കാശിനാഥൻ – ഭാഗം 26,27,28,29,30- എഴുത്ത്-മയിൽപീലി

കാശിനാഥൻ 26

പടികൾ കയറുമ്പോഴേ കേട്ടു വീണയുടെ നാദം 

കാശി അതിശയത്തോടെ അകത്തു ചെന്നു 

പാർവതി 

വീണ വായിക്കുകയാണ്. അമ്മ അടുത്തിരിക്കുന്നുണ്ട്. അവൻ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു പിന്നെ ഭിത്തിയിൽ ചാരി നിന്നു. വീണ വായന അവസാനിച്ചു 

അമ്മ ചിരിയോടെ അവനെ നോക്കിയപ്പോൾ പാർവതി തിരിഞ്ഞു നോക്കി 

അവനെ കണ്ട് നാണത്തിൽ ഒറ്റ ഓട്ടം 

“പാവം നാണം വന്നു “

അവൻ ആ ഓട്ടം നോക്കി നിന്നു. പിന്നെ ഒരു കവർ കൊണ്ട് അമ്മയെ ഏല്പിച്ചു 

“അമ്മയ്ക്കാണ്.”

“ഓണം ആയില്ലല്ലോടാ. ഈയിടെ എടുത്തല്ലേയുള്ളു “

അവർ അത് തുറന്നു നോക്കി പറഞ്ഞു.

“ഇരിക്കട്ടെ ലക്ഷ്മി.. “

അവൻ മുറിയിലേക്ക് പോയി.

“നോക്ക് പാറു.. അവൻ വാങ്ങി കൊണ്ടു വന്നതാ “

മൂന്നാല് സാരികളും നേര്യതും മുണ്ടും കിടക്കയിൽ നിരത്തി ലക്ഷ്മി 

പാർവതി ഓരോന്നും ഭംഗി നോക്കി 

നല്ല വിലയുള്ള ഭംഗിയുള്ള സാരികൾ 

“ഞാനെ സത്യത്തിൽ ഒത്തിരി നിറമുള്ളതൊന്നും ഉടുക്കാറില്ല. മോന്റെ അച്ഛൻ പോയി കഴിഞ്ഞു സെറ്റും മുണ്ടും മാത്രമേ എടുക്കുവയുള്ളു. പക്ഷെ അവന് ഇതൊക്ക ഞാൻ ഉടുക്കാൻ ഇഷ്ടം ആണ്  ഓരോന്ന് മേടിച്ചു കൊണ്ട് വരും.. അലമാര നിറയെ സാരികൾ ആണ്..”

“അമ്മയ്ക്ക് നല്ല ഭംഗി ഉണ്ടാവും. ഉടുക്ക് “

“അവന്റെ കല്യാണം നടന്നാൽ ഉടുക്കാമെന്ന് ഞാൻ കളി പറയും.. അങ്ങനെ എങ്കിലും കല്യാണം നടക്കട്ടെ “

പാർവതി തെല്ല് വിളറി..ലക്ഷ്മി ഗൂഢമായി അവളെ ശ്രദ്ധിച്ചു 

“മോൾക്ക് ഇഷ്ടം ഉള്ള സാരികൾ എടുത്തോ. അമ്മ ഇതൊന്നും ഉടുക്കില്ല “

“വേണ്ടമ്മേ. അമ്മയ്ക്ക് കാശിയേട്ടൻ…”

അവൾ പെട്ടെന്ന് നാക്ക് കടിച്ചു..ലക്ഷ്മിയുടെ മുഖം പ്രകാശിച്ചു 

അങ്ങനെ വരട്ടെ, ഡോക്ടർ വിളിയൊക്കെ മാറിയോ, ഇതെപ്പോ..? ഞാൻ അറിഞ്ഞില്ലല്ലോ.

“ഡോക്ടർ വാങ്ങി തന്നതല്ലേ.. അമ്മ ഉടുത്ത മതി.. നമുക്ക് അമ്പലത്തിൽ പോകുമ്പോൾ ഉടുക്കാം. “

അവരുടെ മുഖം ഏതൊ ഓർമ്മകളിൽ മുങ്ങി 

“അമ്മേ ചായ..”

കാശി വാതിൽക്കൽ

“ദ വരുന്നു “

അവർ എഴുനേറ്റടുക്കളയിലേക്ക് പോയി 

അവൾ പതിയെ പിന്നാലെ പോകാൻ തുനിഞ്ഞപ്പോൾ കാശി മുന്നിൽ കയറി നിന്നു 

“എന്നോട് പറഞ്ഞിട്ടില്ലല്ലോ വീണ വായിക്കുമെന്ന് “

അവൾ നാണിച്ചു ചിരിച്ചു 

“പാട്ട് പാടുമോ?”

“ഉം “

“നൃത്തം?”

“ഉം “

“നന്നായിരുന്നു “

അവൾ തലയാട്ടി 

“പാറു.. ഞാൻ നിനക്ക്.. ഒരു സാധനം..”

“ഇന്നാ ചായ “

അമ്മ വന്നപ്പോൾ അത് നിന്ന് പോയി.

അവൻ ചായ മൊത്തി മുറ്റത്തേക്ക് ഇറങ്ങി 

പാർവതി, അവൻ എന്താ മുഴുവൻ പറയാഞ്ഞത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു 

അമ്മ കുളിക്കാൻ പോയപ്പോ അവൾ ഓടി വന്നു 

“എന്താ നേരെതെ പറഞ്ഞത്?”

“എന്ത്?”

“എന്തോ സാധനം “

“ആരു പറഞ്ഞു “

“കാശിയേട്ടൻ “

അവനുള്ളിൽ ഒരു കുളിരു വന്നു 

“ഞാൻ പറഞ്ഞില്ല “

ഒരു നുള്ള് 

“നൊന്ത് ” അവൻ കൈ തിരുമ്മി.

“പറ.. എന്താ പറയാൻ ബാക്കി വെച്ചത്?”

“പറയാൻ ബാക്കി വെച്ചത് ഒരുപാട് കാര്യങ്ങളുണ്ട്..’

അവൻ ആർദ്രമായി പറഞ്ഞു 

അവൾ ഇമ വെട്ടാതെ ആ കണ്ണിലോട്ട് നോക്കി നിന്നു 

“ഒത്തിരിയുണ്ട്..”

അവൻ കൈ നീട്ടി മുടി ഒതുക്കി കൊടുത്തു 

“എന്ന് പറയും?”

“ഫ്ലാറ്റിൽ വാ പറയാം..”

“ഉം “

“വരുമോ?”

“ഉം.. ഇപ്പോൾ പക്ഷെ നേരെത്തെ പറയാൻ തുടങ്ങിയത് പറ “

“ഈ പെണ്ണ്… “

അവൻ അമ്മ എവിടെഎന്ന് നോക്കി. കാണുന്നില്ല 

“നിന്റെ അച്ഛൻ എവിടെ?”

അന്ന് ഞായറാഴ്ച ആയത് കൊണ്ട് വീട്ടിൽ ഉണ്ടോന്ന് ആണ് അവൻ ഉദ്ദേശിച്ചത് 

“അച്ഛൻ നാട്ടിൽ പോയി. വൈകുന്നേരം വരും. എന്താ?”

“ഒന്നുമില്ല.. വെറുതെ..”

അവന് ഒരു ടെൻഷൻ ഉണ്ടെന്ന് അവൾക്ക് തോന്നി

“ഞാൻ നിനക്ക് വേണ്ടി ഒരുട്ടം..”

“പാറു മോള് വരുന്നോ ദീപാരാധന തൊഴാൻ?”

അമ്മ 

“എവിടെ ആണ് അമ്മേ?”

“ഇവൻ ഉണ്ടല്ലോ.. നമുക്ക് ശിവന്റെ അമ്പലത്തിൽ പോയിട്ട് വരാം. ഒരു അഞ്ചു കിലോമീറ്റർ ഉള്ളു “

“ആ വരാം “

“എന്നാ അമ്മ കുളിച്ചിട്ട് വരാം. മോളും. പോയി റെഡി ആകു “

“ആ “

അമ്മ പോയി

“ഞാൻ പോയിട്ട് വരാം “

“എടി അവിടെ നിന്നെ..”

അവൻ കാറിൽ നിന്ന് ഒരു പാക്കേറ്റ് എടുത്തു കൊടുത്തു 

“അമ്മയ്ക്ക് വാങ്ങിയപ്പോൾ വാങ്ങിയതാ..ഇഷ്ടം ആയെങ്കിൽ ഉടുത്തിട്ട് വാ “

അവൾ അത് നെഞ്ചോട് ചേർത്ത് പിടിച്ചു 

കണ്ണുകൾ നിറയുന്നു 

“ഇഷ്ടം ആയൊന്ന് നോക്ക് “

അവൾ പൊടുന്നനെ ആ കൈ പിടിച്ചു നടന്നു 

“എടി എങ്ങോട്ട് ആണ് കൊണ്ട് പോകുന്നത്?”

അവളുടെ വീട്ടിൽ എത്തി അവർ 

അവനെ ഹാളിൽ ഇരുത്തിയിട്ട് അവൾ അകത്തേക്ക് പോയി. കാശിക്ക് ഒന്നും മനസിലായില്ല 

അൽപനേരം കഴിഞ്ഞു 

“നോക്കിക്കേ “

അവൻ തിരിഞ്ഞു 

മറൂൺ നിറത്തിലെ കനമില്ലാത്ത ആ കസവു സാരിയിൽ അവൾ തീ പോലെ ജ്വലിച്ചു നിന്നു 

അവന് ശ്വാസം വിലങ്ങി 

അവൻ വിശ്വാസം വരാത്ത പോലെ അവളെ നോക്കി നിന്നു

“കൊള്ളാമോ”

അവൻ തലയാട്ടി 

“ഇരിക്കെ “

അടുത്തത് കാണിക്കൊന്നയുടെ നിറമുള്ള മഞ്ഞ സാരി 

പിന്നെ പൊന്മാൻ നീല കസവു സാരി. പിന്നെ ചന്ദന നിറമുള്ളത്..ഒടുവിൽ ഒരു റോസ് ചുരിദാർ 

എല്ലാം അവൻ കണ്ടു കൺ നിറച്ച് 

“ഇനി പറയ് ക്ഷേത്രത്തിൽ ഏതിടേണം?”

അവൻ തൊണ്ട ചുമച്ചു ശരിയാക്കി 

“ഉം?”

“ഇന്ന് വൈകുന്നേരം ഏത് ഇടണമെന്ന്?”

“മറൂൺ..”

അവൾ ഓടി അകത്തു പോയി 

കാശി ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു 

അവൾ..

അവളെത്ര സ്നേഹിക്കുന്നുവെന്ന് ഓർത്തപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് നനഞ്ഞു 

“പോകാം?”

അവൻ അവളെ തന്നെ നോക്കി നിന്നു 

നീളൻ മുടി പിന്നിയിട്ട്, കണ്ണെഴുതി വലിയ പൊട്ട് തൊട്ട്, സാരിയുടുത്ത്..

“ഇഷ്ടം ആയോ എല്ലാം?”

“ഉം..”

അവൾ അരികിൽ വന്നു നിന്നു 

പിന്നെ എത്തി അവൾ ആ കൈവെള്ളയിൽ അമർത്തി ഒരുമ്മ കൊടുത്തു 

“ന്റെയാ… ന്റെ മാത്രാ “അവൾ മന്ത്രിച്ചു 

കാശി അവളുടെ കവിളിൽ ഒന്ന് തൊട്ടു. പിന്നെ ചേർത്ത് പിടിച്ചു 

കാശിനാഥൻ 27

ക്ഷേത്രത്തിൽ അവർ പിന്നെയും പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട് അവൻ ഇറങ്ങി വെളിയിൽ നിന്നു 

ആല്മരത്തിന്റ ചുവട്ടിൽ….നല്ല കാഴ്ചകൾ 

അവൻ കൈ വെള്ളയിലേക്ക് നോക്കി 

ഒരുമ്മ 

ആ മുഖം കൈവെള്ളയിൽ അമർന്നപ്പോൾ ഉള്ള സുഖം 

അവൻ അവർ ഇറങ്ങി വരുന്നത് നോക്കി 

അമ്മയും അവളും 

എന്ത് ചേർച്ച..

“അതേയ് പാറുന്നു മസാലദോശ വേണമെന്ന്”

അമ്മ 

“അയ്യോ വെറുതെ ആണ്.. ഞാൻ പറഞ്ഞില്ലാട്ടോ “

അവൻ അവളെ തന്നെ നോക്കി നിന്നു 

“പറഞ്ഞില്ലെങ്കിലും മോഹം ഉണ്ട് ട്ടോ കാശി. നമുക്ക് കഴിച്ചിട്ട് പോകാം “

കാശി അമ്മ കാറിൽ കയറി എന്ന് ഉറപ്പ് വരുത്തി കുനിഞ്ഞു. അവളുടെ വിരലുകൾ ആ നെറ്റിയിൽ ചന്ദനം വരച്ചു. ഒരു നാണം..ചെറിയ ചിരി 

അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി 

പാർവതി ബാക് സീറ്റിൽ കയറാൻ പോകുകയായിരുന്നു

“അവനെ നമ്മൾ രണ്ടും കൂടി ഡ്രൈവർ ആക്കുവാ എന്ന് തോന്നേണ്ട. മോള് മുന്നിൽ കേറിക്കോ “

പാർവതി ഒന്ന് മടിച്ചു നിന്നു 

“കയറിക്കോ “

അവൾ മെല്ലെ കടന്ന് അടുത്ത് ഇരുന്നു

കാശി ഒന്ന് ഒളിക്കണ്ണിട്ട് നോക്കി 

മുഖം ചുവന്നു തുടുത്ത പോലെ..

“ആര്യസ് മതിയോ അമ്മേ?”

അവൻ ചോദിച്ചു 

“മതി. കുറെ നാളായി പോയിട്ട്..”

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

പാർവതിക്ക്.ഉള്ളിൽ ഒരു പിടപ്പ് ആയിരുന്നു.

അമ്മയ്ക്ക് എന്തെങ്കിലും സംശയം ഉണ്ടോ ആവോ 

ഹോട്ടൽ ആര്യാസ് 

“മോള് കഴിച്ചിട്ടുണ്ടോ ഇവിടുത്തെ മസാല ദോശ?”

“ഇല്ല “

“പണ്ട് നല്ല ടേസ്റ്റ് ആയിരുന്നു. ഇപ്പോൾ എങ്ങനെ ഉണ്ടോ ആവോ.. നീ കഴിച്ചിട്ടുണ്ടോ മോനെ?”

“ഇല്ല “

“ഇവന് വെജ് ഇഷ്ടം അല്ല. അതാണ് “

അവൻ വൈറ്റെർ വന്നപ്പോൾ ഓർഡർ ചെയ്തു 

അമ്മ കൈ കഴുകാൻ പോയി 

“ഇഷ്ടം ആണോ മസാലദോശ?”

അവൻ മെല്ലെ ചോദിച്ചു 

“വലിയ ഇഷ്ട “

“എന്നിട്ട് എന്താ പറയാഞ്ഞത്? അന്ന് ഫ്ലാറ്റിൽ വന്നപ്പോൾ ഞാൻ വാങ്ങി തന്നേനെ “

“ഊഹും “

“ഇനി വരുമ്പോൾ വാങ്ങി തരാം “

അവൾ തലയാട്ടി..അമ്മ വന്നിരുന്നു

വിവേകിന്റെ ഫോൺ വരുന്നത് കണ്ട് അവൻ എടുത്തു 

“പറയടാ “

“എടാ എനിക്ക് ട്രാൻസ്ഫർ ആണ്. പകരം വരുന്നത് ഒരു മിഥുൻ ജേക്കബ്. രാ, ക്ഷസനാണ്. ഒന്ന് സൂക്ഷിച്ചു വേണം ഇനി എല്ലാം “

“നിനക്ക് എങ്ങോട്ടാ “

“വയനാട് “

“ആഹാ ബെസ്റ്റ്..”

“ഗവണ്മെന്റ് ഓർഡർ ആണ്. പോയെ പറ്റു “

“നീ വിഷമിക്കണ്ട. ആറു മാസം. അതിനകം നീ തിരിച്ചു വരാനുള്ള പരിപാടി ചെയ്യാം “

“ശരിക്കും?”

“കാശി വാക്ക് പറഞ്ഞാൽ വാക്കാ ‘

വിവേക് ചിരിയോടെ ഫോൺ വെച്ചു 

🌹🌹🌹

ഫ്ലാറ്റിൽ വന്നെങ്കിലും അന്ന് അവൻ കിടന്ന് ഉറങ്ങി 

പിറ്റേന്ന് സർജറി ഡേ ആണ് 

ശിവ തനിച്ചായിരുന്നു 

“ഡോക്ടർ നാട്ടിൽ പോയിരുന്നോ?”

ജൂനിയർ ഡോക്ടർ ചോദിച്ചപ്പോൾ ശിവ തലയാട്ടി 

“ഒരു അഡ്മിഷൻ ഉണ്ടായിരുന്നു ഇന്നലെ. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ല. ബ്രെയിൻ ട്യൂമർ “

ഇത്തരം വാർത്തകൾ കേട്ട് അവൾക്ക് മടുത്തിരുന്നു

“ഡോക്ടർ ഒന്ന് ചെന്ന് നോക്കണേ.. കാശി ഡോക്ടർ വന്നിട്ടില്ലല്ലോ.”

അവൾ ശരി എന്ന് പറഞ്ഞു.

കഷ്ടിച്ച് ഇരുപത്തിയഞ്ചു വയസ്സുള്ള ഒരാൾ. പെൺകുട്ടി വളരെ ചെറുത്. അവൾ സ്കാൻ റിപ്പോർട്ട്‌ നോക്കി. ഹോപ്‌ ഇല്ല. അല്ലെങ്കിൽ ദൈവം നേരിട്ട് എന്തെങ്കിലും ചെയ്യണം 

“സർജറി പറഞ്ഞിട്ടുണ്ട് ” പെൺകുട്ടി മെല്ലെ പറഞ്ഞു 

“വേറെ ആരും കൂടെയില്ലേ?” ശിവ ചോദിച്ചു 

“ഇല്ല “

അവളുടെ മുഖം ഏറെ നാളായി ഉറങ്ങാത്തവളെ പോലെ 

“എന്നാ സർജറി ഫിക്സ് ചെയ്തത്?”

“നാളെ”

“ഡോക്ടർ കാശി ആണോ.?”

“അതെ “

പെട്ടന്ന് ശിവ പുഞ്ചിരിച്ചു 

രക്ഷപ്പെട്ടു 

“വിഷമിക്കണ്ട വേഗം ശരിയാകും..”

അവൾ തൊഴുതു.

അവൾ ഇറങ്ങി 

റൌണ്ട്സ് കഴിഞ്ഞപ്പോൾ വൈകുന്നേരം ആയി 

ഫ്ലാറ്റിലേക്ക് പോയി അവൾ 

🌹🌹🌹

ഫെലിക്സ് വിളിച്ചപ്പോൾ കാശി നല്ല ഉറക്കം ആയിരുന്നു 

“എടാ ഒരു എമർജൻസി.. അത്യാവശ്യം നാളെയൊന്നു വരാമോ?”

“നാളെ സർജറി ഡേ ആണെടാ. എന്താ ഇഷ്യു?”

“എടാ ഒരു കേസ് ഒരാഴ്ച മുന്നേ കൊണ്ട് വന്നതാണ്. ഡോക്ടർ വാര്യർ ഒക്കെ നോക്കി..ബ്രെയിനിൽ എന്തോ ഒരു കുഴപ്പം ഉണ്ട്.. ടെസ്റ്റ്‌ ഒക്കെ ചെയ്തു നോക്കി. അങ്ങോട്ട് പിടിത്തം കിട്ടുന്നില്ല “

“നീ അതൊക്കെ ഒന്ന് മെയിൽ ചെയ്തേ “

അവൻ എഴുനേറ്റു ഇരുന്നു. മെയിലിൽ വന്ന റിപ്പോർട്ട്‌ അവൻ നോക്കി. നോർമൽ ആണ് 

അവൻ ഫെലിക്സ്നെ വിളിച്ചു 

“ഒരു ബ്രെയിൻ biopsy എടുക്കണം. ഇന്നന്നേ ഞാൻ നോക്കട്ടെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് “

“ഓക്കേ.”

ഫെലിക്സ് ഫോൺ വെച്ചു 

കാളിംഗ് ബെൽ അടിച്ചപ്പോൾ അവൻ ചെന്ന് വാതിൽ തുറന്നു

ശിവ…

കാശിനാഥൻ 28

“ഹോ താൻ വന്നത് നന്നായി ശിവ.. ഇരിക്ക് “

ശിവ ഇരുന്നു 

“അന്ന് ഞാൻ പരിചയപ്പെടുത്തിയില്ലേ ഫെലിക്സ്.. അവന്റെ ഹോസ്പിറ്റലിൽ ഒരു കേസ്. അല്പം എമർജൻസി ആണ്. എനിക്ക് നാളെ സർജറി ഡേ. വാര്യർ സാറിനെ കുറിച്ച് കേട്ടിട്ടുണ്ട്. പഴയ ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ആയിരുന്നു. സാറിന്റെ കേസ് ആണ്. പക്ഷെ കൃത്യമായി പിടിക്കാൻ പറ്റിയില്ല “

“പിന്നെ ധാരാളം “

“ഇന് സാർ അവിടെയാ വർക്ക്‌ ചെയ്യുന്നത്. സാർ ഇന്ന് മോളുടെ അടുത്തേക്ക് വെക്കേഷന് പോയി. ഇങ്ങനെ ഉള്ള ചില സിറ്റുവേഷനിൽ ഞാൻ പോകാറുണ്ട്. പക്ഷെ എനിക്ക് നാളെ പറ്റില്ല. ശിവ ഒന്ന് പോകാമോ?”

ശിവ നടുക്കത്തിൽ അവനെ നോക്കി 

“ഞാനോ?”

“പേയ്‌മെന്റ് ഒന്നും കിട്ടില്ല. ഞാൻ വാങ്ങിക്കാറുമില്ല. ഒരു സർവീസ്. ശിവയും അങ്ങനെ കണ്ടാൽ മതി “

കാശി പറയുന്നതിനെ എതിർക്കാൻ ഒരു മടി 

“ഞാൻ കാശിയെ പോലെ എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ അല്ല. അത്രയും സീരിയസ് കേസ് ആണെങ്കിൽ പെട്ടെന്ന് ഞാൻ…”

“ഇങ്ങനെയൊക്കെയല്ലേ എക്സ്പീരിയൻസ് ഉണ്ടാവുന്നത്. താൻ മിടുക്കിയാണ്. ഇവിടെ എന്റെ കീഴിൽ ഒതുങ്ങി പോകുന്നതാണ്. അത് എനിക്ക് നന്നായി അറിയാം. സൊ ജസ്റ്റ്‌ ട്രൈ. എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ജസ്റ്റ്‌ മെസ്സേജ് മി. കാൾ ഞാൻ എടുക്കില്ല..അറിയാല്ലോ. “

ശിവ തലയാട്ടി 

“ഞാൻ ഫെലിക്സ്നെ വിളിച്ചു. പറയാം. ഒരു ജീവനല്ലേ ശിവ മുന്നിൽ,  ആ സമയം എത്തിക്സ് നോക്കേണ്ട. അവരെ രക്ഷപ്പെടുത്തുക. അത്രേ ഉള്ളു “

“ഞാൻ പോകാം. പക്ഷെ ഫ്രണ്ട് നോട്‌ പറയണം എന്നിൽ കാശിയെ പ്രതീക്ഷിക്കരുത് എന്ന് “

കാശി പൊട്ടിച്ചിരിച്ചു 

“പാർവതി എന്ത് പറയുന്നു “

അവന്റെ മുഖം ബ്ലഷ് ചെയ്യുന്നത് ശിവ കൗതുകത്തോടെ നോക്കി

“ഉം. സന്തോഷം ആയി ഇരിക്കുന്നു..ഹോസ്പിറ്റലിൽ കാണാം. ഫെലിക്സ് ന്റ ഹോസ്പിറ്റലിൽ ആണ്, “

“ഞാൻ പറയും കേട്ടോ ഭ്രാന്ത് പിടിച്ച ഒരു ഇഷ്ടവുമായി ഒരാൾ ഇവിടെ ഉണ്ടെന്ന് “

“ശേ വേണ്ട..”

“എത്ര നാളുകൾ പറയാതെ ഇരിക്കും.”

“പറഞ്ഞില്ലെങ്കിലും അവൾക്ക് അറിയാം ഞാൻ അവളുടേതാണെന്ന്.”

ശിവയുടെ ഉള്ളിൽ കുളിരൂ കോരി 

പ്രണയത്തിന്റെ അടച്ചിട്ട ജാലകങ്ങൾ തുറന്നു. ഒരിക്കൽ കൂടി പ്രണയം അനുഭവിക്കാൻ ഒരു കൊതി

“ഡ്രസ്സ്‌ ഒക്കെ ഇഷ്ടം ആയോ?”

“ആയി. എല്ലാം ഡെമോ ഉണ്ടായിരുന്നു “

ശിവയുടെ കണ്ണുകൾ വിടർന്നു 

“ഇട്ടു കാണിച്ചു തന്നോ “

“Yes.. ശിവാ അവൾ ഈ കാലഘട്ടത്തിലെ പെൺകുട്ടിയല്ല. അവൾ സ്നേഹിക്കുന്നതും അങ്ങനെ അല്ല..പഴയ കാലത്തിൽ ജീവിക്കുന്ന ഒരാൾ. ഒരുപക്ഷെ കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ ഒന്നിച്ചായിരുന്നിരിക്കണം. അല്ല ഒന്നിച്ചായിരുന്നു. അത് കൊണ്ടാണ് ഈ ജന്മവും പിരിയാതെ…”

ശിവയുടെ ഉള്ളിൽ ഒരു തണുപ്പ് വീണു. ഒരു മഴ കഴിഞ്ഞ പോലെ

ഒരു പ്രണയത്തിന്റെ അനുഭവങ്ങൾ ഒക്കെ അവൾക്ക് അറിയാം. പക്ഷെ ഇത് വ്യത്യസ്തമാണ്. വളരെ വളരെ വ്യത്യസ്തമാണ് 

ശിവ മെല്ലെ ചിരിച്ചു 

“പാർവതി ലക്കിയാണ് “

“അല്ല.. അവളെ കിട്ടിയ ഞാനാണ് ലക്കി.. The most luckiest man in the world “

“അല്ല കാശി.. കാശിയെ പോലെ.ഒരാളെ കിട്ടുന്ന ആ കുട്ടി ഭാഗ്യവതിയാണ് “

“അതെന്നേ ശരിക്കും അറിയാത്തത് കൊണ്ടാണ് “

അവൻ ഗൗരവത്തിൽ പറഞ്ഞു

ശിവയ്ക്ക് അത് മനസിലായില്ല..പക്ഷെ അവൾ അത് ഭാവിച്ചില്ല 

“അപ്പോൾ നാളെ എത്തിയിട്ട് മെസ്സേജ് idu”

ശിവ സമ്മതിച്ചു.

💥💥💥

പാർവതി ഇടനാഴിയിലൂടെ നടന്നു വരികയായിരുന്നു. മുന്നിൽ ശിവയെ കണ്ട് അവൾ പുഞ്ചിരിച്ചു

“ഡോക്ടർ എന്താ ഇവിടെ..?”

അവളുടെ കണ്ണുകൾ പെട്ടെന്ന് ചുറ്റും പാറി നടന്നു

“പാർവതിയുടെ ആള് വന്നിട്ടില്ല “

പാർവതി ചമ്മലോടെ മുഖം താഴ്ത്തി

ശിവ ആ നാണം നോക്കുകയായിരുന്നു 

എന്തൊരു ഭംഗിയാണിത്. വെറുതെ അല്ല കാശി…

“ആൾക്ക് ഇന്ന് സർജറി ഉണ്ട്. തിരക്ക് “

പാർവതി മെല്ലെ തലയാട്ടി 

“ഫെലിക്സ്ന്റെ മുറിയേതാ “

“ഫിഫ്തിൽ ആണ് “

“ഇത് fourth അല്ലേ..ഞാൻ പാർവതിയേ കണ്ടിട്ട് പോകാമെന്നു കരുതി ‘

പാർവതി നേർമ്മയായി ചിരിച്ചു

“കാശിക്ക് എന്തിഷ്ടം ആണെന്നോ ഈ കള്ളി പാറുനെ “

പാർവതി നടുക്കത്തിൽ നോക്കി.

“സത്യം ആൾക്ക് പറയാൻ മടിയുണ്ടല്ലേ..”

പാർവതി മുഖം താഴ്ത്തി

“ഇങ്ങോട്ട് നോക്ക്.. കാശിക്ക് ജീവനാണ് പാറുനെ.. ഏറ്റവും ഭാഗ്യം ചെയ്ത പുരുഷൻ താനാണ് എന്നാ കക്ഷി ഇന്നലെ എന്നോട് പറഞ്ഞത്. പാറുനെ കിട്ടിയത് കൊണ്ട്.. ഞാൻ പറഞ്ഞു ട്ടോ നേരിട്ട് പറഞ്ഞില്ലെങ്കിൽ പാറു വേറെ പ്രേമിക്കുമെന്ന്. ഇത്രയും ഭംഗിയുള്ള കുട്ടിയേ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമെന്ന് “

“ഇല്ല്യ.. അതൊന്നും ഒരിക്കലും ഉണ്ടാവില്ല്യ..ആ ആള് മാത്രമേയുണ്ടാവുള്ളു.”

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു 

“അയ്യേ തൊട്ടാവാടി മുഴുവൻ കേൾക്കാൻ..അപ്പോൾ കാശി എന്നോട് പറഞ്ഞു സാക്ഷാൽ പരമശിവന് വേണ്ടി പാർവതി കാത്തിരുന്ന പോലെ ഈ പാർവതിയും കാത്തിരിക്കുമെന്ന് “

കണ്ണീരിനിടയിലൂടെ പാർവതി ചിരിച്ചു 

“സന്തോഷം ആയില്ലേ.. കാശി ഇഷ്ടം നേരിട്ട് പറയില്ല. പാർവതി നീറി കൊണ്ടും. ഇരിക്കും. ഞാനും ഒരു പെണ്ണല്ലേ എനിക്ക് മനസിലാവും. അതാണ് ഞാൻ വന്നു പറഞ്ഞത്. ഇനി കാണുമ്പോൾ നല്ല പോലെ അധികാരം എടുത്തോ. കാശി കുട്ടിയുടെ സ്വന്തം ആണ് “

അവൾ നാണത്തിൽ മുഖം താഴ്ത്തി 

“അപ്പോൾ കാണാം…”

ശിവ നടന്നു. അവളങ്ങനെ നടന്നു മുകളിൽ എത്തി 

ഫെലിക്സ് അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു 

“താങ്ക്യൂ ഡോക്ടർ “

ശിവ പുഞ്ചിരിച്ചു 

“ഞാൻ തുടങ്ങിയിട്ടേയുള്ളു career. എനിക്ക് കാശിയുടെ അത്ര…”

“ഡോക്ടർ മിടുക്കിയാണെന്ന് കാശി പറഞ്ഞിട്ടുണ്ട്. അവൻ അങ്ങനെ വെറുതെ ഒരാളെ പുകഴ്ത്തില്ല “

ശിവ പിന്നെ ഒന്നും പറഞ്ഞില്ല 

“നമുക്ക് രോഗിയുടെ മുറിയിലേക്ക് പോകാം “

“ആയിക്കോട്ടെ “

അവൾ അവന്റെ ഒപ്പം നടന്നു 

റൂം നമ്പർ 101

അവർ അകത്തു കടന്നു 

“ഇതാണ് ആനന്ദ്.. ആനന്ദ് ഇത് ഡോക്ടർ ശിവ “

ശിവയ്ക്ക് ഭൂമി കറങ്ങുന്ന പോലെ തോന്നി. ആനന്ദ് ഞെട്ടലോടെ അവളെ നോക്കി കിടന്നു 

കാശിനാഥൻ 29

” are you ok doctor? “

ആ മുറിയിൽ നിന്ന് വന്നതിനു ശേഷം അവൾ പരിഭ്രാന്തയാണെന്ന് കണ്ടു ഫെലിക്സ് 

ആകെ വിയർക്കുന്നു. തളർന്ന പോലെ 

“കുടിക്കാൻ എന്തെങ്കിലും പറയട്ടെ “

“ഉം.”

അവൾ ഹൃദയം പൊട്ടിത്തെറിച്ചു പോകുന്ന വേദന അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നപ്പോൾ.

ആനന്ദ് 

ഒരുകാലത്തു ജീവനും ജീവിതവുമായിരുന്ന ആൾ, ഈ അവസ്ഥ

അവൻ ജ്യൂസ്‌ കൊടുത്തത് അവൾ ഒറ്റ ഇരുപ്പിന് കുടിച്ഛ് തീർത്തു 

“ഞാൻ..പോട്ടെ?”

ഡോക്ടർ ഒന്നും പറഞ്ഞില്ലല്ലോ.

“ഞാൻ…ഞാൻ..”

അവൾ മേശയിൽ ഇറുക്കെ പിടിച്ചു.

ഫെലിക്സ് അവൾക്ക് അരികിൽ ചെന്നു നിന്നു 

“ഡോക്ടർക്ക് ബിപി ഉണ്ടോ..അതോ ഡയബട്ടിക് ആണോ?”

അവൾ എഴുനേറ്റു 

“ഞാൻ.. ഞാൻ..”

പൊടുന്നനെ തല ചുറ്റി അവൾ ഫെലിക്സ്ന്റെ നെഞ്ചിലേക്ക് വീണു 

“ഡോക്ടർ… ഡോക്ടർ..”

അവൻ അമ്പരന്നു പോയി 

ബോധം വരുമ്പോൾ ഫെലിക്സ് അരികിൽ ഉണ്ട്. ശിവ എഴുനേൽക്കാൻ ശ്രമിച്ചു 

“കിടന്നോളു..ബിപി വല്ലാതെ കൂടിയിട്ടുണ്ട്..കുറച്ചു റസ്റ്റ്‌ എടുക്കു. ഫ്ലാറ്റിൽ പോയാലും ഒറ്റക്കല്ലേ “

അവൾ കണ്ണടച്ച് കിടന്നു 

ഒരു വ്യാഴവട്ടം ഒന്നിച്ചു ഉണ്ടായിരുന്നവൻ. ഇന്നവൻ കണ്മുന്നിൽ ജീവന് വേണ്ടി..അവന്റെ രൂപം മാറിപ്പോയി. അവൻ തന്നെ നോക്കിയ നോട്ടം

അവൾ കരയുന്നത് ഫെലിക്സ് കണ്ടു. ആ റൂമിൽ നിന്ന് ഇറങ്ങിയതിനു ശേഷം ആണ് ഇതൊക്കെ. അയാളെ കണ്ടതിനു ശേഷം 

അവന് കാശി അന്ന് പറഞ്ഞത് ഓർമ്മ വന്നു. ഒരു പ്രണയം ഉണ്ടായിരുന്നു. ആ ചെ, റ്റ അവളെ ഉപേക്ഷിച്ചു പോയി 

അതായിരുന്നോ അയാൾ?

അവൻ മെല്ലെ തിരിഞ്ഞു നടന്നു 

“ഫെലിക്സ്..സോറി “

ഫെലിക്സ് പെട്ടെന്ന് വല്ലാതായി 

“എന്തിനാ സോറി “

“ഞാൻ..പെട്ടെന്ന്.. സോറി ഫെലിക്സ്..”

ഫെലിക്സ് അവളെ നോക്കി നിന്നു

മുൻപ് കണ്ടപ്പോൾ അവളെ ശ്രദ്ധിച്ചിരുന്നില്ല 

ഒരു പെൺകുട്ടി, അത്ര തന്നെ 

ഇപ്പോൾ നോക്കുമ്പോ ഏതാണ്ട് തന്നെ പോലെ തന്നെ. ഉള്ളിലൊരു ശവമഞ്ചം ചുമന്നു നടക്കുന്ന മനുഷ്യരാണ് തങ്ങൾ 

അവൻ അരികിൽ ചെന്ന് നിന്നു 

“അയാള്… ആനന്ദ്.. ഒരിക്കൽ.. അയാള് “

അവൾ ചുണ്ടുകൾ ഒന്ന് കടിച്ചു സങ്കടം അടക്കി 

“പിരിഞ്ഞു പോയാലും ചില സ്നേഹങ്ങൾ വലിയ വേദനയാണ് ഫെലിക്സ്.. പ്രത്യേകിച്ച് അവർ മരണത്തെ നേരിടുന്നു എന്ന് അറിയുമ്പോൾ. ആനന്ദ് എന്റെ  ആയിരുന്നു. എനിക്ക് ചൊവ്വ ദോഷമുണ്ട്. ഭർത്താവ് വാഴില്ല. അത് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ പേടി കൊണ്ടാവും അല്ലെങ്കിൽ വീട്ടുകാർ നിർബന്ധം പിടിച്ചു കാണുമായിരിക്കും. പിരിഞ്ഞു.. അയാളുടെ കല്യാണം കഴിഞ്ഞു കുറച്ചേയായിട്ടുള്ളു. സത്യത്തിൽ റിപ്പോർട്ട്‌ ഞാൻ ശരിക്കും കണ്ടില്ല..”

ഫെലിക്സ് മിണ്ടാതെ കേട്ട് നിന്നു 

“കാശി വരട്ടെ..കാശി രക്ഷപ്പെടുത്തും..രക്ഷപ്പെടണം..പാവം..”

ഫെലിക്സ്ന് അതിശയം തോന്നി. വെറുപ്പ് ഇല്ല. ദേഷ്യം ഇല്ല. സ്നേഹം മാത്രം. ഇങ്ങനെ ഉണ്ടോ മനുഷ്യര് 

അവൾ മെല്ലെ എഴുനേറ്റ് ഇരുന്നു 

“ഇപ്പോൾ ഓക്കേ ആണ്. ഞാൻ പൊയ്ക്കോട്ടെ..”

ഫെലിക്സ് വേദനയോടെ അവളെ നോക്കി നിന്നു 

“എങ്ങനെ ആണ് ഡോക്ടർ വന്നത്?”

“കാറിൽ.”

“ഡ്രൈവ് ചെയ്യാൻ പറ്റുമോ.?”

“ഉം “

“ഞാൻ വരാം കൂടെ..”

ശിവ ഞെട്ടി നോക്കി 

“ബുദ്ധിമുട്ട് ഇല്ലെങ്കിൽ..അനുവദിക്കുമെങ്കിൽ ഞാൻ ഡ്രൈവ് ചെയ്യാം. You are not ok doctor… You are not at all ok “

ശിവ കണ്ണീരോടെ മുഖം താഴ്ത്തി 

ഫെലിക്സ്നൊപ്പം കാറിൽ ഇരിക്കുമ്പോൾ. അവളുടെ ഉള്ളിൽ ആ മെഡിക്കൽ റിപ്പോർട്ട്‌ വീണ്ടും തെളിഞ്ഞു വന്നു 

വെറുമൊരു ട്യൂമർ അല്ല അത് 

ബ്രെയിനിന്റെ ഏറ്റവും മോശപ്പെട്ട ഇടത്ത് ആണ് അത് സ്ഥിതി ചെയ്യുന്നത് 

അവൾ ശ്വാസം കഴിച്ചു 

“കാശി രക്ഷിക്കും അല്ലേ ഫെലിക്സ്?”

ഫെലിക്സ് മൂളി 

അവർ ഫ്ലാറ്റിൽ എത്തി 

“വരൂ “

അവൻ വാതിൽക്കൽ നിന്നപ്പോൾ അവൾ ക്ഷണിച്ചു 

“റസ്റ്റ്‌ എടുത്തോളൂ ഡോക്ടർ..എന്തെങ്കിലും അസുഖം തോന്നുന്നു എങ്കിൽ ഇതെന്റെ നമ്പർ ആണ്.. തനിയെ ചികിത്സ തല്ക്കാലം വേണ്ട. അവൻ വൈകുന്നേരം വരുന്ന വരെയെങ്കിലും “

ശിവ തലയാട്ടി 

“ഞാൻ പോട്ടെ “

“ശരി “

അവൻ പോയപ്പോൾ അവൾ വാതിലടച്ചിട്ട് വന്നു കിടന്നു

**************

ആനന്ദ് ഹൃദയവേദനയോടെ കിടന്നു. സൃഷ്ടി (ഭാര്യ )അവന്റെ അരികിൽ ഇരുന്നു 

“അതാണല്ലേ ശിവ?”

അവൻ വിങ്ങി കരഞ്ഞു 

“ആയുസ്സ് നീട്ടികിട്ടാൻ അവളെ ഉപേക്ഷിച്ചു. ഇന്നതെ ആയുസ്സിനായി അവളുടെ മുന്നിൽ ഭിക്ഷ യാചിക്കുന്നു..”

അവൻ ഇടറി പറഞ്ഞു 

“ദൈവം ഉണ്ട് സൃഷ്ടി…അല്ലെങ്കിൽ ഇങ്ങനെ വരുമോ?”

അവൾക്ക് എന്ത് പറയണമെന്ന് അറിയാതെയായി 

വിവാഹത്തിന്റെ ആദ്യ നാളുകളിൽ എല്ലാം പറഞ്ഞിരുന്നു അവൻ. സൃഷ്ടിക്ക് അത് വലിയ കാര്യമായി തോന്നിയില്ല. ഒരു റിലേഷൻ ഇല്ലാത്തവർ കുറവാണു.

പക്ഷെ ഇങ്ങനെ ഒരു സിറ്റുവേഷൻ?? അത് അപൂർവമായിരിക്കാം 

കാശിനാഥൻ 30

കാശി ഫ്ലാറ്റിൽ വന്നൊന്ന് ഫ്രഷ് ആയി 

ശിവയുടെ കാൾസും മെസ്സേജും വന്നിട്ടില്ല. ഫെലിക്സ്ന്റെ മിസ്സ്ഡ് കാൾ ഉണ്ട്. അവൻ ഫെലിക്സ്നെ തിരിച്ചു വിളിച്ചു 

“എടാ അത്…”

അവൻ എല്ലാം പറഞ്ഞു വിശദമായി തന്നെ. കാശി നടുങ്ങി പോയി 

“ശേ സത്യം ആണോ?”

“അതെ. നീ ആ കുട്ടിയെ ഒന്ന് പോയി കാണു എനിക്ക് അത്ര ഫ്രീഡം ഇല്ല.. അല്ലെങ്കിൽ ഞാൻ സംസാരിച്ചേനെ..”

“ഞാൻ പോകാം ” അവൻ കാൾ കട്ട്‌ ചെയ്തു.

**************

ശിവ മുഖം കഴുകി ഹാളിൽ വന്നിരുന്നപ്പോഴാണ് കാളിംഗ് ബെൽ അടിച്ചത് 

അവൾ ചെന്ന് വാതിൽ തുറന്നു 

“ഇരിയ്ക്ക് കുടിക്കാൻ എടുക്കട്ടെ “

തളർന്നു പോയിരിക്കുന്നു 

” വേണ്ട ഞാൻ കഴിച്ചു “

“ഫെലിക്സല്ലാം പറഞ്ഞു കാണുമല്ലോ “

അവൻ ഒന്ന് മൂളി 

“രക്ഷപ്പെടുത്തണേ കാശി “

അവൾ കൈകളിൽ മുഖം താങ്ങി. അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു 

“എന്റെ ആരുമല്ല ഇപ്പോൾ. പക്ഷെ ഒരുകാലത്തു എന്റെ എല്ലാം ആയിരുന്നു അവൻ.അവൻ മരിക്കുന്നത് എനിക്ക് ഓർക്കാൻ വയ്യ കാശി.. പ്ലീസ്..”

“രക്ഷപ്പെടുത്താൻ ഞാൻ എന്റെ മാക്സിമം ശ്രമിക്കാം ശിവ.. പക്ഷെ താൻ ഇങ്ങനെ തളർന്നു പോകരുത്. അതിന്റെ ആവശ്യം ഇല്ല. താൻ ഒരു ഡോക്ടർ ആണ്. എന്റെ കൂടെ നിൽക്ക്. നമുക്ക് ഒന്നിച്ചു ശ്രമിക്കാം.”

ശിവ കാശിയുടെ കയ്യിൽ മുറുകെ പിടിച്ചു 

“ഒരു കാര്യം കൂടി. അയാൾ വിവാഹിതനാണ് അത് കൊണ്ട് തന്നെ പെരുമാറ്റത്തിൽ ഇന്റിമേസി ഉണ്ടാവരുത്. അത് ശിവയുടെ പാസ്ററ് ആണ്. അങ്ങനെ കരുതി മറക്കുക..ഇല്ലെങ്കിൽ അത് അവരെയും തന്നെയും വേദനിപ്പിക്കും “

ശിവ ദീർഘമായി ശ്വാസം വിട്ട് 

“രണ്ടു മൂന്ന് തവണ പ്രാണയാമം ചെയ്തോളു”

ശിവ ചിരിച്ചു 

“ആശ്വാസം ഉണ്ട്.. കാശി നല്ല ഫ്രണ്ട് ആണ് ട്ടോ. താങ്ക്യൂ “

“പ്ലഷർ “

“ഞാൻ പാറുനെ കണ്ടു “

ഒറ്റ നിമിഷം കൊണ്ട് അവന്റെ മുഖത്ത് പൂത്തിരി കത്തി 

ശിവ കൗതുകം നിറഞ്ഞ കണ്ണുകളോടെ നോക്കി ഇരുന്നു

“എന്നിട്ട്?”

“എന്നിട്ട് സംസാരിച്ചു “

“എന്ത്?’

“ഞാൻ പറഞ്ഞു കാശിയ്ക്ക് ജീവൻ ആണെന്ന് “

കാശി ചിരിച്ചു..അവൾക്ക് അറിയാം

അവൻ എഴുനേറ്റു 

“പോട്ടെ.. നാളെ രാവിലെ നമുക്ക് ഹോസ്പിറ്റലിൽ പോകാം. വേഗം തിരിച്ചു പോരാം

ശിവ സമ്മതിച്ചു 

അവൻ ഫ്ലാറ്റിലേക്ക് പോരുന്നു 

💥💥

പാർവതി നാമം ജപിച്ചു എഴുനേറ്റു. അച്ഛന് കഞ്ഞി കൊടുത്തു 

“ഇന്ന് ഒരു അതിശയം ഉണ്ടായി കേട്ടോ മോളെ”

“എന്താ അച്ഛാ?”

“എന്റെ ട്രാൻസ്ഫർ ഏകദേശം ആയിരിക്കുകയായിരുന്നു. വയനാട് ആയിരുന്നു എന്നാ ഓഫീസർ പറഞ്ഞത്. ആ അവിടെ നിന്നിങ്ങോട് വരാനിരുന്നത് ഒരു കൊല്ലം കാരൻ രാജൻ.. പക്ഷെ ആരോ വിളിച്ചു പറഞ്ഞുത്രെ മാറ്റണ്ടന്ന്. ട്രാൻസ്ഫർ ഓർഡർ ക്യാൻസൽ ആക്കിയത്ര. ഓഫീസർ ചോദിച്ചു മനോഹരന് ഇത്രയും ഹോൾഡ് ഒക്കെയുണ്ടോന്ന്. ഞാൻ പാവം. ആരോട് പറയാനാ..ആരെങ്കിലും മാറി വിളിച്ചു പറഞ്ഞതാവും “

പാർവതിയുടെ ഉള്ളിൽ ഒരു കുളിർ മഴ പെയ്തു. ഇതാരാ ചെയ്തതെന്ന് അവൾക്ക് മനസിലായി

കൂട്ടുകാരൻ എസ് പി യേ ആറു മാസത്തിനകം ഇങ്ങോട്ട് തിരിച്ചു കൊണ്ട് വരുമെന്ന് പറഞ്ഞത് അവൾ കേട്ടതാണ്. ആ ആൾക്ക് ഇത് നിസാരം 

അവൾ മുറിയിൽ പോയി വാതിലടച്ചു 

അച്ഛൻ ടീവി വെച്ച് ന്യൂസ്‌ കാണുന്നു 

കാശി ഫോൺ എടുത്തു 

“ഹലോ “

“ഹലോ “

കുറച്ചു നേരം നിശബ്ദത..ഹൃദയം പാടുന്നു 

“കാശിയേട്ടാ “

“ഉം.”

“എന്താ ചെയ്യണേ?”

“വെള്ളമടി “

അവൾ പെട്ടെന്ന് മിണ്ടാതെ ഇരുന്നു 

“എന്തിനാ കഴിക്കുന്നേ അതൊക്കെ?”

“വെറുതെ ഒരു രസം “

“ഡോക്ടർമാർ തന്നെ ഈ ദുശീലം ചെയ്യാൻ പാടില്ല ട്ടോ “

“എടി നല്ല സാധനമാ. ഹൃദയത്തിനു നല്ലതാ “

“ഈശ്വര പറയണത് നോക്ക്. ഞാൻ അമ്മയോട് പറയും “

“നല്ല നുള്ള് ഞാൻ തരും “

ഒരു കുണുങ്ങി ചിരി

“അതേയ് അച്ഛന്റെ ട്രാൻസ്ഫർ ക്യാൻസൽ ചെയ്യിച്ചു ല്ലേ?”

“ആ “

“എന്തിനാ?”

കള്ളച്ചിരി നിറഞ്ഞ മുഖം അവന്റെ മനസ്സിൽ വന്നു

“അച്ഛനെ കണ്ടോണ്ട് ഇരിക്കാൻ “

പാർവതി പൊട്ടിച്ചിരിച്ചു പോയി 

“വെള്ളമടിച്ചാൽ തമാശ പറയും അല്ലേ?”

അവൻ മറുപടി പറഞ്ഞില്ല 

“നീ എന്നാ ഇങ്ങോട്ട് വരുക “

“എന്നേ കൊണ്ട് പോ “

“ശരി ഈ വീക്ക്‌ ഞാൻ വന്നിട്ട്. പോരട്ടെ “

“ഉം “

“ഒരു പകൽ മുഴുവൻ എന്റെ കൂടെ?”

“സമ്മതിച്ചു “

“പേടിയില്ലേ?”

“ഇല്ല്യ “

“എന്തെ?”

“എന്നേ ഇഷ്ടാണ്. ഇഷ്ടം ഉള്ളതൊന്നും ആരും നശിപ്പിക്കില്ലല്ലോ “

കാശിയുടെ കണ്ണുകൾ നിറഞ്ഞു പോയി 

“പാറു ഞാൻ… നിന്നെ വേദനിപ്പിക്കുമോന്നാ എന്റെ പേടി “

“സാരോല്ല അത് കഴിഞ്ഞു കുറെ സ്നേഹിച്ച മതി”

അവൻ മൂളി 

“എങ്കി ഉറങ്ങിക്കോ “

“എടി ഒരു മിനിറ്റ്. നീ നാളെ നേരെത്തെ ഇറങ്ങിക്കോ. ഞാൻ ഹോസ്പിറ്റലിൽ വരും “

“ആണോ?”

“Yes “

“വരാട്ടോ “

“എങ്കിൽ കിടന്നോ..”

അവൾ ഫോൺ വെച്ച് കഴിഞ്ഞും അവൻ കണ്ണുകൾ അടച്ച് അവളെ തന്നെ ഓർത്ത്‌ ഇരുന്നു

തുടരും…..