ഇപ്പോൾ നിങ്ങളുടെ മുന്നിൽ മാത്രമാണ് അവൾ നിങ്ങളുടെ മരുമകൾ എന്നാൽ ആ ശരീരം മാത്രമേ മരുമകളുടേതായിട്ടുള്ളൂ…

Story written by Anjana Pn

====================

ഒരു വലിയ തറവാട്ടിലേക്ക് ആയിരുന്നു അവളെ കല്യാണം കഴിച്ചു കൊണ്ടുവന്നത്.ആ തറവാട്ടിലെ മൂത്ത പുത്രനാണ് അവളുടെ ഭർത്താവ്.അയാൾ തികഞ്ഞ മദ്യപാനി ആയിരുന്നു.അതുകൊണ്ടുതന്നെ സമ്പത്തുള്ള വീട്ടിൽനിന്നും അയാൾക്ക് ആരും പെണ്ണ് കൊടുത്തിരുന്നില്ല. അവസാനമാണ് അവരെക്കാൾ സാമ്പത്തികമായി ഒരുപാട് താഴ്ന്ന തട്ടിലുള്ള ഈ ചേച്ചിയെ ഇവർ കല്യാണം കഴിക്കുന്നത്.

ആ വീട് അവർക്ക് തികച്ചും ഒരു നരകം തന്നെയായിരുന്നു. സ്വന്തം ഭർത്താവിനെ കൂടാതെ അയാളുടെ മൂന്ന് അനിയന്മാരും അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു കുടുംബം. അവിടെ അവൾക്ക് ഒരു വേലക്കാരിയുടെ വില മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മായിയമ്മയോട് പോലും സംസാരിക്കാൻ അവൾക്ക് ഭയമായിരുന്നു. എന്നാൽ ഭർത്താവിന്റെ അച്ഛൻ അവളെ ഒരു മകളെ മാതിരി തന്നെ കണ്ടു. അവൾക്ക് സങ്കടങ്ങൾ ഉണ്ടാകുമ്പോൾ എല്ലാം ആ അച്ഛൻ വാക്കാൽ അവൾക്ക് സ്വാന്തനങ്ങൾ നൽകി.

കാലം പോയിക്കൊണ്ടിരുന്നു കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടും അവർക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല. പൊതുവേ ദുഷ്ടയായിരുന്ന ആ അമ്മായിയമ്മ ഇത് കാരണം അവരെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. 5 വർഷക്കാലത്തിനുശേഷം അവൾക്ക് വിശേഷമായി. അതിനുശേഷം അവളോടുള്ള പെരുമാറ്റത്തെല്ലാം അമ്മായിമ്മ അല്പസ്വല്പം മാറ്റം വരുത്തിയിരുന്നു. എന്നാലും സ്വന്തം മകളെ പോലെ അവളെ അംഗീകരിക്കാൻ ആ സ്ത്രീ ഒരിക്കലും തയ്യാറായിരുന്നില്ല.

എന്നും വെള്ളമടിച്ച് നാലുകാലിൽ വന്ന് കിടക്കയിൽ ബോധം കെട്ട് കിടക്കുന്ന ഭർത്താവിനോട് പോലും അവൾക്ക് സങ്കടങ്ങൾ പറയാൻ കഴിഞ്ഞിരുന്നില്ല. എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു ആ പാവം. അങ്ങനെയിരിക്കെ ഒരിക്കൽ (അവൾക്ക് ആറാം മാസമായ സമയത്താണ് ) ആ വീട്ടിന് അകത്ത് ബാത്റൂം ഒന്നുമില്ല പുറത്തു പോകണം. രാത്രി അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി ഒന്ന് ബാത്റൂമിൽ പോകണം ഭർത്താവിനെ കൈ തട്ടി വിളിച്ചെങ്കിലും അയാൾ ബോധമില്ലാതെ ഉറങ്ങുകയാണ്. പെട്ടെന്നാണ് തൊട്ടടുത്ത വീട്ടിലെ പുറത്ത് ലൈറ്റ് ഇട്ടത് കണ്ടത്. ഓ രാവിലെ ആയെന്നു തോന്നുന്നു. തൊട്ടടുത്ത ചേച്ചി എന്നും അഞ്ചു മണിക്ക് എണീക്കുന്നതാണ്. എന്നാ ഇനി ഇയാളെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട മെല്ലെ ബാത്റൂമിലേക്ക് പോകാം എന്നും കരുതി അവൾ പുറത്തേക്ക് ഇറങ്ങി.

പുറത്തിറങ്ങിയ അടുക്കള കഴിഞ്ഞു ഒരു 10 അടി നടന്നിട്ടാണ് ബാത്റൂം. ബാത്റൂമിലേക്കുള്ള ലൈറ്റ് ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് തന്നെ തൊട്ടടുത്ത വീട്ടിലെ ലൈറ്റ് ഓഫ് ആവുകയും ചെയ്തു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അവൾ ബാത്റൂമിൽ പോയി. തിരിച്ചിറങ്ങി കിണറ്റിൻകരയിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കയ്യും കാലും കഴുകുമ്പോൾ ആണ് അവൾ അത് കണ്ടത്. അടുത്ത വീട്ടിൽ ഒന്നും ലൈറ്റ് ഇല്ല അടുത്ത വീട്ടിൽ മാത്രമല്ല ചുറ്റുപാടും എവിടെയും ലൈറ്റ് ഇല്ല. അല്പം ഭയത്തോട് കൂടി വേഗം കാല് കഴുകി നിവർന്നതും കുറച്ച് അകലെയായി അവളെ നോക്കി ഒരു കറുത്ത നല്ല ഉയരത്തിലുള്ള ഒരു നായ നാവ് പുറത്തേക്ക് ഇട്ട് വന്യമായ ഒരു നോട്ടം നോക്കി നിൽക്കുന്നതാണ് കണ്ടത്.

അവൾ ശരിക്കും പേടിച്ചു പോയിരുന്നു. ഉറക്കെ ഒന്നു കരയാൻ എന്ന് വെച്ചാൽ ശബ്ദം പോലും പുറത്തേക്ക് വരുന്നില്ല. പെട്ടെന്ന് ആ നായ അവളെ ലക്ഷ്യമാക്കി ഓടി വന്നു അതേ സമയത്ത് തന്നെയാണ് പുറകിൽ നിന്നും അവളുടെ ഭർത്താവിന്റെ ശബ്ദവും അവൾ കേട്ടത്. ആ ശബ്ദം കേട്ടതും ആ നായ അവിടെ നിന്നു. തിരിഞ്ഞ് അവളുടെ ഭർത്താവിനെ നോക്കി ശേഷം അത് ഇരുട്ടിലേക്ക് എങ്ങോ മറഞ്ഞു.
ഈ നട്ടപ്പാതിരയ്ക്ക് എന്തിനാ ഒറ്റയ്ക്ക് പുറത്തേക്കിറങ്ങിയത്? നിനക്കെന്നെ വിളിച്ചു കൂടെ എന്ന് അയാൾ ദേഷ്യത്തിൽ അവളോട് ചോദിച്ചു. അത് പിന്നെ പുലർച്ച 5 മണി ആയല്ലോ അതാ ഞാൻ ഏട്ടനെ വിളിക്കാഞ്ഞേ അവൾ തേങ്ങി തേങ്ങി പറഞ്ഞു.

എടീ ഇപ്പോൾ സമയം മൂന്നു മണി ആവുന്നേ ഉള്ളൂ ആരു പറഞ്ഞു നിന്നോട് അഞ്ചു മണിയാണെന്ന്.

അവളുടെ അമ്പരപ്പും മുഖത്തെ ഭയവും കണ്ടപ്പോൾ അയാൾ കൂടുതൽ ഒന്നും സംസാരിക്കാതെ അവളുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി.

എന്നാൽ പിറ്റേദിവസം നേരം പുലർത്തതും അവളുടെ സ്വഭാവത്തിൽ ആകമാനം മാറ്റങ്ങൾ കണ്ടു തുടങ്ങി. അതുവരെ ഭയത്തോടെ കൂടി മാത്രം അമ്മായിമ്മയുടെ അടുത്ത് പോയിരുന്നവൾ വല്ലാത്തൊരു സ്വാതന്ത്ര്യത്തോടുകൂടി അവളുടെ അമ്മായിമ്മയുടെ അടുത്ത് സംസാരിക്കാൻ തുടങ്ങി. അവർ തനിച്ചിരിക്കുമ്പോൾ അവരുടെ അടുത്ത് പോയി മടിയിൽ തല വെച്ച് കിടക്കുക. അവർ ദേഷ്യപ്പെടുമ്പോൾ മുഖത്ത് പോയി ഉമ്മ വയ്ക്കുക ഇതൊക്കെയായിരുന്നു അവൾ ചെയ്തുകൊണ്ടിരുന്നത്. അവളുടെ ഈ മാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു.

ഭർത്താവിന്റെ അനിയന്മാരോട് ഒന്നും ഒന്ന് സംസാരിക്കാനും പോലും അവൾ സാധാരണ നിക്കാറില്ല. എന്നാൽ പിന്നീട് അവൾ അവരോടൊക്കെ സ്വന്തം കൂടപ്പിറപ്പിനോട് എന്നപോലെ കളിയും തമാശയും പറഞ്ഞു നടക്കാൻ തുടങ്ങി. അമ്മായിഅച്ഛന്റെ അടുത്തു പോയിരുന്ന നാട്ടുവർത്തമാനങ്ങൾ പറയാനും അച്ഛന്റെ തലമുടി മസാജ് ചെയ്യാനും എല്ലാം തുടങ്ങി.

ഇതെല്ലാം കണ്ടതും വീട്ടിലെ അമ്മയ്ക്കും അച്ഛനും എന്തോ ഒരു വല്ലായ്മ തോന്നി. അവർ കാര്യങ്ങൾ അറിയാനായി അവരുടെ മകനെ അവൾ കാണാതെ അവരുടെ അടുത്തേക്ക് വിളിച്ചുവരുത്തി. അന്ന് രാത്രി നടന്ന സംഭവങ്ങൾ എല്ലാം അവൻ അവരോട് പറഞ്ഞു. മാത്രവുമല്ല അതിനുശേഷം എന്നും രാത്രി അവൾ അവനോട് ഒരു കൂടപ്പിറപ്പിനോട് എന്നപോലെയാണ് അത്ര പെരുമാറാറ്. അവൻ വെള്ളമടിച്ചു വന്നാൽ പണ്ടൊക്കെ അവൾ ഒരുപാട് കരയാറാണ് പതിവ്.പക്ഷേ ഇപ്പോൾ അതൊന്നും ചെയ്യാറില്ല അവന്റെ മുഖത്ത് നോക്കി കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുമത്രേ, മാത്രവുമല്ല ഒരിക്കൽ അവന്റെ മോന്തയ്ക്ക് ഇട്ട് ഒന്ന് കൊടുക്കുകയും ചെയ്തു.നാണക്കേടു കൊണ്ടാണത്രെ അവന് ഇതൊന്നും ആരോടും പറയാതിരുന്നത്. അവൻ ഉറങ്ങിക്കഴിഞ്ഞാൽ അവന്റെ കാൽക്കീഴിൽ വന്നിരുന്ന് കാല് തൊട്ട് തലതാഴ്ത്തി ഇരിക്കുന്നതും കാണാറുണ്ട്.

അതും കൂടെ കേട്ടതും അച്ഛനും അമ്മയും ആകെ ഭയപ്പെട്ടു. മാത്രവുമല്ല അവളുടെ അത്രയും കാലം ഉണ്ടായിരുന്ന ഭക്ഷണരീതിയെ ആയിരുന്നില്ല പിന്നീട് അവൾക്ക് അങ്ങോട്ട്. എല്ലാം കൂട്ടി വായിച്ചപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി ഇവളുടെ ശരീരത്തിൽ എന്തോ ബാധകേറിയിട്ടുണ്ട്.

സാധാരണ എന്നും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാനുള്ള അവൾ ഈ സംഭവത്തിനുശേഷം പൂജാ റൂമിലേക്ക് വിളക്കിന്റെ അടുത്തേക്കോ പോവാതെയായി.

താമസിയാതെ ഇവർ പോയി ഒരു മന്ത്രവാദിനിയെ കാണുകയും അയാൾ വീട്ടിലെത്തി അവളോട് സംസാരിക്കുകയും ചെയ്തു. കുറെ നേരത്തെ പൂജകൾക്ക് ശേഷം അയാൾ പുറത്തുവന്നു അവരോട് കാര്യങ്ങൾ പറഞ്ഞു.

അവളുടെ ശരീരത്ത് ഈ കുടുംബത്തിൽ നിന്നും അകാലത്തിൽ മരണപ്പെട്ട ഒരു 18 വയസ്സുകാരിയുടെ ആത്മാവാണ് കുടിയേറിയിട്ടുള്ളതെന്നും, അങ്ങനെ ആരെങ്കിലും ഇവിടെ ആ ത്മ ഹ ത്യ ചെയ്തിട്ടുണ്ടോ എന്നും അയാൾ ചോദിച്ചു.

അതിനുത്തരം പറഞ്ഞത് ആ വീട്ടിലെ അച്ഛനായിരുന്നു. അതെ ഞങ്ങളുടെ മകൾ മരണപ്പെട്ടതാണ് ഒരു 10 വർഷം മുന്നേ എന്നാൽ അതിനെക്കുറിച്ച് ഒന്നും മരുമകൾക്ക് അറിയില്ല അവളോട് ആരും ഇതൊന്നും പറഞ്ഞിട്ടുമില്ല.

ആ കുട്ടിയുടെ മരണശേഷം ഇവിടെ കുറെ അനിഷ്ടങ്ങൾ ഉണ്ടായെങ്കിലും പിന്നീട് പെട്ടെന്ന് അതെല്ലാം നിൽക്കുകയായിരുന്നു പ്രത്യേകിച്ച് ഒരു പൂജയോ വഴിപാടോ ഒന്നും ഞങ്ങൾ ചെയ്തിരുന്നില്ല.

നിങ്ങൾ കരുതും പോലെ നിങ്ങളുടെ മകൾ ഇങ്ങോട്ടും പോയിട്ടില്ല അവൾ ഈ വീട്ടിലൊക്കെ തന്നെ ഉണ്ടായിരുന്നു അവൾക്ക് വെണ്ട ഒരു ശരീരം നോക്കി കാത്തിരിക്കുകയായിരുന്നു എന്ന് മാത്രം. ഇപ്പോൾ ആ ആത്മാവ് ഉള്ളത് നിങ്ങളുടെ മരുമകളുടെ ദേഹത്താണ്. അതുകൊണ്ടുതന്നെയാണ് അവൾ ഇത്ര ധൈര്യത്തോടുകൂടി നിങ്ങളോടൊക്കെ പെരുമാറുന്നത്. ഇപ്പോൾ നിങ്ങളുടെ മുന്നിൽ മാത്രമാണ് അവൾ നിങ്ങളുടെ മരുമകൾ എന്നാൽ ആ ശരീരം മാത്രമേ മരുമകളുടേതായിട്ടുള്ളൂ അതിനുള്ളിൽ മൊത്തം നിങ്ങളുടെ മകളാണ്. അതുകേട്ടതും അവിടെയുള്ള അമ്മയും അച്ഛനും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. പക്ഷേ പെട്ടെന്ന് തന്നെ അവർ യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തിയിരുന്നു.

ഇനി ഞങ്ങൾ എന്തു ചെയ്യും എന്നവർ തികഞ്ഞ വ്യാകുലതയോടു കൂടി ആ മന്ത്രവാദിയോട് ചോദിച്ചു…. അതിന് നാലു മാസക്കാലം പൂജകൾ വേണമെന്ന് അയാൾ പറഞ്ഞു. അതായത് അവളുടെ പ്രസവം വരെ. അതിനു തൊട്ടു മുന്നേയായി നമുക്ക് ആത്മാവിനെ ആവാഹിക്കാം.

അത്രയും കാലയളവിൽ അവളെ സന്തോഷത്തോടുകൂടി നിങ്ങൾ നോക്കണമെന്നും പറഞ്ഞു. നിങ്ങളുടെ മകളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിങ്ങൾക്ക് അല്ലാതെ വേറെ ആർക്കാണ് അറിയുക അതെല്ലാം നോക്കിയും കണ്ടും അവൾക്ക് ചെയ്തു കൊടുക്കുക. എന്നാലേ പൂജിച്ചു ചരടിനെ കൊണ്ടും മന്ത്രങ്ങളെ കൊണ്ടും കാര്യമുണ്ടാവുകയുള്ളൂ ആ മന്ത്രവാദി അവരെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ സ്നേഹം ആവോളം ആസ്വദിക്കാൻ കഴിയാതെ പോയതല്ലേ അവൾക്ക്. അതുകൊണ്ട് അവളുടെ ആത്മാവിനെ മാക്സിമം സന്തോഷിപ്പിക്കുക.

അയാൾ മന്ത്രിച്ച ഒരു ചരട് പിന്നെ കുറെ പൂജകളും ചെയ്താണ് ആ ചേച്ചിയെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

തികച്ചും അവിചാരിതമായാണ് ഞാൻ ആ ചേച്ചിയെ ടൗണിൽ പോയപ്പോൾ കണ്ടത്. പണ്ടപ്പോഴോ ആ ചേച്ചി പറഞ്ഞ കഥ മനസ്സിൽ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് തന്നെ ഞാൻ വീണ്ടും ആ കഥയെക്കുറിച്ച് ചേച്ചിയോട് ഒന്നുകൂടെ ചോദിച്ചു ഈ ഗ്രൂപ്പിൽ എഴുതണം എന്നത് കൊണ്ട് തന്നെയാണ് ചോദിച്ചത്.

എന്നാൽ ആ ചേച്ചി പറഞ്ഞ ഉത്തരം എന്നെ തികച്ചും സങ്കടത്തിൽ ആക്കി. എടി മോളെ ഞാൻ ജീവിതത്തിൽ ആക്കൂടെ സന്തോഷിച്ച് ജീവിച്ചത് ആ നാലു മാസമാണ്. അവിടെയുള്ളവരെല്ലാം എന്നെ അവരുടെ സ്വന്തം മകളായി കണ്ടു. അവരുടെ അനിയന്മാർ എന്നെ അവരുടെ സ്വന്തം ചേച്ചിയെ പോലെയാണ് കണ്ടത് എനിക്കിഷ്ടമുള്ളതെല്ലാം കൊണ്ട് തന്നിരുന്നു ആ അനിയന്മാർ. എന്നാൽ ആ ആത്മാവിനെ എന്റെ ശരീരത്തിൽ നിന്നും മോചിപ്പിച്ചതിനു ശേഷം അവർക്ക് ഞാൻ വീണ്ടും ആ പഴയ വേലക്കാരിയായ മരുമകളായി മാറിയടി….

*ഈ കഥ ഇവിടെ എഴുതാൻ അവർ അനുവാദം തന്നതുകൊണ്ട് മാത്രമാണ് എഴുതിയത്. ഇപ്പോൾ അവർ സുഖമായിരിക്കുന്നു കേട്ടോ ഒരു ജോലിയൊക്കെ ഉണ്ട് തറവാട്ടിൽ നിന്നും മാറി വേറെ വീടെടുത്ത് മക്കളോടും ഭർത്താവിനോട് കൂടെ സന്തോഷമായി ജീവിക്കുന്നു…