മംഗല്യ താലി, ഭാഗം 65,66,67– എഴുത്ത്: കാശി നാഥൻ

മംഗല്യതാലി 65

രവിചന്ദ്രൻ നായർ
മതിലകം ഹൌസ്
എറണാകുളം സൗത്ത്……

അഡ്രെസ് വായിച്ചു നോക്കിക്കൊണ്ട് ഹരി വെളിയിൽ കിടന്ന കസേരയിൽ ഇരിക്കുകയാണ്. ഒരു സിസ്റ്റർ ആണ് ആ അപരിചിതന്റെ പോക്കറ്റിൽ നിന്നും  ഈ രേഖകൾ ഒക്കെ എടുത്തു കൊണ്ടുവന്നത്.

അപ്പോഴേക്കും ഒന്നു രണ്ടു പോലീസുകാർ അവന്റെ അരികിലേക്ക് വന്നു. ഹോസ്പിറ്റലിൽ നിന്നും കിട്ടിയ വിവരത്തേ തുടർന്നായിരുന്നു അവർ എത്തിയത്..

താങ്കൾ ആണോ, കുറച്ചു മുന്നേ ആ പേഷ്യന്റിനെ എത്തിച്ചത്.ഒരു പോലീസുകാരൻ മുൻപോട്ട് വന്ന ഹരിയോട് ചോദിച്ചു.

അതേ സാർ,ഞാൻ തന്നെയാണ്.
കൊണ്ടുവന്നത്

എന്താണ് തന്റെ പേര്.

ഹരി തന്റെ പേരും ഡീറ്റെയിൽസ് ഒക്കെ അവരോട് പറഞ്ഞു. ഒപ്പം കയ്യിലിരുന്ന രേഖകളും കൈമാറി.

ഹ്മ്മ്…. ഞങ്ങളൊന്നു അന്വേഷിക്കട്ടെ kto. എന്തെങ്കിലും ആവശ്യം വന്നാൽ ഞങ്ങൾ വിളിക്കും, താൻ സ്റ്റേഷനിലേക്ക് ഒന്ന് വരണം .

ശരി സർ,,, ഹരി തലകുലുക്കി.

ഇടയ്ക്കൊക്കെ അവന്റെ ഫോണിലേക്ക് ഭദ്ര വിളിക്കുന്നുണ്ട്. സർജറി നടന്നുകൊണ്ടിരിക്കുകയാണെന്ന് അവൻ അവളോട് പറഞ്ഞു. ഒപ്പം പോലീസു വന്നതും.

ഹരിയേട്ടാ എന്തെങ്കിലും കുഴപ്പമാകുമോ, ഒരാളെ രക്ഷിക്കാൻ നോക്കിയിട്ട് അവസാനം നമ്മൾ ഏതെങ്കിലും കുരുക്കിൽ ചെന്ന് ചാടുമോ, എനിക്ക് പേടിയാവുന്നു.

ഹേയ്, താൻ പേടി ഒന്നും വേണ്ട അങ്ങനെ പ്രശ്നമൊന്നും ഉണ്ടാവില്ല. അദ്ദേഹം വയ്യാതെ കിടന്നതല്ലേ, ഞാൻ നടന്നു വന്നപ്പോൾ, ജസ്റ്റ് കണ്ടിട്ട് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചു എന്ന് മാത്രം, അതിൽ കൂടുതൽ ഒന്നും ഇല്ല ഭദ്ര.

എന്നാലും ആരെങ്കിലും,വല്ല കള്ളക്കേസും ഉണ്ടാക്കുമോ, ഒന്നാമത്  നമുക്ക് സമയദോഷം ആണ്.

ഇല്ലടോ,, അങ്ങനെയൊന്നും ഉണ്ടാവില്ല, ഇതിപ്പോ, ഞാൻ റോഡിലൂടെ നടന്നു വരുന്ന വഴിക്ക്, മിക്കവാറും വീടുകളിൽ ഒക്കെ സിസിടിവി ഉള്ളതാണ്. അപ്രതീക്ഷിതമായി അവർ എന്തെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടങ്കിൽ ബാക്കി കാര്യം അന്നേരമല്ലേ..

എന്നാലും എനിക്ക് വല്ലാണ്ട് പേടിയാവുന്ന ഹരിയേട്ടാ, പോലീസ് മറ്റെന്തെങ്കിലും ചോദിച്ചോ.

ഇല്ലെന്ന്,, ഇത്രയും വലിയൊരു ഓപ്പറേഷൻ ഒക്കെ ചെയ്യുമ്പോൾ, ആരെങ്കിലും ബന്ധുക്കൾ ഒക്കെ കൂടെ കാണേണ്ടതല്ലേ, ഇതിപ്പോ ഈ മനുഷ്യനെ കുറിച്ച്, നമുക്ക് ആർക്കും ഒരു ഐഡിയയും ഇല്ല, അതുകൊണ്ട് പോലീസിൽ വിളിച്ച് വിവരം അറിയിക്കുമെന്ന്, റിസപ്ഷനിൽ നിന്നും എന്നോട് പറഞ്ഞിരുന്നു, അത് തന്നെയാണ്  സേഫ്, നടന്ന കാര്യങ്ങളൊക്കെ ഞാൻ പോലീസിനോട് പറഞ്ഞല്ലോ, ഇനി ബാക്കിയൊക്കെ അവരു നോക്കിക്കോളും..

പോലീസ് വന്നു എന്നറിഞ്ഞതാണ് ഭദ്രയെ വല്ലാണ്ട് ഭയപ്പെടുത്തിയ കാര്യമെന്ന് ഹരിക്ക് തോന്നിയിരുന്നു. അവളോട് അത് പറഞ്ഞത് അബദ്ധമായി പോയി..ഒരു നെടുവീർപ്പോടുകൂടി ഹരി സെറ്റിയിലേക്ക് ചാരി ഇരിക്കുകയാണ്.

ആ മനുഷ്യന്റെ വീട്ടുകാർ ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ, തനിക്ക് പോകാമായിരുന്നു ഭദ്ര ഒറ്റയ്ക്ക് വല്ലാണ്ട് ഭയപ്പെടുന്നുണ്ട്. എങ്ങനെയൊക്കെ ആയാലും ആ അഡ്രസ്സ് വെച്ച് അവർ വേഗം കണ്ടെത്തുമായിരിക്കും എന്ന്

വെളുപ്പിന് ഒരു മണിയായി ഓപ്പറേഷൻ കഴിഞ്ഞപ്പോൾ. ആൾക്ക് കുഴപ്പമൊന്നുമില്ല എന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, അപകടനില അദ്ദേഹം തരണം ചെയ്തു എന്നുമൊക്കെ, ഡോക്ടർസ് ഇറങ്ങി വന്നിട്ട് ഹരിയെ അറിയിച്ചു.

അങ്ങനെ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ്  ഒരു സ്ത്രീയും  രണ്ടു പെൺകുട്ടികളും കരഞ്ഞുകൊണ്ട് ഓടിവരുന്നത്. വേറെ എന്തെങ്കിലും കേസ് ആയിരിക്കും എന്നാണ് ഹരി കരുതിയത്.

രവിചന്ദ്രമേനോൻ, എവിടെയാണ് കിടക്കുന്നതെന്ന് ചോദിച്ചു ആ സ്ത്രീ അലമുറയിടുന്നത് കേട്ടപ്പോൾ ഹരി മുഖം ചരിച്ചു നോക്കി..
അപ്പോഴേക്കും ഒന്ന് രണ്ട് സിസ്റ്റേഴ്സ് വന്നിട്ട് അവരോട് ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു.

ഹരിയാണ് പേഷ്യന്റിനെ കൊണ്ടുവന്നതെന്ന് , പറഞ്ഞ്  ഒരു സിസ്റ്റർ അവനെ ചൂണ്ടിയപ്പോൾ ആ സ്ത്രീയും രണ്ടു പെൺകുട്ടികളും കരഞ്ഞുകൊണ്ട് അവന്റെ നേർക്ക് കൈകൾ കൂപ്പി.

പേടിയ്ക്കുവൊന്നും വേണ്ട.. സാർ ഓക്കെയാണ്. സർജിക്കൽ ഐസിയുവിൽ കയറി ആർക്കെങ്കിലും കാണാൻ പറ്റും കെട്ടോ.

അവൻ പറഞ്ഞതും അവർ നന്ദിയോടെ തല കുലുക്കി.

ഞാൻ എങ്കിൽ പൊയ്ക്കോട്ടെ, വൈഫ് ഒറ്റയ്ക്ക് ഉള്ളൂ. നാളെ വരാം.

മോന്റെ പേരെന്താണ്…പെട്ടെന്ന് ചോദിച്ചു.

എന്റെ പേര് ഹരിനാരായണൻ. ഞാൻ ഒരാവശ്യത്തിന് ടൗണിൽ വരെ പോയതായിരുന്നു, മടങ്ങിവരുമ്പോഴാണ് സാർ വയ്യാണ്ട് കാറിൽ കിടക്കുന്നത് കാണുന്നത്. ഹരി ഒന്നുകൂടി അവരോട്, കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി.
എന്നിട്ട് വൈകാതെ അവിടെ നിന്നും ഇറങ്ങി.

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ പാടെ ഹരി ഭദ്രയെ വിളിച്ച്, അദ്ദേഹത്തിന്റെ ബന്ധുക്കൾ ഒക്കെ എത്തി എന്നുള്ളത് അറിയിച്ചു. സത്യത്തിൽ അപ്പോഴാണ് അവൾക്ക് ശ്വാസം നേരേ വീണത്. ഇനിയെന്താകുമെന്ന് അറിയാതെ ഭദ്ര ആകെ വിഷമിച്ചിരിക്കുകയായിരുന്നു.

ഹരിയേട്ടൻ ഇനി എങ്ങനെയാണ് വരുന്നത്, ഈ സമയത്ത് വണ്ടിയൊക്കെ കിട്ടുമോ.?

ഹോസ്പിറ്റലിൽ മുൻപിൽ ഓട്ടോ സ്റ്റാൻഡ് ഉണ്ട്, ഞാൻ അവിടേക്ക് ചെന്നിട്ട് ഒരു ഓട്ടോ വിളിച്ചു വരാം..

ഹ്മ്മ്….എന്നാൽ ശരി, ഹരിയേട്ടൻ വെച്ചോളൂ ആഹ്… പെട്ടന്ന് വരാം… ടെൻഷൻ ആകേണ്ട കേട്ടോ.

മ്മ്…..

ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടിട്ട്, ഹരി  വഴിയിലേക്ക് ഇറങ്ങി..രണ്ടുമൂന്ന് ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു. ആദ്യത്തെ ഓട്ടോയിൽ കയറിയിട്ട് അവൻ പോകേണ്ട സ്ഥലത്തിന്റെ പേര് പറഞ്ഞു കൊടുത്തു.

അത്യാവശ്യം ദൂരമുണ്ട് ഹരി താമസിക്കുന്ന സ്ഥലത്തേക്ക്. എങ്ങനെയൊക്കെ ആയാലും 500 രൂപയ്ക്ക് മുകളിൽ ആവും.

വീട്ടിലേക്ക് വരുന്ന വഴിക്കാണ് വഴിയരികിൽ ഒരു തട്ടുകട അവന്റെ ദൃഷ്ടിയിൽ പെട്ടത്.

ചേട്ടാ വണ്ടി ഒന്നു നിർത്തുമോ..

ഹരി പറഞ്ഞതും ഓട്ടോറിക്ഷക്കാരൻ വണ്ടി ഒതുക്കി നിർത്തി..

നാലഞ്ചു ചൂട് ദോശയും, ചമ്മന്തിയും ഓംലെറ്റും ഒക്കെ അവൻ പാഴ്സൽ ആയിട്ട് വാങ്ങി. വിശന്നു പൊരിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു. ആ സമയത്താണ് ഇങ്ങനെയൊക്കെ സംഭവങ്ങൾ ഉണ്ടായത്. അപ്പോഴേക്കും വിശപ്പൊക്കെ ഒക്കെ എങ്ങോട്ടോ പോയിരുന്നു.

ചേട്ടാ..കട്ടൻ ചായ വേണോ?

ഹരി ചോദിച്ചതും ഓട്ടോ ഡ്രൈവർ വേണ്ടന്ന് തലയിളക്കി കാണിച്ചു..

വാ ചേട്ടാ.. ഒരു കട്ടൻ കുടിക്കാം.

ഹരി പിന്നെയും നിർബന്ധിച്ചപ്പോൾ അയാൾ മടിയോടെ ഇറങ്ങി വന്നു.

ഏതോ വലിയ വീട്ടിലെ പയ്യനാണെന്ന് ഹരിയേ കണ്ടപ്പോൾ തന്നെ ആ ഡ്രൈവർക്ക് തോന്നിയിരുന്നു. അതായിരുന്നു അയാൾക്ക് മടിയും.

മംഗല്യതാലി 66

ഹരി വീട്ടിൽ എത്തുന്നത് വരെയും ഭദ്ര ഉറങ്ങാതെ അവനെ കാത്തു ഇരിപ്പുണ്ട്.

ഫോണിൽ വിളിച്ച ശേഷം മാത്രം ഇറങ്ങി വരാവൊള്ളൂ എന്നു അവൻ പ്രേത്യേകം അവളോട് പറഞ്ഞിട്ടുണ്ട്.

ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ഭദ്ര ജനാലയിൽ കൂടി പുറത്തേക്ക് നോക്കി.

ഹരി ആണെങ്കിൽ വണ്ടിക്കാരന് കാശൊക്കെ കൊടുത്തിട്ട് ഇറങ്ങിവരുന്നത് അവൾ കണ്ടു.

ഓടി ചെന്ന് വാതിൽ തുറന്നപ്പോൾ ഓട്ടോ പറഞ്ഞു അയച്ചു പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു ഭദ്രയെ വിളിക്കാൻ തുടങ്ങുവായിരിന്നു അവൻ.

ഞാൻ വിളിക്കാതെ വാതിൽ തുറക്കരുത് എന്ന് പറഞ്ഞതല്ലായിരുന്നോ…? ഹരി അവളോട് ചോദിച്ചു.

ഹരിയേട്ടനാണ് വന്നതെന്ന് ഞാൻ ജനാലയിൽ കൂടി നോക്കിയപ്പോൾ കണ്ടു, അതുകൊണ്ട് ഓടി വന്ന് വാതിൽ തുറന്നത്.

ഹ്മ്മ്…..അവൻ അവളുടെ കൈയിൽ ഇരുന്ന പൊതി അവളെ ഏൽപ്പിച്ചു.

ഇതെന്താ ഏട്ടാ…

തട്ടു ദോശയാണ്, താൻ എന്തെങ്കിലും കഴിച്ചിരുന്നോ.?

ഇല്ല… ഹരിയേട്ടൻ വന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് കരുതിയായിരുന്നു,

ഹ്മ്മ്… ഞാനൊന്നു കുളിക്കട്ടെ, എന്നിട്ട് ഇപ്പോ വരാം.

ആൾക്ക് ഇപ്പോൾ എങ്ങനെയുണ്ട് ഹരിയേട്ടാ, അവരുടെ വീട്ടുകാരെല്ലാവരും വന്നുല്ലേ..

ഓപ്പറേഷൻ സക്സസ് ആയിരുന്നു, അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. പിന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെൺകുട്ടികളും ആണ്, വന്നിട്ടുള്ളത്. ബാക്കി റിലേറ്റീവ്സ് ഒക്കെ വന്നു കൊണ്ടേയിരിക്കുന്നു.

അവരൊക്കെ എന്ത് പറഞ്ഞു.

ഒരുപാട് താങ്ക്സ് ഉണ്ടെന്ന് ഒക്കെ പറഞ്ഞു. നല്ലൊരു ലേഡിയാണ് അവര്.

ആഹ്… ഹരിയേട്ടൻ ആകെ മടുത്തു അല്ലേ…?

മ്മ്….. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം താൻ ഇവിടെയിരിക്ക്…

ഹരി റൂമിലേക്ക് പോയി. എന്നിട്ട് ഇട്ടിരുന്ന ഷർട്ട് ഒക്കെ അഴിച്ചു മാറ്റി. കുളിക്കുവാനായി  വേഗം ബാത്റൂമിലേക്ക് പോയി.

ഭദ്ര ആ സമയത്ത് കുറച്ച് കട്ടൻ ചായയൊക്കെ ഇടുകയായിരുന്നു.
10 15 മിനിറ്റ് എടുത്തു ഹരി കുളിച്ചുറങ്ങാൻ. അവൻ വന്നപ്പോൾ കഴിക്കുവാനുള്ള ഭക്ഷണമൊക്കെ അവൾ മേശമേൽ നിരത്തി വച്ചിട്ടുണ്ട്.

കഴിച്ചിട്ട് വേഗം കിടക്കാം….നാളെ എനിയ്ക്ക് ഒന്നുരണ്ട് സ്ഥലങ്ങളിൽ പോകേണ്ടതാണ്. പുതിയൊരു ബിസിനസ് തുടങ്ങുന്ന ഉദ്യമം ഒക്കെ ഞാൻ അങ്ങ് ഉപേക്ഷിച്ചു , ഇനിയിപ്പോൾ ഏതെങ്കിലും ഒരു നല്ല കമ്പനിയിൽ ജോലിക്ക് കയറണം  അല്ലെങ്കിൽ കാര്യങ്ങളൊക്കെ കൈവിട്ടു പോകും ഭദ്ര…കസേരയിലേക്ക് വന്നിരുന്നു കൊണ്ട് അവൻ പറഞ്ഞു.

എല്ലാം ശരിയാകും ഹരിയേട്ടാ. ഹരിയേട്ടന്റെ ആഗ്രഹമൊക്കെ നടക്കും എനിക്ക് ഉറപ്പുണ്ട്.

ഹരിക്ക് ആത്മവിശ്വാസം നൽകുമ്പോഴും അവൻ ആകെ വിഷമത്തിൽ ആണെന്നുള്ളത്,ഭദ്രയ്ക്ക് നൂറു ശതമാനം അറിയാമായിരുന്നു..എങ്ങനെ എങ്കിലും എല്ലാം പെട്ടന്ന് നേരെയാകാൻ ആയിരുന്നു അവളുടെ പ്രാർത്ഥനയും.

*********

ദിവസങ്ങൾ ഒന്നൊന്നായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഹരിക്കാണെങ്കിൽ ഇതുവരെ നല്ല ഒരു ജോലി ശരിയായിട്ടില്ല. എവിടെ ചെന്നാലും  എന്തെങ്കിലും ഒക്കെ തടസ്സം തന്നെ. അവനും ആകെ മനപ്രയാസം ആയി. അവനെ എങ്ങനെ സമാധാനിപ്പിക്കണമെന്നുള്ളത് ഭദ്രയ്ക്കും അറിയില്ലായിരുന്നു. ഇതിനോട് ഇടയ്ക്ക് ഒന്ന് രണ്ട് ദിവസം  ഹരി ഹോസ്പിറ്റലിലും പോയി.

എവിടെയെങ്കിലും ഒക്കെ ജോലി അന്വേഷിച്ചുള്ളത് തത്രപ്പാടിനിടയിൽ, ടൗണിൽ എത്തുന്ന നേരത്ത് ആയിരിക്കും ഹോസ്പിറ്റലിൽ കയറുന്നത്. അപ്പോഴൊക്കെ അവരുടെ റിലേറ്റീവ് സ്‌, ആയിരിക്കും റൂമിനുള്ളിൽ നിറയെ. ഒന്ന് രണ്ട് മിനിറ്റ് കഷ്ടി നിന്ന ശേഷം, ഹരി പെട്ടെന്ന് ഇറങ്ങി പോവുകയും ചെയ്യും.

ഡിസ്ചാർജ് ആയി പോകുന്നതിനു മുൻപ്, രവിചന്ദ്രൻ നായർക്ക്, ഹരിയെ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ആയിരുന്നു. അതിൻപ്രകാരം അദ്ദേഹത്തിന്റെ ഭാര്യ അവനെ വിളിക്കുകയും ചെയ്തു. പക്ഷേ ഹരി തിരക്കിലായിരുന്നു, അവന്  പത്തനംതിട്ട വരെ പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് ഹോസ്പിറ്റലിൽ എത്താൻ കഴിഞ്ഞില്ല. ഉറപ്പായിട്ടും ഒരു അവധി ദിവസം നോക്കി താ ൻ വീട്ടിലേക്ക് വരാമെന്നായിരുന്നു ഹരി അവരോട് അറിയിച്ചത്.

ഇതിനോട് ഇടയ്ക്ക് ഒന്ന് രണ്ട് തവണ  ഹരിയും ഭദ്രയും ചേർന്ന് മീര ടീച്ചറെയും ദേവി അമ്മയെയും ഒക്കെ കാണുവാനായി ചെന്നിരുന്നു. അവിടുത്തെ കുട്ടികൾക്കൊക്കെ കുറെ ചോക്ലേറ്റ്സ് ഒക്കെ വാങ്ങിയാണ് അവൾ ചെന്നത്. ആദ്യത്തെ തവണ ചെന്നപ്പോൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ പിന്നീട് ഒരു തവണ കൂടി അവർ രണ്ടാളും ടീച്ചറിനെയൊക്കെ കാണുവാനായി  പോയപ്പോൾ, അവളെ അവർ വിലക്കി.

മോളെ ഭദ്ര…. മോള് ഇനി ഇങ്ങോട്ട് വരുന്നതൊക്കെ വളരെ സൂക്ഷിച്ച് വേണം.. മഹാലക്ഷ്മി മാഡം വാൺ  ചെയ്തിരിക്കുകയാണ് നിന്നെ ഇങ്ങോട്ട് പ്രവേശിപ്പിക്കരുത് എന്നുള്ളത്… മോള് വന്നിട്ടുണ്ടെങ്കിൽ, ഈ സ്ഥാപനം തന്നെ നിർത്തലാക്കി കളയും എന്നൊക്കെയാണ് അവർ പറയുന്നത്. അങ്ങനത്തെ ഒരു സിറ്റുവേഷൻ വന്നാൽ ഈ പാവം കുട്ടികൾക്ക് പിന്നെ ആരാണ് മോളെ ഉള്ളത്.

മീര ടീച്ചർ ദയനീയമായി പറയുന്നത് കേട്ടുകൊണ്ട് നിറമിഴികളുടെ നിൽക്കുവാനേ ഭദ്രയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ.. എല്ലാവർക്കും ഓരോ മുത്തം നൽകിയശേഷം ഹരിയോടൊപ്പം അവൾ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു.

വീട്ടിലെത്തിയിട്ടും ഭദ്രയുടെ സങ്കടം മാറിയിരുന്നില്ല. ഹരി വന്നു നോക്കിയപ്പോൾ അടുക്കളപ്പുറത്ത് നിന്നുകൊണ്ട്, ഭദ്ര കണ്ണുനീർ തുടയ്ക്കുന്നു.

താൻ വിഷമിക്കുവൊന്നും വേണ്ട, അമ്മ ഇതല്ലാ ഇതിന്റെപ്പുറവും പറയും,,അവരുടെ ക്യാരക്ടർ ആണത്, ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

അവൻ നോക്കിയപ്പോൾ ഭദ്ര പിന്നെയും വിതുമ്പുകയാണ്

തനിക്ക് ഞാനില്ലേ ഭദ്ര… പിന്നെ എന്തിനാണ് ഇത്രയ്ക്ക് വിഷമം..

അവൻ അവളെ തന്നിലേക്ക് തിരിച്ചു അഭിമുഖമായി നിർത്തി. എന്നിട്ട് അവളുടെ മുഖം അവന്റെ ഇരു കൈക്കുമ്പിളിലുമായി എടുത്തു.

എനിക്ക് സഹിയ്ക്കാൻ പറ്റുന്നില്ല ഏട്ടാ…. ആകെ സങ്കടമായി. എനിക്ക് സ്വന്തമെന്നു പറയുവാൻ ഈ ഭൂമിയിലുള്ളത് അവരൊക്കെയല്ലേ..

അവരൊക്കെയുണ്ട് ശരി തന്നെ, അതവിടെ നിൽക്കട്ടെ എന്നാൽ അതിനേക്കാളേറെ സ്വന്തമായിട്ട് ഉള്ളത്, തനിയ്ക്ക് ഇപ്പോള് ഞാൻ അല്ലെ ഭദ്രാ…..ഹരി ചോദിച്ചതും ഭദ്ര അവനെ കെട്ടിപിടിച്ചു കുറേ നേരം കരഞ്ഞു.

എന്റെ ഭദ്രലക്ഷ്മി ഇങ്ങനെ കരയല്ലേ..പ്ലീസ്… അത് മാത്രം ഈ ഹരിയേട്ടനു സഹിയ്ക്കാൻ പറ്റുന്നില്ല കേട്ടോ.

അവൻ അവളെ തന്നിലേക്ക് വീണ്ടും ചേർത്തു പിടിച്ചു കൊണ്ട് ആ നെറുകയിൽ മുത്തി.

മംഗല്യ താലി 67

ലക്ഷ്മിഅമ്മയോട് യാതൊരു തെറ്റും ചെയ്യാത്തവളാണ് ഞാൻ, എന്നിട്ട് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത് വലിയ കഷ്ടമല്ലേ ഹരിയേട്ടാ..ഭദ്ര മുഖമുയർത്തി ഹരിയെ നോക്കി.

സ്വന്തം മകനായ എന്നോട് അമ്മ ചെയ്തു കൂട്ടുന്നത് എന്തൊക്കെയാണ്. അത് വെച്ച് നോക്കുമ്പോൾ താനുമായിട്ട് അധികം നാളത്തെ പരിചയമൊന്നുമില്ലല്ലോ.. അതുകൊണ്ട് അമ്മയുടെ രീതികളെയൊക്കെ ആ സെൻസിൽ എടുത്താൽ മതി. താൻ ഇതൊക്കെ ഓർത്ത് കണ്ണീർ പൊഴിക്കുവാൻ ആണങ്കിൽ പിന്നെ അതിനു മാത്രമേ  നേരം കാണു .നമുക്ക് നമ്മൾ മാത്രം മതി മറ്റാരും വേണ്ട..

ഭദ്രയോട് ആശ്വാസവാക്കുകൾ പറഞ്ഞു അവളെ സമാധാനിപ്പിച്ചത് കൊണ്ട് നിന്നപ്പോഴായിരുന്നു ഹരിയുടെ ഫോൺ റിങ്ങ് ചെയ്തത്.

എടുത്തു നോക്കിയപ്പോൾ  അനിയേട്ടൻ ആയിരുന്നു.

ഹലോ അനിയേട്ടാ….

ആഹ് ഹരി.. നീ തിരക്കാണോ മോനേ..

ഹേയ് അല്ലല്ലോ.. എന്താ അനിയേട്ടാ.

ഞാൻ ഒരു മെയിൽ അയച്ചിട്ടുണ്ട് അതൊന്ന് ചെക്ക് ചെയ്തു നോക്കാമോ നീയ്?

എന്തിന്റെ മെയിലാണ്?

അതു TP അസോസിയേഷന്റെ വർക്കുമായി ബന്ധപ്പെട്ടുള്ളത്.

അതിനെക്കുറിച്ച് ഒക്കെ അനിയേട്ടനും  അമ്മയും ഐശ്വര്യയും ഒക്കെ ചേർന്ന് നോക്കി തീരുമാനിച്ചാൽ മതി. ഇനി എനിക്ക് സമയമില്ല, ഇതൊന്നും മാനേജ് ചെയ്യാന്. എന്നെ അവിടുന്ന് അടിച്ചിറക്കി വിട്ടിട്ട്, പിന്നെയും ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കി നടത്തേണ്ട ആവശ്യമൊന്നും തൽക്കാലം എനിക്കില്ല. ഹരി പുകഞ്ഞ കൊള്ളിയല്ലേ ഏട്ടാ. അതുകൊണ്ടല്ലേ അമ്മ എന്നെ അവിടെനിന്നും ഒഴിവാക്കിയത്.

ഹരി…

ഇതൊക്കെ കൂളായിട്ട് ചെയ്യാൻ നിങ്ങൾക്കൊക്കെ പറ്റും എന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. തൽക്കാലം അനിയേട്ടനും ഐശ്വര്യയും ഒന്നു ശ്രമിച്ചു നോക്കൂ. ഞാൻ കുറച്ചു ബിസിയാണ്. പിന്നെ, ഓഫീസ് മാറ്റേഷ്സ് അല്ലാതെ എന്ത് കാര്യങ്ങൾക്കുവേണ്ടി എന്നോട് സംസാരിക്കാനും അനിയേട്ടന് വിളിക്കാം.. അതിനൊക്കെയുള്ള മറുപടി ഞാൻ പറയുകയും ചെയ്യും. ഇനി ഇതും പറഞ്ഞു ഒരു ഇടപാട് നമുക്കിടയിൽ തൽക്കാലം ഞാൻ അവസാനിപ്പിച്ചിരിക്കുന്നു.

ഹരി അറുത്ത് മുറിച്ച് പറഞ്ഞശേഷം ഫോൺ കട്ട് ചെയ്തു.

അനിയേട്ടനോട് എന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞത് പാവം ഏട്ടന് വിഷമമായി കാണും…ഭദ്ര ഹരിയോട് ചോദിച്ചു

എല്ലാദിവസവും ഓഫീസിലെ എന്തെങ്കിലും ഡൗട്ട് ചോദിച്ചുകൊണ്ട് അനിയേട്ടൻ എന്നെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ ഞാൻ അതെല്ലാം ക്ലിയർ ചെയ്തു കൊടുത്തു. ഇനിയിപ്പോ എനിക്ക് അതിന്റെ ആവശ്യമില്ല. അവിടെ വേറെ സ്റ്റാഫ് ഉണ്ട് അനിയേട്ടനും അമ്മയും അനിയേട്ടന്റെ ഭാര്യയും ഒക്കെയുണ്ട്. അവരൊക്കെ കൂടി ഒന്ന് തീരുമാനിച്ചു നടത്തിക്കോട്ടെ..

അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് നല്ലതല്ലേ ഹരിയേട്ടാ….

നല്ലതാണല്ലോ..അതുകൊണ്ടല്ലേ. അവിടെനിന്നും പടിയടച്ച് പിണ്ഡം വെച്ചിട്ടും ഞാൻ ഇതൊക്കെ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്.. അപ്പോ അവര് ഇതൊരു  അവസരമായി എടുത്ത് എന്നെ അങ്ങ് ദുരുപയോഗം ചെയ്യുന്നു. എന്റെ ബുദ്ധിയും പവറുംമൊക്കെ വേണം, അത് അമ്മയ്ക്കും ആവശ്യമാണല്ലോ. കാരണം കമ്പനി നല്ല രീതിയിൽ നിലനിർത്തിക്കൊണ്ടു പോകണം. ബാക്കിയുള്ളവരോടൊക്കെ പറയുന്നത് മകനെ ഇറക്കിവിട്ടു, എന്നിട്ട് മരുമകളെ പിടിച്ച് ആ സ്ഥാനത്തേക്ക് ഇരുത്തിയെന്ന്..ആ ബാങ്കുകാരോട് പോലും അമ്മ ചെന്ന്  എന്നെ സഹായിക്കരുതെന്ന് പറഞ്ഞു വിലക്കിയിട്ടുണ്ട്. എന്നിട്ടും അവരുടെ കൊള്ളരുതായ്മകൾ മൊത്തം സഹിച്ചാണ് ഞാൻ  അനിയേട്ടൻ വിളിക്കുമ്പോൾ ഒക്കെ ഓരോ പാർട്ണസിനോടും എങ്ങനെ ബിഹേവ് ചെയ്യണം എന്നു പറഞ്ഞു കൊടുത്തു കൊണ്ടിരുന്നത്. ഇനി അതിന്റെ ആവശ്യമൊന്നുമില്ല. ഞാനിപ്പോൾ സീറോ ആയി നിൽക്കുകയാണ്.. അമ്മ ഒരാള് കാരണം. ഇനിയും അവരുടെ കാര്യങ്ങൾക്കൊക്കെ ചുക്കാൻ പിടിച്ച് ഞാനെന്തിന് നിൽക്കണം. എനിക്കുമില്ലേ ഭദ്ര അഭിമാനമൊക്കെ.

ഹരി ക്ഷുഭിതനായി.

അപ്പോഴേക്കും പോളേട്ടനും ബീന ചേച്ചിയും അവിടേക്ക് വന്നു.

ആഹ്…. ബീനെച്ചി..ഭദ്ര അവരുടെ അടുത്തേക്ക് ഓടിയിറങ്ങിച്ചെന്നു.

*********

ഹരി അറുത്തു മുറിച്ചു പറയുന്നത് കേട്ടുകൊണ്ട് അനിരുദ്ധനും ഐശ്വര്യയും ഇരിക്കുകയാണ്.

ഇനിയിപ്പോ എന്ത് ചെയ്യും. ഇതിനെക്കുറിച്ചൊന്നും നമുക്ക് വലിയ പിടുത്തം ഇല്ലല്ലോ അനിയേട്ടാ.

ഐശ്വര്യ വിഷമത്തോടെ ഭർത്താവിനെ നോക്കി.

ഇത്രയും ദിവസം ഹരിയുടെ സഹായത്താൽ സ്റ്റാർ ആയിട്ട് തിളങ്ങി നിൽക്കുകയായിരുന്നു ഐശ്വര്യ.

അവൾ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും പിന്നിൽ ഹരിയാണെന്നുള്ളത് അനിരുദ്ധനും ഐശ്വര്യം മാത്രമേ അറിയു. പിന്നെ മഹാലക്ഷ്മിയ്ക്കും, ഓഫീസിൽ എല്ലാവരുടെയും വിചാരം ഐശ്വര്യ ഭയങ്കര കഴിവുള്ളവളാണെന്ന്. പക്ഷേ ഒറിജിനൽ ആയിട്ടുള്ള ഇതിന്റെയൊക്കെ പ്രഭവ കേന്ദ്രം ഹരിനാരായണൻ ആണെന്ന് മാത്രം ആർക്കും അറിയില്ലായിരുന്നു.

ഒരു വലിയ കമ്പനിയുമായുള്ള പ്രോജക്ടിന്റെ  ഡീറ്റെയിൽസ് ആയിരുന്നു അനി ഹരിക്ക് മെയിൽ ആയിട്ട് അയച്ചുകൊടുത്തത്. പക്ഷേ ഹരി അത് ഓപ്പൺ ചെയ്തു പോലും നോക്കിയിരുന്നില്ല.
അങ്ങനെയാണ് അനിരുദ്ധൻ അവനെ വിളിച്ചത് പോലും.. പക്ഷേ ഹരിയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവരാരും പ്രതീക്ഷിച്ചതുമില്ല..

മോളെ..നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട നിനക്കറിയാവുന്ന രീതിയിൽ ഇതിന്റെ ബാക്കി കാര്യങ്ങൾ ചെയ്തോളൂ.. നഷ്ടം എത്ര വന്നാലും സഹിക്കുവാൻ അമ്മ തയ്യാറാണ്..

മഹാലക്ഷ്മി മരുമകൾക്ക് വമ്പൻ പ്രോത്സാഹനമാണ് കൊടുത്തത്..
അനിരുദ്ധനും അവളുടെ കൂടെ നിന്നു.

പക്ഷേ ഐശ്വര്യയ്ക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു. അവൾ വിഷണ്ണയായി അവരെ നോക്കി.

*******

ഇതെന്താണ് പോളേട്ടാ ഒരു മുന്നറിയിപ്പുമില്ലാതെ വന്നത്.

ഹരി പോളേട്ടനെ നോക്കി ചോദിച്ചു.

ഇവളിന്നലെ ഒരു സ്വപ്നം കണ്ടു, ക്കാലത്തെ എണീറ്റപ്പോൾ മുതൽ പറയുന്നതാണ്, ഭദ്ര മോളുടെ അടുത്ത് പോകണമെന്ന്.

എന്തായിരുന്നു ചേച്ചി,ചേച്ചികണ്ട സ്വപ്നം ഒന്ന് കേൾക്കട്ടെ…ഹരിയും ഭദ്രയും ബീന ചേച്ചിയെ നോക്കി.

എന്റെ മോനേ  ഈ നിൽക്കുന്ന ഭദ്രമോള് പ്രഗ്നന്റ് ആണെന്ന് ഞാൻ സ്വപ്നം കണ്ടുന്നേ…അതും വെളുപ്പിന് നാലര മണിക്ക്.

ആഹ് ബെസ്റ്റ്…നടന്നത് തന്നെ..ഹരി താടിക്ക് കയ്യും കൊടുത്ത് ഭദ്രയേ നോക്കി ചിരിച്ചു.

അതെന്താ മോനെ നീ അങ്ങനെ പറയുന്നത്.. ചിലപ്പോൾ ഒരു കുഞ്ഞു വന്ന ശേഷം ആയിരിക്കും നിങ്ങളുടെ  ഭാഗ്യമൊക്കെ തെളിഞ്ഞു വരുന്നത്.

ഹ്മ്മ്.. ബെസ്റ്റ്…അതിനൊക്കെ അതിന്റെതായ എന്റെ പൊന്നു ചേച്ചി…..അവൻ എന്തോ പറയാൻ തുടങ്ങിയതും ഭദ്ര ഹരിയുടെ കൈത്തണ്ടയിൽ പിടിച്ച് അവനെ പിന്നിലേക്ക് വലിച്ചു.

തുടരും…..