മംഗല്യ താലി, ഭാഗം 87,88,89– എഴുത്ത്: കാശി നാഥൻ

മംഗല്യതാലി ഭാഗം 87

എനിക്ക് എന്നും വലുത് എന്റെ മകൾ ആയിരുന്നു… എന്റെ പൊന്നുമോള്.
രവീന്ദ്രൻ വാൽസല്യത്തോടെ അതിനേക്കാൾ ഉപരി  ഒരുപാട് സ്നേഹത്തോടെ പറയുകയാണ്. അയാൾക്ക് മകളോടുള്ള ഇഷ്ടം എത്രത്തോളം ആണെന്നുള്ളത് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഓരോ കാര്യങ്ങളും അയാൾ പറഞ്ഞത്.

എല്ലാം കേട്ടു കൊണ്ട് ഒരക്ഷരം ഉരിയാടാതെ പാവം, ഭദ്ര അങ്ങനെ നിന്ന്.

അച്ഛനോട് ദേഷ്യം തോന്നരുത്. ഞാൻ വീട്ടിലെത്തി ചേരാൻ പോലും കാത്തു നിൽക്കാതെ നിന്നെയും എടുത്തു കൊണ്ട് ഓടിപ്പോന്നത് നിന്റെ അമ്മയാണ്..

രവീന്ദ്രൻ പറയുന്ന കേട്ട് കൊണ്ട് മീര മുഖം കുനിച്ചു. അപ്പോളും അവളുടെ കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി.

ടീച്ചറിന്റെ സാഹചര്യം കൊണ്ടാവും സർ..വെറുതെ കുറ്റപ്പെടിത്തിയിട്ട് എന്ത് കിട്ടാനാ..

മീര കരയുന്നത് കണ്ടതും ഹരി പറഞ്ഞു 

എന്നാലും എന്റെ പ്രാണനെപ്പോലെ ഞാൻ കൊണ്ട്നടന്നതാ. എത്രയധികം പ്രതിസന്ധികൾ സഹിച്ചാണ് ഞാൻ എന്റെ ഭാര്യയായ് മീരയെ കൂടെക്കൂട്ടിയത്..എന്തെങ്കിലും കാര്യം പറഞ്ഞുകൊണ്ട് എപ്പോളെങ്കിലും ഞാൻ ഇവളെ വഴക്ക് പറഞ്ഞിട്ടുണ്ടോന്ന് ഒന്ന് ചോദിച്ചു നോക്കിക്കേ ഹരി. രവീന്ദ്രൻ വീണ്ടും കോപിച്ചു.

രവിയേട്ടനെ ഞാൻ ഒന്നും അറിയിക്കാഞ്ഞതാ മോനേ.. എന്തിനാ ഇദ്ദേഹത്തെ കൂടി വിഷമിപ്പിക്കുന്നത് എന്ന് കരുതിയ.. പിന്നെ ഞാൻ അവിടെ നിന്നിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ പോലും അവർ വെറുതെ വിടില്ലായിരുന്നു. അതുകൊണ്ട് യാതൊരു നിവർത്തിയും ഇല്ലാണ്ട് ഞാൻ പോന്നത്. എന്നെ വിശ്വസിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം നിങ്ങൾ വിശ്വസിച്ചാൽ മതി.

ഹരി ഞാൻ ഇന്ന് കുറച്ചു ബിസിയാണ്. എനിക്ക് വേറെ കുറച്ചു പ്രോഗ്രാംസ് ഉണ്ട്. നമുക്ക് മടങ്ങാം.

ഹമ്…. ഹരി തലകുലുക്കി. എന്നിട്ട് ഭദ്രേ നോക്കി.

താൻ വരുന്നുണ്ടോ.

ഹരിയേട്ടൻ പൊയ്ക്കോളൂ.. ടീച്ചറമ്മ ഇവിടെ ഒറ്റക്കല്ലേ ഉള്ളൂ..

ആഹ്…..അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് ഹരി മീര ടീച്ചറോട് യാത്ര ചോദിച്ചു.

മോളെ അച്ഛൻ വൈകുന്നേരം വരാം. ഇന്ന് അത്രമേൽ അർജന്റ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് മാത്രമാണ് അച്ഛൻ പോകുന്നത് കേട്ടോ.

ഭദ്രേ നോക്കി പറഞ്ഞിട്ട് രവീന്ദ്രൻ വെളിയിലേക്ക് പോയി. മീരയോടെ ഒരു വാക്കുപോലും മിണ്ടിയതുമില്ല..

യാത്രയിൽ ഉടനീളം ഹരിയും രവീന്ദ്രനും നിശബ്ദരായിരുന്നു. ഒരിക്കൽപോലും പ്രതീക്ഷിച്ചിരുന്നില്ല  ഇവർ രണ്ടാളുമാണ് മാതാപിതാക്കൾ എന്നുള്ളത്.. പെട്ടെന്നത് അറിഞ്ഞതും ഹരി വലിയൊരു ഷോക്കിൽ ആയിപോയി.. ആ സമയത്ത് രവീന്ദ്രന്റെ ഫോൺ ശബ്ദിച്ചു.

അയാൾ ആരോടോ കാണേണ്ട സമയവും സ്ഥലവും ഒക്കെ വിശദീകരിക്കുന്നുണ്ട്.. ഹരി അവന്റെ ഓഫീസിൽ ഇറങ്ങിയതും രവീന്ദ്രൻ ഒരു ഡ്രൈവറെ അറേഞ്ച് ചെയ്തു വണ്ടിയിൽ വീണ്ടും പോയി.

Pinki Heaven എന്നൊരു റിസോർട്ടിലേക്ക് ആയിരുന്നു അയാളുടെ കാർ ചെന്നു നിന്നത്.
അയാളെ കാണുവാനായി വന്ന വ്യക്തി അവിടെ നേരത്തെ എത്തിച്ചേർന്നിരുന്നു.

ഹെലോ…. മാഡം. രവീന്ദ്രന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞുനോക്കി..

ആഹ് രവീന്ദ്രൻ…ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു വന്നു.

മഹാലക്ഷ്മി മാഡം  കണ്ടിട്ട് കുറെ നാളുകൾ ആയല്ലോ…

കുശലാന്വേഷണങ്ങൾ ഒക്കെ നടത്തികൊണ്ട് ഇരുവരും  രണ്ട് കസേരകളിലായി നിലയുറപ്പിച്ചു..അതിനുശേഷം ആണ് മഹാലക്ഷ്മി കാര്യത്തിലേക്ക് വന്നത്. തന്റെ കമ്പനി മഹാലക്ഷ്മി, വിൽക്കുവാൻ പോകുകയാണ്… രവീന്ദ്രനോട് അത് ഏറ്റെടുക്കണം എന്ന് പറയുവാനായിരുന്നു മഹാലക്ഷ്മി വന്നത്. പെട്ടെന്നത് കേട്ടതും അയാൾ ഞെട്ടി.

വാട്ട് യു മീൻ മാഡം… ഇത്രയും ടേൺ ഓവർ ഉള്ള കമ്പനി വിൽക്കുകയോ…. എനിക്ക് വിശ്വസിക്കാൻ പോലും ആവുന്നില്ല…രവീന്ദ്രൻ മഹാലക്ഷ്മി നോക്കി ഉറക്കെ ചോദിച്ചു പോയി..

കുറച്ച് ഫിനാൻഷ്യൽ ട്രബിൾസ്.. പിന്നെ രവീന്ദ്രനും അറിയാമല്ലോ നമ്മളുടെ കമ്പനി ഇപ്പോൾ മാർക്കറ്റിൽ  കുറച്ച് താഴെയാണ് എന്നുള്ളത്..

അതൊക്കെ സ്വാഭാവികമാണ് മാഡം. ഒരു കമ്പനി ആകുമ്പോൾ എന്നും ഒരേ രീതിയിൽ പോവില്ല. അപ്പ് and ഡൗൺ നമ്മൾ അംഗീകരിച്ചേ പറ്റൂ.. ഫെയ്സ് ചെയ്യേണ്ട കാര്യങ്ങൾ ഫേസ് ചെയ്ത് തന്നെ വേണം നമ്മൾ  അതിജീവിച്ച് മുന്നോട്ടുപോകേണ്ടത്..ഞാൻ അങ്ങനെയാണ് കേട്ടോ അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ…

ഓ വയ്യ രവീന്ദ്രൻ… കുറെ നാളുകൾ ആയില്ലേ  ഈ ഓഫീസ് ജോലി  ഇതൊക്കെയായിട്ട് നടക്കുന്നത് ഇനി എനിക്ക് കുറച്ച് റിലാക്സ് ആവണം. രവീന്ദ്രൻ അല്ലാതെ ആർക്കും എന്നെ ഇപ്പോൾ സഹായിക്കുവാൻ പറ്റില്ല. അതുകൊണ്ടാണ് ഞാൻ താങ്കളെ വന്നത് പോലും. താങ്കൾ നന്നായി ആലോചിച്ചു തീരുമാനം പറഞ്ഞാൽ മതി.. അത് പോസിറ്റീവ് ആണെന്ന് മാത്രം ഞാൻ വിശ്വസിച്ചോട്ടെ.

പ്രതീക്ഷയോടെ മഹാലക്ഷ്മി രവീന്ദ്രനെ നോക്കി..

ഓക്കേ മാഡം… ഞാൻ അറിയിക്കാം….വൈകുന്നേരത്തിനുള്ളിൽ..

ഓക്കേ.. ശരി.

അയാളെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് മഹാലക്ഷ്മി  ഇറങ്ങി.

പലരെയും സമീപിച്ചുവെങ്കിലും ആർക്കും ഇപ്പോൾ ഇത്രയും ഹ്യൂജ് എമൗണ്ട് മുടക്കി കമ്പനി ടേക്ക് ഓവർ ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഒടുവിൽ മനസില്ലാമനസോടെയാണ് മഹാലക്ഷ്മി രവീന്ദ്രന്റെ അടുത്തേക്ക് വന്നത്.. മറ്റൊരു വഴിയും കാണാഞ്ഞത് കൊണ്ട്. അനിരുദ്ധൻ ഒരു കാരണവശാലും ഭാര്യയുടെ വീട്ടിൽ നിന്നും മടങ്ങിവരില്ലെന്ന്  തീരുമാനം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് ഓരോ ദിവസം ചെല്ലുന്തോറും കമ്പനി  നഷ്ടത്തിലാകുന്നതിലും നല്ലത്  ആർക്കെങ്കിലും വിൽക്കുന്നതാണ്…ടൗണിൽ ഒരു സൂപ്പർമാർക്കറ്റും ഒന്ന് രണ്ട് ഷോപ്പുകളും ഒക്കെ വേറെയുണ്ട്… ഐശ്വര്യയുടെ വീട്ടിൽ നിന്നും എപ്പോഴെങ്കിലും തിരിച്ചു വന്നാൽ പോലും അനിരുദ്ധൻ അത് കൈകാര്യം ചെയ്തോളും. അതിലുള്ള തടി മിടുക്കൊക്കെ മാത്രമേ അവനുള്ളു താനും….എങ്ങനെയെങ്കിലും കമ്പനി ഏറ്റെടുക്കുവാൻ രവീന്ദ്രന് മനസ്സുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമേ ആ നിമിഷം മഹാലക്ഷ്മിക്ക് ഉണ്ടായിരുന്നുള്ളൂ.

മാഡം……ഡ്രൈവർ വിളിച്ചതും മഹാലക്ഷ്മി ഞെട്ടി.

പുറത്തേക്ക് നോക്കിയപ്പോഴാണ് സെൻമേരിസ് ഹോസ്പിറ്റലിന്റെ മുന്നിലായി തങ്ങൾ എത്തി എന്നുള്ളത് അവർക്ക് മനസ്സിലായത്..

ഡ്രൈവറോട് നേരത്തെ പറഞ്ഞിരുന്നു തനിയ്ക്കൊരു ചെക്കപ്പിനായി ഹോസ്പിറ്റലിലേക്ക് പോകേണ്ട കാര്യം..

അപ്പോയിൻമെന്റ് എടുത്ത ശേഷം  ഡോക്ടർ ബീന തരകനെ കാണുവാനായി മഹാലക്ഷ്മി വെയിറ്റ് ചെയ്തു..

അവരുടെ ടോക്കൺ വിളിച്ചപ്പോൾ അകത്തേക്ക് കയറിച്ചെന്നു.

എന്തുപറ്റി? എന്താണ് വിശേഷം?
ഡോക്ടർ ബീന ചോദിച്ചതും മഹാലക്ഷ്മി അവരുടെ വലത് ബ്രസ്റ്റിലായി  ഒരു തടിപ്പ് ഫീൽ ചെയ്യുന്നു എന്നു പറഞ്ഞു.

ഒന്നു നോക്കട്ടെ… കയറിക്കിടക്കാമോ..ഡോക്ടർ ചോദിച്ചതും മഹാലക്ഷ്മി ബഡ്ഡിലേക്ക് കയറി കിടന്നു.

ഡോക്ടർ അവരുടെ രണ്ട് ബ്രസ്റ്റും എക്സാമിൻ ചെയ്തു.

കൂടെ ആരെങ്കിലും ഉണ്ടോ..?

ഡ്രൈവർ ആണുള്ളത്…

മക്കൾ ആരെങ്കിലും…

ഇല്ല….

ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും കൂട്ടി ഒന്നു വരണം കെട്ടോ.

എന്താ ഡോക്ടർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….??ബെഡിൽ നിന്നും എഴുന്നേറ്റ് കസേരയിലേക്ക് വന്നിരിക്കുകയാണ് മഹാലക്ഷ്മി.

അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം..ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്.

ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്.

മംഗല്യതാലി ഭാഗം 88

അങ്ങനെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ല.. എങ്കിലും എന്തോ ഒരു ചെറിയ ഗ്രോത്ത് കാണുന്നുണ്ട്. നമുക്ക് ഒരു സ്കാനിങ് ഒക്കെ ചെയ്തു നോക്കാം.. പിന്നെ ബയോപ്സിക്കും ഒന്ന് അയക്കണം..ഡോക്ടർ തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ എന്തൊക്കെയോ രേഖപ്പെടുത്തുന്നുണ്ട്.

ഡോക്ടർ പറഞ്ഞ വാചകങ്ങൾ കേട്ടപ്പോൾ മഹാലക്ഷ്മിയുടെ നെഞ്ച് പൊട്ടിപ്പോകും പോലെയാണ് അവർക്ക് തോന്നിയത്.

ആരെ എങ്കിലും കൂട്ടിക്കൊണ്ട് ഇന്ന് തന്നെ വരികയാണെങ്കിൽ അത്രയും നല്ലത് കെട്ടോ.. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല..ഇപ്പോ എല്ലാത്തിനും ട്രീറ്റ്മെന്റ് ഉണ്ടല്ലോ. ഡോക്ടർ പിന്നെയും അവരെ ആശ്വസിപ്പിച്ചു.

എങ്കിലും അതൊന്നും കേൾക്കുവാനുള്ള  മാനസികാവസ്ഥയിൽ അല്ലായിരുന്നു മഹാലക്ഷ്മി.

ഞാൻ എന്റെ ഡ്രൈവറെ കൂട്ടിയാൽ മതിയോ…പെട്ടെന്ന് ഓർത്തതുപോലെ അവർ ചോദിച്ചു.

അത് പറ്റില്ല… ഹസ്ബൻഡ് അല്ലെങ്കിൽ മക്കൾ, സഹോദരങ്ങളോ അങ്ങനെ ആരെങ്കിലും മതി,

ഹമ്…മഹാലക്ഷ്മി തലയാട്ടി.

ഉച്ചയ്ക്കുശേഷം വന്നാൽ മതിയോ ഡോക്ടർ..

മതി മതി… ഇവിടെയൊന്നു വിളിച്ചിട്ട് വരണേ..

ഓക്കേ..അവരുടെ നേർക്ക് കൈകൂപ്പി കൊണ്ട്  മഹാലക്ഷ്മി എഴുന്നേറ്റ്.

അന്നാദ്യമായി മഹാലക്ഷ്മിയുടെ കവിളിലൂടെ ചൂട് കണ്ണീർ അരിച്ചിറങ്ങി…വേദനയോടുകൂടി അവർ ആ കോറിഡോറിലൂടെ ഇറങ്ങിവരികയാണ്. അപ്പോഴാണ് അവർ ഭദ്രയേ കാണുന്നത്. മുഖം തിരിച്ചു പോകുവാനായി തുടങ്ങിയതും ഭദ്ര മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നിരുന്നു.

മാഡം….

പിന്നിൽ നിന്നും സിസ്റ്റർ ഉറക്കെ വിളിക്കുന്നത് കേട്ട് മഹാലക്ഷ്മിയും ഭദ്രയും ഒരുപോലെ തിരിഞ്ഞു നോക്കി.

ലക്ഷ്മിയുടെ അടുത്തേക്ക്  കുറച്ചു മുന്നേ താൻ കണ്ടിരുന്ന ഡോക്ടറുടെ ഓ പ്പി യിൽ ഉണ്ടായിരുന്ന സിസ്റ്റർ ഓടിവന്നു.

ഇന്ന് വൈകുന്നേരം  വേണ്ടപ്പെട്ട ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരുന്നുണ്ടെങ്കിൽ  റിസപ്ഷനിൽ ഒന്ന് ബുക്ക് ചെയ്തിട്ട് പൊയ്ക്കോളൂ. അതാകുമ്പോൾ ഡോക്ടർ ബാക്കി കാര്യങ്ങളൊക്കെ അവരോട് പറഞ്ഞോളൂ  കെട്ടോ..ബയോപ്സിയുടെ കൺസന്റ് ലെറ്ററിൽ സൈൻ ചെയ്യണം, അതിനുവേണ്ടിയാണ്. പറഞ്ഞശേഷം സിസ്റ്റർ അവരുടെ അടുത്തുനിന്നും നടന്നുപോയി 

മഹാലക്ഷ്മിയോട് ആ സിസ്റ്റർ പറയുന്നത് കേട്ട്, ഭദ്രയ്ക്ക് തലചുറ്റി.

ബയോപ്‌സി….അവൾ അവരെ നോക്കി പുലമ്പി

അമ്മേ…. അമ്മയ്ക്ക് എന്താണ് പറ്റിയത്…. പൊട്ടിക്കരഞ്ഞുകൊണ്ട് ഭദ്ര ചോദിച്ചതും മഹാലക്ഷ്മിയുടെ മിഴികളും നിറഞ്ഞു.

ഒന്നുമില്ല…….പെട്ടന്ന് അവർ പറഞ്ഞു.

പിന്നെന്തിനാണ് ആ സിസ്റ്റർ വന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞത്. ലക്ഷ്മിയമ്മയ്ക്ക് എന്തുപറ്റി.എന്നോടൊന്നു പറയു.. പ്ലീസ്. അവരുടെ വലംകൈയെടുത്ത് കൂപ്പി പിടിച്ചുകൊണ്ട് അവൾ വിതുമ്പി.

മോളെന്താ ഇവിടെ… എന്ത് പറ്റി..ഹരിഎവിടെ..? അവർ സാവധാനം അവളെ നോക്കി ചോദിച്ചു.

മീര ടീച്ചർക്ക് സുഖമില്ലാത വെളുപ്പിനെ ഇവിടെ അഡ്മിറ്റ് ആക്കിയതാണ്..

എന്തുപറ്റി….

ബിപിയുടെ പ്രോബ്ലം ആണ്, ഡോക്ടർ ഇപ്പോൾ റൗണ്ട്സിന് വന്നിരുന്നു. കുറച്ചു മെഡിസിൻസ് എഴുതിയിട്ടുണ്ട്, അത് വാങ്ങുവാനായി ഞാൻ ഫാർമസിയിലേക്ക് ഇറങ്ങി വന്നപ്പോഴാണ് ലക്ഷ്മിമ്മയെ കാണുന്നത്.

ആഹ്… മോള് ചെല്ലു ചെന്നിട്ട് മരുന്നു വാങ്ങിക്ക്.. ഡ്രൈവർ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്, ഞാൻ പോയേക്കുവാ.

ലക്ഷ്മിയമ്മേ… എന്നോട് ദേഷ്യം ആണെന്ന് അറിയാം, ഇഷ്ടമില്ലെന്നും അറിയാം. എന്നാലും ഞാൻ ചോദിക്കുവാ, ലക്ഷ്മിമ്മയ്ക്ക് എന്താണ് പറ്റിയത്… ദയവ് ചെയ്തു എന്നോട് പറയുമൊ.

ഭദ്ര അവരുടെ നേർക്ക് നോക്കിക്കൊണ്ട് പിന്നെയും പറഞ്ഞു.

എന്റെ ബ്രസ്റ്റില് ചെറിയ ഒരു തടിപ്പ് പോലെ. ഞാൻ ഡോക്ടറെ ഒന്ന് കാണിച്ചു. ജസ്റ്റ് പരിശോധനയ്ക്ക് അയച്ചശേഷം എന്താണെന്ന് പറയാമെന്ന് ഡോക്ടർ മറുപടി പറഞ്ഞത്.. ഉത്തരവാദിത്തപ്പെട്ടവർ ആരെങ്കിലും  കൂടെ ഉണ്ടെങ്കിൽ മാത്രമേ  അവർ ടെസ്റ്റിന് അയക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ ഇറങ്ങിപ്പോന്നതാണ്.

ഈശ്വരാ…. അവൾ ഉറക്കെ നിലവിളിച്ചു പോയി.

ലക്ഷ്മിയമ്മ വന്നേ.. ഞാനുണ്ടല്ലോ കൂടെ. നമുക്ക് ചെന്നിട്ട് അത് പരിശോധനയ്ക്ക് അയക്കാനുള്ള കാര്യങ്ങൾ നോക്കാം.

ഇപ്പോൾ ധൃതിവെച്ച് ഒന്നും ചെയ്യുന്നില്ല മോളെ.. എല്ലാം വരുന്നിടത്ത് വച്ച് കാണാം..പോട്ടെ 

വേണ്ട… ലക്ഷ്മിയമ്മ ഇപ്പോൾ പോകുവാൻ ഞാൻ സമ്മതിക്കില്ല.. ഡോക്ടർ പറഞ്ഞ പ്രകാരം, നമ്മൾക്ക് ചെയ്യാം വന്നേ. അൽപ്പം ബലത്തിൽ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട്  അവൾ നടന്നു നീങ്ങി.

സിസ്റ്റേഴ്സിനോടൊക്കെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ഭദ്ര ഓരോന്ന്  ചെയ്യുന്നത് കണ്ട് മഹാലക്ഷ്മിയുടെ  ഹൃദയം നൊന്തു. തന്റെ കുടുംബത്തിൽ നിന്നും അവളെ ആട്ടിറക്കി വിട്ട നിമിഷമായിരുന്നു മഹാലക്ഷ്മി അപ്പോൾ ഓർത്തത്. നിറമിഴികളോടെ  തന്റെ കാലുപിടിച്ച് യാചിച്ചിരുന്ന പെൺകുട്ടിയെ  ഓർക്കും തോറും അവരുടെ ചങ്ക് നീറി പിടഞ്ഞു.

സർജറി യൂണിറ്റിന്റെ അരികിലായുള്ള  ഒരു പ്രത്യേക ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു , ഈ പ്രൊസീജറും നടത്തുന്നത്..

ലക്ഷ്മിയമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല, 100% അതെനിക്ക് ഉറപ്പാണ്.. ധൈര്യമായിട്ട് ചെന്നിട്ട് വാ. അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഭദ്ര അത് പറഞ്ഞപ്പോൾ, മഹാലക്ഷ്മിയും കരഞ്ഞു പോയിരുന്നു.

മഹാലക്ഷ്മിയെ അകത്തേക്ക് കയറ്റി വിട്ടിട്ട്  പ്രാർത്ഥനയോടുകൂടി ഭദ്രയിരുന്നു. അപ്പോഴായിരുന്നു അവളുടെ ഫോണിലേക്ക് ഹരിയുടെ കോൾ വന്നത്. പെട്ടെന്ന് തന്നെ അവൾ കോൾ അറ്റൻഡ് ചെയ്തു.

നടന്ന കാര്യങ്ങളൊക്കെ ഹരിയെ അവതരിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ അവനും പാഞ്ഞു വന്നു.

മഹാലക്ഷ്മി ഇറങ്ങി വന്നപ്പോൾ  ഹരി ചെന്നിട്ട് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.
അതുവരെ അമ്മയോട് ഉണ്ടായിരുന്ന ദേഷ്യവും പകയും ഒക്കെ എവിടേക്കോ ഓടി മറിഞ്ഞ നിമിഷമായിരുന്നു അത്.

കുഴപ്പമില്ല മോനേ….അവർ അവന്റെ തോളിൽ തട്ടി.

എന്നിട്ട് അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ഹരിയും ഭദ്രയും ചേർന്നായിരുന്നു മഹാലക്ഷ്മിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയത്.

പേടിക്കേണ്ടതായി ഉണ്ടോ എന്ന്  നമുക്ക് റിസൾട്ട് വന്നാലേ അറിയാൻ സാധിക്കൂ…സാരമില്ലെന്നേ നോക്കാം…ഹരിയെ നോക്കി ഡോക്ടർ പറഞ്ഞു.

മീരയേകൂടി കണ്ടിട്ട് പോകാം അല്ലേ.. മീര ഏത് റൂമിലാണ് കിടക്കുന്നത്. മഹാലക്ഷ്മി ചോദിച്ചതും ഭദ്ര അവരെയും കൂട്ടി മീരയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റൂമിലേക്ക് പോയി.

ഇടയ്ക്ക് വന്നിട്ട് മഹാലക്ഷ്മിയുടെ വിവരങ്ങളൊക്കെ ഭദ്ര അവരെ ധരിപ്പിച്ചിരുന്നു. താനും കൂടി ഇറങ്ങി വരാമെന്ന് മീര പറഞ്ഞെങ്കിലും, ഭദ്ര അവരെ തടയുകയായിരുന്നു..

ലക്ഷ്മി മാഡത്തിന് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു മീരയും..അപ്പോഴാണ് അവർ മുഴുവനും ചേർന്ന് അവിടേക്ക് കയറി ചെന്നത്.

ഇത്തിരിനേരം മഹാലക്ഷ്മിയോട് സംസാരിച്ച ശേഷം  മീര ഭദ്രയോടും ഹരിയോടും  ഒന്ന് പുറത്തേക്ക് പോകാമോ എന്ന് ചോദിച്ചു. അവർ രണ്ടാളും അത് അനുസരിക്കുകയും ചെയ്തു.

കാരണം ടീച്ചർക്ക് അവരോട് തുറന്നു സംസാരിക്കുവാൻ ആണെന്നുള്ളത് രണ്ടാൾക്കും തോന്നി…ടീച്ചർ തന്നെ അത് തുറന്നു പറയുന്നതാണ് നല്ലതെന്ന് ഹരിക്കും തോന്നിയിരുന്നു. അതുകൊണ്ട് എതിർത്തൊന്നും പറയാതെ അവർ ഇരുവരും ഇറങ്ങി പോവുകയായിരുന്നു.

മംഗല്യതാലി ഭാഗം 89

മീര പറയുന്ന കാര്യങ്ങൾ ഒന്നൊന്നായി കേട്ടുകൊണ്ട് മഹാലക്ഷ്മി ഞെട്ടി ഇരിക്കുകയാണ്.

രവീന്ദ്രൻ സാറിന്റെ ഭാര്യയായിരുന്നു മീര എന്നുള്ളത് ഒരിക്കൽപോലും താൻ പ്രതീക്ഷിച്ചിരുന്നില്ല..

ഇങ്ങനെയൊക്കെയായിരുന്നു മിരയുടെ ജീവിതത്തിൽ സംഭവിച്ചത് എന്നുള്ളത്  അവരുടെ വാക്കുകളിലൂടെ കേൾക്കും തോറും  മഹാലക്ഷ്മിയുടെ ശരീരം തരിച്ചുകൊണ്ടേയിരുന്നു.

കരഞ്ഞുകൊണ്ട് നടന്ന കാര്യങ്ങൾ ഒന്നൊന്നായി പറയുകയാണ് മീര.

ഒടുവിൽ ഭദ്രലക്ഷ്മി തന്റെ മകളാണെന്ന് മീര പറഞ്ഞതും, മഹാലക്ഷ്മിയുടെ ഇരു മിഴികളും തുറിച്ചു നിന്നു.

ഈശ്വരാ… ഇത് സത്യമാണോ മീര…അവർ ഉറക്കെ ചോദിച്ചു പോയി.

അതെ മാഡം… എന്റെ വയറ്റിൽ പിറന്ന, എന്റെ സ്വന്തം മകളാണ് ഭദ്ര… ഞാനായിരുന്നു എന്റെ കുഞ്ഞിനെ ആ അമ്മത്തൊട്ടിലിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയത്. എന്നിട്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അവിടെ ജോലിയ്ക്കായി അന്വേഷിച്ചു വന്നതും, മംഗലത്ത് ഓർഫനേജിൽ  കയറിപ്പറ്റിയതും എല്ലാം  എന്റെ കുഞ്ഞിനോടൊപ്പം കഴിയാൻ വേണ്ടി മാത്രമായിരുന്നു. അവളെ ഓർത്താണ് ഞാൻ അവിടെ ജീവിച്ചത്. എന്റെ കൺമുമ്പിൽ തന്നെ എന്റെ കുഞ്ഞു വളരണമെന്ന്  ആഗ്രഹിച്ചു കൊണ്ട്…

കരഞ്ഞുകൊണ്ട് പറയുകയാണ് മീര. എല്ലാം കേട്ട്കൊണ്ട് വിറങ്ങലിച്ചു ഇരിയ്ക്കുവാൻ മഹാലക്ഷ്മി ക്ക് അപ്പോൾ കഴിഞ്ഞിരുന്നുള്ളൂ.

അപ്പോഴാണ് ഓർഫനേജിലെ കുറച്ച് ആളുകൾ മീരയെ കാണുവാനായി വന്നത്.
പെട്ടെന്ന് മഹാലക്ഷ്മി എഴുന്നേറ്റ്. പുറത്തേക്കിറങ്ങി വന്നപ്പോൾ ഹരിയും ഭദ്രയും അവിടെ  ഓരോരോ കസേരകളിലായി ഇരിക്കുന്നുണ്ട്.

ഭദ്രയേ കാണുമ്പോൾ അവളുടെ മുൻപിൽ നിൽക്കുമ്പോൾ മഹാലക്ഷ്മിയ്ക്ക് ഒരുപാട് വേദന തോന്നി.

അവളോട് ചെയ്തതും പ്രവർത്തിച്ചതും ഒക്കെ ഓർക്കുമ്പോൾ കുറച്ചു മുന്നേ ടെസ്റ്റ് ചെയ്ത റിസൾട്ട് പോസിറ്റീവായി ക്കൊണ്ട് എത്രയും പെട്ടെന്ന് ഈ ജീവിതം ഒന്ന് തീർന്നു കിട്ടുവാനാണ് അവർ പ്രാർത്ഥിച്ചത് പോലും.

മാപ്പ്.. എല്ലാത്തിനും മാപ്പ്. ഭദ്രയെ നോക്കികൈ കൂപ്പി കാണിച്ചു കൊണ്ട് അവർ നടന്നു നീങ്ങി.

അമ്മേ… നിൽക്ക്.. ഞാൻ കൊണ്ട് പോയി വിടാം. ഹരി അവരുടെ പിന്നാലെ ഓടിച്ചെന്നു.

വേണ്ട മോനെ ഡ്രൈവർ ഉണ്ട്…അത് സാരമില്ല…ഡ്രൈവർ പോയ്ക്കോട്ടെ..ഇപ്പൊ ഞാൻ അമ്മേടെ കൂടെ വരാം.

അങ്ങനെ ഹരിയാണ് മഹാലക്ഷ്മിയെ വീട്ടിലേക്ക് കൊണ്ടുപോയി ആക്കിയത്.

കുറച്ച്  നാളുകൾക്കു ശേഷം ഹരി വീണ്ടും മംഗലത്ത് വീട്ടിൽ കാലുകുത്തി. അവനെ കണ്ടതും സുസമ്മയം ഭാമയും ഓടിവന്നു.

മോനേ…..

സ്നേഹത്തോടെയുള്ള സൂസമ്മയുടെ വിളിയിൽ ഹരി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..

സൂസമ്മച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ….?

വിശേഷം ഒന്നും ഇല്ല മോനെ… മോന് സുഖം ആണോ.

ആഹ്…അവൻ ഒന്നും മന്ദഹസിച്ചു.

അമ്മയുടെ മുറിയിലേക്ക് കയറി ചെന്നപ്പോൾ, ജനാലയുടെ കമ്പിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന മഹാലക്ഷ്മിയെ ആയിരുന്നു അവൻ കണ്ടത്.

അമ്മേ….ഹരി വിളിച്ചതും മഹാലക്ഷ്മി തിരിഞ്ഞുനോക്കി.

അമ്മ വിഷമിക്കുവൊന്നും വേണ്ട.. എന്റെ അമ്മയ്ക്ക് യാതൊരു കുഴപ്പവുമില്ല.. എനിക്ക് 100% ഉറപ്പുണ്ട്..ആ റിസൾട്ട് നെഗറ്റീവ് ആയിരിക്കും…അവൻ പറഞ്ഞതും മഹാലക്ഷ്മി ഹരിയ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു..

നിങ്ങളോട് രണ്ടാളോടും ചെയ്ത പാപത്തിന്റെ ഫലമാണ് ഇതൊക്കെ… ഈ മാറാരോഗം വന്നു തന്നെ എന്നെ കീഴ്പ്പെടുത്തും മോനേ..എനിക്കത് ഉറപ്പുണ്ട്. പിന്നെ ഒരു സമാധാനം എന്താണെന്ന് വെച്ചാൽ, ഞാൻ ചെയ്ത പാപത്തിന്റെ  എല്ലാ ദോഷങ്ങളും ഈ ഭൂമിയിൽ നിന്നും അനുഭവിച്ചു തന്നെയാണ് ഞാൻ മടങ്ങാൻ പോകുന്നത്.ആ ഒരു കാര്യത്തിൽ എനിക്ക് ആശ്വസിക്കാം.

ഇല്ല.. എന്റെ അമ്മയ്ക്ക് അങ്ങനെയൊന്നും വരില്ല. ഹരിയുടെ മിഴികൾ നിറഞ്ഞു.

പുറത്തേക്കിറങ്ങി പോയിട്ട് അവൻ ഫോണെടുത്ത് അനിരുത്തനെ വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അനിരുദ്ധനും  കരയുകയിരുന്നു..അത് കണ്ടു കൊണ്ടാണ് ഐശ്വര്യ അവന്റെ അടുത്തേക്ക് കയറി വന്നത്. കാര്യങ്ങൾ ചോദിച്ചപ്പോൾ അനിരുദ്ധൻ എല്ലാം വിശദീകരിച്ചു.

ഐശ്വര്യ നമുക്കിപ്പോൾ തന്നെ പോകണം താൻ വേഗം റെഡിയാകു …

ബയോപ്സിക്ക് അയച്ചു എന്നല്ലേ ഉള്ളൂ…അതിന് ഇത്രമാത്രം അനിയേട്ടൻ ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല..വരട്ടെ റിസൾട്ട് ഒക്കെ  വന്നശേഷം നമുക്ക് പോയാൽ മതി… കേട്ടപാതി  അങ്ങോട്ട് ഓടി ചെന്നിട്ട് എന്നാ കിട്ടാനാ. പിന്നെ എന്തായാലും ആ ത, ള്ളക്ക്  സുഖമാ..ദൈവം അറിഞ്ഞു കൊടുത്തത് തന്നെയാണ്.

ഐശ്വര്യ പറഞ്ഞു നിർത്തിയതും അനിരുദ്ധൻ  അവളുടെ കരണം തീർത്ത ഒരൊറ്റ അടിയായിരുന്നു.

ടി…… മര്യാദയ്ക്ക് എന്റെ കൂടെ വരുന്നുണ്ടെങ്കിൽ ഇപ്പോൾ വന്നോണം..ഇല്ലെങ്കിൽ നീ ഇവിടെ നിന്റെ അപ്പന്റെ അമ്മയുടെയും കൂടെ പൊറുത്താല്‍ മതി… എനിക്ക് എന്റെ പെറ്റമ്മ തന്നെയാടി വലുത്.

അനിയേട്ടാ……നിങ്ങൾ എന്നെ തല്ലിയല്ലേ

അതേടി തല്ലി. ഇനിയും തല്ലും.. കാണണോ..

യു…..അവൾ അവന്റെ നേർക്ക് ചീറി.

നീ വരുന്നുണ്ടെങ്കിൽ ഇന്ന് വൈകുന്നേരത്തിനു ഉള്ളിൽ വീട്ടിലേക്ക് എത്തിയിരിക്കണം.. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ ഇനി യാതൊരു ബന്ധവും ഇല്ല..

അവൻ പാഞ്ഞു വെളിയിലേക്ക് പോയി.

തുടരും….