രുദ്രാക്ഷം – ഭാഗം 38 എഴുത്ത്: വർണ്ണങ്ങൾ ആമി

അർജുൻ റൂമിൽ ചെന്ന് വേഷമൊക്കെ മാറിയശേഷം ഇത്തിരി സമയം റസ്റ്റ് എടുത്തിരുന്നു. അതിനുശേഷം അവൻ കുളിച്ചു ഫ്രഷ് ആയി.. അവന്റെ ലൈബ്രറിയിലേക്ക് പോയി, ന്യൂസ് പേപ്പർ മുഴുവനും വായിച്ചുതീർക്കാൻ കാലത്തെ സമയം കിട്ടില്ല. അതുകൊണ്ട് അവൻ അന്നത്തെ വാർത്തകളൊക്കെ ഒന്ന് ഓടിച്ചു നോക്കിക്കൊണ്ടിരുന്നു.

അതൊക്കെ കഴിഞ്ഞ്  അച്ഛമ്മ വിളക്ക് കൊളുത്തുന്ന നേരമായപ്പോൾ അവൻ പൂജാമുറിയിലേക്ക് ചെന്നു.

അച്ഛമ്മ ലളിത സഹസ്രനാമം ചൊല്ലുകയാണ്. അർജുൻ അവരുടെ അരികിലായി പോയിരുന്നു. കണ്ണടച്ച് കുറച്ചു സമയം ധ്യാനിച്ചു.

പ്രാർത്ഥനയൊക്കെ കഴിഞ്ഞ് അവൻ അച്ഛമ്മയുടെ കൈപിടിച്ച് അവരെ എഴുന്നേൽപ്പിച്ചു.
കസേരയിലിരുന്നാണ് അച്ഛമ്മ നാമം ജപിക്കുന്നത്. അർജുൻ അച്ഛമ്മയെ എഴുന്നേൽപ്പിച്ച് സെറ്റിയിൽ കൊണ്ടുപോയി ഇരുത്തിയപ്പോൾ  സ്റ്റെല്ല അവനു കുറച്ച് കായ വറുത്തത് കൊണ്ടുവന്ന് കൊടുത്തു.

മോനെ…. അച്ഛമ്മയ്ക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്.

എന്താ അച്ഛമ്മേ… കാര്യം പറയൂ.

അച്ഛമ്മയ്ക്ക് പ്രായം ഇത്രയൊക്കെ ആയി, ഇനി അധികം താമസം ഒന്നുമില്ല മുകളിലേക്ക് പോകാൻ, അതിനു മുന്നേ എനിക്കൊരു ആഗ്രഹം ഉണ്ട് അത് എന്റെ മോന് മാത്രമേ സാധിപ്പിച്ചു തരാൻ പറ്റൂ…

അവർ പറഞ്ഞതും അർജുൻ ഒന്ന് ആലോചിച്ചു. അവൻ ഓർത്തു നിരഞ്ജനയും ആയിട്ടുള്ള വിവാഹത്തിനെ കുറിച്ച് ഇത്തിരി മുന്നേ പറഞ്ഞതുകൊണ്ട് അതിനു സമ്മതിക്കണം എന്ന് ആയിരിക്കുമെന്ന്.

അച്ഛമ്മേ എനിക്ക് എന്റെ സഹപ്രവർത്തകയെ വിവാഹം കഴിക്കുവാൻ തീരെ താല്പര്യമില്ല. അതുകൊണ്ട് അക്കാര്യവുമായി ബന്ധപ്പെട്ടുള്ള സംസാരം വേണ്ട. വേറെ എന്തുവേണമെങ്കിലും അച്ഛമ്മ പറഞ്ഞൊ.

ആ പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടന്നെ.. എന്റെ മോന് ഇഷ്ടമില്ലെങ്കിൽ ഒരിക്കലും അച്ഛമ്മ നിർബന്ധിക്കില്ല…

ഹമ്.. വേറെ എന്തുവേണമെങ്കിലും അച്ഛമ്മ പറഞ്ഞാൽ ഞാൻ സമ്മതിക്കും.

സത്യമാണോ…അച്ഛമ്മ ചെറിയ പുഞ്ചിരിയോടെ അർജുനെ നോക്കി,,ശേഷം ഇന്ദ്രനെയും സ്റ്റെല്ലയെയും

ഹമ്. സത്യം… എന്റെ അച്ഛമ്മ പറയുന്ന എന്ത് കാര്യവും ഞാൻ കേൾക്കും.

എങ്കിൽ നീ എന്റെ കൂടെ ആ പൂജാമുറിയിലേക്ക് ഒന്നു വരണം.

എന്തിനു… ഇനി അച്ഛമ്മ സ്വത്ത് മുഴുവൻ എന്റെ പേരിലേക്ക് മാറ്റിയോ.. മാറ്റിയാലും എനിക്ക് വിഷമമൊന്നുമില്ല കേട്ടോ. അർജുൻ തമാശയായി പറഞ്ഞു ചിരിച്ചു.

അതൊക്കെ നിന്റെ പേരിലേക്ക് ഞാൻ മാറ്റി തരും, അക്കാര്യം ഓർത്ത് ഒന്നും നീ ടെൻഷനടിക്കേണ്ട..ഇത് അതൊന്നുമല്ല കാര്യം…

അവർ കുടുംബ പരദേവതയുടെ മുൻപിൽ അർജുനെ കൊണ്ടുവന്നു നിർത്തി.

ഓഹ്.. അച്ഛമ്മ കാര്യമായിട്ടാണല്ലോ… എന്തുവാണോ ഇത് ഒക്കെ..

അവർ അവന്റെ വലതു കൈയെടുത്ത് കുടുംബപര ദേവതയുടെ കാൽക്കീഴിൽ വച്ചു.

ദേ… ഈ ദേവി അമ്മയെ സത്യം ചെയ്ത് പറയണം അച്ഛമ്മ പറയുന്നത് അനുസരിക്കുമെന്ന്.

നിരഞ്ജനയും ആയിട്ടുള്ള വിവാഹക്കാര്യം അല്ലല്ലോ..

അല്ല….

ഉറപ്പാണോ..

ഉറപ്പ്… ആ കാര്യം അല്ല.

എങ്കിൽ എന്നെക്കൊണ്ട് സാധിക്കുന്നത് എന്തും ഞാൻ അച്ഛമ്മ പറയുന്നത് അനുസരിക്കും.

നിന്നെക്കൊണ്ട് സാധിക്കും.. നിന്നെക്കൊണ്ട് മാത്രമേ അത് സാധിക്കൂ..

ഹമ്. എങ്കിൽ പറഞ്ഞൊ.. ഞാൻ സത്യം ചെയ്യുന്നു.

അവൻ അച്ഛമ്മയെ നോക്കി.

നമ്മുടെ മനോജ്‌ കൊച്ചച്ചന്റെ പെങ്ങള് ഇല്ലേ, രേഷ്മയാന്റി..നിനക്ക് അറിയോ അവരെ.

ഹമ്.. അറിയാം….

അവരുടെ മകളെ വിവാഹം ചെയ്യാൻ നീ സമ്മതിക്കണം.. അല്ലാ സമ്മതിച്ചു കഴിഞ്ഞുല്ലൊ അല്ലേ.. പരദേവതയെ വെച്ച് സത്യം ചെയ്തു.. ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ മുന്നോട്ട് നോക്കുകയാണ്  കേട്ടോ മോനെ..

അച്ഛമ്മ പറഞ്ഞതും അർജുൻ സ്തംഭിച്ചു നിന്നുപോയി.

തുടരും….