മംഗല്യതാലി 48
ഹരി ഇറങ്ങി പോകുന്നതും നോക്കി മഹാലക്ഷ്മി ഞെട്ടിത്തരിച്ച ഇരിക്കുകയാണ്. സ്വപ്നത്തിൽ പോലും കരുതിയതല്ല അവരിൽ നിന്നും ഇങ്ങനെയൊരു സമീപനം ആയിരിക്കും വരുന്നതെന്ന്. അതിനാണ് ഇങ്ങനെയൊരു അറ്റ കൈ പ്രയോഗം നടത്തിയത് പോലും. പക്ഷേ തന്റെ പ്രതീക്ഷകൾക്കപ്പുറമാണ് അവന് അവന്റെ ഭദ്രലക്ഷ്മിയിൽ ഉള്ള സ്ഥാനം എന്ന് വൈകാതെ മഹാലക്ഷ്മിക്ക് മനസ്സിലാവുകയായിരുന്നു..
അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും നെഞ്ച് നീറി പിടഞ്ഞാണ് ഹരി പുറത്തേക്ക് ഇറങ്ങിവന്നത്.
സ്റ്റാഫിൽ പലരും അവനോട് എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുവാനായി ഓടി വരുന്നുണ്ട്. അതും തികച്ചും ഒഫീഷ്യലായ സംശയങ്ങൾ.
അവർക്കൊക്കെ അത് ക്ലിയർ ചെയ്തു കൊടുത്ത ശേഷം ആയിരുന്നു അവൻ ഗേറ്റിന്റെ അടുത്തേക്ക് വന്നത്.
പോളേട്ടൻ സെക്യൂരിറ്റി ചേട്ടനുമായി സംസാരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.
അയാൾ ഹരിയുടെ അടുത്തേക്ക് വേഗത്തിൽ വന്നു.
Aah മോനെ, നീ എപ്പോ എത്തി.
അര മണിക്കൂർ കഴിഞ്ഞു.. അത്രയൊള്ളു.
ഹ്മ്മ്… ബീന വിളിച്ചു. ഭദ്രമോള് അവിടെ ഉണ്ടല്ലേ.
ആഹ്… ഒറ്റയ്ക്ക് ഇരുത്തിയിട്ട് പോരണ്ടെന്നു കരുതി, ആദ്യമായിട്ടല്ലേ ആൾക്ക് നല്ല പേടിയും ഉണ്ട്…
അതേതായാലും നന്നായി.. ആ കുട്ടി അവിടെ നിന്നോട്ടെ, ഓഫീസിൽ നിന്നും മടങ്ങിപ്പോകുമ്പോൾ ഹരിക്ക് കൂട്ടിയാൽ മതിയല്ലോ. ബീനയ്ക്കും അമ്മച്ചിക്കും ഒക്കെ ഒരുപാട് ഇഷ്ടമായി ഭദ്രയെ.
ഹ്മ്മ്…പോള് പറയുന്നത് കേട്ടുകൊണ്ട് ഹരി ഒന്ന് പുഞ്ചിരിച്ചു..
അവളുപാവമല്ലേ പോളേട്ടാ…. മനസ്സ് നിറയെ നന്മകൾ മാത്രമുള്ള ഒരു ശുദ്ധഗതിക്കാരിയാണ് എന്റെ ഭദ്ര. പക്ഷേ അത് അമ്മയ്ക്ക് മാത്രം മനസ്സിലാകുന്നില്ല എന്ത് ചെയ്യാം….
മാഡം വന്നിട്ടുണ്ടല്ലേ മോനെ…കണ്ടിരുന്നോ.
മ്മ്… കണ്ടിട്ട് ജസ്റ്റ് ഇറങ്ങിയതെ ഉള്ളൂ..
ഇങ്ങനെ ഒരു വരവ് പതിവില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ..
പതിവുകൾക്ക് വിപരീതമായി ആണല്ലോ പോളേട്ടാ എല്ലാം സംഭവിക്കുന്നത്. ഇതും അങ്ങനെ കണ്ടാൽ മതി.
ഹരി തന്റെ പോക്കറ്റ് നിന്നും ഫോൺ എടുത്തു. ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ആരോടോ സംസാരിച്ച ശേഷം പെട്ടെന്ന് കോൾ കട്ട് ചെയ്തു.
പോളേട്ടാ എന്നാപിന്നെ ഞാൻ പതിയെ പോയേക്കുവാ … ഏട്ടൻ വൈകുന്നേരത്തല്ലേ എത്തു.
അതെ മോനെ… ഇന്ന് അത്യാവശ്യം തിരക്കുകൾ ഉണ്ട്.മോൻ എങ്ങനെയാ പോകുന്നത്,,,?
ഞാന് ഒരു ഓട്ടോറിക്ഷയിൽ പൊയ്ക്കോളാം..
ആഹ്.. ഓക്കേ.. എന്നാൽപിന്നെ മോൻ വിട്ടോളു. എനിക്ക് ബാങ്കിലേക്ക് പോണം. മാഡം ഇപ്പൊ വിളിച്ചതെഒള്ളു.
ശരി പോളേട്ടാ…അയാൾക്ക് കയ്യും കൊടുത്ത് അവൻ റോഡിലേക്ക് ഇറങ്ങി..
അങ്ങനെ മംഗലത്ത് കുടുംബത്തിൽ നിന്നും ഹരിനാരായണൻ എന്നൊരു നാമം അമ്മ എടുത്തു കളഞ്ഞിരിക്കുന്നു..ഈ സ്ഥാപനങ്ങൾക്ക് ഒക്കെ വേണ്ടി താൻ എത്രമാത്രം കഷ്ടപ്പെട്ടതണ്.. തന്റെ ബുദ്ധിയും കഴിവും ഒക്കെ ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായിട്ട് ഈ സ്ഥാപനം പടുത്തുയർത്തി കൊണ്ടുവന്നത്. എന്നിട്ട് അമ്മയുടെ സംസാരം കേട്ടില്ലേ, തനിക്ക് യാതൊരു പങ്കുമില്ല എന്ന മട്ടിലാണ് അമ്മ പറയുന്നത്…
ഓർക്കുംതോറും ഹരിയുടെ നെഞ്ചിൽ കാരമുള്ളുകൊണ്ട് വലിക്കുന്നത് പോലെ ഒരു തോന്നൽ ആയിരുന്നു.
ഭദ്രയെ ഉപേക്ഷിച്ചാൽ, താൻ ചൂണ്ടിക്കാണിക്കുന്ന സ്വത്ത് അമ്മ തന്റെ പേരിലേക്ക് ആക്കി തരും…പക്ഷെ തനിയ്ക്കതൊന്നും വേണ്ട….തന്റെ സ്വത്ത് എന്ന് പറയുന്നത് ഭദ്രയാണ്…അവൾ കൂടെയുണ്ട് താനും…
ഓട്ടോറിക്ഷയിൽ ബീന ചേച്ചിയുടെ വീടിന്റെ മുറ്റത്ത് വന്നിറങ്ങിയപ്പോൾ ഭദ്രയും അമ്മച്ചിയും കൂടി ഉമ്മറത്തുണ്ട്.
ഹരിയെ കണ്ടതും , നറുനിലാവ് ഉദിച്ചു വന്നത് പോലെയായിരുന്നു അവളുടെ മുഖം..
അരഭിത്തിയിൽ ഇരുന്നവൾ
ചാടി എഴുന്നേറ്റു.എന്നിട്ട് അവൻ വരുന്നത് നോക്കി നിൽക്കുകയാണ്.
ഓട്ടോറിക്ഷ പറഞ്ഞുവിട്ടില്ലായിരുന്നു. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങണമെന്ന് അവൾക്ക് മനസ്സിലായി..
അപ്പോഴേക്കും ബീന ചേച്ചിയും പുറത്തേക്കിറങ്ങി വന്നു.
ചേച്ചിയാണെങ്കിൽ അടുക്കളയിൽ ഭയങ്കര പാചകത്തിൽ ആയിരുന്നു.
അയ്യോ മോനെ ഹരി… നേരത്തെ വന്നല്ലോ..ഞാന് ഊണ് കാലമാക്കുവാരുന്നു.
പോയിട്ട് അല്പം തിരക്കുണ്ട് ചേച്ചി, മറ്റൊന്നും ഓർക്കരുത്…വളരെ അത്യാവശ്യമായതു കൊണ്ടാണ്.അടുത്ത ദിവസം തന്നെ ഞാനും ഭദ്രയും ഇവിടേക്ക് വരാം.. ഊണൊക്കെ കഴിച്ചിട്ട് മടങ്ങുവൊള്ളൂ.
ശോ…കഷ്ടമായല്ലോ മോനെ… ഒരു മണിക്കൂർ കൂടി നിന്നാൽ മതിയായിരുന്നു.
സമയമില്ലാത്തതുകൊണ്ട ചേച്ചി സോറി…അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒഴിവ് കഴിവുകൾ പറയുന്നതല്ലല്ലോ ചേച്ചിയോട്..
അവൻ പിന്നെയും പറഞ്ഞപ്പോൾ അത് ശരിയാണെന്ന് ബീനയ്ക്ക് തോന്നി.
അമ്മച്ചിയോടും ബീന ചേച്ചിയോടും യാത്ര പറഞ്ഞ് ആ ഓട്ടോറിക്ഷയിൽ തന്നെ ഹരിയും ഭദ്രയും അവരുടെ വാടക വീട്ടിലേക്ക് മടങ്ങി..
ഹരിയുടെ വലിഞ്ഞു മുറുകിയ മുഖത്തേക്ക് നോക്കിയപ്പോൾ, അവന് എന്തോ വിഷമമുള്ള കാര്യം, മനസ്സിൽ തട്ടിയിട്ടുണ്ടെന്ന് ഭദ്രേയ്ക്ക് തോന്നി. കാരണം അത്രമേൽ ഗൗരവത്തോടെയാണ് ഹരിയുടെ ഇരിപ്പ്.
എന്താണെന്ന് വീട്ടിലെത്തിയിട്ട് ചോദിക്കാമെന്ന് ഭദ്ര ഓർത്തു..
ഒരു തണുത്ത സ്പർശം അവളുടെ വിരലുകളെ കീഴ്പ്പെടുത്തിയപ്പോൾ, പെട്ടെന്ന് ഭദ്ര മുഖം തിരിച്ചു നോക്കി.
ഹരിയുടെ വലം കൈയുടെ വിരലുകൾ അവളുടെ വിരലുകളിൽ കോർത്തു പിണച്ചുകൊണ്ട് അവൻ ഒന്ന് നെടുവീർപ്പെട്ടു.
എന്നിട്ട് സീറ്റിലേക്ക് ചാരി കണ്ണുകൾ അടിച്ചിരുന്നു
അവന്റെ പിടുത്തം അൽപ്പമൊന്നയഞ്ഞപ്പോൾ ഭദ്ര അതിൽ പിടിമുറുക്കി..കൂടുതൽ കടുപ്പത്തിൽ…..
മംഗല്യ താലി ഭാഗം 49
വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ വാതിൽക്കൽ ഓട്ടോയിൽ വന്നിറങ്ങിയ ശേഷം അയാൾക്കുള്ള ചാർജും കൊടുത്ത് ഹരി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
അവന്റെ പിന്നാലെ നടക്കുമ്പോൾ ഭദ്ര ഉറപ്പായിരുന്നു അരുതാത്തത് എന്തോ ഹരിയ്ക്ക് സംഭവിച്ചുഎന്ന്.
കാരണം അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അത്രമേൽ സങ്കടപ്പെട്ട് അവൾ കണ്ടിട്ടേ ഇല്ലായിരുന്നു.
ഹരിയേട്ടാ ഊണെടുത്തു വയ്ക്കട്ടെ.. നേരെ ഒരുപാട് ആയല്ലോ…ഏട്ടൻ എന്തെങ്കിലും കഴിച്ചിരുന്നോ..
ഇപ്പോ ഒന്നും വേണ്ട ഭദ്രേ… കുറച്ചു കഴിയട്ടെ.. വല്ലാത്ത തലവേദന..ഞാൻ ഇത്തിരി നേരം ഒന്ന് കിടന്നിട്ട് വരാം…
ഹരി പെട്ടെന്ന് തന്നെ റൂമിലേക്ക് കയറിപ്പോയി. ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റിയ ശേഷം നേരെ അവൻ ബെഡിലേയ്ക്ക് മറിഞ്ഞു.
എന്താണ് പറ്റിയെ.. പാവം ഹരിയേട്ടൻ.ഈശ്വരാ,,,സങ്കടപ്പെടുത്തല്ലേ
ഭദ്ര മൂകമായി പ്രാർത്ഥിച്ചു.
******
മഹാലക്ഷ്മി മാഡത്തിന് എവിടെയോ പോകണം എന്ന് പറഞ്ഞത്കൊണ്ട് പോള് വണ്ടി ഇറക്കി കൊണ്ട് വരികയാണ്. അപ്പോഴേക്കും കണ്ടു വലിയ ഗൗരവത്തിൽ പത്രാസോടുകൂടി നടന്നു വരുന്ന മഹാലക്ഷ്മിയെ.
വണ്ടിയുടെ അരികിലേക്ക് വന്നശേഷം അവർ മുൻവശത്ത് ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു.
എവിടേക്കാണെന്ന് അവർ പറയാഞ്ഞതിനാൽ, വളരെ ഭവ്യതയോടെ പോൾ അവരെയൊന്നും നോക്കി.
മംഗലത്തെ വീട്ടിലേക്ക്…..കടുപ്പത്തിൽ മഹാലക്ഷ്മി പറഞ്ഞു. അതിനുശേഷം അയാൾ വണ്ടി തിരിച്ചു വിട്ടു.
ഹരിക്ക് താമസിക്കുവാൻ വാടക വീട് റെഡിയാക്കി കൊടുത്തത് താനായിരുന്നോടോ..യാതൊരു മുഖവുരയും കൂടാതെ മഹാലക്ഷ്മി ചോദിച്ചു..
പെട്ടെന്ന് അവർക്കൊരു മറുപടി കൊടുക്കുവാൻ , പോളിന് സാധിച്ചില്ല എന്നതായിരുന്നു സത്യം.
ചോദിച്ചത് കേട്ടില്ലേ താന്… ഹരിക്ക് വീട് എടുത്തു കൊടുത്തത് താനാണോ.
അത് പിന്നെ മാഡം,, ഹരികുഞ്ഞിന്, ഭദ്ര മോളോടൊപ്പം താമസിക്കുവാനായി, ചെറിയൊരു വീട് എവിടെയെങ്കിലും തരപ്പെടുത്താമോ എന്ന് എന്നോട് ചോദിച്ചു.. എന്റെ പരിചയത്തിലുള്ള ഒരു ബ്രോക്കറോട് ആണ് ഞാൻ ഇക്കാര്യം പറഞ്ഞത്.. നാലഞ്ചു വീടുകൾ ഒഴിവുണ്ടായിരുന്നു.
ഹ്മ്മ്…. അവൻ എവിടെയാണ് ഇപ്പോൾ താമസിക്കുന്നത്..
സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല മാഡം, ഞാൻ വീടുകളെക്കുറിച്ച് ഒക്കെ പറഞ്ഞതേയുള്ളൂ. ഹരി ഏതു വീടാണ് സെലക്ട് ചെയ്തതെന്ന് എനിക്കറിയില്ല..
ഓഹോ… അത് കളവാണല്ലോ പോളേ,,, എന്തൊക്കെയായാലും ശരി, തന്നോട് പറയാതിരിക്കില്ല.
അല്ല മാഡം…. എനിക്കറിയില്ല, ഇന്നലെയൊക്കെ ഞാൻ ഹരിയെ ഫോൺ ചെയ്യാൻ ശ്രമിച്ചിരുന്നു പക്ഷേ കോൾ കണക്ട് ആയിരുന്നില്ല.
ഹ്മ്മ്……. ഞാനത് വിശ്വസിച്ചു, എന്തേ തനിക്ക് സന്തോഷമായോ. എടോ പോളേ, തനിക്ക് നുണ പറയാൻ ഒന്നുമറിയില്ലടോ, നിന്ന് പരുങ്ങുന്നത് കാണുമ്പോൾ എനിക്ക് ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടി.. സാരമില്ല താൻ പറയണ്ട, ഞാൻ വേറെ വഴിക്ക് കണ്ടു പിടിച്ചോളാം. മഹാലക്ഷ്മി അയാളെ പരിഹസിച്ചു..
എന്തൊക്കെയായാലും ശരി, ഞാൻ പറയുന്നത് അനുസരിച്ച് നിന്നാൽ തനിക്ക് കൊള്ളാം, കാരണം ഇനിമുതൽ താൻ ഹരിയുടെ ഡ്രൈവർ അല്ല, അവന്റെ ഓഫീസിലെ കാര്യങ്ങൾ നോക്കാനും തന്നെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.. ഇനിമുതൽ ഞാനും എന്റെ മൂത്തമകൻ അനിരുദ്ധനും ആയിരിക്കും ഓഫീസിൽ കാണുന്നത്, തനിക്ക് ശമ്പളം തരുന്നതും, ഈ മഹാലക്ഷ്മിയാണ്.. ഹരിക്ക് യാതൊരു സ്ഥാനവുമില്ലവിടെ, അതോർത്താൽ തനിക്ക് കൊള്ളാം…മഹാലക്ഷ്മി തികഞ്ഞ ഗാർവ്വോടുകൂടി പറയുകയാണ്..
പോളിനാണെങ്കിൽ കാര്യം പിടികിട്ടിയതുമില്ല. അയാൾ അവരെയൊന്നും മുഖം തിരിച്ചു നോക്കി.
എന്റെ വാക്ക് ധിക്കരിച്ചിറങ്ങി പോയവനാണ് ഹരി, മംഗലത്ത് കുടുംബത്തിൽ നിന്നും , അവളെയും വലിച്ചു കൊണ്ട് ഇറങ്ങി പോയപ്പോൾ, ഹരി ഓർത്തിരുന്നില്ല , അമ്മയുടെ ഇനിയുള്ള നീക്കം എങ്ങനെയാണെന്ന്… എന്റെ കുടുംബത്തിന്റെതായ യാതൊരു, സ്ഥാപനങ്ങളിലൊ വസ്തുവകകളിലോ, ഒന്നും തന്നെ അവന് ഒരു സ്ഥാനവുമില്ല. ഇറക്കിവിട്ടടോ ഞാൻ അവനെ…പുഷ്പം പോലെ നുള്ളി കളഞ്ഞു .
ഇക്കുറി അവര് പറയുന്നത് കേട്ടതും, പോളേട്ടൻ ശരിക്കും ഞെട്ടിത്തരിച്ചു പോയിരുന്നു.
ഹരിയെ പറഞ്ഞുവിട്ട വിവരങ്ങൾ മുഴുവൻ മഹാലക്ഷ്മി അയാളെ ധരിപ്പിച്ചു ഒരു വാക്കുപോലും ഉരിയാടാൻ അയാൾക്ക് സാധിച്ചില്ല. കാരണം ഹരി ഒറ്റയൊരാൾ കാരണമാണ് ആ കമ്പനി അത്രമേൽ മികവോടുകൂടി പടുത്തുയർത്തു നിൽക്കുന്നത് എന്നുള്ളത് അവിടുത്തെ ഓരോ സ്റ്റാഫിനും വ്യക്തമായ കാര്യമാണ്..അവന്റെ കൂർമ്മബുദ്ധിയിൽ സൂക്ഷ്മതയോട് കൂടി ഓരോ കരുക്കൾ നീക്കുന്നത് കൊണ്ടാണ്, മറ്റേതൊരു കമ്പനിയോടും കിടപൊരുതി ഹരി കുതിച്ചു കയറുന്നത്. അവന്റെ നാലിൽ ഒരംശം പോലും കഴിവും തന്റേടവും ഇല്ല അനിരുദ്ധന്. ഹരി എന്തുപറയുന്നു അത് ചെയ്യുമെന്നല്ലാതെ അത്രയ്ക്ക് മികവുറ്റയാളൊന്നുമല്ല അവൻ..
പോളിന്റെ മനസ്സിലൂടെ പലവിധ വിചാരങ്ങളുഴറി നടക്കുകയായിരുന്നു..
ഓഫീസിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഹരിക്ക് എന്തോ സങ്കടം ഉള്ളതുപോലെ തോന്നിയിരുന്നു. അത് പക്ഷേ മഹാലക്ഷ്മിയുമായി എന്തെങ്കിലും വാക്കേറ്റം ഉണ്ടായതാകും എന്നാണ് കരുതിയത്. കാരണം അമ്മയും മകനും അത്ര രസത്തിൽ അല്ലന്നുള്ളത് പോളിനും അറിയാം. അതിന്റെ എന്തെങ്കിലു പ്രശ്നമായിരിക്കും ഹരിയുടെ മുഖഭാവം മാറിയതെന്ന് ഓർത്തു. പക്ഷേ കാര്യങ്ങൾ ഇത്രത്തോളം വഷളായി എന്നുള്ളത് സ്വപ്നത്തിൽ പോലും തന്റെ മനസ്സിൽ വന്നില്ല..
മംഗലത്ത് വീട്ടിലേക്ക് വണ്ടി എത്തിയപ്പോൾ ഒരു സെക്യൂരിറ്റി ഓടിവന്ന് ഗേറ്റ് തുറന്നു..
കാറിൽ നിന്ന് ഇറങ്ങവെ മഹാലക്ഷ്മി പോളിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി..
അപ്പോൾ എങ്ങനെയാ പോളേ മുന്നോട്ടുള്ള കാര്യങ്ങളൊക്കെ…, എന്റെ വാക്ക് കേട്ട് നിൽക്കാൻ ആണോ അതോ, യാതൊരു വേലയും കൂലിയും ഇല്ലാത്ത ഹരിയുടെ കൂടെ കൂടാനോ..ഒരു കുടുംബം കഴിഞു പോകേണ്ടതാണ്.. അതോർത്താൽ നന്ന്
മഹാലക്ഷ്മി പറഞ്ഞതും മറുതൊന്നും ചിന്തിക്കാതെ, വണ്ടി ഓഫ് ചെയ്തിട്ട് കാറിന്റെ കീ അയാൾ മഹാലക്ഷ്മിയുടെ കൈയിലേക്ക് കൊടുത്തു.
ഇതാ മാഡം..ഇത് ഐശ്വര്യമായിട്ട് അങ്ങ് തിരികെ മേടിച്ചോളൂ.
പെട്ടെന്നയാൾ പറഞ്ഞതും മഹാലക്ഷ്മി ഒന്ന് അമ്പരന്നു..
നിങ്ങളുടെ ഡ്രൈവറായി തുടരുന്നതിനും ഭേദം,എവിടെയെങ്കിലും പിച്ചയെടുത്ത് ജീവിക്കുന്നതാണ്.. 10 മാസം മുമ്പ് പ്രസവിച്ച മകനെ അല്ലേ നിഷ്ക്കരുണം നിങ്ങൾ വലിച്ചെറിഞ്ഞത്, ഹരി ഒറ്റ ഒരാളാണ് ഈ കുടുംബത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം, അത് ഇവിടുത്തെ പുൽനാമ്പിന് പോലും വ്യക്തമായിട്ട് അറിയാം, ആ മകനെ നിങ്ങൾ തെരുവിലേക്ക് ഇറക്കി വിട്ടിട്ട്, വിസ്തരിക്കുന്നോ.. യാതൊരു ഉളുപ്പുമില്ലാതെ ഇങ്ങനെയൊക്കെ പറയുവാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു. മരണം വരെയും ഈ പോൾ ഹരിയുടെ കൂടെ കാണും…അതിൽ ഒരു മാറ്റവും ഇല്ല…നിങ്ങൾ നോക്കിക്കോ, നിങ്ങളെക്കാൾ സമ്പന്നനായി, അധികാരത്തോടെ, സ്വന്തമായി അധ്വാനിച്ച് എല്ലാം കെട്ടിപ്പടുത്ത് ഹരി ജീവിയ്ക്കും.. ഇത് പറയുന്നത് അവന്റെ സ്വന്തം പോളേട്ടനാണ്. അവനു വേണ്ട എന്ത് സഹായവും ചെയ്തു കൊടുത്തു,ഞാൻ ഒപ്പം നിൽക്കും…നിങ്ങളെപ്പോലൊരു ദു, ഷ്ടയായ സ്ത്രീയുടെ വ യറ്റിൽ പിറന്നു എന്നുള്ള ഒരു തെറ്റ് മാത്രമേ അവൻ ചെയ്തുള്ളൂ..
അന്തസ്സുള്ളവനാ ഹരി,, മംഗലത്ത് വീട്ടിലെ ഒരു മണൽത്തരി പോലും ഹരിയ്ക്കു വേണ്ട..അവന്റെ തലച്ചോറ് വെച്ച് അവൻ പ്രവർത്തിക്കും…കണ്ടോ….കളി തുടങ്ങാൻ പോകുന്നതേയൊള്ളു..
പോളു മഹാലക്ഷ്മിയെ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞു
തുടരും….
