ധ്രുവം, അധ്യായം 92 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഓഫീസിൽ ആയിരുന്നു. പെട്ടെന്ന് വാതിൽ തുറന്നു കൃഷ്ണ കയറി വന്നപ്പോൾ അവൻ അതിശയിച്ചു. പണ്ട് ഇത് പോലെ അവൾ വരും. ഓരോ ദിവസം ക്ലാസ്സ്‌ കഴിഞ്ഞു അവൾ വരുന്നത് അവൻ കാത്തിരിക്കും. അപ്പോഴും അവന് ആ ഫീൽ ഉണ്ടായി

കടും മഞ്ഞ ചുരിദാർ ധരിച്ചു തോളിൽ ഒരു ബാഗ് തൂക്കി അവൾ. അവൻ സ്വയം അറിയാതെ എഴുനേറ്റ് പോയി

“കയ്യും മുഖവും കഴുകി വരാട്ടോ ഹോസ്പിറ്റലിൽ നിന്ന് വരുവല്ലേ ഒരു ചായ പറഞ്ഞോ “

അവൾ ബാഗ് ടേബിളിൽ വെച്ചിട്ട് മുഖം കഴുകാൻ പോയി. അവൻ ചായ പറഞ്ഞു തിരിയുമ്പോഴേക്കും പിന്നിൽ നിന്നു ഒരു കെട്ടിപ്പിടിത്തം. അമർത്തി ഒരു ചുംബനം. അർജുൻ തരളിതനായി. അവൻ അവളെ തന്റെ കൈക്കുള്ളിൽ ഇറുകെ അമർത്തി

“എന്റെ കൊച്ചെന്താ സർപ്രൈസ് വിസിറ്റ്?”

കൃഷ്ണ ആ നെഞ്ചിൽ മെല്ലെ മുഖം ചേർത്തു

“നൈറ്റ്‌ ഡ്യൂട്ടി തുടങ്ങുന്നു. ഇനി ഒരാഴ്ച. രണ്ടു മണിക്ക് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു. വൈകുന്നേരം തന്നെ കേറണം. വീട്ടിൽ വരാൻ നേരോല്ല. കാണാതെ ഫോണിൽ പറഞ്ഞു ഡ്യൂട്ടിക്ക് കേറാനും തോന്നിയില്ല. അതാണ്‌ വന്നേ “

അവൻ ആ മുഖത്ത് അമർത്തി ചുംബിച്ചു. അവൻ അന്ന് രാവിലെ അവൾ ഹോസ്പിറ്റലിൽ പോയതിന് ശേഷം ആണ് കൊച്ചിയിൽ നിന്ന് വന്നത്. രണ്ടു ദിവസമേ ആയുള്ളൂ പോയിട്ട്. രണ്ടു യുഗം പോലെ..കൃഷ്ണ അവനെ കെട്ടിപ്പുണർന്ന് ആ നെഞ്ചിൽ ഒന്നുടെ ചേർന്ന് നിന്നു

“വീട്ടിൽ പോയാലോടി. വൈകുന്നേരം കൊണ്ട് വിടാം “

അവൾ കള്ളച്ചിരിയോടെ നോക്കി

“അതേയ്.. പിന്നേയ്..പോയിട്ടും കാര്യമൊന്നുമില്ല “

“ങ്ങേ? ആണോ, എപ്പോ”

“ഇന്നലെ..അതോണ്ട് ഇവിടെ മതി. കുറേ നേരം മിണ്ടിട്ട് പോകാം. കൊണ്ട് വിടണ്ട. ഡ്രൈവർ ഉണ്ടല്ലോ കൊണ്ട് വിട്ടോളും “

“ഞാൻ അല്ലേടി നിന്റെ ഡ്രൈവർ..” അവൻ അർത്ഥം വെച്ച് പറഞ്ഞു

“ഈയിടെ ആയിട്ട് വഷളൻ ആയി വരുന്നുണ്ട് ട്ടോ “

അവൻ അവളെ മേശപ്പുറത്തു കയറ്റി ഇരുത്തി

“എന്റെ കൊച്ചിന്റെ അരികിൽ അല്ലെ അപ്പുവേട്ടൻ ഇതൊക്കെ പറയുക? പാവല്ലെടി നിന്റെ അപ്പുവേട്ടൻ”

“അച്ചോടാ എന്തൊരു പാവം.ഇങ്ങോട്ട് നോക്കിക്കേ..” അവൾ ആ മുഖം പിടിച്ചു തനിക്ക് നേരേ തിരിച്ചു

“അച്ചോടാ..” അവന്റെ മുഖം പിടിച്ചു താഴ്ത്തി അവൾ ഒരുമ്മ കൊടുത്തു

“ഇങ്ങനെ ഒക്കെ ചെയ്തിട്ട് നീ അങ്ങ് പോകും. എന്റെ കോൺസെൻട്രേഷൻ മുഴുവൻ പോകും. ഞാൻ ഇങ്ങനെ അനാഥ പ്രേതം പോലെ ഇവിടെ “

അവൻ വിഷാദം അഭിനയിച്ചു

“ഒത്തില്ല ” അവൾ കളിയാക്കി

ചായ വന്നു കട്ലറ്റ്സും

“നീ എന്റെ മുറിയിൽ പഠിക്കാൻ വരുമ്പോൾ ഞാൻ ഇങ്ങനെ..”

അവൾക്ക് അത് ഓർമ്മ വന്നു ചായ വാങ്ങി തരുന്നത് കട്ലറ്റ് വാങ്ങി തരുന്നത്. പിന്നെയും ഉണ്ട്. വിശന്നിരിക്കുവാണെന്ന് പറയാതെ കണ്ടു പിടിക്കും അപ്പുവേട്ടൻ. അതെങ്ങനെ എന്ന് അറിയില്ല. അവളുടെ കണ്ണ് ഒന്ന് കലങ്ങി ചുവന്നു. അവൾ കട്ലറ്റ് കടിച്ചിട്ട് പാതി അവന് കൊടുത്തു. പിന്നെ വിശേഷങ്ങൾടേ കെട്ട് അഴിച്ചു തുടങ്ങി

ആശുപത്രിയിൽ നടന്ന ഓരോ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു കേൾപ്പിക്കും. അതൊക്കെ കേൾക്കാൻ അവനും വലിയ ഇഷ്ടമാണ്. കൃഷ്ണ പറയുമ്പോൾ ഭാവാഭിനയം കൂടെ ഉണ്ടാകും. അതാണ് ഏറ്റവും രസം. അവളുള്ളപ്പോൾ സമയം പോകുന്നതറിയില്ല

“അപ്പുവേട്ടാ അന്നത്തെ ആളില്ലേ. ഡോക്ടറെ അറ്റാക് ചെയ്ത കക്ഷി..?’

“ഉം “

“അയാൾ ശരിക്കും ഏതോ ആൾക്കാരുടെ കൊട്ടേഷൻ ആണ്. എനിക്കിട്ടുള്ള പണി തന്നെ ആയിരുന്നു എന്നാ എന്റെ ഒരിത്. ഇതിപ്പോ അർജുൻ ജയറാമിന് കിട്ടേണ്ടുന്ന പണിയുടെ പകുതി നല്ല പാതിയായ എനിക്ക് വന്നു ചേരുന്നുണ്ട് പൊന്നെ…”

അർജുൻ എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു പോയി

“കൃഷ്ണ… ഞാൻ.. എന്റെ ഒപ്പം കൂടിയത് ഇപ്പൊ നിനക്ക്..”അവന്റെ ശബ്ദം ഒന്ന് അടച്ചു

“അത് ശരി സെന്റിയടിക്കുവാണോ ബെസ്റ്റ് ബെസ്റ്റ്… അർജുൻ ജയറാം ഒരു കിടിലൻ ചെക്കൻ അല്ലെ…ഉശിരുള്ള ആൺകുട്ടി. അപ്പൊ അവന്റെ ഭാര്യ അതിൽ മിടുക്കിയാണെന്നേ. അർജുൻ അവന്റെ പെണ്ണിനെ കുറിച്ച് ഓർത്തു വിഷമിക്കുകയേ വേണ്ട..എനിക്ക് അറിയാം എങ്ങനെ വേണോന്ന്. ഞാൻ ഒന്ന് സൂചിപ്പിച്ചു എന്നേയുള്ളു. പക്ഷെ ഒരു കാര്യമുണ്ട് എന്നോട് പറയണം കേട്ടോ എല്ലാം. അല്ലെങ്കിൽ അടി ഏതിലെ വരുന്നെന്നു ഞാൻ അറിയില്ലല്ലോ.”

ചിരിക്കുന്ന അവളുടെ മുഖത്ത് നോക്കി ചിരിക്കണോ കരയണോ എന്ന് അറിയാതെ അവൻ നിന്നു പോയി. കൃഷ്ണ ആവേശത്തോടെ അവനെ കെട്ടിപിടിച്ചു ചുംബിച്ചു

“എന്റെ തെമ്മാടി നീ കാരണം ഞാൻ കരാട്ടെ കുങ് ഫൂ നാടൻ തല്ല് ഒക്കെ കോച്ചിങ്ങിനു പോകേണ്ടി വരോ?”

അർജുൻ അവളെ തന്നോട് അടക്കിപ്പിടിച്ചു

“എന്റെ പെണ്ണിന് നല്ല തന്റേടം ഉണ്ടെന്ന് എനിക്ക് അറിയാം. പക്ഷെ അത് മാത്രം പോരാ  നീ എവിടെ ആണെങ്കിലും നിനക്ക് സുരക്ഷ ഉണ്ടാവും അത് ഞാൻ എന്നേ അറേഞ്ച് ചെയ്തു കഴിഞ്ഞു
നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയപ്പോൾ തൊട്ട്. അങ്ങനെ ആണ് നീ ചിലയിടങ്ങളിൽ നിന്ന് രക്ഷപെട്ടു പോന്നത്. ഇപ്പൊ അത് ഇരട്ടിയാക്കി എങ്കിലും മെഡിക്കൽ കോളേജിനുള്ളിൽ അവർക്ക് വരാൻ എപ്പോഴും നിന്റെ ചുറ്റും നിൽക്കാൻ ഒന്നും പറ്റില്ല. അത് കൊണ്ട് കുറച്ചു നീ നോക്കിക്കോ. ബാക്കി അവർ നോക്കിക്കോളും.”

“എന്റെ ഈശ്വര സത്യം? അപ്പൊ നമ്മൾക്ക് മക്കൾ ഉണ്ടാകുമ്പോൾ അവർക്ക് പഠിക്കാൻ പോകണ്ടേ ഈ ദുഷ്ടൻ മാരൊക്കെ അവരെയും?”

അവൻ പൊട്ടിച്ചിരിച്ചു പോയി

“അത് ശരി അത് ഓർത്തിരിക്കുവാ അല്ലെ? നമ്മുടെ കുട്ടികൾ ഇവിടെ ഉള്ള സ്കൂളിൽ ആവില്ല പഠിക്കുക. വേറെ രാജ്യത്ത് വേറെ സ്കൂളിൽ…”

അവൻ പുഞ്ചിരിച്ചു. പിന്നെ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു

“എന്റെ കൊച്ച് പ്രേസന്റ് കാലം നോക്ക് ഇപ്പൊ ഇന്ന് അതെങ്ങനെ അത് നോക്ക്. മുന്നിൽ വരുന്ന എല്ലാവരോടും ഒരു ജാഗ്രത. ഒരു ദൂരം. ഈ ഒരു വർഷം മതി
അത് കഴിഞ്ഞു ഇവിടെ എന്റെ കൂടെ..പിന്നെ ഒരുത്തനും നോക്കുക പോലുമില്ല പോരെ?”

“വേണേ നോക്കിക്കോട്ടെ. ഞാൻ നല്ല സുന്ദരിക്കുട്ടി അല്ലെ? കെട്ടിപ്പോയി എന്ന് ഒറ്റ കുറവല്ലേ എനിക്കുള്ളത്?”

“നിന്നെ ഞാൻ ഇന്ന്..” അവൻ അവളുടെ ചെവിയിൽ പിടിച്ചു . കൃഷ്ണ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി

“ഉയ്യോ കൊ- ല്ലല്ലേ “

“ആരും നോക്കണ്ട നിന്നെ. ഒരു പർദ്ദ സംഘടിപ്പിച്ച കൊള്ളാരുന്നു “

അവൻ ആ കണ്ണുകളിലേക്ക് നോക്കി

“പോടാ കുരങ്ങാ “

പെട്ടെന്നവൾ പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിച്ചു പോയി. ചിരി അവസാനിച്ചപ്പോൾ അർജുൻ ആ മുടി ഒതുക്കി വെച്ചു. ചുണ്ടുകളിൽ മെല്ലെ തഴുകിപിന്നെ കുനിഞ്ഞ ചുണ്ടുകൾ സ്വന്തമാക്കി. കൃഷ്ണ അവന്റെ തോളിൽ അമർത്തി പിടിച്ചു. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു. പ്രണയ പാരിജാതങ്ങൾ പൂത്ത നേരമായിരുന്നു അത്

നിമിഷങ്ങൾ കഴിഞ്ഞു…

അർജുൻ മുഖം എടുത്തു. ചുവന്നു തുടുത്ത ഒരു ചെന്താമര. അവൻ അവളുടെ മുഖം മാറോട് ചേർത്ത് പിടിച്ചു

“എന്റെ ജീവനാണ്.”

കൃഷ്ണ ആ വാചകത്തിൽ മയങ്ങിയെന്നോണം കണ്ണുകൾ അടച്ചു

ജിതിൻ ജേക്കബിന്റെ വീട്

രാത്രി

മാത്യു, ജിതിൻ, നീന

അവര് മൂന്ന് പേര് മാത്രം ഉണ്ടായിരുന്നുള്ളു ആ മുറിയിൽ

“മാത്യു ഈ കാര്യങ്ങളിൽ അർജുൻ ഇൻവോൾവ്ഡ് ആണെന്ന് മാത്യുന് തോന്നുന്നുണ്ടോ? മാത്യു എപ്പോഴും ഒപ്പം ഉള്ള ഒരാൾ അല്ലെ?”

മാത്യു പെട്ടെന്ന് അതിനെ എതിർത്തു

“ഇല്ല സർ, ഇത് അർജുൻ സർ ശ്രദ്ധിച്ചിട്ടു കൂടിയില്ല. കാരണം അദ്ദേഹം വളരെ ബിസി ആണ് ഇപ്പൊ. മറ്റൊന്നും ശ്രദ്ധിക്കാൻ നേരമില്ല. പൊതുവെ ഇങ്ങനെ ഉള്ള underground പ്ലേ അർജുൻ സർ ചെയ്യില്ല. നേരേ നേരേ അതാണ് രീതി “

നീന മാത്യുവിനെ ഒന്ന് നോക്കി

“പതിവില്ലാതെ ഒരു സ്നേഹം ഉണ്ടല്ലോ അർജുൻ സർ എന്ന് പറയുന്നിടത്ത് “

അത് ജിതിനും ശ്രദ്ധിച്ചു

“എനിക്ക് എന്ത് സ്നേഹം. ഞാൻ മാക്സ് ഗ്രുപ്പിന്റെ ആളാണ് അങ്ങനെ തന്നെ ആണ് അവിടേക്ക് പോയിട്ടുള്ളത്. അവരുടെ കാര്യങ്ങൾ കൃത്യമായി ഞാൻ ഇവിടെ അറിയിച്ചു തന്നിട്ടുമുണ്ട്..”

അത് ശരിയാണെന്നു ജിതിനറിയാം

“ഞാൻ ജീവൻ പണയം വെച്ചാണ് അവിടെ നിന്നിട്ടുള്ളത് അറിയാമല്ലോ
മറ്റെന്തു പൊറുത്താലും ചതി അർജുൻ സർ പൊറുക്കില്ല. കൊ’ ന്നു കളയും “

“പോട്ടെ വിട്..പോട്ടെ.. its ok.”

“മാത്യു അറിയാതെ നടന്നതാണെങ്കിലോ? ഇത് അറിയാൻ വേറെ വല്ല വഴി ഉണ്ടൊ?”

നീന ചോദിച്ചു

“വേറെ വഴി ഇപ്പോഴത്തെ സാഹചര്യത്തിൽ ഇല്ല. കാരണം ആരും നമ്മളോട് പോസിറ്റീവ് ആയിട്ടല്ല റെസ്പോണ്ട് ചെയ്യുന്നത്. എന്നാലും ശ്രമിച്ചു നോക്കാം “

“എനിക്ക് തോന്നുന്നത് അർജുൻ തന്നെ ആണെന്നാണ്. നിങ്ങൾ കൂടി ഒഴിവായാൽ പിന്നെ അർജുന്റെ മുന്നിൽ അയാളോളം ശക്തരായ ആരുമില്ല. പിന്നെ നിങ്ങൾ ചെയ്തത് അയാളെ ടാർഗറ്റ് ചെയ്തിട്ടാണ് എന്ന് അയാൾക്ക് മനസിലായിട്ടുണ്ടെങ്കിൽ ഉറപ്പായും അയാൾ തന്നെ ആകുമിതിന്റെ പിന്നിൽ”

നീന എങ്ങനെ എങ്കിലും അർജുൻ ആണ് അത് ചെയ്തതെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു

“നീനയ്ക്ക് അർജുനോടുള്ള പേർസണൽ വൈരാഗ്യം തീർക്കാൻ ഉള്ള സ്ഥലം അല്ലിത്. എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് തീർക്കാൻ നോക്ക്. ഇത് ഇപ്പൊ അർജുനെ ടാർജറ്റ് ചെയ്യേണ്ട നേരമല്ല. നമ്മൾ എങ്ങനെ രക്ഷപ്പെടുമെന്ന് ചിന്തിക്കേണ്ട നേരമാണ്. എനിക്ക് ഇപ്പൊ നിലവിൽ അർജുനെ അറ്റാക് ചെയ്യാൻ ആഗ്രഹം ഇല്ല. പക്ഷെ ഭാവിയിൽ ചെയ്തു കൂടായ്കയുമില്ല. നീനയ്ക്ക് പോകാം “

അറുത്തു മുറിച്ചു പറഞ്ഞു കളഞ്ഞു ജിതിൻ. കുറേ നാളുകൾ ആയി ചിതൽ തിന്നുന്ന പോലെ ചെവി തിന്നു കൊണ്ട് ഇരിക്കുന്നു. മടുത്തു നാശം

നീനയ്ക്ക് മുഖം അടച്ച് ഒന്ന് കിട്ടിയത് പോലെ തോന്നി. അവൾ വേഗം എഴുന്നേറ്റു. രാത്രി ആയത് ശ്രദ്ധിച്ചില്ല. ഇറങ്ങി. ഇവന്മാരുടെ കൂടെ ഇനിയില്ല. വേണ്ട. ഒറ്റയ്ക്ക് മതി ഒറ്റയ്ക്ക്

ആദ്യമവളെ തീർക്കണം പിന്നെ അവനെ പറ്റുമോന്ന് നോക്കട്ടെ. അവൾ ചാടിയിറങ്ങി പോകുന്നത് തടയാൻ നിന്നില്ല ജിതിൻ. ഇവൾ കൂടെ കൂടിയതിൽ പിന്നെ ആണ് സർവ്വ നാശങ്ങളും. നീനയ്ക്ക് വിദേശത്ത് വളർന്നതിന്റെയാണോ പണത്തിന്റെ അഹങ്കാരമാണോ എന്ന് ജിതിന് മനസിലായില്ല. തീർത്തു കളയാൻ മാത്രം വൈരാഗ്യം അവനോട് നീനയ്ക്ക് എങ്ങനെ ഉണ്ടായി എന്നും മനസിലായില്ല. ചില പെണ്ണുങ്ങൾ ഉണ്ട്. അവർ മോഹിച്ചവൻ തിരസ്കരിച്ചാൽ വൈരാഗ്യം വരുന്നവർ. അവനെ പിന്നെ നശിപ്പിക്കാൻ അവസരം പാർത്തു നടക്കും അവർ. അവന് സ്വന്തം ആയി ഒരു പെണ്ണ് ഉണ്ടെങ്കിൽ പറയുകയും വേണ്ട. അവളെയും അവസാനിപ്പിക്കാൻ നോക്കിക്കൊണ്ട് ഇരിക്കും

തിരുവല്ലയിൽ ഒരു ആശുപത്രിയിൽ പ്രസവിച്ചു കിടന്ന പെണ്ണിനെ ഭർത്താവിന്റെ സ്ത്രീ സുഹൃത്ത് കൊ- ല്ലാൻ ശ്രമിച്ചത് അയാൾ ഓർത്തു

ഇവൾക്ക് കുറച്ചു കൂടി ക്യാഷ് ഉണ്ട്. ബുദ്ധി ഉണ്ട് പവർ ഉണ്ട്. എന്തും ചെയ്യും. എന്ത് ചെയ്താലും കേരളത്തിൽ പ്രേസേന്റ് കണ്ടിഷൻ വെച്ച് ഊരിപോരും. അത് അവൾക്ക് അറിയാം

നീനെ നേരേ പോയത് മെഡിക്കൽ കോളേജിലേക്കായിരുന്നു. കൃഷ്ണ ആ മാസം ഗൈനക്കിലായിരുന്നു. തിരക്കുണ്ട്

മുന്നിൽ ഒരു സ്ത്രീ വന്നു ഇരുന്നു. ജീൻസ് ടോപ് വേഷം. മാസ്ക് ധരിച്ചിട്ടുണ്ട്. മുടി ആൺകുട്ടികളുടേത് മാതിരി വെട്ടിയിരിക്കുന്നു

“പേര് “

“നീന പദ്മനാഭൻ “

കൃഷ്ണ ഒന്ന് മുഖം ഉയർത്തി. ഉള്ളിൽ അർജുൻ പറയുന്നു

നീന പദ്മനാഭൻ…ഒരു പണി വരുന്നുണ്ട് മോളെ. മാറിക്കോ….

കൃഷ്ണ ചാടിയെഴുനേറ്റ് ഒഴിഞ്ഞു മാറിയതും വെടി പൊട്ടി. നീനയുടെ കയ്യിൽ ഗൺ. ആൾക്കാർ ചിതറിയോടി. കൃഷ്ണ ഒരു ബോക്സ്‌ എടുത്തു അവളുടെ നേരേ ആഞ്ഞു എറിഞ്ഞു

നീന ഒഴിഞ്ഞു മാറി. കൃഷ്ണ അനായാസം ഓടി മറഞ്ഞു

അവൾ എവിടേക്ക് മറഞ്ഞുവെന്ന് പെട്ടെന്ന് നീനയ്ക്ക് പിടിത്തം കിട്ടിയില്ല. കൃഷ്ണയ്ക്ക് മെഡിക്കൽ കോളേജിന്റെ ഓരോ ഇഞ്ചും സുപരിചിതമാണ്. നീനയ്ക്ക് ഒന്നും അറിയില്ല താനും.

അപ്പോഴേക്കും അവളെ കീഴ്പ്പെടുത്താൻ ആൾക്കാർ ശ്രമിക്കാൻ ആരംഭിച്ചിരുന്നു

നീന ഇരുട്ടിൽ ഇടനാഴിയിലൂടെ ഓടി.

ഒറ്റ അടി…

നിമിഷനേരം കൊണ്ട് അവൾ മുഖം അടച്ചു വീണു. മൂന്ന് പേര് അവളെ വളഞ്ഞു. അടുത്ത നിമിഷം കൈകാലുകൾ ബന്ധിക്കപ്പെട്ടു. ഒരാൾ അവളെ അവിടെ നിന്ന് താഴേക്ക് ഇട്ടു. താഴെ നിൽക്കുന്ന നാലു പേരുടെയും കൈകളിലേക്ക് അവൾ വന്നു കൃത്യമായി വീണു.

അവളെയും കൊണ്ട് വാഹനം പാഞ്ഞു പോയി

തുടരും….