രഹസ്യമില്ലെങ്കിൽ പിന്നെയെന്തിനാ ഒരിക്കലും നിങ്ങളുടെ മൊബൈൽ എനിക്ക്‌ നോക്കാൻ തരാത്തത്‌….

Story written by Jijo Puthanpurayil

==================

ചേട്ടാ ആ മൊബൈൽ ഒന്നു തരുമോ?

എന്തിനാടി..

ചുമ്മാ ഒന്ന് നോക്കാനാ..

ഇതിലു രഹസ്യമൊന്നുമില്ല പെണ്ണേ..

രഹസ്യമില്ലെങ്കിൽ പിന്നെയെന്തിനാ ഒരിക്കലും നിങ്ങളുടെ മൊബൈൽ എനിക്ക്‌ നോക്കാൻ തരാത്തത്‌.

ഇന്നാ നീ നോക്കിക്കോ..

ഇത്‌ ഫിംഗർ പ്രിന്റ്‌ ലോക്ക്‌ ആണല്ലൊ..

അതെ..

തുറന്ന് താ..

ഇല്ല, ഞാൻ തുറക്കില്ല..

ഉം, ശരി..

ചോറായോടി..

ഉവ്വ്‌..

എന്നാ വിളമ്പ്‌..

അവൾ ചോറു വിളമ്പി, രണ്ടു പേരും വയറു നിറയെ കഴിച്ചു.

എടീ എനിക്കുറക്കം വരുന്നു, ഞാൻ കുറച്ച്‌ നേരം കിടക്കട്ടെ. നീയും വാ, കിടക്കാം..

ചേട്ടൻ കിടന്നോ ഞാൻ പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ട്‌ വരാം.

പത്തിരുപത്‌ മിനിറ്റ്‌ കഴിഞ്ഞവൾ ചെന്നപ്പോൾ അതിയാൻ നല്ല ഉറക്കം. അവളും അടുത്ത്‌ കിടന്നു. കെട്ടിയോനെ കെട്ടിപ്പിടിച്ച്‌ കിടന്നു.

ഇല്ല, അവൾ കിടന്നതും കെട്ടിപ്പിടിച്ചതും അവൻ അറിഞ്ഞില്ല. ഗാഢ നിദ്ര. ഇത്‌ തന്നെ തക്കം, അവൾ മനസ്സിൽ പിറുപിറുത്തു. എന്നിട്ട്‌ ഭർത്താവിന്റെ മൊബെയിലെടുത്തു. കെട്ടിയവന്റെ വലത്‌ തള്ളവിരൽ മെല്ലെയെടുത്ത്‌ ഫിംഗർ പ്രിന്റ്‌ സെൻസറിൽ വെച്ചു.

സ്ക്രീൻ അൺലോക്കഡ്‌

ആദ്യം കോൾ ഹിസ്റ്ററി നോക്കി…കുറേ നമ്പറുകൾ..എല്ലാം എഴുതിയെടുത്തു.

പിന്നെ വാട്സാപ്പ്‌ ഫേസ്‌ ബുക്ക്‌ നോക്കി. ചില ചാറ്റുകൾ കൊള്ളാം. ചിലത്‌ ഉഭയ സമ്മത ചാറ്റുകൾ. എല്ലാത്തിൽ നിന്നും ചിലത്‌ കോപ്പി ചെയ്തു.

ഫോൺ തിരികെ വെച്ചു.

ഭർത്താവ്‌ എഴുന്നേറ്റു. അവൾ നയത്തിൽ കാര്യം പറഞ്ഞു.

കള്ളന്റെ കള്ളത്തരങ്ങൾ ഞാൻ അറിഞ്ഞു. രണ്ട്‌ മൂന്ന് പെണ്ണുങ്ങളുടെ പേരുകളവൾ പറഞ്ഞതും അവന്റെ കണ്ണുകൾ തുറിച്ചു. വവ്വാലു ചപ്പിയ മാങ്ങാ പൊലെ അവന്റെ മുഖം മാറി മറിഞ്ഞു.

കുറച്ച്‌ ദിവസങ്ങൾ കഴിഞ്ഞു. ഭാര്യക്കും ചില ചാറ്റുകൾ ഉണ്ടെന്ന് സംശയം തോന്നിയ അവൻ തിരികെ പണി കൊടുക്കാൻ തീരുമാനിച്ചു.

ഒരു ദിവസം ഉച്ച വരെ ജോലി ചെയ്ത് പെട്ടെന്നെത്തിയ അവൻ അടുക്കളിയിൽ ഫ്രിഡ്ജിന്റെ മുകളിലിരുന്ന അവളുടെ സ്മാർട്‌ ഫോണെടുത്തു.

ലോക്കൊന്നും ഇല്ല.

വാട്ട്സാപ്പ്‌ ഫേസ്‌ ബുക്ക്‌ കോൾ ഹിസ്റ്ററി എല്ലാം നോക്കി.

എല്ലാം ക്ലീൻ…ആങ്ങളയുമായി ചാറ്റ്‌ ചെയ്തതും ചില ഗ്രൂപ്പ്‌ ചാറ്റും മാത്രം. ഫേസ്‌ ബുക്കിൽ ഒരു ഹിസ്റ്ററിയുമില്ല.

ഭർത്താവ്‌ ഫോൺ നോക്കുന്നത്‌ അടുക്കള ജനലിലൂടെ അവൾ കണ്ടു.

മെല്ലെ പുഞ്ചിരിച്ചു എന്നിട്ട്‌ മനസ്സിൽ പറഞ്ഞു.

ഓടുന്ന പട്ടിക്ക്‌ ഒരു മുഴം മുന്നേ കല്ല്. മോനെ കെട്ടിയവനെ കട്ട്‌ ചാറ്റും സംസാരവും ബൈ പറഞ്ഞ ഉടനെ ക്ലീൻ ആണു കെട്ടോ.

വിവരമുള്ള പെണ്ണ് ഇവൾ തന്നെ. എന്തിന് സൂക്ഷിക്കണം കട്ട് ചാറ്റ്, വിളി ഒക്കെ.

ഭർത്താവ്‌ തെല്ലൊരാശ്വാസത്തോടെ ഫോൺ താഴെ വെച്ചു. എന്നിട്ട് മനസ്സിൽ സഹതപിച്ചു.

ശ്ശെ അവളെ വെറുതെ സംശയിച്ചു.

അവളപ്പോഴും മനസ്സിൽ ചിരിക്കുകയായിരുന്നു. സ്ത്രീയുടെ രഹസ്യങ്ങൾ അവൾക്ക്‌ മാത്രം.

~ജെപി