മംഗല്യ താലി, ഭാഗം 101– എഴുത്ത്: കാശി നാഥൻ

അങ്ങനെ അമ്മ ഹോസ്പിറ്റലിൽ നിന്നും എത്തിയ ദിവസം വൈകുന്നേരം  ഭദ്രയും ഹരിയും കൂടി  മംഗലത്ത് വീട്ടിലേക്ക് ചെന്നിരുന്നു. ഹരി അപ്പോഴാണ് ഫ്രീ ആയത്. അതുകൊണ്ടാണ് വീട്ടിൽ എത്തുവാൻ ലേറ്റ് ആയി പോയതും.

അമ്മയുടെയും ഏട്ടന്റെയും  ഒക്കെ കൂടെയിരുന്ന് കുറെയേറെ സമയം അവർ സംസാരിച്ചു. അപ്പോഴാണ് രവീന്ദ്രനും മീരയും അവിടേക്ക് വന്നത്. എല്ലാവർക്കും സന്തോഷവും ആശ്വാസവും…

അനിരുദ്ധൻ കഴിക്കുവാനുള്ള ഫുഡ് ഒക്കെ വെളിയിൽ നിന്നും വരുത്തിയിരുന്നു.

രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞു പോയത് ഹരിയോടും ഭദ്രയോടും ഒരു ദിവസത്തേക്ക് വീട്ടിലേക്ക് വരുവാൻ പറഞ്ഞ് അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ ഒടുവിൽ അവർ രണ്ടാളും അവിടേക്ക് പോയി.

ചെന്നപ്പോൾ ആയിരുന്നു നാലഞ്ചു ബാഗുകൾ പായ്ക്ക് ചെയ്തു വെച്ചിരിക്കുന്നത് ഭദ്ര  കാണുന്നത്.

അച്ഛാ… ഇതെന്താണ്..? ഭദ്ര രവീന്ദ്രനെ നോക്കി ചോദിച്ചു.

ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ..അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ.

ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ. കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം..

ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ…

രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി.. എല്ലാവരുടെയും സ്നേഹം കണ്ട്കൊണ്ട് ഹരി ഒരു പുഞ്ചിരിയോടെ നിന്നു..

അടുത്ത ദിവസം കാലത്തെ അച്ഛനെയും അമ്മയെയും എയർപോർട്ടിൽ ആക്കിയ ശേഷം ഹരി യും ഭദ്രയും വീട്ടിലേക്ക് തിരിച്ചു വന്നത് 

വന്നപാടെ ഹരി ഓഫീസിലേക്ക് പോകുകയും ചെയ്തു. അവനു കുറച്ചായിട്ട് നല്ല തിരക്കുകൾ. ഭദ്രയെയും അവൻ എല്ലാം പതിയെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.. അവൾ പെട്ടന്ന് ക്യാച്ച് ചെയ്യുന്നുണ്ട് താനും.

ഹരി പോയ ശേഷം ഭദ്ര അടുക്കളയിൽ എത്തിയത്. ചോറും കറികളും ഒക്കെ ഉണ്ടാക്കണം. റൈസ് കുക്കറിൽ അരികഴുകി ഇട്ടിട്ട് കറി യുടെ കാര്യങ്ങൾ നോക്കി

ഫ്രിഡ്ജ് തുറന്നിട്ട് ഒരു ചെറിയ കഷ്ണം കുമ്പളങ്ങ എടുത്തു, തൈരും ഇരിപ്പുണ്ട്. ഇത്തിരി കുമ്പളങ്ങയും മോര് കറിയും വെയ്ക്കണം. ഹരിയേട്ടന് അത് ഇഷ്ടമാണ്. അയില മീൻ പൊരിയ്ക്കാനും ഉണ്ട്. ബീന ചേച്ചി തന്ന നാടൻ വരിക്ക ചക്കയുടെ കുരു എടുത്തു തൊലി കളഞ്ഞു തോരൻ വെയ്ക്കാൻ അരിഞ്ഞു വെച്ചതും എടുത്തു വെള്ളത്തിൽ ഇട്ടിട്ടു അവൾ നാളികേരം തിരുമ്മി വെച്ചു.

വേഗത്തിൽ ഒന്നൊന്നായി ജോലികൾ തീർത്ത ശേഷം ഭദ്ര കുളിക്കാനായി പോയി.

കുളിയൊക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഫോൺ റിങ് ചെയ്യുന്നു. നോക്കിയപ്പോൾ ഹരി.

ഹലോ ഏട്ടാ..

ആഹ് ഭദ്ര.. താൻ തിരക്കാണോ.

അല്ല.. എന്താ ഏട്ടാ.

പോളേട്ടൻ വിളിച്ചു. അമ്മച്ചിക്ക് സുഖം ഇല്ലന്ന്… അവർ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഇത്തിരി സീരിയസ് ആണ് കേട്ടോ.

അയ്യോ…. എന്നിട്ടോ ഏട്ടാ.

ആഹ് ഞാൻ ഉച്ച ആകുമ്പോൾ വരാം. താൻ റെഡി ആയി നിന്നോ. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… 

ഏട്ടൻ തിരക്കല്ലേ.. ഞാൻ പോയാൽ മതിയോ.

ഒരു മണിക്കൂർ കൊണ്ട് പോയി വരാം ഭദ്രാ.. അമ്മച്ചിക്ക് സീരിയസ് ആണെന്ന് പറഞ്ഞിട്ട് നമ്മള് ചെന്നില്ലെങ്കിൽ മോശമല്ലേ.

മ്മ്.. ശരി ഏട്ടാ..അവൾ കാൾ കട്ട് ചെയ്തു. എന്നിട്ട് വേഗം തന്നെ ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി.

പറഞ്ഞ സമയത്തു ഹരി എത്തി.ഊണ് കഴിച്ചു പോകാമെന്നു പറഞ്ഞു ഭദ്ര അവനെ നിർബന്ധിപ്പിച്ചു.

വേണ്ട പെണ്ണെ.. നേരം പോയി. നീ കേറൂ…

വന്നേ ഹരിയേട്ടാ.. പെട്ടന്ന് പോകാം. ഏട്ടന് ഇഷ്ടപ്പെട്ട കറികൾ ഒക്കെയുണ്ട് കേട്ടോ.

അവൾ പിന്നെയും വിളിച്ചപ്പോൾ ഹരി ഇറങ്ങി വന്നിട്ട് ഭദ്ര യോടൊപ്പം അകത്തേക്ക് കയറി.
ഇരുവരും ചേർന്ന് ഇരുന്ന് ഊണ് കഴിച്ചു.

മോര് കറിയൊക്കെ ഒഴിച്ച്, ചക്കക്കുരു തോരനും, കണ്ണിമാങ്ങാ അച്ചാറും, അയില വറുത്തതും, തലേ ദിവസത്തെ വറ്റിച്ച മീൻ കറിയും ഒക്കെ കൂട്ടി അവൻ ഉരുള ഉരുട്ടി കഴിയ്ക്കുന്നത് കണ്ടപ്പോൾ ഭദ്ര യ്ക്ക് മനസ് നിറഞ്ഞു.

അവളുടെ ചിരിയും ഭാവവും കണ്ടപ്പോൾ അവൻ ഒരു ഉരുള ഉരുട്ടി അവളുടെ നേർക്ക് നീട്ടി.

അയ്യോ. എനിക്ക് വേണ്ട ഹരിയേട്ടാ.. ഞാൻ വെറുതെ നോക്കീന്ന് ഒള്ളു.

സാരമില്ല പെണ്ണെ.. ഇരിക്കട്ടെ..അവൻ വീണ്ടും കൈ കുറച്ചു ടെ മുന്നോട്ട് നീട്ടി.

ലേശം ജാള്യതയോടെ  ഭദ്ര വായ തുറന്നത്.

കഴിച്ചപ്പോൾ അവൾക്ക് അതിശയമായി..
എന്തൊരു രുചി… 

ഇനിയും വേണോടി പെണ്ണെ, അവൻ ചോദിച്ചതും ഭദ്ര തല കുലുക്കി.

ആഹ് കഴിയ്ക്ക്..ഹരി പിന്നെയും അവൾക് ചോറു ഉരുള കൊടുത്തു.

ഇതെന്തപ്പോ ഇത്രയ്ക്ക് രുചി.. ഞാൻ വെച്ച കറികളൊക്കെ തന്നെയല്ലേ ഏട്ടാ…

ഹമ്.. അതേടോ..

പിന്നെങ്ങനെ??

ഇതിൽ നിറയെ എന്റെ ഭദ്ര കുട്ടിയോടുള്ള സ്നേഹമാണ്  .. അതുകൊണ്ടല്ലേ ഇത്രയ്ക്ക് രുചി.

ചിരിയോടെ അവളെ നോക്കി പറഞ്ഞുകൊണ്ട് ഹരി കൈ കഴുകുവാൻ എഴുന്നേറ്റ് പോയി..

കൈകഴുകി വന്നിട്ട് അവൻ ഭദ്ര യേ ഒന്നു ഇറുക്കി പുണർന്നു.

ഹമ്.. ഈയിടെ ആയിട്ട് ഇത്തിരി കുറുമ്പ് കുറവുണ്ടല്ലോന്ന് ഓർത്തു. പക്ഷെ യാതൊരു മാറ്റവുംമില്ല അല്ലേ

ഹേയ്.. അങ്ങനെ മാറാൻ പറ്റുമോ പെണ്ണെ…അവളുടെ മിഴികളിൽ നോക്കി ക്കൊണ്ട് അവൻ ചോദിച്ചു..

ഇല്ലേ…

ഇല്ലന്നെ….പിന്നെ ഈയിടെ ആയിട്ട് മനസിന്‌ ഒരു സുഖം ഇല്ലാരുന്നു കൊച്ചേ.. അതല്ലേ…

ഹമ്.. അവളൊന്നു മൂളി

ഇന്നുമുതലേ പൂർവാധികം ശക്തിയോടെ ഈ ഹരിയേട്ടൻ തിരിച്ചുവരും  കേട്ടോ. അവൻ പറഞ്ഞു നിറുത്തിയതും ഭദ്രയുടെ മുഖത്ത് നാണം.

ഒപ്പം അവനെ തിരിച്ചു പുൽകിക്കൊണ്ട് ആ കവിളിൽ പെണ്ണൊരു ഉമ്മ കൊടുത്തു.

പകരമായി രാത്രിയിൽ തിരിച്ചു തരാം കേട്ടോ.. ഇപ്പോൾ പോകണ്ടേ… കാതോരം അവൻ മൊഴിഞ്ഞപ്പോൾ ഭദ്ര ചിരിച്ചു.

തുടരും…..