ശ്രീ
എഴുത്ത്: ദേവാംശി ദേവ
=================
“ചേട്ടാ… ഈ ശ്രീദേവി താമസിക്കുന്ന ഫ്ലാറ്റ് ഏതാ..”
സെക്യൂരിറ്റിയോട് അന്വേഷിക്കുമ്പോൾ തരുണിന്റെയും മേഖയുടെയും മുഖത്ത് അക്ഷമ പ്രകടമായിരുന്നു..
“9 B… എട്ടാമത്തെ ഫ്ലോറിൽ ആണ്..”
സെക്യൂരിറ്റിയുടെ മറുപടി കേട്ടതും തരുണും മേഖയും തിരിഞ്ഞു നടന്നു..
“അവിടെ ഇപ്പോൾ ആരും ഉണ്ടാകില്ല സാർ.. ശ്രീദേവി മേഡവും ഹസ്ബന്റും ജോലി പോയിരിക്കുവാ..വരാൻ കുറച്ചു കൂടി കഴിയും.”
“ഹസ്ബന്റ്… ജോലി…ചേട്ടന് ആള് തെറ്റിയതാ.. ഞാൻ പറഞ്ഞ ശ്രീദേവി ദേ ഇതാ..”
ഫോണിൽ നിന്നുമൊരു ഫോട്ടോ തരുൺ സെക്യൂരിറ്റിയെ കാണിച്ചു.. “
“ഇത് തന്നെയാണ് സാർ ഞാൻ പറഞ്ഞ ശ്രീദേവി മാഡം..മേഡവും ഐസക്ക് സാറും എത്താൻ കുറച്ചു കൂടി വൈകും..നിങ്ങൾക്ക് ഗ്രൗണ്ട് ഫ്ലോറിലെ വിസിറ്റേഴ്സ് ഹാളിൽ വെയ്റ്റ് ചെയ്യാം…ചായയോ കോഫിയോ വേണമെങ്കിൽ ഞാൻ വാങ്ങി തരാം…”
“വേണ്ട…” തരുൺ മേഘയേയും കൂട്ടി വിസിറ്റെഴ്സ് ഹാളിലേക്ക് നടന്നു..
“കുറച്ചു നാൾ നമ്മള്?നാട്ടിലില്ലാതിരുന്നപ്പോൾ നിങ്ങളുടെ ത, ള്ള എന്തൊക്കെയാ കട്ടി കൂട്ടിയേക്കുന്നത്..തറവാട്ടിൽ കാണാത്തായപ്പോഴേ ഞാൻ കരുതിയതാ എവിടെയെങ്കിലും അഴിഞ്ഞാടാൻ പോയതാകുമെന്ന്.” മേഘ പുച്ഛത്തോടെ തരുണിനെ നോക്കി…
“അവരിങ്ങോട്ട് വരട്ടെ..ഇന്നത്തോടെ നിർത്തുന്നുണ്ട് ഞാനവരുടെ തോന്നിവാസം.”?ദേഷ്യത്തോടെ തരുൺ കൈ ചുരുട്ടി ഇരിക്കുന്ന സോഫയിൽ ഇടിച്ചു.
“സർ.. ദേ ഐസക് സർ എത്തി..”
ഏകദേശം അരമണിക്കൂർ കഴിഞ്ഞതും സെക്യൂരിറ്റി അങ്ങോട്ടേക്ക് വന്ന് പുറകിലായി വന്ന ഐസക്കിനെ അവർക്ക് പരിചയപ്പെടുത്തി പുറത്തേക്ക് പോയി..
“തരുണും മേഖയും എപ്പോഴാ നാട്ടിൽ എത്തിയത്..”
ഐസക്ക് സൗഹാർദ്ദത്തോടെ ചോദിച്ചതും തരുൺ ദേഷ്യത്തോടെ അയാളുടെ അടുത്തേക്ക് ചെന്നു..
“താൻ എന്നുമുതൽ ആടോ എന്റെ അച്ഛനായത്..”
“ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ തരുൺ.” സമാധാനത്തോടെ ആയിരുന്നു ഐസക് മറുപടി പറഞ്ഞത്..
“പക്ഷെ ഇപ്പോൾ ഞാൻ തരുണിന്റെ അമ്മ ശ്രീദേവിയുടെ ഹസ്ബന്റ് ആണ്..”
“അമ്മ..ആ സ്ത്രീയെ അമ്മ എന്ന് വിളിക്കാൻ തന്നെ എനിക്കിപ്പോ അറപ്പാണ്..”
“അവളൊരു സ്ത്രീ ആയതുകൊണ്ടാണ് തരുൺ തന്റെ അമ്മയായത്..”
“ഡോ…”
ചിരിച്ചുകൊണ്ട് ഐസക് പറഞ്ഞതും തരുൺ അയാളുടെ ഷർട്ടിൽ കുത്തിപിടിച്ചു..
“തരുൺ ഫ്ലാറ്റിലേക്ക് വരു.. നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം..ഇവിടെ നിന്ന് വെറുതെ പ്രശ്നം ഉണ്ടാക്കരുത്..”
“ഓ…ആൾക്കാരൊക്കെ കേൾക്കുമെന്ന പേടി…കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ…. തന്റെയും എന്റെ അമ്മയെന്ന് പറയുന്നവരുടെയും സ്വഭാവഗുണങ്ങൾ..”
“തരുൺ…ഞങ്ങളുടെ സ്വഭാവത്തിന് ഒരു പ്രശ്നവും ഇല്ല… വിധവയായ ശ്രീദേവിയും വിഭാര്യനായ ഞാനും നിയമപരമായി വിവാഹിതരാണ്..അതിൽ എന്ത് പ്രശ്നമാണ് തരുൺ ഉള്ളത്..പിന്നെ ഇവിടെ കിടന്ന് ബഹളം വെച്ചാൽ പ്രശ്നം തരുണിനാണ്..ഫ്ലാറ്റിലുള്ളവർ കംപ്ലയിന്റ് ചെയ്താൽ പോലീസുവന്ന് തൂക്കിയെടുത്തു കൊണ്ടുപോകും..അതുകൊണ്ട് സംസാരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഫ്ലാറ്റിലേക്ക് വാ… 9 B..” അത്രയും പറഞ്ഞു ഐസക്ക് ലിഫ്ടിനടുത്തേക്ക് നടന്നു..
കുറച്ചു നേരം കൂടി തരുണും മേഖയും അവിടെ തന്നെ ഇരുന്നു..
“ഇങ്ങനെ ഇരുന്നാൽ മതിയോ തരുൺ..അവരെ കണ്ട് സംസാരിക്കണ്ടേ..നമ്മുടെ കാര്യം നടക്കണ്ടേ..”
“മ്മ്മ്.. വാ…” അവനും മേഖയും ഐസക്കിന്റെ ഫ്ലാറ്റിലേക്ക് നടന്നു..
“കയറി ഇരിക്കു.. ഇത്രയും നേരം കാണാതായപ്പോൾ ഞാൻ കരുതി പോയിക്കാണുമെന്ന്.” ഐസക്ക് അവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു..
“തന്റെ ഭാര്യയെ കാണാതെ ഞങ്ങൾ പോകുന്നില്ല..”
“അവൾ വരാൻ കുറച്ചു സമയം കൂടി എടുക്കും..ഞാൻ നിങ്ങൾക്ക് ചായ എടുക്കാം…”
“വേണ്ട… സൽക്കാരം സ്വീകരിക്കാൻ വന്നതല്ല ഞങ്ങൾ.” മേഖയുടെ മറുപടി കേട്ടതും ചിരിച്ചുകൊണ്ട് ഐസക്ക് റൂമിലേക്ക് പോയി..
കുറച്ച് സമയം കഴിഞ്ഞതും ശ്രീദേവി ഫ്ലാറ്റിലേക്ക് വന്നു..എന്നും മുഷിഞ്ഞു തുടങ്ങിയ സാരിയിലോ നൈറ്റിയിലോ മാത്രമേ തരുൺ അമ്മയെ കണ്ടിട്ടുള്ളു..ഇന്ന് അതിനു പകരം ഭംഗിയുള്ള ചുരിദാർ ആണ്..നരച്ചു തുടങ്ങിയ മുടിയൊക്കെ കറുപ്പിച്ച് ഭംഗിയായി കെട്ടി വെച്ചിട്ടുണ്ട്.. മുഖത്ത് ചെറിയ രീതിയിൽ മേക്കപ്പ് ഉണ്ട്..ചുണ്ടിൽ ലൈറ്റായിട്ട് ലിപ്സ്റ്റിക്ക്..അതൊക്കെ അവരുടെ സൗന്ദര്യം പതിൻമടങ്ങായി വർദ്ധിപ്പിച്ചു..അമ്പതുകളിലും മുപ്പത്തിന്റെ ഭംഗി തോന്നിക്കുന്ന ശ്രീദേവിയെ അസൂയയോടെയാണ് മേഘ നോക്കിയത്.
ശ്രീദേവിയുടെ സീമന്ത രേഖയിലെ സിന്ദൂരം കാണവേ തരുണിന് തന്റെ ദേഷ്യം കൂടി വന്നു..
“നിങ്ങൾ എപ്പോ എത്തി..”
അവരെ കണ്ടിട്ടും ഒരു ഭാവവ്യത്യാസവും ഇല്ലാതെ ആയിരുന്നു ശ്രീദേവി ചോദിച്ചത്.
“എന്തിന് വന്നു എന്ന് ചോദിക്കുന്നതായിരുന്നു നല്ലത്.”
“എന്നെ കാണാനല്ലാതെ നിങ്ങളിവിടെ വരേണ്ട ആവശ്യം ഇല്ലല്ലോ..”
“അതെ… ഭർത്താവ് മരിച്ച് തറവാട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കേണ്ട നിങ്ങളെ കണ്ടവന്റെ കൂടെ കണ്ട ഫ്ലാറ്റിൽ വെച്ച് കാണേണ്ടിവന്നത് എന്റെ ഗതികേടാ..”
“ശ്രീ…” ദേഷ്യത്തോടെ ശ്രീദേവി എന്തോ പറയാൻ തുടങ്ങിയതും ഐസക്കിന്റെ വിളി വന്നു..
“താൻ പോയി ഫ്രഷായി വാ.. എന്നിട്ട് സംസാരിക്കാം.” അവളൊന്നും മിണ്ടാതെ റൂമിലേക്ക് പോയി… ഫ്രഷായി തിരികെ വരുമ്പോൾ ഐസക്ക് അവളുടെ കൈയ്യിൽ ഒരു കപ്പ് കോഫി കൊടുത്തു.. അതും വാങ്ങി ശ്രീദേവി തരുണിനും മേഘക്കും എതിരെ ഇരുന്നു.. അടുത്ത് ഐസക്കും. “
“കട്ടൻ ചായ ആയിരുന്നല്ലോ ഇഷ്ടം..ഇപ്പോൾ കോഫിയിലേക്ക് മാറി..നല്ല മാറ്റം.”
പുച്ഛത്തോടെ തരുൺ ശ്രീദേവിയെ നോക്കി.
“തരുൺ.. നിനക്ക് അറിയോ… എനിക്ക് കട്ടൻ ചായ ഇഷ്ടമേ അല്ല…എന്നും എനിക്ക് കോഫി തന്നെ ആയിരുന്നു ഇഷ്ട്ടം. വീട്ടിൽ എല്ലാവരും ചായ ആയതുകൊണ്ട് ഞാനും ചായ കുടിച്ചാൽ മതിയെന്ന് നിന്റെ അച്ഛൻ വിധിച്ചു..അങ്ങനെയാ ഞാൻ ചായ കുടിച്ചു തുടങ്ങിയത്..നീ കുപ്പിപ്പാൽ കുടിക്കാൻ തുടങ്ങിയതോടെ അതും നിന്നു..ഞാൻ കട്ടൻ ചായയിലേക്ക് മാറി..നിനക്ക് തരാൻ കുറച്ചു പാല് കൂടി നിന്റെ അച്ഛന്റെ വാങ്ങി തരില്ലായിരുന്നു.”
അത്ഭുത്തോടെ ആണ് തരുൺ അത് കേട്ടത്… ഒരിക്കൽ പോലും തന്റെ അമ്മ ഇങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല..
“നിങ്ങളുടെ തോന്നിവാസങ്ങളെ ന്യായീകരിക്കാൻ ഇനി അച്ഛനെ കുറ്റം പറഞ്ഞാൽ മതിയല്ലോ..”
“അതിന്റെ ആവശ്യം ഒന്നും ഇല്ല..എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും നിന്റെ അച്ഛൻ എന്റെ ഇഷ്ടങ്ങൾ നടത്തി തന്നിട്ടില്ല…നടത്തി തന്നിട്ടില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ജീവിച്ച കാലമത്രയും എന്റെ ഇഷ്ടത്തിന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും എനിക്കുണ്ടായിരുന്നില്ല.എന്നിട്ടും ഞാൻ ജീവിച്ചു….അദ്ദേഹം പോയി കഴിഞ്ഞപ്പോ നിനക്ക് വേണ്ടി ജീവിച്ചു..
ജീവിച്ചു എന്ന് പറയുന്നതിലും നല്ലത് അതാണ് ജീവിതം എന്ന് ഞാൻ വിശ്വസിച്ചു എന്ന് പറയുന്നതാണ് നല്ലത്.”
“അങ്ങനെ വിശ്വസിച്ചതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാവും.”
“ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും..എന്റെ ജീവിതത്തിൽ എന്റെ ഇഷ്ടങ്ങൾക്കും വിലയുണ്ടെന്ന് കുറച്ചു കൂടി മുൻപേ ഞാൻ മനസിലാക്കേണ്ടതായിരുന്നു.”
“ഇപ്പോ മനസ്സിലായല്ലോ…അതുകൊണ്ടാകും പുതിയ ജീവിതം തിരഞ്ഞെടുത്തത്.”
“തീർച്ചയായും.”
“നാണമില്ലേ നിങ്ങൾക്ക് സ്വന്തം മോനോട് ഇങ്ങനെ സംസാരിക്കാൻ..”
ശ്രീദേവിയുടെ കൂസലില്ലാത്ത ഭാവം തരുണിനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.
“തരുൺ.. രണ്ട് വർഷം മുൻപ് പനികൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന സമയത്താണ് ഞാൻ ഐസക്കിനെ കാണുന്നത്..അവിടുന്ന് തുടങ്ങിയാ പരിചയമാണ്… വിവാഹത്തെ പറ്റി ഐസക് ആണ് സംസാരിച്ചത്…ആദ്യം എനിക്കും നല്ല പേടി ഉണ്ടായിരുന്നു..അതൊക്കെ ശരിയാണോ നാട്ടുകാർ എന്താ പറയുക എന്നൊക്കെ…പിന്നെ ഞാൻ കരുതി നിന്നോട് ചോദിക്കാം… നിന്റെ ഇഷ്ടം എന്താണോ അങ്ങനെ തീരുമാനിക്കാമെന്ന്.
ഞാൻ നിന്നെ വിളിച്ചു… നീ തിരക്കിലാണെന്നും തിരികെ വിളിക്കാമെന്ന് പറഞ്ഞു… രണ്ട് ദിവസം ഞാൻ കാത്തിരുന്നു നീ വിളിച്ചില്ല..ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ എന്തിനാ വിളിച്ച് ശല്യപ്പെടുത്തുന്നത് സമയം കിട്ടുപ്പോൾ അങ്ങോട്ട് വിളിക്കുമല്ലോ എന്നാണ് നീ പറഞ്ഞത്.. എനിക്ക് പറയാനുള്ളത് എന്താണെന്ന് പോലും നീ കേട്ടില്ല…നീ ഫ്രീ ആകുന്നതും കാത്ത് ഞാനിരുന്നത് ആറുമാസമാണ്..പിന്നെ… എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ സ്വന്തമായിട്ടൊരു തീരുമാനമെടുത്തു..ഞങ്ങൾ രെജിസ്റ്റർ മര്യാജ് ചെയ്തു..ഐസക്കിന് രണ്ട് പെൺകുട്ടികൾ ആണ്.. അവർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല…അച്ഛനൊരു ബാധ്യത ആകില്ലല്ലോ എന്ന സമാധാനമായിരുന്നു..
ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ആകുന്നു..അതായത് ഞാനും എന്റെ മോനും തമ്മിൽ സംസാരിച്ചിട്ട് രണ്ട് വർഷം…അമ്മ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും രണ്ട് വർഷമായി തിരക്കാൻ കഴിയാത്ത തിരക്കാണോ മോനെ നിനക്ക്..”
ശ്രീദേവിയുടെ ചോദ്യത്തിനു മറുപടി പറയാൻ കഴിയാതെ തരുൺ മുഖം കുനിച്ചു..
“ഞങ്ങൾക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല..തറവാട് തരുണിന് അവകാശപ്പെതാ..”
ചിരിച്ചുകൊണ്ട് ശ്രീദേവി അകത്തേക്ക് പോയി ഒരു ഫയലുമായി തിരികെ വന്നു…
“തരുണിന്റെ അച്ഛന്റെ വീടായതുകൊണ്ടാണ് മേഘ അത് പറഞ്ഞതെങ്കിലും അതിന്നും ജപ്തി ചെയ്യാതെ തരുണിന് അവകാശപ്പെട്ടതായി നിൽന്നുണ്ടെങ്കിൽ എന്റെ അച്ഛൻ എനിക്കായി തന്ന അവസാന സ്വർണ്ണം വിറ്റ കാശ് കൂടി ഉണ്ട്…അതൊന്നും പക്ഷെ ആർക്കും അറിയില്ല..കാരണം അതൊന്നും എന്റെ ത്യഗമല്ല.. എന്റെ കടമ ആയിരുന്നല്ലോ..” മേഘ എന്തോ പറയാൻ വന്നും ശ്രീദേവി കൈ ഉയർത്തി അവളെ തടഞ്ഞു…
“കൂടുതൽ സംസാരമൊന്നും വേണ്ട മേഘ..വിദേശത്തു സ്വന്തമായി ബിസിനസ്സ് തുടങ്ങിയ നിങ്ങളെ പാർട്ണർ ചതിച്ചതും നിങ്ങൾക്ക് കടബാധ്യത ഉള്ളതുമൊക്കെ എനിക്ക് അറിയാം.. ഇനി പിടിച്ചു നിൽക്കണമെങ്കിൽ തറവാട് വിൽക്കണം അല്ലെ…തറവാടും വിറ്റ് അമ്മയെ ഏതെങ്കിലും ഓൾഡേജ് ഹോമിലും ആക്കി തിരികെ പോകണം…അല്ലെ…
ഇതാ…തറവാടിന്റെ ഡോക്യുമെൻസ്..
നിന്റേതാണ്… നിനക്ക് എന്തും ചെയ്യാം..”
തരുൺ അത് വാങ്ങി ശ്രീദേവിയെ ഒന്ന് നോക്കിയ ശേഷം അവനും പുറകെ മേഖയും പുറത്തേക്ക് നടന്നു.
“തരുൺ..” ശ്രീദേവിയുടെ വിളിക്കേട്ട് അവർ തിരിഞ്ഞു നോക്കി..
“അമ്മയാണ്… ആ സ്ഥാനവും ബഹുമാനവും തരാൻ പറ്റുന്ന സമയത്ത് നിനക്ക് എന്നെ തേടി വരാം..” അത്രയും പറഞ്ഞു കൊണ്ട് ശ്രീദേവി അവരുടെ മുന്നിൽ വാതിലടച്ചു..
“ശ്രീ..”
ഐസക് വന്ന് അവളെ ചേർത്ത് പിടിച്ചതും ഒരു പുഞ്ചിരിയോടെ അവൾ അയാളുടെ നെഞ്ചിലേക്ക് ചാരി..അപ്പോഴും രണ്ട് തുള്ളി കണ്ണുനീർ എന്തിനോ വേണ്ടി അടർന്നു വീണു
