എഴുത്ത്: ദേവാംശി ദേവ
ഫോൺ ബെൽ കേട്ടപ്പോ ദേവന്റെ നെഞ്ചോട് ചേർന്നു കിടക്കുവായിരുന്ന വൈഗ എഴുന്നേറ്റ് ഫോണെടുത്തു..
“എന്താ അച്ഛാ ഈ നേരത്ത്..” മറുതലയ്ക്കൽ സ്വന്തം അച്ഛനാണെന്ന് കണ്ടതും പരിഭ്രമത്തോടെ അവൾ ചോദിച്ചു..
“ശേഖരൻ മുതലാളിക്ക് ഒരു നെഞ്ച് വേദന..നീ ദേവൻ മോനെയും കൂട്ടി വേഗം വരണം..”
“അത്… അച്ഛാ…ദേവേട്ടൻ വരുമെന്ന് എനിക്ക് തോന്നുന്നില്ല..”
“വരണം…. എങ്ങനെയെങ്കിലും നീ കൊണ്ട് വരണം..”
അയാളുടെ വാക്കുകൾ ഉറച്ചതായിരുന്നു..ആദ്യമായാണ് അത്രയും ഗൗരവത്തിൽ അയാൾ സംസാരിക്കുന്നത്..ഒരു പക്ഷെ തന്റെ ഭർത്താവിന്റെ അച്ഛൻ ഇപ്പൊ ഈ ലോകത്ത് ജീവനോടെ കാണില്ലായിരിക്കും..
അതാലോചിച്ചതും അവളുടെ നെഞ്ചൊന്ന് പിടഞ്ഞു..
അവൾ വേഗം എഴുന്നേറ്റ് പോയി ഫ്രഷായി ഡ്രസ്സൊക്കെ മാറ്റിയിട്ട് ദേവനരികിലേക്ക് വന്നു..
“ദേവേട്ടാ… ദേവേട്ടാ… ” വൈഗയുടെ വിളികേട്ട് കണ്ണ് തുറന്ന് ദേവൻ അവളെ സംശയത്തോടെ നോക്കി..പിന്നെ ക്ളോക്കിലേക്കും..
“ഈ നേരത്ത് നീ ഇത് എങ്ങോട്ടേക്ക് പോകുവാ..
“നാട്ടിലേക്ക്… അച്ഛൻ വിളിച്ചിരുന്നു..ശേഖരനങ്കിൾ ഹോസ്പിറ്റലിൽ ആണ്..”
“അതിന്….”.താൽപര്യമില്ലാതെയാണ് അവൻ ചോദിച്ചത്..
“നമുക്ക് പോകാം..”
“ഞാൻ വരില്ല വൈഗ..അയാൾ മരിച്ചാൽ പോലും ഞാൻ വരില്ല..”
“ദേവേട്ടാ.. വാശി കാണിക്കേണ്ട സമയമല്ലിത്..നമുക്കൊന്ന് പോയിട്ട് വരാം..”
“വാശിയോ… ആർക്ക്..ഞാൻ കാണിക്കുന്നതൊക്കെ വാശിയായിട്ടാണോ നിനക്ക് തോന്നുന്നത്.”
“അതെ… ഇപ്പൊ ദേവേട്ടൻ കാണിക്കുന്നത് വാശിയാണ്..അത് മാറ്റിവെച്ച് നമുക്കൊന്ന് പോയിട്ട് വരാം… പ്ലീസ്…ദേവേട്ടനെയും കൊണ്ട് ചെല്ലണമെന്നാ അച്ഛൻ പറഞ്ഞേക്കുന്നത്.”
അവനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു..
“ദേവേട്ടാ പ്ലീസ്..”
“മ്മ്മ്… ഞാൻ വരാം..അയാൾക്ക് വേണ്ടിയല്ല. നിനക്കും അച്ച്യുതൻ മാമക്കും വേണ്ടി..”
പെട്ടെന്ന് തന്നെ അവൻ റെഡിയായി ഇറങ്ങി…
“ഞാനോടിച്ചോളാം…”
ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ പോയ വൈഗയെ തടഞ്ഞുകൊണ്ട് ദേവൻ ചാവിക്കായി കൈ നീട്ടി..ചാവി അവന്റെ കൈകളിലേക്ക് കൊടുത്ത് അവൾ മറുഭാഗത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി..
യാത്രയിലുടനീളം ദേവൻ നിശബ്ദനായിരുന്നു..അവന്റെ മനസ്സിലെ ഇഷ്ടക്കേട് മുഖത്തും തെളിഞ്ഞു കാണാമായിരുന്നു..
*****************
“വൈഗ…നീ അറിഞ്ഞോ…എനിക്കൊരു കുഞ്ഞുവാവ വരാൻ പോകുവാ..”
“സത്യാണോ ദേവേട്ടാ..”
“സത്യം..അതെന്തായാലും അനിയത്തി വാവ ആയിരിക്കും…അവൾക്ക് വൈഗയെ പോലെ നിറയേ മുടികാണും..പിന്നെ വൈഗയെ പോലെ ചിരിക്കുമ്പോൾ കവിളിൽ കുഴി വരും..പിന്നെ….പിന്നെ…. പിന്നെ അവൾക്ക് ഞാൻ വൈഗയെ പോലെ കണ്ണിൽ നിറയെ കണ്മഷി എഴുതി കൊടുക്കും.”
പത്തുവയസുകാരൻ ദേവന്റെ മുഖമോർത്തപ്പോൾ അറിയാതെ അവളൊന്ന് പുഞ്ചിരിച്ചു..കൂടെ കണ്ണുകൾ നിറഞ്ഞു..
വലിയ തറവാട്ടുകാരായിരുന്നു ദേവന്റെ അച്ഛൻ ശേഖരൻ മുതലാളി. ഏക മകൻ ദേവൻ…തറവാട്ടിലെ കാര്യസ്തനാണ് ദേവൻ അച്ച്യുതൻ മാമ എന്ന് വിളിക്കുന്നു അച്ചുതൻ. അയാളുടെ ഏക മകളാണ് വൈഗ..
ദേവന് രണ്ട് വയസുള്ളപ്പോഴാണ് അവന്റെ അമ്മ മരിക്കുന്നത്..പിന്നെ ദേവനും ശേഖരനും ശേഖരന്റെ അമ്മയും മാത്രമായി തറവാട്ടിൽ..
അവന് എട്ട് വയസ്സ് കഴിഞ്ഞപ്പോൾ ശേഖരൻ വേറെ വിവാഹം കഴിച്ചു..അംബിക..
ദേവന് അംബികയെ ഒരുപാട് ഇഷ്ടമായിരുന്നു..പക്ഷെ അംബിക ഒരിക്കലും ദേവനെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല..
അംബിക ഗർഭിണിയായപ്പോൾ ദേവൻ ഒരുപാട് സന്തോഷിച്ചു..ഒരു അനിയത്തിയെ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..
ദേവന്റെ ആഗ്രഹം പോലെ തന്നെ അംബിക ഒരു പെൺ കുഞ്ഞിന് ജന്മം നൽകി..ദീപിക എന്ന് പേരിട്ടു..പ്രസവത്തിന് വീട്ടിലേക്ക് പോയ അംബിക പിന്നെ തിരികെ വന്നില്ല..കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശേഖരൻ ദേവനെയും കൂട്ടി അംബികയുടെ വീട്ടിലേക്ക് താമസം മാറി..അച്യുതനോം കുടുംബവുമായിരുന്നു ആ സമയം ശേഖരന്റെ അമ്മക്ക് കൂട്ട്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ അംബിക ദേവനിൽ കുറ്റം കണ്ടെത്തി..
ഒരു ദിവസം അംബിക കുളിക്കാൻ പോയ സമയത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്നു കരഞ്ഞു. ദേവൻ കുഞ്ഞിനെ എടുത്ത് നടന്ന് അവളുടെ കരച്ചിൽ മാറ്റാൻ ശ്രെമിച്ചു..എന്നാൽ താഴെ കിടന്ന കുഞ്ഞിന്റെ കളിപ്പാട്ടത്തിൽ ചവിട്ടി ദേവനും കുഞ്ഞും താഴേക്ക് വീണു.. അപ്പോഴും അനിയത്തിക്ക് ഒന്നും പറ്റാതിരിക്കാൻ അവൻ അവളെ മാറോടടക്കി പിടിച്ചിട്ടുണ്ടായിരുന്നു..ഇത് കണ്ടുവന്ന് അംബിക ദേവൻ കുഞ്ഞിനെ താഴെ തളളി ഇട്ടുവെന്നു പറഞ്ഞ് അവനെ ഒരുപാട് തല്ലി..വീട്ടിൽ പ്രശ്നം ഉണ്ടാക്കി..
സഹികെട്ട് ശേഖരൻ ദേവനെ തിരികെ തറവാട്ടിൽ കൊണ്ടാക്കി..മുത്തശ്ശിയോടൊപ്പമാണ് അവൻ പിന്നെ വളർന്നത്..അവനു കൂട്ട് കാര്യസ്ഥൻ അച്ച്യുതൻ നായരുടെ മകൾ വൈഗയായിരുന്നു.അവന്റെ പ്രിയപ്പെട്ട അനിയത്തിയെ അവൻ വല്ലപ്പോഴും മാത്രമേ കണ്ടിട്ടുള്ളു..
കാലം കടന്നുപോയി..
ബാല്യം കൗമാരത്തിലും യൗവനത്തിലേക്കുമൊക്ക പോയപ്പോൾ കളിക്കൂട്ടുകാരി വൈഗ അവനു കാമുകിയായി…അവന്റെ പ്രിയപ്പെട്ടവളായി..
ദീപിക കോളേജിൽ പഠിക്കുന്ന സമയം..ദേവൻ അതെ കോളേജിലെ ഗസ്റ്റ് ലക്ച്ചർ ആയിരുന്നു. അനിയത്തിയെ ഇനി എന്നും കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൻ. എന്നാൽ അവൾ അവന്റെ മുഖത്തുപോലും നോക്കിയില്ല..
അവളുടെ കൂട്ട് കെട്ടുകൾ ശരിയല്ലെന്ന് കണ്ടപ്പോൾ ദേവൻ അവളെ ഉപദേശിച്ചു..എന്നാൽ അവളതൊന്നും ചെവികൊണ്ടില്ല..അവന്റെ ക്ലാസിലെ അരുണുമായ് അവൾ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ അവൻ ശരിക്കും ഞെട്ടി..അത്രയും സ്വഭാവദൂഷ്യമുള്ള ഒരാളെ അവൻ കണ്ടിട്ടില്ലായിരുന്നു..
അവൻ പറയുന്നതൊന്നും കേൾക്കാൻ അവൾ തയാറാകാത്തതുകൊണ്ടാണ് ശേഖരനെ കാണാൻ അവൻ അംബികയുടെ വീട്ടിലേക്ക് ചെന്നത്..എന്നാൽ അവന്റെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ടാണ് അയാൾ അവനെ സ്വീകരിച്ചത്.
“സ്വന്തം പെങ്ങളെ മറ്റൊരു കണ്ണിൽ കാണാൻ നിനക്ക് എങ്ങനെ കഴിഞ്ഞെടാ..നീ എന്റെ മോൻ തന്നെയാണോ”
അയാളുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കീറി മുറിച്ചു..അടിയെക്കാളും വേദന അയാളുടെ വാക്കുകൾ അവനു നൽകി..കണ്ണീരോടെ അവനാ വീടിന്റെ പടിയിറങ്ങി..
മുത്തശ്ശിയും വൈഗയും അച്ചുതൻ നായരും അവന്റെ കൂടെ നിന്നു.
ദേവൻ നന്നായി പഠിച്ചു..കോളേജ് അദ്ധ്യാപകനായി സർക്കാർ ജോലി നേടി…മുത്തശ്ശിയുടെ മരണം അവനെ തകർത്തു കളഞ്ഞെങ്കിലും വൈഗ അവനു താങ്ങായി നിന്നും..
വൈഗയെ അവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതറിഞ്ഞ് ശേഖരൻ അവനെ എതിർത്തു..അയാളെക്കാളും എതിർപ്പ് അംബികക്കും ദീപികക്കും ആയിരുന്നു..
അതൊന്നും കാര്യമാക്കാതെ കുടുംബ ക്ഷേത്രത്തിൽ വെച്ച് ദേവൻ അവളെ താലി കെട്ടി സ്വന്തമാക്കി..ട്രാൻസ്ഫർ വാങ്ങി അവളെയും കൂട്ടി മറ്റൊരിടത്തേക്ക് മാറി..ദീപിക പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അരുണിമായി ഒളിച്ചോടിയത് അറിഞ്ഞിട്ടും അവൻ നാട്ടിലേക്ക് പോയില്ല..
അരുണുമായുള്ള അവളുടെ ജീവിതം നരകതുല്യമാണെന്നും അവൾക്കൊരു പെൺകുഞ്ഞ് ജനിച്ചെന്നും അച്ച്യുതൻ നായർ വിളിച്ചു പറഞ്ഞിട്ടും അവനത് ശ്രദ്ധിക്കാൻ പോയില്ല..ശേഖരനോ അംബികയോ ദീപികയോ ഒരിക്കലും അവനെ വിളിച്ചില്ല..അവൻ അവരെയും..
********************
“ശരിയച്ഛാ..”
വൈഗ ഫോൺ കട്ട് ചെയ്ത് ദേവനെ നോക്കി..ഹോസ്പിറ്റലിലേക്ക് പോകണ്ട തറവാട്ടിലേക്ക് പോകാൻ പറഞ്ഞു..”
ദേവൻ കാറ് തറവാട്ടിലേക്ക് തിരിച്ചു..
തറവാട്ടിലേക്കുള്ള വഴിയിലും മുറ്റത്തും ആളുകൾ തിങ്ങി കൂടി നിൽപ്പുണ്ട്..ശേഖരൻ മരിച്ചുവെന്ന് ദേവനും വൈഗക്കും മനസിലായി..
പക്ഷെ അവരേ ഞെട്ടിച്ചുകൊണ്ട് ശേഖരന് പകരം തറവാടിന്റെ അകത്തളത്തിൽ ഒരിക്കലും ഉണരാത്ത ഉറക്കത്തിൽ കിടന്നിരുന്നത് ദീപികയായിരുന്നു..
“ഒരുപാട് അനുഭവിച്ചു. ഒടുവിൽ സ്വയം ജീവൻ കളഞ്ഞു..പോകും മുൻപ് ആ ദുഷ്ട്ടനെയും തീർത്തു..വിvi ഷം ചേർത്ത ഭക്ഷണം അരുണിനും വിളമ്പി അവളും കഴിക്കു വായിരുന്നു..” അച്ച്യുതൻ നായർ അവരുടെ അടുത്തേക്ക് വന്നു പറഞ്ഞു.
ദേവൻ ചുറ്റും നോക്കി..ബന്ധുക്കളുടെ ഇടയിൽ കരഞ്ഞു തളർന്നിരിക്കുന്ന ശേഖരനും അംബികയും..അംബികയുടെ കൈയ്യിൽ പേടിയോടെ ഇരിക്കുന്ന ദീപികയുടെ മകൾ..
ദേവൻ വേഗം പുറത്തേക്കിറങ്ങി പോയി..വൈകുന്നേരത്തോടെ ചടങ്ങുകളൊക്കെ കഴിഞ്ഞു..അച്യുതൻ നായർ പറഞ്ഞിട്ട് ദേവൻ തന്നെയാണ് ദീപികയുടെ മകളെ കൈയ്യിൽ വെച്ച് ചടങ്ങുകൾ ചെയ്തത്..
രാത്രി…
ശേഖരൻ ദേവന്റെ മുറിയിലേക്ക് വന്ന് ഒരു കത്ത് അവനെ ഏൽപ്പിച്ചു.
ഏട്ടന്…ചെയ്തു പോയ തെറ്റുകൾക്കൊക്കെ മാപ്പ്.. ഏട്ടന്റെ വാക്കുകൾ കേൾക്കാത്തതിനുള്ള ശിക്ഷ ഞാൻ അനുഭവിക്കുന്നുണ്ട്..ഞാൻ പോകുവാ.. ഇനിയും സഹിക്കാൻ വയ്യ… എനിക്ക് തരാൻ വെച്ച സ്നേഹം മുഴുവൻ കൊടുത്ത് എന്റെ മോളേ ഏട്ടൻ വളർത്തണം.
ഏട്ടന്റെ കുഞ്ഞനുജത്തി
കത്ത് വായിച്ച ശേഷം അത് കീറി ജനലിലൂടെ പുറത്തെക്ക് എറിഞ്ഞിട്ട് ദേവൻ മുറ്റത്തേക്കിറങ്ങി..പിന്നീടുള്ള ദിവസങ്ങളിലൊന്നും ദേവൻ ആ കുഞ്ഞിനെ നോക്കുകയോ എടുക്കുകയോ ചെയ്തില്ല…
ശേഖരനും അംബികയും നന്നായി വിഷമിച്ചു..ദേവൻ ഏറ്റെടുത്തില്ലെങ്കിൽ തങ്ങളുടെ കാല ശേഷം ആ കുഞ്ഞിന് ആരുമുണ്ടാകില്ലെന്ന് അവർക്ക് അറിയാമായിരുന്നു..
ഒരിക്കൽ ദേവൻ നിന്നിടത്താണ് ഇന്ന് തന്റെ മകളുടെ കുഞ്ഞു നിൽക്കുന്നതെന്ന് അംബികക്ക് മനസിലായി..ചെയ്തുകൂട്ടിയ തെറ്റുകളോർത്ത് അവരുടെ കണ്ണുകൾ നിറഞ്ഞു..
ദേവനോടൊന്ന് സംസാരിക്കാനും മാപ്പ് പറയാനും അവർ ഒരുപാട് ആഗ്രഹിച്ചെങ്കിലും ദേവൻ അംബികയോടും ശേഖരനോടും സംസാരിക്കാൻ തയാറായില്ല.
ദിവസങ്ങൾ കഴിഞ്ഞുപോയി….
ചടങ്ങുകളെല്ലാം പൂർത്തിയാക്കിയ ശേഷം ദേവനും വൈഗയും തിരികെ പോകാനിറങ്ങി..ദേവൻ പോയി അംബികയുടെ കൈയ്യിൽ നിന്നും ദീപികയുടെ മോളേ വാങ്ങി..
“ഞാൻ വളർത്തിക്കോളാം ഇവളെ..പേടിക്കേണ്ട.. എനിക്കും വൈഗക്കും എത്ര മക്കളുണ്ടായാലും ഇവള് തന്നെയാകും ഞങ്ങളുടെ മൂത്ത കുഞ്ഞ്…മാറ്റി നിർത്തില്ല ഞങ്ങൾ..”
കുഞ്ഞിനെ മാറോട് ചേർത്ത് വൈഗയുടെ കൈയ്യും പിടിച്ച് ദേവൻ തറവാടിന്റെ പടി ഇറങ്ങുമ്പോൾ ബാക്കി ജീവിതം അവനോടൊപ്പം ജീവിക്കാൻ ശേഖരനും അംബികയും ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു..
ദേവേട്ടൻ അനുഭവിച്ചതും കരഞ്ഞു തീർത്തതും നേരിട്ട് കണ്ടവളാണ് ഞാൻ..അതുകൊണ്ട് തന്നെ ദേവേട്ടനെ നിർബന്ധിക്കില്ല ഞാൻ..കാലമെന്നെങ്കിലും ഈ മനുഷ്യന്റെ മനസ്സിലെ മുറിവുമായ്ക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ എനിക്ക് കഴിയു..
തറവാടിന്റെ പടികൾ ഇറങ്ങുമ്പോൾ നിറമിഴികളോടെ നിൽക്കുന്ന ശേഖരനേയും അംബികയേയും തിരിഞ്ഞു നോക്കി വൈഗ മനസ്സിൽ പറഞ്ഞു..
