മംഗല്യ താലി ഭാഗം 90
ഡിസ്ചാർജ് വാങ്ങിയശേഷം മീര ടീച്ചറെ ഓർഫനേജിലേക്ക് ആക്കുവാനായി മഹാലക്ഷ്മി വണ്ടിയുമായി ഡ്രൈവറേ അയച്ചിരുന്നു. അവർ വന്നിട്ട് ഭദ്രയെയും ടീച്ചറേയും ആയിട്ട് പോയത്..
ടീച്ചറമ്മേ….ഭദ്രവിളിച്ചതും മീര അവളെ നോക്കി.
ഒട്ടും വയ്യാതിരിക്കുവല്ലേ… ഇന്നെന്റെ കൂടെ ഞങ്ങളുടെ വീട്ടിലേക്ക് വരാമോ.
വേണ്ട മോളെ… അതൊന്നും ശരിയാവില്ല…എന്നെ ഓർഫനേജിലേക്ക് ആക്കി തന്നാൽ മതി.
ഇങ്ങനെ വാശി പിടിക്കരുത്…. ഞാൻ പറയുന്നത് അനുസരിയ്ക്ക്.
ഹേയ്… ഇല്ല.. ഞാൻ വരുന്നില്ലടാ….
അതെന്താ ടീച്ചർ…
ഒന്നുമുണ്ടായിട്ടല്ല.. ഓർഫനേജിൽ കുട്ടികളെല്ലാവരും എന്നെ കാത്തിരിക്കുകയാണ്..
അവിടെ ചെന്നിട്ട് ടീച്ചറമ്മയുടെ ആരോഗ്യസ്ഥിതി ഒക്കെ നമുക്ക് അറിയിക്കാം.. അതിനുശേഷം എന്റെ കൂടെ പോരണം. ഭദ്ര തീർത്തു പറഞ്ഞു.
മോളെ..
ടീച്ചറിന് എന്താണ് മടിപോലെ… മറ്റാരുമല്ലല്ലോ ഞാനല്ലേ… ഞാൻ സ്വന്തം മകൾ ആണെന്നല്ലേ പറയുന്നത്.. എന്നിട്ട് എന്നോടൊപ്പം കഴിയണമെന്ന് പോലും ടീച്ചറിന് ആഗ്രഹമില്ലേ.
നിന്നോടൊപ്പം ഒരുമിച്ച് ജീവിക്കുവാൻ അല്ലേ ഞാൻ ഇ ത്യാഗങ്ങളൊക്കെ സഹിച്ചത്…എന്നിട്ട് നീയെന്താ മോളെ ഇങ്ങനെ പറയുന്നത്. മീരയുടെ കണ്ണു നിറഞ്ഞു.
രവീന്ദ്രൻ സാർ എന്തോ തിരക്കായിട്ട് പോയതാണ്… വൈകുന്നേരം വീട്ടിലേക്ക് വരും എന്ന് ഹരിയേട്ടൻ വിളിച്ചുപറഞ്ഞതുമാണ്. അതുകൊണ്ടാണ് ഭദ്ര എങ്ങനെയെങ്കിലും മീരടീച്ചറെയും വീട്ടിലേക്ക് കൊണ്ടുവരാമെന്ന് കരുതിയിരിക്കുന്നത്. ഹരിയോട് പറഞ്ഞപ്പോൾ അവൻ എതിർത്തൊന്നും പറഞ്ഞില്ല..
ഓർഭനേജിന്റെ വാതിൽക്കൽ വണ്ടി നിറുത്തിയ ശേഷം മീരയെയും ചേർത്തുപിടിച്ചുകൊണ്ട് ഭദ്ര ഓഫീസിലേക്ക് പോയി.
ടീച്ചറിന് തീരെ വയ്യെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ചെക്കപ്പിനായി രണ്ടുമൂന്നു ദിവസം അടുപ്പിച്ച് ഹോസ്പിറ്റലിൽ പോകണമെന്നും യാത്ര സൗകര്യത്തിനായി താൻ താമസിക്കുന്ന വീട്ടിലേക്ക് ടീച്ചറിനെ കൂടി കൊണ്ടുപോകാനാണ് വന്നതെന്നും ഒക്കെ ഭദ്ര ദേവി അമ്മയോടും അവിടുത്തെ മറ്റ് അന്തേവാസികളോടും പറഞ്ഞു.
ടീച്ചർ പോകുവാണെന്നറിഞ്ഞതും എല്ലാവരുടെയും മുഖം വാടി.
എന്നാൽ പോയിട്ട് രണ്ടു ദിവസത്തിനുള്ളിൽ ടീച്ചറിന്റെ ഹെൽത്ത് ഓക്കെ ആയ ശേഷം ഇവിടേക്ക് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞു സമ്മതിപ്പിച്ചുകൊണ്ട് ആവശ്യത്തിന് ഉള്ള ഡ്രെസ്സും മറ്റു മെഡിസിനും ഒക്കെ എടുത്തു ഭദ്ര അവരെയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയത്.
പോകുംവഴിയ്ക്ക് അവൾ ഹരിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു..
ഹരിയേട്ടാ അമ്മയേ ഒരു പ്രകാരത്തിൽ ഞാൻ കൂട്ടിട്ടുണ്ട്. ഇനി അച്ഛന്റെ കാര്യമാണ്. എന്തായാലും വൈകുന്നേരം വരുമെന്ന് പ്രതീക്ഷിക്കാം.. എനിക്ക് എന്റെ അച്ഛനും അമ്മേം വേണം .. രണ്ടാളും വേണം….ഹരിയേട്ടൻ എന്നെ സഹായിക്കില്ലേ…
താൻ വിഷമിക്കേണ്ട എല്ലാം നേരെയാക്കാം കേട്ടോ. അവൻ മറുപടിയും അയച്ചു.
ഹരിയും ഭദ്രയും താമസിക്കുന്ന വാടകവീട്ടില് അങ്ങനെ മീര ടീച്ചർ വന്നിറങ്ങി. അവർക്ക് വല്ലാത്ത സങ്കടവും ബുദ്ധിമുട്ടും പരവേശവും ഒക്കെയാണ്..
ടീച്ചർ…കയറി വരുന്നേ…ഭദ്ര വിളിച്ചതും മീരടീച്ചർ ഉമ്മറത്തേക്ക് കയറി.
ഭദ്രയപ്പോൾ ചാവി ഉപയോഗിച്ച വാതിൽ തുറക്കുകയായിരുന്നു. രണ്ടാളും കൂടെ ഹോളിലേക്ക് കയറി.
ഇരിയ്ക്ക് ടീച്ചർ.. ഞാൻ ചായ എടുക്കാം..
ഇപ്പൊ ഒന്നും വേണ്ട മോളെ…
സാരല്ല്യ.. ഞാൻ പെട്ടന്ന് എടുക്കാം. ക്ഷീണം ഒക്കെയൊന്നു മാറട്ടെ.
അവൾ അടുക്കളയിലേക്ക് പോയി. വേഗത്തിൽ ചായ റെഡിയാക്കി.
ടീച്ചർ….അവൾ ചായയും കുറച്ചു സ്നാക്ക്സും കൂടി അവർക്ക് കൊണ്ട് പോയി കൊടുത്തു.
മോൾക്ക് വേണ്ടേ…
ഹമ്.. എടുത്തിട്ട് വരാം.തിരിഞ്ഞു വീണ്ടും അവൾ അടുക്കളയിലേക്ക് പോയി.
എന്നിട്ട് ഭദ്രയും കൂടി ഒരു ഗ്ലാസ് ചായ എടുത്തു കൊണ്ടു വന്നിട്ട് ടീച്ചർന്റെ അരുകിൽ ഇരുന്നു.
മോൾക്ക് എന്നോട് ദേഷ്യം ഉണ്ടെന്ന് അറിയാം.. എനിക്ക് വേറെ യാതൊരു മാർഗവും ഇല്ലായിരുന്നു. രവിയേട്ടന്റെ അച്ഛനും അമ്മയും അവരുടെ ബന്ധുക്കളും ഒക്കെ അത്രമേൽ ഭീകരമായിട്ട് എന്നോട് പെരുമാറിയത്. എന്റെ ചെറിയ പ്രായം… ഒരു തിരിച്ചറിവും എനിക്കില്ലായിരുന്നു. രവിയേട്ടനോട് പറയാൻ പോലും ഭയം..അന്നത്തെ എന്റെ ചുറ്റുപാട് അങ്ങനെയൊക്കെ ആയിരുന്നു..ഞാൻ മറ്റൊന്നും ഓർത്തില്ല.. നിന്നെ… നിന്നെ മാത്രം ചിന്തിച്ചു കൊണ്ട് അവിടെ നിന്നും പോന്നത്. മീര കരയുകയാണ്.
സാരമില്ല…എന്റെ ടീച്ചറു വിഷമിക്കണ്ട..പോട്ടെ….അവളവരുടെ കൈകളിൽ കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
എന്നാലും ഈ അമ്മ പാപിയായി പോയി..എത്രയോ തവണ എന്റെ മോള് എന്നോട് ചോദിച്ചിട്ടുണ്ട് എന്റെ അച്ഛനും അമ്മയും ആരാണെന്ന് അറിയുമോ എന്ന്…നിന്നോട് സത്യാവസ്ഥ പറയുവാൻ എനിക്ക് പറ്റിയില്ല.. അറിഞ്ഞു കഴിയുമ്പോൾ നീ എന്നെ വിട്ടു പോകുമോ എന്ന് പോലും ഞാൻ പേടിച്ചു.. അതാണ് മോളെ…നീ.. നീ എനിക്ക് മാപ്പ് തരണം.
മതി പറഞ്ഞത്.. അതെല്ലാം കഴിഞ്ഞില്ലേ..ഇനി ഒന്നും ഓർക്കേണ്ട…ഭദ്ര അവരുടെ തോളിൽ തട്ടി.
രവിയേട്ടൻ പാവമാണ് മോളെ..അദ്ദേഹത്തിനോട് ഒന്നും തുറന്നു പറയാൻ പറ്റിയില്ല. അതുകൊണ്ട് സംഭവിച്ചു പോയതാ…. തെറ്റുകാരി ഞാൻ മാത്രമാണ്.
ഇങ്ങനെയൊക്കെ നടക്കണമെന്നുള്ളത് മുകളിൽ ഇരിക്കുന്നവന്റെ തീരുമാനം ആയിരിക്കും. പോട്ടെ.. കഴിഞതെല്ലാം ഒരു സ്വപ്നം പോലെ കരുതാം….
മോളെ… എനിക്ക് എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതി എന്നേയുള്ളൂ.. നീ ദയവുചെയ്ത് എന്നെ ഓർഫനേജിലേക്ക് കൊണ്ടുപോയി വിടുമോ..
ഇല്ല…. ടീച്ചറമ്മ ഇനി എന്റെ കൂടെ നിന്നൽ മതി.. എവിടേക്കും ഞാൻ അയക്കില്ല….
മോളെ…
വേണ്ട വേണ്ട.. ഇങ്ങോട്ട് ഒരു സംസാരവും വേണ്ട.. എനിക്ക് എന്റെ ടീച്ചറമ്മയേ വേണം. അതുപോലെ എന്റെ അച്ഛനെയും.
ഭദ്ര……അത് വേണ്ട മോളെ.
വേണം.. ഞാനല്ലേ പറയുന്നത്.
രണ്ടാളും സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹരിയുടെ വണ്ടി വരുന്ന ശബ്ദം ഭദ്ര കേട്ടത്.
ഏട്ടൻ വന്നുല്ലൊ.. പറഞ്ഞുകൊണ്ട് അവൾ ചാടി എഴുന്നേറ്റു.
ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടു ഹരിയുടെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന രവീന്ദ്രൻ സാർ.
മംഗല്യ താലി ഭാഗം 91
ഹരിയേട്ടന്റെ ഒപ്പം രവീന്ദ്രൻസാറും അകത്തേക്ക് കയറി വന്നപ്പോൾ ഭദ്ര അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
മോളെ…..അതീവ വാത്സല്യത്തോടെ അയാൾ അവളെ ചേർത്തുപിടിച്ചു..
വരൂ സർ…..
അവൾ വിളിച്ചതും അയാളുടെ നെറ്റി ചുളിഞ്ഞു.
സാറോ…. ഞാൻ നിന്റെ സാറാണോ മോളെ…..ഇനി മേലിൽ അങ്ങനെ വിളിക്കരുത് കേട്ടോ.
ചെറുതായ് അവളെ ശകാരിച്ചു കൊണ്ട് രവീന്ദ്രൻ കണ്ണുരുട്ടി.
ഹരിയോടും ഞാനീക്കാര്യം പറഞ്ഞതെയൊള്ളു.. എന്നെ നിങ്ങൾ രണ്ടാളും ഇനിയങ്ങനെ വിളിക്കരുത് ന്നു.
ഹരിയ്ക്ക് പക്ഷെ അത് മാറ്റാൻ ബുദ്ധിമുട്ട് ഉണ്ടത്രേ.. ഒരു കാര്യം ചെയ്യാം, എന്നെ ഇനി മുതൽ അങ്കിൾ എന്ന് വിളിച്ചോളമെന്ന് ഇയാള് തന്നെ സൊല്യൂഷനും നിർദ്ദേശിച്ചു കേട്ടോ.
ചെറിയ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് രവീന്ദ്രൻ വീടിന്റെ ഉള്ളിലേക്ക് കയറി.
അപ്പോളാണ് അയാൾ മീരയെ കണ്ടത്. പെട്ടെന്ന് രവീന്ദ്രന്റെ ഭാവം മാറി…അയാൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
ടീച്ചർ എപ്പോ വന്നു? ഹരി അവരുടെ അടുത്തേക്ക് ചെന്നു.
കുറച്ചു സമയമായി.. ഹരി എന്നെ ഓർഭാനേജിലേക്ക് കൊണ്ട് പോയി വിടാമോ.
ഓർഫനേജിലെ ജോലിയിൽ നിന്നൊക്കെ കുറച്ച് റസ്റ്റ് എടുക്കാം ടീച്ചർ… ഇനിമുതൽ ടീച്ചർ കഴിയേണ്ടത് അവിടെ അല്ല. സാറിന്റെ ഓഹ് സോറി സോറി, അങ്കിളിന്റെ കൂടെയാണ്.. ശരിയല്ലേ അങ്കിൾ.
ഹരി രവീന്ദ്രനെ നോക്കി,എന്നാൽ അയാളുടെ മുഖത്ത് ദേഷ്യം ആയിരുന്നു.
ഞാൻ കോഫി എടുക്കാം..ഹരിയേട്ടാ..ഇരിയ്ക്ക് കേട്ടോ. ഭദ്ര പെട്ടെന്ന് അടുക്കളയിലേക്ക് മടങ്ങി. മീരയ്ക്ക് ആകെ ബുദ്ധിമുട്ടായി.
അവർ കുനിഞ്ഞ മുഖത്തോടെ, സങ്കടപ്പെട്ടു നിന്നപ്പോൾ ഹരി വന്നിട്ട് ടീച്ചറുടെ കയ്യിൽ പിടിച്ചു.
എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്…. ഇത്രയും എല്ലാം ഉള്ളിൽ ഒതുക്കിക്കൊണ്ട് കാലം സങ്കടപ്പെട്ട് ജീവിച്ചില്ലേ.ഇനിയിപ്പോ കഴിഞ്ഞതെല്ലാം മറക്കുക… ഈശ്വരന്റെ അനുഗ്രഹം കൂടെ ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊക്കെ നടന്നതെന്ന് രണ്ടാളും വിശ്വസിക്കുക.. എന്നിട്ട് ശേഷിക്കുന്ന കാലം സന്തോഷത്തോടെ സമാധാനത്തോടെ കഴിയുവാൻ മീരടീച്ചറിനും അങ്കിളിനും സാധിക്കട്ടെ..ഹരി ഇരുവരെയും മാറിമാറി നോക്കി കൊണ്ട് പറഞ്ഞു.
ഭദ്ര എല്ലാവർക്കും വേണ്ടി ചായയുമായിട്ട് വന്നു..
മോളെ… ഞാനിപ്പോൾ കുടിച്ചതല്ലേ ഉള്ളൂ…എനിക്ക് വേണ്ടായിരുന്നു…
ഇരിയ്ക്ക് ടീച്ചർ… ഇത്തിരി ചായ കൂടി കുടിയ്ക്കാമല്ലോ.
ഹരി നിർബന്ധിച്ചപ്പോൾ മീര വല്ലാത്ത വിമ്മിഷ്ടത്തോടെ ഭദ്രയെ നോക്കി.
അങ്കിൾ……അവൻ ഒരു കപ്പ് ചായ എടുത്ത് രവീന്ദ്രന് കൊടുത്തു.
വല്ലാതെ കലുഷിതമായ മാനസികാവസ്ഥയിലാണ് രവീന്ദ്രനും മീരയും കടന്നുപോകുന്നത് എന്നുള്ളത് ഹരിക്ക് അറിയാം. അവർ തുറന്നു സംസാരിക്കട്ടെ…അതാണ് അവർക്ക് കൊടുക്കുവാൻ പറ്റിയ ഏറ്റവും വലിയ കാര്യമെന്ന് അവന് തോന്നി..അല്ലേലും പരസ്പരം പറഞ്ഞുകഴിയുമ്പോൾ ആണല്ലോ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കാണുവാൻ സാധിക്കുന്നത്.
ഒരു പ്രകാരത്തിൽ ചായകുടിച്ച് തീർത്ത ശേഷം മീര ഗ്ലാസുമായി അടുക്കളയിലേക്ക് ഓടി പോയി.
മെല്ലെ രവീന്ദ്രന്റെ കണ്ണുകൾ അവൾ പോയ വഴിയെ നീങ്ങുന്നത് ഹരിയുടെ മനസ്സിൽ ഒരു നിലാവ് പെയ്തിറങ്ങി….അപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും മീരടീച്ചറോട് സ്നേഹമാണ്… അതാണ് താൻ ഇപ്പോൾ കണ്ടത്.
******
ഹോസ്പിറ്റലിൽ നിന്നും വന്നശേഷം ചടഞ്ഞു കൂടി കിടക്കുന്നതാണ് മഹാലക്ഷ്മി.
കുറച്ചുനാളുകളായിരുന്നു ബ്രസ്റ്റിൽ ഒരു തടിപ്പ് പോലെ തോന്നിയിട്ട്. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല.. പിന്നീട് അതിന്റെ ഗ്രോത്ത് വർദ്ധിക്കുന്നതായി അവർക്ക് തോന്നിത്തുടങ്ങി.. എങ്കിലും ഡോക്ടറെ കാണുവാൻ പോകുവാനായി ആ മനസ്സ് അനുവദിക്കുന്നില്ല. അഥവാ ഇതൊരു മഹാരോഗത്തിലേക്ക് വഴിമാറുവാനുള്ള നീക്കം ആണോ എന്ന് ചിന്തിക്കുമ്പോൾ ശരീരം തളർന്നു പോകുന്നതു പോലെ ആയിരുന്നു. രണ്ടുമൂന്നു ദിവസങ്ങൾ ആയിട്ട് വല്ലാത്ത ക്ഷീണവും പരവേശവും ഒക്കെ. ഒന്നിനോടും ഒരു ഉഷാറില്ല. ഓഫീസിലേക്ക് പോകാൻ ഒന്നും വയ്യാതെ വരുന്നതുപോലെ ഫീൽ ചെയ്തപ്പോൾ ഒരു ഡോക്ടറെ കാണാമെന്ന് ഒടുവിൽ അന്തിമ തീരുമാനത്തിൽ എത്തുകയായിരുന്നു.
എങ്കിലും പേടിക്കേണ്ടതായി പ്രശ്നമൊന്നും ഇല്ലെന്നും, ഇതൊരു ഫൈബ്രോയ്ഡ് ആണെന്നും, റിമൂവ് ചെയ്തു കഴിയുമ്പോൾ ഒക്കെ ആകും എന്നുമൊക്കെ ഡോക്ടർ പറയുന്നതായി പ്രത്യാശിച്ചു കൊണ്ടായിരുന്നു ഒപിയിലേക്ക് ചെന്നത്… പക്ഷേ അവരുടെ വാക്കുകൾ… അത് ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്…
ലക്ഷ്മിഅമ്മേ..
ഭാമ വാതിൽക്കൽ വന്നു വിളിച്ചതും അവർ ഞെട്ടി മുഖം തിരിച്ചു നോക്കി.
എഴുന്നേറ്റ് വരുന്നില്ലേ ഇതെന്തൊരു കിടപ്പാണ്…. ഇങ്ങനെ ഒരിക്കലും ഒരു പതിവില്ലാത്തതു കൊണ്ടാണ് ഞാൻ വിളിച്ചത് കേട്ടോ…
നേരം അപ്പോൾ 7 മണി ആയിരുന്നു..മുടങ്ങാതെ ത്രിസന്ധ്യയ്ക്ക് കുളിച്ചു വിളക്ക് കൊളുത്തി നാമം ജപിക്കുന്ന പതിവുള്ള ആളാണ്.. ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് വന്നശേഷം റൂമിൽ കയറി വാതിൽ ചാരിയിട്ട് കിടക്കുന്നു. അതിൽ സംശയം തോന്നിയിട്ടാണ് ഭാമ വന്നത്..
ആഹ്… ഞാൻ വരുവാ ഭാമേ..നീ പൊയ്ക്കോളൂ..
ഹ്മ്മ്…അവൾ പിൻവാങ്ങി.
മുറ്റത്ത് ഏതോ ഒരു വാഹനം നിന്നത് പോലെ തോന്നിയതും മഹാലക്ഷ്മി ജനാലയുടെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി.
അനിരുദ്ധൻ ആയിരുന്നു അത്…അവനെ കണ്ടതും അവരുടെ മിഴികൾ നിറഞ്ഞു.
അമ്മേ….പാഞ്ഞു വന്നിട്ട് അവൻ അവരെ കെട്ടിപ്പിടിച്ചു
അമ്മയ്ക്ക് എന്തുപറ്റി….
അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല മോനെ…ചെറിയൊരു ക്ഷീണവും അസ്വസ്ഥതയും ഒക്കെ. അമ്മ ഹോസ്പിറ്റലിൽ പോയിട്ട് വന്നതാണ്.ഐശ്വര്യ എവിടെ?
അവൾ വന്നില്ല.. ഹരി ആയിരുന്നു എന്നോട് അമ്മയ്ക്ക് വയ്യ എന്ന് വിളിച്ചു പറഞ്ഞത്, ഞാനപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു, പക്ഷേ എനിക്ക് ഓഫീസിൽ അത്യാവശ്യമായിട്ട് പോകേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയുടെ അടുത്തേക്ക് വരാൻ ലേറ്റ് ആയത്..
അതൊന്നും സാരമില്ല നീ ഇരിക്ക്.. സൂസമ്മ അനിയ്ക്ക് ചായ എടുക്ക് കേട്ടോ.
അവർ വിളിച്ചു പറഞ്ഞു..
അമ്മയ്ക്ക് കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് അനിരുദ്ധന് വ്യക്തമായി..കാരണം അത്രമേൽ ക്ഷീണത്തിൽ മഹാലക്ഷ്മിയെ അവൻ കണ്ടിട്ടേയില്ല..
ഈശ്വരാ തന്റെ അമ്മയുടെ ആരോഗ്യത്തിൽ കുഴപ്പങ്ങളൊന്നും വരുത്തരുതേ എന്ന് മാത്രമേ അവനും അപ്പോൾ പ്രാർത്ഥിക്കുവാൻ കഴിയുമായിരുന്നുള്ളൂ..
ഈ സമയത്ത് കമ്പനി ഏറ്റെടുക്കണം എന്ന് മഹാലക്ഷ്മി പറഞ്ഞ വിവരങ്ങളൊക്കെയും രവീന്ദ്രൻ ഹരിയോട് അവതരിപ്പിച്ചു. കേട്ടതും അവൻ ഞെട്ടിപ്പോയ്.
അമ്മ… അമ്മ വിളിച്ചിട്ട് അങ്ങനെയൊക്കെ പറഞ്ഞോ അങ്കിൾ.
ഹ്മ്മ്… വിളിക്കുക മാത്രമായിരുന്നില്ല, മഹാലക്ഷ്മി എന്നെ നേരിട്ട് കാണുവാനായി വന്നിരുന്നു. അതിനുവേണ്ടിയാണ് ഞാൻ ഹോസ്പിറ്റലില്‍ നിന്നും ഒരാളെ കാണുവാൻ ഉണ്ടെന്നു പറഞ്ഞു തിടുക്കപ്പെട്ട് പോയതും..
രവീന്ദ്രൻ പറഞ്ഞു നിറുത്തി
മംഗല്യ താലി 92
മഹാലക്ഷ്മി എന്നെ നേരിട്ട് കാണുവാനായി വന്നിരുന്നു. അതിനുവേണ്ടിയാണ് ഞാൻ ഹോസ്പിറ്റലില്‍ നിന്നും തിടുക്കപ്പെട്ട് പോയതും..
രവീന്ദ്രൻ പറഞ്ഞു നിറുത്തി. അമ്മ വന്നിട്ട് അങ്ങനെയൊക്കെ പറഞ്ഞുന്നോ…അങ്കിൾ എന്നിട്ട് എന്ത് മറുപടി കൊടുത്തു.
ഞാന് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ആലോചിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞുപോന്നത്.
ഹമ്…
ഹരി…. എന്താണ് ചെയ്യേണ്ടത് എന്ന് മോൻ പറഞ്ഞോളൂ. കമ്പനി ടേക്ക് ഓവർ ചെയ്യണോ അതോ…
നോ സർ.. അതിന്റെ ആവശ്യം ഒന്നുമില്ല..ഞാന് നാളെ ഓഫീസിലേക്ക് പൊയ്ക്കോളാം. എന്നിട്ട് അനിയേട്ടനുമായി ഡിസ്കസ് ചെയ്യട്ടെ..
ഓക്കേ… എന്തായാലും മോൻ അമ്മയെ വിളിച്ച് ഒന്ന് സംസാരിക്കുക കേട്ടോ. ഇല്ലെങ്കിൽ അവർക്ക് ആകെ ടെൻഷൻ ആകും.
ഓക്കേ അങ്കിൾ. ഹരി തല കുലുക്കി സമ്മതിച്ചു.
ഹരിയേട്ടാ… കാൾ ഉണ്ടല്ലോ..ഭദ്ര വിളിച്ചതും ഹരി ഫോൺ എടുക്കുവാനായി പോയി.
അനിരുദ്ധൻ ആയിരുന്നു
ഹലോ അനിയേട്ടാ.
ആഹ് ഹരി.. തിരക്കിൽ ആണോടാ.
അല്ല.. എന്താ ഏട്ടാ..
അമ്മയ്ക്ക് പിന്നേം ഒരു വയ്യാഴിക പോലെ വന്നു. ഞാൻ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.
ങേ… എന്നിട്ടോ.. ഏട്ടനിപ്പോ ഹോസ്പിറ്റലിൽ ആണോ.
അതേടാ… ടെൻഷൻ ആകേണ്ട.. ഞാൻ ജസ്റ്റ് പറഞ്ഞുന്നേ ഒള്ളു.
ഏട്ടൻ വെച്ചോളു. ഞാൻ ഇപ്പൊ വരാം..
വേണ്ട മോനേ. ധൃതി ഇല്ല… പിന്നെ അമ്മ കാര്യങ്ങൾ ഒക്കേ പറഞ്ഞു.മീര ടീച്ചർ..
ടീച്ചർ ഇപ്പോൾ ഞങ്ങളു ടെ കൂടെയുണ്ട്..ഏട്ടൻ വെച്ചോളൂ. ഞാൻ ഇറങ്ങുവാ
ഹരി കാൾ കട്ട് ചെയ്തു.
എന്താ ഹരിയേട്ടാ..എന്താ പ്രശ്നം, ഭദ്ര അവനെ നോക്കി.
അമ്മ ഹോസ്പിറ്റലിൽ ആണെന്ന്.. ഞാനെ ഒന്നു പോയിട്ട് വരാം..പിന്നേം അമ്മയ്ക്ക് വയ്യാണ്ടായി
ഏട്ടാ ഞാനും കൂടി വരാം. രണ്ട് മിനുട്ട്.. ഈ വേഷമൊന്ന് മാറട്ടെ.
വേണ്ട ഭദ്ര… ഇവിടെ ടീച്ചറമ്മയും അങ്കിളും ഒക്കെ ഉള്ളതല്ലേ.
അപ്പോളേക്കും മീരയും അവരുടെ അടുത്തേക്ക് വന്നു.
മോളെ.. ഞാനും ഹരിയും കൂടി പോയ്ക്കോളാം.നിങ്ങൾ രണ്ടാളും ഇവിടെ നിന്നോളൂ. മീരക്ക് ക്ഷീണം ഉള്ളതല്ലേ. രവീന്ദ്രൻ പറഞ്ഞതും മീരയുടെ മുഖം താണ് പോയി.
അങ്ങനെ ഹരിയും രവീന്ദ്രനും കൂടി ഹോസ്പിറ്റലിലേക്ക് പോയത്.
ടീച്ചറമ്മേ….ഞാനും കൂടി പോകേണ്ടതായിരുന്നു.. ഐശ്വര്യ കൂടി വരാത്ത സ്ഥിതിക്ക്.സ്ത്രകൾ ആരെങ്കിലും വേണോ ആവോ
ആ കുട്ടി അവിടെ ഇല്ലേ മോളെ…
ഇല്ല ടീച്ചറമ്മേ… ഐശ്വര്യ അവരുടെ വീട്ടിൽ നിന്നും വന്നില്ലത്രേ, അങ്ങനെയാണ് അനിയേട്ടൻ പറഞ്ഞത്..
എന്തായാലും ഹരി ചെന്നിട്ട് വിളിയ്ക്കുമല്ലോ.. എന്നിട്ട് തീരുമാനിക്കാം മോള് ടെൻഷൻ ആകേണ്ട.
അവർ അവളെ സമാധാനിപ്പിച്ചു
******
ഐശ്വര്യയാണെങ്കിൽ അനിരുദ്ധന്റെ വീട്ടിലേക്ക് തിരിച്ചു പോകില്ലെന്ന് പറഞ്ഞ് ആകെ ബഹളം ആയിരുന്നു. എന്നാൽ അവളുടെ ഡാഡിയും മമ്മിയും ചേർന്ന് അവളെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് മഹാലക്ഷ്മിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നുള്ളത്.
അത് കേട്ടതും ഐശ്വര്യയ്ക്ക് രംഗം പന്തി അല്ലെന്നു തോന്നി. തന്നെയും അനിയേട്ടനെയും തിരിച്ചുകൊണ്ടുവരാനായി അവർ ഒരിക്കൽ നാടകമാകും എന്നായിരുന്നു സത്യത്തിൽ അവൾ വിചാരിച്ചത്. പക്ഷേ സൂസമ്മച്ചിയാണ് വിശദവിവരങ്ങളൊക്കെ ഐശ്വര്യയെ അറിയിച്ചത്. ഉടനെ തന്നെ അവൾ ഡാഡിയെയും മമ്മിയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ ഹരിയും അനിരുദ്ധനും ഉണ്ടായിരുന്നു. ഹരിയോടൊപ്പം രവീന്ദ്രൻ നിൽക്കുന്നത് അവൾ കണ്ടുവെങ്കിലും ആളെ അവൾക്ക് പിടികിട്ടിയില്ല.
ഐശ്വര്യയെ കണ്ടതും അനിരുദ്ധന്റെ മുഖം വലിഞ്ഞു മുറുകി..
അവളുടെ ഡാഡി വന്നിട്ട് അനിരുദ്ധനോട് സംസാരിച്ചപ്പോൾ അവൻ മാന്യമായ രീതിയിലാണ് അയാളോട് മറുപടിയും പറഞ്ഞത്.
ഈവനിംഗ് ടൈം ആയതുകൊണ്ട് മേജർ ആയിട്ടുള്ള ഡോക്ടർസ് ഒക്കെ പോയിരുന്നു എന്നും, ഡ്യൂട്ടി ഡോക്ടേഴ്സ് എമർജൻസി ആയിട്ട് ഏതൊക്കെയോ ഡോക്ടറെ വിളിച്ചുവരുത്തി അമ്മയെ ചെക്കപ്പ് ചെയ്യുകയാണെന്ന് അവൻ പറഞ്ഞു..
അനിരുദ്ധനുമായി സംസാരിക്കുവാനായി ഐശ്വര്യ ചെന്നുമെങ്കിലും അവൻ മുഖം തിരിച്ചു കളഞ്ഞു.
സോറി അനിയേട്ടാ.. ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. റിയലി സോറി. അവൾ അവനെ നോക്കി ക്ഷമാപണം നടത്തി.
അനിരുദ്ധൻ പക്ഷേ അത് കേട്ട് ഭാവം പോലും നടിച്ചില്ല..താൻ ഹോസ്പിറ്റലിലേക്ക് വരാമെന്ന് പറഞ്ഞ് ഭദ്ര ഹരിയെ വിളിച്ചപ്പോൾ, ഐശ്വര്യയും അവളുടെ ഫാമിലിയും ഒക്കെ വന്നിട്ടുണ്ടെന്ന് ഹരി പറഞ്ഞു
അവളോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ഒരു ഡോക്ടർ പുറത്തേക്ക് ഇറങ്ങിവന്നു. പെട്ടെന്ന് തന്നെ ഹരി ഫോൺ വെച്ചു.
അമ്മയ്ക്ക് എമർജൻസി ആയിട്ട് സർജറി ചെയ്യണമെന്നും, ബയോപ്സിയുടെ റിസൾട്ട് വരുന്നതുവരെ വെയിറ്റ് ചെയ്യുന്നില്ല എന്നുമൊക്കെ ഹോസ്പിറ്റലിലെ ഏറ്റവും മേജർ ആയിട്ടുള്ള സർജൻ വന്നിട്ട് അവരെ അറിയിച്ചു.
60% ക്യാൻസർ ആവാനാണ് സാധ്യത എന്നും, ചിലപ്പോൾ മറിച്ച് എന്തെങ്കിലും മുഴയോ മറ്റൊ ആവമെന്നും അവർ പറഞ്ഞു..ബ്ലഡ് ടെസ്റ്റ് നടത്തിയതിൽ പ്രത്യേകിച്ച് ഗുരുതരമായിട്ടുള്ളതൊന്നും കണ്ടെത്താനായിട്ടില്ലെന്നും, ഒരുപക്ഷേ ക്യാൻസറിന്റെ ആരംഭം ആയിരിക്കുമെന്നും, ഉറപ്പ് പറയണമെന്നുണ്ടെങ്കിൽ ബയോപ്സിയുടെ റിസൾട്ട് മാത്രമാണ് ഏക ആശ്രയം എന്നുമൊക്കെ ഡോക്ടർ അവരോട് പറഞ്ഞു കൊടുത്തു. എല്ലാറ്റിനും സമ്മതം മൂളുകയായിരുന്നു ഹരിയും അനിരുദ്ധനും ചേർന്ന്.
അമ്മയെ ശസ്ത്രക്രിയയ്ക്ക് കയറ്റുകയാണെന്ന് ഹരി പറഞ്ഞപ്പോൾ ഭദ്രയ്ക്ക് വന്നേ തീരൂ.
മീരടീച്ചറെ ഒറ്റയ്ക്കാക്കിയിട്ട് എങ്ങനെയാണ് പോരുന്നത് എന്ന് ചോദിച്ച് ഹരി അവളെ വഴക്ക് പറഞ്ഞു.
മോനേ… ടീച്ചറിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല, ഞങ്ങൾ രണ്ടാളും കൂടി വന്നോളാം. ഭദ്രയുടെ കയ്യിൽ നിന്നും ഫോൺ മേടിച്ച് ഹരിയോട് ടീച്ചറും സംസാരിച്ചു.
ഒടുവിൽ പോളേട്ടനെ വിളിച്ച് അവൻ അവരെ രണ്ടാളെയും ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു..
പത്തിരുപത് മിനുട്ട്നുള്ളിൽ പോൾ ഭദ്രയുടെ വീട്ടിൽ എത്തിച്ചേർന്നു.
ആഹാ, മീര ടീച്ചർ എന്താ ഇവിടെ…? പോള് വണ്ടി കൊണ്ട് വന്നു നിറുത്തിയിട്ട് അവരെ നോക്കി ചോദിച്ചു..
പോളേട്ടാ അതൊക്കെ പറയാം വലിയൊരു കഥ തന്നെയാണ്… എന്നാൽ അതിനേക്കാൾ ഉപരി ഇപ്പോൾ അർജന്റായിട്ടുള്ളത് അമ്മയുടെ സർജറിയാണ്.. അതുകൊണ്ട് നമുക്ക് ആദ്യം ഹോസ്പിറ്റലിലേക്ക് പോകാം.
ഭദ്ര പെട്ടന്ന് അയാളോട് പറഞ്ഞു.
എന്നാ മോളെ… മാഡത്തിന് എന്തുപറ്റി..
അമ്മയ്ക്ക് അമ്മയുടെ ബ്രസ്റ്റിൽ ഒരു മുഴ വന്നതാണ്. എത്രയും പെട്ടെന്ന് അത് റിമൂവ് ചെയ്യണം, ഹരിയേട്ടനും അനിയേട്ടനും ഒക്കെ ഹോസ്പിറ്റലിൽ ഉണ്ട്. വണ്ടിയിലേക്ക് കയറുന്നതിനിടയിൽ ഭദ്ര പറഞ്ഞു.
കുഴപ്പം വല്ലതുമുണ്ടോ മോളെ..
ഒന്നുമറിയില്ല പോളേട്ടാ…. സർജറിക്ക് കയറ്റിയതേയുള്ളൂ..
പിന്നീട് ഹോസ്പിറ്റലിൽ എത്തും വരെയും അവർ കാര്യമായിട്ട് ഒന്നും സംസാരിച്ചിരുന്നില്ല..വണ്ടി നിറുത്തിയതും ഭദ്രയും മീരയും കൂടി പോളിനോട് അകത്തേക്ക് വന്നേക്കാൻ പറഞ്ഞശേഷം പെട്ടെന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു.
തുടരും….
