കഴുത്തിലും നെഞ്ചിനോട് ചേർന്നും ചതവുകൾ ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ അവളുടെ വസ്ത്രം മുഴുവനായി മാറ്റിയെന്ന് നോക്കി

ചില ഓർമ്മക്കുറിപ്പുകൾ – എഴുത്ത് : മീനാക്ഷി മീനു

ആ രാത്രി അവസാനത്തെ ലേബർകേസും കഴിഞ്ഞു റിപ്പോർട്ടും എഴുതി വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവ് പോലെ ഒരു എമർജൻസി കേസുണ്ട് എന്ന് കാഷ്വാലിറ്റിയിൽ നിന്നും കോൾ വന്നത്.

ഇന്നെങ്കിലും ചന്തുവിനോടൊപ്പം കുറച്ചു നേരം ഇരിക്കണമെന്ന് പ്ലാൻ ചെയ്തതാണ്. എന്നും ഇങ്ങനെയാണ് എന്നവൻ പരിഭവം പറയും. അമ്മയ്ക്ക് മാത്രം തിരക്ക്…ഹോസ്പിറ്റലിൽ വേറെ ഡോക്ടർമാർ ഇല്ലാത്ത പോലെ…അവനറിയില്ലല്ലോ ഒരു ഗൈനോകോളജിസ്റ്റ്ന്റെ തിരക്കെന്താണെന്ന്.

ഡ്യൂട്ടി ടൈം എന്നത് പേരിന് മാത്രമാണ്. ഏത് സമയത്തും ഒരു വിളി വന്നാലിവിടെ ഓടിയെത്തണം. രണ്ട് ജീവനാകും മിക്കവാറും കണ്മുന്നിൽ. കണ്ടില്ലെന്ന് നടിക്കാനോ ഒഴികഴിവ്‌ പറയാനോ എങ്ങിനെയാണ് കഴിയുക. എല്ലാം കഴിഞ്ഞു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ഉറപ്പ് വരുത്തുമ്പോൾ മനസ്സിന് കിട്ടുന്നയൊരു ശാന്തതയുണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയില്ല.

അതൊന്ന് കൊണ്ടു മാത്രം ബാക്കിയുള്ള പരിഭവങ്ങളും അസൗകര്യങ്ങളുമെല്ലാം കണ്ടിലെന്ന് വെയ്ക്കും അല്ലാതെയെന്ത്. ഫോണെടുത്ത് വേഗം അനിയേട്ടനു മെസേജ് അയച്ചു. “ഇന്നും വൈകും..ചന്തുവിനെ നോക്കിക്കോണേ…” സെന്റ് ആയ അതേ സ്പീഡിൽ റിപ്ലൈ വന്നു.

ചിരിക്കുന്ന ഒരു സ്മൈലി…ഓകെ എന്നയർത്ഥത്തിൽ… അതിൽ എല്ലാമുണ്ട്…എല്ലാം…വേഗം സ്റ്റത്ത് കയ്യിലെടുത്തു കാഷ്വാലിറ്റി ലക്ഷ്യമാക്കി നടന്നു.

ഒരാൾകൂട്ടം തന്നെയുണ്ട് അവിടെ. രോഗികൾക്ക് കൂട്ടു വന്നവരും അഡ്മിറ്റ് ആയ ചില രോഗികളും വരെ കയ്യിൽ കുത്തിയ ഐവിയും വെച്ച് കൂട്ടം കൂടി അവിടെ കിടക്കുന്ന രോഗിയെ നോക്കുന്നു. ഇത്രമാത്രം എന്താണവിടെ കാണാൻ..? ദേഷ്യമാണ് വന്നത്.

“കാഴ്ച കാണാൻ നിക്കാതെ എല്ലാവരും ഒന്ന് മാറിക്കെ.” എന്നുച്ചത്തിൽ പറഞ്ഞിട്ട് സ്റ്റക്ച്ചറിൽ കിടക്കുന്ന രോഗിയെ നോക്കിയ ഞാൻ ഞെട്ടിപ്പോയി. അരയ്ക്ക് കീഴ്പോട്ടു കോരിയൊഴിച്ചത് പോലെ കൊഴുത്തരക്തവുമായി ഒരു പെണ്കുട്ടി.

പെണ്കുട്ടി എന്നു തികച്ചും പറയാൻ കഴിയില്ല. ആകെക്കൂടി ശോഷിച്ച, ജീവനുണ്ട് എന്നു പോലും പറയാൻ കഴിയാത്ത ഒരു രൂപം. ഒറ്റനോട്ടത്തിൽ മനസിലായി യൂട്രസിൽ നിന്നുമാണ് ബ്ലീഡിങ്. അതും വളരെ ക്രിട്ടിക്കൽ. ശ്വാസമെടുക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് ആ കുട്ടി. വലത് കൈ അടിവയറ്റിൽ പൊത്തിപിടിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുമായി എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ…

വേഗം ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റാൻ സ്റ്റാഫ്നോട് പറഞ്ഞിട്ട് ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് ഞാനും പിന്നാലെ വേഗത്തിൽ നടന്നു. നടക്കുന്നതിനിടയിൽ അവിചാരിതമായി ആ കുട്ടിയെന്റെ കയ്യിലമർത്തി പിടിച്ചു.

“നിക്ക്…ജീവിക്കണം…രക്ഷിക്കണം.”

ഇത്രമാത്രം വളരെ ബുദ്ധിമുട്ടി അത് പറഞ്ഞൊപ്പിച്ചു. സ്ട്രേകച്ചറിൽ നിന്നും കടന്നു പോകുന്ന വഴിയെല്ലാം രക്തത്തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു. എനിക്കെന്തോ വല്ലാത്ത പരിഭ്രമം തോന്നി. അവളെന്നോട് അപേക്ഷിക്കുകയാണ് രക്ഷിക്കാൻ…ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബ്ലീഡിങ് നിർത്താൻ കഴിഞ്ഞത്.

പെണ്കുട്ടി ഗർഭിണിയല്ല, എന്നു മാത്രമല്ല ഒരു പുരുഷനെ അറിഞ്ഞിട്ടുമില്ല. അടിവയറ്റിൽ ഏറ്റ മറ്റേതോ ശക്തമായ ക്ഷതമാണ് കാരണം. കുറച്ചുകൂടി വൈകിയിരുന്നുവെങ്കിൽ ആ കുട്ടി മരണപ്പെടുമായിരുന്നു.

സെഡേഷന്റെ മയക്കത്തിൽ ശാന്തമായി ഉറങ്ങുന്ന അവളുടെ മുഖത്തേയ്ക്ക് ഞാൻ സൂക്ഷിച്ചു നോക്കി. ഇടത്തെ പുരികത്തിനു മുകളിലും ചുണ്ടുകളിലും മുറിവുകളുണ്ട്. അധികം സമയമാവാത്ത ചോരയുണങ്ങാത്ത മുറിവുകൾ. കവിളുകളിൽ അടിയേറ്റ പാട്.

കഴുത്തിലും നെഞ്ചിനോട് ചേർന്നും ചതവുകൾ ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ അവളുടെ വസ്ത്രം മുഴുവനായി മാറ്റിയെന്ന് നോക്കി. അക്ഷരാർത്ഥത്തിൽ കണ്ടകാഴ്ച്ച കണ്ടു ഞാൻ ഞെട്ടിപ്പോയി.

മാറു മുതൽ അടിവയറു വരെ അടിയേറ്റ പാടുകൾ മുറിവുകൾ…പൊള്ളലേറ്റ പാടുകൾ വരെ…പഴക്കമുള്ളതും അല്ലാത്തവയും. കൈത്തണ്ടകളിൽ പോലും മുകളിൽ നിന്ന് താഴേക്ക് വരഞ്ഞ രീതിയിൽ പഴുപ്പൊലിക്കുന്ന നീണ്ട മുറിവുകൾ. കൂടാതെ പൊക്കിളിനു താഴെയായി ചുവന്നു നീലിച്ച ഒരു വലിയ പാടും.

അതിന് ഒട്ടും പഴക്കമില്ല. അത് തന്നെയാണ് ഇപ്പോഴുണ്ടായ ബ്ലീഡിങ്നു കാരണമെന്ന് എനിക്ക് വ്യക്തമായി. ആരാകും ഇവളെ ഇത്ര ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടാവുക?

“ആനി..ആരാണ് കുട്ടിയെ കൊണ്ടുവന്നത്.” നേഴ്സിനോടായി ഞാൻ ചോദിച്ചു.

“ഭർത്താവാണ് മാഡം.”

“ഭർത്താവോ…ഈ കുട്ടി മാരീഡ് ആണോ?” വിശ്വാസം വരാതെ ഞാൻ വീണ്ടും എടുത്തു ചോദിച്ചു.

“അതേ മാഡം.. അങ്ങിനെയാണ് പറഞ്ഞത്.” ഒരു നിമിഷം ഞാൻ ആലോചിച്ചു.

“ഇതെങ്ങിനെ? അയാളോട് എന്റെ മുറിയിലേക്ക് ഒന്ന് വരാൻ പറയൂ.”

എന്നു പറഞ്ഞിട്ട് ഞാൻ മുറിയിലേക്ക് നടന്നു. അൽപസമയത്തിന് ശേഷം, നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്ന് മുറിയിലേക്ക് കയറി വന്നു. ഒന്നു മുട്ടുക പോലും ചെയ്യാതെ, അനുവാദം ചോദിക്കാനുള്ള മര്യാദ പോലും വശമില്ലാത്ത ഒരാൾ.

ചുവന്ന കണ്ണുകളും കടുപ്പമുള്ള പുരികക്കോടിയും മീശയും ഉള്ള അയാൾക്ക് പണ്ടെങ്ങോ കണ്ടയൊരു ചിത്രത്തിലെ ചെകുത്താന്റെ ഛായ ഉണ്ടെന്നെനിക്ക് തോന്നി…

“ഞാൻ മിലിയുടെ ഹസ്ബൻഡ് ആണ്. ഇപ്പൊ കൊണ്ടുവന്ന…” അയാൾ പറഞ്ഞു.

“ഉം.. എത്ര നാളായി വിവാഹം കഴിഞ്ഞിട്ട്…? ഞാൻ ചോദിച്ചു.

“രണ്ടര വർഷം.”

എനിക്കാകെ ഒരമ്പരപ്പ് തോന്നിയെങ്കിലും ഒന്നും വെളിയിൽ കാണിക്കാതെ ഞാൻ തുടർന്നു. “എന്ത് പറ്റിയതാണ് ആ കുട്ടിക്ക്..”

“അവൾ പടിയിറങ്ങുമ്പോൾ വീണതാണ്.”

ഞാനയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഒരു കുറ്റവാളിയുടെ മുഖഭാവത്തോടെ അയാൾ അയാളുടെ കണ്ണുകൾ തറയിലേക്ക് ഉറപ്പിച്ചുകൊണ്ടു ഇരുന്നിരുന്നു. കൃഷ്ണമണികൾ അങ്ങുമിങ്ങും ഓടികളിച്ചിരുന്നു. ഒട്ടും സ്ഥിരതയില്ലാത്തത് പോലെ.

“എത്ര വയസ്സുണ്ട് അവൾക്ക്.”

“ഇരുപത്.”

“ഉറപ്പാണോ..?”

“ഇരുപത് ആകുന്നേയുള്ളൂ.”

“അപ്പൊ പതിനെട്ടാം വയസിൽ വിവാഹം. പ്രണയവിവാഹം ആയിരുന്നോ..?”

“അല്ല.. അറെഞ്ചഡ്.”

“വീട്ടിൽ നിങ്ങളോടൊപ്പം വേറെ ആരൊക്കെയുണ്ട്.”

“ആരുമില്ല.. ഞാനും അവളും മാത്രം.”

കാര്യങ്ങൾ ഏകദേശം എനിക്ക് വ്യക്തമായി തുടങ്ങി. മുഖത്ത് നോക്കി സംസാരിക്കാൻ ത്രാണിയില്ലാത്ത ഇയാളോട് ഇനിയൊന്നും ചോദിച്ചിട്ട് കാര്യമില്ല എന്നെനിക്ക് തോന്നി. അയാളോട് പോകാൻ പറഞ്ഞതും രക്ഷപ്പെട്ടു എന്നപോലെ അയാൾ വേഗത്തിൽ ഇറങ്ങിയോടി.

കുട്ടി ഇപ്പോൾ സ്റ്റെബിളാണ്..എങ്കിലും അവളെ വിട്ട് വീട്ടിൽ പോകാൻ എനിക്കെന്തോ മടി തോന്നി. അവളുണരട്ടെ…പറയാൻ ബാക്കിവെച്ചത് എല്ലാം പറയട്ടെ. അവൾക്കുവേണ്ടി ഇനിയെന്തെങ്കിലും കൂടി ചെയ്യാൻ എനിക്ക് ബാക്കിയുണ്ടെങ്കിലോ?

അനിയേട്ടന് ഇന്ന് വരാൻ കഴിയില്ലെന്ന് മെസ്സേജ് അയച്ചിട്ടു ടേബിളിൽ തന്നെ കുമ്പിട്ടു കിടന്നൊന്നു കണ്ണടച്ചു. എത്ര നേരമങ്ങിനെ കിടന്നുവെന്നറിയില്ല. കണ്ണ് തുറക്കുമ്പോൾ ആനി വന്നു കുലുക്കി വിളിക്കുന്നുണ്ട്.

“മാഡം.. ആ കുട്ടിക്ക് ബോധം വന്നു.”

വേഗം എഴുനേറ്റ് മുഖമൊന്നു കഴുകി തുടച്ചു ഞാൻ പോസ്റ്റ് ഓപ്പറേഷൻ വാർഡിലേക്ക് പോയി. വാടിയ ചേമ്പിൻ തണ്ടു പോലെ കട്ടിലിൽ കിടന്നിരുന്ന അവൾ എന്നെകണ്ടതും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

“ഇപ്പോഴെങ്ങിനെയുണ്ട്..” ഒരു ചിരിയാണ് മറുപടി. മനോഹരമായ ചിരി.

“വേദനയുണ്ടോ..”

“ഇല്ല.. ആശ്വാസമുണ്ട്.”

“കൂടെയുള്ളത് ഭർത്താവാണോ..?”

ആ ചോദ്യം കേട്ടതും ആ മുഖത്ത് അതുവരെയുണ്ടായിരുന്ന വെട്ടം കെട്ടത്‌പോലെ തോന്നിയെനിക്ക്.

“ഉം..” എന്നൊരു മറുപടി. കൂടുതൽ ഒന്നും ചോദിക്കാൻ അപ്പോൾ തോന്നിയില്ല.ആ അവസ്ഥയിൽ എങ്ങിനെയാണ് അതിനെ ചോദ്യം ചെയ്യുന്നത്. രാവിലെ ഒരു റൗണ്ടസ് കൂടി നോക്കി, ഓ.പിയും കഴിഞ്ഞു, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കേന്ന് പറഞ്ഞിട്ട് ഞാൻ വീട്ടിലേക്ക് ഇറങ്ങി.

വല്ലാത്ത ക്ഷീണം. പോയി ഒന്ന് നന്നായി ഉറങ്ങണം. പാർക്കിങ്നു അടുത്തെത്തിയപ്പോൾ കണ്ടു, മാറി നിന്ന് സിഗരറ്റ് വലിക്കുന്ന മിലിയുടെ ഭർത്താവിനെ. എന്നെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അയാൾ പുക വലിച്ചു വിട്ടുകൊണ്ടിരുന്നു. എന്തൊരു മനുഷ്യൻ…

അനിയേട്ടൻ ഡ്യൂട്ടിക്കും ചന്തു സ്‌കൂളിലെയ്ക്കും പോയി കഴിഞ്ഞിരുന്നു. എന്തോ കഴിച്ചെന്നു വരുത്തി ഞാൻ വേഗം ഉറങ്ങാൻ കിടന്നു. വൈകിട്ട് ചന്തുവിന്റെ സ്‌കൂൾ ബസിന്റെ ഹോണാണ് ഉറക്കത്തിൽ നിന്നും എഴുന്നേല്പിച്ചത്. മുഖം വീർപ്പിച്ചു പിടിച്ചിരുന്ന ചന്തുവിന്റെ പരിഭവം കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തതും അലിഞ്ഞു പോയി.

“അച്ഛനില്ലാത്ത തിരക്ക് എന്താ അമ്മയ്ക്ക്.” അവനു സംശയം. “അച്ഛൻ വൈകുന്നേരം ആയാൽ ഇവിടെ ഉണ്ടല്ലോ…അമ്മ മാത്രം എന്നും ഫോണ് വന്നാൽ ഓടും.”

“അച്ഛൻ മെഡിക്കൽ ഓഫീസറല്ലേ…രാവിലെ പോയാൽ വൈകുന്നേരം വരാം. രോഗികളെ നോക്കണ്ട. ഹോസ്പിറ്റൽ നോക്കിയ മതി. അതുപോലെയാണോ അമ്മ…അമ്മ ഗൈനോയാണ്. അവിടെ ദേ ഓരോ കുഞ്ഞുവാവയും പിറന്ന് വീഴുന്നത് അമ്മയുടെ ഈ കയ്യിലേക്കാ…അന്നേരം പിന്നെ വിളിച്ചാൽ പോകണ്ടേ.”

“വേണ്ട. അമ്മയും അച്ഛന്റെ പോലെ ഡ്യൂട്ടി ചെയ്താൽ മതി.”

“മതി..” പറഞ്ഞാൽ മനസിലാകുന്ന പ്രായമല്ലല്ലോ…അതുകൊണ്ട് സമ്മതിച്ചു കൊടുക്കുന്നതാണ് നല്ലത്. എന്തായാലും അന്ന് രാത്രി വേറെ കോളൊന്നും വന്നില്ല. അതുകൊണ്ട് ചന്തുവിനെ ഒന്നു സമാധാനിപ്പിക്കാൻ കഴിഞ്ഞു. അനിയേട്ടനോട് രാത്രി മിലിയെക്കുറിച്ചു പറഞ്ഞു.

“അവൻ തന്നെയാവും ആ കുട്ടിയെ ഉപദ്രവിച്ചത്.”

“എനിക്കും അങ്ങിനെ തന്നെയാണ് തോന്നുന്നത് ഏട്ടാ..ആ കുട്ടിയുടെ എനിക്ക് ജീവിക്കണം എന്ന ആ വാക്കുകൾ അവളെ രക്ഷപ്പെടുത്താൻ എന്തെങ്കിലും ചെയ്യണെന്ന് എന്റെ മനസ്സ് പറയുന്നു.”

“ആദ്യം ആ കുട്ടി എന്താണ് പറയുന്നതെന്ന് നോക്ക് നിരൂ…നമ്മൾ ചിന്തിക്കുന്നത് പോലെയാണ് കാര്യങ്ങൾ എങ്കിൽ ആ കുട്ടി ആഗ്രഹിക്കുന്ന പോലെ അവളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം. പക്ഷെ ഭാര്യയും ഭർത്താവും ആണ്. അവർക്കിടയിൽ എന്താണെന്ന് അവർക്കെ അറിയൂ എന്നോർക്കണം.”

എന്തായാലും നാളെ ഉച്ച കഴിഞ്ഞ് മിലിയെ ഒന്നു വിശദമായി കാണണമെന്ന് തന്നെ ഉറപ്പിച്ചു. അപ്പോഴേക്കും ഹോസ്പിറ്റലിൽ നിന്ന് കോൾ വന്നിരുന്നു.

“മാഡം മിലിയുടെ ഭർത്താവ് ഡിസ്ചാർജ് വേണമെന്ന് പറഞ്ഞു ബഹളം വെയ്ക്കുന്നു. ഓകെ ആയല്ലോ ഇനിയും എന്തിനാണ് ഇവിടെ കിടക്കുന്നതെന്ന്.”

“ഡിസ്ചാർജ് എഴുതേണ്ടത് ഞാനാണ് എന്നു പറയൂ. എന്തായാലും ഇനി ഞാൻ വന്നിട്ടെ നടക്കൂ. നേരം വെളുക്കട്ടെ.”

“അയാൾ ഭയങ്കര സീനാണ് മാഡം.”

“അവിടെ കിടന്ന് ബഹളം വെച്ചാൽ പോലീസിനെ വിളിക്കുമെന്ന് പറ. രാമേട്ടൻ ഇല്ലേ അവിടെ. അയാളെ പിടിച്ചു പുറത്താക്കാൻ ഞാൻ പറഞ്ഞെന്ന് പറയൂ…ആ കുട്ടി സുഖമായി ഉറങ്ങട്ടെ.”

“ശരി മാഡം.”

“അനിയേട്ടാ അയാൾ ഡിസ്ചാർജ് വേണമെന്ന് പറഞ്ഞു ബഹളമാണ് പോലും. അതും ഈ രാത്രി തന്നെ പോകണമെന്ന്.”

“അവൾ എന്തെങ്കിലും പറഞ്ഞാലോ എന്ന ഭയം കാണും. പോലീസിനെ വിളിക്കുമെന്ന് പറയാൻ പറ. അവൻ കാരണമാണ് അവൾ അവിടെ കിടക്കുന്നതെങ്കിൽ പേടിച്ചു അടങ്ങിക്കോളും.”

“പറഞ്ഞു “

കലുഷിതമായ മനസോടെ ആണ് ഉറങ്ങാൻ കിടന്നത്. അവളുടെ വായടപ്പിക്കാൻ അവൻ പാടുപെടുന്നുണ്ട്. ഭയക്കാൻ തുടങ്ങിരിക്കുന്നു അവളെ.

പിറ്റേന്ന് റൗണ്ട്‌സ് പോയപ്പോൾ അവളുടെ തൊട്ടടുത്ത് നിൽക്കുന്നുണ്ട് അവനും.

“ഡിസ്ചാർജ് എഴുതുവല്ലേ..”

“അത് താനാണോ തീരുമാനിക്കുന്നത്..” “എല്ലാം മാറിയല്ലോ..” “ഓ..അതൊക്കെ തന്നെ നോക്കി കണ്ടുപിടിക്കാൻ അറിയാമെങ്കിൽ എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. സ്വയം ചികിൽസിച്ചു കൂടായിരുന്നോ.” മറുപടിയില്ല. “ഇപ്പോ കുഴപ്പില്ല ഡോക്ടർ. വീട്ടിൽ പോകണമെന്നുണ്ട്.” ഇത് പറഞ്ഞത് അവളാണ്. എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. കീ കൊടുത്താൽ ചലിക്കുന്ന ഒരു പാവയെ പോലെ അവനൊപ്പം ചലിക്കുന്നു അവളും. ഭയന്നിട്ടാവും ചിലപ്പോൾ. അല്ലെങ്കിൽ ആ താലിയുടെ പവറാകും. “മിലി…ഡിസ്ചാർജ് ആക്കേണ്ട ടൈം ആകുമ്പോൾ ഞാൻ പറയാം. എന്തായാലും അത് ഇന്നില്ല. റെസ്റ്റ് എടുക്കൂ.” എന്നു പറഞ്ഞിട്ട് കൂടുതൽ ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടന്നു. ഓ.പി തീർന്നതും ഞാൻ മിലിയെ എന്റെ റൂമിലേക്ക് വിളിപ്പിച്ചു. അവളോടൊപ്പം ഇടിച്ചു കയറി അകത്തേയ്ക്ക് വന്നു അവനും. “താൻ ഒന്ന് പുറത്തേയ്ക്ക് നിൽക്കണം. എനിക്ക് ഈ കുട്ടിയോട് തനിച്ച് ഒന്ന് സംസാരിക്കണം.” ഞാൻ അയാളോട് പറഞ്ഞു. “എനിക്കൂടി കേൾക്കാൻ കഴിയുന്നത് സംസാരിച്ച മതി.” എനിക്കാകെ ദേഷ്യം വന്നു. എന്നോട് കല്പിക്കാൻ ഇവനാരാണ്. “ഒന്നുകിൽ സ്വമേധയാ വെളിയിൽ ഇറങ്ങി നിൽക്കുക. എന്നിട്ട് എന്നെ സംസാരിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ എനിക്ക് ഈ കാര്യത്തെ നിയമപരമായി നേരിടാനാണ് താൽപ്പര്യം. എന്നെ സംബന്ധിച്ച് ഇതൊരു ഗാർഹിക പീഡന കേസാണ്. അത് അതിന്റെ വഴിക്ക് തന്നെ പോട്ടെ. ഞാൻ റിപ്പോർട്ട് ചെയ്യാം.” ഒന്നും മിണ്ടാതെ എന്നെയൊന്നു രൂക്ഷമായി നോക്കിക്കൊണ്ടു അവൻ പുറത്തേയ്ക്ക് ഇറങ്ങി പോയി. ഞാൻ എഴുന്നേറ്റ് ചെന്നു ഡോർ ലോക്ക് ചെയ്തു. എല്ലാം കണ്ടു ഭയന്ന് ഇരിക്കുകയാണ് മിലി. “ഇനി പറയൂ മിലി..എന്താണ് സംഭവിച്ചത് അന്ന് രാത്രി.?” “ഞാൻ സ്റ്റെപ്പ് ഇറങ്ങിയപ്പോൾ വീണതാണ് മാഡം.” തലകുമ്പിട്ടുകൊണ്ടു അവൾ പറഞ്ഞൊപ്പിച്ചു.

“മിലി ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്നാണ്. പറഞ്ഞാൽ, നഷ്ടപ്പെടുന്നത് ജീവനാണ്. എനിക്ക് ജീവിക്കണം എന്നല്ലേ അന്ന് എന്റെ കൈ പിടിച്ചു മിലി പറഞ്ഞത്. അത് സത്യമാണ് എങ്കിൽ ഉണ്ടായത് എന്താണെന്ന് എന്നോട് തുറന്നു പറയണം.”

അല്പനേരം കൂടി അവൾ മിണ്ടാതെ ആ ഇരുപ്പിരുന്നു. ഒടുവിൽ സംസാരിച്ചു തുടങ്ങി.

“എന്നെ ചവിട്ടിയതാ.. അടിവയറ്റിൽ.”

“എന്തിന്..?”

“മുടി മുറിച്ചതിന്..പിന്നെ…പിന്നെ കരയാത്തതിനു.”

“ഭർത്താവാണോ..” അവൾ അതെയെന്ന് തലയാട്ടി.

“എന്തിനാ മുടി മുറിച്ചത്..”

“എന്നും മുടിയിൽ ചുറ്റിപിടിച്ചു അടിക്കുമ്പോ..മുറിച്ച പിന്നെ..അത് കൊള്ളേണ്ടല്ലോ ഓർത്ത് ഞാൻ.” അവൾ തലകുമ്പിട്ടു മൗനമായി ഇരുന്നു. മടിയിലേക്ക് കണ്ണുനീർ തുള്ളികൾ ഇറ്റു വീഴുന്നുണ്ടായിരുന്നു.

“കരയാത്തതിന് തല്ലുന്നുവെന്നോ..എനിക്കത് മനസിലായില്ല മിലി..”

“എന്റെ കണ്ണുനീർ കാണുന്നതാണ് അയാൾക്ക് ലഹരി…കുറെ ആയപ്പോൾ ഞാൻ കരയില്ലെന്നു തീരുമാനിച്ചു. അപ്പൊ..കരയുന്നത് വരെ…” അവൾ ഒരു വിങ്ങലോടെയാണ് സംസാരിക്കുന്നത്. അതോന്നടങ്ങുന്നത് വരെ മറുചോദ്യം ചോദിക്കാതെ ഞാൻ കാത്തിരുന്നു. ഒടുവിൽ പിന്നെയും സംസാരിച്ചു.

“രണ്ടര വർഷമായി കല്യാണം കഴിഞ്ഞിട്ട് അല്ലെ.”

“അതേ…”

“ആൻഡ് യൂ ആർ സ്റ്റിൽ വിർജിൻ.”

“നോ.. ” അവൾ തലയുയർത്തി എന്റെ മുഖത്തേക്ക് നോക്കി.

“മിലി.. നീ സംസാരിക്കുന്നത് ഒരു ഗൈനോകൊളജിസ്റ്റ്നോടാണ് എന്ന് ഓർമ്മ വേണം. അതും കഴിഞ്ഞ ദിവസം നിന്നെ ട്രീറ്റ് ചെയ്ത ആളോട്.”

അവൾ എന്റെ മുന്നിലിരുന്നു ശബ്ദമില്ലാതെ കരഞ്ഞു. അതോടൊപ്പം അവൾ പറഞ്ഞ കഥകേട്ട് ഞാൻ ശ്വാസം വിടാനാകാതെ ഇരുന്നുപോയി. രണ്ടര വർഷം കൊണ്ട് ആ പെണ്കുട്ടി അനുഭവിച്ചത് വളരെ ദുസ്സഹമായ പീഡന മുറകളായിരുന്നു. സ്വന്തം ആണത്വമില്ലായ്മ മറയ്ക്കാൻ ലഹരിക്ക് അടിമപ്പെട്ട് അവൻ ഓരോ ദിവസവും ഈ പെണ്കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എല്ലാം കേട്ട് ഞാനവളോട് പറഞ്ഞു. “മിലി.. നിനക്ക് ഡിവോഴ്‌സ്നു അപ്പ്ലൈ ചെയ്തൂടെ.. എന്തിനാണ് ഇനിയും സഹിക്കുന്നെ..?”

“അത് തെറ്റല്ലേ ഡോക്ടർ. വിവാഹമോചനം പാപമാണ്. ഭർത്താവിന് ഭാര്യയുടെ ശരീരത്തിൽ അവകാശമുണ്ട് എന്നൊക്കെയാണ് ഞാൻ പഠിച്ചിട്ടുള്ളത്.”

“എത്രത്തോളം അവകാശം ഉണ്ടെന്നാണ് നീ പഠിച്ചത്? തല്ലി ചതയ്ക്കാനുള്ള അവകാശമാണോ..? അതോ കൊല്ലാനുള്ള അവകാശവും ഉണ്ടോ..? ജീവനാണോ വലുത് വിവാഹബന്ധമാണോ വലുത്.? ഇത്തവണ നീ രക്ഷപ്പെട്ടു. അടുത്ത തവണ സ്ഥിതി അതാവില്ല. നീ മരിച്ചാൽ അവനു ഒന്നുമില്ല. ഒരു ഇര പോയാൽ മറ്റൊന്ന്. നിന്റെ ജീവൻ പോയാൽ തിരികെ കിട്ടുമോ?.”

“എനിക്ക് അമ്മ മാത്രേ ഉള്ളൂ ഡോക്ടർ. ഞാനെവിടെ പോകും. വീട്ടുകാർ..നാട്ടുകാർ ഒക്കെ എന്നെ കുറ്റം പറയും. ആരും എന്റെ കൂടെ നിൽക്കില്ല.”

“നീ നിൽക്കില്ലേ നിന്റെ കൂടെ..നിനക്ക് ജീവിക്കണം എന്നെന്നോട് പറഞ്ഞത് നിന്റെയുള്ളിലെ നീയാണ് മിലി. അതിനേക്കാൾ വലുതായി ഒരു ശക്തിയും ഈ ലോകത്തില്ല. നീ പറഞ്ഞില്ലേ അമ്മ മാത്രമേ ഉള്ളു നിനക്കെന്ന്. അമ്മയ്ക്കും അങ്ങിനെ തന്നെയല്ലേ ആലോചിച്ചു നോക്കൂ.. ഇവന്റെ കൈ കൊണ്ട് നീ മരിച്ചാൽ അവരുടെ അവസ്‌ഥ എന്താകും?”

അവൾ കണ്ണുനീർ തുടച്ചു എന്നെ നോക്കി. “ഇതൊരു സ്വഭാവവൈകല്യമാണ് മിലി. ചികിത്സ ലഭിച്ചാൽ പോലും ഏറെ നാളുകൾ കൊണ്ടു ചെറിയ മാറ്റം വന്നേക്കാം എന്നല്ലാതെ പൂർണ്ണമായും മാറ്റാൻ കഴിയാത്ത ഒന്ന്. നിന്റെ മരണത്തോടെ പോലും ഒന്നും അവസാനിക്കില്ല. അതുവരെ കൂട്ടിലിട്ട പട്ടിയെപ്പോലെ നീ ഇതേ കാര്യങ്ങൾ അനുഭവിക്കണം. നഷ്ടം നിനക്ക് മാത്രമായിരിക്കും. ഇപ്പോൾ ആണെങ്കിൽ അവനൊരു ആണല്ല എന്ന ഒറ്റ കാരണം മതി നിനക്ക് ഡിവോഴ്സ് കിട്ടാൻ. നിന്റെ മുന്നിൽ ഇനിയും നല്ലയൊരു ജീവിതമുണ്ട്. തിങ്ക് മിലീ.”

“ജീവിക്കാൻ എനിക്ക് ആഗ്രഹമുണ്ട് ഡോക്ടർ. പക്ഷെ, എന്ത് ചെയ്യും ഞാൻ.? ആരുമെന്നെ സഹായിക്കാനില്ല.”

“നീ ഇവിടെ നിന്നും നിന്റെ വീട്ടിലേക്ക് പോകണം. എന്റെ ഫ്രണ്ട് ഒരു അഡ്വക്കേറ്റ് ഉണ്ട്. ദീപിക മനോജ്. ഞാൻ വിളിച്ചു ഏർപ്പാടാക്കാം എല്ലാം. ഫീസ് പോലും വേണ്ട..നിനക്ക് വേണ്ടി നീകൂടി ആഗ്രഹിക്കുകയാണ് എങ്കിൽ ഞാൻ ഈ കുരുക്ക് അഴിച്ചു തരാം. ജീവിക്കണം.. നീ നീയായി തന്നെ. പറ്റുമോ..?”

അവളുടെ മിഴികൾ തിളങ്ങി. “പറ്റും..എനിക്ക് ജീവിക്കണം. ഈ വാക്കുകൾ എന്നോട് പറയാൻ ആരുമില്ലായിരുന്നു. ഞാനുണ്ടെന്ന ഒരു വാക്ക്. ഇനി എനിക്ക് ഒന്നും പേടിക്കാനില്ല ഡോക്ടർ.”

എന്റെ കൈ പിടിച്ചു അവൾ മുത്തം വെച്ചു. “നിനക്ക് അവനെ ഭയമുണ്ടോ..? നിന്നെ ജീവിക്കാൻ അവൻ വിടില്ലെന്ന് തോന്നുന്നുണ്ടോ.?”

“ഇല്ല ഡോക്ടർ. ഇതുവരെ ഈ താലി ഞാൻ അണിഞ്ഞിരുന്നത് എന്റെ ഹൃദയത്തിലാണ്. ആ ഒരു കാരണം കൊണ്ട് മാത്രം ഒരു നോട്ടം കൊണ്ടുപോലും ഞാൻ അയാളെ എതിരിട്ടിരുന്നില്ല. എന്നാൽ ഈ നിമിഷം ഇത് ഞാൻ എന്നിൽ നിന്നും അഴിച്ചുമാറ്റാൻ തീരുമാനിച്ചിരിക്കുന്നു. ഇനിയെനിക്ക് ഭയമില്ല. എന്റെ ആരുമില്ലാത്ത ഒരാളെ ഞാനെന്തിന് ഭയക്കണം.” ഉറച്ച വാക്കുകൾ.

അവൾ തീരുമാനിച്ചിരിക്കുന്നു. ജീവിക്കാൻ തന്നെ. പുറത്തിറങ്ങിയ അവൾ ധൈര്യപൂർവ്വം സ്വന്തം വീട്ടിലേക്ക് പോയി. ഞാൻ ദീപികയെ വിളിച്ചു എല്ലാം ഏർപ്പാടാക്കി. വിവാഹമോചനത്തിന് കേസ് കൊടുത്തു.

അത് കഴിഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം ഓ.പി സമയത്ത് എന്നെത്തേടി പ്രായമായ ഒരു സ്ത്രീ വന്നു. ഒറ്റനോട്ടത്തിൽ മെനപോസ് കേസ് ആണെന്ന് തോന്നിയെന്തെങ്കിലും ഞാൻ ചോദിക്കുന്നതിന് മുൻപ് അവർ സംസാരിച്ചു തുടങ്ങി.

“ഞാൻ രാഹുൽന്റെ അമ്മയാണ്. മിലിയുടെ അമ്മായിയമ്മ..ഡോക്ടരോട് ഒന്ന് സംസാരിക്കണം.”

ഓഹ്.. ഇത് കേസ് വേറെയാണ്. ഒപി കഴിഞ്ഞു സംസാരിക്കാം എന്നുപറഞ്ഞു ഞാൻ അവരെയിറക്കി പുറത്ത് നിർത്തി. എന്നാൽ പുറത്ത് നിൽക്കുന്ന അവരോടൊപ്പം മിലിയുടെ ഭർത്താവും ഉണ്ടെന്ന് ആനി പറഞ്ഞു ഞാനറിഞ്ഞു. എന്തിനാവും അവൻ പുറത്ത് നിന്നിട്ട് ഇവരെ അകത്തേയ്ക്കു കയറ്റി വിട്ടത്. ഒപി കഴിഞ്ഞതും ഞാൻ അവരേ അകത്തേക്ക് വിളിച്ചു.

“രാഹുൽനെ കൂടി വിളിക്കൂ.. എന്തായാലും അയാളുടെ സാമിപ്യത്തിൽ സംസാരിക്കാം.” എന്റെ വാക്കുകൾ കേട്ട് അവർ അമ്പരന്നത് പോലെ തോന്നി എനിക്ക്. എങ്കിലും അവർ പുറത്തേയ്ക്ക് ചെന്നു അവനെ വിളിച്ചു കൊണ്ടുവന്നു.

“പറയൂ..”

“ഡോക്ടർ ഇവൻ ഒരു ഡീ അഡിക്ഷൻ സെന്റർ ൽ പോകാൻ തീരുമാനിച്ചു. മദ്യപാനം ആണല്ലോ ഇവർക്കിടയിൽ ഇത്ര വഴക്ക് ഉണ്ടാകാൻ കാരണം..”

“ആണോ..” ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു. “അമ്മയ്ക്ക് അറിയാമോ.. രാഹുൽ മദ്യപിക്കാറില്ല.” അവരൊന്നു ഞെട്ടിയത് പോലെ തോന്നി.

“നന്നായി കഞ്ചാവ് വലിക്കും.. ഡ്രഗ്സ് കുത്തി വെയ്ക്കും. പൊടി, ഗുളിക പോലുള്ള ലഹരി വസ്തുക്കൾ വേറെയും. സംശയം ഉണ്ടെങ്കിൽ ആ ഷർട്ട് ന്റെ കൈ ഒന്ന് പൊക്കി നോക്കൂ.. ഇതൊക്കെ ഉള്ളത് കൊണ്ട് ഇയാൾക്ക് മദ്യത്തിന്റെ ആവശ്യം വരാറില്ല.” അവൻ രൂക്ഷമായി എന്നെ നോക്കി.

“ഡീ അഡിക്ഷൻ സെന്റർ നല്ലതാണ്. നല്ല തീരുമാനം. അതിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നു.”

“മിലിയോട് ഡോക്ടർ ഒന്ന് പറയണം. ഡോക്റ്റർ പറഞ്ഞാലേ കേൾക്കൂ…അവനു എന്ത് പ്രോബ്ലം ഉണ്ടെങ്കിലും എല്ലാം ശരിയാക്കാം. ഒരു കുഞ്ഞുണ്ടായ അവൻ നന്നാകും. ഒരു പെണ്ണ് വിചാരിച്ച അവനെ നന്നാക്കാൻ കഴിയുമല്ലോ.”

“ആ ഒരു ധാരണയിലാണ് ഇവനെ നിങ്ങൾ വിവാഹം കഴിപ്പിച്ചത് അല്ലെ? അമ്മയ്ക്ക് ഒരു മകളുണ്ടായിരുന്നു എങ്കിൽ ഇതുപോലെ ഒരുത്തനെ നന്നാക്കാൻ ഒരു പരീക്ഷണാര്ഥം അവളെ വിവാഹം ചെയ്തു കൊടുക്കുമായിരുന്നോ..?”

“അത്.”അവർ വാക്കുകൾക്കായി പരതി.

“ശരി..അമ്മ രാത്രി കിടന്നുറങ്ങുമ്പോൾ ഒരാൾ തലയിണ കൊണ്ടു മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുന്നുവെന്നു കരുതുക. എന്നിട്ട് ജീവൻ പോകുമെന്ന് ആകുമ്പോൾ അത് എടുത്തുകൊണ്ടു ശ്വാസം വിടാൻ അനുവദിക്കുന്നു എന്നു കരുതുക. എന്ത് തോന്നും..?”

“അത് പോട്ടെ..വെറുതെ അടുക്കളയിൽ ഇങ്ങനെ നിൽക്കുമ്പോ അടുത്തേയ്ക്ക് വന്നു ഒരു കത്തിയോ ബ്ലേഡോ കൊണ്ടു കയ്യിലോ തോളിലോ നീളത്തിൽ വരഞ്ഞൊരു മുറിവുണ്ടാക്കുന്നു എന്നു കരുതുക. എന്നിട്ട് ശകലം ഉപ്പോ, മുളക് പൊടിയോ വാരി ആ മുറിവിലേക്ക് ഇടുന്നുവെന്നു സങ്കൽപ്പിക്കുക എങ്ങിനെയുണ്ടാകും.?”

“ഉണങ്ങാൻ തുടങ്ങുന്ന അതേ മുറിവ് ഞെക്കി ഞെക്കി ചോര വരുത്തി അത് കണ്ടു ആസ്വദിക്കുന്നു എങ്കിലോ? ഒരു രാത്രി മുഴുവൻ നഗ്നയാക്കി മുട്ടേൽ നിർത്തി തലവഴി വെള്ളവും ഒഴിച്ചു അങ്ങിനെ നിർത്തിയാൽ നല്ല സുഖമുണ്ടാകും അല്ലെ..?”

“വലിച്ചു കൂട്ടുന്ന ഓരോ സിഗരറ്റും ഒരു ആഷ് ട്രെയ്‌ൽ എന്ന വണ്ണം സ്വന്തം നെഞ്ചിലും അടിവയറ്റിലും കുത്തി അണയ്ക്കുകയാണ് എങ്കിൽ എന്താണ് നിങ്ങൾക്ക് തോന്നുക.?”

“എന്തിനാണ് നിനക്കിത്ര വലുപ്പമുള്ള മാറിടങ്ങൾ എന്നു പറഞ്ഞു അവിടേക്ക് തന്നെ ശക്തിയായി..”

“മതി…മതി” അവർ ചെവി പൊത്തിക്കൊണ്ടു എന്റെ മുന്നിലിരുന്നു കരഞ്ഞു.

“കേട്ടിരിക്കാൻ പോലും പറ്റുന്നില്ല നിങ്ങൾക്ക്..രണ്ടര വർഷം ആ പെണ്കുട്ടി അനുഭവിച്ചതാണ് ഇതേല്ലാം. അങ്ങിനെ ഒരു ദിവസം ആലോചിക്കാൻ കഴിയുമോ നിങ്ങൾക്ക്. ഇനിയെങ്കിലും അതിനെ ഒന്ന് ജീവിക്കാൻ വിടണം.”

“കുറച്ചെങ്കിലും സാമൂഹിക പ്രതിബദ്ധത നിങ്ങൾക്കുണ്ടെങ്കിൽ ഒന്നുകിൽ ഇവനെ ചികില്സിപ്പിക്കുക എന്നിട്ട് ഒരു പെണ്കുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കാതെ നിങ്ങൾ നോക്കുക അല്ലെങ്കിൽ പ്രസവിച്ച നിങ്ങൾ തന്നെ ഇവനെ…” അവന്റെ തല താഴ്ന്നിരിക്കുകയായിരുന്നു.

“നിന്റെ അമ്മ കൂടി ഇതെല്ലാം അറിയണം എന്നു എനിക്കുണ്ടായിരുന്നു. അത് നിന്റെ സാന്നിധ്യത്തിൽ തന്നെ വേണം താനും.
താലി എന്നത് ഒരു പെണ്ണിനെ എന്തും ചെയ്യാനുള്ള ലൈസൻസല്ല…അതൊരു വിശ്വാസമാണ്…കരുതലാണ്…സ്നേഹമാണ്…കുറച്ചെങ്കിലും മനുഷ്വത്വം ബാക്കി ഉണ്ടെങ്കിൽ അതിനെ ജീവിക്കാൻ വിട്.”

അവനെ വെറുപ്പോടെയൊന്നു നോക്കിയിട്ട് ആ അമ്മ എന്റെ മുന്നിൽ നിന്നും കണ്ണുനീർ തുടച്ചു എഴുന്നേറ്റ് പോയി. പിന്നാലെ നിർവികാരനായി അവനും.

തുടർന്ന്…മിലിക്ക് ഡിവോഴ്‌സ് കിട്ടി..മുടങ്ങിയ പഠനം അവൾ വീണ്ടും തുടങ്ങി. കഴിഞ്ഞകാലം വരുത്തിവെച്ച ശാരീരികവും മാനസികവുമായ എല്ലാ ക്ഷതങ്ങളിലും നിന്നും പതുക്കെ അവൾ കരകയറാൻ തുടങ്ങി. എല്ലാം അപ്പപ്പോൾ ഒരു മുതിർന്ന സഹോദരിയോടെന്ന പോലെ അവളെന്നെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളുകൊണ്ടു എനിക്ക് വളരെ സന്തോഷമായിരുന്നു.

“എനിക്ക് ജീവിക്കണം…രക്ഷിക്കണം” എന്നവളെന്നോട് പറഞ്ഞു. എനിക്കത് ചെയ്യാൻ സാധിച്ചിരിക്കുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ അതിലുപരി സ്ത്രീയെന്ന നിലയിൽ എനിക്കതിൽ അഭിമാനമുണ്ട്.

അവൾ ജീവിക്കട്ടെയെന്ന്….അവളായി തന്നെ…

2010 ലെ ചില ഓർമ്മക്കുറിപ്പുകളിൽ നിന്ന്, Dr.നിരുപമ അനിരുദ്ധൻ…