ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങി കാശിയും പാർവതിയും
“എന്നോട് പറയാമോ. എല്ലാം?” അവൾ ആ വിരലിൽ പിടിച്ചു
പേടിയുണ്ട് കണ്ണുകളിൽ
“നിന്നോട് പറയാത്തത് ഒന്നുമില്ല കാശിക്ക്. നിന്നോട് ഒളിക്കുകയുമില്ല. എല്ലാം പറയും. പക്ഷെ ഇവിടെ വെച്ച് പറ്റില്ല. അറിയാമല്ലോ അമ്മ ശ്രദ്ധിക്കും ‘ അവൾ തലയാട്ടി
“ആ ദുഷ്ടൻമാരെ അറെസ്റ്റ് ചെയ്തു ല്ലേ. ഏട്ടനും കൂടി പോയോ?”
“ഉം “
“അവർ എവിടെ ആയിരുന്നു?”
“മുംബൈയിൽ “
“അവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു?”
“മൊബൈൽ ലൊക്കേഷൻ. ഇടക്ക് അതിൽ ഒരാൾ മൊബൈൽ on ചെയ്തു “
“അല്ലായിരുന്നു എങ്കിൽ എങ്ങനെ പിടിച്ചേനെ?”
“അത് പിടിക്കും. നമ്മുടെ പോലീസ് അല്ലേ?”
“അവർക്ക് വേഗം ജാമ്യം കിട്ടും. ഇപ്പോൾ നിയമം കോടതി അതിലൊന്നും വിശ്വാസം ഇല്ലാതെയായി “
“ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ഉറപ്പാണ്” അവൾ ദീർഘമായി നിശ്വസിച്ചു
“പാവം എത്ര വേദന തിന്നു കാണും. പേടിയാവുക ഇപ്പോൾ പുറത്തേക്ക് പോകാൻ. ഹോസ്പിറ്റലിൽ ഉണ്ട് ചില ചീത്ത മനുഷ്യർ..വന്നു പോണവരാ. നോട്ടം കാണണം. നമ്മുടെ കല്യാണം കഴിഞ്ഞ ഞാൻ ജോലിക്കൊന്നും പോകില്ല ട്ട. അമ്മേടെ കൂടെ ഇവിടെ നിന്നോളാം “
കാശി ആ മുഖം ഒന്ന് നോക്കി
“അതിന് ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോവാണെന്നു ആരു പറഞ്ഞു?”
കണ്ണുകൾ മിഴിയുന്ന കാണാൻ നല്ല രസം
“അപ്പോൾ ഉമ്മ തന്നതോ?”
“ഉമ്മ തന്നാൽ കല്യാണം കഴിക്കണോ?”
“സ്നേഹം കൊണ്ടല്ലേ തന്നെ ” അവൾ മെല്ലെ ചോദിച്ചു
പിന്നെ കൂടുതൽ വിഷമിപ്പിക്കാൻ അവന് തോന്നിയില്ല
“പാറു…..ടി “
അവൻ ആ മുഖം ഉയർത്തി
“ഇഷ്ടം അല്ലേ എന്നേ?” സങ്കടത്തിൽ ചോദിക്കുന്നു. അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു
“പിന്നല്ലേ.. ഒരുപാട് ഇഷ്ടമാ.. ഒരുപാട്.. കല്യാണം കഴിക്കാൻ ഉള്ള ഇഷ്ടം..നിന്റെ അച്ഛനോട് എന്റെ അമ്മ പറയും. ഞാൻ അമ്മയോട് പറയാം “
അവൾ ആ നെഞ്ചിൽ ഒരുമ്മ കൊടുത്തു
“നി ഈ സെൻസിറ്റീവ് പാർട്ടിൽ ഒക്കെ ഇങ്ങനെ ഉമ്മ തരാതെടി. പ്രശ്നം ആണ് “
അവൻ ചുറ്റും നോക്കി. ഇരുട്ടാണ്..അവൻ അവളെ മാവിന്റെ മറവിലോട്ട് നീക്കി നിർത്തി. പിന്നെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
കഴുത്തിൽ, കവിളിൽ, കാതിൽ, നെറ്റിയിൽ….
പാർവതി അല്പബോധത്തോടെ അവനെ മുറുകെ പിടിച്ചു നിന്നു. പ്രണയത്തിന്റെ വാതായനങ്ങൾ അവർക്ക് മുന്നിൽ തുറന്നു. ഒന്നിച്ചു ഒറ്റ മനസായി അങ്ങനെ നിന്നു അവർ. ഇത് വരെ കരുതി വെച്ചതെല്ലാം, അടക്കി പിടിച്ചതെല്ലാം മലവെള്ള പാച്ചിൽ പോലെ ആർത്തലച്ചു വന്നു. ഒടുവിൽ വേർപെടുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ ഈറനണിഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു.
മുറ്റത് അമ്മ..പാർവതി പെട്ടെന്ന് മാറി വീട്ടിലേക്ക് ഒരോട്ടം
“എന്ന് വേണം?”
“എന്ത്?” അവൻ ഭാവഭേദമൊന്നുമില്ലാതെ ചോദിച്ചു
“അല്ല കല്യാണം. നാട്ടുകാരെ കൊണ്ട് പറയിപ്പിച്ച കൊ, ല്ലും ഞാൻ “
“അതിപ്പോ ഇപ്പോഴാണെങ്കിൽ കൂടെ ഞാൻ റെഡിയാ..”
“എന്റെ ഈശ്വര നാണമില്ലാത്ത ചെക്കൻ. പറയുന്നത് നോക്ക്. എടാ ഇത് നേരെത്തെ പറഞ്ഞിരുന്നെങ്കിൽ മാവിൻ ചുവട്ടിൽ നിന്ന് മുത്തം കൊടുക്കണോ.. അവനവന്റെ ബെഡ്റൂമിൽ വെച്ചു കൊടുത്തൂടെയിരുന്നോ?”
അവൻ ഒരു കള്ളച്ചിരി. പിന്നെ അകത്തു കയറി പോയി
“ഞാൻ ഇപ്പോൾ വരാം. ഒന്നും വെച്ച് താമസിപ്പിക്കരുത് എന്ന കാർന്നോന്മാർ പറയുന്നേ “
അവർ പാർവതിയുടെ അരികിലേക്ക് പോയി. പാർവതിയുടെ അച്ഛൻ അവരെ കണ്ട് എഴുനേറ്റു
“ഞാൻ വെറുതെ വന്നതല്ല ട്ടോ കാര്യം ഉണ്ട്. രാത്രി അല്ലേ പാറുന്റെ അച്ഛൻ ഉണ്ടാവുള്ളു “
ആ സാധു മനുഷ്യന്റെ മുഖത്ത് ഒരു സംശയം തങ്ങി നിന്നു
“എന്താ പറയു..”
“എന്റെ മോന് പാറുക്കുട്ടിയെ തരുമോ?’
നേരെ വാ, നേരെ പോ, അതാണ് ലക്ഷ്മി
“അയ്യോ ദൈവമേ.. എന്തൊരു ചോദ്യം ആണ് ഇത്.. ഞങ്ങൾ പാവങ്ങളാ.. സത്യത്തിൽ സ്വന്തം ആയിട്ട് ഒന്നും..”
“ഞാൻ ഒന്നിന്റെം കണക് ചോദിച്ചില്ല. ഒന്നും അറിയുകയും വേണ്ടാ. പാർവതിയേ എന്റെ മകൻ കാശിനാഥൻ കല്യാണം കഴിക്കുന്നതിൽ വിരോധം ഉണ്ടോ?”
അയാളുടെ ചുണ്ടുകൾ വിതുമ്പി പോയി
കണ്ണ് നിറഞ്ഞൊഴുകി പോയി. സ്വപ്നം കാണാൻ പോലും വയ്യാത്ത ഒരു ബന്ധം
“നമ്മുടെ കുടുംബക്ഷേത്രത്തിൽ വെച്ച് കല്യാണം എന്നൊരു ആഗ്രഹം..”
“മോളോട് ഒന്ന് ചോദിച്ചിട്ട് “
അത് ലക്ഷ്മിക്ക് ഇഷ്ടം ആയി. പാർവതി എല്ലാം കേട്ടു കൊണ്ട് നിൽക്കുകയായിരുന്നു. അവളുടെ കയ്യും കാലും വിറച്ചിട്ട് പാടില്ല.
അവൾ അങ്ങോട്ടേക്ക് ചെന്നു.
തുടരും…..
