അല്ലങ്കിലും കളയുന്നതാ നല്ലത്, അല്ലങ്കിൽ പ്രസവം കഴിഞ്ഞ് 3 മാസം കഴിഞ്ഞില്ല. അടുത്തതെന്നും പറഞ്ഞു ആളുകൾ കളിയാക്കില്ലേ

നവവധു – എഴുത്ത്: സിറിൾ കുണ്ടൂർ

എന്തായാലും ഇത് കളഞ്ഞേ പറ്റു…ഞാൻ അപ്പോഴെ പറഞ്ഞതാ സൂക്ഷിക്കണമെന്ന്…

കൊച്ച് വെളുപ്പാം കാലത്ത് തന്നെ കലി തുള്ളി നിൽക്കുന്ന അവളെ പുതപ്പ് മാറ്റി നോക്കി. ഉം…ഒരു മൂളലോടെ ഞാൻ വീണ്ടും പുതച്ച് മൂടി കിടന്നു. ശബ്ദം ഒന്നും കേൾക്കാതായപ്പോൾ വീണ്ടും പുതപ്പ് മാറ്റി നോക്കി. എളിക്ക് രണ്ട് കൈ താങ്ങും കൊടുത്ത് ദേഷ്യത്തോടെ അവൾ കണ്ണുകൾ തുറിപ്പിച്ച് രൂക്ഷമായി നോക്കി തന്നെ നിൽക്കുകയാണ്.

ഉം…എന്താണാവോ രാവിലെ തന്നെ ഒരു മഴ മേഘം മുഖത്ത് കയറി കൂടിയിട്ടുണ്ടല്ലോ…? എന്താ കാര്യം…?

ദേ…എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട. ദേ…കണ്ണ് തുറന്ന് നോക്ക്, റിസൾറ്റ് പോസ്റ്റിവാണ്.

ആഹാ നല്ല കാര്യമല്ലേ…കൊള്ളാലോ രണ്ട് വരയും നന്നായി തെളിഞ്ഞട്ടുണ്ട്…പിന്നെ എന്താ കുഴപ്പം…?

എന്നെ കൊണ്ട് പറ്റില്ല, കളഞ്ഞേ പറ്റു….

എന്റെ ദേവു നീ എന്തക്കയാ പറയുന്നെ…കളയാനോ…? അവളുടെ കൈ പിടിച്ച് അരികിലിരുത്തി, മുഖം വെല്ലാതെ മാറിയിരിക്കുന്നു. ഞാൻ പറഞ്ഞ ആശ്വാസവാക്കുകൾ അവൾ ശ്രദ്ധിക്കാതെ ആലോചനയിൽ മുഴുകിയിരുന്നു. കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങൾ ഇരുന്നു.

വാ, നമുക്ക് ഹോസ്പ്പിറ്റലിൽ പോകാം. എന്നിട്ട് തീരുമാനിക്കാം. ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അവൾ തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു. കളയണം…എന്നെ കൊണ്ടു നോക്കാൻ പറ്റില്ല.

വേണ്ട നീ നോക്കണ്ട, ഞാൻ നോക്കി കൊള്ളാം…

ഉവ്വ…നിങ്ങൾ നോക്കും വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ വിശേഷമായതാ. അതു കഴിഞ്ഞ് ദാ, അടുത്തത് വീണ്ടും…ജീവിതം ഒന്നു ആസ്വദിക്കാൻ പോലും പറ്റിട്ടില്ല.

അതാണോ കാര്യം…? എന്റെ മോളെ നീ സമാധാനപ്പെട്. എല്ലാം ശരിയാക്കാം. പറ്റി പോയില്ലേ. ഇനി പറഞ്ഞട്ടെന്താ കാര്യം.

എന്ത് പറ്റി. ഞാൻ പ്രസവം കഴിഞ്ഞപ്പോൾ തുടങ്ങി പറയണതാ ശ്രദ്ധിക്കാൻ…ഉണ്ണിക്ക് 4 മാസം ആയിട്ടൊള്ളു. അവന്റെ കാര്യം ആരുനോക്കും. അവൾ ഓരോന്നു പറഞ്ഞു ഉത്തരം മുട്ടിച്ചു. ഞാൻ ആകെ വിയർത്തു.

ശരിയാ…ഹണിമൂൺ പോകാനായി പദ്ധതി ഇട്ടപ്പോഴാ വിശേഷം ആയത്. അതിൽ തന്നെ അവൾക്ക് വല്ലാത്ത സങ്കടം ആയിരുന്നു. ഇരുപതാം വയസിൽ ഗർഭിണി ആയതിന്റെ കുറെ അനുഭവിച്ചിരുന്നു. അതായിരിക്കും വീണ്ടും ഗർഭത്തോട് പരിതാപകരമായ സമീപനം. പ്രസവ വേദന തിന്ന് നേരത്തോട് നേരം കിടന്ന വേദന അവൾ എന്നോട് പറയുമ്പോൾ എന്റെ തോളിൽ അവൾ ശക്തിയായി അമർത്തുന്നുണ്ടായിരുന്നു. ആൺകുട്ടിയെ സമ്മാനിച്ച അവളുടെ നെറുകയിൽ അന്ന് ഉമ്മ കൊടുത്തപ്പോൾ കണ്ണു നിറഞ്ഞൊഴുകിയത് പ്രസവവേദനയുടെ ബാക്കി ആയിരുന്നു.

കുഞ്ഞിനു കൊടുക്കാൻ പാലില്ലാതെ വിഷമിച്ചു എന്നെ കെട്ടിപിടിച്ചു കരഞ്ഞതും, കുഞ്ഞിന്റെ കരച്ചിൽ കണ്ട് സങ്കടം സഹിക്കാൻ കഴിയാതെ കണ്ണുകൾ നിറഞ്ഞൊഴുകിയതും എന്നിൽ ഒരു നീറ്റൽ ഉണ്ടാക്കി കടന്നു പോയി. അസാധാരണമായ കരച്ചിലായിരുന്ന കുഞ്ഞിന്, നിസഹായമായിരുന്നു അവളും കരയുന്നതു ഓർത്തപ്പോൾ…ശരിയാ…അവൾ പറഞ്ഞത്. കളഞ്ഞില്ലങ്കിൽ ഒരു വയസെത്തും മുമ്പ് മുലകുടി നിർത്തേണ്ടി വരും, പിന്നെ ഏതു നേരവും കരയുന്ന ഉണ്ണിയെ ഓർത്തപ്പോൾ ഞാൻ മനസില്ലാ മനസസോടെ മൗനസമ്മതം നൽകി. അവളുടെ മുഖം തെളിഞ്ഞു.

അല്ലങ്കിലും കളയുന്നതാ നല്ലത്, അല്ലങ്കിൽ പ്രസവം കഴിഞ്ഞ് 3 മാസം കഴിഞ്ഞില്ല. അടുത്തതെന്നും പറഞ്ഞു ആളുകൾ കളിയാക്കില്ലേ, അവൾ ആരോടെന്നില്ലാതെ പറഞ്ഞു സ്വയം ആശ്വസിച്ചു. ശരിയാ….കളിയാക്കും.

അടർന്നു പോകുന്ന ചോര തുടിപ്പ് എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പോലെ തോന്നിയപ്പോൾ വല്ലാതെ വേദനിച്ചു എന്ന് കണ്ണു നിറഞ്ഞപ്പേഴാണ് അറിഞ്ഞത്. പാവം എന്ത് തെറ്റ് ചെയ്യ്തട്ടാണ് എന്റെ ചോര ഞാൻ ബലി കൊടുക്കുന്നത്. വല്ലാത്തൊരു പ്രാണവേദന തോന്നി. വീണ്ടും ഞാൻ യാചിച്ചു നോക്കിയെങ്കിലും അവൾ പിൻമാറിയില്ല.

നിങ്ങളുടെ കുഴപ്പം കൊണ്ടല്ലേ…എനിക്ക് ഒരു തെറ്റായിട്ടും തോന്നണില്ല. അഞ്ച് മാസം കഴിഞ്ഞ് എന്തങ്കിലും പ്രശനങ്ങൾ ഉണ്ടായിട്ട് വാവകളെ കളയുന്നവരില്ലേ. അത്രക്കൊന്നുല്ലല്ലോ ഇത്….ഇരുപത്തിയൊന്ന് വയസ്സിൽ രണ്ട് കുട്ടികളുടെ അമ്മയാകാനൊന്നും എന്ന കിട്ടില്ല.

പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല. ഹോസ്പ്പിറ്റലിൽ പോയി സ്ക്യാൻ ചെയ്തപ്പോൾ എട്ട് ആഴ്ച ആയതു കൊണ്ട് ഗുളികയിൽ പോകില്ലന്നറിഞ്ഞു പഴയ പോലെ ഇപ്പോൾ ഒരു സ്ഥലത്തും ചെയ്യണില്ല. അഞ്ച് ഹോസ്പ്പിറ്റൽ കയറി ഇറങ്ങി, അവസാനം ഒരു പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ അവർ പറഞ്ഞ വലിയ തുക കെട്ടി കളയാനുള്ളതെല്ലാം തയ്യറാക്കി.

ദേവു നമ്മുടെ മോനെ കളയണോ…അവൻ എന്ത് തെറ്റ് ചെയ്തിട്ടാ. ഒന്നൂടെ ഒന്ന് ആലോചിച്ചട്ട്…ദയനീയമായി ഒന്നു നോക്കി അകത്തേക്ക് പോകുമ്പോൾ എന്റെ മനസ്മരവിച്ചിരുന്നു. പാപഭാരം സ്വയം ഏറ്റുവാങ്ങി പക്വതയില്ലാത്ത അവളോട് ക്ഷമിക്കാൻ കണ്ണടച്ച് പ്രാർത്ഥിച്ചു, മിഴിനീരിൽ ഒരു കുഞ്ഞു തേങ്ങൽ കേട്ടു ഞെട്ടി എഴുന്നേറ്റു.

അകത്തു നിന്നും അവൾ പുറത്തേക്കു വന്നു. എന്നെ കെട്ടിപ്പിടിച്ചുകരഞ്ഞു. എനിക്ക് എന്റെ വാവയെ വേണം നമ്മുടെ വാവയെ കൊല്ലണ്ട…ഒരു നിമിഷം ഒന്നും മനസിലാകാതെ സ്തംഭിച്ചു നിന്ന എന്നെ മുറിയിൽ നിന്നും ഒരു മാലാഖ ചിരിച്ചു കാണിച്ചു. ഞാനും ചിരിച്ചു. ഒന്നും അറിയാത്തൊരു ചിരി.

അല്ല ദേവു അത്…?

അതെ നമുക്കിപ്പോൾ ഒരു ഉണ്ണി ഇല്ലേ. നാലു മാസം പ്രായം, അപ്പോ ഇരട്ട കുട്ടികളായിരുന്നെങ്കിൽ നമ്മൾ ഒരു വാവയെ കൊല്ലുമായിരുന്നൊ…? ഇല്ലല്ലോ. എന്നാൽ പിന്നെ ഇരട്ട കുട്ടികളെ പോലെ അവർ വളരട്ടെ. അല്ലേ….ആളുകൾ പലതും പറയും അവരുടെ ചിലവിലല്ലല്ലോ. നമ്മുടെ ജീവിതം.

ഒരു കുഞ്ഞു പുഞ്ചിരി എന്റെയുള്ളിൽ സന്തോഷത്തിന്റെ വെളിച്ചമേകി. വയറുചേർത്തു പിടിച്ചു കൊണ്ടവൾ പറഞ്ഞു…പെണ്ണുവാവ മതി..!!