മഴനൂലുകൾ ~ ഭാഗം 03, എഴുത്ത്: NIDHANA S DILEEP

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

പാത്തു മേരിയമ്മയുടെ പിറകിൽ ഒളിച്ചു.

“പപ്പേ മറന്നോ മോള്”

“അല്ല മേരിയമ്മ എന്താ മിണ്ടാത്തെ ..മേരിയമ്മയും മറന്നോ എന്നെ” ചിരിച്ചു കൊണ്ടുള്ള സംസാരം കേട്ടപ്പോൾ തന്നെ മേരിയമ്മയുടെ മുഖം ഇരുണ്ടു.

“”ആഹ് രണ്ട് വർഷത്തോളമായില്ലെ കണ്ടിട്ട്…പെട്ടെന്ന് മനസിലായില്ല””ഒട്ടും താൽപര്യമില്ലാത്ത രീതിയിൽ മറുപടി കൊടുത്തു.

“” പാത്തു ഇങ്ങു വന്നേ പപ്പ ചോദിക്കട്ടേ…പപ്പേം മോളും സംസാരിക്കുമ്പോഴേക്കും മേരിയമ്മ ചായ എട്ക്ക്””മേരിയമ്മയുടെ പിറകിൽ ഒളിച്ച പാത്തൂനെ പിടിച്ചു മടിയിലിരുത്തി അവളോട് സംസാരിക്കാൻ തുടങ്ങി ധ്രുവൻ.

” ഒരു പപ്പ വന്നിരിക്കുന്നു…ഇപ്പോ എവ്ടേന്നു വന്നേ…സ്വന്തം കൊച്ചിനെ തിരിഞ്ഞ് നോക്കാത്ത പപ്പ….”ഓരോന്നു പിറുപിറുത്തു കൊണ്ട് അടുക്കളയിൽ ചായ ഇട്ടു. ചായയുമായി ധ്രുവന്റെ മടിയിൽ ഇരിക്കുകയായിരുന്നു പാത്തു.ധ്രുവൻ ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട്. ആദ്യത്തെ പകപ്പ് അവളിൽ നിന്നും മാറിയിട്ടുണ്ട്.

“” മേരിമ്മേ …പപ്പാ””പാത്തു ചിരിച്ചു കൊണ്ടു ധ്രുവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കൊണ്ട് പറഞ്ഞെങ്കിലും മേരിയമ്മ ഒന്നും പറയാതെ ധ്രുവനു നേരെ ചായ നീട്ടി.

“”പപ്പേടെ കൂടെ വരുന്നോ മോള്…പപ്പ മോൾക്ക് ഐസ്ക്രീം വാങ്ങി തരും..ചോക്ലേറ്റ് വാങ്ങി തരും…””അതു കേട്ടതും കുഞ്ഞി കണ്ണുകൾ വിടർന്നു.

“” പാവേനെ വാങ്ങിത്തര്വോ…””

“”പാവയോം വാങ്ങി തരാം…””പാത്തൂനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“”മേരിയമ്മേ ഞാൻ മോളെ പുറത്ത് കൊണ്ട് പോവ്വാ”” മേരിയമ്മയെ നോക്കി കൊണ്ട് പറഞ്ഞു.

“അതു പറ്റില്ല ധ്രുവൻ.. തനു വരട്ടെ കുഞ്ഞ് സമ്മതിച്ചാ മോളെ കൊണ്ട് പോയ്ക്കോ..മോളെ നോക്കാൻ എന്നെ ഏൽപ്പിച്ചിട്ടാ തനു പോയിരിക്കുന്നത്” അതുവരെ ഉണ്ടായിരുന്ന ധ്രുവന്റെ ചുണ്ടിലെ ചിരി മാഞ്ഞു.

“എന്റെ മോളെ പുറത്ത് കൊണ്ട് പോവാൻ ആരുടെയും അനുവാദം എനിക്ക് വേണ്ട”ശബ്ദം കടുത്തിരുന്നു.

“”വേണം ധ്രുവൻ …എന്റെ അനുവാദം വേണം””വാതിലിനടുത്തായി നിൽക്കുന്ന തനുവിനെ കണ്ടതും പാത്തു അവളുടെ അടുത്തേക്ക് ഓടി ചുറ്റിപ്പിടിച്ചു.തനുവും ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു.ധ്രുവന്റെ മുഖ ഭാവത്തിൽ നിന്ന് അവളെ പ്രതീക്ഷിച്ചില്ല എന്നു വ്യക്തമായിരുന്നു.പെട്ടെന്ന് തന്നെ വിളർച്ച മറച്ചു വെച്ചു മുഖത്ത് പുച്ഛം കലർന്ന ചിരി വരുത്തി.”അത് പുതിയ അറിവാണല്ലോ തനൂ.. മോളുടെ പേര് ഇപ്പോഴും പ്രാർത്ഥന എസ് ധ്രുവൻ എന്ന് തന്നെയല്ലേ..”ധ്രുവൻ ഒന്നു നിർത്തി തനുവിനെ നോക്കി.മോളെ ചേർത്തു പിടിച്ച് അവനെ തന്നെ നിൽക്കുകയാണ്.ഒന്നും മനസിലാവാതെ രണ്ടുപേരെയും നോക്കുന്നുണ്ട്.”അവളുടെ ബയോളിക്കൽ ഫാദർ ഞാനല്ലേ…അതോ…ദ്വയാർത്ഥത്തിൽ പൂർത്തിയാക്കാതെ നിർത്തി.

“നിങ്ങൾ ബയോളിജിക്കൽ ഫാദർ മാത്രാണ് ധ്രുവൻ…എന്റെ മോള്ന്നു നിങ്ങൾ അധികാരത്തോടെ ഇപ്പോ പറഞ്ഞല്ലോ.. മോളോട് ഇതുവരെ നിങ്ങൾ സ്നേഹത്തോടെ എത്ര പ്രാവിശ്യം നിങ്ങൾ സംസാരിച്ചിട്ടുണ്ടാവും…എന്നിട്ടും എന്നെക്കാൾ മോള് നിങ്ങളെ അല്ലെ സ്നേഹിച്ചേ പപ്പ..പപ്പാന്നു പറഞ്ഞു നിങ്ങൾടെ പിറകെ നടന്നിട്ടില്ലെ…അന്നൊന്നും കാണിക്കാത്ത സ്നേഹം ഇപ്പോ പെട്ടെന്ന് പൊട്ടി മുളച്ചു…”ഇത്രയും നാൾ ഒതുക്കി വെച്ചതെല്ലാം മലവെള്ളപ്പാച്ചിൽ പോലെ പുറത്തേക്കൊഴുകി.””പിന്നെ എന്റെ മോളുടെ പേര് പ്രാർത്ഥന എസ് തനൂജ എന്നാണ്..””

“സ്വന്തം മോളോടുള്ള സ്നേഹം മൂത്താണ് ഇങ്ങോട്ട് വന്നതെന്ന് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട് ധ്രുവൻ…. ഗാർഡിയനായ എന്റെ സാന്നിധ്യത്തിൽ മാത്രേ നിങ്ങൾക്ക് മോളെ കാണാനും സംസാരിക്കാനുമുള്ള പെർമിഷൻ ഉള്ളൂന്നു ധ്രുവൻ മറന്നു പോയോ..കോർട്ട് ഓഡർ തെറ്റിച്ചാൽ ഞാൻ പോലീസിനെ വിളിക്കും”തെല്ലും പതറാതെ അവന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.

“ഡീ നീ പോലീസെന്നു പറഞ്ഞ് പേടിപ്പിക്കല്ലേ …എന്നെ വാശി കേറ്റര്ത് തനൂ നീ….അവസാനം നീ കരയേണ്ടി വരും.ആഗ്രഹിച്ചതൊക്കെ എങ്ങനെ നേടിയെടുക്കാംന്നു ധ്രുവന് നന്നായി അറിയാം…നീന്നെയടക്കം ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത എന്നോടാ നീ മത്സരിക്കുന്നത്.”കൈയിൽ പിടിച്ചടിപ്പിച്ച് കവിളിൽ കുത്തിപ്പിടിച്ചു

“വിട്…..”അവൾ കുതറി കൊണ്ട് പറഞ്ഞു.മേരിയമ്മയും പിടി വിടുവിക്കാൻ നോക്കി.പാത്തു പേടിച്ച് കരയാൻ തുടങ്ങി.

” പപ്പേടെ കൂട്ടില്ല”അവന്റെ കാലിൽ തല്ലി കൊണ്ട് പറഞ്ഞു.മേരിയമ്മ വേഗം പാത്തുവിനെ എടുത്തു. ധ്രുവൻ കവിളിലെ പിടി ഒന്നുകൂടി മുറുക്കിയതും തനു ധ്രുവന്റെ കൈ വലിച്ചെറിഞ്ഞു.

“എന്നെ തൊട്ട് പോവര്ത് ..”അവനെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു.

ധ്രുവൻ വീണ്ടും പിന്നെയും വലിച്ചടുപ്പിച്ചു.തനു അവന്റെ കൈയിൽ നിന്നും കുതറി മാറാൻ നോക്കിയപ്പോൾ ഒന്നോ കൂടി ചേർത്തു പിടിച്ചു

“എന്താടീ ഞാൻ തൊട്ടാൽ…നീ അലിഞ്ഞു പോയോ… ഞാൻ തൊടാത്ത ഏത് സ്ഥലാടീ നിന്റെ ശരീരത്തിലുള്ളേ…നിന്റെ ശരീരത്തിൽ എവ്ടെയൊക്കെ മറുകുണ്ടെന്നു വരെ ഞാൻ പറഞ്ഞു തരട്ടെ”

“”ഛേ””മുഖം വെട്ടിച്ചു കൊണ്ട് തനു പിന്നെയും അവനെ പിടിച്ച് തള്ളി.”ഇപ്പോ ഇറങ്ങണം ധ്രുവൻ ഇവ്ടുന്ന്..” ദേഷ്യം കൊണ്ട് തനുവിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

“നീ ജയിച്ചെന്നു കരുതണ്ട തനു…മോളെ ഞാൻ കൊണ്ടു പോയിരിക്കും”അതും പറഞ്ഞ് ധ്രുവൻ അവിടെ നിന്നും പോയി.പേടിച്ചു കരഞ്ഞു കൊണ്ടിരുന്ന പാത്തുവിനെ സമാധാനിപ്പിക്കുകയായിരുന്നു മേരിയമ്മ

“‘അമ്മാ..”‘പാത്തു കരഞ്ഞു കൊണ്ട് അവൾക്കു നേരെ കൈ നീട്ടി.പാത്തുവിനെ എടുത്തതും തോളിൽ തല ചായ്ച്ചു കിടന്ന് കരയാൻ തുടങ്ങി.

“”സാരല്ലാട്ടൊ പോട്ടെ…അമ്മക്കൊന്നും പറ്റിലാലോ ..വല്യപപ്പോട് പറഞ്ഞ് പപ്പയ്ക്ക് തല്ലു കൊടുപ്പിക്കാട്ടോ”

“‘പാത്തൂട്ടി അമ്മേ നോക്കിയേ …അമ്മക്കൊന്നും പറ്റീലാലോ” പാത്തു അവളെ ആകെ നോക്കി വീണ്ടും തോളിൽ കിടന്നു.

“”പപ്പേന്റെ കൂട്ട് വേണ്ടമ്മേ””ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.””ഇല്ലാട്ടോ അമ്മേം മേരിയമ്മേം ഒന്നും പപ്പേടെ കൂട്ടില്ലാട്ടോ””പാത്തൂന്റെ പുറത്ത് തട്ടി കൊണ്ടിരുന്നു.

“പാത്തൂം കൂട്ടില്ല””

“”പാത്തൂം കൂട്ട് വേണ്ടാട്ടോ..””

“”മോളെ ഇങ്ങ് താ വന്നതല്ലേ ഉള്ളൂ…പോയി കുളിച്ചൊക്കെ വാ”” മേരിയമ്മ അവളെ എടുക്കാൻ നോക്കിയപ്പോൾ ചിണുങ്ങി ഇപ്പുറത്തെ തോളിൽ കിടന്ന് കഴുത്തിൽ ചുറ്റി പിടിച്ചു.” സാരല്ല മേരിയമ്മേ….”കരഞ്ഞതു കൊണ്ടാവാം വേഗം ഉറങ്ങി. അവളെ ബെഡിൽ കിടത്തി.ഉറങ്ങുന്ന മോളെ ഒന്നു നോക്കിയ ശേഷം കുളിക്കാനായി ബാത്ത്റൂമിൽ കയറി.ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴും ശരീരം പൊള്ളുന്നത് പോലെ.ധ്രുവന്റെ വാക്കുകൾ ഓർത്തപ്പോൾ ശരീരത്തിൽ പുഴുക്കൾ ഇഴയും പോലെ തോന്നി.ധ്രുവൻ പറഞ്ഞത് ശരിയാണ് ധ്രുവൻ ആഗ്രഹിച്ചത് നടക്കാൻ ഏതറ്റം വരെയും പോകും.ഇഷ്ടമാണെന്നു ധ്രുവൻ പറഞ്ഞു പിറകെ നടന്നപ്പോഴും ഒഴിഞ്ഞു മാറി നടന്നിട്ടേ ഉള്ളൂ.റിട്ടേഡ് പോസ്റ്റുമാസ്റ്ററുടെ മോൾക്ക് ആഗ്രഹിക്കാവുന്നതിലും അപ്പുറമാണ് ധ്രുവൻ എന്നറിയാമായിരുന്നു.അവസാനം മാരേജ് പ്രോപോസലായി വീട്ടിൽ വന്നു.ധ്രുവന്റേയും കുടുംബത്തിന്റേയും നിലക്കും വിലക്കും ചേർന്ന തരത്തിൽ കല്യാണം നടത്താൻ അച്ഛൻ ശ്രമിച്ചു.അതിനായി വീടിന്റെ ആധാരം പണയം വെച്ചെന്ന് ഒരുപാട് വൈകിയാണറിഞ്ഞത്.ധ്രുവൻ ആഗ്രഹിച്ചത് പോലെ നടക്കുന്നൊരു പാവ അതായിരുന്നു താൻ.ധ്രുവേട്ടാ എന്നു വിളിച്ചപ്പോൾ അത്തരം ഫോർമാലിറ്റീസ് ഇഷ്ടമല്ല ധ്രുവൻ എന്നു വിളിക്കാൻ പറഞ്ഞു.ധ്രുവന് ഇഷ്ടപ്പെട്ട ഡ്രെസ്..മേക്കപ്പ് ഒക്കെ ഇട്ടു നടക്കുന്ന ജീവനുള്ള പാവ അതായിരുന്നു തനു.തോന്നുമ്പോൾ ആഗ്രഹവും ആവേശവും തീർക്കാനൊരു ശരീരം.

“കുഞ്ഞെന്തിനാ ഒളിച്ചു കളിക്കണേ…പറയാൻ അവനില്ലാത്ത നാണോം മാനോം മോൾക്കെന്തിനാ”മേരിയമ്മയുടെ മുഖത്ത് നോക്കാൻ വല്ലാത്ത ചമ്മലായിരുന്നു അതു കൊണ്ട് മുഖം കൊടുക്കാതെ ഒളിച്ചു നടക്കുവായിരുന്നു.അത് മനസിലാക്കിയിട്ടെന്ന പോലെ മേരിയമ്മ ചോദിച്ചു.””മേരിയമ്മേ എനിക്കെന്റെ മോളെ കൂടി നഷ്ടാവ്വോ””

“”ധ്രുവന്റെ വിരട്ടൽ കേട്ടിട്ടാണോ മോളിത് പറഞ്ഞേ…പാത്തൂ മോളെ വിട്ട് പോകുംന്നു തോന്നുന്നുണ്ടോ…മൂന്നു നാല് വർഷം കഴിഞ്ഞ പാത്തൂന് എല്ലാം മനസിലാവുന്ന പ്രായാവും അപ്പോ അവളേറ്റവും വെറുക്കുന്നത് അവൾടെ പപ്പേ ആയിരിക്കും…മോള് വേണേ എഴുതി വെച്ചോ ഇത്…ഇതേ സംഭവിക്കാൻ പോന്നുള്ളൂ”” മേരിയമ്മേ ചാരിയിരുന്നു.അമ്മേ പോലെ തന്നെ മേരിയമ്മയും തനുവിനെ മനസിലാക്കും.

രാത്രി പാത്തു ഉറക്കത്ത് ഇടക്ക് ഇടക്ക് ഞെട്ടിന്നുണ്ട്.പ്പാ..മ്മാ..അങ്ങനെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.നെറ്റിയിൽ കൈ വെച്ചപ്പോൾ നല്ല ചൂടുണ്ട്. മേരിയമ്മെ വിളിച്ചു കൊണ്ടു വന്നു.

“”ഹോസ്പിറ്റലിൽ പോയാലോ മേരിയമ്മേ..””

“” രാവിലെ നോക്കിയിട്ട് പോവാം… ഇത് പേടിച്ചിട്ടായിരിക്കും…”” മോളെ പറ്റിച്ചേർന്നു പൊതിഞ്ഞു പിടിച്ചു കിടന്നു.മുഖത്തേക്ക് അടർന്നു വീണ മുടി ഒതുക്കി വെച്ചു.കൈയൊക്കെ നല്ല ചൂട്.നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കിടന്നപ്പോൾ നിശ്വാസത്തിന് പോലും ചൂട്. രാവിലെത്തേക്ക് പനി കുറഞ്ഞെങ്കിലും ഹോസ്പിറ്റലിൽ കാണിച്ചു. വല്ലാത്ത വാശി.എന്തെങ്കിലും അസുഖം വന്നാ തനു വേണം അടുത്ത്. “”മ്മേ””ന്നു പറഞ്ഞു ചിണുങ്ങി കൊണ്ടിരുന്നു.അവസാനം മടിയിലിരുത്തി പൊതിഞ്ഞു പിടിച്ചു.””അമ്മയില്ലേ പാത്തൂന്റെടുത്ത് പിന്നെന്തിനാ അമ്മേടെ ചിങ്കാരി കരയണേ””

“”ഇത് കൊടുക്ക് “” മരുന്ന് ഒരു സ്പൂണിൽ ഒഴിച്ചു കൈയിൽ തന്നു കൊണ്ട് മേരിയമ്മ പറഞ്ഞു.

“”മ്ഹു..മ്ഹു്ം വേണ്ടമ്മേ..കയ്ക്കും..”” പാത്തൂന്റെ ചുണ്ടിലേക്ക് സ്പൂൺ അടുപ്പിച്ചതും തല ഇരുവശത്തേക്കും ആക്കി.””നല്ല മധുരാ…കുടിക്കാൻ …””ഇത്തിരി കുടിച്ച ശേഷം പിന്നേയും പാത്തൂന്റെ ചുണ്ടിൽ സ്പൂൺ അടുപ്പിച്ചു.””വേണ്ടാ….””ചിണുങ്ങാൻ തുടങ്ങി.””ദേ ഇത് കുടിച്ചാ പനി വേഗം മാറും…ഇല്ലേ ഹോസ്പിറ്റലിൽ പോയ ഇത്രേ ം വെല്യെ സൂചിയോണ്ട് പാത്തൂനെ കുത്തും”” മേരിയമ്മ അത് പറഞ്ഞപ്പോൾ പിന്നേം കരയാൻ തുടങ്ങി.””സൂചി വേണ്ടമ്മേ…പാത്തൂന് പേടിയാ..””

“”എന്നാ പാത്തു ഇത് കുടിക്ക്”” ഇത്തിരി മാത്രം കുടിച്ചു.””മതി””സ്പൂൺ തട്ടി മാറ്റി.

“”മേരിയമ്മേ ആരാന്നു നോക്കിയേ…”” കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ പറഞ്ഞു.

“”മേരിയമ്മോ ഞാനെത്തീ””വലിയ ബാഗും വലിച്ച് ആരതി അകത്തേക്കു വന്നു.

“”ഓഹ്..ഞാൻ മേരിയമ്മയോട് പറയാൻ മറന്നു പോയി നീ ഇന്നു വരുംന്നു”” ഇന്നലെത്തെ പ്രശ്നത്തിൽ ആരു ഇന്ന് വരുംന്നു പറയാൻ മറന്നു പോയി.

“”ഇങ്ങോട്ടു താമസം മാറ്റുംന്നു തനു മോള് പറഞ്ഞിരുന്നു എപ്പോഴാ വരുന്നേന്നു പറഞ്ഞില്ല “”മേരിയമ്മയും പറഞ്ഞു.

“”എന്താ പാത്തൂട്ടിക്കൊരു ഉഷാറില്ലാത്തേ…””പാത്തു തനുവിന്റെ ചുമലിൽ ചെരിഞ്ഞ് കിടന്നതല്ലാതെ ഒന്നും മിണ്ടിയില്ല.”‘പാത്തൂനെ ചെറ്തായിട്ട് പനി പിടിച്ചു…അല്ലേ പാത്തൂട്ടീ..””ഒന്നു കൂടി പാത്തൂനെ ചേർത്തു പിടിച്ചു കൊണ്ട് തനു പറഞ്ഞു.

“” അത് കേസ് തോറ്റതിന്റെ പ്രകടനമായിരിക്കും..നിന്നെ കൊള്ളാഞ്ഞിട്ടാ തനൂ….ഞാനോ വല്ലോം ആയിരിക്കണം നിന്റെ സ്ഥാനത്ത്…അവന് വേറെ കണക്ഷൻ ഉണ്ടെന്ന് അറിഞ്ഞ ഓൺ ദി സ്പോട്ടിൽ അവന്റെ ചെകിടത്തൊന്നു കൊടുത്ത് കൊച്ചിനേം കൊണ്ട് ഇറങ്ങിയേനെ.എന്നിട്ട് നല്ല ചൊങ്കൻ ചെക്കനേം കെട്ടി രണ്ടാമത്തെ മെറ്റേണൽ ലീവിനുള്ള അപേക്ഷ ഫിൽ ചെയ്തേനെ””ഇന്നലെത്തെ സംഭവം മുഴുവൻ അറിഞ്ഞപ്പോൾ ആരതി പറഞ്ഞു.

“”എന്നെങ്കിലും എല്ലാം ശരിയാവുംന്നൊരു പ്രതീക്ഷയായിരുന്നു.ഇന്നു ശരിയാവും നാളെ ശരിയാവുംന്നു വെച്ചു സഹിച്ചു ..എല്ലാം മറന്നു ജീവിച്ച് തുടങ്ങിയതും വീണ്ടും വന്ന് മനസമാധാനം കളയുന്നു..ആരൂനറിയോ ജനിക്കുന്നതിന് മുൻപ് എത്ര പ്രാവിശ്യം എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കീട്ടുണ്ടെന്നോ..ഭക്ഷണം പോലും പേടിച്ചാ കഴിച്ചിരുന്നേ.. കൈ കുഞ്ഞായിരിക്കുമ്പോ മോൾക്ക് പനി വന്നാ പോലും തിരിഞ്ഞു നോക്കീട്ടില്ല ആ മനിഷൻ..ഇപ്പോ മോളെന്നും പറഞ്ഞു വന്നിരിക്കുന്നു….””

“”ഇത്രയും നാൾ കുഞ്ഞിനെ തിരിഞ്ഞു നോക്കാത്തയാൾ കുഞ്ഞിനു വേണംന്നു പറഞ്ഞു കേസ് കൊടുക്കുന്നു …ഭീഷണി പെടുത്തുന്നു ..നിനക്ക് തോന്നുന്നുണ്ടോ തനു ധ്രുവന് സ്നേഹം കൊണ്ടാ മോളെ വേണംന്നു പറയുന്നേന്നു””

“”എനിക്കറിയാം ആരൂ..മോളോടുള്ള സ്നേഹം കൊണ്ടല്ലാ ധ്രുവനീ കാണിച്ചു കൂട്ടുന്നതൊന്നും..വേറെയെന്തോ ലക്ഷ്യമുണ്ട് ധ്രുവന്…സത്യം പറഞ്ഞാൽ ചെകുത്താനും കടലിനും നടക്കാ ഞാനിപ്പോ..””

“”,ചെകുത്താനാരാ തനൂ ജിതനാണോ അതോ ധ്രുവനോ..”” മറുപടി പറയാതെ ആരുവെ നോക്കി പേടിപ്പിച്ചപ്പോൾ ആരു മുപ്പത്തി രണ്ടു പല്ലും കാണിച്ച് ഇളിച്ചു കാണിച്ചു.

???????????

പാത്തൂനെ എടുത്തു നടന്നു ഉറക്കാൻ നോക്കി .ഉച്ചക്ക് ഉറങ്ങിയത് കൊണ്ട് ഉറങ്ങാതെ തോളിൽ തല വെച്ച് കിടക്കുകയാണ്.തനുവിന്റെ മുടി വിരൽ കൊണ്ട് ചുറ്റി കളിക്കുകയാണ്.

“”പാത്തൂ…ഉറങ്ങീലേ അമ്മ കട്ടിലിൽ കിടത്ത്വേ…””

“”പാത്തു ഒറങ്ങിയമ്മേ…””കണ്ണടച്ചു കൊണ്ട് പാത്തു പറഞ്ഞു

പാത്തൂനെ ഉറക്കി കിടത്തി പതിയെ വയറിൽ തട്ടി കൊടുത്തു.പനി മാറിയെങ്കിലും വാശി പോയിട്ടില്ല.

“”വക്കീലെന്താ പറഞ്ഞേ””മുടിയൊക്കെ ഉയർത്തി കെട്ടി കിടക്കാനുള്ള പുറപ്പാടിലാണ് ആരു.

“”മോൾക്ക് ഏഴ് വയസ് വരെ എന്റെ കൂടെയേ കോടതി അയക്കൂ..ഇപ്പോഴത്തെ കോടതി വിധിക്കെതിരെ ധ്രുവൻ ഹൈകോർട്ടിൽ അപ്പീൽ പോയിട്ടും കാര്യമില്ല. മോളെ കിട്ടാൻ ധ്രുവൻ ആകെ ചെയ്യാൻ പറ്റുന്നത് മോള് എന്റെടുത്ത് സേഫെല്ലെന്നു കോടതിയിൽ പ്രൂവ് ചെയ്യുക അതിന്റെ കൂടെ മോളെ കൊണ്ടും തോന്നിപ്പിക്കുക എന്റെ കൂടെ സേഫല്ലെന്ന് . ധ്രുവനിന്നു വന്നത് മോളെ കൈയിലെടുത്ത് മോളുടെ സ്നേഹം പിടിച്ചു പറ്റാനായിരിക്കും .പെട്ടെന്ന് എന്റെ മുന്നിൽ ശരിക്കുള്ള സ്വഭാവം അറിയാതെ പുറത്ത് വന്നു പോയതായിരിക്കും…എന്നെ ഓഫീസിൽ ബ്ലോക്ക് ചെയ്യാനുള്ള എല്ലാം ചെയ്തിട്ടായിരിക്കും ധ്രുവൻ വന്നത്.അതായിരിക്കും ഇന്ന് ഹെവി വർക്ക് തന്നത്.ഞാൻ മേനേജറോട് പോലും ചോദിക്കാതെയല്ലേ ഇറങ്ങിയത്.ഞാനാ സമയം വരുംന്ന് ധ്രുവൻ കരുതി കാണില്ല.അവിടെയായിരീക്കും ധ്രുവന് തെറ്റിയത്.””

“” ധ്രുവന് എല്ലായിടത്തും നല്ല പിടിപാടുള്ളതാ.നമ്മുടെ ഓഫീസിൽ പോലും അവനു ഹോൾഡുണ്ട് അങ്ങനെയുള്ള അവനോടെങ്ങനെ നീ എതിർത്ത് നിൽക്കും തനൂ…””

“”ഞാനെന്റെ പാത്തൂന്റെ അമ്മയാ..ആ ശക്തി മതിയെനിക്ക് ധ്രുവനോട് എതിരിട്ട് നിൽക്കാൻ. ആർക്കും ഞാനെന്റെ മോളെ വിട്ട് കൊടുക്കില്ല..എന്റെ മാത്രമാണ്..എന്റെ ശരീരത്തിന്റെ ഭാഗം …””കുഞ്ഞി നെറ്റിയിൽ ചുണ്ടമർത്തി .

……തുടരും…….