മംഗല്യതാലി 68
ഹരി ബീനചേച്ചിയോട് വിശദീകരിക്കുവാൻ തുടങ്ങിയതും ഭദ്ര അവനെ നോക്കി കണ്ണുരുട്ടി.
മോളെ…അങ്ങനെ എന്തെങ്കിലും ആയിട്ടുണ്ടോടാ, ഉണ്ടെങ്കിൽ ചേച്ചിയോട് പറയണേ.
ഇല്ലേച്ചി… വിശേഷമൊന്നും ഇല്ല…അത് പറയുമ്പോൾ അവൾക്ക് എന്തോ വല്ലായ്മ അനുഭവപ്പെട്ടു.
പോളേട്ടനും ഹരിയും കൂടി മുറ്റത്തേക്ക് ഇറങ്ങി പോയപ്പോൾ, ഭദ്രയോട് ഒന്നിച്ച് ബീന ചേച്ചി അടുക്കളയിലേക്കും നടന്നു.
മോളെ ഈ കാര്യങ്ങളൊക്കെ വെച്ച് താമസിപ്പിക്കരുത് കേട്ടോ, നിങ്ങളൊക്കെ ഇപ്പോഴത്തെ പിള്ളേരാണ്, ചിലപ്പോൾ തോന്നും പെട്ടെന്ന് വേണ്ടായിരുന്നു, ഒന്ന് രണ്ട് വർഷം കഴിഞ്ഞ്, ഒന്ന് സെറ്റിൽ ആയ ശേഷം മതി കുഞ്ഞൊക്കെ എന്ന്. പക്ഷേ ഒരു കാര്യമുണ്ട് കേട്ടോ ചിലപ്പോൾ നമ്മൾ വിചാരിക്കുമ്പോൾ നമ്മളുടെ കൈയിലേക്ക് കിട്ടണമെന്നില്ല. ഈ മുകളിലിരിയ്ക്കുന്ന പാർട്ടി കേറി പരീക്ഷിയ്ക്കും. ആൾക്ക് ഒരു രസം..കാശ് വാരുന്നത് ആശുപത്രിയിക്കാരും. ചെറിയ എന്തെങ്കിലും കേസ് കാണുകയുള്ളൂ, പക്ഷേ ആശുപത്രിക്കാർക്കൊക്കെ ഇതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ബിസിനസ്. അവര് ഒരു നൂറ് തവണ നമ്മളെ നടത്തിക്കും, എന്നിട്ട് നന്നായിട്ട് നമ്മളെ പിഴിയുകയും ചെയ്യും. ഒരു കുഞ്ഞിനു വേണ്ടി ആയതുകൊണ്ട് നമ്മളും മാക്സിമം പണം ചിലവാക്കും..
അതാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കണ്ടുവരുന്നത്. അതുകൊണ്ട് നോക്കികണ്ടും രണ്ടാളും കൂടി എന്താണെന്ന് വെച്ചാൽ തീരുമാനിച്ചോണെ.
ബീന ചേച്ചി പറഞ്ഞപ്പോൾ ഭദ്ര മുഖം കുനിച്ചു നിൽക്കുകയാണ്.
മോൾക്ക് സങ്കടമായോ….. ചേച്ചി നിങ്ങളുടെ കാര്യത്തിൽ ഓവർ ആയിട്ട് ഇടപെട്ടു എന്ന് തോന്നരുത്… എന്റെ സ്വന്തം അനിയത്തിയെ പോലെ കണ്ടു പറയുന്നതാണ് കേട്ടോ.
എനിക്കറിയാം ചേച്ചി, ചേച്ചി പറയുന്നതിൽ ഒന്നും യാതൊരു തെറ്റുമില്ല. ഞങ്ങൾ ശ്രദ്ധിച്ചോളാം.
അവൾ മറുപടിയും കൊടുത്തു..
പോളേട്ടനും ബീന ചേച്ചിയും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ഭദ്രയും ഹരിയും കൂടി ഉമ്മർത്തു നിൽപ്പുണ്ടായിരുന്നു. അവര് പോയ ശേഷം ഭദ്രയ്ക്കാണെങ്കിൽ ഹരിയുടെ മുഖത്തേക്ക് നോക്കുവാൻ വല്ലാത്ത ഒരു ബുദ്ധിമുട്ട് തോന്നി..
ചേച്ചി എന്തു പറഞ്ഞു. കുറെ നേരമായിരുന്നല്ലോ രണ്ടാളും കൂടി സംസാരം..?.ഹരി അവളോട് ചോദിച്ചു.
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ഏട്ടാ, കുഞ്ഞുണ്ടാകുന്ന കാര്യത്തിൽ ഇനി വൈകിപ്പിക്കരുതെന്ന് പറഞ്ഞു. നമ്മുടെ പ്രശ്നങ്ങളും ദുഃഖങ്ങളും ഒക്കെ തീർന്ന ശേഷം കുഞ്ഞു മതിയെന്ന് കരുതിയിരുന്നൽ ആ സമയത്ത് നമുക്ക് കിട്ടണമെന്നില്ല എന്ന്..
ഹമ്… എന്നിട്ട് താൻ എന്തു പറഞ്ഞു.
ശ്രദ്ധിച്ചോളാം എന്ന്…..
എന്ത് ശ്രദ്ധിച്ചോളാം എന്ന്…
ഹരി കുറുമ്പോട് കൂടി അവളെ ഉറ്റുനോക്കി നിൽക്കുകയാണ്..ഭദ്രയുടെ മുഖം ആണെങ്കിൽ അപ്പോളേക്കും ചുവന്നു തുടുത്തിരുന്നു..
ഇന്നുവരെയായിട്ടും , ഇദ്ദേഹത്ത് പോലും ഒന്ന് സ്പർശിപ്പിക്കുവാൻ താൻ എന്നെ സമ്മതിപ്പിച്ചിട്ടില്ല, ഹരി ഒരു പാവമായി പോയതുകൊണ്ട്, അല്ലായിരുന്നുവെങ്കിൽ കാണാമായിരുന്നു കേട്ടോ. പിന്നെ എന്താണ് ഇനി മാഡം ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞത്..
അവൻ ചോദിച്ചതും ഭദ്ര വേഗം അകത്തേക്ക് കയറിപ്പോയി.
അതെയ്…. ഈ ഒളിച്ചു കളിയൊക്കെ അങ്ങ് നിർത്തിക്കോണം. രാത്രില് റൂമിൽ എത്തുമല്ലോ..അപ്പൊ കാണാം കേട്ടോ.. രണ്ടിലൊന്ന് അറിഞ്ഞിട്ട് ബാക്കി കാര്യമൊള്ളൂ. ബീന ചേച്ചിയുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ട എന്ത് സഹായവും ഞാൻ ചെയ്തു തരാം, ഒന്ന് സമ്മതിച്ചു തന്നേക്കണേ….ഒരു പാവം പുരുഷു ആണ്.
ഹരി പറയുന്നത് കേട്ട് ചുണ്ടിൽ ഊറി വന്ന പുഞ്ചിരിയുമായി ഭദ്ര തുടുത്ത ഞാവൽ പഴം പോലെ, അതിലൂടെയൊക്കെ നടന്നു.
******
ഹരിയെ ആട്ടിഓടിച്ചതിനുള്ള ആദ്യത്തെ പ്രഹരം മഹാലക്ഷ്മിക്ക് പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം ആയിട്ടാണ് കിട്ടിയത്.
മരുമകളെ കൊണ്ട് അവർ ചെയ്യിപ്പിച്ച, ആദ്യത്തെ ഡീല് വമ്പൻ പരാജയം ആയിരുന്നു. ഒപ്പം ഈയൊരു ഒറ്റ കോൺട്രാക്ടിന്റെ പേരിൽ 45 കോടി രൂപയുടെ നഷ്ടവും വന്നു. അവരുടെ കമ്പനിയുമായി ഏറ്റവും കൂടുതൽ ഡീലിംഗ്സ് നടത്തിക്കൊണ്ടിരുന്നത് PRK ഗ്രൂപ്പ് ആയിരുന്നു. ഓരോ വർഷവും ഹരിയുടെ ടേൺ ഓവർ ഇന്ക്രീസ് ചെയ്യുന്നതിനുള്ള പ്രധാന ഘടകവും ഈ ഗ്രൂപ്പ് ആയിരുന്നു. എന്നാൽ യാതൊരു തൊപ്പിയും അറിയാത്ത ഐശ്വര്യ എന്തൊക്കെയോ വിളിച്ചു കൂവി പറഞ്ഞപ്പോൾ അവർ കൈകൊടുത്ത് എഴുനേറ്റ് പിന്മാറി..
അമ്മയോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നതാണ് ഈ വേണ്ടാത്ത പണിയ്ക്കൊന്നും പോകരുതെന്ന്. നമ്മളെക്കുറിച്ച് അവർക്ക് ഇപ്പോൾ മൈനസ് മാർക്ക്ആയില്ലേ, ഇനി പുതിയ എന്തെങ്കിലും കോൺട്രാക്ടിൽ ഏർപ്പെടാൻ അവർ വരുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ. ഹരിയായിരുന്നപ്പോൾ എത്ര നല്ല രീതിയിലായിരുന്നു ഇതെല്ലാം കൈകാര്യം ചെയ്തത്.ഒക്കെ അമ്മയുടെ ഈ കുരുട്ടുബുദ്ധിയിൽ അവസാനിച്ചു… ഒന്നുമായിട്ടില്ല തുടങ്ങിയതേയുള്ളൂ…. കണ്ടോ അമ്മായിയമ്മയും മരുമകളും കൂടി ഇത് സീറോ ആക്കി തീർക്കും..
അനിരുദ്ധൻ ക്ഷുഭിതനായി വായിൽ വന്നതൊക്കെ വിളിച്ചു കൂവി.
അവൻ പറഞ്ഞിട്ട് പോലും മഹാക്ഷ്മിയും ഐശ്വര്യയും ഒന്നും കൂട്ടാക്കിയിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ചെയ്തിട്ട് അവസാനം എല്ലാം കുളമാക്കി കളഞ്ഞു.
എന്നിട്ടും യാതൊരു കൂസലും ഇല്ലാതെ മഹാലക്ഷ്മി ഇരിക്കുന്നത് കണ്ടപ്പോൾ അനിരുദ്ധന് അവരോട് ഉള്ള ദേഷ്യം കൂടി വന്നു.
എന്താണെന്ന് വെച്ചാൽ നിങ്ങൾ രണ്ടാളും കൂടി നടത്തിക്കോളൂ..ഞാനെന്റെ വഴിക്ക് പോന്നു,, അനിരുദ്ധൻ ചവിട്ടിത്തുള്ളി ഇറങ്ങിപ്പോകുന്നത് കണ്ടു മഹാലക്ഷ്മി ദേഷ്യത്തിൽ പല്ലിറുമ്മി.
*****
ഭദ്രാ……
ഹരി വിളിച്ചപ്പോൾ ഭദ്ര കുളിയൊക്കെ കഴിഞ്ഞു ഉമ്മറത്ത് നിലവിളക്ക് കൊളുത്തുകയാണ്.
എന്താ ഏട്ടാ…..
ഞാൻ ഇപ്പൊ വരാം.. ഒരു പാർട്ടി എന്നെ കാണാൻ വന്നിട്ടുണ്ട്,, നമ്മുടെ ആ ജംഗ്ഷനിൽ നിൽപ്പുണ്ട് അയാള്.
ആരാണ് ഏട്ടാ…
അതു പിന്നെ നമ്മുട കമ്പനിയുമായി ഇടപാടുകൾ നടത്തുന്ന ഒരു പ്രധാനപ്പെട്ട ഗ്രൂപ്പ് ഉണ്ട്. PRK എന്നാണ് പേര്. അവിടുത്തെ മാനേജർ എന്നെ കാണാൻ വന്നേക്കുന്നു. ഞാൻ പോയിട്ട് വേഗം വരാം.
ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായി ഇട്ടുകൊണ്ട് ഹരി വെളിയിലേക്ക് വരൂന്നുണ്ടായിരുന്നു. ഒപ്പം ഭദ്രയോടും വിളിച്ചുപറഞ്ഞു..
ഹമ്. പോയിട്ട് പെട്ടന്ന് വരണേ..
വരാം… ഇവിടെന്നു അഞ്ചു മിനിറ്റ് പോലും നടക്കേണ്ടല്ലോ. ഞാൻ പെട്ടന്ന് വരാം..
അവൻ മുറ്റത്തേയ്ക്ക് ഇറങ്ങി…
ബിഎംഡബ്ലിയുവിലും, ഫോർച്യൂണറിലും ഒക്കെ മാറിമാറി ചെന്നുകൊണ്ടിരുന്ന താൻ ഇപ്പൊ നടന്നുവരുന്നത് കാണുമ്പോൾ PRK മാനേജർ ആയ ശരൺ സാർ ഞെട്ടിപ്പോകുമെന്ന് ഓർത്തു ഹരി മുന്നോട്ട് വേഗത്തിൽ നടന്നു.
മംഗല്യതാലി.69
ഹരി നടന്നു ചെല്ലുമ്പോൾ അകലെ കിടക്കുന്ന ഇന്നോവ ക്രിസ്റ്റ അവന്റെ ദൃഷ്ടിയിൽ പെട്ടു.
അത് ശരണിന്റേതാണെന്ന് വൈകാതെ തന്നെ ഹരിക്കു മനസ്സിലായി.
ഹലോ ശരൺ സാർ.
ഹരി അയാളുടെ അടുത്തേക്ക് വന്ന് അവന്റെ വലതു കൈ നീട്ടി.
ഇതെന്താടോ ഇങ്ങനെ..?
അയാൾ ചോദിച്ചതിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് ഹരിക്ക് പിടി കിട്ടിയിരുന്നു.
അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല സാറേ. ജസ്റ്റ് ഞാനീ വഴി നടന്നു വന്നതേയുള്ളൂ..ഒരു റീലാക്സിങ്. അത്ര മാത്രം
ഹ്മ്…..
അയാളൊന്ന് നീട്ടി മൂളി.
താൻ കേറൂ. നമ്മൾക്ക് ഇത്തിരി അങ്ങിട്ടോ ഇങ്ങോട്ടോ മാറാം.
ആയിക്കോട്ടെ…..
ഹരി അയാളോടൊപ്പം കാറിൽ കയറി.
എന്താടോ തനിയ്ക്ക് പറ്റിയത്.. എന്തിനാണ് താൻ തന്റെ കമ്പനി ഇട്ടെറിഞ്ഞു പോന്നത്..
ശരൺ ഹരിയെ ഉറ്റുനോക്കി..
അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല, സ്വന്തമായി എനിക്ക് എന്തെങ്കിലും തുടങ്ങുവാൻ ഒരു ആഗ്രഹം. പിന്നെ ഞാനും ചേട്ടനും എക്കാലവും കമ്പനിയിൽ ഒരുമിച്ച് നിന്നാൽ ശരിയാവില്ല, ഞങ്ങളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു, രണ്ടു കുടുംബങ്ങളിൽ നിന്ന് രണ്ടു പുതിയ പെൺകുട്ടികൾ കൂടി വന്നിരിക്കുകയാണ്, ആ സ്ഥിതിക്ക് ഇനി മുന്നോട്ട്, കമ്പനിയിൽ നിൽക്കുന്നതിലും നല്ലത് എനിക്ക് സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യണമെന്നാണ്.
മുൻകൂട്ടി പ്ലാൻ ചെയ്തത് തന്നെ ഹരി അവനോട് പറഞ്ഞു.
ആയിക്കോട്ടെ ഹരി നല്ല കാര്യം.. പക്ഷേ നിലവിലുള്ള തന്റെ കമ്പനിയെ താഴേക്ക് ചവിട്ടിയിട്ടിട്ടാണോ താൻ പുതിയത് സ്റ്റാർട്ട് ചെയ്യാൻ പോകുന്നത്.
ശരൺ പറഞ്ഞതിന്റെ അർത്ഥം പിടികിട്ടാതെ ഹരി അവന്റെ മുഖത്തേക്ക് നോക്കി.
ഒരു കോൺട്രാക്ട് ഉണ്ടായിരുന്നു, അനിരുദ്ധന്റെ വൈഫ് ആണ് പ്രസന്റ് ചെയ്തത്. അവരെന്തൊക്കെയോ വലിച്ചുവാരി അവിയൽ പരുവമാക്കി, ആ മീറ്റിംഗ് ആകെ കുളംതോണ്ടി കളഞ്ഞു. എനിക്കിനി മുന്നോട്ട് അവരുമായി ഒരു ഡീലിംഗ്സിന് താല്പര്യമില്ലെന്ന് പറഞ്ഞു ഞാൻ ഇറങ്ങിപ്പോന്നു.
താൻ ഉണ്ടെങ്കിൽ ഓക്കേ.. നോ പ്രോബ്ലം. ഇതിപ്പോ അവരുടെ തോന്നിവാസം ഒന്നും അനുവദിച്ചു കൊടുക്കുവാൻ എന്നെ കിട്ടില്ലടോ.
അറുത്തു മുറിച്ചു തന്നെയാണ് ശരൺ അത് പറഞ്ഞത്.
ഒപ്പം ശരൺ കമ്പനിയിൽ നിന്ന് പിന്മാറി എന്നറിഞ്ഞതും ഹരിയുടെ നെഞ്ചിൽ ഒരു നൊമ്പരം മുള പൊട്ടി.
ഇനി മുന്നോട്ട് തന്റെ പ്ലാൻ എങ്ങനെയാണ്, താൻ പുതിയ ബിസിനസ് എന്തോ സ്റ്റാർട്ട് ചെയ്യുന്നു എന്ന് പറഞ്ഞല്ലോ, അതാണ് ഉദ്ദേശിച്ചത്.
കുറച്ചു ഫണ്ടിന്റെ കുറവുണ്ട് സാർ. അതിനു വെയിറ്റ് ചെയ്യുകയാണ്.
ഹ്മ്… ഫണ്ട് എന്നത്തേക്ക് റെഡിയാകും. ബാങ്കിൽ പോയി അന്വേഷിച്ചോ താന്.
ഞാൻ അതിന്റെ പിന്നാലെ ആണ്. വൈകാതെ തന്നെ ഒരു ക്ലാരിഫിക്കേഷൻ നടത്താനാവും.
ഹരിയ്ക്ക് ഞങ്ങളുടെ കമ്പനിയിൽ തുടരാൻ താല്പര്യം ഉണ്ടോ .
പെട്ടെന്ന് ശരൺ ചോദിച്ചു.
മറുപടിയൊന്നും പറയാനാവാതെ ഹരി ഒരു നിമിഷത്തേക്ക് വിഷമിച്ചു.
സ്റ്റാഫ് ആയിട്ടൊന്നും അല്ലടോ… പി ആർ കെ ഗ്രൂപ്പിന്റെ പാർട്ണർ ആയിട്ടാണ് ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ഞാൻ ചോദിച്ചത്..
അയാൾ വീണ്ടും പറഞ്ഞു.
പിആർകെ ഗ്രൂപ്പിന്റെ ചെയർമാനായ രവീന്ദ്രൻ സാറാണ് തനിക്ക് ഇങ്ങനെ ഒരു ഓഫർ വച്ചത്.
ഇതുവരെയുള്ള ഷെയറും പ്രോഫിറ്റ്മൊക്കെ സാറിന്റേതു തന്നെയാണ്..
ഹരി ഞങ്ങളുടെ കമ്പനിയിലേക്ക് ജോയിൻ ചെയ്യുകയാണെങ്കിൽ, അന്നുമുതലുള്ള എല്ലാത്തിലും താൻ അദ്ദേഹത്തിന്റെ പാർട്ണർ ആയിട്ട് തുടരും. തനിക്കറിയാല്ലോ സാറും അത്ര നിസ്സാരക്കാരനൊന്നുമല്ല. തെന്നിന്ത്യയിലെ തന്നെ ഒരു മൾട്ടി നാഷണൽ കമ്പനിയാണ് നമ്മളുടെത്.. കൂടുതലായിട്ട് ഒന്നും ഹരിയോട് പറഞ്ഞു ധരിപ്പിക്കേണ്ട കാര്യവുമില്ല. എന്നിരുന്നാലും ശരി ഇതൊരു നല്ല ഒപ്പോർച്ചുണിറ്റി ആയിട്ട് കണ്ട്, കൊണ്ട് സാധിക്കുമെങ്കിൽ താൻ അവിടേക്ക് വാടോ. നമുക്കൊന്നിച്ച് ഒരു ടീം ആയിട്ട് നിന്ന് മുന്നേറി വരാൻ സാധിക്കും.
ഞാൻ സാറിനെ കണ്ട് സംസാരിക്കാം, സാർ എപ്പോഴാണ് ഫ്രീ ആകുന്നതെന്ന് ഒന്നു പറഞ്ഞാൽ മതി.
ഹരി അയാൾക്ക് മറുപടിയും കൊടുത്തു.
വൈകാതെ തന്നെ ഇരുവരും കൈകൊടുത്തു പിരിയുകയും ചെയ്തു..
ശരണിന്റെ വണ്ടി അകന്നു പോകുന്നത് നോക്കി അല്പസമയം ഹരി അതേ നിൽപ്പു തുടർന്നു. എന്താണെന്നറിയില്ല മനസ്സിലാകെ ഒരു പ്രതീക്ഷ പോലെ. എന്തൊക്കെയോ നല്ലത് സംഭവിക്കാൻ പോകുന്നു എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നു.
അവന് തന്റെ ശരീരത്തിൽ ആകെ ഒരു തരിപ്പ് പടരും പോലെ തോന്നി..
വീട്ടിലെത്തിയപ്പോൾ അവൻ കുറച്ചു ലേറ്റ് ആയിരുന്നു.
ഭദ്ര ആണെങ്കിൽ ഹരി വരുന്നതും നോക്കിയിരിക്കുന്നുണ്ട്.
ഭദ്രാ….
ദാ വരുന്നു ഹരിയേട്ടാ.
അവൾ ഓടിച്ചെന്നു വാതിൽ തുറന്നു കൊടുത്തു.
കൈയിൽ ഇരുന്ന വറുത്ത കപ്പലണ്ടിയുടെ പൊതി അവൻ അവളുടെ നേർക്ക് നീട്ടി.
ചെറു ചൂടുണ്ട് അപ്പോളും അതില്.
ഭദ്ര പൊതി അഴിച്ചിട്ടു രണ്ട് മൂന്നെണ്ണം കൈലേക്ക് എടുത്തു പിടിച്ചു.എന്നിട്ട് ഹരിയ്ക്ക് കൊടുത്തതും അവൻ തന്റെ വായ തുറന്നു കാണിച്ചു.
ഒരെണ്ണം അവന്റെ വായിലേക്ക് വെച്ച് കൊടുത്തതും അവളുടെ വിരലിൽ ഹരിയൊന്നു കടിച്ചു.
പെരു വിരലിൽ നിന്നും ഒരു വിറയൽ തുടങ്ങിട്ട് അതു അവളുടെ ശരീരത്തിലും വ്യാപിച്ചു അപ്പോളേക്കും.
അരികിൽ കിടന്നിരുന്ന സെറ്റിയിലേക്ക് ഹരി ഇരുന്നു. ഒപ്പം അവളെയും പിടിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി.
ഓർക്കാപ്പുറത്തായതിനാൽ ഭദ്ര ഞെട്ടിത്തരിച്ചു.
അപ്പോളേക്കും ഹരിയുടെ വലം കൈ അവളുടെ വയറിന്മേൽ ചുറ്റി വരിഞ്ഞു. ശേഷം അഴിഞ്ഞു കിടന്ന കാർക്കൂന്തലിൽ അവൻ മുഖം ഒളിപ്പിച്ചു…
അവളുടെ വയറിന്മേൽ ഉള്ള പിടിത്തം ഒന്ന് മുറുകിവന്നപ്പോൾ പെണ്ണൊന്നു വല്ലാതെയായി
ഹരിയേട്ടാ……..
സാവധാനം അവൾ വിളിച്ചു.
ഹ്മ്… എന്താടാ…
അവന്റെ ശ്വാസം അവളുടെ പിൻ കഴുത്തിൽ തലോടി.
അവന്റെ മീശത്തുമ്പ്, അവളുടെ സ്വർണവർണ്ണമാർന്ന രോമരാജികളെ തൊട്ടുണർത്തിയപ്പോൾ, ആ പൂവുടൽ വല്ലാണ്ട് വിറകൊണ്ടു.
അവനിലെ ചുടു നിശ്വാസത്തിനു പോലും അവളിലെ പെണ്ണിനെ ഉണർത്തുവാൻ സാധിക്കുമായിരുന്നു.
ഹരിയേട്ടാ……
സർവ ശക്തിയും ഉപയോഗിച്ച കൊണ്ട് അവൾ അവന്റെ മടിയിൽ നിന്നും ചാടിപ്പിടഞ്ഞു എഴുന്നേറ്റു.
നേരം ഒരുപാട് ആയി.. വാ ഹരിയേട്ടാ.. എന്തേലും കഴിക്കണ്ടേ…
പറയുന്നത്തിനൊപ്പം അവൾ അടുക്കളയിലേക്ക് വേഗത്തിൽ നടന്നു
തുടരും
