അപ്പൊ എനിക്ക് വേറൊന്നും ഓർമ വരുന്നില്ലയിരുന്നു. നിങ്ങളെന്നോട് ചോദിച്ച ഉമ്മയൊക്കെ തരാത്തത്തിൽ എനിക്കപ്പൊ ആദ്യമായിട്ട് സങ്കടം തോന്നി…

എഴുത്ത്: Shimitha Ravi

ഡ്യൂട്ടി കഴിഞ്ഞു വല്ലാത്ത ക്ഷീണത്തോടെയാണ് വന്നു കയറിയത്. നന്നായിട്ടൊ ന്നുറങ്ങണം…അത് മാത്രമായിരുന്നു മനസ്സിൽ. കട്ടിലിലേക്ക് ചാഞ്ഞിട്ടു വെറുതെ ഫോണ് ഒന്നെടുത്തു നോക്കി. പ്രവാസിയുടെ പതിവാണ്ല്ലോ ഇതെല്ലാം. ഏതൊക്കെയോ ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നു കിടപ്പുണ്ട്. നോട്ടിഫിക്കേഷണിൽ ഗൗരി എന്ന പേരു കണ്ടപ്പോൾ വിരലുകൾ ദ്രുതഗതിയിൽ അങ്ങോട്ടു ചലിച്ചു.

ഗൗരി ആരാണെന്നല്ലേ….?പെണ്ണാണ് എന്റെ…എന്റെ മാത്രം പെണ്ണ്‌…കല്യാണമാണ് രണ്ടു മാസം കഴിഞ്ഞാൽ…പക്ഷെ പറഞ്ഞിട്ടെന്താ കൊച്ചു പിള്ളേരുടെ സ്വഭാവം ആണ്. ഒരു അര പിരി പെണ്ണ്. എന്തോ ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു അവളുടേ വാക്കിലും സംസാരത്തിലും എല്ലാം…വെറുതെ പിണങ്ങിപോവും. അതിലും വേഗത്തിൽ വന്നു മിണ്ടും. ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുന്ന പോലെയാണ് തോന്നുക.. അതെനിക്ക് ഇഷ്ടമാണ് താനും.

പക്ഷെ അവളൊരിക്കലും എന്നോട് തുറന്നൊരു സ്നേഹം പ്രകടിപ്പിക്കുന്നില്ല എന്നത് പലപ്പോഴും എനികല്പം മനപ്രയാസം ഉണ്ടാക്കിയിരുന്നു. ഒന്നുമില്ലെങ്കിലും കെട്ടാൻ പോവുന്നവനല്ലേ ഞാൻ…?അതുപോലുള്ളവർ കല്യാണം ഉറപ്പിച്ചതിനു ശേഷം അടിച്ചുപൊളിക്കുന്ന കാണുമ്പോൾ എന്തോ ഒരു വൈക്ലഭ്യം…വല്ലോം പറഞ്ഞാൽ പെണ്ണ് പിണങ്ങിപോവും എന്നറിയാവുന്നൊണ്ട് ഞാൻ എല്ലാം കടിച്ചമർത്തി നടക്കുന്നു. എന്നാലും ഇവളെന്താ ഇങ്ങനെ…?

ഇഷ്ടം ഉണ്ടോന്നു ചോദിച്ചാൽ വെറുപ്പില്ല എന്നു ഉത്തരം തരുന്നൊരു സ്വഭാവം…തള്ളാനും കൊള്ളാനും വയ്യാതെ ഞാനിവിടെ ഞെരിപിരി കൊള്ളുന്നു. കയ്പാണ് എന്നു പറയാൻ ചെല്ലുമ്പോൾ മധുരിപ്പിച്ചു വിടുന്നൊരു പെണ്ണ്. ഉള്ളിലൊരു ചിരിയോടെ തന്നെയാണ് മെസ്സേജ് ഓപ്പൺ ചെയ്തത്.

പക്ഷെ ഓരോ വാക്കും നെഞ്ചിൽ തറഞ്ഞു കയറുന്നപോലെ….”എഡോ, എന്റെ കാറ്റു പോയാ എന്നെക്കാൾ നല്ല ഒന്നിനെ കെട്ടണം കേട്ടോ…കല്യാണം മൊടങ്ങിയതാണ് ന്ന് പറഞ്ഞിട്ടു കണ്ട വിവരദോഷികളെ ഒന്നും പിടിച്ചു കെട്ടരുത്…ഗൗരിയേക്കാൾ ഒരു പടി മുകളിൽ നിക്കണവൾ മതി എന്റെ സ്ഥാനത്ത്…താടിയൊന്നും വക്കണ്ട. അത്ര ചേരില്ല ആ മുഖത്ത്…”

വായിൽ വന്നത് നല്ല അസ്സൽ ചീത്ത തന്നെയാണ്. എന്തൊക്കെയാ വിളിച്ചു പറയുന്നേ…? കല്യാണം മുടങ്ങൽ, തട്ടിപോവൽ, ഒലക്ക..!! വിവര്ക്കേടിനും ഒരു പരിധി ഇല്ലേ…? ഫോണ് എടുത്തു ഒരേറ് കൊടുത്തു കട്ടിലിലേക്ക് തന്നെ…അവിടെ കിടക്കട്ടെ…അവളുടെ ഭ്രാന്തൊക്കെ തീരുമ്പോൾ വിളിച്ചു നാലു വർത്തമാനം പറയണം എന്ന് മനസ്സിലുറപ്പിച്ചു. മനുഷ്യനെ കുത്തി നോവിക്കുന്നതിനു ഒരു പരിധി ഇല്ലേ…

ഉറക്കത്തിലെപ്പോഴോ ഫോണ് ബെല്ലടിച്ചു…കണ്ണു തുറന്നപ്പോൾ ആദ്യം മനസ്സിൽ വന്നത് ഗൗരി എന്നു തന്നെയായിരുന്നു. വട്ടു പെണ്ണ്…ദേഷ്യം പോലും വച്ചോണ്ടിരിക്കാൻ പറ്റുന്നില്ലലോ…അവളെന്നിൽ പ്രയോഗിച്ച മന്ത്രം എന്നതാവോ എന്നോർത്തുകൊണ്ടു ഫോണ് തപ്പിയെടുത്തു. കണ്ണിലെ ഉറക്കം ആവിയായി വറ്റുന്നതും നെഞ്ചിലൊരു കനൽ എരിഞ്ഞുതുടങ്ങുന്നതും ഞാനറിഞ്ഞു.

എമേർജൻസി ലീവിൽ നാട്ടിലെത്തി നേരെ ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു. ഒന്നു കാണണം…മനസ്സ് വല്ലാതെ തുടി കൊട്ടുന്നുണ്ടായിരുന്നു…ആകെ ഉള്ള ആശ്വാസം അപകട നില തരണം ചെയ്തു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞതാണ്. എന്നാലും കണ്ണു നീറുന്നു…എന്റെ പെണ്ണ്…വല്ലതും സംഭവിച്ചു പോയിരുന്നെങ്കിലോ…?

മോതിരമിടാൻ നേരം മാത്രം വിരൽത്തുമ്പിൽ തൊട്ടവൾ. പെണ്ണുകാണാൻ ചെന്നപ്പോൾ മാത്രം ആദ്യമായി കണ്ടവൾ. രണ്ടു മാസം മാത്രം പരിചയമുള്ളവൾ. ഫോണ് വിളിച്ചാൽ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനെക്കാൾ തല്ലുകൂടുന്നവൾ…എവിടെയൊക്കെയോ ഹൃദയം കൊളുത്തി വലിക്കുന്ന പോലെ…

ഓർത്തുവക്കാൻ ഒന്നും തന്നിട്ടില്ലവൾ. നിശ്ചയത്തിന് പിറ്റേന്ന് പറന്നതാണ് ഞാൻ. ഒന്നോ രണ്ടോ തവണ കണ്ടിട്ടുള്ളു നേരിട്ട്…എങ്കിലും അവളെത്ര ആഴത്തിൽ എന്നിൽ പതിഞ്ഞെന്നു ഈ ചുരുങ്ങിയ മണിക്കൂറുകക്കിടയിൽ ഞാനറിയുകയായിരുന്നു…അവൾ പറഞ്ഞ പോലെ അവൾ തട്ടിപോയാൽ മറ്റൊരാളെ സ്വീകരിക്കാൻ കഴിയാത്തത്രത്തോളം ഞാനവളെ സ്നേഹിക്കുന്നു…എന്റെ പെണ്ണെന്നു ആദ്യമായി വിളിച്ചവളെ…

തളർന്നതെങ്കിലും തെളിച്ചമുള്ള ഒരു പുഞ്ചിരിയോടെ അവളെന്നെ നോക്കി. “പറന്നുവന്നല്ലേ…?” “മ്മ്…” എനിക്കൊന്നും പറയാനില്ലായിരുന്നു. വെറുതെ ആ മുഖത്തു നോക്കിയിരിക്കാൻ തോന്നി. അവളെന്റെ കണ്ണുകളിലേക്കു നോക്കി. “പേടിച്ചുപോയോ…?” കുറുമ്പുള്ള അവളുടെ കണ്ണുകൾ. എനിക്ക് പെട്ടെന്ന് മനസ്സിൽ മഞ്ഞു വീണ പോലെ…

“പാമ്പു ഇങ്ങോട്ടു വന്നു കടിച്ചോ അതോ ഫൂലൻദേവി അങ്ങോട്ടു പോയി വാങ്ങിച്ചതാണോ…?” “ഇങ്ങോട്ട്…” “അങ്ങനെ വരാൻ വഴി ഇല്ലാലോ…”

“അതേയ് എന്നെ കണ്ടാൽ ചിലർക്കൊക്കെ ഉമ്മ വക്കാൻ തോന്നവത്രേ…പാമ്പിനും തോന്നിക്കാണും…” കണ്ണിറുക്കി അവളുടെ മറുപടിയിൽ ഞാനൊന്നു ചമ്മി. കാരണം അങ്ങനെ ഉമ്മ വക്കാൻ തോന്നുന്നവൻ ഈയുള്ളവൻ തന്നെയാണല്ലോ. ഒരുമ്മ താടി എന്നു ഫോണിലൂടെ ചോദിക്കുമ്പോൾ തീരെ സൗകര്യം ഇല്ലെന്നു പറയുന്ന എന്റെ പ്രാണസഖി ആണ് പാമ്പിനെ പ്രലോഭിപ്പിച്ചു ട്രോഫി വാങ്ങി icu വിൽ കിടന്നു കൗണ്ടർ അടിക്കുന്നത്.

“പക്ഷെ ഈ സിനിമേൽ കാണുന്ന പോലെ ഒന്നും അല്ലാട്ടോ…നല്ല വേദനയാ…എനിക്ക് ഇപ്പൊ മരിച്ചുപോവും എന്നു തോന്നി…” ഗൗരിയുടെ കണ്ണിൽ പെട്ടെന്ന് കുസൃതി മാറി വേദന തിങ്ങി. എനിക്ക് ഉള്ളിൽ വീണ്ടും കൊളുത്തിവലിച്ചു. പാവം…എന്തുകൊണ്ടോ എനിക്കവളെ കണ്ടപ്പോൾ പരിഭവങ്ങൾ തോന്നിയില്ല. ഭാവി വധുവിനോട് തോന്നുന്ന ഒന്നും തന്നെ തോന്നിയില്ല…ഓമനത്തം…അവളുടെ കണ്ണിൽ മിന്നിമറയുന്ന കുട്ടിത്തം. എനിക്ക് അവളോട്‌ വല്ലാത്ത വാത്സല്യം തോന്നി…

“അല്ല ഈ മെസ്സേജ് അയക്കാനൊക്കെ എപ്പോ നേരം കിട്ടി…? പാമ്പു കടിച്ചപ്പോ എന്നെ വേറെ കെട്ടിക്കാൻ എന്താ ത്വര…” ഞാൻ മൂക്കിൽ കൈ വച്ചു. അവൾ വീണ്ടും കുറുമ്പോടെ ചിരിച്ചു. “ഹോസ്പിറ്റലിലേക്ക് ഒരു ഇരുപതു മിനിറ്റു എടുത്തു…അപ്പൊ അയച്ചതാ…അപ്പൊ എനിക്ക് വേറൊന്നും ഓർമ വരുന്നില്ലയിരുന്നു. നിങ്ങളെന്നോട് ചോദിച്ച ഉമ്മയൊക്കെ തരാത്തത്തിൽ എനിക്കപ്പൊ ആദ്യമായിട്ട് സങ്കടം തോന്നി…”

എന്റെ കണ്ണു നിറഞ്ഞു…എന്റെ പെണ്ണ്…എന്റെ പെണ്ണ്…ഹൃദയം മിടിക്കുന്ന താളം പോലും അങ്ങനെ…”നിനക്കെന്നോട് സ്നേഹം ഉണ്ടാരുന്നോ പെണ്ണേ…?” “ഏയ്…അതൊന്നും ല്യ…” “പിന്നെ നീയെന്തിനാ അപ്പൊ എന്നെ ഓർത്തത്…?” “അതോ നിങ്ങടെ ഉമ്മ ശാപം കൊണ്ടു എനിക്കെങ്ങാൻ നരകത്തിൽ പോവേണ്ടി വന്നാലോ ന്നു വിചാരിച്ചിട്ടല്ലേ…” “ഓഹോ…ന്നാ മോള് വേഗം ചേട്ടന്റെ കടം എല്ലാം വീട്ടീക്കെ…” “അയ്യടാ അതിനു വേറെ ആളെ നോക്ക്…”

അവൾ വീണ്ടും ചിരിച്ചു. പിന്നെയും അവൾ ചിരിച്ചുകൊണ്ടേയിരുന്നു. എന്നെ കൊതിപ്പിച്ചു കൊണ്ട് ആ ചിരി മനസ്സിൽ നിറഞ്ഞു. താലി അണിയിക്കും മുൻപേ അവൾ എന്റെ ജീവന്റെ പാതിയാവുന്നത് ഞാനറിഞ്ഞു. സ്നേഹമുണ്ടെന്നോ ഇഷ്ടമാണെന്നോ പറയാതെയും ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാം. ഉമ്മ വക്കണ്ട…കെട്ടി പിടിക്കണ്ട…കറങ്ങി നടക്കേണ്ട…ഹൃദയത്തിനുള്ളിൽ അയാൾ എന്റേതാണെന്ന തോന്നലും തിരിച്ചറിവും മാത്രം മതി…

ഞാനുള്ളിടത്തോളം അവളെന്നിൽ അലിയുന്നു. ഹൃദയം പകുത്തവളായി. പ്രാണൻ പകർന്നവൾ ആയി…എന്റെ കുറുമ്പി പെണ്ണ്….അവളുടെ മനസ്സിന്റെ അകക്കാമ്പിലെവിടെയോ തുടിച്ചു നിൽക്കുന്ന ശ്വാസം ഞാനാണെന്നു എനിക്കിപ്പോൾ അറിയാം. പറഞ്ഞില്ലെങ്കിലും…കാണിക്കില്ലെങ്കിലും…തിരികെ പോരുമ്പോൾ മനസ്സിൽ വേദന ഇല്ലായിരുന്നു. ഒരു കൈയകലത്തിൽ ഇല്ലെങ്കിലും എന്റെ ഹൃദയത്തിൽ നിന്നും പകുത്തുമാറ്റനാവാത്ത വിധം അവൾ എന്നിൽ അലിഞ്ഞു കഴിഞ്ഞിരുന്നു.

ഇനിയൊരു കാത്തിരിപ്പാണ്…എങ്കിലും അതിനൊരു സുഖമുണ്ട്…മനസ്സിൽ ലവലേശം സംശയങ്ങളില്ലാതെ എനിക്കിപ്പോൾ പറയാം. അവൾക്കെന്നെ ഇഷ്ടമാണ്…ഇനി എന്റെ സ്വന്തമാവുന്ന നാളുകൾക്കായി കാത്തിരിക്കാം…