മംഗല്യ താലി ഭാഗം 77
മീര…..
രവീന്ദ്രന്റെ ശബ്ദം വിറച്ചു.
പെട്ടെന്ന് മീര ചുറ്റിനും നോക്കി.
തങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്നതായിരുന്നു അവരുടെ ആദ്യത്തെ സംശയം.
അകത്തേക്ക് വരൂ… അകത്തിരുന്ന് സംസാരിക്കാം.
വേണ്ട എനിക്ക് നിന്നോട് ഒന്നും സംസാരിക്കേണ്ട.. ഒരൊറ്റ കാര്യം മാത്രം അറിഞ്ഞാൽ മതി. അയാൾ വർദ്ധിച്ചുവന്ന കോപത്തോടെ മീരയേ നോക്കി..
ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതാണ്, വെറുതെ ഒരു പ്രശ്നമുണ്ടാക്കരുത് നിങ്ങൾ. മീരയും പറഞ്ഞു
അതിന് ഞാനിവിടെ ഒരു പ്രശ്നമുണ്ടാക്കാൻ വന്നതാണെന്ന് നിന്നോട് ആരാടീ പറഞ്ഞത്.
ഈ മുറ്റത്ത് നിന്ന് ഇങ്ങനെ സംസാരിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അകത്തേക്ക് വരാം ഇല്ലെങ്കിൽ പോകാം.
നിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വിരുന്നുണ്ണൻ വന്നതൊന്നും അല്ലടി ഞാൻ..
എനിക്ക് ഒരൊറ്റ കാര്യം അറിഞ്ഞാൽ മതി.അതറിഞ്ഞശേഷം ഈ നിമിഷം ഞാൻ ഇവിടുന്ന് പോകും..
രവീന്ദ്രൻ ചോദിക്കുന്നത് എന്താണെന്നുള്ളത് മീരയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് അയാളെ ചേർത്തുനിൽക്കുവാൻ തന്നെയുള്ള നീക്കങ്ങൾ അവൾ തന്റെ ഉള്ളാലേ നടത്തുകയാണ്.
മീര… എന്റെ മകളെവിടെ?
യാതൊരു മുഖവുരയും കൂടാതെ അയാൾ മീരയെ ഉറ്റുനോക്കി.
എനിക്കറിയില്ല,,മീര പിറുപിറുത്തു.
പെട്ടെന്നായിരുന്നു രവീന്ദ്രന്റെ കൈ വായുവിൽ ഒന്നു ഉയർന്നുപൊങ്ങിയത്
ആഹ്…
തന്റെ കരണം പൊത്തികൊണ്ട് മീര വിതുമ്പി.
രണ്ടു പെൺകുട്ടികൾ അപ്പോഴേക്കും അവിടേക്ക് ഓടി വന്നു.
ടീച്ചറെ… എന്താ എന്തിനാ ടീച്ചർ കരയുന്നത്…
കുട്ടികൾ മീരയുടെ കൈത്തണ്ടയിൽ പിടിച്ചു അവളെ കുലുക്കി.
ഒന്നുല്ല.. മക്കള് ചെല്ലു. ടീച്ചർ വന്നോളാം.
മീര കുട്ടികളെ രണ്ടാളെയും അകത്തേക്ക് പറഞ്ഞു വിട്ടു. എന്നിട്ട് രവീന്ദ്രനെ നോക്കി.
എന്റെ പൊന്നുമോൾ എവിടെ.. എനിക്കത് മാത്രം അറിഞ്ഞാൽ മതി. അല്ലാണ്ട് നിന്റെ ഒത്താശ സ്വീകരിക്കുവാൻ വന്നതൊന്നുമല്ല ഞാൻ. നീ ഇക്കാര്യത്തെക്കുറിച്ച് എനിക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ, ഞാൻ നിയമനടപടികളിലേക്ക് പോകുന്നതായിരിക്കും. അങ്ങനെ വരുന്ന പക്ഷം നിന്റെ ഈ സ്ഥാപനവും നിന്റെ സൽപേരും ഒക്കെ നാലാളുകൾ അറിഞ്ഞുകൊള്ളും.
രവിയേട്ടൻ ചെല്ല്..ഞാൻ ഇത്തിരി തിരക്കിലാണ്.
രവിയേട്ടൻ… ഓഹോ. അപ്പോൾ നീ ആ പേര് മറന്നിട്ടില്ല..അല്ലേ മീരാ…കൊള്ളാം… അതെനിക്ക് ബോധിച്ചു.
അയാൾ മീരയെ നോക്കി പുച്ഛഭാവത്തിൽ പറഞ്ഞു..
രവിയേട്ടാ….. ഇവിടെ പ്രാർത്ഥന സമയം ആയിരിക്കുകയാണ്. രവിയേട്ടൻ ദയവു ചെയ്തു എന്നെ ബുദ്ധിമുട്ടിക്കരുത്. നിങ്ങൾക്ക് ആർക്കും ഒരു ശല്യമാകാതെ, ഇരുപത്തി രണ്ട് വർഷം, ഞാൻ ജീവിച്ചു. ഇനിയും മുന്നോട്ട് എങ്ങനെയെങ്കിലും ഞാൻ കഴിഞ്ഞു കൊള്ളാം. എന്നെ വിഷമിപ്പിക്കരുത്.ഞാൻ വേണമെങ്കിൽ രവിയേട്ടന്റെ കാലു പിടിക്കാം..
മതി… അഭിനയമൊക്കെ അവസാനിപ്പിക്കടി. അതിനുള്ള സമയം ആയിരിക്കുന്നു. നിന്റെ ഒളിവ് ജീവിതം ഒക്കെ, അങ്ങ് തീർത്തിട്ട്, ഇനി നീ സമൂഹത്തിലേക്ക് ഇറങ്ങി വാ. എന്നിട്ട് രവീന്ദ്രന്റെ മകളെ കാണിക്ക്..
ഇല്ല…വാശിയോടെ മീര പറയുകയാണ്.
ഹ്മ്…. നീ എനിക്ക് ഇതിനുള്ള ഉത്തരം തരാത്ത പക്ഷം, ഏതറ്റം വരെയും പോകുവാൻ ഈ രവീന്ദ്രന് സാധിക്കും. അറിയാല്ലോ നിനക്ക് എന്നെ…
രവിയേട്ടാ.. പ്ലീസ്…
എനിക്ക് കൂടുതൽ ഒന്നും അറിയേണ്ട. അതും നിന്നെക്കുറിച്ചു… പക്ഷേ എന്റെ രക്തത്തെ എനിക്ക് കാണണം മീര… നീ പറഞ്ഞല്ലോ 22 വർഷം നീ കൺമുമ്പിൽ പോലും പെടാതെ ജീവിച്ചു എന്ന്, ഒന്നോർത്തോ… നീ ഒരുത്തി കാരണം,നീറി നീറി പിടഞ്ഞു ജീവിച്ചവനാടി ഞാന്. എന്റെ മോളെ ഓർത്ത് കണ്ണീർ പൊഴിക്കാത്ത ഒരൊറ്റ രാത്രി പോലും എനിക്കില്ല. ഒന്നൊന്നായി വെട്ടിപ്പിടിച്ച് നേടിയെടുത്തപ്പോഴും, ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൾട്ടി നാഷണൽ കമ്പനി ഉണ്ടാക്കിയെടുത്തപ്പോഴും, രവീന്ദ്രന്റെ പേര് വാനോളം ഉയർന്നു. എന്നാൽ ഇതിനൊന്നും ഒരു അവകാശി ഇല്ലാതെ, ഞാൻ വെറുതെ ജീവിച്ചു പോന്നു.. എല്ലാ സൗഭാഗ്യങ്ങളുടെയും നടുക്ക് ഒരു രാജകുമാരിയെ പോലെ കഴിയേണ്ട എന്റെ കുഞ്ഞ്, അവളെവിടെയാണ് മീര.
മര്യാദക്ക് നീ പറയുന്നുണ്ടോ.
അപ്പോഴേക്കും ദേവിയമ്മ നടന്നുവരുന്നത് മീര കണ്ടു.
രവിയേട്ടാ, അല്പമെങ്കിലും മനസ്സാക്ഷി ഉണ്ടെങ്കിൽ എന്നെ നാണം കെടുത്തരുത്. നിങ്ങൾ പോയിട്ട് മറ്റൊരു ദിവസം വരു. അല്ലെങ്കിൽ എന്റെ നമ്പർ ഞാൻ തരാം ഒന്ന് നോട്ട് ചെയ്യുമൊ. എന്നിട്ട് എന്നെ വിളിച്ചാൽ മതി.
നിസ്സഹായയായി തന്റെ മുന്നിൽ നിൽക്കുന്ന അവളെ കാണുതോറും അയാൾക്കും എന്തോ ഒരു വേദന പോലെ.
ഇന്നേവരെ ആർക്കും അറിയപ്പെടാത്ത ഒരു രഹസ്യമാണത്. രവിയേട്ടൻ ഇപ്പോൾ ഒന്നും എന്നോട് ചോദിക്കരുത്. എനിക്കൊരു ഉത്തരം പറയാൻ സാധിക്കുന്നില്ല. അതുകൊണ്ട്.. ഒന്നു പോകാമോ. മീര പിന്നെയും ചോദിച്ചു.
ഹ്മ്…പോകുവാ… നിന്റെ നമ്പർ തരു..
അയാൾ ഫോണ് പോക്കറ്റിൽ നിന്നും എടുത്തതും മീര പെട്ടെന്ന് തന്നെ അവളുടെ നമ്പർ പറഞ്ഞു കൊടുത്തു.
ഞാനിപ്പോൾ പോകുന്നു. ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകുകയാണെങ്കിൽ,, അന്ന് നീയ് നമ്മുടെ മകളെ എനിക്ക് ചൂണ്ടിക്കാണിക്കണം..
അയാളുടെ ചോദ്യത്തിനുമുന്നിൽ മറുപടിയൊന്നും പറയാതെ മീര മുഖം കുനിച്ചു.
ആരായിരുന്നു ടീച്ചറേ,,,? ദേവിയമ്മ ചോദിച്ചതും മീര ഒന്നു ഞെട്ടി.
ഒരുപാട് ബിസിനസുകൾ ഒക്കെ ചെയ്യുന്ന വലിയൊരു വ്യവസായിയാണ്…ചാരിറ്റി ട്രസ്റ്റ്ലേക്ക് സംഭാവന തരാൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടി വന്നതാ…
എന്നിട്ട് ടീച്ചർ എന്ത് പറഞ്ഞു?
എന്റെ നമ്പർ കൊടുത്തിട്ടുണ്ട്. ബാക്കിയൊക്കെ അദ്ദേഹം ആലോചിച്ചു പറയും.
ഹ്മ്…..നല്ല കാര്യം.. ആ മനുഷ്യന് നമ്മുടെ മക്കളുടെ മേൽ കരുണ തോന്നട്ടെ അല്ലേ.
അതെ അങ്ങനെ തോന്നട്ടെ. ദേവിയമ്മ വരൂ. പ്രയർ time ആയില്ലേ.
ഉവ്വ്….. ടീച്ചറിനെ കാണാഞ്ഞിട്ട് ഞാൻ തിരക്കി വന്നതായിരുന്നു. രണ്ടാളും കൂടി പ്രാർത്ഥനാ ഹോളിലേക്ക് നടന്നു.
*****
വൈകുന്നേരം വീട്ടിലെത്തിയ ശേഷം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ഒക്കെ ഒരു വല്ലാത്ത ഗന്ധം വന്നു , തന്നെ മൂടുന്നതായി ഭദ്രയ്ക്ക് തോന്നി.
കുറേസമയം അവൾ ശ്വാസം എടുത്തു വലിച്ചു കൊണ്ടിരുന്നു. പിന്നീടാണ് അത് രവീന്ദ്രൻ സാറിന്റെ ഗന്ധം ആണല്ലോ എന്ന് ഭദ്ര തിരിച്ചറിഞ്ഞത്.
സാറിനെ കാണുമ്പോഴും സാർ അടുത്ത് വരുമ്പോഴും ഒക്കെ, എന്തെന്നറിയാതെ തന്റെ മനസ്സിൽ ഒരു സ്പാർക്ക് നടക്കുന്നതായി അവൾക്ക് തോന്നി.
ആദ്യമായിട്ട് കാണുകയാണെങ്കിൽ പോലും എവിടെയൊക്കെയോ പരിചയമുള്ളതുപോലെ ഒരു മുഖം. ആ മനുഷ്യന്റെ കണ്ണുകളിൽ നോക്കുമ്പോൾ വല്ലാത്തൊരു തീഷ്ണത പോലെ. തനിക്ക് വേണ്ടപ്പെട്ട ആരോ ഒരാളെ കണ്ട ഒരു അനുഭൂതിയായിരുന്നു കാലത്തെ കമ്പനിയിൽ ചെന്നപ്പോൾ മുതൽക്ക്.
ഭദ്ര പിന്നെയും ആലോചനയോടെ നിലവിളക്കിലേക്ക് നോക്കി ഇരിക്കുകയാണ്.
ഒളിമങ്ങാതെ ദീപപ്രഭയോടെ ആ നിലവിളക്ക് തെളിഞ്ഞുകത്തി നിൽക്കുകയാണ്
മംഗല്യ താലി 78
ഹരി വന്നപ്പോൾ അന്ന് ഇത്തിരി താമസിച്ചു പോയിരിന്നു. ഓഫീസിൽ ഓരോരോ തിരക്കുകൾ. താൻ ലേറ്റ് ആകുമെന്ന് ഭദ്രയോട് പ്രേത്യേകം അവൻ വിളിച്ചു പറഞ്ഞു. അതുകൊണ്ട് അവനെ കാത്തു ഇരിക്കുകയാണ് അവൾ
അപ്പോഴാണ് ഭദ്രയുടെ ഫോൺ റിങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ മീരടീച്ചർ അവളുടെ മുഖം പ്രകാശിച്ചു.
ഹലോ ടീച്ചറമ്മേ…
മോളെ.. നീ കിടന്നാരുന്നോ.
ഹേയ് ഇല്ലന്നെ. ഹരിയേട്ടൻ എത്തിയില്ല. ഞാൻ വെറുതെ ഇവിടെ ഇരിക്കുവാരുന്നു.
നേരം 9മണി ആയല്ലോ മോളെ. നിനക്ക് ഒറ്റയ്ക്കിരിയ്ക്കാൻ പേടിയുണ്ടോ?
ഇല്ല ടീച്ചറമ്മേ.. എനിക്ക് പേടിയില്ല. അവിടെ എല്ലാവരും എന്ത് പറയുന്നു. ദേവിയമ്മ അടുത്തുണ്ടോ.
ദേവിമ്മ നേരത്തെ കിടന്നു. കാലിനും കൈയ്ക്കും ഒക്കെ വല്ലാത്ത വേദന..
അയ്യോ.. എന്നിട്ടോ.
നാളെയൊ മറ്റൊ ഹോസ്പിറ്റലിൽ പോണം മോളെ.. ക്ഷീണം ഉണ്ട്.
ഹം… ടീച്ചറമ്മ കഴിച്ചോ?
ആഹ് കഴിച്ചു. മോള് ഹരി വന്നിട്ടേ ഒള്ളുല്ലോ അല്ലേ?
അതെ… ഹരിയേട്ടൻ എത്താറായി.. എന്നെ വിളിച്ചിരുന്നു.
ഒറ്റയ്ക്ക് അവിടെ സേഫ് ആണോ മോളെ. എനിക്കെന്തോ പേടി പോലെ.
ഇല്ലന്നെ.. ഇവിടെ അങ്ങനെ കുഴപ്പമില്ല. വീടുകളൊക്ക അടുത്ത്ഉണ്ടല്ലോ. പിന്നെ ഹരിയേട്ടൻ അങ്ങനെ ലേറ്റ് ആകുന്നതല്ല. ഇന്ന് കമ്പനി സ്റ്റാർട്ട് ചെയ്ത ദിവസം ആയോണ്ടാ.
കുറച്ചു നേരം ഇരുവരും തമ്മിൽ സംസാരിച്ചുകൊണ്ട് ഇരുന്നു. അതിനു ശേഷം ഹരി വന്നപ്പോൾ ആയിരുന്നു മീര ഫോൺ കട്ട് ചെയ്തത്. ഹരിയാണോ എന്ന് നോക്കീട്ട് വാതിൽ തുറക്കാവു എന്ന് മീര പല തവണ ഭദ്രയോട് പറഞ്ഞു
അതെ അമ്മേ.. ഹരിയേട്ടൻ തന്നെയാ. ഞാൻ ജനാലയിൽ കൂടി കണ്ടു. ചിരിയോടെ ഭദ്ര പറയുന്നത് അവർ കേട്ടു.
അവർക്ക് സമാധാനം നഷ്ടപ്പെട്ട രാത്രി ആയിരുന്നു അന്ന്…..
ഓർമകൾ പലപ്പോഴും ഒരു കാന്തിക പ്രവാഹം പോലെ, കീഴ്പ്പെടുത്തുവാനായി വരുന്നത് മീരയ്ക്ക് അനുഭവപ്പെട്ടു.. എന്നാലും ആ ചിന്തകളിലേക്ക് പോകാതെ അവർ മനസ്സിനെ ബലപ്പെടുത്തുകയാണ്.
ഈശ്വരനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ട് അവർ തന്റെ കിടക്കയിൽ ഇരുന്നു..
അയാൾ അടങ്ങിയിരിക്കില്ല എന്നുള്ളത് മീരയ്ക്ക് 100% അറിയാം..പേടിയോടെ, പ്രാർത്ഥനയോടെ അവൾ കണ്ണുകൾ അടച്ചു… അപ്പോഴെല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് , ഒരു കൈക്കുഞ്ഞിനെയും എടുത്തുകൊണ്ടു ഓടുന്ന 21കാരിയുടെ മുഖം ആയിരുന്നു.
*****
ആരായിരുന്നു ഫോണില്.. ടീച്ചർ ആണോ.?
ഹരി അകത്തേക്ക് കയറി വരുന്നതിനിടയിൽ ഭദ്രയോട് ചോദിച്ചു.
അതേ ഏട്ടാ ടീച്ചറമ്മയായിരുന്നു അല്ലാതെ എന്നെ ആരു വിളിക്കാനാ..
അവൻ സെറ്റിയിൽ ഇരുന്നപ്പോൾ ഭദ്ര പെട്ടന്ന് അടുക്കളയിലേക്ക് പോയി. ഹരിയ്ക്ക് കോഫി എടുക്കാന്.
അപ്പോഴും ഹരിയ്ക്ക് ഫോൺ വന്നുകൊണ്ടേ ഇരുന്നു.
ഇന്നാകെ വലഞ്ഞു പോയി…. എല്ലാം ഒന്നു ഓർഡറിൽ ആവണം ഭദ്രാ…
അവൾ കൊടുത്ത കാപ്പി മേടിച്ചു മെല്ലെ ഊതി കുടിക്കുന്നതിനിടയിൽ ഹരി പറയുകയാണ്.
ഏട്ടനെ സഹായിക്കാൻ വേറെ ആരാ ഉള്ളത്?
അങ്ങനെയൊരാൾ ഇത് വരെ സെറ്റ് ആയില്ലടോ.. ഈ ഫീൽഡിൽ ഉള്ള എഫിഷ്യന്റ് ആയിട്ടുള്ള ആരെങ്കിലും വരണം ഇല്ലെങ്കിൽ എനിക്ക് ബുദ്ധിമുട്ടാണ്.
ഏട്ടന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ?
നിലവിൽ ഉള്ളവരൊക്കെ ഓരോ കമ്പനികളിൽ വർക്ക് ചെയ്യുന്നവരാണ്.
ശരൺ സാർ… ആ സാറിനെ കൊണ്ട് പറ്റില്ലേ?
പുള്ളി ഓക്കെയാണ്.. പക്ഷേ ആൾക്ക് ഒരുപാട് ചുമതലകൾ ഉണ്ടെടോ. രവീന്ദ്രൻ സാറിന്റെ രണ്ടുമൂന്ന് കമ്പനികളുടെ, ഡയറക്ഷൻ മുഴുവൻ ശരൺ സാറിനെ കേന്ദ്രീകരിച്ചാണ്.
ഹ്മ്മ്…. ഏട്ടൻ മറ്റ് ആരോടെങ്കിലും ചോദിച്ചു നോക്കൂ, വെറുതെ എന്തിനാ ഈ ടെൻഷൻ ഒക്കെ എടുത്ത് വെയ്ക്കുന്നെ
ഈ ഒരു പ്രൊഫഷനെന്ന് പറഞ്ഞാൽ കൂടുതലും ടെൻഷനാണ്….. ഒന്ന് രണ്ട് മാസത്തെ കാര്യമേ ഉള്ളൂ, പിന്നെയെല്ലാം അങ്ങട് സെറ്റായിക്കോളും.
കാപ്പി കുടിച്ച ഗ്ലാസ് , ഭദ്രയേ ഏൽപ്പിച്ച ശേഷം, ഹരി ഫ്രഷ് ആവാനായി റൂമിലേക്ക് പോയി.
ഭദ്രയാണെങ്കിൽ ചോറും കറികളും ഒക്കെ എടുത്ത് ടേബിളിൽ വയ്ക്കുകയാണ്.
ആ സമയത്ത് അവന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു. ഹരി അപ്പോൾ കുളിക്കുകയായിരുന്നു..
ഭദ്ര ഫോണെടുത്തു നോക്കിയപ്പോൾ രവീന്ദ്രൻ സാർ കോളിംഗ് എന്നായിരുന്നു ഡിസ്പ്ലേയിൽ തെളിഞ്ഞു വന്നത്.
ഹരിയേട്ടാ..ഫോണുമായി അവള് വാഷ് റൂമിന്റെ വാതിൽക്കൽ ചെന്ന് അവനെ കൊട്ടി വിളിച്ചു…
എന്താടോ എന്തുപറ്റി….? അത് പിന്നെ രവീന്ദ്രൻ സാർ വിളിക്കുന്നുണ്ട് ഏട്ടനെ
എടുത്തിട്ട് ഞാൻ കുളിക്കുവാണെന്ന് പറയൂ ഭദ്ര.. 10 മിനിറ്റിനുള്ളിൽ തിരിച്ചു വിളിച്ചോളാം.
ഹ്മ്മ്.. ശരി.
അവൾ കോള് അറ്റൻഡ് ചെയ്തു..
ഹലോ സർ..
ആഹ് മോളെ….വാത്സല്യത്തോടെ അയാൾ വിളിച്ചപ്പോൾ ഭദ്രയുടെ ഹൃദയം വിങ്ങി…
സർ.. ഏട്ടൻ കുളിക്കാൻ കേറി. ഇറങ്ങിയാൽ ഉടനെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു.
ഓക്കേ ഓക്കേ.. ദൃതി ഇല്ലന്ന്.. മോള് കഴിച്ചോ.
ഇല്ല സർ. ഹരിയേട്ടൻ വന്നിട്ട് പത്തു പതിനഞ്ച് മിനിറ്റ് ആയുള്ളൂ.
ഓക്കേ….
എന്നാൽ ശരി സാർ..
ഓക്കേ മോളെ.
അവൾ ഫോൺ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്തിട്ടും അവൾ അതിലേക്ക് നോക്കിയ പടി നിൽക്കുകയാണ്..എന്താണെന്ന് അറിയില്ല..ആ മനുഷ്യന്റെ ശബ്ദം.. അതു തന്റെ ശരീരത്തിലേക്ക് പ്രവഹിക്കുകയാണ്.
ഒരു വല്ലാത്ത സന്തോഷം പോലെ തോന്നുന്നു.
തന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരാൾ ആണെന്ന് ആരോ മന്ത്രിക്കും പോലെ.
ഭദ്രാ….ഹരി വിളിച്ചതും അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.
തുടരും….
