ശിശിരം 129
താൻ വാങ്ങിക്കൊണ്ട് വന്ന ഡ്രെസ്സിൽ നിന്നും ഒരു നൈറ്റി മാത്രം എടുത്ത ജയന്തി ചേച്ചിയെ നകുലൻ വീണ്ടും നോക്കി.
ചേച്ചി….. ഞങ്ങൾ അത്രയ്ക്ക് സ്നേഹത്തോടെ ഇതെല്ലാം മേടിച്ചോണ്ട് വന്നിട്ട് ചേച്ചി ഇതെന്താ ഇങ്ങനെ….
മോനെ… ചേച്ചിയ്ക്ക് ഡ്രെസ്സൊക്കെ ഉണ്ട്.. അതുകൊണ്ട് പറഞ്ഞതാന്നേ. വേറൊന്നും ഓർക്കല്ലേ.
അമ്മു എഴുന്നേറ്റു വന്നിട്ട് അവർക്കായി വാങ്ങിയതെല്ലാം എടുത്തു, എന്നിട്ട് ചേച്ചിയുടെ അടുത്തേയ്ക്ക് ചെന്നിട്ട് അവരുടെ കൈയിൽ കൊടുത്തു..
യ്യോ… എന്റെ മോളെ, ഇത് എന്തോരം ആണെന്നെ… ഇത്രയൊന്നും വേണ്ട കേട്ടോ. .
ചേച്ചി.. കഷ്ടംഉണ്ട് കേട്ടോ.. ഇങ്ങനെയൊന്നും പറയല്ലേ,, സന്തോഷമായിട്ട് ഇതൊക്കെ അങ്ങ് വാങ്ങിക്ക്..
അവർ അതെല്ലാം വാങ്ങിച്ച് അവരുടെ മുഖത്തേക്ക് ചേർത്തു. എന്നിട്ട് അമ്മുവിനെ നോക്കിയപ്പോൾ ചേച്ചിയുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ട്.
ഇതൊക്കെ കൊണ്ട് പോയി റൂമിൽ വെച്ചിട്ട് വരു ചേച്ചി, അമ്മു പറഞ്ഞപ്പോൾ അവർ അതെല്ലാം ആയിട്ട് അവര് കിടക്കുന്ന മുറിയിലേക്ക് പോയി..
നകുലൻ വളയെടുത്ത് അമ്മുവിന് നേർക്ക് നീട്ടിയപ്പോൾ അവൾ അത് വാങ്ങി.
ഏട്ടാ… ചേച്ചിയ്ക്ക് ഇത് മേടിക്കാനും ബുദ്ധിമുട്ട് ആയിരിക്കും അല്ലെ.
ശബ്ദം താഴ്ത്തി അമ്മു അവനോട് പറഞ്ഞു.
ഹമ്… അത് സാരമില്ല, എന്തായാലും നമ്മള് വാങ്ങിച്ചത് ചേച്ചിയ്ക്ക് കൊടുത്തിരിക്കും..
അമ്മു ചെറിയ ചിരിയോടെ അവനെ നോക്കി അവളുടെ തള്ള വിരൽ ഉയർത്തി കാണിച്ചു.
ചേച്ചിയെ വിളിയ്ക്ക്… റൂമിൽ കരഞ്ഞോണ്ട് നിൽപ്പാരിയ്ക്കും.
നകുലേട്ടാ..നാളെ നമ്മോടൊപ്പം ചേച്ചിയും കൂടി വരുന്ന കാര്യം പറഞ്ഞേക്കാം അല്ലെ. എന്തിനാ വെറുതെ പാവത്തിനെ സങ്കടപ്പെടുത്തുന്നെ.
ഹമ്.. അതേടാ… അത് കറക്റ്റ് ആണ്. നകുലനും ശരി വെച്ചു.
ചേച്ചി…. ഇതെവിടെയാ.. ഇങ്ങു വന്നേ..
അമ്മു വിളിച്ചപ്പോൾ ജയന്തി ചേച്ചി കണ്ണീരൊക്ക തുടച്ചു കളഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് വീണ്ടും വന്നു…
ഇതെന്താ ഇങ്ങനെ കരയുന്നെ.. കഷ്ടം ഉണ്ട് കേട്ടോ.. ഞങ്ങളെക്കൂടി വിഷമിപ്പിയ്ക്കുവാണോ.
അവൾ ചോദിച്ചപ്പോൾ ജയന്തി ചേച്ചിയൊന്നു പുഞ്ചിരിയ്ക്കുവാൻ ശ്രെമിച്ചു
മോളെ….. ഒരുപാട് വീടുകളിൽ ഞാൻ ജോലിക്ക് പോയി നിന്നിട്ടുണ്ട്. ഒരു മാസത്തേയ്ക്കും ഒരു വർഷത്തേയ്ക്കും ഒക്കെ.. പക്ഷെ എന്താണെന്ന് അറിയില്ല, നിങ്ങളുടെ അടുത്ത നിന്നിട്ട് പോകുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം… ചിലപ്പോൾ നമ്മള് ഒരുപാട് അടുത്ത് പോയത് കൊണ്ട് ആവാം.. കുഞ്ഞും മോളും ഒക്കെ എന്റെ ജീവിതത്തിലെ ആരൊക്കെയൊ ആണെന്ന് ഓർത്തു പോയി..അതാ.
ഞങ്ങളു ചേച്ചിടെ ആരോ ആണെന്നോ… അങ്ങനെ ഓർത്തോണ്ട് ഇരിക്കുവാ… അത് ശരിയല്ലലോ ചേച്ചി…
നകുലൻ പറഞ്ഞപ്പോൾ ജയന്തി ചേച്ചിടെ മുഖം താണ് പോയി.
അവൻ എഴുന്നേറ്റ് വന്നിട്ട് ചേച്ചിടെ മുഖം പിടിച്ചു ഉയർത്തി.
ആരോ ആണെന്ന് അല്ല കേട്ടോ… ഇത് ചേച്ചിടെ മോൾ ആണ്, ഞാൻ ചേച്ചിടെ മോൾടെ ഭർത്താവും.. പിന്നെ അമ്മമ്മേടെ കുഞ്ഞു വാവയാണ് തൊട്ടിലിൽ കിടന്ന് ഉറങ്ങുന്നത്…
അവൻ പറയുന്ന കേട്ട് ചേച്ചി നകുലനെ നോക്കി ബദ്ധപ്പ്ട്ട് ഒന്ന് ചിരിച്ചു.
അമ്മു വന്നിട്ട് അവരുടെ കവിളിൽ ഒരു മുത്തം കൊടുത്തപ്പോൾ പാവം ചേച്ചി അവളെ കെട്ടിപിടിച്ചു കരഞ്ഞു പോയി.
എന്റെ ചേച്ചിയല്ല.. അമ്മയാണ്,…. സതിയമ്മേ പോലെ ഞാൻ സ്നേഹിച്ചത് എന്റെ ജയന്തിചേച്ചിയെ ആണ്.. എന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ എനിക്ക് ചെയ്തു തരുന്നതു പോലെ തന്നെയാണ്, എല്ലാ കാര്യങ്ങളും ചേച്ചി ചെയ്തു തന്നത്. സ്വന്തം മകളെ പോലെയാണ് ചേച്ചി എന്നെ ശുശ്രൂഷിച്ചത്.ഞാനും നകുലേട്ടനും ജീവിച്ചിരിക്കുന്നത്രേം കാലം ചേച്ചിയും ഞങ്ങളുടെ ഒപ്പം കാണും… അത് എവിടെയാണോ അവിടെ… ഇനി ഒരിടത്തേയ്ക്കും ചേച്ചിയെ ഞങ്ങൾ പറഞ്ഞു അയക്കില്ല.. ഞങ്ങളുടെ കുടുംബത്തിലെ ഒരാള് തന്നെയാണ് ചേച്ചിയും..
അമ്മു പറഞ്ഞത് കേട്ട്കൊണ്ട് വിശ്വസിക്കാനാവാതെ നിൽക്കുകയാണ് ചേച്ചി.
എന്താ ഇങ്ങനെ നോക്കുന്നത്, ഞാൻ പറഞ്ഞതൊക്കെ സത്യമാണ്, ഞങ്ങളുടെ കൂടെ ചേച്ചിയും നാളെ നാട്ടിലേക്ക് വരുന്നുണ്ട്, അവിടെ കുറച്ചു ദിവസം നിന്നിട്ട് നമ്മൾ വീണ്ടും മടങ്ങി വരും, ഇനി ഒരിടത്തേക്കും ചേച്ചി പോകണ്ട, എന്റെ നകുലേട്ടന്റെയും വാവയുടെ ഒക്കെ കൂടെ, ചേച്ചിക്ക് താമസിക്കാം. ഒരിക്കലും ഒരു ജോലിക്കാരി ആയിട്ടല്ല, ഞങ്ങളുടെ കുടുംബത്തിലെ അമ്മ തന്നെയാണ് ചേച്ചി.
അവൾ പറയുന്നതൊക്കെ കേട്ടുകൊണ്ട് അവരു പിന്നെയും കണ്ണീർ പൊഴിച്ചു.
ചേച്ചി… ഇതെന്തിനാ ഇങ്ങനെ കരയുന്നത്, ഞങ്ങൾക്കു കൂടി സങ്കടമാകും കേട്ടോ.
അവരുടെ വലത്കൈയിലേക്ക് അമ്മു ഒരു വളകൂടി ഇട്ടു കൊടുത്തു.
കുഞ്ഞിനേയും എന്നെയും ഒക്കെ നോക്കിയത്തിനുള്ള കൂലി യായിട്ടു ഇത് കാണരുത് കേട്ടോ, എന്റെ അമ്മയ്ക്ക് ഞാനും ഏട്ടനും വാങ്ങികൊടുത്തത് പോലെ കണ്ടാൽ മതി..
അവരുടെ ഇരു കവിളിലും പിടിച്ചു കുലുക്കിക്കൊണ്ട് അമ്മു പറഞ്ഞു.
മോളെ… ഡ്രസ്സ് ഒക്കെ വാങ്ങി തന്നില്ലേ,, ഇ വള ഇത് എനിക്ക് വേണ്ട മോളെ …
അതെന്താ ചേച്ചി. ചേച്ചിക്ക് ഇഷ്ടമായില്ലെങ്കിൽ നമുക്ക് മാറിയെടുക്കാം കേട്ടോ..
നകുലനായിരുന്നു അവരോട് പറഞ്ഞത്.
അയ്യോ സത്യമായിട്ടും ഇഷ്ടമാകാഞ്ഞത് അല്ല മോനെ.. ഇത്രയും വിലയുള്ള സാധനം ഒന്നും എനിക്ക് വേണ്ട,, മക്കൾ ഇതുമാത്രം ചേച്ചിയെ നിർബന്ധിക്കരുത്.
വള ഊരി മാറ്റുവാൻ അവർ ശ്രമിച്ചപ്പോൾ അമ്മു അത് തടഞ്ഞു.
അതേയ്…. ഞങ്ങൾ ചേച്ചിയുടെ മക്കളാണ്, സ്വന്തം അമ്മയ്ക്ക് എന്ത് കൊടുത്താലും മക്കൾക്ക് മതിയാവില്ല, അതുകൊണ്ട് മേലിൽ ഈ കയ്യിൽ നിന്നും ഈ വള ഊരി മാറ്റുവാൻ ചേച്ചി ശ്രമിക്കരുത്.. അഥവാ അങ്ങനെ ശ്രെമിച്ചാൽ അമ്മു ആരാണെന്ന് അരിയും കേട്ടോ.
അവൾ അവരെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.
പെട്ടന്ന് ആയിരുന്നു കുഞ്ഞു ഉണർന്നത്. ജയന്തി ചേച്ചി മുറിയിലേക്ക് ഓടി പോകുന്നത് നോക്കി അമ്മുവും നകുലനും നിന്നു.
ചേച്ചി എത്ര പാവമാണ് അല്ലെ ഏട്ടാ…
ഹമ്…. എനിക്ക് ജയന്തി ചേച്ചിയെ ആദ്യം കണ്ടപ്പോൾ ഓർമ്മ വന്നത് സതിഅപ്പച്ചിയെ ആയിരുന്നു.. അപ്പച്ചിയുടെ അതേ രീതി പോലെ എനിക്ക് തോന്നി.
സത്യമായിട്ടും എനിക്കും തോന്നിയിട്ടുണ്ട്.. എന്റെ അമ്മയുടെ ആത്മാവ്, അയച്ചതാണ് ജയന്തി ചേച്ചിയെ എന്ന്. സാധ്യമേ പോലെ തന്നെയാണ് ചേച്ചി എന്നെ സ്നേഹിച്ചത്. ഒരുപാട് നാളുകളുടെ പരിചയമൊന്നുമില്ലങ്കിലും, ചേച്ചി നമ്മുടെ സ്വന്തമാണെന്ന് ഞാൻ എപ്പോഴും ഓർത്തിട്ടുണ്ട്..
നിങ്ങളെ രണ്ടാളെയും ചേച്ചിയെ ഏൽപ്പിച്ചിട്ട് പോകുമ്പോൾ എനിക്ക് എന്തൊരു മനസ്സമാധാനമാണെന്നോ, എന്റെ അമ്മ പോലും ഇത്ര കരുതലോടുകൂടി നിന്നെ നോക്കില്ല പെണ്ണെ,,,
രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ കുഞ്ഞുവാവയെയും കയ്യിലെടുത്ത് ചേച്ചി അവരുടെ അടുത്തേക്ക് വന്നു.
മോളെ… വാവയ്ക്ക് വിശക്കാൻ തുടങ്ങിയെന്ന് തോന്നുന്നു, ഇത്തിരി പാല് കൊടുക്ക് കേട്ടോ. ചേച്ചി പറഞ്ഞതും അമ്മു കുഞ്ഞിനെ മേടിച്ചു മാറോട് ചേർത്ത് പിടിച്ചു.
ജയന്തി ചേച്ചി, നാളെ നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ചേച്ചിടെ ഡ്രസ്സ് ഒക്കെ ചേച്ചി എടുത്തു വയ്ക്കു കേട്ടോ..രണ്ടാഴ്ച നമ്മള് അവിടെ നിന്നിട്ട് വരുവൊള്ളൂ.
നകുലൻ പുഞ്ചിരിയോടെ അവരെ നോക്കി പറഞ്ഞു.
ഭാഗം 130
തങ്ങളുടെ റൂമിൽ ഇരുന്ന് കുഞ്ഞിന് പാല് കൊടുക്കുകയാണ് അമ്മു. അപ്പോഴാണ് നകുലൻ അവളുടെ അടുത്തേക്ക് വന്നത്.
അമ്മുട്ടാ, അവൻ വിളിച്ചതും പെട്ടന്ന് അവൾ മുഖം ഉയർത്തി നകുലനെ നോക്കി
എന്താ നകുലേട്ടാ…
ജയന്തിചേച്ചിടെ മുഖം കണ്ടോട.. എന്ത് ഹാപ്പി ആയല്ലേ ആള്.
ഹമ്.. ശരിയാ ഏട്ടാ.. പാവം ചേച്ചി, നമ്മളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതാണ് നമ്മൾ നാട്ടിലേക്ക് പോവാണെന്നു അറിഞ്ഞു അത്രയ്ക്ക് സങ്കടം വന്നേ..
ഹമ്…സത്യം
എനിക്ക് എന്റെ സതിയമ്മേ പോലെ തോന്നും പലപ്പോഴും.
അതേടി.. ഞാനും ഓർത്തിട്ടുണ്ട്, അപ്പച്ചിയുടെ സ്വഭാവവും ഇത്പോലൊക്കെ തന്നെയാണെന്ന്..
എന്റെ അമ്മയ്ക്ക് പകരമാകാൻ ആർക്കും ആവില്ലെന്ന് ഞാൻ ഓർത്തിട്ടുണ്ട്. പക്ഷെ ജയന്തി ചേച്ചി…. ചേച്ചി എനിയ്ക്ക് എന്റെ അമ്മ തന്നെയാ..ഒരു നിമിത്തം പോലെയാണ് ചേച്ചി നമ്മുട ജീവിതത്തിലേക്ക് വന്നത്.
കുഞ്ഞിനെ പാലുട്ടുന്നതിനിടയിൽ അമ്മു അവനോട് പറയുകയാണ്
ഏട്ടാ… ഇനി അമ്മായി എങ്ങാനും നമ്മുട ഒപ്പം ഇവിടേക്ക് പോരുമ്പോൾ ചേച്ചി നിൽക്കുന്നതിൽ ഇഷ്ട്ടക്കുറവ് തോന്നുമോ ആവോ.
അതിനമ്മ വന്നിട്ടുണ്ട് വേണ്ടേടി….
അതെന്താ നകുലേട്ടാ..എന്നും ഒറ്റയ്ക്ക് നാട്ടിൽ നിൽക്കാൻ അമ്മായിയെ കൊണ്ട് പറ്റുമോ..
അമ്മയ്ക്ക് ഇപ്പൊ വയസ് 51ആയതല്ലേ ഒള്ളു.. പത്തു പതിനഞ്ച് കൊല്ലത്തേയ്ക്ക് അമ്മയ്ക്ക് നാട്ടിൽ പിടിച്ചു നിൽക്കാൻ പറ്റും, അത് കഴിഞ്ഞു നോക്കാം മകന്റെ കൂടെയുള്ള ജീവിതം.
ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ, എന്റെ അമ്മതന്നെ എന്നോട് പറഞ്ഞതാ….
ങേ.. എപ്പോ. അമ്മുന് അതിശയമായി
കല്യാണത്തിന് മുൻപ്…
എന്നിട്ടോ ഏട്ടാ.
എന്നിട്ടെന്താ.. ഞാൻ പറഞ്ഞു അമ്മേടെ ഇഷ്ട്ടം പോലെ ചെയ്യാൻ.
അതെന്താ അമ്മായിക്ക് താല്പര്യം ഇല്ലാത്തത്?
എടി, നമ്മള് ഇഴുകി ചേർന്ന ചുറ്റുപാടില്ലേ, അതുമായി പൊരുത്തപ്പെട്ടു പോകുവൊള്ളൂ. അല്ലാണ്ട് ഒരു പറിച്ചു നടീല്… അതൊക്കെ അമ്മയ്ക്ക് വല്യ ബുദ്ധിമുട്ട്ള്ള കാര്യമാണ്..
നകുലൻ പറയുന്നത് കേട്ടുകൊണ്ട് അമ്മു ആലോചനയോടെ ഇരുന്നു.
കുഞ്ഞുവാവ പാലു കുടിച്ച് വയറു നിറഞ്ഞപ്പോഴേക്കും, പതിയെ മുഖം മാറ്റി അമ്മുവിനെ നോക്കി കിടക്കുകയാണ്
അച്ചയുടെ പൊന്നിന് വിശപ്പൊക്കെ മാറിയോടാ,,,
നകുലൻ വാവയോട് പറയുന്നത് കേട്ട് അമ്മു കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി…..
കുഞ്ഞിക്ക് മതിയായെന്ന് തോന്നുന്നടി, ഇനി ഞാൻ ഒരു കൈ നോക്കട്ടെ
നകുലന്റെ പറച്ചിൽ കേട്ടതും കേട്ടതും അമ്മു അവനെ ദഹിപ്പിക്കും മട്ടിൽ ഒന്ന് നോക്കി.
പുഞ്ചിരിയോടെ അവളെ കണ്ണ്റുക്കി കാണിച്ചുകൊണ്ട്, നകുലനും കിടക്കയിലേക്ക് കിടന്നു ….
******************
ശ്രുതിയുടെ കയ്യിൽ നിന്നും കുഞ്ഞുവാവയെ വാങ്ങിപ്പിടിച്ച് മീനാക്ഷി മുറ്റത്തുകൂടി നടക്കുകയാണ് കിച്ചനും യദുവും വരാന്തയിൽ ഇരിപ്പുണ്ട്. വെറുതെ നാട്ടുവർത്തമാനങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് …. അപ്പച്ചിയുടെ വീട് വെറുതെ കിടന്ന് നശിച്ചു പോകുവാണല്ലോ, ആർക്കെങ്കിലും വാടകയ്ക്ക് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേടാ.
ഹമ്… ശരിയാണ്, പക്ഷേ അവരൊക്കെ ഈ നാട്ടിലേക്ക് വന്നിട്ട് ഒരുപാട് കാലമായില്ലേ.
അമ്മുവിനെ കുഞ്ഞുവാവയെയും ഒക്കെ ഒന്ന് കാണുവാൻ ആയി പോകണമെന്നുണ്ടായിരുന്നു. അമ്മുവിന്റെ ഡെലിവറി അറിഞ്ഞപ്പോൾ ഞാൻ നകുലനെ വിളിച്ച് സംസാരിച്ചത് ഒക്കെയാണ്. പിന്നീട് ഒന്ന് രണ്ട് തവണ കൂടി വിളിച്ചിട്ടും അവൻ കോൾ അറ്റൻഡ് ചെയ്തില്ല. ബിസി ആണെന്ന് ഒരു മെസ്സേജ് മാത്രം അയച്ചു. അതുകൊണ്ട് എനിക്ക് പിന്നെ മടിയായി. അല്ലെങ്കിൽ ഞങ്ങളെല്ലാവരും കൂടി ഒന്ന് എറണാകുളത്തേക്ക് പോകണമെന്ന് കണക്ക് കൂട്ടിയതായിരുന്നു
അതിനു മറുപടിയായി അപ്പച്ചിയുടെ വീട്ടിലേക്ക് ഉറ്റു നോക്കിയിരിക്കുകയാണ് യദു.
ശ്രീജ വന്നിട്ട് പോയില്ലെന്ന് തോന്നുന്നു അല്ലേട
ഹമ് ബിന്ദു ചെറിയമ്മയ്ക്ക് വയ്യാണ്ടായതിൽ പിന്നെ അവരെ നോക്കുവാനായി ശ്രീജ നാട്ടിൽ നിന്നതാണത്രേ.
ചെറിയമ്മയെ നീ പിന്നെ പോയി കണ്ടായിരുന്നോ.
ഹമ്.. ഇടയ്ക്ക് ഒരുതവണ കൂടിപ്പോയി, മീനാക്ഷിയും അമ്മയും കഴിഞ്ഞദിവസം കാവിൽ പോയിട്ട് മടങ്ങി വരുമ്പോൾ അവിടെയൊന്നു കയറിയിരുന്നു.
ആഹ്, അപ്പച്ചി മരിച്ചതോടുകൂടി ബന്ധങ്ങൾ ഒക്കെ തകർന്നു തരിപ്പണമായി… അല്ലെങ്കിൽ എങ്ങനെ കഴിഞ്ഞ കുടുംബം ആയിരുന്നു…കിച്ചൻ ഒന്ന് നെടുവീർപ്പെട്ടു.
ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം, എന്തായാലും അവൾ സുഖമായി കഴിഞ്ഞാൽ മതി. സതിയുടെ ശാപം ആയിരിക്കും, യദുവിന് ഒരു കുഞ്ഞു പിറക്കാത്തതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..
ഗിരിജ പറയുന്നത് കേട്ടുകൊണ്ട് ആൺമക്കൾ രണ്ടാളും തിരിഞ്ഞുനോക്കി
പ്രിയയുടെ വീട്ടിലേക്ക് പോകുവാനായി റെഡിയായി ഇറങ്ങി വന്നതാണ് അവര്.
ശ്രുതി എവിടെ, ഇതുവരെയായിട്ടും അവൾ ഒരുങ്ങി ഇറങ്ങിയില്ലേ, ഇനി എപ്പോഴാ നമ്മൾ പോയിട്ട് വരുന്നത്.
ഗിരിജ അകത്തേക്ക് ഒന്ന് എത്തിനോക്കി കൊണ്ട് ഉറക്കെ പറഞ്ഞു.
കഴിഞ്ഞമ്മേ ഒരു അഞ്ചുമിനിറ്റ് കൂടി നിങ്ങൾ ഇറങ്ങിക്കോളു..ശ്രുതി മറുപടിയും പറയുന്നുണ്ട്.
യദു.. എന്നാപ്പിന്നെ വണ്ടി എടുക്കടാ. പ്രിയ മോളവിടെ എത്ര നേരമായിട്ട് കാത്തിരിക്കുന്നതാണെന്നോ. കിച്ചനും യദുവും കൂടി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ മീനാക്ഷി കുഞ്ഞിനെയും ആയിട്ട് അവിടേക്ക് വന്നു..
മീനാക്ഷി ഇത് എവിടേക്ക് പോകാനാ അണിഞ്ഞൊരുങ്ങി വന്ന് നിൽക്കുന്നത്.?
പെട്ടെന്നുള്ള ഗിരിജയുടെ ആ ചോദ്യത്തിൽ എല്ലാവരും ഒന്ന് പകച്ചു പോയിരുന്നു
മീനാക്ഷി എവിടേക്ക് പോകാനാണെന്നോ.. അമ്മയ്ക്ക് എന്താ അറിയില്ലേ.
അവരുടെ സംസാരം കേട്ടതും കിച്ചന് ദേഷ്യം വന്നു.അവൻ അവരെ കലിപ്പോടുകൂടി നോക്കി ചോദിക്കുകയാണ്..
എല്ലാരും കൂടി പോയാൽ ഈ വീട്ടിൽ ആരാടാ ഉള്ളത്.. സന്ധ്യയ്ക്ക് വിളക്ക് വെയ്ക്കാൻ മീനാക്ഷി ഇവിടെ നിന്നെ പറ്റൂ.
ഗിരിജ തീർപ്പ് കൽപിക്കും പോലെ പറഞ്ഞു. യദുവിന്റെ മുഖം വലിഞ്ഞു മുറുകി. ശ്രുതി ഇറങ്ങി വന്നപ്പോൾ രംഗം അത്ര പന്തിയല്ലെന്ന് അവൾക്കും തോന്നി.
മീനാക്ഷി പെട്ടെന്ന് തന്നെ കുഞ്ഞിനെ ശ്രുതിയ്ക്ക് കൈമാറി.
യദുവേട്ടാ…. എങ്കിൽ പിന്നെ നിങ്ങളെല്ലാവരും കൂടി പോയിട്ട് വരൂ, ഞാൻ മറ്റൊരു ദിവസം പ്രിയേ പോയി കണ്ടോളാം. പറയുമ്പോൾ പാവം മീനാക്ഷിയുടെ വാക്കുകൾ ഇടറിയിരുന്നു.
അയ്യോ മീനാക്ഷി എന്താ വരാത്തെ.. ഇനിയെന്തിനാ മറ്റൊരു ദിവസം കാത്തുനിൽക്കുന്നത്, നമ്മൾക്ക് എല്ലാവർക്കും കൂടി പോയിട്ട് വരാന്നേ അതല്ലേ കിച്ചേട്ടാ നല്ലത്…
ശ്രുതി കിച്ചനെ നോക്കി ചോദിച്ചു
പിന്നല്ലാതെ മീനാക്ഷി വന്നു വണ്ടിയിൽ കയറു.. നേരം പോകുന്നു.
അവനും പറഞ്ഞു
വേണ്ട വേണ്ട.. ഇപ്പൊ തത്കാലം മീനാക്ഷി എങ്ങോട്ടും പോകേണ്ട.. ഇവിടെ നിന്നാൽ മതി. ഗിരിജ തീർത്തു പറഞ്ഞതും എല്ലാവരുടെയും മിഴികൾ ഒരുപോലെ ചുരുങ്ങി.
ശിശിരം ഭാഗം 131
അമ്മ ഇത് എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്. നമ്മളെല്ലാവരും കൂടി ഒരുമിച്ചാണ് പ്രിയയുടെ വീട്ടിലേക്ക് പോകുന്നത്, അങ്ങനെ പോകാൻ അമ്മയ്ക്ക് താല്പര്യമില്ലെങ്കിൽ, ആരും ഇന്നീ വീട്ടിൽ നിന്ന് ഇറങ്ങുന്നില്ല അത്രതന്നെ….
കിച്ചൻ ഗിരിജയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു
അമ്മയ്ക്ക് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്നുള്ളത് യദുവിന് ഉറപ്പായി. അതാണ് മീനാക്ഷിയെ വിലക്കുന്നതിന്റെ പ്രധാന ഘടകം. അമ്മ തന്നെ അത് പറയണം, അല്ലാണ്ട് പറ്റില്ല, അതുകൊണ്ട് തൽക്കാലം താൻ മൗനം പാലിച്ചേ മതിയാവൂ..
യദുവും ഗിരിജയെ ഉറ്റു നോക്കി നിൽക്കുകയാണ്..
കിച്ചൻ ഒരു വഴിക്ക് പോകാനായി ഇറങ്ങിയതല്ലേ, അവിടെ പോയേ പറ്റൂ, നിനക്കിനി താല്പര്യമില്ലെങ്കിൽ ഞാൻ ഒരു ഓട്ടോ വിളിച്ച് പൊയ്ക്കോളാം.
എന്നാലും അമ്മ മീനാക്ഷിയെ കൊണ്ടുപോകില്ല അല്ലേ. അത് ചോദിക്കുമ്പോൾ അവന്റെ മിഴികൾ കൂർത്തു.
കൊണ്ടുപോകില്ല എന്നൊന്നും പറയുന്നില്ല, മറ്റൊരു ദിവസം പോകാല്ലോ.
അമ്മയുടെ സംസാരം ഒന്നും യദുവിൻ ഒട്ടും പിടിക്കുന്നില്ല, എങ്കിലും അവൻ പിടിച്ചുനിന്നു, എന്തായാലും കാര്യം അറിയണമല്ലോ
ഇന്ന് പോയിട്ടുണ്ടെങ്കിൽ എന്താണ് കുഴപ്പം അതുകൂടി കേൾക്കട്ടെ..
അമ്മയുടെയും മകന്റെയും സംസാരം കേട്ടുകൊണ്ട് മീനാക്ഷി ചങ്കുപൊട്ടിയാണ് നിൽക്കുന്നത്.
എടാ വിളക്ക് കൊളുത്തേണ്ടതല്ലേ. അതുകൊണ്ട് പറഞ്ഞതാ.
എങ്കിൽ പിന്നെ അമ്മ ഇവിടെ നിൽക്ക് ഞങ്ങൾ എല്ലാവരും കൂടി പോയിട്ട് വരാം, നാളെ കാലത്തെ അമ്മയോരോട്ടോ വിളിച്ചു പോയിക്കോളൂ. എന്നിട്ട് ഒന്നോ രണ്ടോ ദിവസം അവളുടെ കൂടെ നിന്നിട്ട് വന്നാൽ മതി. അപ്പൊ പ്രശ്നം തീർന്നല്ലോ.
അവൻ തന്നെ ഒരു സൊലൂഷൻ കണ്ടുപിടിച്ചു.
നിന്നോട് തർക്കിക്കാൻ ഞാനില്ല നീ ഇപ്പോ വരുന്നുണ്ടോ ഇല്ലയോ..
അമ്മ കാര്യം പറയൂ, നമ്മുടെ കൂടെ മീനാക്ഷി വന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് പ്രിയ അമ്മയോട് പറഞ്ഞോ.
ഇല്ല…… അവൾ ഒന്നും പറഞ്ഞിട്ടില്ല
പിന്നെന്താ അമ്മേ.. കാര്യ കേൾക്കട്ടെ. ഇതിപ്പോ വിളക്ക് കത്തീയ്ക്കലിന്റെ പ്രശ്നമൊന്നുമല്ല എന്ന് എനിക്ക് മനസ്സിലായി. നേരെ ചൊവ്വേ അമ്മ മറുപടി പറയു..
കിച്ചൻ ചോദിച്ചതും ഗിരിജ ഒന്നു വല്ലാണ്ടായി.
എടാ മോനെ,,, അത് പിന്നെ മറ്റൊന്നും കൊണ്ടല്ല, പ്രിയ മോൾക്ക് കുറച്ചുനാൾ കൂടിയല്ലേ വിശേഷമൊക്കെ ആകുന്നത്, മീനാക്ഷിക്ക് ഇതുവരെയായിട്ടും കുട്ടികൾ ഒന്നും ആയിട്ടില്ല, അങ്ങനെയുള്ള സ്ഥിതിക്ക്, മീനാക്ഷിയെ പോലെയുള്ളവർ വന്നാൽ, ചിലപ്പോൾ പ്രിയ മോൾക്ക് കണ്ണേ ർ തട്ടും, എന്തിനാ വെറുതെ, രണ്ടുമൂന്നു മാസം കഴിയട്ടെ, എന്നിട്ട് പോകാം, അതിനൊന്നും ഞാൻ ഒരിക്കലും തടയില്ല, ഇതിപ്പോ പെട്ടെന്ന്, അത് ശരിയാവില്ല കിച്ചാ ..അതുകൊണ്ട് ഞാൻ പറഞ്ഞതാടാ…
ഗിരിജ പറയുന്നത് കേട്ടുകൊണ്ട് എല്ലാവരും അന്തിച്ചു നിന്നുപോയി.
പാവം മീനാക്ഷി…. അവളുടെ മിഴികൾ നിറഞ്ഞു തൂവി. സങ്കടം കണ്ട അവൾക്ക് വയ്യായിരുന്നു. ഏറിവന്ന ദുഃഖത്തോടെ അവൾ മുഖമുയർത്തി നോക്കിയത് യദുവിനെ ആയിരുന്നു.
അവളുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ യദുവിനും വല്ലാത്ത സങ്കടം തോന്നി.
അമ്മേ…… യദുവിന്റെ ശബ്ദം അവിടെ ആകെ മുഴങ്ങി.
തന്നെ അമർഷത്തോടെ നോക്കുന്ന യദുവിനെ കണ്ടപ്പോൾ ഗിരിജയും ഒന്നു വല്ലാണ്ടായി.
കിച്ചേട്ടാ നിങ്ങൾ മൂന്നുപേരും കൂടി പോയിട്ട് വരൂ എന്തായാലും ഇറങ്ങിയതല്ലേ..
രംഗം ശാന്തമാക്കുവാനായി യദുവിന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ട് മീനാക്ഷി കിച്ചനോടായി പറഞ്ഞു..
മീനാക്ഷിയെ പിടിച്ചുമാറ്റിയിട്ട് യദു അമ്മയുടെ അടുത്തേക്ക് വന്നു..
എന്റെ ഭാര്യ കണ്ടെന്ന് കരുതി അമ്മയുടെ മകളുടെ വയറ്റിൽ ഉള്ളത് അപ്രത്യക്ഷമായി പോകുമോ അമ്മേ…അവൻ ഉച്ചത്തിൽ ചോദിച്ചതും ഗിരിജയ്ക്ക് കലി കയറി..
ഒന്നും മിണ്ടാതെ നിൽക്കുന്ന അമ്മയെ, അവൻ അടിമുടി നോക്കി
അമ്മ എന്താണ് കരുതിയത്, എന്നുള്ളത് ഞങ്ങൾക്ക് മനസ്സിലായി, പിന്നെ അത് അമ്മയുടെ നാവിൽ നിന്ന് വരുവാൻ വേണ്ടിയാണ് ഞാൻ ഇത്രയും നേരം ഒന്നും മിണ്ടാതെ നിന്നത്, ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ, പ്രിയയുടെ കല്യാണം കഴിഞ്ഞിട്ട് നാളുകൾ കുറെ ആയല്ലോ, അവൾ ഇതുവരെ പ്രഗ്നന്റ് ആകാഞ്ഞത് മീനാക്ഷി അവളെ നോക്കിക്കൊണ്ട് നിന്നിട്ടാണോ, അതോ അവളുടെ ആരോഗ്യപ്രശ്നങ്ങൾ കാരണമോ… നാണമില്ലല്ലോ അമ്മേ ഇങ്ങനത്തെ വൃത്തികെട്ട ചിന്താഗതിയുമായി ഇരിക്കുവാന്. അമ്മയൊന്നും ഒരുകാലത്തും നന്നാകാൻ പോകുന്നില്ല.. അത്രയ്ക്ക് ദുഷിച്ച മനസ്സാണ് അമ്മയുടേത്.
അത് പറയുകയും അവനെ കിതച്ചു.
യദുവേട്ടാ വന്നേ പറയട്ടെ…മീനാക്ഷി അവന്റെ കയ്യിൽ പിടിച്ചു വലിക്കുകയാണ്.
വൃത്തികെട്ട സ്ത്രീയാണ് ഇവര്, അതുകൊണ്ടല്ലേ ഇത്തരത്തിൽ അമ്മ പറഞ്ഞത്. നേരെ തിരിച്ചായിരുന്നുവെങ്കിലോ . ഇവിടെ മീനാക്ഷിയായിരുന്നു പ്രഗ്നന്റ് ആകുന്നതെങ്കിൽ, പ്രിയ ഇവളെ കാണുവാനായി ഓടി വരുമ്പോൾ, അമ്മ തടയുമായിരുന്നൊ.. പ്രിയ കണ്ടെന്നു കരുതി മീനാക്ഷിയുടെ വയറ്റിൽ ഉള്ള കുഞ്ഞു പോകുമോ..
അവൻ ഗിരിജയെ നോക്കി പിന്നെയും ഉച്ചത്തിൽ ചോദിച്ചു.
ഹ്മ്… അതിനൊക്കെ ഇത്തിരി നേരം പിടിക്കും, രണ്ടുപേരുംകൂടി, നോക്കിയിരുന്നാൽ മതി. എടാ പരബലി ഇടാനുള്ള യോഗം വേണം, അതറിയോ.. ഗിരിജ മീനാക്ഷിയെയും യദുവിനെയും നോക്കി പുച്ഛത്തിൽ പറഞ്ഞു..
സ്വന്തം അമ്മയുടെ നാവിൽ നിന്നും, അറം പറ്റിയ പോലുള്ള ആ വാചകങ്ങൾ കേട്ടപ്പോൾ, സത്യത്തിൽ യദു പതറി പോയിരുന്നു..
മീനാക്ഷിയ്ക്കും അത് കേട്ടപ്പോൾ സങ്കടം വന്നിട്ട് നെഞ്ച് വിങ്ങിപ്പൊട്ടി.
തുടരും…..
