉയർന്നതും മഹാലഷ്മി അവന്റെ അരികിലേക്ക് വന്നു.
എനിയ്ക്ക് ഇന്ന് തന്നെ മടങ്ങണം. ഹൈദരാബാദ് il വെച്ചു ഒരു കോൺഫറൻസ് ഉണ്ട്. അറിയാല്ലോ അമ്മയ്ക്ക്, ടു months മുന്നേ പ്ലാൻ ചെയ്തതാണു.
അപ്പോളാണ് മഹാലക്ഷ്മി പോലും അതിനെക്കുറിച്ച് ചിന്തിച്ചത്.
മോനേ… ഇന്ന് പോണോടാ…സങ്കടത്തോടെ അവർ ഹരിയോട് ചോദിച്ചു.
പോകണം…..ഉറച്ച ശബ്ദം.. ഉറച്ച തീരുമാനവും.
പിന്നീട് കൂടുതൽ ഒന്നും പറയാതെകൊണ്ട് മഹാലക്ഷ്മി മക്കളെയെല്ലവരെയും പിടിച്ചു ഇരുത്തി മധുരം വെയിപ്പ് ചടങ്ങ് നടത്തി. കുടുംബത്തിൽ ഉള്ള ഓരോ ആളുകളും വന്നു മധുരം കൊടുത്തു.
അപ്പോളെല്ലാം ഫ്ലാഷ്കൾ തുരു തുരെ മിന്നികൊണ്ടേയിരുന്നു..
ഐശ്വര്യയും അനിരുദ്ധനും ഒന്ന് ഫ്രഷ് ആയി വരാമെന്ന് പറഞ്ഞു മുകളിലേക്ക് പോയപ്പോൾ ഹരിയും എഴുന്നേറ്റു.
ഭദ്രയെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൻ സ്റ്റെപ്സ് ഒന്നൊന്നായി വേഗത്തിൽ കയറി പോകുന്നുണ്ടായിരുന്നു.
കലചേച്ചി……ഭദ്രയ്ക്ക് ഹരികുട്ടന്റെ റൂം ഒന്ന് കാണിച്ചു കൊടുത്തേ..
മഹാലഷ്മി പറഞ്ഞതും കുറച്ചു മുന്നേ കണ്ട സ്ത്രീ വന്നു ഭദ്രയുടെ കൈയിൽ പിടിച്ചു. എന്നിട്ട് അവളെയുംകൂട്ടി നടന്നു.
ഇതെല്ലാം കണ്ടു കൊണ്ട് രണ്ട് മൂന്നുപേര് പല്ല് കടിച്ചു പിടിച്ചു നിന്നു. അവർക്കൊക്കെ ഭദ്രയെ ചുട്ടെരിയ്ക്കാൻ ഉള്ള ദേഷ്യം ആയിരുന്നു.
ഇതെന്തൊക്കെയാ ഭാമേ ഇവിടെ നടക്കുന്നെ…. ലക്ഷ്മിചേച്ചിയ്ക്ക് ഭ്രാന്ത് പിടിച്ചോ…അതിൽ ഒരുവൾ അടക്കം പറഞ്ഞു.
ആവോ.. എനിക്ക് അറിയില്ലന്റെ ലേഖേച്ചി….ഇതെന്ത് ഭാവിച്ച ഈ ചേച്ചി, ഹരിടെ ജീവിതം തകർത്തില്ലേ….അതും ഈ പിച്ചക്കാരിപെണ്ണ്….മുറു മുറുപ്പ് ഉയർന്നു വന്നു…
ആ സമയത്ത് കലയോടൊപ്പം ഹരിയുടെ മുറിയുടെ വാതിൽക്കൽ നിൽക്കുകയാണ് ഭദ്ര.
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
