പാർവതി കുളിച്ചു വന്നു മുടി വേറിട്ടു?എടുക്കുകയായിരുന്നു. അച്ഛൻ ഓഫീസിൽ നിന്ന് വന്നിട്ടില്ല. പെട്ടെന്ന് കണ്ടു കാർ
കാശിയേട്ടൻ….
അവൾ ഇറങ്ങി ഒരോട്ടം. വാതിലും അടച്ചില്ല, ജനലും അടച്ചില്ല.
കാശി ഡോർ തുറന്നു ഇറങ്ങിയതും മുന്നിൽ കിതപ്പോടെ പാർവതി. അവൻ ചുറ്റും ഒന്ന് നോക്കി. മരത്തിന്റെ ചുവടാണ്. അകത്തേക്ക് നോക്കി. അമ്മ അറിഞ്ഞിട്ടില്ല. പിന്നെ ഒരു നിമിഷം വൈകിയില്ല. വലിച്ചു നെഞ്ചിലിട്ട് ഇറുക്കെ ഒരു കെട്ടിപ്പിടിത്തം. പിന്നെ കവിളിൽ അമർത്തി ഒരുമ്മയും. ചുവന്നു തുടുത്തു പോയി പാർവതി
അവൾ അത് പ്രതീക്ഷിച്ചില്ല. ഇന്ന് വരെ കാശി ദേഹത്ത് തൊട്ടിട്ടുമില്ല. കാശി മറ്റേ കവിളിലും അമർത്തി ഒരുമ്മ കൊടുത്തു. പാർവതി വിടർന്ന മിഴികളോട് അവനെ നോക്കി നിന്നു.
“എന്താടി?”
അവൻ സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ച പോലെ വീണ്ടും അടുപ്പിക്കാൻ ശ്രമിക്കവേ അമ്മ നടന്നു വരുന്നത് പോലെ തോന്നിയിട്ട് കൈ എടുത്തു മാറി നിന്നു.
പാർവതി ആണെങ്കിൽ ദേഹം വിറച്ചിട്ട് താഴെ പോകുമോന്നു ഭയന്ന് കാറിന്റെ ബൊണറ്റിൽ അമർത്തി പിടിച്ചു
“ആഹാ വന്നല്ലോ. തമ്പുരാൻ..”
“പരിഹാസം “
അവൻ ചിരിച്ചു കൊണ്ട് അവരെ കെട്ടിപ്പിടിച്ചു. ഉയർത്തി വട്ടം കറക്കി താഴെ വെച്ചു. അതോടെ പരിഭവം ഒക്കെ അലിഞ്ഞു പോയി ലക്ഷ്മിയുടെ
“എന്തോ സംഭവിച്ചിട്ടുണ്ടല്ലോ, ഒരു പഞ്ചാര ഒക്കെ വന്നല്ലോ.”
“അത് ശരി സ്നേഹിച്ചാലും കുറ്റം ‘
അവൻ തിരിഞ്ഞു നോക്കി അവളോട് അകത്തേക്ക് വരാൻ പറഞ്ഞു. പാർവതി മെല്ലെ നടന്നു പിന്നാലെ ചെന്നു
“അമ്മ ഒരു സ്ട്രോങ്ങ് ചായ എടുത്തേ “
“പാറുക്കുട്ടിക്കും എടുക്കട്ടെ “
പാർവതി ആ എന്നോ മറ്റൊ പറഞ്ഞു. അമ്മ പോയപ്പോ അവൻ അരികിൽ ചെന്നു
“കാണാതെ ഇരുന്നപ്പോ. എന്ത് തോന്നി.?”
അവൾ പെട്ടെന്ന് മുഖം താഴ്ത്തി. കാണാതെ ഇരുന്നപ്പോൾ ഇരുട്ടായിരുന്നു. എത്ര സൂര്യ വെളിച്ചതിലും ഇരുട്ട് മാത്രം ആയിരുന്നു
“പാർവതി “
അവൻ ആ മുഖം കയ്യിൽ എടുത്തു. ജലാശയം പോലെ രണ്ടു കണ്ണുകൾ
“വിഷമം ആയോ “
ഒരു തുള്ളിയിറ്റ് വീണു. അവൻ ആ കണ്ണുകൾ തുടച്ചു
“ക്ഷമി….”
അവൾ കൈ കൊണ്ട് ആ വാ മൂടി അങ്ങനെ പറയരുത് എന്ന് ആംഗ്യം കാണിച്ചു
“ഒരുമ്മ താ ” അവൻ മെല്ലെ പറഞ്ഞു
“ഡാ ഉപ്പേരി വേണോ?” അകത്തു നിന്ന് അമ്മ. പാർവതി പെട്ടെന്ന് പിടിത്തം വിടുവിച്ചു അടുക്കളയിലേക്ക് ചെന്നു. കാശി വേഷം മാറി വന്നു. മുണ്ടും കറുപ്പ് ഷർട്ടും. പാർവതിക്ക് വലിയ ഇഷ്ടം ആണ് കാശി ആ വേഷം ഇടുന്നത്. അപ്പോൾ ശരിക്കും ഒരു തമ്പുരാൻ തന്നെ. ഷർട്ടിന്റെ ആദ്യത്തെ രണ്ടു ബട്ടൺ തുറന്നു കിടക്കും. അതിലൂടെ മാല കാണാം
നല്ല ഭംഗിയാണ് അത്. അങ്ങനെ നോക്കാൻ പാടില്ല എന്നൊക്കെ അവൾക്ക് അറിയാം. എന്നാലും നോക്കും.
ഉപ്പേരിയും ചായയും കൊണ്ട് വെച്ച് ലക്ഷ്മി തിണ്ണയിൽ ഇരുന്നു. കോലായിലെ ചാരുകസേരയിൽ കാല് ഉയർത്തി വെച്ച് ഇരുന്നു കാശി നാഥൻ. ഏകദേശം ഒരു മാസം ആയി അമ്മയെയും പാറുവിനെയും കണ്ടിട്ട്.
പാർവതി അമ്മയോട് വർത്താനം പറഞ്ഞു ചിരിക്കുന്നത് നോക്കി ഇരുന്നു അവൻ.
ഇതാണ് സ്വർഗം. ഇവിടെ ഇങ്ങനെ ഇരിക്കുക. വേറെ ഒന്നും ആലോചിച്ചു കൂട്ടണ്ട..അമ്മയ്ക്ക് അനാമികയേ ഒന്നും അറിയില്ല. ആള് പത്രം വായിക്കുകയോ ന്യൂസ് കാണുകയോ ഇല്ല. അത് കൊണ്ട് സമാധാനം ഉണ്ട്. പക്ഷെ പാർവതി അതല്ല. അവൾക്ക് ടെൻഷൻ ഉണ്ട്. എന്തെല്ലാമോ ചോദിക്കാൻ ഉണ്ട്. ഇടയ്ക്കിടെ നോക്കുന്നുണ്ട്. ആദ്യമായി കൊടുത്ത ഉമ്മയിൽ പെണ്ണ് ചെമ്പകം പൂക്കുന്ന പോലെ പൂത്തു ചുവന്നു തുടുത്തു മുഖം. അടക്കി പിടിച്ചപ്പോൾ ഇലഞ്ഞി പൂ മണം
ഉടലിന്റെ മണമാണോ അത്. അവൻ ഇമ വെട്ടാതെ നോക്കിയിരിക്കുന്നത് കണ്ടു പാർവതി കണ്ണുകൾ താഴ്ത്തി
“നി നാളെയല്ലേ പോകുവുള്ളു?”
“ഞാൻ ഒരാഴ്ച ലീവ് ആണ് “
ലക്ഷ്മിയും പാർവതിയും അതിശയത്തോടെ നോക്കി
“ഒരാഴ്ചയോ?”
“ഉം അമ്മേടെ പരാതി തീരട്ടെ “
“അമ്മേടെ പരാതിയോ അതോ?” അമ്മ ഒരു കള്ളച്ചിരി
“എങ്കിൽ ഞാൻ നാളെ പോയേക്കാം “
“നി പോകുകയൊന്നുമില്ല.. പോടാ ” അമ്മ ചിരിച്ചു കൊണ്ട് തുണി എടുക്കാൻ മുറ്റത്തേക്ക് പോയി
“അമ്മയോട് വല്ലോം പറഞ്ഞോ?” കാശി ചോദിച്ചു
“പറയാതെ ചിലതൊക്കെ മനസിലാകും ” പാർവതി മെല്ലെ പറഞ്ഞു
“എങ്കിൽ എന്താ നിനക്ക് മനസിലാകാഞ്ഞത്?”
“എന്ത്?”
“പറയാതെ ഒരുമ്മ തരാൻ “
അവൾ മുഖം പൊത്തി കളഞ്ഞു..പിന്നെ മെല്ലെ കൈകൾ വിടർത്തി നോക്കി. അമ്മ തുണിയുമായി പിൻവശത്തെക്ക് പോയി. അവൾ എഴുനേറ്റു അരികിൽ വന്നു
മുഖം താഴ്ത്തി ചുണ്ടിൽ ഒരു മുത്തം. ഇക്കുറി പൂത്തു പോയത് കാശിനാഥനാണ്. ഒരു പെണ്ണിന്റെ ആദ്യ ചുംബനത്തിൽ പൂത്തു തളിർത്തു പോയി..നേർത്ത ചിരിയോടെ പാർവതി ഓടിപ്പോയി
തുടരും….
