നീ പോയാലും നിന്റെ അമ്മക്ക് കൂട്ടിനു ഞങ്ങളില്ലേ ഇവിടെ, പിന്നെ എങ്ങനെയാ അവള് ഒറ്റക്ക് ആകുന്നത്.

അമ്മ മകൾ (Story by ദേവാംശി ദേവ)

“അമ്മ…എന്റെ കല്യാണത്തിന് മുൻപ് എനിക്ക് അച്ഛനെ കാണണം..ഞാനൊന്ന് അച്ഛനെ വിളിക്കട്ടെ..”

ജാനുമോളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു പോയി…

എന്റെ കണ്ണുകൾ അവളുടെ മുഖത്താണെങ്കിലും ഞങ്ങൾക്ക് ചുറ്റുമുള്ള എന്റെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഏട്ടത്തിയുടേയുമൊക്കെ കണ്ണുകൾ എനിക്ക് മേലെ ആണെന്ന് എനിക്ക് അറിയാമായിരുന്നു..എല്ലാവരുടെ മുഖത്തും എന്നോടുള്ള പുച്ഛം തെളിഞ്ഞു കാണാമായിരുന്നു.

ഇരുപത്തഞ്ച് വയസുണ്ടവൾക്ക്..രണ്ടാമത്തെ വയസ്സിൽ അവളുടെ അച്ഛനെ വേണ്ടെന്ന് വെച്ച് അവളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് വന്നതാണ് ഞാൻ..

വിവാഹ പ്രായമായ മകൾക്ക് വീട്ടുകാർ കണ്ടുപിടിച്ച ബന്ധം…പ്രത്യേകതകളൊന്നും ഇല്ലാത്തൊരു ദാമ്പത്യ ജീവിതം ആയിരുന്നു എന്റേതും…

മരുമകൾ എന്ന വാക്കിനർത്ഥം ശമ്പളമില്ലാത്ത വേലക്കാരി എന്ന് വിശ്വസിക്കുന്ന ഭർത്താവിന്റെ വീട്ടുകാർ..ദിവസവും രാത്രി മദ്യപിച്ചെത്തുകയും ഭാര്യയുടെ ശരീരത്തിൽ തന്റെ ആവശ്യങ്ങൾ നിറവേറ്റുകയും അവളെ നിസാര കാര്യങ്ങൾക്ക് പോലും തല്ലി ചതക്കുകയും ചെയ്യുന്ന ഭർത്താവ്..

എല്ലാം ക്ഷമിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറയുന്ന സ്വന്തം വീട്ടുകാർ..

മോളു ജനിച്ചു കഴിയുമ്പോൾ എങ്കിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു..ഒന്നും ഉണ്ടായില്ല…

അതുകൊണ്ട് സ്വയം മാറാൻ തീരുമാനിച്ചു..മോളെയും എടുത്ത് സ്വന്തം വീട്ടിലേക്ക് പോയി…

പ്രതീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് അവിടെയും നടന്നത്…

എല്ലാം എന്റെ കുറ്റമായിരുന്നു…എന്റെ അഹങ്കാരത്തെ വിവരിച്ച് കണ്ണീരോടെ എന്നെ ശപിക്കുന്ന അമ്മ…ദേഷ്യത്തോടെ ഉപദേശിക്കുന്ന അച്ഛൻ..തിരികെ പോകാൻ നിർബന്ധിക്കുന്ന ഏട്ടൻ..ഭർത്താവില്ലാതെ ജീവിക്കേണ്ടി വന്നാലുള്ള പ്രശ്നങ്ങൾ പറഞ്ഞു തന്ന് ഏടത്തി…

പോകില്ല എന്നൊരു വാക്കിൽ ഞാൻ എന്റെ മോളെയും കൊണ്ട് ഉറച്ചു നിന്നപ്പോൾ വീട്ടിൽ കയറ്റില്ലെന്ന് അവരും ഉറച്ചു നിന്നു..

വേറെ വഴിയില്ലെന്ന് കണ്ടപ്പോൾ മോളെയും എടുത്ത് പോലീസ് സ്റ്റേഷനിലേക്ക് പോയി…പോലീസ് എന്റെ വീട്ടുകാരെയും അയാളെയും വിളിച്ചു വരുത്തി..

കൂട്ടം കൂടി നിന്ന് എന്നെ ഒറ്റപ്പെടുത്തിയപ്പോഴും ഞാൻ ഉറച്ചു തന്നെ നിന്നു…തിരികെ പോകില്ല.

ചർച്ചകൾക്കൊടുവിൽ അയാളെന്നെ ഉപേക്ഷിച്ചു പോയി..

ഞാൻ സന്തോഷിച്ചു..വീട്ടുകാർ ഇരുണ്ട മുഖത്തോടെ വീട്ടിലെ വാതിൽ തുറന്നു തന്നു…സമാധാനത്തോടെ ഞാൻ അകത്തേക്ക് കയറി.

പിന്നീടങ്ങോട്ടൊരു പോരാട്ടമായിരുന്നു…

പല ജോലികളും ചെയ്തു…സ്വന്തം വീട്ടിൽ ആണെങ്കിൽ പോലും അവരുടെ ആരുടെയും മുന്നിലും ഒരു രൂപക്ക് പോലും പോയി നിന്നില്ല..അവർ അറിഞ്ഞു തന്നും ഇല്ല..

“അമ്മ എനിക്കൊരു ഇഷ്ടം ഉണ്ട് കേട്ടോ..”

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മോളത് പറഞ്ഞത്..

വീടിന് പിന്നിലെ പച്ചക്കറി തോട്ടത്തിൽ ഞാൻ വളമിടുകയായിരുന്നു.. അവൾ ചെടികൾ നനക്കുകയും.

അവൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടിയൊന്നും ഇല്ല…കുറച്ചു ദിവസമായി അവൾ എന്തോ ഒന്ന് എന്നോട് പറയാൻ തയാറെടുക്കുന്നത് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു..

അവളുടെ പ്രായം വെച്ച് കാര്യം ഇത് തന്നെ ആകാമെന്ന് ഞാൻ ഊഹിച്ചു.

“സീരിയസ് ആണോ…”

“ആണെന്നാണ് തോന്നുന്നത്.”

“പയ്യന്റെ സ്വഭാവം നല്ലതാണോ എന്ന് നോക്ക്… പരസ്പരം ബഹുമാനത്തോടെ ജീവിക്കാൻ തയ്യാറാണെങ്കിൽ പഠിത്തം കഴിഞ്ഞിട്ടു ജോലി ആയ ശേഷം കല്യാണം കഴിച്ചോ..”

നിസാരമായി ഞാനും മറുപടി പറഞ്ഞു…

വർഷങ്ങൾ കഴിഞ്ഞു…

അവൾ ഡിഗ്രിയും പിജിയും കഴിഞ്ഞു..നല്ല ജോലിയും കിട്ടി…

വിവാഹത്തിനായുള്ള മുഹൂർത്തവും കുറിച്ചു..ആ സമയത്താണ് അവളിങ്ങനെയൊരു ആഗ്രഹം പറയുന്നത്…അച്ഛനെ കാണണമെന്ന്….

മകൾക്ക് വേണ്ടി ജീവിച്ചിട്ട് അവസാന നിമിഷം തോറ്റുപോയ എന്നെ സന്തോഷത്തോടെ നോക്കി കാണുകയാണ് എന്റെ വീട്ടുകാർ..

“അമ്മയൊന്നും പറഞ്ഞില്ല…”

“നിനക്ക് നിന്റെ അച്ഛനെ കാണാൻ എന്റെ അനുവാദം ആവശ്യമില്ല മോളേ…” എന്റെ മറുപടി എല്ലാവരെയും ഞെട്ടിച്ചു..

“എന്നാൽ അച്ഛനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറയട്ടെ…”

“അതിനു നിന്റെ അച്ഛന്റെ നമ്പർ ഉണ്ടോ നിന്റെ കയ്യിൽ..”

“അതൊക്കെ കണ്ടുപിടിക്കാം… ഞാൻ വിളിക്കട്ടെ..”

“നീ വിളിച്ചോ മോളേ… ഇത് നിന്റെ അമ്മക്ക് അവകാശപ്പെട്ട വീട് മാത്രമല്ല.. എനിക്കും അവകാശമുള്ള വീടാണ്..” ഏട്ടനാണ് അത് പറഞ്ഞത്…

“അതിനു ഞാൻ എതിർത്തൊന്നും പറഞ്ഞില്ലല്ലോ ഏട്ടാ… എന്റെ മോൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്യാനുള്ള അവകാശം അവൾക്ക് ഉണ്ട്..”

ഇപ്രാവശ്യം പുച്ഛത്തോടെ ഞാനാണ് അവരെ നോക്കിയത്…

അന്നൊരു ഞായറാഴ്ച ആയിരുന്നു..രാവിലെ പതിനൊന്നു മണികഴിഞ്ഞപ്പോൾ വർഷങ്ങൾക്ക് ശേഷം അയാൾ എന്റെ വീട്ടിലേക്ക് വന്നു…

ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മയും ഏട്ടത്തിയും കൂടി അയാളെ സൽക്കരിക്കാൻ മത്സരിക്കുന്നുണ്ടായിരുന്നു..അച്ഛനും ഏട്ടനും സന്തോഷത്തോടെ വിശേഷങ്ങൾ തിരക്കുന്നു…മോള് എല്ലാം കണ്ട് പുഞ്ചിരിയോടെ ഒരു വശത്തു നിൽപ്പുണ്ട്.

“അമൃതക്ക് സുഖം അല്ലെ…” എന്നെ കണ്ടതും അയാൾ ചോദിച്ചു..

“മ്മ്മ്…. അശോകേട്ടനോ..”

“സുഖം….ഇങ്ങനെയൊരു കൂടി കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചില്ല…കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു…തെറ്റ് എല്ലാം എന്റെ തന്നെ ആയിരുന്നു… അത് മനസ്സിലാക്കാൻ താമസിച്ചു പോയി എന്ന് മാത്രം..”

“ഇങ്ങനെയൊരു കൂടി കാഴ്ച ഞാൻ ആഗ്രഹിച്ചിട്ടില്ല..മോളാണ് ആഗ്രഹിച്ചത്..”

“അതിപ്പോ എത്ര നാള് ഒളിപ്പിച്ചു വെച്ചാലും രക്തം രക്തത്തെ തേടി പോകുക തന്നെ ചെയ്യും..” അമ്മയാണ്..

“ചെല്ല് മോളേ.. പോയി അച്ഛനോട് സംസാരിക്കു..”

ഏട്ടത്തി അവളെ അവളുടെ അച്ഛന് മുന്നിലേക്ക് തള്ളിവിട്ടു..

“മോൾക്ക് എന്നെ കാണാൻ തോന്നിയല്ലോ….അച്ഛന് സന്തോഷമായി…”

അയാൾ പറഞ്ഞതും അവൾ ചിരിച്ചുകൊണ്ട് അയാൾക്കെതിരെ ഇരുന്നു..

“അടുത്ത മാസം എന്റെ വിവാഹം ആണ്..വിവാഹ ശേഷം ഞാനും അഭിനും കാനഡയിലേക്ക് പോകും..അപ്പൊ അമ്മ ഇവിടെ ഒറ്റക്കാവും.അമ്മയെ ഒറ്റക്കാക്കാൻ എനിക്ക് കഴിയില്ല..”

“മോളു വിഷമിക്കേണ്ട.. ഇനി എന്നും അമ്മയുടെ കൂടെ അച്ഛൻ ഉണ്ടാകും..”

“അതിന്റെ ആവശ്യം ഇല്ല..”

അവളുടെ മറുപടിയിൽ ഞാനൊഴികെ എല്ലാവരും ഞെട്ടി…

എന്താണ് അവളുടെ ഉദ്ദേശം എന്നെനിക്കും അറിയില്ല.. പക്ഷെ അയാളോടൊപ്പം ജീവിക്കാൻ എന്നെ അവള് നിർബന്ധിക്കില്ല എന്നെനിക്ക് ഉറപ്പാണ്…

“നിങ്ങളെ ഞാൻ ഇപ്പോഴും അച്ഛൻ എന്ന് വിളിക്കുന്നത് എന്റെ അമ്മ അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചിട്ടില്ല എന്നുള്ളതുകൊണ്ടാണ്..അച്ഛന്റെ കുറെ കാലമായി എന്നെ കാണാനും എന്നോട് സംസാരിക്കാനും ശ്രെമിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..ഒരു കൂടിച്ചേരലാണ് ഉദ്ദേശമെങ്കിൽ അത് വേണ്ട..അച്ഛൻ മറ്റൊരു സ്ത്രീയോടൊപ്പം കഴിഞ്ഞതും വയസായപ്പോ അവര് ഉപേക്ഷിച്ചു പോയതുമൊക്കെ എനിക്ക് അറിയാം….”

അയാൾ പവതറുന്നത് ഞാൻ കണ്ടു..ഇതുവരെ അവളിതൊന്നും എന്നോട് പറഞ്ഞിട്ടില്ല.

“മോള്…. അച്ഛനോട് ക്ഷമിക്കണം.. അച്ഛന് തെറ്റ് പറ്റി പോയി…”

“ഒരു മാപ്പ് പറച്ചിലിന്റെ ആവശ്യമൊന്നും ഇല്ല അച്ഛാ..അതൊക്കെ അച്ഛന്റെ ജീവിതം. ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരാൻ ശ്രെമിക്കരുതെന്നൊരു അപേക്ഷ ഉണ്ടെനിക്ക്…”

“ജാനു…”

“ആരും ഇതിൽ ഇടപെടേണ്ട…”

എന്റെ അച്ഛൻ ദേഷ്യത്തോടെ വിളിച്ചതും ഉറച്ച ശബ്ദത്തിൽ തന്നെ അവൾ മറുപടി കൊടുത്തു..

“പിന്നെ എല്ലാവരും കേൾക്കാൻ ഞാനൊരു കാര്യം പറയാം..എന്റെ വിവാഹത്തിന് മുൻപ് അതെ ദിവസം ആ മണ്ഡപത്തിൽ എന്റെ അമ്മ വിവാഹിതയാകും. വരൻ അമ്മയുടെ എം ടി സൂരജ് അങ്കിൾ…”

ഞാൻ ഞെട്ടലോടെ എന്റെ മോളേ നോക്കി..

സൂരജ് സർ വളരെ മാന്യനായ വ്യക്തിയാണ്..ഒരു മകളാണ് അദ്ദേഹത്തിന്..പ്രസവത്തോടെ ഭാര്യ മരിച്ചു..അന്നുമുതൽ മകൾക്ക് വേണ്ടി ജീവിച്ചൊരച്ഛൻ..

“ആന്റിയോട് എന്റെ അച്ഛനൊരു കുഞ്ഞിഷ്ട്ടമുണ്ട്…നിങ്ങൾക്ക് തമ്മിൽ കല്യാണം കഴിച്ചൂടെ ആന്റി..” ഒരിക്കൽ സൂരജ് സാറിന്റെ മകൾ വന്ന് നേരിട്ട് ചോദിച്ചതാണ്…

ഒരു നോ പറഞ്ഞ് അന്നതൊഴുവാക്കി..പക്ഷെ ഇപ്പോൾ…

“നീ എന്തൊക്കെയാ ജാനകി ഈ പറയുന്നത്…ഈ പ്രായത്തിൽ ഇവൾക്കിനി ഒരു കല്യാണമോ…മനുഷ്യന് പുറത്തിറങ്ങി നടക്കണം….”

“അമ്മാവന് പുറത്തിറങ്ങി നടക്കാതിരിക്കാൻ മാത്രം ഇവിടെ ഒന്നും നടന്നിട്ടില്ല…ഇത് എന്റെയും അമ്മയുടെയും ജീവിതമാണ്..”

“നീ പോയാലും നിന്റെ അമ്മക്ക് കൂട്ടിനു ഞങ്ങളില്ലേ ഇവിടെ.. പിന്നെ എങ്ങനെയാ അവള് ഒറ്റക്ക് ആകുന്നത്…”

“ഇത്രയും കാലം നിങ്ങളൊക്കെ കൂടെ ഉണ്ടായിട്ടും ഞാനും അമ്മയും ഒറ്റക്ക് തന്നെ ആയിരുന്നല്ലോ അമ്മായി…നിങ്ങളുടെ കൂടെ അമ്മയെ വിട്ടിട്ട് ഞാൻ പോയാൽ പിന്നെ അധിക കാലം ജീവനോടെ കാണില്ല എന്റെ അമ്മ..അതുകൊണ്ട് ഞാനെടുത്ത തീരുമാനം നടക്കും…അച്ഛന് പോകാം…”

കുറച്ചു നേരം അവളെ നോക്കി നിന്നിട്ട് അയാൾ പുറത്തേക്കിറങ്ങി നടന്നു…

“ജാനു… നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്…കള്ളം പറയാൻ ആണെങ്കിൽ കൂടി സൂരജ് സാറിനെ ഇതിൽ പിടിച്ചിടരുതായിരുന്നു..”

“ഞാൻ കള്ളം പറഞ്ഞതല്ലമ്മ.. സുരഭി ചേച്ചി എന്നെ വന്ന് കണ്ടിരുന്നു…ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടാ നിങ്ങൾ ഒന്നാവുന്നത്…അങ്കിളിനും താല്പര്യം ആണ്…അമ്മയോട് ചോദിച്ചാൽ നോ പറയുമെന്ന് അറിയാവുന്നതുകൊണ്ട് ഞങ്ങളതങ്ങ് ഉറപ്പിച്ചു…അമ്മ എതിർക്കരുത്..”

“പറ്റില്ല ജാനു…അഭിനും വീട്ടുകാരും ഇതൊക്കെ അറിഞ്ഞാലുണ്ടല്ലോ…”

“അതോടെ തീരുമാനം ആകും നിന്റെ ജീവിതം… ഉറപ്പിച്ച കല്യാണം മുടങ്ങി നീ ഇവിടെ തന്നെ നിൽക്കേണ്ടി വരും..ഒരു കാനഡയിലേക്കും പോകേണ്ടി വരില്ല.”

“അതോർത്തു അമ്മുമ്മ വിഷമിക്കേണ്ട..അഭിക്കും വീട്ടുകാർക്കും എല്ലാം അറിയാം.. അവരുടെ സപ്പോർട്ട് കൂടി തന്നെയാ ഞാൻ എല്ലാം പ്ലാൻ ചെയ്തത്…ഒരു ദിവസം ഒരു മണ്ഡപത്തിൽ ഒരുമിച്ച് എന്റെയും അമ്മയുടെയും വിവാഹം നടക്കും…അത് കാണാൻ താല്പര്യം ഉള്ളവർ അങ്ങോട്ട് വന്നാൽ മതി..”

എന്നെയും ചേർത്തു പിടിച്ച് അവൾ അകത്തേക്ക് നടക്കുമ്പോൾ പിന്നിൽ ഉയരുന്ന മുറുമുറുപ്പുകൾ ഞങ്ങൽ ശ്രദ്ധിക്കാനേ പോയില്ല.