നീഹാരം – ഭാഗം 11, എഴുത്ത്: മയില്‍പ്പീലി

“സർ ഒരു ലേഡി കാണാൻ വന്നിട്ടുണ്ട്,”

“വരാൻ പറ”

സിദ്ധാർഥ് മുന്നിൽ ഇരുന്ന ഫയൽ അടച്ചു, മുന്നിൽ വന്നത് ഏകദേശം ഇരുപത് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ആയിരുന്നു.

“ഇരിക്ക്” അവൻ ഇരിക്കാൻ പറഞ്ഞു

ജീവിതം അതിന്റെ എല്ലാ ദോഷവശങ്ങളും കാണിച്ചു കൊടുത്ത ഒരു പെൺകുട്ടി. കയ്യിൽ പാല് കുടി മാറാത്ത ഒരു കുഞ്ഞ്, അത് അവളുടെ മാറോട് ചേർന്ന് കിടക്കുന്നു

അവന് ഒരു വേദന തോന്നി

“എന്താ പേര്?”

“സ്വാതി”

“പറയു എന്താ കാണാൻ വന്നത്..”

“ഞാൻ പഠിച്ചു കൊണ്ടിരുന്നപ്പോൾ സ്ഥിരം വന്നിരുന്ന ഓട്ടോ ഡ്രൈവർ എന്നെ ചതിച്ചു.. അന്ന് പ്ലസ് ടൂ ആണ്. അയാൾക്ക് വലിയ പ്രായം ഇല്ല.. അയാൾ എന്റെ സ്വകാര്യ ദൃശ്യങ്ങൾ എടുത്തു വെച്ചിരുന്നു. എന്നെ ഒത്തിരി പേടിപ്പിച്ചു. അങ്ങനെ അയാൾക്കൊപ്പം ഞാൻ ഇറങ്ങി പോകാൻ നിർബന്ധിതയായി. വീട്ടുകാരും എന്നെ ഉപേക്ഷിച്ചു.. കുറച്ചു നാൾ വലിയ കുഴപ്പമില്ല. പിന്നെ ഞാൻ ഗർഭിണി ആയി.. പ്രസവത്തിന് എന്റെ വീട്ടിൽ നിന്ന് ആരും വന്നില്ല. അത് പറഞ്ഞു നന്നായി ഉപദ്രവം തുടങ്ങി. കഴിഞ്ഞ ദിവസം എന്നെ മറ്റൊരാൾക്ക് കൈമാറാൻ ശ്രമിച്ചു. കാശു മേടിച്ചിട്ട്.. എന്നെ വിൽക്കുകയായിരുന്നു”

സിദ്ധാർഥ് അവളുടെ കരച്ചിലിൽ പതറി പോയി

“ഒരു വിധത്തിൽ ഞാൻ രക്ഷപ്പെട്ടു.. പക്ഷെ അയാൾ പറഞ്ഞു. ഇനിയും വരും. നിന്റെ ദൃശ്യങ്ങൾ ഒക്കെ ഞാൻ കയ്യിൽ വെച്ചിട്ടുണ്ടെന്ന്.. പിന്നെ എന്റെ മോളെ പോലും വിൽക്കാൻ ആണ് അവന്റെ പ്ലാൻ. അതിനും കൂടി ചേർത്ത് ആണ് പൈസ വാങ്ങിച്ചതെന്ന്”

ഇക്കുറി സിദ്ധാർഥ് ഞെട്ടി

പലതും കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്, ഇത് നേരിട്ട് ആദ്യമായിട്ടാണ്. ഒരു വയസ്സ് ഉള്ള കുഞ്ഞിനെ വെച്ച് പോലും പണം ഉണ്ടാക്കാൻ നോക്കുക. അവൻ നടുക്കത്തിൽ ഇരുന്ന് പോയി

🌹🌹🌹🌹

സ്വാതി വൈകുന്നേരം കുളിച്ചു കണ്ണെഴുതി പൊട്ട് തൊട്ടു. മോളെ ഉറക്കി അയാളെ കാത്ത് ഇരുന്നു. അയാൾ വന്നു. അവൾ പുഞ്ചിരിച്ചു കൊണ്ടു സ്വീകരിച്ചു. അയാൾക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു. അവളെന്തു പറയുമെന്ന്

കാര്യം രതീഷ്നെ പറഞ്ഞു വിട്ടെങ്കിലും പിന്നെ അവനെ കണ്ടുമില്ല. കാര്യം സാധിച്ചു പോയി കാണും. പുതിയ വഴികൾ തുറന്നു കിട്ടി

“ചോറ് വിളമ്പട്ടെ?”

“ആ”

ചോറ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ വന്നു മുട്ടിയിരുമ്മി നിന്നു. നന്നായി കുടിച്ചിട്ടുണ്ട്. അത് കൊണ്ടു തന്നെ രുചി അറിയില്ല. വാരി വാരി കഴിച്ചു

“മോള് ഉറങ്ങിയോടി”

“ഉറക്കി”

അവൾ വാതിൽ അടച്ചു കുറ്റി ഇട്ട് മുടി അഴിച്ചു വിതറി ഇട്ടു

“നിയങ്ങു സുന്ദരി ആയി കേട്ടോ”

നാക്ക് കുഴയുന്ന പോലെ. അവൾ ചിരിക്കുന്നു. ഒരു മുഖം അല്ല നൂറു മുഖങ്ങൾ

അയാൾ തല കുടഞ്ഞു. കാഴ്ചക്ക് മങ്ങൽ

“നീ എന്റെ കൊച്ചിനെ വെച്ച് കച്ചവടം നടത്തും അല്ലേടാ?” ഒരടി മുഖത്ത്. തടയാൻ പറ്റുന്നില്ല

“നീ കഴിച്ചതിൽ ഞാൻ മയക്കു മരുന്ന് കലക്കി തന്നിട്ടുണ്ട്..”

അയാൾ ഞെട്ടി. ഇറങ്ങി ഓടാൻ പറ്റുന്നില്ല

“എടി എന്നേ ആശുപത്രിയിൽ കൊണ്ടു പോടീ..”

“കൊണ്ടു പോകാം നിന്റെ മൊബൈൽ എവിടെ?” അയാൾ എടുത്തു കൊടുത്തു

അതിലുള്ള എന്റെ എല്ലാ ദൃശ്യങ്ങളും അവൾ ഡിലീറ്റ് ചെയ്തു

“ഇനി കൊണ്ടു പോടീ” അവൾ ചെറു ചിരിയോടെ അയാളെ നോക്കി നിന്നു

🔥🔥🔥🔥

“അവൻ പോലീസ് കസ്റ്റഡിയിൽ ആയി സാറെ.. സ്ഥലം എസ് ഐ വിളിച്ചിട്ടുണ്ടായിരുന്നു.. എന്താ വേണ്ടെന്ന് ചോദിച്ചു”

“അവനെതിരെ കേസ് എടുക്കാൻ പറ. മനുഷ്യക്കടത്തിനും ഭീഷണിപ്പെടുത്തലിനും. ആ പെൺകൊച്ചു പോയി ജീവിക്കട്ടെ ഇനിയെങ്കിലും”

“എങ്ങനെ ജീവിക്കും സാറെ.. ഇത് പോലെ ഒത്തിരി പെൺപിള്ളേർ അബദ്ധം പറ്റി സമൂഹത്തിൽ ഉണ്ട്. ഇറങ്ങി പോരാനും വയ്യ. വീട്ടിലും കയറ്റില്ല..”

“ആസിഫ് ഹോസ്പിറ്റലിൽ ഒരു ജോലി ശരിയാക്കി കൊടുത്തിട്ടുണ്ട്. ജീവിക്കണമെങ്കിൽ ജീവിക്കാം.”

വിശാൽ കുറച്ചു നേരം അറിയാതെ അവനെ നോക്കി നിന്നു പോയി. അവൾ സ്വയം രക്ഷപെടാൻ കാണിച്ച ധൈര്യം പറഞ്ഞു കൊടുത്തത് സാറാണ് എന്ന് അവന് ഉറപ്പായിരുന്നു. ഈ പരുക്കന്റെ ഉള്ളിൽ ഒരു നല്ല മനുഷ്യൻ ഉണ്ട്. സ്നേഹം ഉള്ള ഒരാൾ

“എന്താ വിശാലേ?”

“ഒന്നുല്ല സർ.. അതേയ് സാറിനോരു പണി വരുന്നുണ്ട്”

“വാട്ട്?”

“അന്നത്തെ പെണ്ണ്. റിയ”

സിദ്ധാർഥ് പുറത്തേക്ക് നോക്കി. ദേണ്ടെടാ വരുന്നു

“ഹലോ സർ”

വിശാലിന്റെ നേരെ

“ഹായ്”

“നമ്മൾ അന്ന് കണ്ടാരുന്നു.. പരിചയപ്പെട്ടില്ല. ഞാൻ ആർക്കിടെക്ട് ആണ്. ഞങ്ങളുടെ കുഞ്ഞ് ഒരു സ്റ്റാർട്ടപ്പ് ആണ് ആ ഓഫീസിൽ. ഇത്രയും നാളുകൾ ഇത് വെറുതെ കിടക്കുകയായിരുന്നു. ഇപ്പോഴാ ജീവൻ വെച്ചേ. ഞങ്ങൾക്ക് ഒരു അയൽപക്കവും കിട്ടി. ഞാൻ വന്നത്. ഇന്ന് എന്റെ bday ആണ്.. ലഡു”

അവൾ കയ്യിൽ ഉള്ള ബ്ലോക്സ് നീട്ടി

“ഹാപ്പി ബർത്ത് ഡേ”

“താങ്ക്യൂ”

സത്യത്തിൽ വിശാലിനു അവളെ ഇഷ്ടപ്പെട്ടു

സ്മാർട്ട്. അടിപൊളി പെണ്ണ്

‘നിങ്ങളുടെ സർ ഇല്ലേ?”

“ഉണ്ടല്ലോ”

അവൾ അതുമായി അകത്തേക്ക്. വിശാൽ കണ്ണുകൾ ഇറുക്കി അടച്ചു

എന്റെ ഈശ്വര അങ്ങേര്..

തുടരും……

Leave a comment