മയ്യെഴുതാത്ത കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൾ…

രചന: Saarika Ajesh

ബസ് സ്റ്റോപ്പിൽ വെച്ചാണ് ശ്രീ അവളെ ആദ്യമായി കണ്ടത്!!
അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ ശ്രീ അവളിൽ എത്രത്തോളം ആകൃഷ്ടയായി എന്നു പറയാൻ വയ്യ..!

അവളുടെ തോളോപ്പമെങ്കിലും പട്ടുനൂല് പോലെ പാറിപ്പറക്കുന്ന മുടിയിഴകളിലും വിരിഞ്ഞ നെറ്റിത്തടവും അതിൽ അലസമായി ചുംബിക്കുന്ന കുറുനിരകളിലും ശ്രീയുടെ കണ്ണുകൾ ഉടക്കി.

മയ്യെഴുതാത്ത കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചവൾ, മൂക്കുത്തിയുടെ തിളക്കത്തിൽ മായാജാലം തീർത്തവൾ, ചെഞ്ചോടിയിതളുകളിൽ ഒളിപ്പിച്ച പുഞ്ചിരിയിൽ ശ്രീയെ മയക്കിയവൾ….

അവൾക്കായി മാത്രം ബസ്സിലെ തിക്കും തിരക്കും സഹിക്കാൻ ശ്രീ തയ്യാറായി. ദാഹർത്ഥമായ ശ്രീയുടെ ഹൃദയം അവളുടെ ഒരു നോട്ടത്തിനായി വെമ്പി..

ഒരേ ബസിൽ അവളുടെ കൂടെ ഇരുന്നു, അവളുടെ നീണ്ടു മെലിഞ്ഞ വിരൽത്തുമ്പിൽ അറിയാത്തവണ്ണം തൊട്ടപ്പോൾ ശ്രീയുടെ ഉടലാകെ ഒരു പ്രത്യേക അനുഭൂതിയിൽ വിറച്ചു.

പിന്നെ പിന്നെ അവളും ശ്രീയെ ശ്രദ്ധിച്ചു തുടങ്ങി.
ശ്രീയുടെ കിലുകിലാ സംസാരത്തെ അവൾ ഇഷ്ടപ്പെട്ടു തുടങ്ങി.. ബസ് യാത്രയിലുടനീളം അവർ സംസാരിച്ചു തുടങ്ങി..
ഫോൺ വിളികളായി..
കടല്തീരങ്ങളിൽ കപ്പലണ്ടി കൊറിച്ചു കൈകൾ കോർത്തവർ ഒരുമിച്ചു നടന്നു.
ഒരുമിച്ചു സിനിമകൾ കണ്ടു…..

രാവിന്റെ ലാസ്യ ഭാവം കണ്ണിൽ നിറച്ചു, നക്ഷത്രങ്ങളെ സാക്ഷികളാക്കി ശ്രീ അവൾക്കായി സ്വപ്നങ്ങൾ നെയ്തു.. ഈ ജീവിതം അവൾക്കായി മാത്രമെന്ന് ഹൃദയത്തിൽ ഒരാവർത്തി പറഞ്ഞുറപ്പിച്ചു.

അവളുടെ ചുണ്ടുകൾ കവർന്നെടുക്കാനും മാറിൽ മുല്ലവള്ളി പോലെ പടർന്നു കയറാനും ശ്രീ അതിയായി കൊതിച്ചു.

ഒടുവിൽ…

കൃഷ്ണന്റെ അമ്പല നടയിൽ വെച്ചു, ദൈവങ്ങളെ സാക്ഷി നിർത്തി ശ്രീ അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു..
അവളുടെ മുഖം ചുവന്നു, ചുണ്ടുകൾ വിറച്ചു, കണ്ണുകൾ കലങ്ങി മറിഞ്ഞു.
ആരും അറിയാതെ അവൾക്ക് വേണ്ടി മാത്രം വാങ്ങിയ മോതിരം മുട്ടു കുത്തി അവളുടെ വിരലിൽ ചാർത്താൻ ഒരുങ്ങവേ ശ്രീയെ തള്ളി മാറ്റി നിഷ്കരുണം അവൾ നടന്നകന്നു
അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവൾ ശ്രീയെ ആറ്റിയകറ്റി. അവളെന്നെ സങ്കൽപ്പത്തിൽ കെട്ടിപ്പിടിച്ചുറങ്ങിയിരുന്ന തലയണ കണ്ണീരിനാൽ കുതിർന്നു.

ശ്രീയുടെ പ്രണയവും പ്രണയ നൈരാശ്യവുമറിഞ്ഞവർ
ശ്രീയെ നോക്കി മൂക്കത്ത് വിരൽ വച്ചു, ചിലർ സഹതാപ നോട്ടമെറിഞ്ഞു.മറ്റു ചിലർ പുഴുത്ത പട്ടിയെ പോലെ ശ്രീയെ വെറുത്തു.

സ്വന്തം അച്ഛനും അമ്മയും ചേച്ചിയും പോലും ശ്രീയെ ഒരു നികൃഷ്ട ജീവിയെ പോലെ നോക്കി കണ്ടു. അവർ തങ്ങളിൽ തങ്ങളിൽ കണ്ണീർ വാർത്തു.

കാരണം…….

കാരണം….

ശ്രീയും ഒരു പെണ്കുട്ടി ആയിരുന്നു…