രുദ്രാക്ഷം – ഭാഗം 70, എഴുത്ത്: വർണ്ണങ്ങൾ ആമി

അർജുൻ അവളെ ആദ്യമായി കണ്ട നാൾ മുതലുള്ള കാര്യങ്ങൾ ഓർത്തുകൊണ്ട് കട്ടിലിൽ ചുരുണ്ടു കൂടി ഇരിക്കുകയാണ് ചിന്മയി.

അവന്റെ സങ്കല്പത്തിലുള്ള പെണ്ണല്ലെന്നും വിവാഹം കഴിയ്ക്കാൻ താല്പര്യം ഇല്ലെന്നും ശ്രീദേവി വല്യമ്മയുടെ വീട്ടിൽ വച്ച് കണ്ടപ്പോൾ അവൻ പറഞ്ഞത് അവൾ ഓർത്തു.

അർജുനേട്ടന് തന്നെ ഇഷ്ടമല്ലെന്നുള്ള കാര്യം നേരത്തെ തന്നെ പറഞ്ഞതാണ്. എന്നിട്ടും താനല്ലേ ഏട്ടന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വന്നത്..ശരിയ്ക്കും താൻ അല്ലേ കുറ്റക്കാരി.

തനിക്കായിരുന്നു വാശി… തന്നോട് മുഖത്ത് നോക്കി ഒരാൾ ആദ്യമായിട്ടാണ് തനിക്ക് സൗന്ദര്യം ഇല്ലന്ന് പറഞ്ഞത്. അന്ന് അത് കേട്ടപ്പോൾ ഈ ആളെ തന്നെ വിവാഹം കഴിച്ചേ പറ്റൂ എന്ന് ഒരു പൊട്ടതീരുമാനം എടുത്തു.

എന്തിനാ ഈ പാവത്തിന്റെ ജീവിതം താനായിട്ട് നശിപ്പിച്ചു കളയുന്നത്..താൻ വന്നതോടെ അർജുനേട്ടന്റെ ഉള്ള സമാധാനം കൂടി പോയ്‌..ഒരിക്കലും ആൾക്ക് ചേരുന്ന ഒരു പെണ്ണല്ല താന്.

താൻ  ഭാര്യ ആണെന്ന് പറയുന്നത് പോലും ആൾക്ക് ഇഷ്ടമില്ല.. അതുകൊണ്ട് ഇങ്ങനെ പൊട്ടിത്തെറിയ്ക്കുന്നത്..

അർജുൻ അവന്റെ വായിൽ വന്നതൊക്കെ അവളെ വിളിച്ചു പറഞ്ഞിട്ടും ചിമ്മു അവളിൽ സ്വയം തെറ്റ് കണ്ടെത്തുകയാണ്.?ഉള്ളിൽ ഒരു നെരുപ്പോട് എരി lയുന്നുണ്ടെങ്കിൽപോലും ചിമ്മു തന്റെ മുട്ടിൽ മുഖം പൂഴ്ത്തിയിരുന്നു.

ഈ സമയത്ത് അർജുൻ ആണെങ്കിൽ സിറ്റൗട്ടിൽ കിടക്കുന്ന കസേരയിൽ ഇരിക്കുകയാണ്.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ അവനെ പഠിപ്പിച്ച അവന്റെ പ്രിയപ്പെട്ട ഒരു സിസ്റ്റർ ഉണ്ടായിരുന്നു. സിസ്റ്റർ കത്രീന….അർജുന്റെ വിവാഹത്തിന് കത്രീനാമ്മ കൊണ്ടുവന്നു കൊടുത്തതാണ് ഈ ഷർട്ട്..അവനു ഒരുപാട് സന്തോഷമായിരുന്നു ആ സമ്മാനം കിട്ടിയപ്പോൾ.. കാരണം അവന്റെ ഫേവറിറ്റ് കളർ ആയിരുന്നു.. സിസ്റ്റർക്ക് അർജുന്റെ മനസ്സ് മറ്റാരെക്കാളും വ്യക്തമായിട്ട് അറിയാമായിരുന്നു അതുകൊണ്ടാണ് ഈ നിറമുള്ള ഷർട്ട് അവന് സമ്മാനമായി സിസ്റ്റർ കൊണ്ടുവന്ന് കൊടുത്തതു പോലും.

എന്നിട്ട് ഈ ഷർട്ട് ഇട്ടുകൊണ്ട് ഒരു ദിവസം കോൺവെന്റിൽ വരണമെന്നും കൂടി പറഞ്ഞിട്ടാണ് അവർ പോയതും.

പുത്തനോടെ വെച്ചിരിക്കുകയായിരുന്നു അവൻ ആ ഷർട്ട്. അതാണ് ചിന്മയി കത്തിക്കരിച്ചു വെച്ചത്.

കുറേസമയം അർജുൻ ആ കസേരയിലിരുന്നു. അതിനുശേഷം അവൻ അകത്തേക്ക് കയറി വന്നപ്പോൾ ചിന്മയി പുസ്തകം എടുത്തു വായിച്ചു പഠിക്കുന്നുണ്ട്. അർജുൻ അടുക്കളയിലേക്ക് പോയി, ഒരു പ്ലേറ്റ് എടുത്ത് ആഹാരം വിളമ്പി. ശേഷം ഹോളിലേക്ക് വന്നിട്ട് അവൻ ഒറ്റയ്ക്കിരുന്ന് അത് കഴിച്ചു.

പാവം ചിമ്മുവിനെ അവനൊന്നു വിളിയ്ക്ക കൂടി ചെയ്തില്ല..

നീ കഴിക്കുന്നില്ലേ എന്ന് മാത്രമേ ആള് ചോദിക്കാറുള്ളൂ. അല്ലാതെ ഒപ്പം ഇരുന്ന് കഴിക്കാൻ ഒന്നും വിവാഹശേഷം ഇതുവരെയായിട്ടും ഒന്ന് നിർബന്ധിച്ച് പോലുമില്ല. എങ്കിൽ കൂടി അർജുൻ തനിച്ചിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ ചിൻമയ്ക്ക് ഒത്തിരി വിഷമം വന്നു.പിന്നെ ഏട്ടന് അത്രമേൽ വെറുപ്പുള്ള ഒരാളെ വിളിച്ചു കൂടെ ഇരുത്തി കഴിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ എന്നും അവൾ ഓർത്തു..

അർജുൻ കഴിച്ചിഴുന്നേറ്റ് പോകുന്നതുവരെ അവൾ പുസ്തകത്തിലേക്ക് തന്നെ മുഖം പൂഴ്ത്തിയിരുന്നു.

കണ്ണുനീർത്തുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകിവന്നിട്ട് പുസ്തകത്തിലേക്ക് വീണു..

അർജുൻ ഭക്ഷണം കഴിച്ച ശേഷം ബെഡ്റൂമിലേക്ക് പോയി. ആരെയൊക്കെയോ ഫോൺ വിളിച്ച് സംസാരിക്കുന്നുണ്ട്. അതിനുശേഷം ബെഡ് ഒക്കെ വിരിച്ചിടുന്നതും അവൾ കണ്ടു. കുറച്ചു കഴിഞ്ഞതും അർജുൻ കിടന്നുകഴിഞ്ഞുവെന്ന് ചിമ്മുവിനും മനസ്സിലായി.

അർജുൻ അവളെ കിടക്കുവാനായി പോലും ഒന്ന് വിളിച്ചില്ല. ചിമ്മു എഴുന്നേറ്റ് അവിടെക്ക് ചെന്നുമില്ല.

തന്നോട് ഇത്രമാത്രം വെറുപ്പുള്ള ഒരാളുടെ കൂടെ ഇനി എന്തിനാണ് ആ കിടക്കയിൽ കിടക്കുന്നത്… അവൾ ഓർത്തു.

രാവിലെ അർജുൻ എണീറ്റപ്പോൾ ആദ്യം നോക്കിയത് അവൻ തന്റെ വലതുവശത്തേക്ക് ആയിരുന്നു.

എല്ലാ ദിവസവും അരികിലായി കിടന്നുറങ്ങുന്നവളെ അന്ന് കാണാഞ്ഞതും അവൻ ചാടി എഴുന്നേറ്റു.

സമയം നോക്കിയപ്പോൾ 5 30. ഇത്ര നേരത്തെ അവൾ എഴുന്നേറ്റ് എവിടെ പോയി എന്ന് കരുതി അവൻ വാതിൽ കടന്ന് വെളിയിലേക്ക് വന്നതും ദിവാൻസെറ്റിൽ ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുന്ന ചിന്മയിയായിരുന്നു കണ്ടത്..

ഒന്ന് തിരിഞ്ഞിട്ടുണ്ടെങ്കിൽ അവൾ നിലത്തേക്ക് വീഴും. ആ പരുവത്തിലാണ് അവളുടെ കിടപ്പ്.

ചിന്മയി..അർജുൻ വിളിച്ചതും അവൾ ഞെട്ടി ഉണർന്നു. എന്നിട്ട് ചാടി എഴുന്നേറ്റതും ഉറക്കപ്പിച്ചയതുകൊണ്ട് അവൾ വീഴാൻ തുടങ്ങി.

പെട്ടെന്ന് അർജുൻ അവളെ താങ്ങി പിടിച്ചു. മുഖത്തേക്ക് നോക്കിയപ്പോൾ കരഞ്ഞു വീർത്ത കവിളും കണ്ണുകളുമായിരുന്നു അവൻ കണ്ടത്.

ഒരുപാട് കരഞ്ഞിട്ടുണ്ടെന്നുള്ളത് ഒറ്റനോട്ടത്തിൽ തന്നെ അവന് മനസ്സിലായി.

അകത്തു പോയ്‌ കിടക്കാൻ അർജുൻ പറഞ്ഞുവെങ്കിലും ചിന്മയി ആ ദിവാനിലേക്ക് തന്നെ ഇരുന്നു.

നിന്നോട് പറഞ്ഞത് അനുസരിക്കാൻ വയ്യേ..അർജുൻ ശബ്ദമുയർത്തി.

ഞാൻ ഇവിടെ കിടന്നോളാം. അർജുനേട്ടൻ പോയ്‌ കിടന്നോളു. അവൾ പിറു പിറുത്തു.

ഇത്തിരി നേരം അവിടെ നിന്ന ശേഷം അർജുൻ തിരിഞ്ഞ് റൂമിലേക്ക് തന്നെ പോയി.

തുടരും……