ശിശിരം – ഭാഗം 135,136 137, എഴുത്ത്: മിത്ര വിന്ദ

ശിശിരം 135

സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ബിന്ദു കുളിയൊക്കെ കഴിഞ്ഞു അകത്തെ മുറിയിൽ ഇരിക്കുകയാണ്.

ശ്രീജ അപ്പോളേക്കും അലക്കി ഉണങ്ങിയ തുണികൾ ഒക്കെ എടുത്തുകൊണ്ട് വന്നു.

തണുപ്പ് വീണല്ലോ മോളെ, ഇത് എടുക്കാൻ താമസിച്ചോ നീയ്.

ഹ്മ്മ്… കുഞ്ഞിന്റെ പിന്നാലെ നടന്നകൊണ്ട് ഓർത്തില്ലമ്മേ.. അമ്മ തുണി മടക്കി വെച്ചോളാമോ.. ഞാൻ ഒന്നു കുളിച്ചിട്ട് വരാം..

ആഹ് പോയി കുളിക്ക്. വിളക്ക് കൊളുത്താറായി..അവർ തുണികൾ ഒന്നൊന്നായി മടക്കിവെച്ചു കൊണ്ട് സെറ്റിയിൽ ഇരുന്നു. പാറുക്കുട്ടി ആണെങ്കിൽ നല്ല ഉറക്കത്തിലും ആയിരുന്നു.

പെട്ടന്ന് ആയിരുന്നു മുറ്റത്തൊരു വാഹനം വന്നു നിന്നത് പോലെ ബിന്ദുവിന് തോന്നിയത്.

ഇതാരാണോ ഈ നേരത്ത്…അവർ പതിയെ എഴുന്നേറ്റു.

ഉമ്മറത്തേക്ക് ഇറങ്ങിവന്നതും,ബിന്ദു ഞെട്ടിപ്പോയ്.

എന്റെ മഹാദേവാ…ഒരൊറ്റ നിലവിളി ആയിരുന്നു അവർ.

അമ്മേ…കുളിച്ചു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി വന്ന ശ്രീജ അമ്മയുടെ നിലവിളി കേട്ട് ഓടി ഇറങ്ങിവന്നു..

പുഞ്ചിരിയോട് കൂടി കുഞ്ഞുവാവയെയും കയ്യിലെടുത്ത്  ഉമ്മറത്തേക്ക് കയറി വരുന്ന  അമ്മുവിനെ കണ്ടതും രണ്ടാളും അവരുടെ അടുത്തേക്ക് ഓടി വന്നു.

അച്ഛമ്മേടെ പൊന്നെ…ബിന്ദു ഉറക്കെ കരഞ്ഞുകൊണ്ട് വിളിച്ചപ്പോൾ വാവയൊന്നു കണ്ണു ചിമ്മി തുറന്ന് അവരെ നോക്കി.

എടാ.. അറിയുവോടാ നീയ്.. അച്ഛമ്മേടെ ചുന്ദരിവാവേ…അവർ കുഞ്ഞിനെ താലോലിച്ചുകൊണ്ട് മാറിലേക്ക് ചേർത്തു.

മോളെ… അമ്മു ഇതെന്താ കുട്ടി ഒരു മുന്നറിയിപ്പുമില്ലാതെ… ഒന്നു വിളിച്ചു പോലും പറഞ്ഞില്ലാലോ..

അമ്മായിക്കും ശ്രീ ചേച്ചിക്കും ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി… അതല്ലേ വിളിച്ചു പറയാതെ വന്നത്. അമ്മു പുഞ്ചിരിയോടെ തുടർന്നു.

ശ്രീജ ആണെങ്കിൽ കുഞ്ഞിനെ ബിന്ദുവിന്റെ കയ്യിൽ നിന്നും വാങ്ങി.

മോളെ… യാത്ര ചെയ്തിട്ട് നിനക്ക് ക്ഷീണം വല്ലതുമുണ്ടോടി..

ഹേയ് കുഴപ്പമില്ല അമ്മായി.. ഇത്രയും ദിവസം ഒക്കെ ആയില്ലേ. അമ്മുനെ കെട്ടിപിടിച്ചു അവളുടെ ഇരു കവിളിലും ഉമ്മ കൊടുക്കുന്ന തന്റെ അമ്മയെ കണ്ടുകൊണ്ടായിരുന്നു നകുലൻ കയറിവന്നത്.

ഒഹ്… അപ്പോ മരുമകളെ മാത്രം മതി അമ്മയ്ക്ക്… ഇങ്ങനെയൊരു സന്താനം കൂടി ഉണ്ട് കേട്ടോ.. ആദ്യമായി അമ്മേയെന്നു  നീട്ടി വിളിച്ചവനാണ് ഞാൻ..അതു മറക്കണ്ട കേട്ടോ.

നകുലൻ പറഞ്ഞതും ബിന്ദു മകന്റെ അടുത്തേക്ക് വന്നു.

അവനും അതുപോലെ മുത്തം കൊടുത്തു.

നിങ്ങളെ എല്ലാവരെയും കാണുവാൻ ഞാൻ എത്ര ആഗ്രഹിച്ചതാണെന്നു അറിയാമോ മോനെ.. ഈ കുഞ്ഞിന്റെ മുഖം ഒന്ന് കാണാതെ,,, ഞാൻ ഒരുപാട് സങ്കടപ്പെട്ടതാണ്. എന്നും രാത്രില് ശ്രീജ മോളോട്, നിങ്ങളുടെയൊക്കെ കാര്യം പറഞ്ഞ കരയാനെ എനിക്ക് നേരം ഉണ്ടായിരുന്നുള്ളൂ,

. അമ്മയ്ക്ക് വയ്യാണ്ടയതുകൊണ്ടല്ലേ, അല്ലാതെ മനപ്പൂർവ്വം വരാതിരുന്നത് ഒന്നുമല്ലല്ലോ.. സാരമില്ല.. പോട്ടെ. അമ്മ വിഷമിക്കാതെ.. ഞങ്ങൾ ഇങ്ങു വന്നല്ലോ.

നകുലൻ അവരെ സമാധാനപ്പെടുത്തി.

ജയന്തി…. എന്തൊക്കെ ഉണ്ട് വിശേഷം. ജയന്തി ഉണ്ടായിരുന്നതുകൊണ്ടാണ് എന്റെ അമ്മു, യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാതെ കഴിഞ്ഞത് കേട്ടോ. ബിന്ദു വന്നിട്ട് അവരുടെ കയ്യിലും പിടിച്ചു.

ചേച്ചിയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്. ക്ഷീണം കുറഞ്ഞോ..ജയന്തി ചോദിച്ചു 

ആഹ് കുഴപ്പമില്ലന്നേ.. പിന്നെ ഇത്രയും പ്രായമൊക്കെ ആയില്ലേ, എവിടെയെങ്കിലും വീഴ്ച പറ്റിയാൽ ഇരിപ്പതാണ്..കേറി വാ.. നമ്മൾക്ക് ചായ കുടിക്കാം.. 

ജയന്തി ചേച്ചിയെം കൂട്ടിക്കൊണ്ട് ബിന്ദു അമ്മായി അകത്തേക്ക് പോകുന്നത് കണ്ടപ്പോഴാണ് സത്യത്തിൽ അമ്മുവിന് സമാധാനമായത്.

ചേച്ചിയെ കാണുമ്പോൾ അമ്മായിക്ക് എന്തെങ്കിലും ദേഷ്യം തോന്നുമോ എന്ന് അവൾ ഭയന്നിരുന്നു.

പാറുക്കുട്ടിയെ വിളിച്ചുകൊണ്ട് നകുലൻ റൂമിലേക്ക് ചെന്നു. വാവ ആണെങ്കിൽ ഉറക്കത്തിൽ ആയിരുന്നു. അതൊന്നും വകവയ്ക്കാതെ അവൻ ശ്രീജയുടെ കുഞ്ഞിനെയും എടുത്ത് തോളത്തിട്ട്  പുറത്തേക്ക് വന്നപ്പോൾ അമ്മു വന്നിട്ട് കുഞ്ഞിനെ മേടിച്ചു.

പാറുക്കുട്ടാ… ചിറ്റേ മറന്നു പോയോട..

ശ്രീജയുടെ കയ്യിലിരിയ്ക്കുന്ന വാവയെ നോക്കി പാറുക്കുട്ടി ചിരിച്ചു.

എടാ.. നിന്റെ അനിയത്തിവാവയാണ്.ഇഷ്ടമായോടാ…നകുലൻ ചോദിച്ചപ്പോൾ പാറുക്കുട്ടി പിന്നെയും ചിരിച്ചു.

അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും അതീവ സന്തോഷത്തോടെ ഒത്തുകൂടി.

നകുലനും അമ്മുവും കൂടി അവരുടെ റൂമിലേക്ക് ചെന്നു.

ബെഡ്ഷീറ്റ് ഒക്കെ ഒന്ന് മാറ്റി വിരിക്കണോല്ലോ ഏട്ടാ..

കുറച്ചായിട്ട് അടഞ്ഞു കിടന്നത് കൊണ്ട് റൂമിലാകെ മറ്റൊരു ഗന്ധം ആയിരുന്നു.

നകുലൻ ജനാലയൊക്കെ തുറന്നിട്ടു. നല്ല തണുത്ത കാറ്റ് അടിച്ചു കയറിവന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നിപ്പോയി നകുലനു 

വേഷമൊക്കെ മാറ്റി കുളിച്ചു വരാമെന്ന് പറഞ്ഞു അമ്മു വാഷ് റൂമിൽ പോകാൻ തുടങ്ങിയതും നകുലൻ അതു തടഞ്ഞു.

എടിയേ… കുളം അപ്പോളും അവിടെയുണ്ട്.. ഒന്ന് നീന്തി തുടിച്ചാലോ..ആരും അറിയേണ്ടന്നെ..

ദേ മനുഷ്യാ.. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ.ഒരു കുളം.. കൊതിയാണേൽ പോയി ചാടിട്ട് വാ.. എന്നെ കൂട്ടണ്ട. എനിയ്ക്കോട്ടു സമയോം ഇല്ല… അമ്മു ആണെങ്കിൽ പിടിച്ച് ഒരു ഉന്തു വെച്ചു കൊടുത്തു. എന്നിട്ട് ചാടിത്തുള്ളി കുളിയ്ക്കാനായിട്ട് പോയി 

ഒരു നേർത്ത പുഞ്ചിരിയോടെ നകുലൻ കിടക്കയിലേക്ക് ഇരുന്നു..ഇങ്ങനെയൊരു കുറുമ്പത്തി.

ഹ്മ്… വേണ്ടന്ന് വെച്ചിട്ടാ.. ഇല്ലെങ്കിലേ ഉറപ്പായിട്ടും ഞാൻ കുളത്തിലേക്ക് നിന്നെക്കൊണ്ട് പോയേനെ..ഞാനൊരു പാവമായി പോയത് നിന്റെ ഭാഗ്യം.

പിറു പിറുത്ത് കൊണ്ട് അവൻ കിടക്കയിലേക്ക് വീണു.

*****

നാളെ ഡോക്ടർ ഉണ്ടല്ലോ അല്ലെ മീനാക്ഷി..രാത്രിയിൽ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ യദു മീനാക്ഷിയോട് ചോദിച്ചു.

എനിക്കൊന്നും അറിഞ്ഞുകൂടാ… എന്തിനാ ഇപ്പൊ ഇത്ര വെച്ച് ഹോസ്പിറ്റലിലേക്ക് പോകുന്നത്.. അതിനുമാത്രം പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.

അതൊന്നും നീ അറിയേണ്ട… എന്തായാലും നാളെ ഹോസ്പിറ്റലിൽ പോയേ തീരൂ. 11 മണിയാകുമ്പോൾ ഞാൻ  എത്തും. ആ സമയത്ത് നീ റെഡിയായി നിന്നാൽ മതി.

എന്റെ യദുവേട്ടാ, ഞാൻ പറയുന്നതൊന്നും മനസ്സിലാക്കിയ്ക്കെ.. എനിക്ക് ഒരു കുഴപ്പവുമില്ലന്നേ..

അത് ഡോക്ടർ കൂടി പറയട്ടെ.. അല്ലാണ്ട് നീ സ്വയം ചികിത്സിക്കാൻ നിൽക്കണ്ട.
അവൻ ഗൗരത്തിലായി.

മറുത്തൊന്നും പറയാതെ മീനാക്ഷിയിരുന്നു. കാരണം എന്തേലും തർക്കുത്തരം പറഞ്ഞിട്ടുണ്ടെങ്കിൽ യദുവിന് b ദേഷ്യം ആകും എന്ന് അവൾക്കറിയാം. അതുകൊണ്ട് നിശബ്ദത പാലിച്ചു നിൽക്കുന്നതാണ് നല്ലതെന്നും, മീനാക്ഷിക്ക് തോന്നി. നാളെ കാലത്തെ  എന്തെങ്കിലും ഒഴിവു കഴിവുകൾ പറയാം. അങ്ങനെ യാത്ര മാറ്റി വെയ്ക്കാം.

അവൾ ചില കണക്ക്ക്കൂട്ടലുകൾ നടത്തി.

ശിശിരം 136

അടുത്ത ദിവസം കാലത്തെ, മീനാക്ഷി എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
പാലപ്പത്തിനുള്ള മാവ് ഒക്കെ പൊളിച്ചു പൊന്തി പരുവമായി ഇരിപ്പുണ്ട്.

ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത്, അവൾ അത് നന്നായി ഒന്നൂടെ ഇളക്കി വച്ചു.
അതിനുശേഷം ചോറ് വെയ് lക്കുവാനായി, അടുപ്പത്ത് വിറകുകൾ ഒക്കെ എടുത്ത് കൂട്ടി..തലേദിവസത്തെ മീൻ കറി വച്ചതും പൊരിച്ചതും ഒക്കെ ഇരിപ്പുണ്ട്, അതിന്റെ കൂടെ അല്പം വൻപയർ കൂടി തോരൻ വയ്ക്കുവാനായി  അവൾ അരിച്ചെടുത്തു വെള്ളത്തിൽ ഇട്ടു. ഓരോരോ ജോലികളൊക്കെ അവൾ വേഗത്തിൽ തീർത്തുകൊണ്ടിരുന്നപ്പോഴാണ്, യദു ഉറക്കെ വിളിക്കുന്നത് മീനാക്ഷി കേട്ടത്.

അവൾ അടുക്കളയിൽ നിന്നും സ്വീകരണ. മുറിയിലേക്ക് ഇറങ്ങിവന്നു.

തന്റെ ഫോണും കയ്യിൽ പിടിച്ച് അവളുടെ അരികിലേക്ക് വരുന്നുണ്ടായിരുന്നു യദു..

എല്ലാം കുഴപ്പത്തിലായല്ലോ മീനാക്ഷി…യദു വിഷമത്തോടെ  മീനാക്ഷിയെ നോക്കി.

എന്താ യദുഏട്ടാ എന്തുപറ്റി…

ഇന്ന് എനിക്ക് അവധി കിട്ടത്തില്ലല്ലോടോ.

മീനാക്ഷി എങ്ങനെയാണ് ഹോസ്പിറ്റലിൽ പോകുന്നതിൽ നിന്നും ഒഴിവാകുന്നത് എന്നോർത്തപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ, യദുവിന് അന്നത്തെ ദിവസം ലീവ് കിട്ടാൻ, യാതൊരു മാർഗവും ഇല്ലെന്ന്  അവളറിഞ്ഞതും മീനാക്ഷിക്ക് സന്തോഷമായി..

ഇനിയിപ്പോ എന്ത് ചെയ്യും മീനാക്ഷി….

എനിക്ക് വേറെ പ്രശ്നമൊന്നും ഇല്ലല്ലോ യദുഏട്ടാ, ഏട്ടൻ ഓഫീസിലേക്ക് പോകാൻ നോക്ക്, നേരം ഒരുപാട് ആയി.

അവൾ യദുവിനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു..

അപ്പവും മുട്ടക്കറിയും, ഇരിപ്പുണ്ട്. ഏട്ടൻ കൈ കഴുകി വന്നേ,ഞാൻ കഴിക്കാൻ എടുത്തു വെയ്ക്കാം..അവൾ അടുക്കളയിലേക്ക് പോയി..

യദുവിനുള്ള ലഞ്ച് ബോക്സ് റെഡിയാക്കി വെച്ച ശേഷം , അവൾ മുറ്റമൊക്കെ അടിച്ചുവാരുവാനായി തൊടിയിലേക്ക് ഇറങ്ങി.

യദുവേട്ടൻ പോയ ശേഷം വേണം തനിക്ക് അപ്പച്ചിയുടെ വീട് വരെ ഒന്ന് പോകാനു. കാരണം, ഇന്ന് അപ്പച്ചി മരിച്ച നാളാണ്

എല്ലാ മാസവും ഈ ദിവസം, അവരുടെ അസ്ഥിത്തറയിൽ  മീനാക്ഷി ചെന്ന് നിലവിളക്ക് കൊളുത്തി വയ്ക്കും. എന്നിട്ട് കുറച്ചു സമയം അതിലൂടെയൊക്കെ ചുറ്റിപ്പറ്റി നടന്നിട്ട് അവൾ തിരിച്ചു വീട്ടിലേക്ക് കയറി പോരും. യദു പോകുവാൻ എങ്ങനെയും എട്ടര മണിയാകും, അതിനുശേഷം ആണ് മീനാക്ഷി താഴേക്ക് ഇറങ്ങുന്നത്.ഗിരിജ ഉള്ള ദിവസങ്ങളിൽ വിളക്ക് കത്തിക്കലിന് മുടക്കം വരാറുണ്ട്. അല്ലാത്തപ്പോഴൊക്കെ അവൾ ഇത് കൃത്യമായിട്ട്  ചെയ്തു പോരും.. പിന്നെ ഈ നേരത്ത് ഇങ്ങനെ നിലവിളക്ക് കൊളുത്തുന്നത് ദോഷമാണോ എന്നൊക്കെ അവളും ചിന്തിക്കാറുണ്ട്, എങ്കിലും അവളുടെ മനസ്സിന്റെ ഒരു സമാധാനത്തിനായി അത് അങ്ങനെ ചെയ്തു പോന്നു.

കുഞ്ഞുവാവയെ നിലത്തു വയ്ക്കാതെ  ബിന്ദു കൊണ്ടു നടക്കുകയായിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ വാവയ്ക്ക് വിശന്നു. അപ്പോഴേക്കും അമ്മു വന്നിട്ട് കുഞ്ഞിനെ റൂമിലേക്ക് വാങ്ങിക്കൊണ്ടു പോയി.

രാവിലെ കാപ്പികുടി ഒക്കെ കഴിഞ്ഞ ശേഷം, ബിന്ദുവും ശ്രീജയും ജയന്തി ചേച്ചിയും ഒക്കെ ഉമ്മറത്ത് വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്..

നകുലൻ ആണെങ്കിൽ ആരെയോ കാണുവാൻ ഉണ്ടെന്നു പറഞ്ഞ കവല വരെ പോയതാണ്. 10 മണിയോടുകൂടി അവൻ തിരിച്ചു വരുമെന്നും, അപ്പോഴേക്കും ഒരുങ്ങി റെഡിയായി നിന്നോളാനുമൊക്കെയാണ്, അമ്മുവിനോട് നകുലൻ പറഞ്ഞിരിക്കുന്നത്.

ഒരുപാട് നാളുകളായി അവൾ വീട്ടിലേക്ക് പോയിട്ട്. വാവയെ തന്റെ അമ്മയെ കാണിക്കുവാനായി പോകുവാൻ അമ്മു അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു..

കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം, അമ്മു ജയന്തി ചേച്ചിയെ വിളിച്ച്  താൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞു m അപ്പോൾ അവർക്കും അമ്മുവിന്റെ വീട്ടിലേക്ക് വരണമെന്ന് ആഗ്രഹം.

അതിനെന്താ ചേച്ചി പോയി റെഡിയായിക്കോളു… ഏട്ടൻ ഇപ്പോ വരും. നമുക്ക് പോയിട്ട് ഉച്ചയോടുകൂടി മടങ്ങി വരാം. അവിടെ ഒക്കെ ആകെ അലങ്കോലപ്പെട്ടാവും കിടക്കുന്നത്m എത്രയോ നാളുകളായി ഒന്ന് പോയിട്ട്.

ഇവിടുന്ന് നമുക്ക് രണ്ട് ചൂലൊക്കെ കൊണ്ടുപോകാം മോളെ, അല്ലെങ്കിൽ കവലയിലോ മറ്റോ കിട്ടുമോ. കിട്ടുമെങ്കിൽ അങ്ങനെ നോക്കാം.

ഹ്മ്….. കവലയിൽ ഉണ്ട് ചേച്ചി…നല്ല ബലമുള്ള ഈർക്കിലി ചൂല് കിട്ടും

ആഹ്, എന്നാൽപിന്നെ, അവിടുന്ന് രണ്ട് ചൂല് വാങ്ങാം. എന്നിട്ട് വീണ്ടും പരിസരവും ഒക്കെ വൃത്തിയാക്കിയിടാം മോളെ
ജയന്തി പറഞ്ഞു..

പത്തു മണിയാകുമ്പോഴേക്കും വരുവൊള്ളൂ എന്ന് പറഞ്ഞ നകുലൻ, 9 മണി ആകുന്നതിന് ഇപ്പുറത്ത് മടങ്ങിവന്നു.

നീയിതു എവിടെ പോയതായിരുന്നു മോനെ കാലത്തെ? കാറിൽ നിന്നും ഇറങ്ങിയ നകുലനെ നോക്കി ബിന്ദു ചോദിച്ചു.

ഞാൻ നമ്മുടെ രാമേട്ടനെ ഒന്ന് കാണാനായി പോയതാ. വരാല് വല്ലതും കിട്ടുമോന്ന് നോക്കാൻ..

എന്നിട്ടോടാ….

വൈകുന്നേരത്തേക്ക് ഒന്ന് വിളിക്കാനാണ് ആള് പറഞ്ഞത്.. കിട്ടാനിത്തിരി പാടാണെന്ന്.

നമ്മുടെ തെക്കുവശത്തെ പാടത്തേക്ക് നീ ഒന്ന് ഇറങ്ങുമോനെ, ആ മുപ്പല്ലിയും കൂടെ എടുത്താൽ മതി. വരാൽ ഉണ്ടെങ്കിൽ തടഞ്ഞോളും.

ഹ്മ്.. നോക്കാം ഉച്ച കഴിയട്ടെ.

അവൻ സോപാനത്തിൽ വന്നിരുന്നുകൊണ്ട് അമ്മയ്ക്ക് മറുപടി കൊടുത്തു.

നകുലന് ഒരു ഗ്ലാസ് ചായയുമായി, ശ്രീജ ഇറങ്ങി വരുന്നുണ്ട്.

പാറുക്കുട്ടി എവിടെ? ഉറങ്ങിയോടി..

ഹേയ് ഇല്ലന്നെ… അമ്മുവിന്റെ കൂടെ ഇരുന്ന് നെയിൽ പോളിഷ് ഇടുന്നുണ്ട്..
ശ്രീജ ചിരിയോടെ പറഞ്ഞു.

വലിയ മേക്കപ്പ്കാരിയാ,,, കുളിയൊക്കെ കഴിഞ്ഞു വന്നിട്ടുള്ള ആ ഒരുക്കം ഒന്ന് കാണേണ്ടതാണ്.. ബിന്ദു പറയുന്നത് കേട്ട് ശ്രീജയും നകുലനും പുഞ്ചിരിച്ചു.

അമ്മു…നകുലൻ ഉച്ചത്തിൽ വിളിച്ചു.

ദാ വരുന്നു നകുലേട്ടാ..പാറുക്കുട്ടിയോട് കഥകൾ പറഞ്ഞുകൊണ്ട് അമ്മു ഇറങ്ങി വരുന്നുണ്ടായിരുന്നു.

നിനക്ക് വീട്ടിൽ പോകണ്ടേ, റെഡിയാവാൻ നോക്ക്.

ഹ്മ്… അവൾ തലയാട്ടി.

മോളെ അമ്മു… എങ്കിൽ പിന്നെ കാലത്തെ പോയിട്ട് വാ, കുറച്ചു കഴിഞ്ഞാൽ ഭയങ്കര വെയിലാണ്.

ഹ്മ്… ജയന്തിചേച്ചിയും വരുന്നുണ്ട് അമ്മായി, ഞങ്ങൾ ചെന്നിട്ട് അവിടെ ഒക്കെ ഒന്ന് അടിച്ചു വാരി വൃത്തിയാക്കിയിട്ട് വരാം.

മ്മ്.. മോള് ഒരുപാട് കുനിയുവൊന്നും ചെയ്യരുത് കേട്ടോ, നടുവിനു വേദന പിന്നെ വിട്ടു മാറില്ല.

ഞാൻ അടിച്ചു വാരിക്കോളാം ചേച്ചി, ഈ കുട്ടിയെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കില്ലാട്ടോ.
കുഞ്ഞിനെയും കയ്യിലെടുത്തുകൊണ്ട് ചേച്ചിയും അവരുടെ അടുത്തേക്ക് അപ്പോഴേക്കും എത്തി.

ഉറക്കിക്കിടത്തിയ ആള് ഇത്രവേഗം എണീറ്റോ..

അമ്മു അവരുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി പിടിച്ചു.

ഇപ്പൊ പൂച്ചയുറക്കമാണ്,  10 മിനിറ്റ് ഉറങ്ങിയിട്ട് ചാടി എണീറ്റ് പോന്നു.

കുഞ്ഞിന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മു പിന്നെയും പറഞ്ഞു.

ശിശിരം ഭാഗം 137

യദു ജോലിക്ക് പോയ പിന്നാലെ, മീനാക്ഷി കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്നതാണ്.

മുറ്റം തലേദിവസം അടിച്ചുവാരി വൃത്തിയാക്കിയിട്ടതാണെങ്കിലും, ഒന്നൂടെന്ന്  എല്ലാം അടിച്ചുതളിച്ചു.

അതിനുശേഷം ആണ് അസ്ഥിത്തറയിൽ അവൾ വിളക്ക് കൊളുത്തിയത്.

പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോഴൊക്കെ തലയ്ക്ക് വല്ലാത്തൊരു പെരുപ്പ് തോന്നി മീനാക്ഷിക്ക്.

കുറഞ്ഞില്ലെങ്കിൽ ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ പോകണമെന്ന് പോലും അവൾ ഓർത്തു. അത്രയ്ക്ക് വല്ലാത്തൊരു ക്ഷീണവും തളർച്ചയും.

സതി അപ്പച്ചിയുടെ വീടിന്റെ ഉമ്മറത്തേക്ക്  കയറിയിരിക്കുകയാണ് മീനാക്ഷി.

അപ്പോഴാണ് വരമ്പത്തൂടെ ആരോ വരുന്നത് അവളുടെ ദൃഷ്ടിയിൽ പെട്ടത്.

നോക്കിയപ്പോൾ നകുലനും അമ്മുവും. ഒപ്പം മറ്റൊരു സ്ത്രീയും ഉണ്ട്. അവരുടെ കയ്യിലിരിക്കുന്ന കുഞ്ഞുവാവയെ കണ്ടതും മീനാക്ഷിയുടെ ഹൃദയത്തിൽ ഒരു നറുനിലാവുദിച്ചത് പോലെയായിരുന്നു.

അമ്മു,മുറ്റത്തേക്ക് കയറി വന്നപ്പോഴാണ്, നിലവിളക്ക്കൊളുത്തിയിരിക്കുന്നതൊക്കെ അവൾ കണ്ടത്. ഒപ്പം മീനാക്ഷിയെയും.

അപ്പച്ചി മരിച്ച നാളിൽ ഞാൻ ഇടയ്ക്കൊക്കെ വന്നു വിളക്ക് കൊളുത്താറുണ്ടമ്മു. അങ്ങനെ ഇറങ്ങി വന്നതാ കേട്ടോ.

അമ്മുന്റെ നോട്ടോo ഭാവോം കണ്ടു മീനാക്ഷി പറഞ്ഞു.

ഹ്മ്…അമ്മു ഒന്ന് മൂളി.

ജയന്തി ചേച്ചിയുടെ കയ്യിൽ നിന്നും, മീനാക്ഷി കുഞ്ഞിനെ വാങ്ങി.ഒപ്പം നകുലനെയും അവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..നകുലനാണെങ്കിൽ അവളോട് പ്രത്യേകിച്ച് ഒന്നും ചോദിച്ചതുമില്ല..

ഇവിടെമൊക്കെ വൃത്തിയായിട്ട് ആണല്ലോ മോളെ കിടക്കുന്നത്. കയ്യിലിരുന്ന ചൂല് ഇറയത്തേക്ക് വെച്ചുകൊണ്ട് ജയന്തിചേച്ചി, അമ്മുനോട് പറഞ്ഞു.

ഒക്കെ മീനാക്ഷി ചെയ്തതാണെന്ന് അമ്മുവിന് മനസിലായി.

നിങ്ങൾ വരുന്ന വഴിയാണോ അമ്മു.. അതോ ഇന്നലെ വന്നോ? മീനാക്ഷി ചോദിച്ചു

ഇന്നലെ വന്നതാ….വൈകുന്നേരം ആയപ്പോൾ.

കുഞ്ഞിനെ മീനാക്ഷിയോട് വാങ്ങിച്ച ശേഷം അമ്മയെ അടക്കം ചെയ്ത സ്ഥലത്തേക്ക് അമ്മു നടന്നു ചെന്നപ്പോൾ ജയന്തിയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് മീനാക്ഷി അവരുടെ അടുത്ത് നിന്നു.

അമ്മേ….. നമ്മുട കുഞ്ഞാവ… എന്റെ അമ്മ കാണുന്നുണ്ടോ അമ്മു വിതുമ്പി.

അവളുടെ മിഴികൾ നിറഞ്ഞു. നെഞ്ചു പൊട്ടുന്ന വേദനയിൽ അമ്മു അവിടേക്ക് ഇരുന്നു

വാവേ….അമ്മമ്മയാണ് കേട്ടോടാ..എന്റെ പൊന്നിന്റെ അമ്മമ്മ കുഞ്ഞിന്റെ നെറുകയിൽ മുത്തി ക്കൊണ്ട് അവൾ പറഞ്ഞു.

കുറച്ചു സമയത്തേയ്ക്ക്, അവർക്ക് മാത്രമായി ഇത്തിരി നേരമായിരുന്നു.

നകുലനും ജയന്തിചേച്ചിയും കുറച്ചു അപ്പുറത്തേക്ക് മാറിപ്പോയ്..മീനാക്ഷിയും പിന്നാമ്പുറത്തേയ്ക്ക് പോയിരിന്നു.

അമ്മയോട് തന്റെ സന്തോഷവും സങ്കടവും,പരാതിയും പരിഭവവും ഒക്കെ പങ്ക്വെയ്ക്കുകയാണ് അമ്മു. കൂടെ കുഞ്ഞിനോടും എന്തൊക്കെയോ പുലമ്പുന്നുണ്ട്.

യ്യോ… ഈ കുട്ടിയ്ക്ക് എന്താ പറ്റിയെ.. നകുലാ ഒന്നോടി വന്നേ മോനെ..
ജയന്തിചേച്ചി ഉറക്കെ വിളിച്ചു കൂവി.

നകുലൻ വന്നു നോക്കിയപ്പോൾ കണ്ടത് മീനാക്ഷി ബോധരഹിതയായി കിടക്കുന്നതായിരുന്നു.

ചേച്ചി….. അമ്മുനെ കൂടി വിളിക്ക്. പറയുന്നതിനൊപ്പം നകുലൻ മീനാക്ഷിയെ കൊട്ടി വിളിക്കുന്നുണ്ട്.

അമ്മുവും ഓടി അവരുടെ അരികിലേക്ക് വന്നു.

എന്താ… എന്താ നകുലേട്ടാ മീനാക്ഷിക്ക് എന്താ പറ്റിയത്..അമ്മു കുഞ്ഞിനെ ജയന്തി ചേച്ചിയുടെ കൈയിലേക്ക് കൊടുത്തിട്ട് മീനാക്ഷിയുടെ കവിളിൽ പിടിച്ചു തട്ടി വിളിച്ചു.

മീനാക്ഷി… മീനാക്ഷി..

ഹ്മ്….അവൾ സാവധാനം കണ്ണ് ചിമ്മി തുറന്നു

എന്തുപറ്റി മീനാക്ഷി…?

അറിയില്ലമ്മു,പെട്ടെന്ന് തല ചുറ്റുന്നത് പോലെ തോന്നി..

മീനാക്ഷി സാവധാനം എഴുന്നേറ്റു  ഇരിക്കുവാൻ ശ്രമിച്ചു.

അമ്മു നീ മീനാക്ഷിയും കൂട്ടിക്കൊണ്ട്  പതിയെ വരൂട്ടൊ,ഞാൻ വണ്ടി എടുക്കാം..
നകുലൻ  അമ്മുവിനെ നോക്കി.

വേണ്ട.. ഒന്നും വേണ്ട നകുലേട്ടാ. ഞാൻ വീട്ടിലേക്ക് പോയ്കോളാം. യദുവേട്ടൻ വന്നിട്ട് ഹോസ്പിറ്റലിൽ പൊയ്ക്കോളാം..

യദു വരണമെങ്കിൽ ഇനി വൈകുന്നേരം ആകില്ലേ. മീനാക്ഷി എഴുന്നേൽക്ക്.. തനിക്ക് നടക്കാൻ പറ്റുമോ.നകുലൻ ചോദിച്ചു.

ഹ്മ്..പറ്റും.

ആഹ്, എന്നാൽ പിന്നെ താൻ വാ. ഹോസ്പിറ്റലിൽ പോകാം.

മീനാക്ഷി വേണ്ടെന്നു പറഞ്ഞെങ്കിലും അമ്മുവും കൂടി അവളെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പോകും വഴി , മീനാക്ഷി യദുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.

അവൻ എത്രയും പെട്ടെന്ന് എത്തിക്കോളാം  എന്ന് അവൾക്ക് മറുപടിയും പറഞ്ഞു

മീനാക്ഷി ആകെ ക്ഷീണിതയായതുപോലെ അമ്മുവിന് തോന്നി.

മീനാക്ഷിക്ക് സുഖമില്ലായിരുന്നൊ, അതോ ഫുഡ് കഴിക്കാഞ്ഞിട്ടോ മറ്റോ ആണോ.?

രണ്ടുമൂന്നു ദിവസമായിട്ട്, എനിക്ക് എന്തൊക്കെയോ വല്ലായ്മ ആയിരുന്നു. ഏട്ടനു ഇന്ന് ലീവ് കിട്ടിയില്ല. അല്ലായിരുന്നെങ്കിൽ ഞങ്ങൾ രണ്ടാളും കൂടി കാലത്തെ ഹോസ്പിറ്റലിൽ പോയി കാണിച്ചേനെ.

തുടരും…..