വിളികേട്ട് ദീപ്തി തിരിഞ്ഞു നോക്കുമ്പോൾ തന്റെ മുൻപിൽ തലയും കുനിച്ച് നിൽക്കുന്നവനെ കണ്ട് അവൾക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..

കാലം
എഴുത്ത്: ദേവാംശി ദേവ
=================

“ഡോക്ടർ….ഇതാ ഫോൺ..വീട്ടിൽ നിന്ന് അമ്മ രണ്ട് പ്രാവശ്യം വിളിച്ചിരുന്നു..”

ലേബർറൂമിൽ നിന്നും പുറത്തുവന്ന ഡോക്ടർ ദീപ്തിക്ക് നേരെ അവളുടെ ഫോൺ നീട്ടികൊണ്ട് സിസ്റ്റർ ഉമ പറഞ്ഞു…

ദീപ്തിയുടെ കണ്ണുകൾ ഭിത്തിയിലെ വലിയ ക്ളോക്കിലേക്ക് പോയി..സമയം പത്തര കഴിഞ്ഞു…

വീട്ടിലെത്താൻ താമസിക്കുന്നത് കൊണ്ടാണ് അമ്മ വിളിക്കുന്നതെന്ന് അറിയാവുന്നതുകൊണ്ട് തിരിച്ചു വിളിക്കാൻ നിൽക്കാതെ അവൾ സിസ്റ്ററിനോട് യാത്ര പറഞ്ഞ് അവൾ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു..

“ഡോക്ടർ…”

വിളികേട്ട് ദീപ്തി തിരിഞ്ഞു നോക്കുമ്പോൾ തന്റെ മുൻപിൽ തലയും കുനിച്ച് നിൽക്കുന്നവനെ കണ്ട് അവൾക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..

“മ്മ്മ്…എന്താ വേണ്ടത്… എന്തിനാ വിളിച്ചത്..”

“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ…എന്റെ പാറുവിനെയും കുഞ്ഞുങ്ങളെയും തിരികെ തന്നതിന്…”

“നന്ദി….നാണമുണ്ടോടോ തനിക്ക്… താനൊരു ആണാണോ… ഒരു പെണ്ണിനെ കെട്ടി അവൾക്കൊരു കൊച്ചിനെ കൊടുത്തെന്നും പറഞ്ഞ് ഒരുത്തനും ആണാവില്ല…കഴിഞ്ഞ മാസവും ചെക്കപ്പിന് വന്നപ്പോൾ ഞാൻ പറഞ്ഞതല്ലേ ആ കുട്ടിയുടെ ബോഡി വീക്ക് ആണ് നന്നായി ശ്രെദ്ധിക്കണമെന്ന്..”

“അത് അമ്മ പറഞ്ഞു നന്നായി ജോലി ചെയ്താലേ സുഖ പ്രസവം നടക്കു എന്ന്..”

“താനൊക്കെ ഏത് നൂറ്റാണ്ടിലാടോ ജീവിക്കുന്നത്…എല്ലാ കാര്യങ്ങളും അമ്മക്ക് അറിയാമെങ്കിൽ പിന്നെ എന്തിനാ താൻ ഭാര്യയെ ആശുപത്രിലേക്ക് കൊണ്ട് വന്നത്..അമ്മക്ക് തന്നെ പ്രസവം എടുത്താൽ പോരെ…”

അവളുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ അയാൾ മുഖം കുനിച്ചു..

“തന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കേണ്ടതാ…തന്റെ ഭാര്യ കരഞ്ഞു പറഞ്ഞിട്ടാ. അല്ലെങ്കിൽ തന്നെ തന്നെ പറഞ്ഞിട്ടും കാര്യം ഇല്ല.. തന്നെ പോലെയുള്ള വിവരവും വിദ്യസഭ്യാസവും ഇല്ലാത്തവർക്ക് മക്കളെ കെട്ടിച്ചു കൊടുക്കുന്ന രക്ഷകർത്താക്കളെ പറഞ്ഞാൽ മതിയല്ലോ…,”

കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു,.

അവളുടെ കാർ ഗേറ്റിന് പുറത്തെത്തിയതും സെക്യൂരിറ്റി വന്നു വാതിൽ തുറന്നു…കാര്‍പ്പോർച്ചിൽ മറ്റൊരു കാർ കിടക്കുന്നത് കണ്ടതും പ്രതീക്ഷിച്ചതെന്തോ നടക്കാൻ പോകുന്നു എന്ന് അവൾക്ക് തോന്നി..അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..

കാറിൽ നിന്നിറങ്ങി അവൾ അകത്തേക്ക് കയറാൻ തുടങ്ങിയതും അകത്തു നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു….

“നീ കാറ് മാറ്റിയോ…”

“ങും…പഴയത് ലോങ്ങ്‌ ഡ്രൈവിന് ചെറിയ പ്രശ്നങ്ങൾ…അപ്പൊ പിന്നെ പുതിയതൊന്ന് വാങ്ങാമെന്ന് കരുതി..അല്ല…രഞ്ജിയേട്ടൻ തനിച്ചാണോ വന്നത്..അമ്മായി വന്നില്ലേ…”

“പിന്നെ വരാതെ.. നിന്നെ കാണാൻ എന്നെക്കാളും തിടുക്കം അമ്മക്കായിരുന്നു..അകത്തുണ്ട്.. വാ…” അവൻ അകത്തേക്ക് കയറിയതും പുറകെ അവളും കയറി..

“അമ്മേ. ദേ..അമ്മ കാത്തിരുന്ന ആളെത്തി…”

രഞ്ജി പറഞ്ഞതും അയാളുടെ അമ്മ എഴുന്നേറ്റ് വന്നു വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി..

“എത്ര നേരമായി കാത്തിരിക്കുന്നു..എന്താ മോളെ താമസിച്ചത്..”

“ഇറങ്ങാൻ തുടങ്ങിയപ്പോഴാ ഒരു സീരിയസ് കേസ് വന്നത്..ഇരട്ട കുട്ടികൾ ആയിരുന്നു..അമ്മയെയും കുട്ടികളെയും കിട്ടില്ലെന്ന്‌ കരുതിയതാ..ഈശ്വരൻ കൈവിട്ടില്ല..”

“അല്ലെങ്കിലും ഡോക്ടർ ദീപ്തി കൈ വെച്ച രോഗികളൊക്കെ രക്ഷപ്പെട്ട ചരിത്രമല്ലേ ഉള്ളു…കഴിഞ്ഞായഴ്ച ഒരുപാട് മാഗസീനിൽ വായിച്ചു നിന്നെ പറ്റി…” രഞ്ജി ചിരിയോടെ പറഞ്ഞു..

“നിങ്ങൾ ഇരിക്ക് ഞാനൊന്ന് ഫ്രഷായി വേഗം വരാം. വന്നിട്ട് ഒരുമിച്ച് കഴിക്കാം.”
അവൾ വേഗം റൂമിലേക്ക് പോയി ഫ്രഷായി തിരികെ വന്നു…

സാരിയിൽ നിന്നും ത്രീ ഫോർതിലേക്കും ടീ ഷർട്ടിലേക്കും മാറിയിരുന്നു അവൾ..നനഞ്ഞ മുടി വിടർത്തി ഇട്ടിരുന്നു..

“കഴിക്കാം..”

അവൾ ഡെയിനിങ് ടേബിളിന് അടുത്തേക്ക് നടന്നതും അവളുടെ അച്ഛനും അമ്മയും രഞ്ജിയും അവന്റെ അമ്മയും അങ്ങോട്ടേക്ക് ചെന്നു..

“മോളെ രഞ്ജിയുടെയും നിന്റെയും വിവാഹത്തെ കുറിച്ച് സംസാരിക്കാനാ ചേച്ചി വന്നത്..”

അച്ഛൻ പറഞ്ഞതും ദീപ്തി രഞ്ജിയുടെ മുഖത്തേക്ക് നോക്കി… പിന്നെ ആ നോട്ടം എല്ലാവരുടെയും മുഖങ്ങളിലൂടെ കടന്നു പോയി…

മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു…

വെക്കേഷനാകാൻ കാത്തിരിക്കുന്നൊരു കൗമാരക്കാരി..വെക്കേഷന് അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിൽ മുത്തശ്ശിയെ കാണാൻ പോകും..മുത്തശ്ശി തറവാട്ടിൽ അപ്പച്ചിക്കൊപ്പമാണ്.

അവിടെയാണ് രഞ്ജിയേട്ടനുള്ളത്..
അപ്പച്ചിയുടെ മകൻ.. തന്റെ പ്രിയപ്പെട്ടവൻ..

കാണാൻ സുന്ദരൻ.. നന്നായി പഠിക്കുന്നവൻ… ചെറിയ പ്രായത്തിലെ psc എഴുതി ബാങ്കിൽ ജോലിനേടിയവൻ..
നാട്ടിലെ എന്ത് കാര്യത്തിനും മുന്നിൽ നിൽക്കുന്നവർ… എല്ലാവരുടെയും പ്രിയങ്കരൻ..

ഒരു പെൺകുട്ടിക്ക് ഒരു ചെറുപ്പക്കാരനോട് സ്നേഹം തോന്നാൻ ഇത്രയും പോരെ…

പ്ലസ് വൺ പഠിക്കുന്ന സമയം..വെക്കേഷന് പതിവ് പോലെ തറവാട്ടിലേക്ക് പോയി…സന്തോഷമുള്ള ദിവസങ്ങൾ…തിരികെ പോകാൻ ഇറങ്ങുമ്പോ മുത്തശ്ശി തന്ന പോക്കറ്റ് മണികൊണ്ടൊരു ചോക്ലേറ്റും വാങ്ങി രഞ്ജിയേട്ടന്റെ റൂമിലേക്ക് പോയി..

“രഞ്ജിയേട്ടാ…”

“എന്താടി…”

എന്തോ വായിക്കുകയായിരുന്നവൻ മുഖമുഴുയർത്തി അവളെ നോക്കി..

“ഞങ്ങൾ പോകാൻ തുടങ്ങുവാ..”

“അപ്പൊ ഇനി അടുത്ത വെക്കേഷന് കാണാം..”

“എനിക്ക് രഞ്ജിയേട്ടനോട് ഒരു കാര്യം പറയാനുണ്ട്.”

“ങും…എന്താണ്..”

”എനിക്ക് ചേട്ടനെ ഇഷ്ടമാണ്.. ” കൈയ്യിലിരുന്ന് ചോക്ളേറ്റ് നീട്ടികൊണ്ട് പറഞ്ഞു..

“നിനക്ക് ടെൻതിൽ എത്ര എ പ്ലസ് ഉണ്ട്.”

തിരികെ ഉള്ള ചോദ്യം കേട്ട് സംശയത്തോടെ രഞ്ജിയേട്ടനെ നോക്കി..

“പറയ്യ്… എത്ര എ പ്ലസ് ഉണ്ടായിരുന്നു..”

“ഒന്നും ഇല്ല…”

അതുകേട്ടതും രഞ്ജിയേട്ടൻ നിർത്താതെ പൊട്ടി ചിരിച്ചു… ചിരി ഉച്ചത്തിൽ ആയതുകൊണ്ട് എല്ലാവരും അങ്ങോട്ടേക്ക് വന്നു..

“എന്താടാ.. എന്തിനാ നീ ഇങ്ങനെ ചിരിക്കുന്നത്.. അതിനും മാത്രം എന്ത് തമാശയാ ഇവിടെ നടന്നത്.”

“ഇതിലും വേറെ താമശയുണ്ടോ അമ്മേ..ദീപ്തിക്ക് എന്നോട് പ്രണയമാണെന്ന്…പ്ലസ് വൺ ജയിക്കുവോ ഇല്ലേ എന്നുള്ള കാര്യം പോലും സംശയമാ…അതിന്റെ ടെൻഷനൊന്നും അവൾക്കില്ല…പ്രേമിക്കാനാ താല്പര്യം..”

എല്ലാവരുടെയും മുന്നിൽ വെച്ചുള്ള രഞ്ജിയേട്ടന്റെ സംസാരം കേട്ടപ്പോൾ പേടിയോടെ എന്റെ കണ്ണുകൾ ചെന്നു നിന്നത് അമ്മയുടെ മുഖത്തേക്കാണ്…ഞാൻ ഭയപ്പെട്ടത് പോലെ തന്നെ…ആദ്യത്തെ അടി നിമിഷങ്ങൾക്കകം തന്നെ കവിളിൽ വീണു കഴിഞ്ഞു…പിന്നെ എത്ര കിട്ടിയെന്നൊന്നും അറിയില്ല…പിടിച്ചു മാറ്റാൻ പോലും ആരും വന്നില്ല..
വലിച്ചിഴച്ചാണ് കാറിൽ കൊണ്ടിട്ടത്…

തിരികെ വീട്ടിലെത്തിയിട്ടും വാക്കുകൾക്കൊണ്ട് അമ്മ എന്നെ നോവിച്ചുകൊണ്ടേ ഇരുന്നു..

പഠിക്കാനിരിക്കുമ്പോൾ “ബുക്കും തുറന്ന് ആരെ ഓർത്തിരിക്കുവാടി” എന്നും, കൈയ്യിൽ നിന്ന് പാത്രമോ ഗ്ലാസ്സോ താഴെ വീണാൽ ”ഏവനെ ഓർത്ത് നടക്കുവാടി എന്നും” കല്യാണങ്ങൾക്കോ മറ്റോ നന്നായൊന്ന് ഒരുങ്ങിയാൽ”ആരെ കാണിക്കിനാടി”എന്നും ചോദിച്ചുകൊണ്ടേ ഇരുന്നു..അച്ഛൻ ഒന്നും മിണ്ടാറേ ഇല്ല..

ക്ലാസ്സിൽ മൗനമായി ഇരുന്ന എന്നെ വിളിച്ച് മാറ്റി നിർത്തി ക്ലാസ് ടീച്ചറായ സുമ ടീച്ചർ നിർബന്ധിച്ചു ചോദിച്ചപ്പോൾ ഒരു പൊട്ടികരച്ചിലോടെ എല്ലാം തുറന്നു പറഞ്ഞു..

“ഇനി എന്താ മോളുടെ പ്ലാൻ..ജീവിത കാലം മുഴുവൻ ഇങ്ങനെ നിരാശയോടെ ഇരിക്കാനാണോ…”

“എനിക്ക് അറിയില്ല ടീച്ചർ..”

“ഇന്ന് കുറ്റപ്പെടുത്തുന്നവരെല്ലാം നാളെ നിന്നെ ചേർത്തുപിടിക്കണമെങ്കിൽ എല്ലാവരുടെ മുന്നിലും നിനക്ക് തലയുയർത്തി നിൽക്കണമെങ്കിൽ ഒരൊറ്റ വഴിയേയുള്ളൂ…നീ പഠിക്കണം… നല്ല മാർക്കൂടെ ജയിക്കണം.. നല്ല ജോലി വാങ്ങണം…”

“എനിക്ക് പഠിക്കാനുള്ള ബുദ്ധിയില്ല ടീച്ചർ..”

“അതൊക്കെ കുട്ടിയുടെ തോന്നലാണ്..നമുക്കൊന്ന് ശ്രെമിച്ചു നോക്കാം..”

ടീച്ചറിന്റെ സഹായത്തോടെ രാപ്പകലില്ലാതെ പഠിച്ചു..പ്ലസ് ടു വിന് മുഴുവൻ എ പ്ലസും വാങ്ങിയപ്പോൾ അച്ഛനും അമ്മക്കും സന്തോഷമായിരുന്നു…എന്നിട്ടും അമ്മ ചോദിച്ചു “ഏവന്റെയെങ്കിലും പേപ്പർ നോക്കി എഴുതിയത് ആണോ”ന്ന്.

മറുപടി ഒന്നും പറഞ്ഞില്ല.. ഒന്ന് ചിരിച്ചതേയുള്ളു..വിഷമിച്ച് കളയാൻ എനിക്ക് സമയമില്ല… നേടാൻ ഒരുപാടുണ്ട്..

എൻ‌ട്രൻസ് എഴുതി…റാങ്ക് ലിസ്റ്റിൽ വന്നെങ്കിലും അതൊരുപാട് താഴെ ആയിരുന്നു..ഏതെങ്കിലും പ്രൈവറ്റ് മെഡിക്കൽ കോളേജിൽ വാങ്ങി തരാമെന്ന് അച്ഛൻ പറഞ്ഞു.. പക്ഷെ ഞാനത് സമ്മതിച്ചില്ല..ഒരു വർഷം എൻട്രൻസിന് വേണ്ടി കഷ്ടപ്പെട്ടു…അടുത്ത വർഷം മൂന്നാം റാങ്ക് നേടി…

അന്നത്തെ പ്രശ്നങ്ങൾക്ക് ശേഷം ഞാൻ തറവാട്ടിലേക്ക് പോയിട്ടില്ല..ഇടക്ക് രഞ്ജിയേട്ടന് വിവാഹം നോക്കുന്നു എന്നും ജാതക പ്രശ്നങ്ങൾ കാരണം അതൊക്കെ മുടങ്ങുന്നു എന്നുമറിഞ്ഞു..

“നീ ഒന്നും പറഞ്ഞില്ല..ഞങ്ങൾ ഏറ്റവും അടുത്തുള്ളൊരു മുഹൂർത്തം തന്നെ നോക്കുന്നുണ്ട്.”

“എന്തിന്..” അമ്മയുടെ മുഖത്തുനോക്കി അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു.

“നിന്റെയും രഞ്ജിയുടേയും വിവാഹത്തിന്..”

“അതിന് ഞാൻ രഞ്ജിയേട്ടനുമായുള്ള വിവാഹത്തിന് സമ്മതിച്ചോ.. ഇല്ലല്ലോ..”

“നിന്നെ വളർത്തി വലുതാക്കി ഇത്രയൊക്കെ പഠിപ്പിച്ച് ഒരു ജോലിയൊക്കെ വാങ്ങി തരനറിയാമെങ്കിൽ നിന്റെ കല്യാണവും നടത്താൻ ഞങ്ങൾക്ക് അറിയാം..”

“എന്നെ നിങ്ങള് വളർത്തി വലുതാക്കി പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കടമയാണ്. എനിക്ക് ജന്മം നൽകിയതിന്റെ കടമ..ഞാൻ നിങ്ങളുടെ മകളല്ലായിരുന്നെങ്കിൽ നിങ്ങളെന്നെ പഠിപ്പിക്കോ..

അതുപോലെ എനിക്കും നിങ്ങളോട് കടമയുണ്ട്..എന്റെ മാതാപിതാക്കൾ എന്നുള്ള കടമ.. അത് ഞാൻ എന്തായാലും മറക്കില്ല..

പിന്നെ ജോലികിട്ടിയത് ഞാൻ കഷ്ടപ്പെട്ട് പഠിച്ചിട്ടാണ്.”

“ദീപ്തി….നിനക്ക് എന്താണ് എന്നെ ഇഷ്ടം ഇല്ലാത്തത്…പണ്ട് ഞാനങ്ങനെയൊക്കെ പറഞ്ഞിട്ടാണോ…”

“ഒരിക്കലും അല്ല രഞ്ജിയേട്ട…എന്നെയും എന്റെ ഇഷ്ടവും രഞ്ജിയേട്ടൻ മനസിലാക്കാതെ പോയതിൽ എനിക്ക് ഒരു വിഷമവും ഇല്ല..എന്റെ അച്ഛനും അമ്മക്കും എന്നെ മനസ്സിലായിട്ടില്ല..പിന്നെ അല്ലെ രഞ്ജിയേട്ടന്..

എനിക്ക് വേറൊരു ഇഷ്ടമുണ്ട്..”

“എനിക്കപ്പോഴേ തോന്നി…പണ്ടും പ്രേമിക്കാൻ മിടുക്കി ആണല്ലോ നീ..”

രഞ്ജിയുടെ അമ്മ പുച്ഛത്തോടെ പറഞ്ഞു..

“അതെ..പ്രേമിക്കാൻ ഞാൻ മിടുക്കി തന്നെയാ…അതിലിപ്പോ എന്താണ് കുഴപ്പം… എന്റെ പ്രേമത്തിൽ ഞാൻ ഹാപ്പിയാണ്..”

“ആരാടി അവൻ…” ദേഷ്യത്തോടെ അമ്മ ചോദിച്ചു..

“ഡോക്ടർ ആന്റണി.എന്നോടൊപ്പം പഠിച്ചതാ..ഇപ്പോൾ വിദേശത്താണ്….”

“ആ ത, ന്തയും ത ള്ളയും ഇല്ലാത്തവനെയാണോ നീ കല്യാണം കഴിക്കാൻ പോകുന്നത്..” അച്ഛനാണ് ചോദിച്ചത്..

“അതെ…ആന്റണിക്ക് അച്ഛനും അമ്മയും ഇല്ല..എനിക്ക് ഉണ്ടെങ്കിലും ഇല്ലാത്ത പോലെ തന്നെയാണ്..ആ വിഷമത്തിൽ പരസ്പരം തണലായവരാണ് ഞങ്ങൾ…ഇനി അങ്ങോട്ടുള്ള ജീവിതവും ഒരുമിച്ചു മതിയെന്ന് തീരുമാനിച്ചത് അതുകൊണ്ട് തന്നെയാണ്..”

“ദീപ്തി നീ എടുത്തു ചാടി ഓരോന്ന് തീരുമാനിക്കരുത്…വിദേശത്ത് ജോലി ഉണ്ടെന്നല്ലാതെ വേറെ എന്താണ് അവനുള്ളത്…ചിലപ്പോ നിനക്കും അവൻ അവടെ ജോലി വാങ്ങി തരുമായിരിക്കും..കണ്ട നാട്ടിൽ പോയി കഷ്ടപ്പെടേണ്ട കാര്യം ഉണ്ടോ മോളെ നിനക്ക്..

ഇവന്റെ ബാങ്കിനടുത്ത് ശ്രീദീപം എന്നൊരു ഹോസ്പിറ്റൽ അടുത്ത മാസം ഉദ്ഘാടനം ചെയ്യും..ഇവന്റെയൊരു സുഹൃത്തിന്റെ സുഹൃത്താണ് ഹോസ്പിറ്റലിന്റെ ഓണർ…ഇവൻ നിനക്കവിടെ ഒരു വേക്കൻസി പറഞ്ഞു വെച്ചിട്ടുണ്ട്..ഇപ്പോൾ കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം കിട്ടും…സുഖമായി ജീവിക്കാം നിങ്ങൾക്ക്.”
രഞ്ജിയുടെ അമ്മ അഭിമാനത്തോടെ പറഞ്ഞു.

“ശ്രീ ദീപം ഹോസ്പിറ്റലിന്റെ ഓണറെ കണ്ടിട്ടുണ്ടോ രഞ്ജിയേട്ടൻ..”

“ഇല്ല…പക്ഷെ എന്റെ ഫ്രണ്ട് പറഞ്ഞാൽ നിനക്ക് ജോലി ഉറപ്പാണ്.”

“രഞ്ജിയേട്ടാ..നിങ്ങൾക്കൊക്കെ അതൊരു ഹോസ്പിറ്റൽ മാത്രമാണ്..കൂടുതൽ സാലറി കിട്ടുന്ന ഹോസ്പിറ്റൽ.

എന്നാൽ ശ്രീദീപം ഞങ്ങളുടെ സ്വപ്നമാണ്…ഞാനും എന്റെ ആന്റണിയും ഇരുപതാമത്തെ വയസ്സുമുതൽ മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം.” എല്ലാവരും ഞെട്ടലോടെ അവളെ നോക്കി..

“ഞങ്ങളുടെ അധ്വാനവും ഞങ്ങളുടെ കഷ്ടപ്പാടുമാണ് ആ ഹോസ്പിറ്റൽ…അടുത്തമാസം പത്താം തീയതിയാണ് അതിന്റെ ഉദ്ഘാടനം.അന്ന് അവിടെ വെച്ച് തന്നെ ഞങ്ങൾ വിവാഹിതരാകും.”

ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട് എഴുന്നേറ്റ് പോകുന്നവളെ നോക്കി ഇനിയൊന്നും പറയാനില്ലാത്തവരെ പോലെ ഇരിക്കാനേ അവർക്ക് കഴിഞ്ഞുള്ളു…