മംഗല്യ താലി, ഭാഗം 96,97,98– എഴുത്ത്: കാശി നാഥൻ

മംഗല്യ താലി ഭാഗം 96

ഭദ്രലക്ഷ്മിയുടെ മരണം വരെയും അതിനൊരു മാറ്റമില്ല.. ഭദ്ര ഹരിനാരായണന്റെയാണ്.

തന്റെ മുന്നിൽ നിന്നുകൊണ്ട് മിഴികൾ നിറച്ചു പറയുന്നവളെ  അവൻ ചേർത്ത് പിടിച്ചു 
രണ്ടാളും പരസ്പരം കെട്ടിപ്പുണർന്നു കൊണ്ട് നിന്നപ്പോൾ ആയിരുന്നു ഓർഡർ ചെയ്ത കേക്കുമായി ഒരു പയ്യൻ വന്നത്. അവൻ ഹരിയുടെ ഫോണിലേക്ക് കോൾ ചെയ്തപ്പോൾ രണ്ടാളും കൂടി ഇറങ്ങി വെളിയിലേക്ക് ചെന്നു.

ആരാ മോനേ വന്നത്? രവീന്ദ്രൻ ചോദിച്ചു.

നോക്കട്ടെ അങ്കിൾ…അവൻ മെയിൻ ഡോർ തുറന്ന് ചെന്നിട്ട് പെട്ടന്ന് തിരിച്ചു കയറി വന്നു.

ഭദ്രയപ്പോൾ ടേബിളൊക്കെ റെഡിയാക്കുകയാണ്…

ടീച്ചറമ്മയ്ക്ക് ഒരു കുഞ്ഞി സർപ്രൈസ്. ഞാനൊരു കേക്ക് ഓർഡർ ചെയ്തതാണെ..
ഹരി പറഞ്ഞപ്പോൾ അയാളൊന്ന് പുഞ്ചിരിച്ചു..

ടീച്ചർ എവിടെ അകത്താണോ?

ഹമ്… റൂമിൽ ഉണ്ട് ഞാൻ വിളിച്ചിട്ട് വരാം ഹരി..രവീന്ദ്രൻ മുറിയിലേക്ക് കയറി പോയപ്പോൾ ഭദ്രയും ഹരിയും കൂടി കേയ്ക്ക് വെളിയിലേക്ക് വെച്ചു എന്നിട്ട് എല്ലാം സെറ്റ് ചെയ്തു റെഡിയാക്കി.

രവീന്ദ്രൻ ചെന്നപ്പോൾ മീര കിടക്കുകയാണ്.

മീരാ…

എന്താ രവിയേട്ടാ…
അവർ സാവധാനം എഴുന്നേറ്റിരിക്കുവാൻ തുടങ്ങി.?അയാൾ ചെന്നിട്ട് അവരെ ഒരു കൈകൊണ്ട് താങ്ങി പിടിച്ചു.

തനിക്ക് ക്ഷീണം ഉണ്ടല്ലോ മീര…

അത് ഈ ടാബ്ലറ്റ് ഒക്കെ കഴിക്കുന്നതിന്റെ ആണ് വേറെ പ്രോബ്ലം ഒന്നുമില്ല..

ഹമ്… ഹരിയും മോളും വിളിക്കുന്നുണ്ട്..തന്നോട് ഒന്നിറങ്ങി വരാൻ..

എന്ത്പറ്റി…..മീര രവീന്ദ്രനെ നോക്കി.

അറിയില്ല… അമ്മയെ ഒന്ന് വിളിച്ചു കൊണ്ട് വരാൻ രണ്ടാളും എന്നോട് പറഞ്ഞു.

ഹമ്…മീര എഴുന്നേറ്റ് രവീന്ദ്രനോടൊപ്പം മക്കളുടെ അടുത്തേക്ക് വന്നു.

കേയ്ക്കിരിക്കുന്നത് അപ്പോഴായിരുന്നു മീര കണ്ടത്.

എന്താ ഹരി എന്തിനാ ഇങ്ങനെയൊക്കെ..ഇതിന്റെയൊന്നും യാതൊരു ആവശ്യവുമില്ല കേട്ടോ…മീര രണ്ടാളെയും വഴക്ക് പറഞ്ഞു.

ഞങ്ങളുടെ ഒരു കുഞ്ഞി സന്തോഷം അല്ലേ അച്ഛാ…..ഭദ്ര അച്ഛനെ നോക്കിയപ്പോൾ അയാൾ  തല കുലുക്കി.

അമ്മ വന്നേ… എന്നിട്ട് ഈ കേയ്ക്ക് ഒന്ന് കട്ട് ചെയ്യ്..

മോളെ… ഇതൊന്നും വേണ്ട കേട്ടോ. മീര പിന്നെയും ഒഴിഞ്ഞുമാറി.

ആഹാ…അത് ശരി…. അമ്മ ഇങ്ങോട്ട് വന്നേ,,
ഭദ്ര ചെന്നിട്ട് മീരയെ കൂട്ടിക്കൊണ്ട്  വന്നു ടേബിളിന്റെ മുന്നിൽ നിർത്തി.

അച്ഛനും കൂടി വരൂന്നെ… എന്തിനാ ഇങ്ങനെ രണ്ടാളും മാറി മാറി നിൽക്കുന്നത്. മീരയെയും രവീന്ദ്രനെയും ഒരുമിച്ച് നിർത്തി കുറെ ഫോട്ടോസ് ഒക്കെ എടുക്കുകയാണ് ഹരി.

ഭദ്രയോടും അവരുടെ അരികിൽ നിൽക്കുവാൻ അവൻ പറഞ്ഞു. അങ്ങനെ അവളും അച്ഛന്റെ അമ്മയുടെയും കൂടെ നിന്നു.

ഹരിയേട്ടൻ വന്നേ… 

താൻ ചെല്ല്.. ഞാനീ ഫോട്ടോസ് ഒക്കെ ഒന്ന് എടുക്കട്ടെ.

അങ്ങനെ മൂവരും ചേർന്നാണ് കേക്ക് കട്ട് ചെയ്തത്..ആദ്യത്തെ പീസ് മീര ഭദ്രയുടെ വായിലേക്ക് കൊടുക്കുവാൻ  തുടങ്ങിയപ്പോൾ അവൾ അത് വിലക്കി. അതിൽ നിന്നും ഇത്തിരി എടുത്ത് അവൾ അമ്മയ്ക്ക് തന്നെ കൊടുത്തു. അതുപോലെ രവീന്ദ്രനും ഹരിയും…അതിനുശേഷം മാത്രമാണ് ഭദ്ര കഴിച്ചത്.

മക്കളെ എന്നാൽ നിങ്ങൾ റെഡിയാവ് നമുക്ക് നാലുപേർക്കും കൂടി പുറത്തു പോകാം…ഫുഡ്‌ കഴിച്ചിട്ട് വരാം… എന്തേ ഹരി?

രവീന്ദ്രൻ പറഞ്ഞപ്പോൾ ഹരിയും ഭദ്രയും സമ്മതിച്ചു. മീരയാണെങ്കിൽ അതിൽ നിന്നും പിന്മാറുവാൻ ശ്രമിച്ചു എങ്കിലും അവർ മൂവരും കട്ടയ്ക്ക് നിന്നതുകൊണ്ട് വേറെ നിവൃത്തിയില്ലായിരുന്നു..

ഹരിയേട്ടാ അപ്പോൾ നമ്മുടെ പ്ലാൻ എങ്ങനെയാണ്…റൂമിൽ എത്തിയതും ഭദ്ര അവനോട് ചോദിച്ചു.

അതൊന്നും സാരമില്ല, നമുക്ക് നമ്മുടെ വണ്ടി എടുക്കാം അങ്കിളും ടീച്ചറമ്മയും അവരുടെ വണ്ടിയിൽ പോരട്ടെ.

അവൻ തന്നെ ഒരു സൊലൂഷനും കണ്ടുപിടിച്ചു.

ആഹ്.. അപ്പൊ കുഴപ്പമില്ലല്ലേ…

ഇല്ല…. ഇതൊക്കെ കുഴപ്പമാകുന്നത് എപ്പോഴാണ് എന്നറിയാമോ.

പെട്ടെന്ന് അവൻ ചോദിച്ചതും ഭദ്രയ്ക്ക് കാര്യം പിടികിട്ടിയില്ല.

ഫുഡ് ഒക്കെ കഴിച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഇവിടെ വന്നിട്ട്  എനിക്ക് ഉറക്കം വരുന്ന ഹരിയേട്ടാ ഇന്ന് ഇനി ഒന്നും നടക്കില്ല എന്നും പറഞ്ഞു ഉറങ്ങാൻ നോക്കിയാലുണ്ടല്ലോ വിവരമറിയും…. ഈ ഹരിനാരായണന്റെ ശരിക്കുമുള്ള സ്വഭാവം നിനക്കറിയാലോ അല്ലേ..ഹരി അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി കടുപ്പത്തിൽ പറഞ്ഞു.

ഹരിനാരായണനെ നല്ലോണം അറിഞ്ഞു കഴിഞ്ഞു… ഒരു തവണയല്ല പലതവണ…ഇനിയും അറിയണോ ആവോ…

അറിയണം…. ജരാ നരകൾ ബാധിച്ചാലും, ദന്തങ്ങൾ കൊഴിഞ്ഞു പോയാലും, അത്രമേൽ സ്ട്രോങ്ങ്‌ ആയിട്ട് തന്നെ ഞാൻ നില നിൽക്കും പെണ്ണെ.

എന്റെ പൊന്നു ഹരിയേട്ടാ… ദയവ് ചെയ്ത് നിർത്തു.എന്തൊരു വൃത്തികെട്ടാ വർത്താനമാ….

വൃത്തികേടോ…അതിനോളം പവിത്രതയുള്ള മറ്റ് എന്താടി ഈ ഭൂമിയിലുള്ളത്…

ആഹ് എനിക്കറിഞ്ഞുകൂടാ. ഹരിയേട്ടൻ വരുന്നുണ്ടോ, അതോ പവിത്രതയും തപ്പി നിൽക്കുവാനാണോ പ്ലാന്…

ഞാൻ റെഡി…

അരമണിക്കൂറിനുള്ളിൽ അവർ എല്ലാവരും ചേർന്ന് ഇറങ്ങുകയും ചെയ്തു…

നാലുപേർക്കും കൂടി ഒരുമിച്ച് പോയാൽ പോരെ എന്ന് രവീന്ദ്രൻ പലതവണ ചോദിച്ചു എങ്കിലും  ഭദ്രയും ഹരിയും  ഒഴിഞ്ഞു മാറി.

അങ്ങനെ രണ്ടു വണ്ടിയിൽ ആയിട്ടാണ് അവർ പുറപ്പെട്ടത്.

ടൗണിലെ തന്നെ ഏറ്റവും വലിയ ഹോട്ടലിലേക്കാണ് രവീന്ദ്രൻ  ചെന്നത്.

മീരയും ചേർത്തുപിടിച്ചുകൊണ്ടുള്ള രവീന്ദ്രന്റെ  കരുതൽ കണ്ടപ്പോൾ ഭദ്രയുടെ മിഴികൾ നിറഞ്ഞു

തനിക്ക് തന്റെ ഹരിയേട്ടൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് ടീച്ചറമ്മയ്ക്ക് അച്ഛനും എന്ന് അവൾ ഓർത്തു.

ആ ഹോട്ടലിൽ വിളിച്ച് രവീന്ദ്രൻ ഏറ്റവും മുന്തിയ രീതിയിൽ ബർത്ത് ഡേ പാർട്ടി ഒക്കെ  റെഡി ആക്കിയിരുന്നു.?വീണ്ടും മീരയ്ക്ക് സർപ്രൈസ് കൊടുക്കാനായിരുന്നു.

അയാളുടെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കൾ ഒക്കെയും എത്തിച്ചേർന്നിട്ടുണ്ട്. ഹരിയോട് അയാൾ ഇതിനെക്കുറിച്ച് മുൻകൂട്ടി സൂചിപ്പിക്കുകയും ചെയ്തിരുന്നു.

പാർട്ടി ഒക്കെ ആകുമ്പോൾ കുറച്ച് ആളുകൾ ഇല്ലാതെ അതിനൊരു പൂർണ്ണത ഇല്ലെന്ന് ഹരി അയാളോട് മറുപടിയും പറഞ്ഞിരുന്നു.

അങ്ങനെ ആ പാർട്ടിയിൽ വച്ചാണ്  രവീന്ദ്രൻ തന്റെ ഭാര്യയെയും മകളെയും മരുമകനെയും ഒക്കെ  ഫ്രണ്ട്സിനു ഇൻട്രൊഡ്യൂസ് ചെയ്തു കൊടുത്തത്.

ഹരിയേട്ടാ…. ഇവിടെ നിന്നും നമ്മൾ എപ്പോ പുറത്തിറങ്ങും. ഷോപ്പടച്ചു പോകില്ലേ.. ഭദ്ര തന്റെ ആകുലത അവനോട് വ്യക്തമാക്കി.

ഒരു കാര്യം ചെയ്യാൻ താൻ ഇവിടെ നിൽക്ക്..ഞാൻ പോയിട്ട് വരാം…

ഹമ്.. എങ്കിൽ അങ്ങനെ ചെയ്യാം.

ആരെയോ കാണുവാൻ ഉണ്ടെന്നു പറഞ്ഞ് ഹരി പെട്ടെന്ന് തന്നെ  പുറത്തേക്ക് പോയി

മംഗല്യ താലി
ഭാഗം 97

ഹരി എവിടെ പോയതാണ് മോളെ.
ഇടയ്ക്ക് അമ്മ വന്നിട്ട് ഭദ്രയോട് ചോദിച്ചു.

ഹരിയേട്ടൻ ഇപ്പോ വരും അമ്മേ ആരെയോ അത്യാവശ്യമായി കാണുവാനായി പോയതാണ്.

മുൻപേ പറഞ്ഞ മറുപടി തന്നെയാണ് അവൾ അപ്പോഴും അവർക്ക് കൊടുത്തത്.

അച്ഛനും അച്ഛന്റെ ഫ്രണ്ട്സും ഒക്കെ ചേർന്ന്  എന്തൊക്കെയോ ബിസിനസ് കാര്യങ്ങളൊക്കെ ചർച്ച ചെയ്യുന്നുണ്ട്. ആ ഭാഗത്തേക്ക് ഭദ്ര നോക്കിയതേയില്ല. അവളും അമ്മയും കൂടി ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞു അതിലൂടെ നടന്നു.

ഈ സമയത്ത് തന്റെ ഫ്രണ്ടിന്റെ ജ്വല്ലറി ഷോപ്പിലേക്ക് ആയിരുന്നു ഹരി പോയത്. അപ്പോളേക്കും അവൻ അത് close ചയ്തു. പിന്നീട് അയാളെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ ഒന്നും ഹരി മെനക്കെട്ടില്ല..

നേരെ മറ്റൊരു ഷോപ്പിലേക്ക് കയറി. അധികം വീതി ഇല്ലാത്ത ഒരു ചെറിയ മാല, ഒപ്പം കുഞ്ഞി താലിയും.

അത് നോക്കി അവൻ ഒന്നു മന്ദഹസിച്ചു..ഒരു ഫോട്ടോ എടുത്തു ഭദ്രയ്ക്ക് അയച്ചു കൊടുത്തു. അവൾക്ക് ഒരുപാട് ഇഷ്ടം ആയി.
ഉടനെ തന്നെ അവൾ ഹരിയെ വിളിച്ചു..

ഏട്ടാ.. നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടായി.

അച്ഛന് ഒരു റിങ്ങു വാങ്ങിക്കാം അല്ലേ ഭദ്ര..

ആഹ് മതി മതി

ഹമ്… എങ്കിൽ ശരി ടാ.. ഞാൻ വെയ്ക്കുവാ. ഷോപ്പ് അടയ്ക്കാറായി.

ആഹ് ഓക്കേ ഏട്ടാ. അവൾ കാൾ കട്ട് ചെയ്ത്.

പുതിയ കളക്ഷൻ ആണെന്ന് പറഞ്ഞു സെയിൽസ് സ്റ്റാഫ്‌ ഹരിയെ ഒരു ജോഡി കമ്മൽ കാണിച്ചു. ഒരു പേൾ വന്നിട്ട് അതിൽ ഇളകി ആടുന്ന രണ്ട് കുഞ്ഞി ജിമുക്കി കമ്മലുകൾ. അവൻ അത് കൂടി സർപ്രൈസ് ആയിട്ട് ഭദ്രയ്ക്ക് വാങ്ങി..

അതിനു ശേഷം അവൻ ഒരു ഷോപ്പിലേക്ക് പോയി. സാരി സെക്ഷൻ ഒക്കെ ക്ലോസ് ചെയ്തിരുന്നു. എന്നാലും അർജന്റ് ആണെന്ന് പറഞ്ഞ് ഹരി  പീച്ച് നിറമുള്ള ഒരു കാഞ്ചിപുരം സാരിയും, ഏകദേശം ലൈറ്റ് ക്രീം with പീച് shade തോന്നിക്കുന്ന ഒരു ഷർട്ട്, സിൽവർ കരയുള്ള മുണ്ടും കൂടി വാങ്ങി. പെട്ടന്ന് തന്നെ ഭദ്രയ്ക്ക് വേണ്ടി വില കൂടിയ ഒരു സൽവാർ സെറ്റ്, കൂടെ ഹരിക്ക് ഒരു കുർത്ത യും മുണ്ടും.

അവൾക്ക് സാരി വാങ്ങണം എന്ന് ഹരി ആഗ്രഹിച്ചതാണ്, എന്നാൽ ബ്ലൗസ് ഉണ്ടോയെന്ന് അവൻ സംശയം ആയി. മീരടീച്ചറിനു ആകുമ്പോൾ  ഏതെങ്കിലും ഒരു ബ്ലൗസ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം, പക്ഷെ ഭദ്രയുടെ കാര്യത്തിൽ സംശയം. അതുകൊണ്ട് ഒരുപാട് കല്ലും മുത്തും ഒക്കെ തുന്നിയ  മുന്തിയ ഇനം സൽവാർ ആയിരുന്നു ഹരി അവൾക്കു വേണ്ടി സെലക്ട് ചെയ്തത്.

അങ്ങനെ ഹരി തിരിച്ചു എത്തിയപ്പോൾ നേരം ഇത്തിരി വൈകി. അതിഥികൾ പലരും പിരിഞ്ഞു പോയിരുന്നു.

മോനേ… ഇതെവിടെ പോയി എന്താണ് ഇത്ര ലേറ്റ് ആയത്…? രവീന്ദ്രൻ ചോദിച്ചു.

അത് അച്ഛാ… എന്റെ ഒരു ഫ്രണ്ട് വന്നതാണ്. അവനോട് സംസാരിച്ചു ഇത്തിരി നേരമിരുന്നു. എന്നാൽ പിന്നേ നമ്മുക്ക് ഇറങ്ങിയാലോ.

ആഹ് ഇറങ്ങാം. ഹരി കണ്ണുകൾ കൊണ്ട് ഭദ്രയോട് പല കഥകൾ കൈമാറുന്നുണ്ട്.മീര ഇടക്ക് ഒക്കെ കാണുന്നുണ്ട്. എന്നാൽ
ആർക്കും ഒന്നും പിടികിട്ടിയില്ല.

രണ്ട് വണ്ടികളിൽ ആയി അവർ വന്നത് കൊണ്ട്, തിരിച്ചും അങ്ങനെ തന്നെ. മീരയും രവീന്ദ്രനും കൂടി അയാളുടെ വണ്ടിയിൽ കയറി.

ഹരിയേട്ടാ… ഒന്നു കാണിച്ചേ,, നോക്കട്ടെ എല്ലാം. ഹരിയോടൊപ്പം വണ്ടിയിൽ കയറിയതും ഭദ്ര കിടന്നു ബഹളം കൂട്ടി.

ഞാനത് ഡിക്കിയിൽ വെച്ചത്. ഗോൾഡ് എന്റെ കൈയിൽ ഉണ്ട്. പോക്കറ്റ്ൽ നിന്നും അവൻ box എടുത്തു അവൾക്ക് നേർക്ക് നീട്ടി.

വൗ…..ബോക്സ്‌ തുറന്നതും അവൾ സന്തോഷം കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു. അമ്മയ്ക്ക് മാല.. അച്ഛനൊരു റിങ്.

കൊള്ളാം ഹരിയേട്ടാ.. അടിപൊളി ആയിട്ടുണ്ട്.

അച്ഛന് ഒരു ബ്രേസ്‌ലിറ്റ് വാങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നമ്മുടെ സിറ്റുവേഷൻ തനിയ്ക്ക് അറിയാല്ലോടോ..

ഹരിയേട്ടൻ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്… ഇതാണ് എനിക്ക് ഏറെ സങ്കടം വരുന്നത്. എത്ര സന്തോഷത്തോടെയാണ് ഹരിയേട്ടൻ ഇതെല്ലാം വാങ്ങിക്കൊണ്ട് വന്നത്. എന്നിട്ട് ഒടുവിൽ ഇങ്ങനെയൊക്കെ സംസാരിച്ചാൽ എനിക്ക് വിഷമമാവും.

അതല്ലെടോ ഞാൻ തന്നോട് പറഞ്ഞെന്നേയുള്ളൂ…

അറിയാം…. ഈ സമ്മാനം… ഇതെത്ര വലുതാണെന്ന് അറിയുമോ… എന്റെ അമ്മ  ഒരു അവിവാഹിതയാണെന്ന് വരുത്തി തീർക്കുവാനായി അച്ഛൻ അണിയിച്ച താലിമാല നമ്മുടെ ഓർഫനേജിൽ എത്തുന്നതിനു മുന്നേ ഊരി മാറ്റിയതാണ്..അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് ഞാൻ ചോദിച്ചിട്ട് ഒന്നുമില്ല കേട്ടോ. ഓരോ കാര്യങ്ങൾ പറഞ്ഞു വന്ന കൂടെ എന്നോട് സൂചിപ്പിച്ചു.

ഹ്മ്….. അതൊക്കെ ടീച്ചറിന്റെ അന്നേരത്തെ സാഹചര്യം..അങ്ങനെ കണ്ടാൽ മതി. നാളെ എന്തായാലും നമുക്ക് ക്ഷേത്രത്തിൽ ഒന്ന് പോകാം. അവിടെവച്ച് സർപ്രൈസ് ആയിട്ട്  ഈ താലി മാല കൈമാറാം അല്ലേ.

ഹ്മ്.. മതി ഏട്ടാ.

ഡ്രസ്സ് ഒക്കെ ഡിക്കിയിൽ ഉണ്ട്.. ടീച്ചറിന് ഒരു സാരി വാങ്ങിയിട്ടുണ്ട് പക്ഷേ ബ്ലൗസിന്റെ കാര്യത്തിൽ എന്ത് ചെയ്യും. ഏതെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ അല്ലേ ഭദ്ര.

അങ്ങനെ ചെയ്യാം ഹരിയേട്ടാ.. അല്ലാണ്ട് ഇപ്പോ മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ.

ഹമ്..

തനിക്ക് ഒരു സൽവാർ ആണ് കേട്ടോ എടുത്തത്..സാരീ യൊക്കെ നമ്മുക്ക് വൈകാതെ മേടിക്കാം.

എന്തിനാ ഹരിയേട്ടാ എനിക്ക് വാങ്ങിയത്…ശോ.. അതിന്റെ ആവശ്യമില്ലയിരുന്നു.

ഹമ്.. ഇരിക്കട്ടെ ഭാര്യേ…അവൻ പുഞ്ചിരിച്ചു.

വീട്ടിൽ തിരികെ എത്തിയപ്പോൾ രവീന്ദ്രനും മീരയും നേരത്തെ വന്നിട്ടുണ്ടായിരുന്നു. ഹരി വീടിന്റെ കീയെടുത്ത് രവീന്ദ്രന് കൊടുത്തു. ഭദ്ര അപ്പോഴേക്കും ഡിക്കി തുറന്നു ഡ്രസ്സ് ഒക്കെ പുറത്തേക്കെടുത്തിരുന്നു.

ഇതെന്താ മോളെ ഇതൊക്കെ….? മീര ആശ്ചര്യത്തോടെ മകളെ നോക്കി ചോദിച്ചു..

ഹരിയേട്ടൻ വാങ്ങിയതാ ഒരു ചെറിയ ഗിഫ്റ്റ്….ഇതൊക്കെ ഉടുത്ത് നാളെ നമുക്കെല്ലാവർക്കും കൂടി അമ്പലത്തിൽ പോണം കേട്ടോ അച്ഛാ..

അവൾ രവീന്ദ്രനെയും മീരയേയും മാറിമാറി നോക്കി കൊണ്ട് പറയുകയാണ്.

മോളെ… ഇത് കഷ്ടമുണ്ട് കേട്ടോ. എന്തിനാണ് നിങ്ങൾ ഇതൊക്കെ വാങ്ങിക്കൂട്ടിയത്. രവീന്ദ്രനും മകളെ ശാസിച്ചു.

ഒരു സന്തോഷം…

അവൾ ചിരിച്ചു കൊണ്ട് അയാളെ നോക്കി. അച്ഛനും അമ്മയ്ക്കും ഉള്ള ഡ്രസ്സ് ഹരിയും ഭദ്രയും ചേർന്ന് എടുത്തു കൊടുത്തു. കൂടെ അവർക്കായി വാങ്ങിയതും കാണിച്ചു.
നാളെ കാലത്ത്  അടുത്തുള്ള മഹാദേവന്റെ അമ്പലത്തിലേക്ക് പോകാമെന്നാണ് ഹരി പറഞ്ഞിരിക്കുന്നത്. അങ്ങനെ ഏറെ സന്തോഷത്തോടുകൂടിയായിരുന്നു ആ രാവ് കടന്നുപോയത്.

ഇതിനോട് ഇടയ്ക്ക് അനിയേ വിളിച്ച് അമ്മയുടെ വിവരങ്ങൾ തിരക്കുവാനും ഹരി മറന്നിരുന്നില്ല.

ഭദ്ര അപ്പോ എങ്ങനെയാണ് കാര്യങ്ങൾ ഒക്കെ…ഒന്നു മേല് കഴുകി ഫ്രഷായി ഇറങ്ങി വന്ന ഭദ്രയേ നോക്കി ഹരി ചോദിച്ചു..

നാളെ അമ്പലത്തിലേക്ക് പോകേണ്ട ഹരിയേട്ടാ… അപ്പൊ പിന്നേ എങ്ങനെയാണ്..നേരം ഇപ്പോൾ 12:30 കഴിഞ്ഞു.

ഹമ്.. അപ്പൊ ഞാൻ മുന്നേ പറഞ്ഞതുപോലെ തന്നെയല്ലേ… എക്സ്ക്യൂസുകൾ ഒരുപാടുണ്ടല്ലോ മുൻപിൽ.

സോറി… നാളെയാവട്ടെ ഉറപ്പ്…

ഹമ്… നാളെ  റെഡ് ഫ്ലാഗ് പൊക്കി കാണിച്ചാൽ ഉണ്ടല്ലോ നീ വിവരം അറിയും..

യ്യോ ഇല്ലന്നെ… അതിനൊക്കെ ഇനി ഒരുപാട് ദിവസം ഉണ്ടന്ന്..

ഹമ്…അവളെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചശേഷം ഹരി കിടന്നു. മുടിയൊക്കെ പൊക്കി കെട്ടിവച്ച ശേഷം  ലൈറ്റ് ഓഫ് ചെയ്തിട്ട് ഭദ്രയും ഹരിയുടെ അടുത്തേക്ക് വന്ന് അവനോട് ചേർന്ന് കിടന്നു.

അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് അവൻ അവളെ ആഴത്തിൽ പുൽകി.. ഒപ്പം ആ അധരവും മെല്ലെ നുകർന്നു.

ഇത് പോലും ഇല്ലാണ്ട് പറ്റില്ല പെണ്ണേ.. പ്രായം ഇതല്ലേ.. തിളച്ചു മറിയുവാ.

അവൻ ഇത്തിരി കഴിഞ്ഞു ഭദ്രയോട് പറഞ്ഞു

*******

അടുത്തദിവസം അതിരാവിലെ തന്നെ മീര ഉണർന്നു. പ്രഭാതകൃത്യങ്ങളൊക്കെ നിറവേറ്റിയ ശേഷം അവർ അടുക്കളയിലേക്ക് പോയി. ചെന്നിട്ട് എല്ലാവർക്കും കുടിക്കുവാൻ ചായ ഉണ്ടാക്കി വച്ചപ്പോൾ രവീന്ദ്രൻ പതിയെ എഴുന്നേറ്റ് വരുന്നുണ്ട്.

പിന്നിലൂടെ ചെന്നിട്ട് അയാൾ മീരയെ കെട്ടിപിടിച്ചു.

യ്യോ..മീര ഉറക്കെ നിലവിളിച്ചു. പെട്ടന്നു അയാൾ പിന്നിലേക്ക് മാറി.

പേടിപ്പിച്ചു കളഞ്ഞല്ലോ രവിയേട്ടാ..വലംകൈയെടുത്ത് നെഞ്ചിലേക്ക് വച്ച് മീര ശ്വാസം എടുത്തു വലിച്ചുകൊണ്ട് അയാളെ നോക്കി.

അമ്പലത്തിൽ പോകണ്ടേ.. റെഡി ആവാൻ നോക്ക്.

ഗൗരവത്തിൽ പറയുകയാണ് രവീന്ദ്രൻ.

ഹമ്.. കുട്ടികൾ എഴുന്നേറ്റില്ലല്ലോ.

നമുക്ക് റെഡിയാവാം അപ്പോഴേക്കും അവർ ഉണർന്നു വരും.

ആഹ്…അവർ തല കുലുക്കി.

ഒരുപാട് നാളുകളായി വസന്തം മോഹിച്ചു നിന്നിരുന്ന പനിനീർ പൂക്കളുകൾ  രവീന്ദ്രന്റെയും മീരയുടെയും സന്തോഷത്തെ സ്വാഗതം ചെയ്യുകയായിരുന്നു.

ഭാഗം 98

ഒരുപാട് നാളുകളായി  വസന്തം മോഹിച്ചു നിന്നിരുന്ന പനിനീർ പൂക്കളുകൾ  രവീന്ദ്രന്റെയും മീരയുടെയും സന്തോഷത്തെ സ്വാഗതം ചെയ്യുകയായിരുന്നു.

അങ്ങനെ അല്പം കഴിഞ്ഞതും ഹരിയും ഭദ്രയും ഒക്കെ ഉണർന്നു. ഇരുവരും പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി.

ഭദ്രക്കുട്ടി…ഹരി സ്നേഹത്തോടെ വന്നിട്ട് ഭദ്രയെ വിളിക്കുകയാണ് 

അവളപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ചെറിയതോതിൽ മേക്കപ്പ് ചെയ്യുകയായിരുന്നു. ഹരി വാങ്ങി കൊടുത്ത സൽവാർ അവൾക്ക് ഒരുപാട് ഇഷ്ടമായി..ഒരല്പം ടൈറ്റാണ് എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ,, അവളുടെ ഡ്രസ്സ് നോട് മാച്ച് ചെയ്യുന്ന  ഒരു കുർത്ത തന്നെയാണ് അവനും ധരിച്ചത്. ഇരുവരും ഒരുങ്ങിയപ്പോൾ നല്ല ഭംഗിയുണ്ടായിരുന്നു. സത്യത്തിൽ കല്യാണശേഷം ഭദ്ര ഒരുങ്ങിയിറങ്ങി മനോഹരി ആയത് ഇന്നായിരുന്നു എന്ന് ഹരി ഓർത്തു.

ഹരി വിളിക്കുന്നത് കേട്ടുകൊണ്ട് ഭദ്ര തിരിഞ്ഞ് അവന്റെ നേർക്കു വന്നു.

എന്താ ഏട്ടാ…

അപ്പോഴാണ് അവൻ തലേദിവസം വാങ്ങിയ ജിമിക്കി കമ്മൽ അവൾക്ക് കൊടുത്തത്.

ഇത് ഇഷ്ടായോന്നു നോക്കിക്കേ..അവൻ അത് അവളുടെ നേർക്ക് നീട്ടി.

എന്താ ഹരിയേട്ടാ ഇത്..?

നോക്ക്…അവൻ പുഞ്ചിരിയോടെ നിൽക്കുകയാണ്.

ഭദ്ര ആ ബോക്സ് തുറന്നപ്പോൾ രണ്ട് കുഞ്ഞി കമ്മലുകൾ. അവളുടെ വിടർന്ന മിഴികളിൽ നോക്കിക്കൊണ്ട് അവൻ അങ്ങനെ നിന്നു.

എങ്ങനെയുണ്ട് തനിക്ക് ഇഷ്ടമായോ..

ഹമ്.. ഒരുപാട്…

എങ്കിൽ ഈ കമ്മൽ ഇടൂ ഭദ്ര…

ഹമ്… അവൾ അപ്പോൾ തന്നെ ഹരി വാങ്ങിയ കമ്മൽ ഇട്ടിരുന്നു.

കണ്ണാടിയുടെ മുൻപിലേക്ക് തിരിയാൻ തുടങ്ങിയതും, ഹരി അവളെ തന്നിലേക്ക് ചേർത്തണച്ചു.

നോക്കട്ടെ കൊള്ളാമോന്നു. അവൾ ഇത്തിരി കുറുമ്പോടെ അവനെ നോക്കി.

എന്റെ ഭദ്രക്കുട്ടി സുന്ദരിയല്ലേ പിന്നെ എന്തിനാണ് ഇനി കണ്ണാടിയിലേക്കൊക്കെ നോക്കി സമയം കളയുന്നത്..പ്രണയാതുരമായ അവന്റെ വാക്കുകൾ.. അതവൾക്ക് ഏറെ സന്തോഷം പകരുകയാണ്.

വെളിയിൽ നിന്നും അച്ഛന്റെ ഉറക്കെയുള്ള ഫോൺ സംഭാഷണം കേട്ടതും ഭദ്ര ഹരിയിൽ നിന്നും അകന്നു മാറി. എന്നിട്ട് ഒന്നൂടെ ഒന്ന് റെഡിയായി ഇറങ്ങി വന്നപ്പോൾ മീരയും രവീന്ദ്രനും ഹോളിൽ ഇരിപ്പുണ്ട്.

അമ്മേ….അതീവ സന്തോഷത്തോടെ അവൾ മീരയുടെ അടുത്തേക്ക് ചെന്നു.

കാഞ്ചിപുരം സാരിയൊക്കെ ഉടുത്ത് മീര സുന്ദരി ആയിട്ടുണ്ടായിരുന്നു.

കഴുത്തിലെ നേർത്ത മാലയും കാതിലെ കുഞ്ഞി കമ്മലുകളും കയ്യിൽ ഒന്ന് രണ്ട് കമ്പി വളകളും.. അതുമാത്രമായിരുന്നു മീരയുടെ  അലങ്കാരമെങ്കിലും അവൾ അതിൽ അഴകുള്ളവൾ ആയിരുന്നു.

അച്ഛന്റെ ഷർട്ട്‌ കറക്റ്റ് ആണല്ലേ. നോക്കിയേ ഏട്ടാ.ഭദ്ര പറഞ്ഞപ്പോൾ ഹരിയും അത് ശരി വെച്ച്..

അമ്മേ.. ഏട്ടൻ വാങ്ങിയതാണ് എന്റെ ഈ കമ്മല്. കൊള്ളാമോ. അവൾ വീണ്ടും മീരയുടെ നേർക്ക് തിരിഞ്ഞു.

ഹമ് നന്നായിട്ടുണ്ട്. മോൾക്ക് നല്ലോണം ചേരും.
മീരയും പറഞ്ഞു.

അച്ഛനോടും അമ്മയോടും ഒപ്പം ഭദ്രയും ഹരിയും ഇറങ്ങി..ഹരിയേട്ടാ കുറച്ചു മുല്ലപ്പൂ കൂടി വേണമായിരുന്നു അല്ലേ..അമ്പലത്തിലേക്കുള്ള പ്രധാന  വഴിയിലേക്ക് കടന്നപ്പോഴാണ് ഭദ്ര തന്റെ ആഗ്രഹം ഹരിയോട് പറഞ്ഞത്.

ഉടനെ തന്നെ ഒരു പൂക്കടയുടെ അടുത്തായി അവൻ വണ്ടി ഒതുക്കി നിർത്തി, എന്നിട്ട് ഭദ്രയ്ക്കും മീരയ്ക്കും മുല്ലപ്പൂവ് വാങ്ങി കൊണ്ടുവന്നു.

തനിക്ക് വേണ്ടെന്നു പറഞ്ഞ മീര പരമാവധി ഒഴിഞ്ഞു മാറിയെങ്കിലും ഭദ്രസമ്മതിച്ചില്ല.
അമ്മയ്ക്ക് പൂവ് ചൂടി കൊടുത്തുകൊണ്ട് അവൾ ചേർന്നിരുന്നപ്പോൾ  മീരയുടെ ഉള്ളിൽ അവളോട് വാത്സല്യമായിരുന്നു തുളുമ്പി നിന്നത്.

അമ്പലത്തിൽ എത്തിയശേഷം ഹരി വഴിപാട് കൗണ്ടറിലേക്ക് ചെന്നു. താലി പൂജിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സംസാരിച്ചു..
റസീപ്റ്റ് എടുത്ത ശേഷം ഹരി തന്റെ പോക്കറ്റിൽ നിന്നും മാലയും താലിയും  എടുത്ത് കോവിലിന്റെ അകത്തേക്ക് കയറി. തിരുമേനിയുടെ കയ്യിൽ അവൻ അത് ഏൽപ്പിച്ചപ്പോഴാണ് ഭദ്രയും മീരയും രവീന്ദ്രനും കൂടി കയറി വന്നത്.

രവീന്ദ്രൻ ഭഗവാൻ വേണ്ടി ആപാദ ചൂഡം   കൂവളത്ത് മാല സമർപ്പിക്കുവാൻ വേണ്ടി ആയിരുന്നു. നാലുപേരുടെയും പേരിൽ ജലധാരയും അർച്ചനയും ഒക്കെ കഴിപ്പിക്കുവാനായി മീര  ചീട്ടടുത്തു. മൂന്നുതവണ ശ്രീലകത്തിന് ചുറ്റിപ്രദക്ഷണം വെച്ച ശേഷം  തീർത്ഥം വാങ്ങിക്കുവാനായി  നിന്നപ്പോഴാണ് തിരുമേനി ഇറങ്ങിവരുന്നത്..

ഹരിയെ വിളിച്ച് അദ്ദേഹം ഇല ച്ചീന്തിൽ പൂജിച്ച താലി ചരടും മാലയും  അല്പം ചന്ദനവും പുഷ്പവും ഒക്കെ കൂടി  കൊടുത്തു.

ആർക്കാണ്..തിരുമേനി ചോദിച്ചതും ഹരി രവീന്ദ്രനെയും മീരയെയും ചൂണ്ടി അവർക്കാണെങ്കിൽ കാര്യമൊന്നും പിടികിട്ടിയതുമില്ല.

പൂജിച്ചതാണ് ഇനി ഐശ്വര്യമായിട്ട്  ഈ തിരുസന്നിധിയിൽ വച്ച് താലി ചാർത്തിക്കോളൂ. അദ്ദേഹം പറഞ്ഞതും ഹരി തലകുലുക്കി. എന്നിട്ട് അവൻ ഭദ്രയെ വിളിച്ചു.. ഭദ്ര ആ താലി ചരട് എടുത്ത് അച്ഛന്റെ കയ്യിലേക്ക് കൊടുത്തു.

ഇതെന്താ മോളെ ഇതൊക്കെ. രവീന്ദ്രനും മീരയും മകളെ അന്തിച്ചു നോക്കുകയാണ്.

അമ്മേ… എന്റെ അച്ഛൻ അണിയിച്ച താലിമാല അമ്മ ഊരി മാറ്റിയിട്ട് എത്രയോ വർഷങ്ങളായി.. ഇന്നു നിങ്ങളുടെ രണ്ടാളുടെയും  പുതിയൊരു ജീവിതത്തിന് തുടക്കം ആകുകയാണ്..
ഒരുപാട് വർഷങ്ങൾ സന്തോഷമായിട്ട് എന്റെ അച്ഛനും അമ്മയും ജീവിക്കണം, ഇതു മാത്രമേയുള്ളൂ എന്റെയും ഹരിയേട്ടന്റെയും ആഗ്രഹം..ഇതാ മഹാദേവന്റെ സന്നിധിയിൽ വെച്ച് അച്ഛൻ അമ്മയെ ഇതണിയിയ്ക്കണം.

മോളെ ഇത് എന്തൊക്കെയാണ് നീ ഈ പറയുന്നത്…മീര വല്ലായ്മയോടെ മകളെ നോക്കി..

ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹം അല്ലേ  അവളുടെ ഭർത്താവണിയിച്ച താലി എന്നും തന്റെ മാറിൽ ഉണ്ടായിരിക്കണം എന്നുള്ളത്..സാഹചര്യങ്ങൾ മൂലമാണ് എന്റെ അമ്മയ്ക്ക് ഇങ്ങനെയൊക്കെ ചെയ്തു കൂട്ടേണ്ടി വന്നത് എന്നുള്ളത് എനിക്കും അച്ഛനും അറിയാം. ഇനിയൊരിക്കലും അമ്മയുടെ കണ്ണ് നിറയാൻ ഇടയുണ്ടാവരുത്, അതുകൊണ്ട്  ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവാന്റെ അനുഗ്രഹത്തോടെ  അച്ഛൻ ഇത് അമ്മയുടെ കഴുത്തിൽ അണിയിച്ചു കൊടുക്കണം.

ആളുകളൊക്കെ  വരാൻ തുടങ്ങിയതും, തിരുമേനി ഇത്തിരി തിരക്കിലായി.

എങ്കിൽ പിന്നെ ചടങ്ങ് നടത്തിക്കോളൂട്ടോ.
അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതും രവീന്ദ്രനും മീരയും മഹാദേവനോട് മനമുരുകി പ്രാർത്ഥിച്ചു,, ശേഷം ഒരു തവണ കൂടി അയാൾ മീരയുടെ കഴുത്തിൽ ആ താലിമാല അണിയിച്ചു കൊടുത്തു..

നിറഞ്ഞ മിഴികളോടെ മീര മുഖമുയർത്തിയപ്പോൾ , ഭദ്രയും കരയുകയായിരുന്നു. ഹരി അവളെ ചേർത്തുപിടിച്ചു.

തുടരും…..