കാശിനാഥൻ – ഭാഗം 44, എഴുത്ത്-മയിൽപീലി

പാർവതി മുന്നിൽ വന്നു. അവൾക്ക് നാണം ഉമ്മവെച്ചത് അമ്മ കണ്ടു. ശ്യോ ഇത് പോലൊരു ജാള്യതയില്ല

“മോളെ ലക്ഷ്മിയമ്മ ഒരു ആലോചന കൊണ്ട് വന്നു. ഡോക്ടർക്ക് വേണ്ടിയാ. മോൾക്ക് സമ്മതമാണോ?” അവൾ അമ്മയുടെ മുഖത്ത് നോക്കി

ഒരു കള്ളച്ചിരി ഉണ്ട്

“അതെ ” അവൾ പറഞ്ഞു

അച്ഛൻ ലക്ഷ്മിയുടെ മുഖത്ത് നോക്കി

“അവൾക്ക് സമ്മതമാണെങ്കിൽ എനിക്ക് എന്താ. ഇത് ഭാഗ്യം പോലെയാ..കാർന്നോന്മാർ ചെയ്ത പുണ്യം “

അയാൾ മുകളിലേക്ക് നോക്കി കൈ കൂപ്പി. ലക്ഷ്മി പാർവതിയേ നോക്കി അൽപനേരം ഇരുന്നു. ആദ്യമായി ഈ പെൺകുട്ടിയെ കണ്ടത് മുതൽ ആഗ്രഹം ഉണ്ടായിരുന്നു തന്റെ മരുമകൾ ആയി, അല്ല മകളായി വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. കാശിയെ ആയിരുന്നു പേടി

പക്ഷെ എന്ത് മാജിക് ആണാവോ കാശിക്ക് ഇവളോട് ഇഷ്ടം തോന്നിയത്. ഭഗവാൻ തോന്നിച്ചതാവും. അല്ലെങ്കിൽ ഇത്രയും നാളുകൾ കല്യാണം വേണ്ടന്ന് പറഞ്ഞു നടന്ന അവൻ മൂക്കും കുത്തി വീണില്ലേ

അവർ യാത്ര ചോദിച്ചു ഇറങ്ങി. കാശി മുറ്റത്തു ഉണ്ടായിരുന്നു

“എന്ത് പറഞ്ഞു?”

“നല്ല പ്രായ വ്യത്യാസം ഉണ്ടല്ലോ അത് കൊണ്ട് ഒന്നുടെ ആലോചിച്ചു പറയാമെന്നു പറഞ്ഞു.”

കാശി ഒരു നോട്ടം നോക്കി

“അങ്ങനെ പറഞ്ഞോ?”

“തെളിച്ചു പറഞ്ഞില്ല. നിങ്ങൾ തമ്മില് ഒരു പത്തു വയസ്സ് വ്യത്യാസം ഉണ്ടല്ലോ. ഇപ്പോൾ അങ്ങനെ വിവാഹം നടത്താറുമില്ല. ആലോചിച്ചു പറയാമെന്നു പറഞ്ഞു. അവർക്കു നമ്മുടെ സ്വത്തും പണവും നിന്റെ പദവിയും ഒന്നും കണ്ടിട്ട് മനസ്സ് ഇളക്കമില്ല. അല്ല പുള്ളി പറഞ്ഞതും സത്യം..”

“പാർവതി ഒന്നും പറഞ്ഞില്ലേ?”

“വെളിയിൽ വന്നിട്ട് വേണല്ലോ “

അവർക്ക് ചിരി വന്നിട്ട് വയ്യ. അവൻ മുണ്ട് മടക്കി കുത്തി മുറ്റത്തൊട്ട് ഒരു ചാട്ടം

“എടാ എങ്ങോട്ടാ?”

“അവളുടെ ത, ന്തയുടെ മുഖത്ത് നോക്കി പറയാൻ. വർഷം ഒന്നായെന്ന് പ്രേമിച്ചു തുടങ്ങിട്ടന്ന്”

അമ്മയുടെ കണ്ണ് തള്ളിപ്പോയി

“ഒരു വർഷം ആയോ?”

“പിന്നല്ലേ.. ഒരു വർഷം കഴിഞ്ഞു..അവളെ വിളിച്ചോണ്ട് ഞാൻ ഇപ്പോൾ വരും. നിലവിളക്ക് കത്തിച്ചോ “

“ഉയ്യോ എന്റെ ദൈവമേ പതുക്കെ.. നാട്ടുകാർ കേൾക്കുമല്ലോ. നി വിളിച്ച അവള് വന്നില്ലെങ്കിലോ. അച്ഛൻ പറഞ്ഞത് അനുസരിച്ചു നിൽക്കുന്ന കുട്ടിയാണെന്ന എനിക്ക് തോന്നുന്നേ “

“അയ്യടാ അച്ഛൻ പറയുന്നത് മാത്രം കേൾക്കുന്ന ഒരു പാവം.. ഒന്ന് പോയെ. ഇവിടെ നിന്ന് പാറു എന്ന് ഞാൻ വിളിച്ച മതി.. എന്റെ പാർവതി ഇവിടെ വരും. ഈ കാശിനാഥന്റ മുന്നിൽ വരും. കാണണോ?”

അമ്മ ആ വാ പൊത്തി

“കാണണ്ട. ഞാൻ വെറുതെ പറഞ്ഞതാ. അച്ഛന് വലിയ സന്തോഷം ആയി. പാവം. കണ്ണ് നിറഞ്ഞു. എന്നിട്ടും മോളോട് അഭിപ്രായം ചോദിച്ചു ട്ടോ. അവളും പറഞ്ഞു സമ്മതം. ഇനി നല്ല ഒരു മുഹൂർത്തം നോക്കി കല്യാണം “

കാശി ഐസ് ആയിപ്പോയി

“അമ്പട ഒരു വർഷം ആയി ഈ ചുറ്റി കളി അല്ലേ. അവളിങ്ങു വരട്ടെ നല്ലത് കൊടുക്കുന്നുണ്ട് ഞാൻ “

“പാവമാമ്മേ ഒന്നും പറയല്ലേ.. തൊട്ടാവാടിയ..”

“അയ്യടാ സ്നേഹം നോക്ക് “

“സ്നേഹം ഉണ്ട്.. ഒരു കടലോളം..”

അവൻ ദൂരെ നോക്കി നിന്നു

“വേണ്ട വേണ്ടന്ന് കരുതിയതാ അമ്മേ..പക്ഷെ അവള് പാവം.. എന്നേ ജീവനാ.. വല്ലാതെ സ്നേഹിക്കുന്നുണ്ട്.. പിന്നെ പിന്നെ ഞാനും അങ്ങനെ ആയി പോയി “

ലക്ഷ്മി ആ തോളിൽ പിടിച്ചു

“നന്നായി.. എന്ത് കൊണ്ടും നന്നായി “

കാശി പുഞ്ചിരിച്ചു

“എന്നാലും എന്റെ കാശീ ചാടി ഇറങ്ങി കളഞ്ഞല്ലോ… ഹൂ “

“പിന്നെ. എന്റെ പെണ്ണിനെ എനിക്ക് വേണ്ടേ?”

“അയ്യോ വേണം വേണം “

അവർ പൊട്ടിച്ചിരിച്ചു

🔥🔥

പിറ്റേന്ന്….

കാശി ഒരു മെഡിക്കൽ ജർണൽ വായിച്ചു കൊണ്ട് കിടക്കുകയായിരുന്നു. പാർവതി വന്നു കാൽക്കൽ ഇരുന്നു. അവൻ അത് മടക്കി വെച്ചു നോക്കി. അവൾ അവന്റെ കാലുകൾ എടുത്തു മടിയിൽ വെച്ചു. പിന്നെ വിരലുകൾ വലിച്ചു. കാലുകളിൽ മെല്ലെ തടവി

കാശി അവളെ നോക്കിയിരുന്നു. പാർവതി കുനിഞ്ഞു ആ പാദത്തിൽ അമർത്തി ചുംബിച്ചു. കാശി പെട്ടെന്ന് അവളെ കോരിയെടുത്തു നെഞ്ചിൽ ചേർത്തു. ആ നിറഞ്ഞ മിഴികളിൽ ചുണ്ട് അമർത്തി

“എന്താ കണ്ണ് നിറഞ്ഞത്?”

“ഒത്തിരി സ്നേഹം കൊണ്ട് “

“ഒത്തിരി സ്നേഹം വന്നാൽ കണ്ണ് നിറയുമോ?”

“ഉം “

“എനിക്ക് ഒത്തിരി സ്നേഹം വന്നാൽ എങ്ങനെ എന്നോ?”

അവൻ അവളുടെ മുഖം പിടിച്ചു താഴ്ത്തി ചുണ്ടുകൾ മെല്ലെ കടിച്ചു

“കടിച്ചു തിന്നും..”

പാർവതി മെല്ലെ ചിരിച്ചു. കാശി അവളെ നോക്കിയിരുന്നു. കണ്ണിമയ്ക്കാതെ…

“നിനക്ക് മറ്റേ കാര്യം അറിയണ്ടേ?”

“ഉം “

“പുറത്ത് പോയിട്ട് വരാം “

“ഉം “

“എങ്കിൽ വാ “

അവൻ കാറിന്റെ കീ എടുത്തു

തുടരും…..