കാലം തന്ന മറുപടി ~ എഴുത്ത്: ദേവാംശി ദേവ
“അയ്യോ… ആന്റി…എന്താ പറ്റിയത്.. ആന്റിക്ക് സുഖമില്ലേ… തല കറങ്ങുന്നുണ്ടോ… എഴുന്നേൽക്ക് ആന്റി…പറ്റുന്നില്ലെങ്കിൽ ഞാൻ ആന്റിയെ ഹെല്പ് ചെയ്യാം…” തല കറങ്ങുന്നത് പോലെ തോന്നിയപ്പോഴാണ് ഇന്ദു റോഡ് സൈഡിലേക്ക് ഇരുന്നത്.. അത് കണ്ട് അടുത്ത വീട്ടിലെ കുട്ടി ഓടി വരികയായിരുന്നു.
ഇന്ദു അവനെയൊന്ന് നോക്കി..
പതിനാലോ, പതിനഞ്ചു വയസ്സ് പ്രായമുണ്ടാവന്… പക്ഷെ ശരീരത്തിനൊപ്പം മനസ്സ് വളർന്നിട്ടില്ലെന്ന് ഇന്ദുവിന് തോന്നി..
“ആന്റി.. ഞാൻ ആന്റിയെ പിടിച്ച് എഴുന്നേൽപ്പിക്കുന്നത് കൊണ്ട് ആന്റിക്ക് ഇഷ്ടക്കേട് ഉണ്ടോ..”
അവന്റെ ചോദ്യം കേട്ട് മനസിലാകാതെ ഇന്ദു അവനെ നോക്കി..
“പറയ്.. ആന്റി.. ഇഷ്ടക്കേട് ഉണ്ടോ..”
“ഇല്ല… മോൻ എന്താ അങ്ങനെ ചോദിച്ചത്..”
“അമ്മ പറഞ്ഞിട്ടുണ്ട്, സ്ത്രീ കളുടെ അനുവാദം ഇല്ലാതെ അവരുടെ ശരീരത്തിൽ തൊടുന്നത് മോശമാണെന്ന്.. അത് അവർക്ക് ഇഷ്ടമാവില്ലെന്ന്. ആന്റിക്ക് ഇഷ്ടമാണല്ലോ അപ്പൊ ഞാൻ ആന്റിയെ ഹെല്പ് ചെയ്യാം.” അവൻ പതിയെ ഇന്ദുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു..
“ആന്റി.. ആന്റിയുടെ വയറ്റിൽ കുഞ്ഞാവ ഉണ്ടോ..” ഇന്ദുവിന്റെ ഉന്തിയ വയറ്റിലേക്ക് നോക്കി അവൻ ചോദിച്ചു..
അതേന്ന് തലയാട്ടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..
“എന്നാൽ ആന്റി പതിയെ നടന്നാൽ മതി കേട്ടോ.. ഇല്ലെങ്കിൽ കുഞ്ഞാവക്ക് വേദനിക്കും.. അതാ എന്റെ വീട്..ആന്റി അവിടെ വന്ന് റസ്റ്റ് എടുക്ക്…”
അവൾ ആ വീട്ടിലേക്ക് നോക്കി…
സമ്പന്നത വിളിച്ചോതുന്ന വളരെ വലിയൊരു വീടായിരുന്നു അത്. തന്നെ പോലൊരാൾക്ക് അതിന്റെ പടി ചവിട്ടാൻ പോലും അർഹതയില്ലെന്ന് അവൾക്ക് തോന്നി..
ബുദ്ധി വളർച്ചയില്ലാത്ത ഈ കുഞ്ഞിനുള്ള സ്നേഹം ഒരു പക്ഷെ അവന്റെ വീട്ടുകാർക്ക് തോന്നണമെന്നില്ല..
“വാ… ആന്റി..”
“ഇല്ല മോനെ.. ആന്റി വരുന്നില്ല…”
“ആന്റിക്ക് എന്റെ വീട്ടിൽ വരാൻ പേടിയാണോ…പേടിക്കണ്ട ആന്റി എന്റെ അച്ഛനും അമ്മയും പാവം ആണ്..”
“ഇല്ല മോനെ.. ആന്റി വരുന്നില്ല..”
“എന്നാൽ ആന്റി ഗാർഡനിൽ ഇരിക്ക്.. ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം.” അവൻ ഇന്ദുവിനെ ഗാർഡനിലെ ബെഞ്ചിൽ ഇരുത്തിയ ശേഷം അകത്തേക്കു പോയി വെള്ളവുമായി വന്നു.
“എന്താ മോന്റെ പേര്..”
“അപ്പു…” അവൻ പേര് പറയാൻ തുടങ്ങിയതും വീടിന്റെ ഉമ്മറത്ത് നിന്നും ധന്യയുടെ വിളി വന്നു..
“അമ്മ.. ഞാനിവിടെ ഉണ്ട്..”
“വാ.. മോനെ… വന്ന് കുളിക്ക്..”
“അമ്മ.. ദേ ഇവിടൊരു ആന്റി… ആന്റിക്ക് സുഖമില്ല..”
“ആന്റിയോ….” അപ്പുവിന്റെ അമ്മ അങ്ങോട്ട് വരാൻ തുടങ്ങിയതും അവൻ ഓടി പോയി അവളുടെ കൈ പിടിച്ചു..
“അമ്മ… പതിയെ നടക്ക്..ഇല്ലെങ്കിൽ കുഞ്ഞാവക്ക് വേദനിക്കില്ലേ..” മൃദുലമായി അവൻ അവളുടെ വയറിൽ തലോടി.. ഒരു പുഞ്ചിരിയോടെ ധന്യ അവന്റെ കൈ പിടിച്ച് ഗാർഡനിലേക്ക് നടന്നു..
ഗാർഡനിൽ ഇരിക്കുന്ന ഇന്ദുവിനെ കണ്ടതും ധന്യയൊന്ന് ഞെട്ടി..
“അമ്മ ഇതാണ് ആന്റി… ആന്റിയുടെ വയറ്റിലും കുഞ്ഞാവയുണ്ട്.”
“ഇതുവഴി പോയപ്പോൾ ചെറുതായൊന്നു തലകറങ്ങി.. ഇവിടുത്തെ മോൻ വിളിച്ച് ഇവിടെ കൊണ്ടിരുത്തി വെള്ളവും തന്നു…” അവൾ വന്നത് ധന്യക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഇന്ദുവിന് തോന്നി..
“അപ്പു.. മോൻ പോയി കുളിക്ക്.. എന്നിട്ട് ബുക്സ് ഒക്കെ എടുത്ത് വെയ്ക്ക്..ടീച്ചർ ഇപ്പോൾ എത്തും.” അവൻ ഇന്ദുവിനെ നോക്കി..
“ആന്റിയെ അമ്മ നോക്കിക്കോളാം..”
“Ok അമ്മ..” സന്തോഷത്തോടെ അവൻ അകത്തേക്ക് പോയി..
“ഇന്ദു ഈ വഴി എങ്ങോട്ട് പോയതാ..” ധന്യയുടെ ചോദ്യം കേട്ടതും അത്ഭുതത്തോടെ അവൾ ധന്യയെ നോക്കി..
“എന്നെ എങ്ങനെ അറിയാം.. ഞാൻ കണ്ടിട്ടുള്ളതായി ഓർക്കുന്നില്ല..”
“ഇന്ദു എന്നെ കണ്ടിട്ടില്ല…ഇന്ദു അകത്തേക്ക് വരു…എന്തെങ്കിലും കഴിച്ചിട്ട് സംസാരിക്കാം..”
“അയ്യോ അതൊന്നും വേണ്ട…”
“വരു..” ധന്യ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..വീടിനകത്തേക്ക് കയറിയ ഇന്ദു ചുമരിലെ ഫോട്ടോ കണ്ട് ഞെട്ടി ധന്യയെ നോക്കി…
“രാജീവേട്ടൻ….”
“ഞാൻ രാജീവേട്ടന്റെ ഭാര്യയാണ്..”
“അപ്പൊ… അപ്പു…. അപ്പു എന്റെ….”
“എന്റെ മോനാണ്..” ഇന്ദുവിനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ധന്യ പറഞ്ഞു…
ഇന്ദു പൊട്ടിക്കരഞ്ഞതും ധന്യ അവളെ പിടിച്ച് സോഫയിൽ ഇരുത്തി..അവളുടെ കരച്ചിൽ അടങ്ങുന്നത് വരെ ധന്യ ഒന്നും മിണ്ടിയില്ല..
“ഈ വഴി ഇന്ദു എങ്ങോട്ട് പോയതാ..”
“ഞാൻ… ഞാനൊരു കൂട്ടുകാരിയെ കാണാൻ വന്നതാ..”
“ഹസ്ബന്റ്…”
“ഉപേക്ഷിച്ച് ഇറങ്ങിയതാ ഞാൻ…എന്റെ രണ്ട് കുഞ്ഞുങ്ങളെയും വയറ്റിൽ വെച്ചു തന്നെ അയാൾ കൊko ന്നു…ഇതിനെയും കൊko ല്ലാൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചില്ല…അഞ്ചാം മാസം വരെ ഒളിച്ചു വെച്ചു….അതിനപ്പുറം ഒളിപ്പിക്കാൻ പറ്റില്ലല്ലോ ..”
ധന്യ ശ്രദ്ധയോടെ അവളെ കേട്ടിരുന്നു..എന്നാൽ ഇന്ദുവിന്റെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പാഞ്ഞു..
“നമുക്ക് ഇതിനെ വല്ല ഓർഫണേജിലും കൊണ്ടാക്കാം രാജീവേട്ടാ…” അവൾ പറഞ്ഞതും രാജീവിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു…
“സ്വന്തം കുഞ്ഞിണെ ഓർഫണേജിൽ ആക്കാനോ.. ഇത്ര ദുഷ്ട ആണോ നീ..”
“സ്വന്തം കുഞ്ഞാണെന്ന് കരുതി ബുദ്ധി വളർച്ച ഇല്ലാത്ത ഈ സാധനത്തിനെ നോക്കി ജീവിക്കാനാണ് രാജീവേട്ടൻ പറയുന്നത്..അപ്പൊ നമ്മുടെ ലൈഫ് എന്താകും….എന്റെ കരിയർ നഷ്ടമാവില്ലേ…”
“നീ എന്തൊക്കെയാ ഈ പറയുന്നത്.. നമ്മുടെ കുഞ്ഞല്ലേ നമ്മുടെ ലൈഫ്..”
“എനിക്ക് അങ്ങനെ അല്ല…” ദേഷ്യത്തോടെ തന്നെ ഇന്ദു പറഞ്ഞു.
മോന് ഓട്ടിസമാണെന്ന് ഡോക്ടർ പറഞ്ഞ അന്ന് തുടങ്ങിയ വഴക്ക് അവസാനിച്ചത് കുടുംബ കോടതിയുടെ മുന്നിലാണ്.
“ഇന്ദു…” ധന്യ വിളിച്ചതും അവളൊന്നാ ഞെട്ടി…
“തനിക്ക് എന്താ പറ്റിയത്..ഞാൻ അറിഞ്ഞ ഇന്ദു ഇങ്ങനെ ഒന്നും അല്ലായിരുന്നു..”
“അതെ ധന്യ.. ഞാൻ ഇങ്ങനെ ആയിരുന്നില്ല…രാജീവേട്ടനെയും മോനെയും വിട്ട് പോകുന്നതുവരെ ഞാൻ ഇങ്ങനെ ആയിരുന്നില്ല…അവിടുന്ന് സ്വർഗമെന്നുകരുതി ചെന്നു കയറിയത് നരകത്തിലേക്ക് ആയിരുന്നു…ഒരു പി, ശാശ് ആയിരുന്നു എന്റെ രണ്ടാം ഭർത്താവ്. അയാൾക്ക് പണം മാത്രം മതി…എന്റെ സാലറി മുഴുവൻ അയാൾ വാങ്ങി എടുക്കും, ഓവർ ടൈം ജോലി ചെയ്യാൻ നിർബന്ധിക്കും..ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും എനിക്കില്ല.. ചോദിച്ചാൽ പിന്നെ ശരീരികമായുള്ള ഉപദ്രവമാണ്.
ഞാനൊരു അമ്മയായാൽ എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി എന്റെ രണ്ട് കുഞ്ഞുങ്ങളെ ആണ് അയാൾ വയറ്റിൽ വെച്ച് കൊko ന്നുകളഞ്ഞത്…ഇതിനെ കൂടി കൊko ല്ലാൻ നിർബന്ധം പിടിച്ചപ്പോൾ ഉപേക്ഷിച്ചിറങ്ങിയതാ ഞാൻ…അച്ഛനും അമ്മയും മരിച്ചു.. ഇപ്പോൾ വീട് ഭരിക്കുന്നത് ഏട്ടത്തി ആണ്. അങ്ങോട്ടേക്ക് പോകാൻ പറ്റില്ല..ഇവിടെ അടുത്തൊരു കൂട്ടുകാരി ഉണ്ട്..അവളുടെ പരിചയത്തിലൊരു അനാഥലയമുണ്ട്.. സ്നേഹാലയം..അവിടെ പോയാൽ അവരുടെ സഹായത്തോടെ എനിക്കെന്റെ കുഞ്ഞിണെ പ്രസവിച്ചു വളർത്താമെന്ന് അവൾ പറഞ്ഞു..
“മ്മ്മ്മ്..ഇന്ദു വന്ന് ആഹാരം കഴിക്കു..
“എനിക്ക് വിശപ്പില്ല ധന്യ..”
“തനിക്ക് വിശപ്പില്ലെങ്കിലും വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ആഹാരം വേണ്ടേ..അതുകൊണ്ട് വന്ന് ആഹാരം കഴിക്ക്.”
ധന്യയാണ് അവൾക്ക് വിളമ്പി കൊടുത്തത്..ഓരോ ഉരുള കഴിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടതും ഇന്ദു ധന്യയെ നോക്കി..
“പേടിക്കേണ്ട.. രാജീവേട്ടനല്ല…ഏട്ടനൊരു ബിസിനസ്സ് ടൂറിലാണ്.. രണ്ട് ദിവസം കൂടി കഴിഞ്ഞേ വരുംൺ..ഇത് സ്നേഹാലയത്തിലെ വണ്ടിയാണ്…ഇന്ദുവിനെ കൊണ്ടുപോകാൻ വന്നതാ…
ഇന്ദു പറഞ്ഞതുപോലെ അതൊരു അനാഥാലയം അല്ല… ആരും ഇല്ലാത്ത കുറെ പേര് ഒന്നായി കഴിയുന്നൊരു വീടാണ്… ഒരു കൂട്ടുകുടുംബം..അതിന്റെ നടത്തിപ്പുകാരിൽ ഒരാൾ എന്റെ ഭർത്താവാണ്..തനിക്ക് ധൈര്യമായി അങ്ങോട്ട് പോകാം.. തനിക്കവിടെയൊരു കുറവും വരില്ല..
ഇന്ദു ധന്യയെ നോക്കി നന്ദിയോടെ കൈ കൂപ്പി…
കുറച്ച് മുന്നിലേക്ക് നടന്നിട്ട് അവൾ തിരിഞ്ഞ് ധന്യയെ നോക്കി എന്തോ പറയാൻ തുടങ്ങിയതും ധന്യ കൈ ഉയർത്തി അവളെ തടഞ്ഞു.
“അത് വേണ്ട ഇന്ദു.. അപ്പുവിനെ ഇനി നീ കാണണ്ട… അവന് ഒരമ്മയെ ഉള്ളു.. അത് ഞാനാ…ഞാൻ മാത്രം…”
ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ ഇന്ദു പുറത്തേക്ക് നടന്നു…താൻ അർഹിക്കുന്ന ശിക്ഷയാണിതെന്ന ബോധത്തോടെ…
