സ്വന്തമായി സുന്ദരിയായ ഒരു ഭാര്യ ഉള്ളപ്പോൾ എന്തിനാ രാഹുലേ മറ്റുള്ളവരുടെ ഭാര്യമാരെ ആഗ്രഹിക്കുന്നത്…

രുചി

Story written by Shaan Kabeer

===========

“ടാ, നീ അവളുടെ ഭർത്താവിനെ കണ്ടോ, അവൻ ആളൊരു തണുപ്പനാലെ”

രാഹുൽ തന്റെ കൂട്ടുകാരനെ നോക്കി കണ്ണിറുക്കി ചിരിച്ചു. രാഹുലിന്റെ കള്ളച്ചിരി കണ്ട കൂട്ടുകാരൻ അവനെ നോക്കി കണ്ണുരുട്ടി

“എന്റെ ചങ്കേ, അത് എനിക്കെങ്ങനാ അറിയാ”

“നിനക്ക് ഒന്നും അറിയില്ല, കാരണം നീ കുട്ടിയാണ്. നീ നോക്കിക്കോ ചങ്കേ, അവളെ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ വളച്ച് മടക്കി കൈക്കുള്ളിലാക്കും”

കൂട്ടുകാരന്റെ മുഖത്ത് പുച്ഛം

“സ്വന്തമായി സുന്ദരിയായ ഒരു ഭാര്യ ഉള്ളപ്പോൾ എന്തിനാ രാഹുലേ മറ്റുള്ളവരുടെ ഭാര്യമാരെ ആഗ്രഹിക്കുന്നത്”

രാഹുൽ പൊട്ടിച്ചിരിച്ചു

“കട്ടുതിന്നുന്ന രുചി ഒന്ന് വേറെതന്നെയാ  മോനേ, അതൊന്നും നിന്നെപോലുള്ള മന്ദബുദ്ധികളോട് പറഞ്ഞിട്ട് കാര്യമില്ല. ഈ ഞാനെന്ന ജിന്നിനോട്‌ പല സ്ത്രീകൾക്കും അടങ്ങാത്ത ല ഹരിയാണ് മോനേ”

ഇതിനിടയിൽ രാഹുലിന്റെ മൊബൈൽ ശബ്‌ദിച്ചു, അവൻ ഫോണിലേക്ക് വെറുപ്പോടെ ഒന്ന് നോക്കി, ഭാര്യയായിരുന്നു ലൈനിൽ

“നീ ഇങ്ങനെ വിളിച്ച് വെറുപ്പിക്കല്ലേ, ഞാൻ ഫ്രീയായിട്ട് തിരിച്ചു വിളിക്കാം”

ഇതും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു

“ലോകത്തുള്ള  സ്ത്രീകളോട് മൊത്തം  കൊഞ്ചാനും, കുഴയാനും  സമയമുണ്ട്. പക്ഷെ സ്വന്തം ഭാര്യയോട് ഒരു അഞ്ചു മിനിറ്റ് സംസാരിക്കാൻ അവന് വയ്യ, നിന്നെ എങ്ങനാടെ അവൾ രണ്ട് വർഷം സഹിച്ചേ, കഷ്ടം”

“എടാ മരക ഴുതേ, എന്റെ ഭാര്യയെ എനിക്ക് എപ്പോ വേണേലും കിട്ടും. പക്ഷെ മറ്റുള്ളവരുടെ കാര്യം അങ്ങനല്ലല്ലോ. എന്തോരം റിസ്കെടുത്താ ഓരോ വീട്ടിലും കയറിപറ്റുന്നെ, വീട്ടിൽ നിന്നും കഴിക്കുന്ന സാധാ ഊണിനേക്കാൾ രുചിയാണ് മോനേ നല്ല ചിക്കൻ ബിരിയാണിക്ക്. ഊണ് നമുക്ക് എപ്പോ വേണേലും കഴിക്കാലോ, പക്ഷെ ചിക്കൻ ബിരിയാണി വല്ലപ്പോഴുമേ കിട്ടൂ”

ഇത്രയും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു. അപ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് വന്നതിന്റെ മണി അവന്റെ കാതിൽ മുഴങ്ങിയത്. തന്റെ ഏത് കാമുകിയാണ് മെസ്സേജ് അയച്ചത് എന്ന് നോക്കാൻ  ചിരിച്ച മുഖത്തോടെ  അവൻ വാട്സാപ്പ് തുറന്നു. അവന്റെ മുഖത്തെ സന്തോഷം മെല്ലെ മാഞ്ഞു. മെസ്സേജ് തുറന്ന് നോക്കാതെ ഫോൺ പോക്കറ്റിലിട്ടു

“ആരാടാ മെസ്സേജ് അയച്ചേ “

കൂട്ടുകാരൻ തിരക്കി

“ഹോ, അത് ഭാര്യയാടാ,  ഫോൺ എടുത്തില്ലേൽ മെസ്സേജ് അയച്ചു വെറുപ്പിക്കും. കൈ കടയുമ്പോൾ താനേ നിറുത്തും”

“നീ എന്തായാലും അവൾ അയച്ച മെസ്സേജ് ഒന്ന് നോക്ക്. ചിലപ്പോൾ വല്ല അത്യാവശ്യ കാര്യമാണെങ്കിലോ”

അവൻ കൂട്ടുകാരൻ പറഞ്ഞത് അനുസരിച്ചില്ല. ഒരുപാട് നിർബന്ധിപ്പിച്ചപ്പോൾ രാഹുൽ തന്റെ ഭാര്യ അയച്ച മെസ്സേജ് തുറന്നു നോക്കി. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനായിരുന്നു

“സ്നേഹം നിറഞ്ഞ ചേട്ടന്, ഞാൻ ഒരുപാട് വിളിച്ചു പക്ഷെ ചേട്ടൻ ഫോൺ എടുത്തില്ല. ഞാൻ പോവാണ്. അടുത്ത വീട്ടിലെ സന്തോഷും ഞാനും തമ്മിൽ കുറച്ച് മാസങ്ങളായി പ്രണയത്തിലാണ്. ചേട്ടൻ മറ്റുള്ളവരുടെ ഭാര്യമാർക്ക് സന്തോഷം കൊടുക്കാൻ പോകുന്ന സമയങ്ങളിൽ എനിക്ക് സന്തോഷം തന്നിരുന്നത് സന്തോഷായിരുന്നു. ആ പിന്നെ ചേട്ടാ, ഈ കട്ട് തിന്നുന്ന രുചി ആൺ പൂച്ചകൾക്ക് മാത്രം അല്ല, പെൺ പൂച്ചകൾക്കും ഇഷ്ടാണ്… “

മെസ്സേജ് വായിച്ചു കഴിഞ്ഞ ഉടൻ രാഹുൽ തന്റെ കൂട്ടുകാരനെ ദയനീയമായി ഒന്ന് നോക്കി. കൂട്ടുകാരൻ അവന്റെ തോളിൽ തട്ടി ആശ്വാസവാക്ക് എന്നോണം പറഞ്ഞു

“എല്ലാവരും നിന്നെപ്പോലെ ആവണം എന്നില്ല…കിട്ടിക്കൊണ്ടിരുന്ന ഊണ് കിട്ടാതാവുമ്പോൾ അവർ എന്നും കിട്ടുന്ന ചിക്കൻ ബിരിയാണിയെ വല്ലാതങ്ങ് സ്നേഹിച്ചു പോകും “

ഇടിവെട്ടിയവന്റെ കാലിൽ പാമ്പ് കടിച്ച അവസ്ഥ ആയിരുന്നു അപ്പോൾ രാഹുലിന്…

~ ഷാൻ കബീർ