മംഗല്യ താലി, ഭാഗം 50, 51 – എഴുത്ത്: കാശി നാഥൻ

മംഗല്യതാലി ഭാഗം 50

അന്തസ്സുള്ളവനാ ഹരി,, മംഗലത്ത് വീട്ടിലെ ഒരു മണൽത്തരി പോലും ഹരിയ്ക്കു വേണ്ട..അവന്റെ തലച്ചോറ് വെച്ച് അവൻ പ്രവർത്തിക്കും…കണ്ടോ….കളി തുടങ്ങാൻ പോകുന്നതേയൊള്ളു..

പോളു മഹാലക്ഷ്മിയെ വെല്ലുവിളിയ്ക്കും പോലെ പറഞ്ഞു

ടോ.. എന്റെ വീട്ടിൽ വന്നിട്ട് എന്നെ പേടിപ്പിക്കാൻ  താനായോ. മഹാലക്ഷ്മി പല്ലിറുമ്മി

ഒരിക്കലുമില്ല മാഡം…അത്രത്തോളം ആയിട്ടില്ല ഈ പോൾ. പക്ഷേ എന്റെ ഹരിയെ എനിക്ക് നന്നായി അറിയാം.. മനസാക്ഷിയുള്ളവനാ… ഒപ്പം നല്ല മനസ്സിന്റെ ഉടമയും. അതുകൊണ്ടാണല്ലോ ഭദ്രയെ കൂടെ കൂട്ടിയത്. മാഡത്തിനെ പോലെ പണത്തിനോട് യാതൊരു അത്യാർത്ഥിയും  ഒന്നുമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ. ഒപ്പമുള്ളവരെ ഒക്കെ, ഹരി ഒരുപോലെയാണ് കാണുന്നത്, ഒരിക്കലും പണത്തിന് യാതൊരു മുൻതൂക്കവും ഹരി കൊടുക്കാറില്ല, പകരം, ഹരിയുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് ഓരോരുത്തരോടും പെരുമാറുന്നത്…ആരൊക്കെ തള്ളി പറഞ്ഞാലും ചവിട്ടിതാഴ്ത്തിയാലും, ഈ ഹരിയോടൊപ്പം ഞാൻ ഉണ്ടാവും. അവന്റെ ഭാര്യ ഉണ്ടാവും,  പിന്നെ ഇതിനേക്കാൾ ഒക്കെ ഉപരി മുകളിൽ ഒരുവൻ ഉണ്ട്.. ആ കൈകൾ ഹരിയെ താങ്ങാൻ ഉണ്ടാവും മാഡം.. ഒരു ചതുപ്പ് നിലത്തിലേക്കും അവനെ തള്ളി വിടില്ല. ആ സർവ്വ രക്ഷകൻ അവനെ പടുത്ത് ഉയർത്തിക്കൊണ്ടുവരും. നിങ്ങളുടെ ഒരു സ്വത്തിനും ഒരു അവകാശവും പറഞ്ഞു ഹരി വരില്ല,  നിങ്ങളുട കുരുട്ടുകുത്തിയിൽ പല കാര്യങ്ങൾ തെളിഞ്ഞാലും , അതിലൊന്നും മുട്ടുമടക്കുന്നവനല്ല ഹരിനാരായണൻ…ഇന്നീ നിമിഷം ഹരിയെത്ര മാത്രം വിഷമിക്കുന്നുണ്ട് അതെനിക്ക് വ്യക്തമായിട്ട് അറിയാം…

ഹരിയും ഭദ്രയും ആരായിരുന്നു എന്നുള്ളത് നിങ്ങളറിയാൻ പോകുന്നതേയുള്ളൂ, ഇപ്പൊ കൊണ്ടുവന്ന് കേട്ടിട്ടുണ്ടല്ലോ ഒരു പണച്ചാക്കിനെ, ഭദ്രയെ പിൻ കാലുകൊണ്ട് നിങ്ങൾ തൊഴിച്ചു കളഞ്ഞതുപോലെ, മൂത്ത മരുമകൾ നിങ്ങളോട് പ്രവർത്തിക്കും..അതവളുടെ പിൻകാലു കൊണ്ടായിരിക്കില്ലന്ന് മാത്രം..

പിന്നെ ഇന്ന് ഹരിയോട് നിങ്ങൾ ഈ പറഞ്ഞതൊക്കെ ഓർത്ത് ഒരിക്കൽ ഈ മുറ്റത്തിരുന്ന് വിതുമ്പും.. അന്ന് കൂടെ കാണുവാൻ ആരും കാണില്ല, ഈ സ്വത്തും പണവും കെട്ടിപ്പിടിച്ച് മംഗലത്ത് വീട്ടിൽ മഹാലക്ഷ്മി മാഡം നിലവിളിക്കുo…കാലം തെളിയിക്കും, ഇല്ലെങ്കിൽ കണ്ടോളു.

അതും പറഞ്ഞുകൊണ്ട് പിന്നിലേക്ക് പോലും നോക്കാതെ വെട്ടിത്തിരിഞ്ഞ് നടന്നുപോയി.

ഒരിക്കൽപോലും പോളിൽ നിന്നും ഇങ്ങനെ ഒരു മറുപടി മഹാലക്ഷ്മി പ്രതീക്ഷിച്ചിരുന്നില്ല.

ഹരിയെ, ഓഫീസിൽ നിന്ന് പടിയിറക്കി വിട്ടു എന്ന് അറിയുമ്പോൾ, ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ അയാൾ തന്റെ ഒപ്പം കൂടുമെന്നാണ് കരുതിയത്. ഹരിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആണ് പോൾ.  അതുകൊണ്ട് പോളു വഴി, ഹരിയിലേക്ക് വീണ്ടും അടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ…എന്നാൽ ഒക്കെ തെറ്റിപ്പോയി

പക്ഷേ തോറ്റു പിന്മാറില്ല…. അത് തീരുമാനിച്ച കാര്യമാണ്.,, ഹരിയെ വരുതിയിലാക്കുന്നത് വരെ താൻ പോരാടും, ഈ മഹാലക്ഷ്മിയെ, ആർക്കും അറിഞ്ഞുകൂടാ…

കോളിംഗ് ബെല്ലിൽ വിരൽ അമർത്തി അക്ഷമയോടെ മഹാലക്ഷ്മി വാതിൽക്കൽ നിന്നു.

ഭാമ വന്നു വാതിൽ തുറക്കുവാൻ ഇത്തിരി വൈകി..

എവിടെയായിരുന്നു നീ ഇത്രയും നേരം, ബെല്ലടിച്ചത് കേട്ടില്ലേ..

ഞാൻ കുളിക്കുവായിരുന്നു, സൂസമ്മ ചേച്ചി, തുണി നനച്ചത് വിരിച്ചിടുകയാണ് പിന്നാമ്പുറത്ത്. വളരെ ഭവ്യതയോട്കൂടി ഭാമ പറഞ്ഞു.

അനിരുദ്ധനും ഐശ്വര്യയും എപ്പോഴാണ് ഇറങ്ങിയത്? സെറ്റിയിലേക്ക് വന്നമർന്നിരുന്നു കൊണ്ട് മഹാലക്ഷ്മി ചോദിച്ചു..

ഭാമ അപ്പോൾ വിവരങ്ങളൊക്കെ അവരോട് പറഞ്ഞു.

ഫോണെടുത്ത് അവർ അനിരുദ്ധന്റെ നമ്പർ ഡയൽ ചെയ്തു.

രണ്ടുമൂന്നു ബെല്ലടിച്ച ശേഷമാണ് അവൻ കോൾ അറ്റൻഡ് ചെയ്തത്.

ഹെലോ അനിക്കുട്ടാ. നീ ബിസി ആണോ.

ഹേയ് ബിസി ഒന്നുമല്ലഅമ്മേ,… ഞാൻ ഐശ്വര്യയുടെ അച്ഛനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഐശ്വര്യയുടെ അച്ഛനോ,, അങ്ങനെ ഒരു വേർതിരിവ് ഒന്നും വേണ്ട കേട്ടോ അനിയേട്ടാ, ഏട്ടന്റെ സ്വന്തം അച്ഛനായിട്ട് കണ്ടാൽ മതി. അവന്റെ തൊട്ടരിയിൽ നിന്നും ഐശ്വര്യ പറയുന്നത് കേട്ട് മഹാലക്ഷ്മിയുടെ മുഖം ഇരുണ്ടു.

സ്വന്തം അച്ഛനായിട്ട് തന്നെയാ കാണുന്നത്,അതിൽ യാതൊരു മാറ്റവുമില്ല..അനി മറുപടിയും പറയുന്നുണ്ട്.

അച്ഛൻ മാത്രമല്ല കേട്ടോ ഞാനുമുണ്ട് ഇവിടെ.. അടുത്തത് ഐശ്വര്യയുടെ അമ്മ വകയായിരുന്നു കമന്റ്.

സ്വന്തം അമ്മയെക്കാൾ ഇഷ്ടമാണ് എന്റെ അമ്മയോട് അനിയേട്ടന്.. എന്തേ പോരേ? അമ്മയ്ക്ക് സന്തോഷമായോ.

ചിരിയോടെ ഐശ്വര്യ വീണ്ടും ചോദിക്കുകയാണ്.

വിറഞ്ഞുകയറി മഹാലക്ഷ്മി ഫോൺ കട്ട് ചെയ്തു..

മകൻ തിരിച്ചു വിളിക്കുമെന്ന് കരുതി അരമണിക്കൂറോളം അവർ അങ്ങനെ ഇരുന്നു. പക്ഷേ അതുണ്ടായില്ല.

ദേഷ്യത്തോടെ അവർ തന്റെ റൂമിലേക്ക് കയറി എന്നിട്ട് വാതിൽ അടച്ചുകുറ്റിയിട്ടു.

************

ഹരിയേട്ടാ.. നേരം എത്രയായി  ഈ കിടപ്പ് തുടങ്ങിയിട്ട്..കഴിക്കാൻ എഴുന്നേറ്റു വന്നെ.

കട്ടിലിൽ കമിഴ്ന്നു കിടക്കുന്നവന്റെ അരികിലേക്ക് ചെന്നിട്ട് മെല്ലെ മുഖം കുനിച്ച് ഭദ്ര വിളിക്കുകയാണ്.

ഹ്മ്മ്…സമയം ഇത്രയൊക്കെ ആയല്ലേ…പതിയെ എഴുന്നേറ്റു, എന്നിട്ട് ഭദ്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അവൾ ഹരിയുടെ അരികിലായി ഇരുന്നു. എന്നിട്ട് അവന്റെ വലുത് കൈ എടുത്തു അവളുടെ മടിയിലേക്ക് വെച്ചു. മെല്ലെ വിരലോടിച്ചു.

എന്തുപറ്റി ഹരിയേട്ടാ ഇത്രയ്ക്ക് സങ്കടം… എന്നോട് പറയാൻ പറ്റുമോ…ഓഫീസിൽനിന്ന് തിരികെ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്,പക്ഷെ എന്തോ, എനിക്ക് ഏട്ടനോട് ചോദിക്കുവാൻ ഒരു പേടിയായിരുന്നു,,, അർഹതയുണ്ടോ എന്നൊരു തോന്നൽ. എങ്കിലും ഏട്ടന്റെ സങ്കടത്തോടെയുള്ള ഈ മുഖം കാണുമ്പോൾ,,,,, ഇങ്ങനെയൊക്കെ പറയുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം കേട്ടോ.. ഹരിയേട്ടന്റെ മുഖം ഒരിക്കലും വാടരുത്, ആരുടെ മുന്നിലും തലകുനിക്കരുത്, അതെനിക്ക് സങ്കടമാണ്,,

സാവധാനം അവൾ പറഞ്ഞതും , ഹരിയുടെ ഇടനെഞ്ച് പൊട്ടിപ്പോയി..

ഭദ്രയെ കെട്ടിപിടിച്ചു കൊണ്ട് അവൻ കരഞ്ഞപ്പോൾ ആ പാവം പെൺകുട്ടിയെ വിറച്ചു പോയിരുന്നു

മംഗല്യതാലി. ഭാഗം 51

ഹരിയേട്ടാ…എന്താ പറ്റിയെ..എന്തെങ്കിലുമൊന്നു പറയു.

ഹരി കരയുന്നത് കണ്ടതും ഭദ്രയും പൊട്ടിക്കരഞ്ഞു പോയിരുന്നു.

അവന്റെ കണ്ണീർ തുടച്ചു മാറ്റിക്കൊണ്ട് അവൾ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

ഹരിയേട്ടാ….. എന്തായാലും പറയു.. എന്തിനാ ഇത്രയ്ക്ക് സങ്കടം..ഏട്ടൻ കരയുന്ന കണ്ടിട്ട് എന്റെ ചങ്ക് പൊട്ടുവാ കെട്ടോ. ഭദ്രയുടെ വാക്കുകൾ ഇടറി.

പക്ഷെ എല്ലാം തുറന്ന് പറഞ്ഞു അവളെ വിഷമിപ്പിയ്ക്കുവാൻ ഹരി തയ്യാറല്ലയിരിന്നു.അമ്മ ചെയ്ത് കൂട്ടിയ പ്രവർത്തികൾ ഒക്കെ അറിയുമ്പോൾ അവൾ തകർന്നു പോകുമെന്ന് ഹരിക്കു നിശ്ചയം ഉണ്ട്.അതുകൊണ്ട് പാവം അവൻ എല്ലാം ഉള്ളിലൊതുക്കി.

ഭദ്ര പലതവണ മാറിമാറി ചോദിച്ചിട്ടും ഹരി ഒന്നും പറഞ്ഞില്ല.

ഓരോന്നൊക്കെ ഓർത്തുപോയി സാരമില്ല പോട്ടെ.. എനിക്ക് എന്റെ ഭദ്രയുണ്ടല്ലോ അതുമതി. അവൻ അവളെ നോക്കി മെല്ലെ പുഞ്ചിരിച്ചു.

പറയു ഹരിയേട്ടാ എന്താണ് കാര്യം എന്ന്… ഇത്രമാത്രം ഹരിയേട്ടനെ വിഷമിപ്പിച്ചത് എന്താണ്.. എന്നോട്  പറയാൻ ഏട്ടന് ബുദ്ധിമുട്ടുണ്ടോ..

ഒന്നുല്ലന്നെ… എന്റെ ഭദ്ര കുട്ടിയോട് തുറന്നുപറയാൻ എനിക്കെന്തിനാ ബുദ്ധിമുട്ട്.. അതിനുമാത്രം വലിയ സംഭവമൊ ന്നും ഇല്ലന്നേ…

അവൻ അത് തന്നെ ആവർത്തിച്ചു.

ഓഫീസിൽ ചെന്നപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായോ ഹരിയേട്ടാ..അതുകൊണ്ടാണോ ഏട്ടൻ പെട്ടെന്ന് മടങ്ങി പോകുന്നത്.

ഹേയ്.. അതൊന്നുമല്ലടോ.. ചെന്നിട്ട് അവിടെയുള്ളവരെ കാര്യങളൊക്കെ ഏൽപ്പിച്ചു. അതിനു ശേഷമാണ് ഞാൻ പോന്നത്..

ഹരിയേട്ടന് കള്ളത്തരം പറയാൻ അറിയില്ല കേട്ടോ, ഈ മുഖത്തുനിന്നും വായിച്ചെടുക്കാം അതൊന്നുമല്ല കാര്യമെന്നുള്ളത്.

ഭദ്ര അവനെ ഉറ്റുനോക്കി..

താൻ വന്നേ എനിക്കൊരു കപ്പ് ചായ എടുക്ക്.. ചെറിയ തലവേദന പോലെ.

ഹരി അവളുടെ കവിളിൽ ഒന്ന് തട്ടി എന്നിട്ട് കിടക്കയിൽ നിന്ന് എഴുന്നേറ്റു.

ഊണ് കഴിച്ചില്ലല്ലോഏട്ടാ, വിശക്കുന്നില്ലേ..

വിശപ്പൊക്കെ ഇപ്പോഴില്ല,, ഇത് ചായ കുടിക്കുന്ന ടൈം അല്ലേ അതുകൊണ്ടാവും.. 

ഹ്മ്മ്.. എന്നാൽ പിന്നെ ഞാൻ ചായ എടുക്കാം.ഹരിയോടായി പറഞ്ഞു കൊണ്ട് അവളും അടുക്കളയിലേക്ക് പോയി.

എന്തൊക്കെയായാലും ഹരിയേട്ടനെ ഒരുപാട് വിഷമിപ്പിക്കുന്ന കാര്യമാണ് സംഭവിച്ചിരിക്കുന്നത്, അതിൽ തന്നെയും ഉൾപ്പെടുത്തിയിട്ടുണ്ടാകും ,  അതുകൊണ്ടാണ് ഈ കാര്യം  ഏട്ടൻ ഒളിപ്പിച്ചു വെയ്ക്കുന്നത്  എന്ന് ഭദ്രയ്ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു..

ഇനി ചോദിച്ച ആളെ, കുടിക്കേണ്ട എന്ന് കരുതി അവൾ പിന്നീട് മൗനം പാലിച്ചു. എന്നാലും ഹരിക്കുവേണ്ടി  ഭദ്ര ഒരുപാട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.. അതു മാത്രമേ ആ പാവം പെൺകുട്ടിക്ക് കഴിഞ്ഞുള്ളൂ..

ചായ ഇട്ട്കൊണ്ട് വന്നു ഹരിയ്ക്ക് കൊടുത്ത ശേഷം അവൾ മുറ്റത്തേക്ക് ഇറങ്ങി.

കോണിലായി ഇരുന്ന ചൂലെടുത്തു എല്ലാം അടിച്ചു വാരി വൃത്തിയാക്കിയിട്ടിട്ട് അടുക്കളയുടെ ഭാഗത്തൂടെ അകത്തേക്ക് കയറി വന്നു.
ചോറും കറികളുമൊക്കെ ചൂടാക്കി വെച്ച ശേഷം കുളിയ്ക്കാനായി പോയി.

അപ്പോളും ഹരി ബെഡിൽ അങ്ങനെകിടപ്പുണ്ട്. അലമാര തുറന്നു മാറ്റി ധരിയ്ക്കുവനുള്ള ഡ്രസ്സ്‌ എടുത്തു ഭദ്ര തോളത്തു ഇട്ട്കൊണ്ട് ഒരു ടർക്കിയുമെടുത്തു നേരെ വാഷ് റൂമിലേക്ക് കയറി..

*****

ഉടനെ മടങ്ങിവരണമെന്ന് അമ്മ മെസ്സേജ് അയച്ചത് കണ്ടുകൊണ്ട് അനി ഫോൺ എടുത്തു. എന്നിട്ട് വേഗം മഹാലക്ഷ്മിയെ വിളിച്ചു.

ഹലോ.. അമ്മേ…

ആഹ് അനിക്കുട്ടാ, നീ തിരക്കാണോ മോനെ.

അല്ലമ്മേ.. അമ്മേടെ മെസ്സേജ് കണ്ടു. എന്താ പറ്റിയെ..

ഹേയ് ഒന്നുല്ല.. ഇവിടെ വന്നിട്ട് പറയാം..

എന്താ… ടെൻഷൻ ആക്കാതെ പറയുന്നേ.

അതിന്റെയൊന്നും ആവശ്യമില്ല മോനെ..നിനക്ക് ഇന്ന് വരാൻ അസൗകര്യമുണ്ടോടാ..

അത് പിന്നെ… അമ്മേ, ഞാൻ ഐശ്വര്യയോട് ഒന്ന് ചോദിച്ചിട്ട് പറയാം.. അവൾക്ക് ചെറിയച്ഛന്റെ വീട് വരെ പോണമെന്നു പറഞ്ഞു.

അത് നാളെ ആയാലും പോകാല്ലോ മോനെ, ഇന്നിങ്ങോട്ട് പോരെ..

ആഹ്.. ഞാൻ വിളിക്കാം.. അവള് ആരെയോ ഫോണിൽ വിളിക്കുവാ.

ഹ്മ്മ്… നേരം കളയാണ്ട് ഇറങ്ങാൻ നോക്ക് കേട്ടോ.. അമ്മ വെയ്ക്കുവാ.

മഹാലക്ഷ്മി ഫോൺ കട്ട്‌ ആക്കിയതും ഐശ്വര്യ റൂമിലേക്ക് കയറി വന്നതുമൊരൂമിച്ചായിരിന്നു…

ആരായിരുന്നു അനിയേട്ടാ?

അമ്മ…..

ഹ്മ്മ്.. വെറുതെ വിളിച്ചതാണോ..? അവൾ വന്നിട്ട് അവന്റെ അരികിൽ ഇരുന്നു.

അല്ലടോ.. നമ്മളോട് ഇന്നങ്ങോട്ട് ചെല്ലമോന്ന് ചോദിച്ചു. ഹരിയും കൂടെയില്ലാത്ത സ്ഥിതിക്ക് അമ്മയ്ക്ക് ആകെ സങ്കടം.

അനിരുദ്ധൻ ആണെങ്കിൽ ഐശ്വര്യയെ കൂട്ടിക്കൊണ്ട് പോകാൻ അങ്ങനെയാണ് പറഞ്ഞത്.

ഹരി പോയതിൽ അമ്മയ്ക്ക് സങ്കടമൊ… നല്ല കഥ. ആരോട് പറഞ്ഞാലും വിശ്വസീയ്ക്കും കേട്ടോ.
അവൾ അവനെ നോക്കി പരിഹസിച്ചു

ഇതുവരെ അമ്മ ഒറ്റയ്ക്ക് നിന്നിട്ടില്ലന്നെ..അതുകൊണ്ടാവും.

ഒറ്റയ്ക്കല്ലല്ലോ ഏട്ടാ… ഭാമേച്ചിയും സൂസമ്മച്ചിയും ഇല്ലേ.

ആഹ്… അതൊക്കെ പോട്ടെ, താൻ റെഡി ആവു, നമ്മുക്ക് ഇറങ്ങിയാലോ.

അനി എഴുന്നേറ്റ് ഷർട്ട്‌ ഒന്ന് വലിച്ചു ഇട്ടു.

എങ്ങോട്ട് പോകാനാണ് ഞാൻ റെഡി ആവേണ്ടത്.. അതും കൂടി ഒന്ന് പറഞ്ഞെ.

ഐശ്വര്യയുടെ ശബ്ദം പെട്ടന്ന് മാറിയാതായി അനിയ്ക്ക് മനസിലായി.

വീട്ടിലേക്ക് പോകാം ഐഷു…അമ്മ വിളിച്ചതല്ലേ.

ഹ്മ്മ്…. പൊയ്ക്കോളൂ… ഒറ്റയ്ക്ക് വേണം കേട്ടോ…തത്കാലം ഞാനില്ല.

അവൾ ഗൗരവത്തോടെ പറഞ്ഞു.

താൻ വരുന്നില്ലേ….?

ഇല്ലന്നല്ലേ പറഞ്ഞത്.

പിന്നെ?

അനിയേട്ടൻ പോയിട്ട് അമ്മേം കെട്ടിപിടിച്ചു കിടന്നോളു. എന്നെ അതിനു കിട്ടില്ല.. വിവാഹം കഴിഞ്ഞു ആദ്യമായിട്ട് ഭാര്യ വീട്ടിൽ വന്നിട്ട്, വൈകുന്നേരം ചാടി പുറപ്പെടാൻ വെമ്പിനിൽക്കുവല്ലേ..ആയിക്കോട്ടെ..അമ്മ പറയുന്നത് മാത്രം അനുസരിക്കുന്ന അമൂൽ ബേബി അല്ലെ.. ചെല്ല്. നേരം കളയണ്ട.

ഐശ്വര്യ അവനെനോക്കി പുച്ഛഭാവത്തിൽ പറഞ്ഞു.

തുടരും…