ഞങ്ങൾക്കുള്ള ഹണിമൂൺ യാത്ര ബാങ്കൊക്കിലേക്ക് സ്പോൺസർ ചെയ്ത് തന്ന അങ്കിളിന്റെ മകളോടാണ് അവൾ അത് പറഞ്ഞത്…

എഴുത്ത്: ശ്രീജിത്ത് ഇരവിൽ

======================

കല്യാണം കഴിഞ്ഞതിൽ പിന്നെ പെണ്ണിന് എന്നോട് മിണ്ടാട്ടമില്ല. മിണ്ടെടി പൊന്നേയെന്ന് പറഞ്ഞിട്ടും കൂസലില്ല. പിന്നെ എന്തിനാടീ കരളേ എന്നേയും കെട്ടിയിട്ട് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചപ്പോൾ എന്നെ തുറിച്ച് നോക്കുകയാണ്….

കാര്യം കെട്ട് കഴിഞ്ഞിട്ട് എട്ടുനാൾ മാത്രമേ ആയിരുന്നുവെങ്കിലും പ്രേമമെന്ന് പറഞ്ഞ് ആറുവർഷം ചുറ്റിയവരായിരുന്നു ഞങ്ങൾ. ആഗ്രഹപ്രകാരം രണ്ടുവീട്ടുകാരേയും പറഞ്ഞ് സമ്മതിപ്പിച്ച് വെൽ അറേഞ്ചഡ് ആയിട്ടാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്.

കൃത്യമായി പറഞ്ഞാൽ  എന്റെ കയ്യും പിടിച്ച് അവൾ കൂടെ പോന്നതിന് ശേഷമുള്ള നാലാമത്തെ നാളിൽ അവളുടെ നാക്ക് നിലച്ചു. പഠിച്ച പണിയെല്ലാം നോക്കിയിട്ടും എന്നോട് മാത്രം അത് അനങ്ങുന്നില്ല.

കാരണം പോലും ബോധിപ്പിക്കാതെ മുട്ടിയിരുന്നവർ ഇങ്ങനെ മിണ്ടാതെ വരുമ്പോഴുള്ള വേദന ഏതാണ്ട് തട്ടിപ്പോകുന്നതിന്റെ സൂചനകൾ എന്നപോലെയാണ്..

‘നിങ്ങടെ മോള് നാലുനാളായി എന്നോട് മിണ്ടുന്നില്ലാട്ടോ…!’

അന്ന് ഞാൻ അവളുടെ അച്ഛനെ വിളിച്ചുപറഞ്ഞു.

അത്രയ്ക്കായോയെന്നും ചോദിച്ച് അച്ഛൻ അവൾക്ക് ഫോൺ കൊടുക്കൂവെന്ന് പറഞ്ഞു. കൊടുത്തപാടെ അച്ഛന് വേറെ പണിയൊന്നുമില്ലേയെന്ന് ചോദിച്ച് അവളുടെ നിലച്ച നാവ് ശബ്ദിച്ചു. ഞാൻ വിദഗ്ധമായി ആ ഫോണും വാങ്ങി മുറി കാലിയാക്കി.

നാളുകൾ കഴിഞ്ഞു. ഒരുമാറ്റവുമില്ല. ഇതിനും മാത്രം എന്തുതെറ്റാണ് ഞാൻ ചെയ്തതെന്ന് അറിയാതെ എന്റെ തലപുകഞ്ഞു.  അവസാനമായി ഞങ്ങൾ സംസാരിച്ച നിമിഷങ്ങളിലേക്ക് എന്റെ അന്വേഷണ ബുദ്ധി സഞ്ചരിച്ചു..

‘കള്ളങ്ങൾ അതിമനോഹരമായി പങ്കുവെക്കുന്ന നേരങ്ങളെയാണ് പ്രേമമെന്ന് പറയുന്നത്….’

ഞങ്ങൾക്കുള്ള ഹണിമൂൺ യാത്ര ബാങ്കൊക്കിലേക്ക് സ്പോൺസർ ചെയ്ത് തന്ന അങ്കിളിന്റെ മകളോടാണ് അവൾ അത് പറഞ്ഞത്..പ്രേമിച്ച് കെട്ടുന്നതാണെന്ന് അറിഞ്ഞപ്പോൾ ആ പതിനാറുകാരി വെറുതേയൊരു കൗതകത്തിനായി അതെന്താണെന്ന് ചോദിച്ചതാണ്. കൂടുതലൊന്നും ആലോചിക്കാതെ ഒരു തമാശ കേട്ട കാതുകളുമായി എല്ലാവരേയും പോലെ ഞാനും അന്ന് ചിരിച്ചിരുന്നു.

എനിക്കും അവൾക്കും ഉയർന്ന ശമ്പളത്തിലുള്ള ജോലി അബുദാബിയിൽ ശരിയാക്കിത്തരാമെന്നും കൂടി അങ്കിൾ പറഞ്ഞു. അതൊരു വലിയ കാര്യമാണെന്ന് ഭാവിച്ച് അങ്കിളിന്റെ കൈപിടിച്ച് ഞാൻ കുലുക്കുമ്പോഴാണ്  അവൾ എഴുന്നേറ്റ് പോയത്. എല്ലാവരും പിരിഞ്ഞ് മുറിയിലേക്ക് ഞാൻ എത്തുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു. പിന്നീട് ഉണർന്ന അവൾ എന്നോട് മിണ്ടിയിട്ടില്ല. എല്ലാം കൂട്ടി വായിക്കുമ്പോൾ പ്രശ്നം അവിടെയാണെന്ന് എനിക്ക് ബോധ്യമായി…

‘എനിക്ക് മനസിലായെടി…’

എന്നും പറഞ്ഞ് പഴയ എൻ എം പിള്ളയെ പോലെ ഞാൻ ചിരിച്ചു. അവൾ കേട്ടതായി ഭാവിച്ചില്ല.

നിനക്ക് അബുദാബിയിൽ പോയി ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ വേണ്ടെന്നും അങ്കിളിന്റെ ചിലവിൽ ഹണിമൂണിന് പോകുന്നതാണ് പ്രശ്നമെങ്കിൽ അതും വേണ്ടെന്നും ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ അവൾ വെറുതെ എന്നെയൊന്ന് നോക്കി.

‘എന്താണെങ്കിലും പറഞ്ഞാലല്ലേ മനസ്സിലാകൂ…നീ വാ തുറന്ന് എന്തെങ്കിലും പറയെന്നേ…’

അവൾ തറയിൽ നോക്കി വെറുതേ ചുമരിൽ ചാരി നിന്നു. ഒരു മനുഷ്യന് ദേഷ്യം വരുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സകല ലക്ഷണങ്ങളും എന്നിൽ ഉണ്ടാകുകയാണെന്ന് എനിക്ക് തോന്നി. എന്നെയാണോ നിനക്ക്  വേണ്ടാത്തതെന്ന് ചോദിച്ച് അവൾ ചാരി നിൽക്കുന്ന ചുമരിലേക്ക് ഞാൻ ആഞ്ഞുകുത്തി.. ഭാഗ്യം…! എന്റെ വലതുകൈ ഒടിഞ്ഞെങ്കിലും ചുമരിന് യാതൊന്നും സംഭവിച്ചില്ല….!

നിനക്ക് പ്രാന്താണോയെന്ന് ചോദിച്ചുകൊണ്ട് അവൾ എന്നെ താങ്ങിപ്പിടിച്ചു. അവളുടെ ശബ്ദവും സ്പർശനവും എന്നിൽ കൊണ്ടപ്പോൾ തന്നെ എനിക്ക് ആശ്വാസമായി..എന്നാലും കൈയ്യുടെ വേദന അസ്സഹനീയമായിരുന്നു.

അവൾ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവർ ആ പൊട്ടിയ കൈയ്യിൽ പ്ലാസ്റ്ററിട്ട് എന്റെ തോളിൽ തൂക്കിയിട്ടു. വീട്ടിൽ വിശ്രമിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ തിരിക്കുകയും ചെയ്തു.

‘വല്ല കാര്യുണ്ടായിരുന്നോ…?’

കാർ ഓടിക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു.

ഇങ്ങനെയൊക്കെ മിണ്ടാതിരുന്നാൽ ആർക്കായാലും ദേഷ്യം വരുമെന്ന് പറഞ്ഞ് ഞാൻ മുഖം തിരിച്ചു. അവൾ ക്ഷമ പറഞ്ഞു. എന്തിനായിരുന്നു ഇങ്ങനെയെന്ന് അവളോട് ചോദിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അതുകണ്ടപ്പോൾ അവളുടേയും…

വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അറിയണം കൈയ്യിൽ എന്തുപറ്റിയതാണെന്ന്..കതകിൽ കുടുങ്ങിയതാണെന്ന കള്ളം കൊണ്ട് അവരെയൊക്കെ ഞാൻ നേരിട്ടു. അന്ന് രാത്രിയിൽ എന്താണ് നിനക്ക് പറ്റിയതെന്ന് അവളോട് വീണ്ടും ഞാൻ ചോദിച്ചു. പെണ്ണ് മിണ്ടിയില്ല. പകരം ആറുവർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയയൊരു പ്രേമലേഖനം എനിക്ക് വായിക്കാനായി തുറന്ന് തന്നു…

‘എന്റെ പുണ്യമേ….

നിന്റെ കാലുകളിലെ ചമയം പോലും എനിക്ക് ജീവനാകുന്നു. അതിൽ മുട്ടുന്ന ചിലങ്കയുടെ മണിമുത്തുകളുടെ താളം എന്റെ ഹൃദയമാകുന്നു. പെണ്ണേ…എന്നാണ് എന്റെ പാട്ടിന്റെ ജീവിതത്തിൽ നീ ചുവട് വെക്കാൻ പോരുന്നത്..

എന്ന്
നിന്റെ ഞാൻ….’

വായിച്ചു തീരുമ്പോഴേക്കും അവൾ കുളിമുറിയിലേക്ക് കയറിയിരുന്നു. സത്യത്തിൽ അത് എഴുതിയത് ഞാൻ ആണോയെന്ന് പോലും എനിക്ക് സംശയിക്കേണ്ടി വന്നു. ഒരു മഞ്ഞുചില്ലയിൽ പിടിച്ച് കുലുക്കുന്നത് പോലെ ഓർമ്മകൾ പൊഴിഞ്ഞു.

ശരിയായിരുന്നു..പഠിക്കുന്ന കാലയളവിൽ എനിക്കും അവൾക്കും സംസാരിക്കാൻ പാട്ടും നൃത്തവും മാത്രമായിരുന്നു വിഷയം. ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ അതിനായൊരു കലാലയം ഒരുക്കണമെന്നും നമ്മൾ തീരുമാനിച്ചിരുന്നു.

എന്റെ ശബ്ദത്തിൽ ചുവടുവെച്ച് തളരുന്നത് വരെ ആടണമെന്നൊക്കെ അവളുടെ വലിയ സ്വപ്നങ്ങളായിരുന്നു. പക്ഷേ, പഠിത്തമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ പോലും അറിയാതെ ജീവിതത്തിൽ നിന്ന് പാട്ടൊക്കെ പോയി മറ്റ് പലതും കയറിവന്നു. അതിന്റെ ഭാഗമായിരിക്കണം അബുദാബിയിൽ ജോലിയെന്നൊക്കെ കേട്ടപ്പോൾ അവളോടൊന്ന് ചോദിക്കുക പോലും ചെയ്യാതെ ഞാൻ അങ്ങ് സമ്മതിച്ചത്.

പെണ്ണൊരുത്തിയുമായി സ്വപ്നം കാണാൻ പറഞ്ഞുപോയ വാക്കുകളെല്ലാം അതിമനോഹരമായ കള്ളങ്ങളായി അവളിൽ മാറിയതിൽ എനിക്ക് ആശ്ചര്യം തോന്നിയില്ല. വീണ്ടുവിചാരമില്ലാതെ എന്തിനായിരുന്നു അവൾക്ക് ഞാൻ അത്തരം വാഗ്ദാനങ്ങൾ കൊടുത്തത്…? അറിയില്ല..!

ഒന്നുമാത്രം ആ നേരം എനിക്ക് മനസ്സിലായി..ഞാൻ പറഞ്ഞതെല്ലാം വിശ്വസിച്ച് വർഷങ്ങളായി സ്വപ്നം കണ്ട ജീവിതത്തിലേക്കാണെന്ന പ്രതീക്ഷയിലാണ് അവൾ എന്നിൽ വന്നുചേർന്നിരിക്കുന്നത്..

സ്നേഹം നേടാനും പങ്കുവെക്കാനും നമ്മളൊക്കെ ഉപയോഗിക്കുന്ന വാക്കുകൾ എത്രമാത്രം കേൾക്കുന്നവരെ സ്വാധീനിക്കുന്നുവെന്ന് അന്നാണ് എനിക്ക് മനസ്സിലായത്..വാക്കുകളുടെ കൈമാറ്റം എത്രത്തോളം ജാഗ്രത പുലർത്തേണ്ടതാണെന്നും ഞാൻ തിരിച്ചറിഞ്ഞു.

എന്റെ പ്രേമം കള്ളമാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പണ്ടെങ്ങോ ഞാൻ അവൾക്ക് സമ്മാനമായി കൊടുത്ത ചിലങ്ക അവളുടെ പെട്ടിയിൽ നിന്ന് തന്നെ ഞാൻ എന്റെ ഒറ്റ കയ്യും വെച്ച് പുറത്തെടുത്തു..അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് അവൾ വന്നു.

എന്റെ ശബ്ദത്തിൽ അവൾക്ക് കേൾക്കാൻ ഏറ്റവും ഇഷ്ട്ടമുള്ളയൊരു പാട്ട് ഞാൻ പതിയേ മൂളി.

താളമൊക്കെ തെറ്റിയതാണെങ്കിലും അതുകേട്ടപ്പോൾ പെണ്ണിന്റെ കണ്ണുകൾ വിടർന്നു. മലർന്ന ചുണ്ടുകൾ കൊണ്ട്  നെറ്റിയിൽ ചുംബിച്ച് എന്റെ ഓടിയാത്ത കയ്യിൽ നിന്ന് അവൾ ആ ചിലങ്ക വാങ്ങി.

രാത്രിയാണെന്നോ, വീടാണെന്നോ, ആരെങ്കിലും കേൾക്കുമെന്നോ ഞാൻ ഓർത്തില്ല…എന്റെ പാട്ടിന്റെ ശബ്ദം പതിയേ ഉയർന്നു. ഒപ്പം അവളുടെ കാലിൽ അണിഞ്ഞ മണിനാദം കൂടി ഉയർന്നപ്പോൾ മുറിയൊരു കലാലയമായി..

‘നിങ്ങളൊക്കെ കൂടി ഈ വീട് തകർക്കോ…!!?’

കതകിൽ തട്ടിയ അച്ഛന്റെ ശബ്ദം കേട്ട് ഞാനും അവളും മിണ്ടാതെ, അനങ്ങാതെ നിന്നു. തകരും മുമ്പേ ഓടിക്കോയെന്ന് ഞാൻ അച്ഛനോട് പറയുമ്പോൾ എന്റെ പൊട്ടിയ കയ്യിൽ അവൾ ചുംബിക്കുന്നുണ്ടായിരുന്നു…

ഒരുത്തി ഒന്നും മിണ്ടാതെ എന്റെ ജീവിതത്തിന്റെ ഗതി സംഗീതത്തിലേക്ക് തിരിച്ചുവല്ലോ എന്നോർത്തപ്പോൾ വീണ്ടും ജനിച്ചതുപോലെ ഞാൻ ചിരിച്ചുപോയി…

~ശ്രീജിത്ത് ഇരവിൽ