മംഗല്യ താലി ഭാഗം 57
ഹരി താൻ ചെയ്തുകൊണ്ടിരുന്ന വർക്ക് കംപ്ലീറ്റ് ആക്കിയപ്പോൾ സമയം വെളുപ്പിന് 1 30. പതിയെ എഴുന്നേറ്റ് അവൻ, ഇരു കൈകളും മേൽപ്പോട്ട് ഉയർത്തി ഒന്ന് ഞെളിഞ്ഞുകുത്തി. നട്ടെല്ലിലേക്ക് വലംകൈ അമർത്തി, തിരിഞ്ഞു നോക്കിയതും സെറ്റിയിൽ കിടന്ന് സുഖമായി ഉറങ്ങുന്ന ഭദ്രയേ ആയിരുന്നു അവൻ കണ്ടത്..
ഒരു കുറിഞ്ഞിപ്പൂച്ചയെ പോലെ, പതുങ്ങിക്കിടന്ന ഉറങ്ങുന്ന തന്റെ പ്രാണന്റെ പാതിയുടെ അരികിലേക്ക് അവൻ സാവധാനം നടന്നുവന്നു.
മെല്ലെ ഒന്ന് കുനിഞ്ഞ് അവളിലേക്ക് മുഖം അടിപ്പിച്ചു. എന്നിട്ടാ നെറുകയിൽ ഒരു നനുത്ത ചുംബനം നൽകിയപ്പോൾ സത്യത്തിൽ അവനവളോട് വാത്സല്യമായിരുന്നു തോന്നിയത്..
ആരുടെ മുന്നിലും തലകുനിക്കരുത് ഹരിയേട്ടാ, ഒരിക്കലും തോറ്റു പിന്മാറരുത്, ഞാൻ ഉണ്ടാകും ഹരിയേട്ടന്റെ കൂടെ….അവൾ പറഞ്ഞ ഓരോ വാചകങ്ങളും ഓർത്തുകൊണ്ട് ഹരി, തന്റെ കൈകളിലേയ്ക്ക് അവളെ കോരി എടുത്തു.
പെട്ടെന്ന് അവൾ കണ്ണ് തുറന്നു.
അയ്യോ…എന്റമ്മോ
ഞാൻ ആണ് ഭദ്രക്കുട്ടി.. നിന്റെ ഹരിയേട്ടൻ..
ഉറക്ക നിലവിളിച്ച അവളോട് മെല്ലെ പറഞ്ഞു കൊണ്ട് ഹരി അവരുടെ ബെഡ്റൂമിലേക്ക് നടന്നു.
ഹരിയേട്ടാ, എന്നെ താഴെ നിർത്ത്. പ്ലീസ്..
ഹ.. അടങ്ങികിടക്ക് കൊച്ചേ…ഹരിയേട്ടൻ ഒന്നു പറയട്ടെ…
തന്റെ കൈകളിൽ കിടന്നു കുതറുന്ന അവളെ അല്പം കൂടി ചേർത്തുപിടിച്ചുകൊണ്ട് ആ കാതോരം അവൻ മെല്ലെ മൊഴിഞ്ഞു..
ബെഡ്റൂമിൽ എത്തിയ ശേഷം കിടക്കയിലേക്ക് അവളെ പതിയെ കിടത്തി.
എന്നിട്ട് ആ മുഖത്തേയ്ക്ക് ഒന്നു നോക്കി.
എന്താ ഭദ്രക്കുട്ടി… പേടിച്ചു പോയോ.
അവളുടെ ശരീരം വിറകൊള്ളുന്നത് നോക്കി അവൻ ആ കവിളിൽ ഒന്നു തലോടി.
ആദ്യമായിട്ടാണ് ഹരിയിൽ നിന്നും ഇങ്ങനെ ഒരു സമീപനം.അവന്റെ പ്രണയാതുരമായ നോട്ടം കണ്ടതും അവൾക്ക് നെഞ്ചിടിപ്പ് ഏറി വന്നു.
പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചവളെ ഹരി തന്റെ വലം കൈകൊണ്ട് തടഞ്ഞു.
നേരം വെളുപ്പാൻകാലമായി…ഉറങ്ങിക്കോ….
അവളുടെ കവിളിൽ ഒന്നുകൂടി തട്ടിയശേഷം പുതപ്പ് എടുത്തു അവളുടെ ദേഹത്തേയ്ക്ക് ഇട്ടിട്ട് ഹരി എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി…
കുറച്ചു കഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ ഭദ്ര എഴുന്നേറ്റ് ബെഡിൽ ഇരിപ്പുണ്ട്.
ഹരിയേട്ടാ… കോഫി എന്തെങ്കിലും വേണമായിരുന്നോ.. ഞാൻ കിടന്ന് ഉറങ്ങിപ്പോയി.. സോറി..
അവൾ വിഷമത്തോടെ അവനെ നോക്കി പറഞ്ഞു.
ഹേയ്.. അതൊന്നും വേണ്ടടാ.. കോഫി കുടിച്ചാൽ എനിയ്ക്ക് ക്ഷീണം കൂടും. അതുകൊണ്ട് കൂടുതലും നൈറ്റ് ഇൽ ഞാൻ ഇതൊക്കെ ഒഴിവാക്കുകയാണ് പതിവ്.
അവളുടെ അടുത്തേക്ക് വന്ന ശേഷം ടീഷർട്ട് ഊരി മാറ്റിയിട്ട് ഇന്നർ ബനിയൻ മാത്രം ഇട്ട് കൊണ്ട് ഹരി കിടക്കയിൽ ഇരുന്നു.
കിടക്കാം…… കാലത്തെ എഴുന്നേറ്റിട്ട് എനിക്ക് കുറച്ചു പ്രോഗ്രാംസ് ഉണ്ട്..
എവിടെ എങ്കിലും പോണോ ഹരിയേട്ടാ..
ഹമ്… ഒന്നു രണ്ട് പാർട്ടികളെ കാണണം.. ബാങ്കിൽ കേറണം.. അങ്ങനെ കുറച്ചു അല്ലറ ചില്ലറ..
അത് കേട്ടതും ഭദ്രയുടെ മുഖം വാടി.
പേടിക്കണ്ടടോ.. ബീനേച്ചിയുടെ അടുത്ത് ആക്കിയിട്ട് ഞാൻ പോകുവൊള്ളൂ.
ഓർഭനേജിൽ വിടാൻ പറ്റുമോ..അവരെയൊക്കെ ഒന്നു കാണാരുന്നു.
അതുവേണ്ട ഭദ്രേ.. താൻ ഒട്ടും സേഫ് അല്ല അതുകൊണ്ടാണ്.. എന്റെ അമ്മ എന്നോട് കാണിച്ചു കൂട്ടിയത് ഇങ്ങനെയൊക്കെയാണെങ്കിൽ, ആ മനസ്സിൽ തന്നോടുള്ള വൈരാഗ്യം എത്രത്തോളമായിരിക്കുമെന്ന് ഊഹിച്ചാൽ പോരെ…
ഹമ്…അവൾ ഒന്നു മൂളി.
താൻ വിഷമിക്കേണ്ട രണ്ടുദിവസത്തിനുള്ളിൽ, നമുക്ക് രണ്ടുപേർക്കും കൂടി അവിടെ പോകാം. എന്നിട്ട് ടീച്ചറിനെയും ദേവമ്മയേയും ഒക്കെ കണ്ടിട്ട് വരാം..
കുഴപ്പമില്ല ഹരിയേട്ടാ… സമയം പോലെ പോയാൽ മതി.. ഞാൻ ബീന ചേച്ചിയുടെ വീട്ടിൽ ഇരുന്നോളാം…
അവൾ ഒരു വശം ചെരിഞ്ഞു കിടന്ന് കൊണ്ട് അവനോട് പറഞ്ഞു.
ഹരിയും അവൾക്കരികിലായി കിടന്നു
***
രാവിലെ ഉണർന്ന ശേഷം മഹാലക്ഷ്മി നേരെ കുളിയൊക്കെ കഴിഞ്ഞു പൂജാ മുറിയിൽ കയറി.വിളക്ക് കൊളുത്തി
കുറച്ചു സമയം ഇരുന്നു ധ്യാനിച്ചു.
മനസ് ആകെ കലുഷിതം ആണ്. ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്..
കണക്ക് കൂട്ടലുകൾ മുഴുവൻ തെറ്റ്പ്പോയി..
ഹരി……അവൻ എല്ലാം ഇട്ടെറിഞ്ഞു തന്നെ വിട്ട് പോയല്ലോ..അനിക്കുട്ടനും ഭാര്യ പറയുന്നത് വേദവാക്യം ആയെന്ന് തോന്നുന്നു.
അവളെ വരുത്തിയിലാക്കാൻ ഉള്ള സൂത്രം ഒക്കെ തനിയ്ക്ക് അറിയാം..അതുകൊണ്ട് ആ കേസ് താൻ വിട്ടു.
പക്ഷെ ഹരി……
കണ്ണുകൾ അടച്ചു എത്ര നേരം ആ ഇരുപ്പ് തുടന്ന്ന്നു അവർക്ക് അറിയില്ല.
എന്നിരുന്നാലും ശരി, ആ പൂജാമുറിയിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ, മഹാലക്ഷ്മി കുറച്ച് കടുത്ത തീരുമാനങ്ങളൊക്കെ എടുത്തിരുന്നു..
അതൊരിക്കലും ആ പരിശുദ്ധമായ പൂജാമുറിയിലെ ദൈവങ്ങൾക്ക്, പോലും യോജിക്കുന്ന രീതിയിലുള്ള ആയിരുന്നില്ല. അവരുടെ കപട മനസ്സിൽ പിന്നെയും പിന്നെയും കുശാഗ്ര ബുദ്ധിയോടെ, ഓരോന്ന് തെളിഞ്ഞു വന്നു കൊണ്ടേ ഇരുന്നു
7 30 ആയപ്പോൾ മഹാലക്ഷ്മി തന്റെ ഫോൺ എടുത്തു ഐശ്വര്യയുടെ ഫോണിലേക്ക് കോൾ ചെയ്തശേഷം അക്ഷമയോടെ അവർ സെറ്റിയിലിരുന്നു.
ഐശ്വര്യ ഉണർന്നു വരുന്നതേയുള്ളൂ.. ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നുണ്ട്.
അനിയേട്ടാ… ആ ഫോൺ ഒന്നു എടുക്ക്..
അവൾ പറഞ്ഞപ്പോൾ അവൻ ഒന്നുടെ പെണ്ണിനെ കെട്ടിപിടിച്ചു കിടന്നു.
ഇതാരാ ഈ കൊച്ച്വെളുപ്പാൻ കാലത്തെ ആരാണോ.. എന്റെ കൃഷ്ണാ..മനുഷ്യനേ ഉറങ്ങാനും സമ്മതിയ്ക്കില്ല. പിറു പിറുത്തു കൊണ്ട് അവൾ മെല്ലെ എഴുന്നേറ്റു
മംഗല്യ താലി ഭാഗം 58
ഇതാരാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് മനുഷ്യനെ ശല്യപ്പെടുത്താൻ ആയിട്ട് വിളിക്കുന്നത്,,,അനിയേട്ടനോടൊന്നു ഫോൺ അറ്റൻഡ് ചെയ്യാൻ പറഞ്ഞിട്ട് അതും കേൾക്കില്ല.. പിറു പിറുത്തുകൊണ്ട് ഐശ്വര്യ ഫോൺ എടുത്ത് നോക്കിയതും മഹാലക്ഷ്മിയുടെ പേര് ആയിരുന്നു തെളിഞ്ഞുവന്നത്..
ഈ ത, ള്ളയ്ക്ക് ഇത് എന്തിന്റെ സൂക്കേടാ.. ഇവർക്ക് ഉറക്കം ഒന്നും ഇല്ലേ…?
അവൾ കോൾ ബട്ടൺ പ്രസ് ചെയ്തശേഷം ഫോൺ കാതിലേക്ക് ചേർത്തു..
ഹലോ അമ്മേ….
ആഹ് മോളെ ഗുഡ് മോർണിംഗ്.
ഗുഡ് മോർണിംഗ് അമ്മേ,,, എന്തുപറ്റി അമ്മ കാലത്തെ വിളിച്ചത്.
ഐശ്വര്യ മോൾക്കും അനിക്കുട്ടനും ചെറിയൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്, ഇന്ന് ഫ്രീയാണെങ്കിൽ 11 മണിയാകുമ്പോൾ നമ്മുടെ ഓഫീസിലേക്ക് മോളും അനിക്കുട്ടൻ കൂടി വരാൻ പറ്റുമോ..
എന്താമ്മേ….? അവൾ വീണ്ടും ആ ചോദ്യം തന്നെ ആവർത്തിച്ചു.
“നിങ്ങൾക്ക് രണ്ടാൾക്കും സന്തോഷം നൽകുന്ന ഒരു കാര്യമാണെന്ന് കൂട്ടിക്കോളൂ…”
വരാം…..അമ്മ അവിടെ കാണുമോ.
ഉവ്വ… ഇനിമുതൽ എല്ലാ ദിവസവും ഞാൻ കമ്പനിയിൽ കാണും, എന്റെ ഒപ്പം മോളും ഉണ്ടായിരിക്കണം.
അവർ പറയുന്നത് കേട്ടതും ഐശ്വര്യയുടെ മനസ്സിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നുപോയി. ഒരുപക്ഷേ ഹരിയെ, കമ്പനിയിൽ നിന്നും ഇറക്കികൊണ്ട്, തങ്ങൾക്ക് നൽകാനാകും ഇങ്ങനെ ഒരു നീക്കം നടത്തുന്നത്. എന്നിരുന്നാലും ആ കമ്പനിയിൽ കയറിപ്പറ്റണം എന്നുള്ളത് തന്റെ മോഹമാണ്…
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി ഐശ്വര്യ വളരെ സ്നേഹത്തോടെ മഹാലക്ഷ്മിയോട് വിശേഷം തിരക്കികൊണ്ടിരുന്നു..
അമ്മയോടുള്ള അവളുടെ സംസാരം കേട്ട്കൊണ്ട് അനിയും കിടക്കയിൽ എണീറ്റ് വന്നു.
എന്താണെന്ന് അവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ ഒക്കെ പറയാം വെയിറ്റ് ചെയ്യാൻ അവൾ മറുപടിയും കൊടുത്തു.
പത്തു മിനിറ്റ് കൂടി സംസാരിച്ചിട്ട് ഫോൺ കട്ട് ആക്കിയ ശേഷം അവൾ അവന്റെ അരികിലായി വന്നു ഇരുന്നു.
എന്താ ഐഷു.. എന്തിനാ അമ്മ കാലത്തെ വിളിച്ചത്. ചോദിക്കുമ്പോൾ അവന്റെ നെറ്റിമേൽ സമാന്തരമായ വരകൾ വീണു..
എന്നോട് സംസാരിക്കാൻ കൊതി തോന്നീട്ട്.. എന്തെ മോന് ഇഷ്ട്ടമായില്ലേ?
ഇല്ല…തീരെ ഇഷ്ട്ടം ആയില്ല… നീ പറയുന്നുണ്ടോ ഐഷു.. അമ്മ എന്തിനാ വിളിച്ചേ?
അനിയേട്ടനു ടെൻഷൻ ആയോന്നെ?
ഹമ്… ചെറുതായിട്ട്.. നീ വേഗം കാര്യം പറ പെണ്ണെ…
മഹാലക്ഷ്മി പറഞ്ഞ കാര്യങ്ങൾ മുഴുവനും അവൾ അനിരുദ്ധനോട് അവതരിപ്പിച്ചു.
അതെന്ത് സർപ്രൈസ് ആണ് നമുക്ക് രണ്ടാൾക്കും ഓഫീസിൽവച്ച് അമ്മ നൽകുന്നത്..
ഡീറ്റെയിൽ ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല, ആ സർപ്രൈസ് കേൾക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഹാപ്പി ആകും എന്ന് മാത്രം ഒരു ക്ലൂ തന്നു.. എനിക്ക് തോന്നുന്നത്,ഒരു പക്ഷെ ഹരിയെ ഓഫീസിൽ നിന്നും മാറ്റിയിട്ട് നമ്മളെ രണ്ടാളെയും കൂടി നീയമിയ്ക്കുവാൻ ആണോ.
നീ എന്ത് വിഡ്ഢിത്തമാണ് പറയുന്നത്…ഹരിയേ നമ്മുട കമ്പനിയിൽ നിന്ന് മാറ്റുവാനൊ, അങ്ങനെ അവനെ മാറ്റിയെങ്കിൽ, പിന്നെ കമ്പനി സീറോ ആയിഎന്ന് കരുതിയാൽ മതി.
അനി അവളെ നോക്കി പുച്ഛിച്ചത് ഐശ്വര്യ അങ്ങോട്ട് ദഹിച്ചില്ല..
അതെന്താ അനിയേട്ടാ.. അത്രയ്ക്ക് കേമനാണോ ഹരി…
നീ ഇപ്പോൾ ചോദിച്ചതിന്റെ ഉത്തരം നിനക്ക് മനസ്സിലാക്കണമെങ്കിൽ, നേരിട്ട് ആ കമ്പനിയിൽ തന്നെ വരണം. ഹരിയെന്ന ഒറ്റ വ്യക്തിയിലൂടെയാണ് ആ കമ്പനി ചലിക്കുന്നത്. അവന്റെ മാസ്റ്റർ ബ്രെയിൻ ഉപയോഗിച്ച്, അവൻ നടത്തുന്ന ഓരോ നീക്കങ്ങളും, നമ്മുടെ കമ്പനിയെ പടിപടിയായി സക്സസിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. ഞാനൊക്കെ വെറും കളിപ്പാവയാണ്, അവൻ പറയുന്നത് അനുസരിച്ച് ഞങ്ങളും പ്രവർത്തിക്കുന്നു എന്നേയുള്ളൂ. അല്ലാണ്ട്, നീ കരുതുന്നതുപോലെ ഒന്നുമല്ല കൊച്ചേ,,, പിന്നെ അമ്മ,, അമ്മയ്ക്ക് എന്തറിയാം ഹരിയെ പറ്റി….
ഐഷു പറഞ്ഞതുപോലെ,,നമ്മളെ അവിടേക്ക് കയറ്റി ഇരുത്തിയാൽ അമ്മ ഗോപി വരച്ചു നടക്കും.. ഹരിയെ ഒരിക്കലും അവിടുന്ന് പറഞ്ഞു വിടാൻ അമ്മയ്ക്ക് സാധിക്കില്ല… അമ്മ ബുദ്ധിമതിയാണ്..കമ്പനിയുടെ പ്രോഫിറ്റ് കുറഞ്ഞു പോകാൻ ഒരിക്കലും സമ്മതിക്കില്ല.നിനക്ക് അമ്മയെ അറിഞ്ഞുകൂടാ…
അവൻ പറയുന്നത് കേട്ടപ്പോൾ ഐഷുവിനും സംശയം ആയി.
പിന്നെന്താ അമ്മയുടെ ഉദ്ദേശം.
സത്യത്തിൽ അവർ രണ്ടാളും അറിഞ്ഞിരുന്നില്ല ഹരിയെ മഹാലഷ്മി ഇറക്കി വിട്ട കാര്യങ്ങൾ..
ആഹ്. അനിയേട്ടാ..എന്തായാലും പോയിട്ട് വരാം.. അമ്മ വിളിച്ചതല്ലേ..
മ്മ്… ശരി… കാലത്തെ പോയേക്കാം..നീ റെഡി ആയിക്കോ..അവൻ ദൃതി കൂട്ടി..
കാലത്തെ ഒന്നും വേണ്ട… പതിനൊന്നു മണി ആണ് അമ്മ എന്നോട് പറഞ്ഞത്..അപ്പോളേക്കും പോകാം..
വാഷ് റൂമിലേക്ക് കയറി പോകവേ അവൾ വിളിച്ചു പറഞ്ഞു.
*****
ഉറങ്ങാൻ ഒരുപാട് ലേറ്റ് ആയത് കൊണ്ട് ഹരിയും ഭദ്രയും എഴുനേല്ക്കാനും ലേറ്റ് ആയിരുന്നു.
സത്യം പറഞ്ഞാൽ ഹരിയ്ക്ക് കാലത്തെ എഴുന്നേറ്റു കുറച്ചു കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷെ ക്ഷീണം കാരണം രണ്ടാളും ഉണരാൻ വൈകി.
അന്ന് ആദ്യം കണ്ണ് തുറന്നത്, ഹരി ആയിരുന്നു.
തന്റെ ശരീരത്തിന്റെ വലതു ഭാഗത്തു സുഖമുള്ള ഒരു ചൂടും, ചുടു നിശ്വാസവും.
നോക്കിയപ്പോൾ കണ്ടു തന്നോട് പറ്റിചേർന്ന് കിടന്നു ഉറങ്ങുന്ന തന്റെ കുറിഞ്ഞിപൂച്ചയെ..
ഒരു നനുത്ത പുഞ്ചിരിയോടെ അവനും അവളുടെ നേർക്ക് ചെരിഞ്ഞു കിടന്നു.
എന്നിട്ട് തന്റെ ഇടം കൈകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.
ഹമ്.. ഉറക്കത്തിൽ ആയോണ്ട് കുഴപ്പമില്ല.. അല്ലായിരുന്നുങ്കിൽ ഇവിടെ തിരിച്ചു വച്ചേനെ..
മംഗല്യതാലി 59
ഒരു നനുത്ത പുഞ്ചിരിയോടെ അവനും അവളുടെ നേർക്ക് ചെരിഞ്ഞു കിടന്നു.
എന്നിട്ട് തന്റെ ഇടം കൈകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.
ഹമ്.. ഉറക്കത്തിൽ ആയോണ്ട് കുഴപ്പമില്ല.. അല്ലായിരുന്നുങ്കിൽ ഇവിടെ തിരിച്ചു വച്ചേനെ..
ഹരിയ്ക്ക് ചിരി വന്നു.
പക്ഷെ അവന്റെ ഊഹം തെറ്റിയില്ല.
ഹരി കെട്ടിപിടിച്ചതും ഭദ്ര വേഗം കണ്ണ് തുറന്നു. എന്നിട്ട് ചാടി എഴുന്നേറ്റു.
നോക്കിയപ്പോൾ തന്നോട് ചേർന്ന് കിടക്കുന്നവനെ കണ്ടത്.
അവൻ കണ്ണ് തുറന്ന് അവളെ ഒന്നുനോക്കി.
സമയം ഒരുപാട് ആയല്ലോ ഹരിഏട്ടാ… ഞാനും ഉറങ്ങിപ്പോയി.
സാരമില്ലന്നെ… ഒരുപാട് ലേറ്റ് ആയല്ലേ നമ്മൾ കിടന്നത്.
അവനും കിടക്ക വിട്ട് എഴുന്നേറ്റു കൊണ്ട് അവളെ നോക്കി പറഞ്ഞു..
എന്നാലും ഹരിയേട്ടൻ പറഞ്ഞത് അല്ലെ നേരത്തെ വിളിക്കണമെന്ന്…. ശോ.. സോറി കേട്ടോ.
ടെൻഷൻ ആകേണ്ടന്നെ… താൻ ചെന്നിട്ട് ഒരു ചായയൊക്കെ ഇട്ട് വെയ്ക്കു,ഞാൻ ഒന്ന് ഫ്രഷ് ആയി വേഗം വരാം..
പല്ലുതേച്ച് മുഖമൊക്കെ കഴുകിയശേഷം ഭദ്ര പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് പോയി.
ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് പുറത്തേക്ക് വച്ചു. ചായ ഇടുവാനുള്ള പാത്രം എടുത്തുകൊണ്ടു വന്നിട്ട്, ആവശ്യത്തിനുള്ള പാലും വെള്ളവും ചേർത്ത് അടുപ്പത്ത് വച്ചു.
പുട്ടും കടലകറിയും ആയിരുന്നു ബ്രേക്ഫാസ്റ്റിന് ഉണ്ടാക്കാൻ അവൾ തീരുമാനിച്ചത്. കടല തലേദിവസം വെള്ളത്തിൽ ഇട്ട് കുതിർക്കാൻ വച്ചിട്ടുണ്ട്. കറിയിലേക്ക് ആവശ്യത്തിനുള്ള സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ, ഒരു പ്ലേറ്റിലേക്ക് ഇട്ടു.
അപ്പോഴേക്കും ഹരി അവിടെക്ക് വന്നിരുന്നു.
ഭദ്ര അവന് ഒരു കപ്പിലേക്ക് ചായ പകർന്നെടുത്ത് കൊടുത്തു..
ചായയും വാങ്ങിയിട്ട് അവൻ ഉമ്മറത്തേക്ക് പോയി. ഭദ്ര വേഗത്തിൽ, നാളികേരം ഒക്കെ തിരുമിയെടുത്തു കൊണ്ടുവന്നിട്ട്, പുട്ട് ഉണ്ടാക്കുവാൻ തുടങ്ങി. അടുത്ത അടുപ്പിലേക്ക് കുക്കറിൽ കടലക്കറിയ്ക്ക് വേണ്ടിയുള്ളതും വെച്ചു.
******
ഐശ്വര്യ ആണെങ്കിൽ നന്നായി ഒന്ന് മിനുങ്ങി ഒരുങ്ങിയാണ് ഇറങ്ങി വന്നത്.
ഓഫീസിലേക്ക് ആദ്യമായ് പോകുന്നതുകൊണ്ട് അവൾക്ക് ലേശം ആഡംബരം കൂടിയതുപോലെ അനിക്ക് തോന്നി
ഒരു ബനാറസി സാരിയും സ്ലീവ് ലെസ് ബ്ലൗസും ആണ് അവളുടെ വേഷം, ആഭരണങ്ങളായി ധരിച്ചിരിക്കുന്നത്, ഇത്തിരി മിതമായിട്ടാണെങ്കിലും, അവളുടെ മേക്കപ്പ് ഒക്കെ അത്യാവശ്യ നല്ലത് പോലെ ഉണ്ടായിരുന്നു.
അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞ ശേഷം, അനിരുദ്ധന്റെ ഒപ്പം ഐശ്വര്യ ഓഫീസിലേക്ക് പുറപ്പെട്ടു, വണ്ടിയിൽ കയറിയ ഉടനെ തന്നെ അവൾ മഹാലക്ഷ്മിയെ വിളിച്ച് തങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയ വിവരം അറിയിച്ചു
ആഹ്.. മോൾ ഇങ്ങോട്ട് പോരെ, അമ്മ ഇവിടെയുണ്ട് കേട്ടോ..അതീവ വാത്സല്യത്തോടെ മഹാലക്ഷ്മി അവളോട് പറഞ്ഞു.
കലുപിലാന്ന് ഐശ്വര്യ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അനിരുത്തന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു . എന്താണ് അമ്മയുടെ നീക്കമെന്ന് യാതൊരു ഊഹവും അവന് കിട്ടുന്നില്ലായിരുന്നു.
മഹാലക്ഷ്മി പറഞ്ഞതിനേക്കാൾ 10 മിനിറ്റ് മുന്നേ ഇരുവരും ഓഫീസിൽ എത്തിച്ചേർന്നു.
അനിരുദ്ധന്റെ ഒപ്പം അൽപ്പം ഗർവോടുകൂടിയായിരുന്നു ഐശ്വര്യ കയറി വന്നത്.
മെയിൻ ആയിട്ടുള്ള എൻട്രൻസിന്റെ അടുത്തേക്ക് വന്നതും, മഹാലക്ഷ്മിയും അവിടുത്തെ സ്റ്റാഫും ചേർന്ന് വലിയൊരു വെൽക്കം പാർട്ടിയായിരുന്നു അവർക്കായി അറേഞ്ച് ചെയ്തത്.
മഹാലക്ഷ്മി വന്നിട്ട് സ്നേഹത്തോടെ മകളെ ആനയിച്ചപ്പോൾ, ഐശ്വര്യ പിന്നെയും നെഗളിച്ചു.
ഇനി എന്റെ മൂത്ത മകനും മരുമകളും ചേർന്ന് നമ്മുടെ കമ്പനി നോക്കി നടത്താൻ പോകുന്നത്.. എനിയ്ക്ക് ഇത്രയും പ്രായമൊക്കെ ആയില്ലേ, അതുകൊണ്ട് എന്റെ ശിഷ്ടജീവിതം, ഇനിയങ്ങോട്ട് അടിച്ചുപൊളിക്കുവാൻ ഞാൻ തീരുമാനിച്ചു,, മക്കളുടെ കാലമായി. അവര് വേണ്ടപോലെ എല്ലാം കൈകാര്യം ചെയ്യട്ടെ. ഞാൻ ഇനി കുറച്ചു നാളത്തേക്ക് എങ്ങോട്ട്ങ്കിലും യാത്രകളൊക്കെ നടത്തുവാൻ തീരുമാനിച്ചു. എന്റെ മുഖം ഇങ്ങനെ എന്നും കാണാൻ തുടങ്ങിയിട്ട് കുറെ നാളുകളായില്ലേ പിള്ളേരെ… എല്ലാർക്കും ബോർ അടിച്ചു തുടങ്ങിക്കാണും അല്ലെ..
അമ്മ പറയുന്ന ഓരോ വാചകങ്ങളും കേട്ടപ്പോൾ അനിരുദ്ധൻ ചെറുതായി ഒന്ന് ഞെട്ടി..
ഹരി പുതിയ കുറച്ച് ഇടപാടുകളും ആയി ബിസിയായി. അതുകൊണ്ട് അവൻ ഇനി നമ്മുടെ ഓഫീസിലേക്ക് ഇല്ലെന്നാണ് പറയുന്നത്, കുട്ടികളല്ലേ അവർക്കൊക്കെ വ്യക്തിപരമായ താൽപര്യങ്ങൾ കാണുമല്ലോ, നമ്മൾ പേരന്റ്സ് അവരെ അടിച്ചമർത്തുന്നത് ശരിയല്ലല്ലോ, അതുകൊണ്ട് ഹരിയുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ, അവൻ സ്വന്തമായി മറ്റൊരു കമ്പനി സ്റ്റാർട്ട് ചെയ്യട്ടെ എന്ന് ഞാനും കരുതി.
ഇത് ഐശ്വര്യമോൾ.. അനിരുദ്ധന്റെ ഭാര്യ…നിങ്ങളെയൊക്കെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ അല്ലേ….മഹാലക്ഷ്മി തന്റെ സ്റ്റാഫിനെ നോക്കി വീണ്ടും തുടർന്നു.
ശേഷം ഐശ്വര്യയുടെ, കുടുംബത്തെക്കുറിച്ചും, വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും ഒക്കെ വാനോളം പുകഴ്ത്തി.
ഇന്ദു……
തിരിഞ്ഞ് അവർ വിളിച്ചപ്പോൾ ഒരു സുന്ദരിയായ പെൺകുട്ടി മഹാലക്ഷ്മിയുടെ അടുത്തേക്ക് വന്നു.
ആ പെൺകുട്ടിയുടെ കയ്യിൽ ഒരു ബോക്സ് ഉണ്ടായിരുന്നു.
ഇത് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹോടുകൂടി ഞാൻ ഐശ്വര്യ മോൾക്ക് കൈമാറുകയാണ്… മോളുടെ കയ്യിൽ ഭദ്രമായിരിക്കും ഈ കമ്പനിയുടെ കീ എന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം.
സന്തോഷത്തോടുകൂടി, അവർ ഐശ്വര്യയുടെ കയ്യിലേക്ക് ആ box കൊടുത്തു..
ആദ്യം അത് വാങ്ങുവാനായി ഐശ്വര്യ ഒന്നു മടിച്ചു. പക്ഷെ അവൾക്ക് കോൺഫിഡൻസ് വാരിവിതറിയാണ് മഹാലക്ഷ്മി കൈ മാറിയത്.
അനിരുദ്ധൻ മാത്രം ഒരക്ഷരം പോലും ഉരിയാടാതെ വെറുതെ നിൽക്കുകയാണ് ചെയ്തത്.
കാര്യങ്ങൾ ഏറെക്കുറെ അവനു ബോധ്യപ്പെടുകയായിരുന്നു..
താൻ ഒരിക്കലും കരുതിയതല്ല അമ്മ ഹരിയെ ഇവിടെ നിന്നും ഇറക്കി വിടും എന്നുള്ളത്..അവനെ നൈസായിട്ട് ഒഴിവാക്കി കളഞ്ഞിട്ട്, പുതിയ കരുക്കൾ അമ്മ നീക്കി തുടങ്ങിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഐശ്വര്യയുടെ കയ്യിലേക്ക് എല്ലാം ഏൽപ്പിച്ചത്.
അമ്മയുടെ തന്ത്രങ്ങളെ പറ്റി ഏകദേശം ധാരണ അവനും അറിയാൻ കഴിഞ്ഞു.
ഇടയ്ക്കൊക്കെ മഹാലക്ഷ്മിയുടെ നോട്ടം അനിരുദ്ധനിലേക്ക് പാളി വീഴുന്നുണ്ട്.
അവന്റെ മുഖത്തെ ദയനീയഭാവം അവർ കണ്ടില്ലെന്നു നടിച്ചു.
ഐശ്വര്യയ്ക്ക് ആശംസകളും നേർന്നു കൊണ്ട് സ്റ്റാഫ് ഓരോരുത്തരും മുന്നോട്ടു വന്നപ്പോൾ, അനിരുദ്ധൻ ഒരു കോണിലേക്ക് ഒഴിഞ്ഞുമാറി.
അവനെ ശരിക്കും സങ്കടം വന്നുപോയി.
ഹരിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് ഓർത്തപ്പോൾ, അനിരുദ്ധന്റെ ഹൃദയം നുറുങ്ങി.
മോനെ..അനിക്കുട്ടാ
മഹാലക്ഷ്മിയുടെ ശബ്ദം കേട്ടതും അവൻ ത്തിരിഞ്ഞു നോക്കി
തുടരും…..
