ഇതിപ്പോ വന്ന് വന്ന് ഒരൊറ്റ ദിവസം പോലും മര്യാദയ്ക്ക് കിടത്തി ഉറക്കില്ലാന്ന് വെച്ചാൽ…

പ്രണയം – രചന: സനൽ SBT

അതിരാവിലെ തന്നെ കെട്ട്യോളടെ കയ്യിൽ നിന്നും നടുവിനിട്ടൊരു ചവിട്ട് കിട്ടിയപ്പോഴാണ് ഹരിക്ക് ബോധം നേരെ വീണത്. “എന്താ മോളേ അവിടെയൊരു ശബ്ദം കേട്ടത് നമ്മുടെ വരിക്ക പ്ലാവിൽ നിന്നും ചക്കയെങ്ങാനും നിലത്ത് വീണോ?”

“ആ കുറച്ച് ദിവസം ആയിട്ട് ഒരു ചീഞ്ഞ ചക്ക കിടന്നിരുന്നില്ലേ അതിനെ ഞാനങ്ങ് വലിച്ച് താഴെയിട്ടു.” ബെഡ് ഷീറ്റ് കുടഞ്ഞ് വിരിക്കുന്നതിനിടെ ഭാമ അടുക്കളയിൽ നിൽക്കുന്ന അമ്മയോട് വിളിച്ച് പറഞ്ഞു.

“ശ്ശേ നിനക്ക് ഇത് എന്തിന്റെ കേടാണ് ഭാമേ. അതിരാവിലെ മനുഷ്യനെ കിടത്തി ഉറക്കില്ല എന്ന് വെച്ചാൽ…” “ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട മനുഷ്യാ, നിങ്ങൾക്ക് നിങ്ങടെ കാര്യം കഴിഞ്ഞ് മൂടിപ്പുതച്ച് കിടന്ന് ഉറങ്ങിയാൽ മതിയല്ലോ…? ബാക്കിയെല്ലാം കിടന്ന് അനുഭവിക്കുന്നത് ഞാനല്ലേ…ഇതിപ്പോ വന്ന് വന്ന് ഒരൊറ്റ ദിവസം പോലും മര്യാദയ്ക്ക് കിടത്തി ഉറക്കില്ലാന്ന് വെച്ചാൽ…”

“ദേ അത് മാത്രം നീ പറയരുത് ഭാമേ. സ്നേഹക്കൂടുതൽ കൊണ്ടല്ലേ അങ്ങിനെ ഒക്കെ ചെയ്യുന്നത്.” “ഹാ അല്ലേലും രണ്ടെണ്ണം അടിച്ചാൽ നിങ്ങളുടെ പരാക്രമം ഇത്തിരി കൂടുന്നുണ്ട്. ഞാൻ ഇന്നും ഇന്നലേയും കാണാൻ തുടങ്ങിയതല്ലല്ലോ ഈ മൊതലിനെ…ഇതിപ്പോ ഊത്രാളിക്കാവിലെ പൂരം പൊലെയാണ് എന്റെ അവസ്ഥ. പുലർച്ചയ്ക്കുള്ള വെടിക്കെട്ട് കഴിയുമ്പോഴേക്കും നേരം വെളുക്കും. പിന്നെ ഞാനെപ്പോഴാ ഒന്ന് കിടന്ന് ഉറങ്ങുന്നത്.”

“നീ രാവിലെ തന്നെ കിടന്ന് ഇങ്ങനെ കടുക് വറുക്കാതെ. ഇതിപ്പോ എന്നതാ നിന്റെ ശരിക്കും ഉള്ള പ്രശ്നം അത് പറ…?” “ഹോ അപ്പോൾ നിങ്ങൾക്ക് ഇതുവരെ കാര്യം ഒന്നും മനസ്സിലായില്ല അല്ലേ…?” “നിൻ്റെ മനസ്സിൽ എന്താന്ന് എനിക്ക് എങ്ങനെ അറിയാനാ…? ഗണിച്ച് പറയാൻ ഞാൻ വല്ല കാണിപയ്യൂരോ മറ്റോ ആണോ…?”

“ദേ മനുഷ്യാ എനിക്ക് അങ്ങ് ചൊറിഞ്ഞ് വരുന്നുണ്ട് കേട്ടോ. കാര്യം ഇന്നലെ രാത്രി ഞാൻ പറഞ്ഞതല്ലേ…? അതെങ്ങനാ പോത്ത് കാടിവെള്ളം കുടിക്കുന്ന പോലെ മട മടാന്ന് വയറ് നിറച്ച് കേറ്റിയിട്ടല്ലേ വരുന്നത്. എന്തേലും പറഞ്ഞാൽ പിന്നെ വല്ല വെളിവും കാണുമോ…?” “ശ്ശേടാ ഇതിപ്പോ നല്ല കൂത്തായല്ലോ…?”

“ഇന്ന് അച്ഛൻ വരും എന്നുള്ള കാര്യം ഞാൻ നേരത്തെ പറഞ്ഞതല്ലേ വല്ല ബോധവും ഉണ്ടോ നിങ്ങൾക്ക്.” “അതിനെ ഇപ്പോ എന്താ അച്ഛൻ വന്നോട്ടെ. അതോ ഇനി അച്ഛൻ വരുമ്പോൾ നിലവിളക്കും കൊളുത്തി ഞാൻ വീടിൻ്റെ പൂമുഖത്ത് നിൽക്കണോ…?” “ആ എന്താ നിക്കാൻ പറ്റ്വോ…? പറ്റുമെങ്കിൽ ഒരു സെറ്റി സാരിയും ഉടുത്തോ തലയിൽ കുറച്ച് തുളസിക്കതിരും കൂടി ആയിക്കോട്ടെ.” “ഭാമേ ദേ നീ ഈ കയ്യകലത്തീന്ന് മാറി നിന്ന് സംസാരിച്ചോ…? ഇല്ലേൽ മുഖം അടക്കി ഞാൻ പൊട്ടിക്കും.”

“അല്ലാണ്ട് പിന്നെ ഞാൻ എന്താ പറയാ ഒരു കാര്യം പറഞ്ഞാൽ തലയ്ക്കകത്ത് നിൽക്കില്ല എന്ന് വെച്ചാൽ. അതെ അച്ഛൻ വരുന്നത് ൻ്റെ സുഖവിവരം അന്വേഷിക്കാനല്ല നമ്മുടെ ശ്രീ ബാലയുടെ കാര്യം സംസാരിക്കാനാണ്.” “ശ്ശേ ഞാനത് തീരെ ഓർത്തില്ല അതാ…?” “അതാ ഞാനും പറഞ്ഞേ കുടിച്ചാൽ പിന്നെ ലെവലേശം ബോധം ഇല്ലാന്ന്. ദേ സമയം ഒൻപത് കഴിഞ്ഞു ഒന്ന് പോയി കുളിക്കാൻ നോക്ക് നാറ്റേ…അതെ ഇന്നലെ ഏത് ബ്രാൻ്റാ അടിച്ചത്.” “റം…റമ്മ് റന്മേയ്…” “ചുമ്മാതല്ല ഒരു കൂതറ സ്മെൽ.” “ഓ പിന്നെ…” “ന്താ അവിടെ കിടന്ന് തിരയണേ…?” “ഉടുതുണി ഉടുതുണി.” “അതൊക്കെ ഞാൻ അലക്കാൻ എടുത്ത് ബക്കറ്റിൽ ഇട്ടു. ദാ വേണേൽ ഈ തോർത്ത് മുണ്ട് എടുത്ത് പോക്കോ.” ഭാമ തോളിൽ കിടന്നിരുന്ന തോർത്ത് എടുത്ത് ഹരിക്ക് നേരെ നീട്ടി.

നിന്നെ ഞാൻ എടുത്തോളാം എന്ന മട്ടിൽ ഹരി ഭാമയെ ഒന്ന് നോക്കി മീശ പിരിച്ചു. എന്നിട്ട് തോർത്തും ഉടുത്തു കൊണ്ട് ബാത്റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞ് ഹരി ഹാളിലേക്ക് വന്നതും ചൂടുള്ള പുട്ടും കടലക്കറിയും മേശപ്പുറത്ത് റെഡിയായിട്ടുണ്ട്. “ഭാമേ ടീ പോത്തെ…” “ഇനി എന്താ…? ചായ അല്ലേ മേശപ്പുറത്ത് ഇരിക്കുന്നത്.” “അതല്ല ഇന്നും പുട്ടാണോ ഉണ്ടാക്കിയിരിക്കുന്നത്.” “പറയണത് കേട്ടാൽ തോന്നും എന്നും ഈ വീട്ടിൽ പുട്ടാണ് എന്ന്. വേണേൽ കഴിച്ചാൽ മതി ഇല്ലേൽ പോ പോയി വല്ല കള്ള് ഷാപ്പിൽ എങ്ങാനും പോയി കഴിക്ക്.” “ശ്ശോ ഇതിനെയൊക്കെ ഏത് നേരത്താണാവോ എടുത്ത് തലയിൽ വെയ്ക്കാൻ തോന്നിയത്.” “അതെ എന്തേലും പറഞ്ഞാർന്നോ…?” “ഹാ അത് പിന്നെ പുട്ട് ഇടയ്ക്കൊക്കെ ആരോഗ്യത്തിന് നല്ലതാ എന്ന് പറയുവാർന്നു.”

“എന്താ രാവിലെ തന്നെ രണ്ടു പേരും കൂടി ഒരു ബഹളം.” ഭാമയുടെ അച്ഛൻ അപ്രതീക്ഷിതമായാണ് ആ രംഗത്തേക്ക് പ്രവേശിച്ചത്. “ആ അച്ഛനോ…? ഞങ്ങൾ ചുമ്മാ വെറുതെ ഇങ്ങനെ ങ്ങാ അച്ഛനെ ഇതു വരെ കണ്ടിലല്ലോ എന്ന് പറയുവാർന്നു.” “ഉവ്വ് ഉവ്വ് എല്ലാം ഞാൻ കേട്ടു…” ഹരി മുഖത്ത് വന്ന ജാള്യഭാവം ചെറുപുഞ്ചിരി കൊണ്ട് മറയ്ക്കാൻ ശ്രമിച്ചു. “അച്ഛൻ ഇരിക്ക് ഇനി നന്മുക്ക് ഒരുമിച്ച് കഴിക്കാം. ഭാമേ ഒരു പ്ലേറ്റ് കൂടി ഇങ്ങ് എടുത്തെ…”

“ഹരീ ഞാൻ ഇത്ര ധൃതി പിടിച്ച് ഇത്ര ദൂരം വന്നതിൻ്റെ കാര്യം നിനക്ക് അറിയാലോ…?” “എല്ലാം അറിയാം അച്ഛാ ഭാമ എന്നോട് പറഞ്ഞായിരുന്നു.” “ഹും…പെൺമക്കൾ ഉള്ള എല്ലാ അച്ഛനമ്മമാർക്കും നെഞ്ചില് തീയാണ്. അവരെ സുരക്ഷിതമായ രണ്ടു കരങ്ങളിൽ ഏൽപ്പിക്കുന്നവരെ. ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ…? ഭാമ അവളെ ഞാൻ നിൻ്റെ കൈകളിൽ ഏൽപ്പിച്ചതിൽ പിന്നെ എനിക്ക് അവളെക്കുറിച്ച് ഇന്നേവരെ ഒരു ആധി തോന്നിയിട്ടില്ല. ഇനിയുള്ളത് ബാലയാണ് അവളെയും കൂടി എനിക്ക് സുരക്ഷിതമായ രണ്ടു കരങ്ങളിൽ ഏൽപ്പിക്കണം.”

“എന്താ അച്ഛാ കാര്യങ്ങൾ ഒക്കെ എനിക്ക് അറിഞൂടെ…” “അതല്ലെടാ ഹരീ നീ എനിക്ക് മരുമോനല്ല സ്വന്തം മോനെ പോലെയാണ് ഞാനും സാവിത്രിയും ഒക്കെ നിന്നെ അങ്ങിനാ കാണുന്നത്. ഇങ്ങനെ ഒരു കാര്യം ആദ്യം നിന്നോട് അല്ലാതെ വെറെ ആരോടാ ആദ്യം പോയി പറയുവാ…ഭാമയെ പോലെയല്ല ബാല, അറിയാലോ സംസാര ശേഷി ഇല്ലാത്ത കുട്ടിയാ അതു കൊണ്ടു തന്നെ ഇന്നേ വരെ ഒരു കാര്യം അവൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ചെറുപ്പം മുതൽ ഭാമയാണ് അവൾക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഭാമ പോയതിൽ പിന്നെയാണ് ഇങ്ങനെ ഒരു കാര്യം ആദ്യമായ് അവൾ എന്നോട് പറയുന്നത്.”

“അറിയാം അഛാ ഞാൻ പറഞ്ഞ പോലെ അവിടം വരെ ഒന്ന് പോകാം.” “അതല്ല മോനെ ഒരു പേടി ഇത്തരം ഒരു ആലോചനയുമായി നന്മൾ അവരുടെ വീട്ടിലേക്ക് ചെല്ലുക എന്ന് പറയുമ്പോൾ.” “അതിന് നന്മൾ അവരുടെ വീട്ടിലേക്ക് അല്ലല്ലോ പോകുന്നത് ഞാനാദ്യം ആ പയ്യനെ ഒന്ന് കാണട്ടെ. എനിക്കും ഭാമ പറഞ്ഞ അറിവ് മാത്രമേയുള്ളൂ ഒരേ കോളേജിൽ പഠിച്ചതാണെന്നും അവര് തമ്മിൽ ഇഷ്ട്ടമാണെന്നും ഒക്കെ.” “ഹാ അത് മതി നന്മൾ അവരുടെ വീട്ടിലേക്ക് തള്ളിക്കയറി പ്രശ്നം വഷളാക്കണ്ട ആദ്യം അവൻ്റെ മനസ്സിൽ എന്താന്ന് അറിയാലോ…?” “അതാ നല്ലത് അച്ഛാ ഞാൻ ഇന്ന് തന്നെ പോയി കാണാം.” “ഹും എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ.” “അച്ഛൻ ഇപ്പോ വന്നതല്ലേയുള്ളൂ ഇനി നാളെ പോകാം. മാത്രമല്ല എന്താ അവൻ്റെ തീരുമാനം എന്ന് അറിയേം ചെയ്യാലോ…?”

“ഇല്ല മോനെ ഞാൻ വെളുപ്പിന് ഇറങ്ങിയതാ വീട്ടിൽ നിന്ന്. സന്ധ്യയാവുമ്പോഴേക്കും തിരിച്ച് എത്തണം അവിടെ സാവിത്രിയും ബാലയും തനിച്ചല്ലേ…? ഇത്തരം ഒരു കാര്യം ഫോണിൽ വിളിച്ച് പറയുന്നത് ഔചിത്യമല്ല എന്ന് തോന്നി അതാ ദൂരക്കൂടുതൽ ആയിട്ടും ഞാനിങ്ങ് പോന്നത്. മറുപടി എന്തായാലും നീ വിളിച്ച് പറഞ്ഞാൽ മതി.” “ശരി അച്ഛാ ഞാനെന്നാൽ ടൗണിൽ അച്ഛനെ വിടാം എനിക്ക് എന്നാൽ ആ വഴിക്ക് പോകുകയും ചെയ്യാലോ.”

അച്ഛൻ്റെ മുഖത്തെ വിഷാദ ഭാവം ഹരിയെ വല്ലാതെ പിടിച്ചുലയിച്ചു. കാരണം ഇതിന് മുൻപോന്നും ഹരി അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. അച്ഛൻ്റെ മുഖത്ത് നോക്കുമ്പോഴേല്ലാം ഹരിയുടെ നെഞ്ചകവും വിങ്ങുന്നുണ്ടായിരുന്നു. എന്നിരുന്നാലും ശുഭപ്രതീക്ഷയോടെ ഹരി കാറിൽ കയറി യാത്ര തുടർന്നു. വളരെ നേരത്തെ യാത്രാക്കൊടുവിൽ ഹരി മനു താമസിക്കുന്ന ഹോസ്റ്റലിൻ്റെ വാതിൽക്കൽ എത്തി. വാച്ച് മാൻ ഗേറ്റ് തുറന്നു.

“ചേട്ടാ ഇവടെയല്ലേ ഒരു മനു താമസിക്കുന്നത്.” “സുഹൃത്തെ ഇവിടെ ഒരു പാട് പേര് ഉണ്ട് മനു എന്ന പേരില്. അതിൽ ഏത് മനുവാണ് താങ്കൾക്ക് വേണ്ടത്.” “ഒരു മനു പ്രസാദ് എഞ്ചിനീയറിംങ്ങ് അവസാന വർഷ വിദ്യാർത്ഥി. വീട് ഒറ്റപ്പാലം.” “ഹാ അങ്ങിനെ പറ നന്മടെ മായന്നൂക്കാരൻ മനു.” “ഹാ അതന്നെ…” ” റും നമ്പർ 206 നേരെ ചെന്ന് ഫസ്റ്റ് റൈറ്റ്.

ഹരി കാർ പാർക്ക് ചെയ്ത് മനുവിൻ്റെ റും ലക്ഷ്യമാക്കി നടന്നു. സ്റ്റെപ്പുകൾ ഓരോന്നായി എടുത്തു വെക്കുന്നതിനിടയിൽ റും നമ്പർ 206 ഹരിയുടെ കണ്ണിൽ ഉടക്കി. അവൻ നേരെ ഡോറിൽ ചെന്ന് മുട്ടി. ആദ്യം വാതിൽ തുറന്നപ്പോൾ തന്നെ മനം പുരട്ടുന്ന ഒരു ദുർഗന്ധം ആണ് അവിടെ നിന്ന് പുറത്തേക്ക് ഒഴുകി എത്തിയത്. ചുണ്ടിൽ എരിയുന്ന സിഗിരറ്റുമായി ഒരു ആത്മാവ് ചോദിച്ചു. “ആരാ എന്ത് വേണം…?” വെള്ളം തൊട്ട് തീണ്ടിയിട്ട് കാലം ഏറെയായെന്ന് അവനെ കണ്ടാൽ തന്നെ അറിയാമായിരുന്നു. ഹരി ആ ഭാവം മുഖത്ത് കാണിച്ചില്ല.

“മനു പ്രസാദ്.” “ടാ മനൂ നിന്നെയാണ്.” കട്ടിലിൽ കിടന്നിരുന്ന ബനിയൻ തോളിലേക്ക് വലിച്ചിട്ട് മനു ഹരിയുടെ അരികിലേക്ക് നടന്നു. അഴിഞ്ഞ് വീഴാറായ ഷോട്സ് ഒന്നുകൂടി അവൻ മേലോട്ട് വലിച്ച് കയറ്റി. “മനൂ…” “അതെ മനു പ്രസാദ് ആരാ മനസ്സിലായില്ല…” “ഞാൻ ശ്രീ ബാലയുടെ ചേച്ചീടെ ഹസ്ബൻ്റ് ആണ് പേര് ഹരികൃഷ്ണൻ…” “ഓ ഓ അങ്ങിനെ എന്താ കാര്യം…” “അല്ല ബാല വീട്ടിൽ വന്ന് നിങ്ങൾ ഇഷ്ട്ടത്തിലാണെന്ന കാര്യം പറഞ്ഞാർന്നേ.” “ഹാ എന്നിട്ട്…” “അല്ല തൻ്റെ പഠിത്തം കഴിഞ്ഞാൽ പിന്നെ വിവാഹം അങ്ങ് നടത്തായിരുന്നു.”

“ആഹാ അപ്പോ താൻ തന്നെ തിയ്യതിയും മുഹൂർത്തവും ഒക്കെ അങ്ങ് ഉറപ്പിച്ചോ…?” “മനൂ നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കണേ.” “പിന്നെ ഞാൻ എന്താ പറയേണ്ടത്. നിങ്ങൾക്ക് ഒന്നും ലെവലേശം ബുദ്ധിയില്ലേ. കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളെ പൊലെയുള്ള പിള്ളാർക്ക് ഒരു പാട് കാമുകിയും സെറ്റപ്പും ഒക്കെയുണ്ടാവും അവരെയൊക്കെ വിവാഹം കഴിക്കാൻ പറ്റ്വോ…? ഈ പേരും പറഞ്ഞ് നിങ്ങളല്ലാതെ ഇത്രം ദൂരം വിവാഹം ഉറപ്പിക്കാൻ കുറ്റിയും പറിച്ച് ഇങ്ങ് വന്നപ്പോഴോ…”

“മനൂ അപ്പോൾ നിങ്ങൾ തമ്മിൽ…”

“പൊന്നു ചേട്ടാ എനിക്ക് അവളോട് നിങ്ങൾ വിചാരിക്കുന്ന പോലെ വലിയ ദിവ്യപ്രണയം ഒന്നും ഇല്ല. കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഒരു ടൈം പാസ് അത്രള്ളൂ. പിന്നെ ശ്രീയെപ്പോലുള്ള ഒരു കാണാൻ തരക്കേടില്ലാത്ത കുട്ടി ആരാ ഒന്ന് വളയ്ക്കാൻ ശ്രമിക്കാത്തത്.” ഹരി ഒരു നെട്ടലോടെയാണ് മനുവിൻ്റെ വാക്കുകൾ കേട്ടത്. കേട്ടത് വിശ്വസിക്കാനാവാതെ ഹരി നിസ്സഹായാവസ്ഥയോടെ നിന്നു. “ഇതിൽ കൂടുതലൊന്നും ഈ കാര്യത്തിൽ എനിക്ക് നിങ്ങളോട് പറയാൻ ഇല്ല. പറഞ്ഞത് മനസ്സിലായെങ്കിൽ താങ്കൾക്ക് പോകാം. ഇന്ന് ഞായറാഴ്ച ആയിട്ട് ഞങ്ങൾക്ക് വെറെ കുറച്ച് പരിപാടിയുണ്ട്.”

അച്ഛനോട് ഇനി താൻ എന്ത് മറുപടി പറയും എന്ന ചിന്തയിലായിരുന്നു ഹരി അപ്പോഴും. മനുവിനോട് യാത്ര പോലും പറയാതെ ഹരി തിരിഞ്ഞ് നടന്നു. ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോൾ ഗോവണിപ്പടിയിൽ നിന്നും ഹരിയുടെ കാലിടറി. കാറിലിരുന്ന ഒരു കുപ്പി വെള്ളം അവൻ ഒറ്റ വലിക്ക് കുടിച്ച് തീർത്തു. കാറുമെടുത്ത് ഹോസ്റ്റലിൽ നിന്നും അവൻ പുറത്തേക്കിറങ്ങി അകലെ കണ്ട ആൽ മരച്ചുവട്ടിൽ അവൻ വണ്ടി നിർത്തി. കാറിൻ്റെ സീറ്റ് പിന്നിലേക്ക് വലിച്ചിട്ട് അവൻ കണ്ണുകൾ അടച്ച് മലർന്ന് കിടന്നു.

ആയിരം ഭാവങ്ങളിൽ വിരിയുന്ന ശ്രീ ബാലയുടെ മുഖം ഹരിയുടെ മനസ്സിൽ മിന്നി മറിഞ്ഞു. അല്പസമയത്തിന് ശേഷം പോക്കറ്റിൽ കിടന്നിരുന്ന ഫോൺ റിംങ്ങ് ചെയ്തപ്പോൾ ഹരി ഞെട്ടി എഴുന്നേറ്റു. ഡിസ്പ്ലേയിൽ തെളിഞ്ഞ് വന്ന ബാലയുടെ പേരുകണ്ടപ്പോൾ ഹരിയുടെ കൈകൾ വിറയാർന്നു.

“ഹ…ഹലോ.” “അച്ഛനാ മോനെ നീ അവിടെ നിന്നും തിരിച്ചോ…? പോയ കാര്യം എന്തായി…?” എന്ത് മറുപടി പറയണം എന്നറിയാതെ ഹരി വാക്കുകൾ ഇരുട്ടിൽ തപ്പി. “അത് അച്ഛാ പിന്നെ മനൂ അവൻ അവിടെ ഇല്ല. എനിയ്ക്ക് കാണാൻ പറ്റിയില്ല.”

“ഉം…ഹോസ്റ്റലിൽ നിന്ന് നീ ഇറങ്ങിയതും അവൻ വിളിച്ചിരുന്നു. ഈ പേരും പറഞ്ഞ് ആ വഴിക്ക് ആരും വരരുത് എന്ന് പറഞ്ഞ്. മോനെ ഇനി നിന്നോട് മറച്ച് വെച്ച ഒരു കാര്യം കൂടി ഞാൻ പറയാം ഈ ആവശ്യം പറഞ്ഞ് ഞാൻ മുൻപ് രണ്ടു തവണ അവനെ പോയി കണ്ടിരുന്നു. പക്ഷേ ഇതു തന്നെയായിരുന്നു അന്നും അവൻ എന്നോട് പറഞ്ഞത്. പിന്നെ നിങ്ങൾ ചെറുപ്പക്കാരല്ലേ ഒരേ തരക്കാരാവുമ്പോൾ അവൻ നിന്നോടെങ്കിലും സത്യം തുറന്ന് പറയും എന്ന് ഞാൻ കരുതി. അതാ വീണ്ടും ഞാൻ നിന്നെ അവൻ്റെ അരികിലേക്ക് വിട്ടത്. പക്ഷേ എൻ്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി അങ്ങിനെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു.”

“അച്ഛാ ഇപ്പോഴും ഒന്നും നമുക്ക് കൈമോശം വന്ന് പോയിട്ടില്ല. ശ്രീബാല എത്രത്തോളം അവനെ സ്നേഹിക്കുന്നുവെന്ന് അവനിപ്പോഴും മനസ്സിലായിട്ടില്ല. പ്രായത്തിൻ്റെ പക്വതയില്ലായ്മയാണ്, അങ്ങിനെ കണ്ടാൽ മതി. എന്തായാലും അവൻ്റെ കോഴ്സ് കഴിഞ്ഞ് നല്ലൊരു ജോലിയൊക്കെ ആവട്ടെ എന്നിട്ട് ഒരു പ്രാവശ്യം കൂടി നന്മുക്ക് അവനെ ഒന്ന് ചെന്ന് കാണാം.”

“വേണ്ട മോനെ ഈ ഒരു കാര്യം പറഞ്ഞ് നീ ഇനി ആരുടേയും കാലു പിടിക്കാൻ പോകണ്ട. വെറെയൊന്നും അല്ല ഇല്ലാത്ത സ്നേഹം പിടിച്ച് വാങ്ങി എൻ്റെ മോൾക്ക് കൊടുത്താൽ പിന്നെ അവളുടെ ജീവിതത്തിൽ ഒരിക്കലും ശാന്തിയും സമാധാനവും ഉണ്ടാവില്ല. എല്ലാം ആഗ്രഹിച്ചത് കിട്ടണമെന്നില്ലല്ലോ…? ചിലപ്പോൾ വിധിച്ചത് മറ്റൊന്നായിരിക്കാം. എല്ലാം മറക്കാനും പൊറുക്കാനും ദൈവം ൻ്റെ കുട്ടിക്ക് കരുത്ത് പകർന്ന് നൽകട്ടെ…”

ഹരി മറുപടി പറയും മുൻപ് മറുതലയ്ക്കൽ കോൾ കട്ടായി. ഹരിയുടെ മനസ്സ് നിറയെ ശൂന്യമായിരുന്നു. അതൊരു കടിഞ്ഞാൺ ഇല്ലാത്ത കുതിരയെപ്പൊലെ ദിശയില്ലാതെ പാഞ്ഞൂ…ഇവിടെ ഒന്നുകിൽ വിധിയുടെ വിളയാട്ടം അല്ലെങ്കിൽ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന മനുവിനെ പോലുള്ളവരുടെ ചതി. രണ്ടായാലും ഒരാണിനെ മാത്രം സ്വപ്നം കണ്ട് ജീവിതം ഹോമിക്കപ്പെട്ട അനവധി പെൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ. എന്നിട്ടും ആ മുറിവിൻ്റെ ആഴം അളക്കാൻ നമ്മുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ഇനി കഴിയുകയും ഇല്ല. മനുവിനെപ്പൊലുള്ളവർ പറ്റിക്കാനും ശ്രീബാലയെപ്പോലുള്ളവർ പറ്റിക്കപ്പെടാനും ഇനിയെത്ര കിടക്കുന്നു. കാലം അതിന് പുതിയൊരു പേരും നൽകും അതാണ് തേപ്പ്.

(എൻ്റെ അറിവിൽ തേപ്പ് കിട്ടി ഇരിക്കുന്ന എല്ലാ സഹോദരീ സഹോദരൻന്മാർക്കും ഈ കഥ ഡേഡിക്കേറ്റ് ചെയ്യുന്നു. പിന്നെ നാല് മാസത്തിന് ശേഷമാണ് ഒരു കഥ എഴുന്നത്. അതിന് അതിൻ്റെതായ പോരായ്മകളും ഉണ്ട്. ടച്ച് വിട്ടു പോയി, തെറ്റുകൾ സദയം ക്ഷമിച്ചാലും അഭിപ്രായം പറയാനും മറക്കണ്ട.)