മംഗല്യ താലി, ഭാഗം 55, 56– എഴുത്ത്: കാശി നാഥൻ

മംഗല്യ താലി ഭാഗം 55

അത് വരെയും താൻ അനുഭവിച്ച ആത്മസംഘർഷങ്ങൾ, ഭദ്രയുടെ വാക്കുകളിലൂടെ അലിഞ്ഞില്ലാതാവുന്നതായി ഹരിക്ക് തോന്നി.

അമ്മയോടും ഏട്ടനോടും മത്സരിക്കാൻ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്, അച്ഛനും അമ്മയും പടുത്തുയർത്തിയ ആ ബിസിനസ്, അത് അമ്മ അനിയേട്ടനെ ഏൽപ്പിച്ചോട്ടെ, അനിയേട്ടൻ അതൊക്കെ നോക്കി നടത്തിക്കോളും, പക്ഷേ ഹരിയേട്ടനും ഏട്ടന്റെ കഴിവു ഉപയോഗിച്ച്, സ്വന്തമായിട്ട് എന്തെങ്കിലും ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യണം. ഏട്ടൻ ഇത്രത്തോളം കഴിവുള്ള ഒരു വ്യക്തിയല്ലേ, വേറെ ആരുടെയും കീഴിലൊന്നും ജോലി ചെയ്യേണ്ടകാര്യമില്ലലോ.. ഇത്രനാളും അങ്ങനെയൊന്നും ആയിരുന്നില്ല താനും. അതുകൊണ്ട്, ഹരിയേട്ടൻ, ആലോചിച്ച് ഒരു തീരുമാനം എടുക്കണം..

ഹ്മ്മ്…….അവനൊന്നു മൂളി.

പ്രതിസന്ധികൾ ഒക്കെ ഒരുപാട് വരും.. ഒക്കെ അതിജീവിച്ചു മുന്നോട്ട് പോകണം ഹരിയേട്ടാ… അല്ലാണ്ട് ഇന്നീ ഭൂമിയിൽ നമുക്ക് ജീവിക്കാൻ പറ്റുല്ല.

എന്തെങ്കിലും ചെയ്തേ തീരു..ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ ഭദ്ര…

എന്റെ പേരിൽ ബാങ്ക് ബാലൻസ് എല്ലാം കൂടി ഉള്ളത് മൊത്തത്തിൽ 25ലക്ഷം രൂപയിൽ താഴെയാണ്..അമ്മയ്ക്ക് പോലും അറിയില്ല, അത്രത്തോളം ഉണ്ടെന്ന് ഉള്ളത്…അറിഞ്ഞിരുന്നുങ്കിൽ ഏതെങ്കിലും വിധത്തിൽ അമ്മ അത് വിത്ത്‌ഡ്രാ ചെയ്യിപ്പിക്കുമായിരുന്നു. ആ ഒരു എമൗണ്ട് വെച്ചു വേണം എനിക്ക് എന്തേലും പരിപാടി തുടങ്ങാൻ..

സത്യത്തിൽ ഞാൻ ഒരു വണ്ടി വാങ്ങണം എന്ന്കരുതിയാണ് ഇരുന്നേ. സ്വന്തമായിട്ട് ഒരു വണ്ടി ഇല്ലാണ്ട് എനിയ്ക്ക് പറ്റില്ലടോ.. രണ്ട് ദിവസം ഞാൻ പെട്ടുപോയില്ലേ…പക്ഷെ ഇനി അത് നടക്കില്ല, വണ്ടിടെ കാര്യം പിന്നെ ആലോചിക്കാം. അല്ലാണ്ട് ഞാൻ നോക്കിയിട്ട് വേറെ നിവർത്തി ഇല്ല.

ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എങ്ങാനും വാങ്ങിച്ചാലോ ഹരിയേട്ടാ….

ആഹ്, അങ്ങനെ എന്തെങ്കിലും നോക്കണം.. ഫ്രഷ് ആയിട്ടുള്ളതിന്റെ കാര്യം ഞാൻ വിട്ടു..

സാരമില്ല വിഷമിക്കുംന്നും വേണ്ട,
ആദ്യം ഒരു സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങാം,അതിനു ശേഷം, ഹരിയേട്ടൻ ആഗ്രഹിച്ച വണ്ടി, നമുക്ക് മേടിക്കാം..

ഹമ്….അവനൊന്നു ചിരിച്ചു കൊണ്ട് അവളെ അൽപ്പം കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു.

ഞാൻ ഉദ്ദേശിച്ചത് പോലെയൊന്നുമല്ല കേട്ടോ, എന്റെ ഭദ്രകുട്ടി മിടുക്കിയാണ്,മിടു മിടുക്കി…..എത്രയൊക്കെ സങ്കടങ്ങൾ നമ്മളെ കീഴ്പ്പെടുത്തിയാലും, ഇതുപോലെ നല്ല വാക്കുകൾ പറഞ്ഞ് കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ, ഒരു പ്രതിസന്ധിയിലും തളർന്നു പോകില്ലന്നെ… അവളുടെ നെറുകയിൽ ഒന്നു മുത്തി അവൻ പറഞ്ഞപ്പോൾ ഭദ്ര ആ നെഞ്ചിൽ നിന്നും മുഖമുയർത്തിയൊന്നു നോക്കി.. എന്നിട്ട് അവനെ നോക്കി പുഞ്ചിരിച്ചു…

അത്രമാത്രം അതിമനോഹരമായി അവൾ ആദ്യമായിട്ടായിരുന്നു ചിരിക്കുന്നത് അവൻ കാണുന്നത്.

ആരുടെയും മുൻപിൽ തോറ്റു പിന്മാറരുത് ഹരിയേട്ടാ, അങ്ങനെ തോൽക്കാൻ നിന്നാൽ പിന്നെ അതിനു മാത്രമേ നമുക്ക് നേരം കാണു, പടിപടിയായിട്ട് കേറി വരാം, പിച്ചവെച്ച് തന്നെയാണ് ഹരിയേട്ടൻ എന്തു ബിസിനസ് ആയാലും  തുടങ്ങാൻ പോകുന്നത്.ഇടയ്ക്ക് ഒക്കെ, വീണും കിടന്നുമല്ലേ നമ്മൾ നടക്കാൻ തുടങ്ങുന്നത്.. അതുപോലെതന്നെ ആയിരിക്കും ഇതും. എന്ന് കരുതി ഏട്ടൻ ഒരിക്കലും പിന്നോട്ട് പോകരുത്..ഉറപ്പായും ഏട്ടൻ വിജയിക്കും.എനിക്ക് നൂറു ശതമാനം വ്യക്തമാണത്.

പിന്നെയും പിന്നെയും പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ആയിരുന്നു ഭദ്ര അവനോട് പറഞ്ഞു കൊണ്ടേയിരുന്നത്. അതൊക്കെ കേൾക്കുമ്പോൾ ലഭിക്കുന്ന ഒരു മനക്കരുത്ത്, സന്തോഷം, ആശ്വാസം….അതൊക്കെ ഹരിക്ക് വളരെ വളരെ വലുതായിരുന്നു.

അമ്മയുടെ നീചമായ വാക്കുകളിലും പ്രവർത്തിയിലും തകർന്നു പോയവനാണ് ഹരി. നിഷ്പ്രയാസം ഓഫീസിൽ നിന്ന് ഇറക്കി വിട്ടപ്പോൾ,സത്യത്തിൽ കരയുകല്ലാതെ മുന്നിൽ മറ്റൊരു പോംവഴി പോലുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ,  ഭദ്ര പറയുന്ന, ഓരോ വാചകങ്ങളും കേൾക്കുമ്പോൾ വീണ്ടും തന്റെ ഉള്ളിന്റെയുള്ളിൽ പല തന്ത്രങ്ങൾ മെനിയുവാൻ അവൻ തുടങ്ങിയിരുന്നു .

ഭദ്ര തനിക്ക് അടുത്ത ദിവസം മുതൽ കോളേജിൽ പോയി തുടങ്ങട്ടെ…ഒരാഴ്ചത്തെ അവധിയല്ലേ എടുത്തിരുന്നുള്ളൂ.

അന്ന് രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഹരി അവളോട് ചോദിച്ചു.

എന്റെ പഠനമൊക്കെ
കഴിഞ്ഞതാണ് ഹരിയേട്ടാ. ക്ലാസ്സ് തീർന്നിട്ടില്ലെന്ന് എല്ലാവരോടും പറയണമെന്ന്, ലക്ഷ്മി അമ്മയാണ് എന്നോട് പറഞ്ഞത്.

അതെന്തിന്?

ആവോ എനിക്കറിയില്ല, അങ്ങനെ പറഞ്ഞാൽ മതിയെന്ന്, എന്നോട് പറഞ്ഞകൊണ്ടാണ്, ഞാൻ ഹരിയേട്ടനോട് പോലും തിരുത്തി പറയാതിരുന്നത്.

ഹമ്.. എത്ര നാളായി തന്റെ ക്ലാസ് ഒക്കെ കഴിഞ്ഞിട്ട്,

അധികമൊന്നും ആയിട്ടില്ല, ഒരു മാസമായിട്ട് ഒള്ളു..

അപ്പോൾ ഇനി എന്താണ് തന്റെ ഫ്യൂച്ചർ പ്ലാൻ.

റിസൾട്ട് വന്നിട്ട് തീരുമാനിക്കാം എന്ന് കരുതിയാണ്.

തനിക്ക് പഠിച്ചു ഒരു ജോലിയൊക്കെ നേടണം,എന്ന് എന്നോട് നേരത്തെ പറഞ്ഞപ്പോൾ ഞാൻ കരുതി കംപ്ലീറ്റ് ആയില്ലാരിക്കുമെന്ന്..

അതൊക്കെ സത്യമായ കാര്യമാണ്, പക്ഷേ ലക്ഷ്മിഅമ്മ പറഞ്ഞതുകൊണ്ടാണ്, ഞാൻ ഈ കാര്യം  മറച്ചുവെച്ചത്.

മ്മ്…..അതൊന്നും സാരമില്ല,,,അമ്മയുടെ സ്വഭാവം ഏറെക്കുറെ ഇപ്പോ പിടികിട്ടി കാണുമല്ലോ അല്ലേ. ഇനി അതനുസരിച്ച് മുന്നോട്ടുപോകാം.

അവളെ നോക്കി ഒരു പുഞ്ചിരിയോടെ തുടർന്നവൻ.

***

മഹാലക്ഷ്മിയാണെങ്കിൽ, വാട്സാപ്പിൽ അനിരുദ്ധൻ ഇട്ടിരിക്കുന്ന സ്റ്റാറ്റസ് നോക്കുകയാണ്.

ഐശ്വര്യയുടെ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് നിൽക്കുന്ന  ഒരു ഫോട്ടോയാണ് ഇട്ടിരിക്കുന്നത്.
പുറത്ത് എവിടെയോ നിന്നിട്ടുള്ള ഫോട്ടോയാണ്.

അത്രമേൽ ആഹ്ലാദത്തോടെ തന്റെ മകനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് മഹാലക്ഷ്മി ഓർത്തു. ഫോട്ടോയിലേക്ക് നോക്കുംതോറും അവർക്ക് വിറഞ്ഞു കയറി..

പിന്നെയും പിന്നെയും സ്റ്റാറ്റസ് ഇട്ടു കൂട്ടുന്നുണ്ട്..

ദേഷ്യത്തോടെ ബെഡിലേയ്ക്ക് ഫോൺ വലിച്ചെറിഞ്ഞിട്ട് അവർ കലിപുരണ്ടു റൂമിലൂടെ നടന്നു.

മംഗല്യ താലി 56

തന്റെ ഫോണിലേക്ക് ആരുടെയൊക്കെയോ മെസ്സേജ് വരുന്ന ട്യൂൺ കേട്ടുകൊണ്ടാണ്  അനിരുദ്ധൻ അത് എടുത്തു നോക്കിയത്.

സത്യത്തിൽ അപ്പോഴാണ് അവൻ ഐശ്വര്യ ഇട്ടിരുന്ന സ്റ്റാറ്റസ് പോലും കണ്ടത്.

ആദ്യമായി സീൻ ചെയ്ത ആള് അമ്മയായിരുന്നു എന്ന് അവൻ കണ്ടു.

ശോ..ഇവൾക്ക് ഇത് എന്തിന്റെ കേടാണ്, അമ്മയ്ക്ക് ഇത്തിരി കാര്യം മതി…അങ്ങോട്ട് ചെല്ലാൻ പറഞ്ഞു കുറെ നിർബന്ധിച്ചതാണ്, അതിന്റെ കൂടെ, ഈ സ്റ്റാറ്റസ് കൂടി കണ്ടപ്പോൾ പൂർത്തിയായി കാണും..

അനി ഫോണിലേക്ക് നോക്കി ഇരിക്കുന്നത് കണ്ടു കൊണ്ടാണ്, ഐശ്വര്യ റൂമിലേക്ക് വരുന്നത്.

സമയം അപ്പോൾ ഏകദേശം 10 മണി കഴിഞ്ഞിരുന്നു..

അവനാണെങ്കിൽ ഐശ്വര്യയെ ദേഷ്യത്തിൽ ഒന്ന് നോക്കി

എന്താ എന്തു പറ്റി…? കാര്യം പിടികിട്ടിയത് കൊണ്ട് ഒരു പുഞ്ചിരിയോട് കൂടി അവൾ  അനിരുദ്ധന്റെ അടുത്തയി വന്നിരുന്നു.

എന്തിനാണ് ആവശ്യമില്ലാതെ എന്റെ ഫോണിൽ  സ്റ്റാറ്റസ് ഒക്കെ ഇട്ടിരിക്കുന്നത്..

അല്പം ഈർഷ്യയോടുകൂടി അവൻ ചോദിച്ചു..

അതെന്താ, എന്റെ അച്ഛനോടും അമ്മയോടും ഒപ്പം നിൽക്കുന്ന ഫോട്ടോ ഇട്ടത്, അനിയേട്ടന് ഇഷ്ടമായില്ലേ. ഫോൺ ഇങ്ങട് തന്നേക്ക് ഞാൻ അത് ക്ലിയർ ചെയ്തോളാം..

അവൾ അവന്റെ ഫോൺ മേടിക്കുവാനായി കൈ നീട്ടി..

ഞാനെങ്ങനെ എന്റെ ഫോണിൽ അനാവശ്യമായി സ്റ്റാറ്റസ് ഒന്നും ഇടാറില്ല, ഐശ്വര്യ കണ്ടിട്ടുണ്ടോ, അങ്ങനെ വല്ലതും. ആകെ കൂടി നമ്മുടെ കല്യാണം കഴിഞ്ഞദിവസം,വെഡിങ് ഫോട്ടോ മാത്രമാണ് ഞാനൊന്ന് ഇട്ടത്.
ഐശ്വര്യയെ നോക്കി അനി ഗൗരവത്തിൽ പറഞ്ഞു.

അനിയേട്ടന് താൽപര്യമില്ലെന്നുള്ളത് എനിക്കറിഞ്ഞുകൂടായിരുന്നു, ഞാനിവിടെ ഒറ്റ മോളായതുകൊണ്ട്, അനിയേട്ടനെ കണ്ടപ്പോൾ എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷമായി, ഒരു മകൻ ഇല്ലാത്തതിന്റെ, എല്ലാ കുറവുകളും, വിഷമങ്ങളും ഒക്കെ അവരിന്നു മറന്നു
അമ്മ ഇക്കാര്യം തന്നെ എന്നോട് എത്രവട്ടം പറഞ്ഞു എന്ന് അറിയോ. അച്ഛനും അമ്മയ്ക്കും, അനിയേട്ടനെ എന്തിഷ്ട്ടമാണ് . അതൊക്കെ കണ്ട്, ജസ്റ്റ് ആ ഫോട്ടോ എടുത്തപ്പോൾ എനിക്ക്, സ്റ്റാറ്റസായി ഇടണം എന്ന് തോന്നി അത് ഏട്ടൻ ഇത്രയ്ക്ക് സീരിയസായിട്ട് എടുക്കും എന്നുള്ളത് ഞാൻ അറിഞ്ഞില്ല..സോറി.

അനിരുദ്ധന്റെ കയ്യിൽ നിന്നും അല്പം ബലത്തിൽ അവൾ ഫോൺ തട്ടിപ്പറിച്ച് മേടിക്കുവാൻ ശ്രമിച്ചു.

സാരമില്ല അത് കിടന്നോട്ടെ,, ഈ പതിവുകൾ ഒന്നും എനിക്ക് ഇല്ലാത്തതുകൊണ്ട്, ഞാൻ പറഞ്ഞെന്നേയുള്ളൂ  

വേണ്ട.. ഇങ്ങു തന്നേയ്ക്ക്… ഇനിയെന്റെ അച്ഛന്റെ അമ്മയുടെ ഒപ്പം നിൽക്കുന്നതിൽ, ഏട്ടന് ബുദ്ധിമുട്ട് ആവണ്ട.. ഇനി ഇങ്ങനെയൊന്നും ഞാൻ ആവർത്തിക്കുകയും ഇല്ല പോരെ.

നേരം ഒരുപാട് ആയി… എനിക്ക് ഉറക്കം വരുന്നുണ്ട്.. താൻ കേറി കിടക്കാൻ നോക്ക്..

അനിരുദ്ധൻ, എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു. എന്നിട്ട് കിടക്കയിലേക്ക് കയറി ക്കിടന്നു.

അനിയേട്ടന് എന്നോട് പിണക്കമായോ..
അവന്റെ അരികിലിരുന്നുകൊണ്ട് അവൾ ചോദിച്ചു..

ഞാനെന്തിനാ ഐശ്വര്യയോട് പിണങ്ങുന്നത്, ജസ്റ്റ് ഈക്കാര്യം പറഞ്ഞന്നല്ലേ ഒള്ളു.. അത് ആ സെൻസിൽ എടുത്താൽ മതി.. എനിക്കെന്റെ സ്വന്തം മാതാപിതാക്കളെ പോലെ തന്നെയാണ് ഐശ്വര്യയുടെ അച്ഛനും അമ്മയും. അവരോടൊപ്പം നിൽക്കുന്ന ഫോട്ടോ ഇട്ടത്കൊണ്ടൊന്നും എനിക്ക് തന്നോട് ഒരു ദേഷ്യവുമില്ല.. ഒക്കെ തന്റെ വെറും തെറ്റിദ്ധാരണകൾ ആണ്. ഇനിയിപ്പോ അതിനെക്കുറിച്ചൊന്നും പറയണ്ട. താൻ വാടോ…വന്ന് കിടക്കാൻ നോക്ക്..

തന്റെ അനിയേട്ടൻ ഒരു പാവം മനുഷ്യനാണ്, എല്ലാ ആളുകളോടും, സ്നേഹം മാത്രമേയുള്ളൂ, അത് തനിക്ക് വ്യക്തമായതാണ്, തന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ, ഒരുപാട് ഒരുപാട് ഇഷ്ടമാണ് അനിയേട്ടനെ… പക്ഷേ അതൊക്കെ ചൂഷണം ചെയ്യുന്നത്, അവരുടെ അമ്മയെന്ന സ്ത്രീയാണ്…ഒരു പാഠം താൻ അവരെ പഠിപ്പിക്കും.. എന്നിട്ട് ഇനി ഐശ്വര്യയ്ക്ക് വിശ്രമമുള്ളത്…

പല കണക്കുകൂട്ടലുകൾ ഒക്കെ നടത്തിക്കൊണ്ടായിരുന്നു അവൾ അനിയുടെ അടുത്തായി വന്നു കിടന്നത്.

വലതു കൈയ് എടുത്തു  അവനെ ചുറ്റിപ്പിടിച്ച്,, അല്പം കൂടി അവനിലേക്ക് ചേർന്നു കിടക്കുകയാണ് ഐശ്വര്യ.

അനിരുദ്ധനും തന്റെ വലം കൈകൊണ്ട് അവളെ അപ്പോഴേക്കും പൊതിഞ്ഞു പിടിച്ചിരുന്നു.

ഒന്നു ഉയർന്നുപൊങ്ങി അവന്റെ കവിളിൽ  ആഞ്ഞ് ഒന്നുമുത്തിയപ്പോൾ ആ പിടുത്തം ഒന്നുകൂടി മുറുകി.

കരളാനകളും സ്നേഹ സ്പർശനങ്ങളും, കൊണ്ട് അവരുടെ രാത്രി പുതുമ നിറഞ്ഞതായിരുന്നു..

*****

രാത്രി ഏറെ വൈകും വരെയും ഹരി തന്റെ ലാപ്ടോപ്പിൽ, എന്തൊക്കെയോ നോക്കിക്കൊണ്ട് ഹോളിൽ ഇരിക്കുകയാണ്.

ഭദ്രയും അവന്റെ അരികിലായി ഉണ്ട്.

ഓഫീസ് കാര്യങ്ങളൊക്കെ തന്നെയാണ് ഹരി ചെയ്യുന്നത്. എന്തൊക്കെയോ പെന്റിംഗ് വർക്കുകൾ ഉണ്ടത്രേ,ഇന്ന് കമ്പ്ലീറ്റ് ആകേണ്ട ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നു.പക്ഷേ അമ്മ അങ്ങനെയൊക്കെ പെരുമാറിയതിനാൽ, ഹരിയും ആകെ വിഷമത്തിൽ ആയിപ്പോയി. അതുകൊണ്ട് ഏറെ സമയം നിൽക്കാണ്ട് ഓഫീസ് വിട്ട് ഇറങ്ങിപ്പോന്നത്. രാത്രി 7 മണി ആയപ്പോൾ, പികെ ഗ്രൂപ്പിലെ എംഡി വിളിച്ചപ്പോഴാണ്, ഹരി മെയിൽ അയച്ചില്ലല്ലോ എന്ന് ഓർക്കുന്നത്.
അപ്പോൾ ലാപ്ടോപ്പ് തുറന്നതാണ്. മണി 11 കഴിഞ്ഞിട്ടും  അവന്റെ വിരലുകൾ വേഗത്തിൽ  ആ കീപാഡിലൂടെ ചലിച്ചു കൊണ്ടേയിരുന്നു

എത്ര മാത്രം ആത്മാർത്ഥതയിലാണ് ഹരിയേട്ടൻ ജോലികളൊക്കെ ചെയ്ത് തീർക്കുന്നത്, എന്നിട്ടും ഇതൊന്നും  ആ അമ്മയ്ക്ക് മനസ്സിലായില്ലല്ലോ,,,അതായിരുന്നു ഭദ്രയേ ഏറെ സങ്കടപ്പെടുത്തിയിരുന്നത്.

ഭദ്രക്കുട്ടിയ്ക്ക് ഉറക്കം വരുന്നുണ്ടോ..?

ഹരിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി മുഖം ഉയർത്തി.

ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളൂ… എനിക്ക് ഒന്നൊന്നര മണിക്കൂർ കൂടി, ഇരുന്നാൽ മാത്രമേ ഇത് കമ്പ്ലീറ്റ് ചെയ്യാൻ ആവൂ.

ഇല്ല ഹരിയേട്ടാ… എനിക്ക് ഉറക്കം ഒന്നും വരുന്നില്ല ഏട്ടന് കോഫിയോ മറ്റോ എടുക്കണോ..

ഹേയ് ഒന്നും വേണ്ട…. താൻ പോയി കിടന്നോളൂ. എനിയ്ക്ക് ഇതൊക്കെ പതിവുള്ള കാര്യമാണ്..

ഹേയ്.. കുഴപ്പമില്ല.. ഞാനും ഇരുന്നോളാം.. എന്നെ ഇതൊക്കെ പഠിപ്പിച്ചു തരുകയാണെങ്കിൽ, ഹെൽപ്പ് ചെയ്യാമായിരുന്നു.

മ്മ്….. ഈയൊരു വർക്ക് കൂടി, എനിക്ക് ചെയ്തു തീർക്കുവാൻ ഉണ്ട്. നമ്മൾ പുതിയ ബിസിനസ് സ്റ്റാർട്ട് ചെയ്യുമ്പോൾ, എനിക്ക് എന്റെ ഭദ്രകുട്ടിയുടെ ഹെൽപ്പ് വേണം കേട്ടോ, ഇത് ഞാൻ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം.. ഡോണ്ട് വറി.

ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. അതുകണ്ട് അവളും ചെറുതായി ഒന്നു മന്ദഹസിച്ചു.

തുടരും……