മുഖ്യമന്ത്രി വിളിച്ച പോലീസ് ഓഫീസർസിന്റെ യോഗം നടക്കുന്നു
“ഇതിപ്പോൾ എത്രാമത്തെ കേസ് ആണ് ജോൺ?”
ഫയൽ മുന്നിലേക്ക് ഇട്ടു കൊടുത്തു രോഷത്തോടെ സി എം പറഞ്ഞപ്പോൾ ഐ ജി ജോൺ ജേക്കബ് മുഖം താഴ്ത്തി
“നിങ്ങളെ കൊണ്ടു കഴിയില്ലേ ഇത് കണ്ട്രോൾ ചെയ്യാൻ “
ഒരു അലർച്ച പോലെ തോന്നിച്ചു അത്
“ഒരു മനുഷ്യൻ അല്ല മൃഗം. അവന്റെ സ്വന്തം കുഞ്ഞിനെ വർഷങ്ങളായി ക്രൂരമായി പീഡിപ്പിക്കുന്നു. ഇപ്പോഴാണ് പുറത്ത് അറിയുന്നത്. അവനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അവൻ നേരെ ചെന്ന് ആ കുഞ്ഞിന്റെ ജീവൻ തന്നെ എടുത്തു കളഞ്ഞു. എവിടെയാടോ ഇതൊക്കെ നടക്കുന്നത്. ഈ സാക്ഷര കേരളത്തിൽ? ഇത് ഒരു കേസ് അല്ല എല്ലാ ജില്ലകളിലും മുക്കിലും മൂലയിലും കുഞ്ഞുങ്ങൾ പീഡനം അനുഭവിക്കുന്നു. ചെയ്യുന്നത് ബന്ധുക്കൾ അച്ഛൻ അച്ഛന്റെ കൂട്ടുകാർ അമ്മാവൻ…. ഇവരെ ഒക്കെ അറസ്റ്റ് ചെയ്തു കൊണ്ടു വന്ന് ഉടനെ ജാമ്യം.. വീണ്ടും അതേ ക്രൂരത തന്നെ…”
പൂർണ നിശബ്ദത ആയിരുന്നു ഹാളിൽ
“സർ ഒരു കാര്യം ഞാൻ പറഞ്ഞോട്ടെ “
എസ് പി ബൈജു ഗോപൻ എഴുന്നേറ്റു
“പറയൂ “
“ഇതിൽ പോലീസിന് ചെയ്യാൻ കഴിയുന്ന രണ്ടു കാര്യങ്ങൾ ഉണ്ട് സർ. കുറ്റം ചെയ്തു കഴിഞ്ഞു പിടിക്കുന്നതിനേക്കാൾ കുറ്റം ചെയ്യാതിരിക്കാനുള്ള മുൻകരുതൽ. അതിനായി ഒരു ടീം വേണം. അമ്മ ഇല്ലാതെ അച്ഛന്റെ ഒപ്പം കഴിയുന്ന മക്കൾ, അച്ഛൻ ഇല്ലാതെ അമ്മയ്ക്ക് ഒപ്പം കഴിയുന്ന മക്കൾ.. മദ്യപാനിയും മയക്കു മരുന്നിനു അടിമയുമായ ആണുങ്ങൾ ഉള്ള കുടുംബം.. അങ്ങനെ ഉള്ള വീടുകൾ… കേന്ദ്രീകരിച്ച് പോലീസ് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കുറയും… പിന്നെ രണ്ടാമത്തേത് ഇത്തരത്തിൽ ഉള്ളവരെ പിടിച്ചാൽ നമുക്ക് കടുത്ത നിയമ നടപടി എടുക്കാൻ പലപ്പോഴും കഴിയുന്നില്ല സർ. ഉടനെ വരും മനുഷ്യാവകാശ കമ്മീഷൻ.. അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ വിളി..”
മേലുദ്യോഗസ്ഥൻ നോക്കിയപ്പോൾ അയാൾ നിർത്തി
“ബൈജു പറഞ്ഞത് ശരിയാണ് “
ആരൊക്കെയോ പതിയെ പറഞ്ഞു
“യെസ്.. ഓഫീസർ പറഞ്ഞത് വളരെ നല്ല സജഷൻ ആണ്.. ഞാൻ അതിലേക്കാണ് വരുന്നത്. ചൈൽഡ് abuse ഒരു സെക്ഷൻ ആക്കി എടുക്കുകയാണ് നമ്മൾ ഡിപ്പാർട്മെന്റിൽ. അത് പബ്ലിക് അറിയണ്ട. ക്രൈം വിംഗിന്റെ കൂടെ വരും.. അതിനായി പുതിയ ഒരു ടീം ഉണ്ടാവും.. ടീമിന്റെ തലപ്പത്ത് എ സി പി സിദ്ധാർഥ് മേനോൻ “
സത്യത്തിൽ എല്ലാവരും ഞെട്ടിപ്പോയി
സിദ്ധാർഥ്?
മുഖ്യമന്ത്രി ഇന്ദു ഗോപൻ എല്ലാവരുടെയും മുഖങ്ങൾ പഠിക്കുകയാണ്
വിളറിയ പ്രസാദം തീരെ ഇല്ലാത്ത മുഖങ്ങൾ
“എനിക്ക് അറിയാം. കഴിഞ്ഞ മൂന്ന് വർഷം ആയി അയാൾ ലീവിലാണ്
ലോക്കപ്പ് മരണം, കോളേജിലെ ഇഷ്യു…അങ്ങനെ ഒരുപാട് കേസുകളിൽ അയാൾ കുടുങ്ങിയത് കൊണ്ട് ഗവണ്മെന്റ് തന്നെ ലീവ് എടുത്തു പോകാൻ ആവശ്യപ്പെട്ടതാണ്.അയാളുടെ സാഹചര്യം നമുക്ക് അറിയാം. പിന്നെ അയാൾ ശിക്ഷിച്ചെന്ന് പറയുന്നവൻ വിശുദ്ധനൊന്നുമല്ല. ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.. അവനെയല്ലേ അയാൾ പിടിച്ചത്…”
“സർ അയാൾ ഒരു.. സൈക്കോ ആണ്. വൈഫ് മരിച്ചു കഴിഞ്ഞു അയാൾ വേറെ ഒരാൾ ആയിപോയി.. ഒരു വയലന്റ് സൈക്കോ ആണ് അയാൾ.. അയാളെ ഈ കേസ് ഏൽപ്പിച്ചാൽ…”
ഡിജിപി പറഞ്ഞു
“എങ്കിൽ നിയമപരമായി തന്നെ കടുത്ത ശിക്ഷ വാങ്ങി കൊടുക്കട്ടെ.. അതിനാണ് അയാൾ. ഈ നാട്ടിൽ പെൺകുഞ്ഞുങ്ങൾക്ക് ജീവിക്കണ്ടേ?”
ആർക്കും മറുപടി ഇല്ല
“സിദ്ധാർഥ് . വരട്ടേ…with പ്രൊമോഷൻ.. എസ് പി ആയിട്ട് “
സി എം പ്രഖ്യാപിച്ചു
“അയാൾ എവിടെ ഉണ്ട് സർ?”ആരോ ചോദിച്ചു
“അറിയില്ല.. അന്വേഷിച്ച് കണ്ടു പിടിച്ചു നാളെ എന്റെ മുന്നിൽ എത്തിക്കണം. അത് ഡിജിപി ദേവന്റെ ചുമതല ആണ്..”
മുഖ്യമന്ത്രി രൂക്ഷമായി പറഞ്ഞു
ഡിജിപി തലയാട്ടി
“Meeting dispersed “
ഇന്ദു ഗോപൻ എഴുന്നേറ്റു
ഓരോരുത്തരായി ഹാൾ വിട്ടു പോയി
ഒടുവിൽ ദേവൻ നിന്നു
“എന്താ ദേവാ?”
“സർ.. ഞാൻ നേരിട്ട് പോകണോ.. ആരെയെങ്കിലും അയച്ച പോരെ?അവൻ എന്നോട് പിണങ്ങിപ്പോയതാണ് “
“ആരെയെങ്കിലും അയച്ചാൽ അവൻ വരുമെങ്കിൽ പോകണ്ട.. പക്ഷെ നാളെ എന്റെ ഓഫീസിൽ അവൻ എത്തിയില്ലെങ്കിൽ താൻ ലീവ് എടുക്കാൻ ഒരുങ്ങിക്കോണം. തന്റെ സർക്കിളിലാണ് ഏറ്റവും കൂടുതൽ ക്രൈം റേറ്റ് “
“സർ.. ഞാൻ പൊക്കോളാം “
സി എം ഒന്ന് മൂളി
💥💥💥💥
തൊടുപുഴയിലെ ഒരു ഗ്രാമത്തിലെ ഒരു ഇടത്തരം വീടിന്റെ മുന്നിൽ കാറ് നിന്നു
ദേവൻ ഇറങ്ങി
പറമ്പിൽ ശബ്ദം കേട്ട് അങ്ങോട്ട് നോക്കി
ഒരു വലിയ മരം നിലത്ത് വീണു കിടക്കുന്നു
അല്ല മുറിച്ച് ഇട്ടിരിക്കുന്നു
ഒരാൾ അത് കഷ്ണങ്ങൾ ആക്കുകയാണ്.
ആറടി ഉയരം
ബലിഷ്ടം ആയ ശരീരം
തലയിൽ ഒരു തോർത്ത് കെട്ടിയിട്ടുണ്ട്
കൈലിയും ഷർട്ടും ആണ് വേഷം
ഉയർന്നു പൊങ്ങുന്ന കോടാലി ശക്തിയിൽ തടിയിൽ പതിക്കുന്നു
സിദ്ധു….
ദേവൻ വിളിച്ചു
സിദ്ധാർഥിന്റെ കോടാലി ഒന്നൂടെ ഉയർന്നു താഴ്ന്നു
പിന്നെ അവൻ തിരിഞ്ഞു
പൂച്ചക്കണ്ണുകൾ തിളങ്ങി
ദേവൻ അരികിലേക്ക് ചെന്നു
അവൻ കോടാലി ചാരി വെച്ചു
“ഗുഡ്മോർണിംഗ് സർ “
മുഴക്കമുള്ള സ്വരം
“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “
“വേണ്ട “
ഉറച്ചതായിരുന്നു ആ സ്വരം
“ഞാൻ പറയുന്നത് എന്താണെന്ന് അറിഞ്ഞിട്ട് പോരെ വേണ്ടെന്ന് പറയുന്നത് “
“സർ പറയുന്നത് ഏതെങ്കിലും തെളിവ് കിട്ടാത്ത കേസ് ആയിരിക്കും. അത് ഞാൻ തെളിയിച്ചു തരണം പ്രതിയെ പിടിച്ചു തരണം.. പിന്നെ നിങ്ങളുടെ ഒക്കെ പുച്ഛം കാണണം. മനസ്സില്ല നിങ്ങളുടെ ഒക്കെ ഒപ്പം കേൾക്കാൻ..”
“എനിക്ക് ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?”
ദേവൻ പുഞ്ചിരിയോടെ ചോദിച്ചു
“വരൂ “
“മോളെവിടെ?”
“സ്കൂളിൽ പോയി “
“അമ്മ?”
“അമ്മ മോളെ വിളിക്കാൻ പോയി “
ദേവൻ ഭിത്തിയിൽ തൂക്കിയ ചിത്രം നോക്കി
അപർണ..
മിടുക്കിയായിരുന്നു
ഡോക്ടർ അപർണ
സിധുവിന്റെ അപ്പു..
മിടുമിടുക്കിയായ ഡോക്ടർ
വീട്ടിൽ വരുമ്പോഴൊക്കെ ഒരു പുഞ്ചിരിയോടെ മാത്രം വിശേഷം ചോദിക്കുന്ന പെൺകുട്ടി..
സിദ്ധാർഥ് അപർണ
അവരുടെ സ്നേഹവും ജീവിതവുമൊക്കെ കണ്ട ഒരാളാണ് താൻ
അപർണ ഒരു അപകടത്തിൽ പോയ ദിവസം
ആ ദിവസം ഓർക്കാൻ പോലും ഇഷ്ടം അല്ല ദേവന്
ഓർക്കാൻ ശക്തി ഇല്ല
രണ്ട് വയസ്സുള്ള മോളെയും നെഞ്ചിൽ അടക്കി അലറി കരയുന്ന സിദ്ധാർഥ്
“നാരങ്ങ വെള്ളം ആണ്. തണുപ്പ് കൂടുതൽ ഉണ്ടെങ്കിൽ…”
ചിന്തകൾ മുറിഞ്ഞു
അയാൾ അത് വാങ്ങി
“മോൾ ഇപ്പോൾ?”
“മൂന്നാം ക്ലാസ്സിൽ “
“ഉം “
“എനിക്ക് ഒരു കാര്യം പറയാനുണ്ട് സിദ്ധു. നീ കേട്ടിട്ട് ആലോചിച്ചു തീരുമാനിച്ചാൽ മതി.”
അവൻ മിണ്ടാതെ നിന്നു
“നീ പത്രം വായിക്കുന്നുണ്ടാവുമല്ലോ.. ഏറ്റവും കൂടുതൽ ക്രൈം ഇപ്പോൾ നടക്കുന്നത് പെൺകുഞ്ഞുങ്ങളോട് ആണ്.. ഇന്നലെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. സി എമിന്റെ.. ഇമോഷണൽ ആയി അദ്ദേഹം. ഇതിങ്ങനെ മുന്നോട്ട് പോയാൽ എന്താ അവസ്ഥ.. ഒരു കടിഞ്ഞാൺ വേണം.. “
സിദ്ധാർഥ് മിണ്ടുന്നില്ല.
“എടാ.. നീ കേൾക്കുന്നുണ്ടോ?”
“കേൾക്കാതിരിക്കാൻ ഞാൻ എന്താ പൊട്ടനാണോ.. കേൾക്കുന്നുണ്ട്. പക്ഷെ താല്പര്യമില്ല.. വേറെ മിടുക്കന്മാർ ഉണ്ടല്ലോ ഡിപ്പാർട്മെന്റിൽ.. നിങ്ങളുടെയൊക്കെ Pets “
അവൻ പറഞ്ഞത് ആരെയൊക്കെ ആണെന്ന് ദേവന് മനസിലായി
“എടാ അവർക്ക് നിന്റെ കഴിവുണ്ടോ.. ഉണ്ടെങ്കിൽ ഇപ്പോൾ സി എം ഇത് പറയുമോ?’
“വർഷങ്ങൾക്ക് മുന്നേ അവർക്കായിരുന്നല്ലോ പ്രിവിലേജ്..ഞാൻ ഒന്നും മറന്നിട്ടില്ല. അവരൊക്കെ ഇപ്പോഴും ഡിപ്പാർട്മെന്റിൽ തന്നെ ഉണ്ട്. പോയി വിളിക്ക് “
ദേവൻ അവന്റെ കയ്യിൽ പിടിച്ചു
“നിന്റെ ദേഷ്യം ന്യായം ആണ്. പക്ഷെ ഇത് നിനക്ക് ഒരു അവസരമാണ്. നിനക്ക് നിയമപരമായി എന്തും ചെയ്യാം. ആരും ചോദിക്കില്ല. നിനക്ക് ഇഷ്ടം ഉള്ളവരെ കൂട്ടി ഒരു ടീം.. പ്ലീസ്.. നമ്മുടെ കുഞ്ഞുങ്ങൾ… നിനക്കും എനിക്കും ഉണ്ടെടാ പെൺകുഞ്ഞുങ്ങൾ.. ഓർത്തു നോക്ക്…”
സിദ്ധാർഥ് അനങ്ങാതെ ഇരുന്നു
“മോനെ നിനക്ക് സംഭവിച്ചതിന്റെയും നഷ്ടം ആയതിന്റെയും ആഴം അറിയാം.. പക്ഷെ.. ഒരു തവണ നീ ഒന്ന് സഹായിക്കൂ.. അത് കഴിഞ്ഞു നിർത്തിക്കോ.. ഇഷ്ടം ഉള്ള നിന്റെ കൃഷി പണിയിലേക്ക് പൊയ്ക്കോ.. ഒരു തവണ.. ഒറ്റ തവണ.. പഴയ സിദ്ധാർഥ് ആയി വരൂ.”
അവൻ ദേവന്റെ കണ്ണിലേക്കു നോക്കി
“തിരുവനന്തപുരം നിനക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്ഥലം ആയിരുന്നില്ലേ.. വാ ഒരിക്കൽ കൂടി. എസ് പി ആയിട്ടാണ് പോസ്റ്റിങ്ങ്.. നിന്റെ മുകളിൽ ആരുമില്ലടാ “
“എനിക്ക് അവിടെ ഇപ്പോൾ ഒന്നുമില്ല ദേവൻ സർ.. എനിക്ക് ആ നഗരമിഷ്ടമല്ല. എന്റെ അപ്പു നഷ്ടം ആയ നഗരമാണ്…”
അയാൾ ദുഖത്തോടെ അവനെ നോക്കി
“മോനെ അത് ആരുടെയും തെറ്റല്ലല്ലോ. റോഡ് ക്രോസ്സ് ചെയ്തപ്പോ സംഭവിച്ച ഒരു ആക്സിഡന്റ്.. ആ വണ്ടി ഓടിച്ച പയ്യനും മരിച്ചു.. ആ വീട്ടുകാരുടെ ഒറ്റ മകൻ ആയിരുന്നു.. ഒരു അശ്രദ്ധ.. ഒരു നിമിഷത്തെ അശ്രദ്ധ എത്ര ജീവിതം…”
അവൻ ദീർഘമായി ശ്വസിച്ചു
പിന്നെ എന്തൊക്കെയോ ആലോചിച്ചു ഇരുന്നു
പിന്നെ മുഖം ഉയർത്തി
“സർ എനിക്കൊരു വീട് സംഘടിപ്പിച്ചു തരണം.. കുറച്ചു ഉള്ളിലേക്ക്.. സിറ്റിയിൽ നിന്ന് ഒരു അഞ്ചു കിലോമീറ്റർ വിട്ടു മതി. സ്കൂൾ അടുത്തു ഉണ്ടാവണം..”
ദേവന്റെ മുഖം വിടർന്നു
“നാളെ സി എമിന്റെ മുന്നിൽ എത്താൻ പറഞ്ഞിട്ടുണ്ട് “
“സൗകര്യമില്ല.. ഞാൻ വരും. അത് തന്നെ ഒരു ഔദാര്യമായി അയാൾ വിചാരിച്ചോളാൻ പറ”
ദേവൻ നെറ്റി തിരുമ്മി
“എന്ന് വരും എന്നെങ്കിലും?”
“തിങ്കൾ.”
“ഒക്കെ..”
അയാൾ എഴുന്നേറ്റപ്പോഴാണ് അവന്റെ അമ്മ മോളെയും കൂട്ടി സ്കൂൾ വിട്ടു വന്നത്
“ദേവൻ സാറോ.. സുഖമാണോ?”
അമ്മ ചോദിച്ചു
“അതെ ചേച്ചി “
മോള് അയാളെ നോക്കി നിന്നു
“Go inside.. Do your work “
അവൻ കുഞ്ഞിനോട് കർക്കശനാവുന്നത് കണ്ട് ദേവൻ വല്ലാതായി
മോള് അകത്തേക്ക് പോയി
ചിരിയൊക്കെ പോയ ഒരു കുഞ്ഞ്
അതായിരുന്നു ആ കുട്ടി
“നീ എന്താ മോളോട്?”
“നിങ്ങൾക്ക് കേസ് അന്വേഷിക്കണോ?”
“വേണം “
“എങ്കിൽ ചെല്ല്.. പേഴ്സണൽ കാര്യങ്ങളിൽ ഇടപെടേണ്ട “
ദേവൻ ഇറങ്ങി
ഉള്ളിൽ അതിവേദനയോടെ
തുടരും…..
