പിന്നെ കല്ല്യാണം കഴിഞ്ഞുള്ള ആ പരാക്രമം കണ്ടപ്പോഴേ എനിക്ക് അറിയായിരുന്നു ഇത് ഇങ്ങനെ ഒക്കേ സംഭവിക്കൂന്ന്. ഹരി ഒരു കള്ളച്ചിരി ചിരിച്ചു

കടിഞ്ഞൂൽ താരാട്ട് – എഴുത്ത്: സനൽ SBT

ഹരി ഏട്ടാ ഒന്നിങ്ങു വന്നേ…

ഇതാ വരുന്നു, ഞാനീ ഡ്രസ്സ് ഒന്നു മാറട്ടെ…

അതൊക്കെ പിന്നെ മാറാം…ഓഫീസിൽ നിന്നും വന്ന ഹരിയെ അവൾ ബെഡിൽ പിടിച്ചിരുത്തി. ഹരിയേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ ഞെട്ടുമോ…?

എന്താ ഇപ്പോ ശിവേ ഞെട്ടാൻ മാത്രം നീ കാര്യം പറ.

ഇനി പണ്ടത്തെപ്പോലെ സേവിങ്‌സ് ഒന്നും ഇല്ലാതെ പറ്റില്ല. ചിലവ് കൂടുകയല്ലേ….

എന്താ മോദി വീണ്ടും പണി തന്നോ, പെട്രോളോ ഗ്യാസോ എന്തിനാ വില കൂടിയേ…

അയ്യോ അതല്ല എൻ്റെ ഏട്ടാ. നന്മടെ ഇടയിലേക്ക് ഒരാളു കൂടി വരാൻ പോകുന്നു. ഞാൻ ഗർഭിണിയാണ്. ഹരി ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. എന്താ നീ ഈ പറയണേ ശിവേ…?

അതെ ഏട്ടാ…

ശ്ശേ…ഞാൻ ഇനി എങ്ങിനെ വീട്ടുകാരുടെ മുഖത്ത് നോക്കും. ആകെ നാണക്കേട് ആയി.

ഞാനും ഇപ്പോ അതാ ആലോചിക്കുന്നേ കല്ല്യാണം കഴിഞ്ഞിട്ട് ആകെ രണ്ടു മാസമല്ലേ ആയോള്ളൂ. ഉം ഇനി എന്താ ചെയ്യുക.

എന്ത് ചെയ്യാൻ…?

എന്നാലും ഇത്ര പെട്ടെന്നോ എനിക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല. ഇനി വല്ല ദിവ്യ ഗർഭം വല്ലതും ആണോ…?

പിന്നെ കല്ല്യാണം കഴിഞ്ഞുള്ള ആ പരാക്രമം കണ്ടപ്പോഴേ എനിക്ക് അറിയായിരുന്നു ഇത് ഇങ്ങനെ ഒക്കേ സംഭവിക്കൂന്ന്. ഹരി ഒരു കള്ളച്ചിരി ചിരിച്ചു. ഉം…അമ്മയോട് പറഞ്ഞോ.

ആ അമ്മയാണ് ആശുപത്രിയിൽ കൊണ്ടു പോയത് ഇനി ആരും അറിയാൻ ബാക്കി ഇല്ല.

ഉം…അടിപൊളി അതു സാരല്ല്യ. എല്ലാരും ഇങ്ങനെ ഒക്കെ തന്നെയല്ലേ. നീ ഇങ്ങോട്ട് വന്നേ ഞാൻ ഒന്ന് ശരിക്കും കാണട്ടേ….

ഒന്നു പോയേ ഹരിയേട്ടാ ഇത്രയൊക്കെ ഒപ്പിച്ചു വെച്ചത് പോരെ.

ഇങ്ങ് വാ പെണ്ണേ കുറച്ചു കൂടി കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല. തെല്ലു നാണത്തോടെ അവൾ അവൻ്റെ മാറിലേക്ക് ചാഞ്ഞു.

യശോദാമ്മേ ഹരി പണി പറ്റിച്ചുന്ന് കേട്ടല്ലോ. വേലിയരികിൽ നിന്നും ഇല നുള്ളിക്കൊണ്ട് അയൽക്കാരി മീനാക്ഷി ചോദിച്ചു.

ഉം…ഇപ്പഴത്തെ പിള്ളേരല്ലേ. ഹാ എന്നായാലും വേണ്ടേ. ഇതിത്തിരി നേരത്തെ ആയീന്ന് മാത്രം…പെട്ടെന്നു ആവുന്നത് നല്ലതാ ഓരോരുത്തര് കുട്ടികൾ ഇല്ലാണ്ട് നേർച്ചയും വഴിപാടുമായി നടക്കുകയാണ്. ദൈവം തരുമ്പോൾ മേടിച്ചോണം ഇല്ലാത്തപ്പോഴാ അതിൻ്റെ വിഷമം അറിയൂ. ഭാസ്ക്കരേട്ടൻ്റെ മരുമോള് കണ്ടില്ലേ വർഷം 7 ആയി ഇപ്പഴും ഒന്നും ഇല്ല. അതിന് ആ ചെക്കൻ ഏതു കാലത്തും ഗൾഫിൽ അല്ലേ…വന്നാൽ തന്നെ കഷ്ട്ടി ഒരു മാസം പിന്നേം പോവും ആർക്ക് വേണ്ടിയാ ഇങ്ങനെ കിടന്ന് സമ്പാദിക്കണാവോ. രണ്ടു പേരും പിന്നെ നാട്ടുവിശേഷങ്ങളിൽ മുഴുകി.

ശിവേ ഇതിപ്പോ എട്ടാം മാസം ആയില്ലേ ഇനി നല്ലോണം ശ്രദ്ധിക്കണം ട്ടോ.

ഉം..ശ്രദ്ധിക്കിണ്ടമ്മേ…

പെട്ടെന്ന് ഇരിക്കാനും എഴുന്നേൽക്കാനും ഒന്നും പാടില്ല പിന്നെ മഴക്കാലം അല്ലേ മുറ്റത്തൊക്കെ ശ്രദ്ധിച്ച് നടക്കണം.

ഉം…ശരിയമ്മേ…ഹരിയേട്ടാ ഒന്നു തൊട്ടു നോക്കിയേ കുഞ്ഞ് അനങ്ങുന്നു. നോക്കട്ടെ ആ അവൾ അവിടെ കിടന്ന് നല്ല ഡാൻസ് ആണ്…ഓഹോ പെൺകുട്ടിയാന്ന് ഉറപ്പിച്ചോ…ഞാൻ അങ്ങിനെ പറഞ്ഞുന്നേ ഉള്ളു എന്തു കൂട്ടിയായാലും നമ്മടെ ആദ്യത്തെ കൺമണി അല്ലേ. ഉം…എന്തായാലും ആളു പുറത്തു വരാൻ നല്ല പരാക്രമം കാണിക്ക്ണ്ട്…അതു പിന്നെ മത്തൻകുത്തിയാൽ കുമ്പളം മുളക്കുമോ…?രണ്ടു പേരും ബെഡിൽ ഇരുന്ന് കുലുങ്ങി ചിരിച്ചു.

മൊബൈൽ റിങ്ങ് ചെയ്തപ്പോഴൾ ഹരി ബാങ്കിൽ നിന്നും പുറത്തിറങ്ങി. ഹലോ എന്താമ്മേ…? ഹരി നീ എവിടാ ടാ…? ഞാൻ ടൗണിലേ ബാങ്കിലുണ്ടമ്മേ ഒരു ചെക്ക് മാറാൻ വന്നതാ. എന്നാ നീ വേഗം നിള ആശുപത്രിയിലേക്ക് വാ…ശിവക്ക് ചെറിയൊരു വേദന വന്നു അപ്പോ ഞാൻ അവളേയും കൊണ്ട് ഇങ്ങോട്ട് പോന്നു. ഒരു പത്തു മിനിറ്റ് ഇതാ ഇപ്പം വരാമ്മേ. ഹരി ബൈക്കുമെടുത്ത് ഹോസ്പറ്റിലിലേക്ക് പാഞ്ഞൂ…

എന്താ പറ്റി അമ്മേ…? അറിയില്ലടാ അവൾ ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാ വേദന വന്നത് നേരെ ഇങ്ങോട്ട് പോന്നു. എന്നിട്ട് ശിവ എവിടെ….? ഓപ്പറേഷൻ തിയ്യേറ്ററിലേക്ക് മാറ്റി. അതിന് ഡേറ്റ് അടുത്ത മാസം 18 ന് അല്ലേ…ചിലപ്പോ ഇപ്പോ ഓപ്പറേഷൻ ചെയ്യേണ്ടി വരുമെന്നാ ഡോക്ടർ പറഞ്ഞത്. എന്തോ കോബ്ലിക്കേഷൻ ഉണ്ടെന്നാ പറഞ്ഞത്.

ശിവന്യയുടെ ആരാ വന്നിട്ടുള്ളത് ഡോക്ടർ വിളിക്കുന്നു…ആ വാമ്മേ…ഇരിക്കൂ ഭർത്താവല്ലേ…അതെ ഹരീഷ്….ഇത് എൻ്റെ അമ്മ…ആ ഹരീഷേ അപ്പോ ശിവന്യയുടെ ഓപ്പറേഷൻ കഴിഞ്ഞു. പക്ഷേ ചെറിയൊരു പ്രശ്നം ഉണ്ട് കുഞ്ഞിനെ നമ്മുക്ക് കിട്ടിയില്ല. ഹരി ഇതു കേട്ടതും ഇടിവെട്ടേറ്റ പോലെയായി. സർ എന്താ പറഞ്ഞേ….? ഹരീഷേ ഞാൻ പറഞ്ഞില്ലേ ഇവിടെ കൊണ്ടുവന്നപ്പോഴേക്ക് കുഞ്ഞ് കഴിഞ്ഞിരുന്നു. പിന്നെ ഓപ്പറേഷൻ ചെയ്താ പുറത്തിടുത്തത്.

ഹരിക്ക് സങ്കടം അടക്കിപിടിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കണ്ണൂകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്. ശിവന്യയുടെ ഗർഭപാത്രത്തിന് രണ്ടു അറകളാണ് അതാണ് ഇത്രയും പ്രശ്നം. അപൂർവ്വം ചിലർക്ക് മാത്രം കാണുന്ന ഒന്നാണ് അത്. അതു കൊണ്ട് ആദ്യം ചെറിയൊരു ഓപ്പറേഷൻ കൂടി വേണ്ടിവരും ഇല്ലെങ്കിൽ അടുത്ത പ്രസവവും ഇങ്ങനെ സംഭവിച്ചേക്കാം. ഹരി എന്തു പറയണമെന്നറിയാതെ പകച്ചു നിന്നു. കുഞ്ഞ് ഇല്ലാ എന്നുള്ള കാര്യം ശിവന്യ അറിഞ്ഞിട്ടില്ല. ബോധം വരുമ്പോൾ പതിയെ പറഞ്ഞു മനസിലാക്കിയാൽ മതി. ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റാം.

ഹരി തൻ്റെ കണ്ണൂകൾ തുടച്ച് ശിവയുടെ അടുത്തേക്ക് നടന്നു ഒരു യന്ത്രം പോലെ. ഹരിയേട്ടാ നമ്മുടെ കുഞ്ഞ്…അവൾ പൊട്ടിക്കരഞ്ഞു. ഹേയ് ഈ കുഞ്ഞ് നമ്മുക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി. നീ ഇങ്ങനെ കരയല്ലേ ശിവേ എനിക്കിത് കാണാൻ വയ്യ…അവൻ അവളെ ചേർത്തു പിടിച്ചു. ഹരിയേട്ടാ ആണോ അതോ പെണ്ണായിരുന്നോ. പെൺകുട്ടി…അവൾ അവൻ്റെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടി.

ശിവേ മോളേ സാരല്ല്യ..ടാ ഹരി നീയും കൂടി ഇങ്ങനെ തുടങ്ങിയാലോ ഇത് ലോകത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ. നിങ്ങള് ചെറുപ്പം അല്ലേ ഇനിയും ഉണ്ടാവും. വിധി എന്നല്ലാണ്ട് എന്തു പറയാനാ. പിന്നെ കുട്ടിയില്ലാന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രസവ കാര്യങ്ങൾ ഒക്കെ നോക്കണം. നീ പോയി ഈ മരുന്നൊക്കെ മേടിച്ചോണ്ട് വന്നേ. എന്ത് കിടപ്പാത് ശിവേ ഈ ഉലുവ ചോറ് കഴിച്ചിട്ട് മരുന്നൊക്കെ കുടിച്ചേ. പീന്നീടാ ഇതിൻ്റെ ഒക്കെയും പ്രശ്നം വരുന്നത്. രണ്ടു ഭാഗത്തും നല്ല വേദന ഉണ്ടമ്മേ. നനഞ്ഞ മാറിടം കാണിച്ചു കൊണ്ടവൾ പറഞ്ഞു. അയ്യോ അത് കറന്നു കള. കുട്ടി ഇല്ലല്ലോ കുടിക്കാൻ അതാ ഇങ്ങനെ വിങ്ങുന്നത്. എന്നിട്ട് വല്ല ചെടിയുടെ ചുവട്ടിൽ കൊണ്ടു പോയി ഒഴിക്ക്…ഉം…ശരിയമ്മേ..

.മാസങ്ങൾ കടന്നു പോയി പതിയെ എല്ലാവരും ദു:ഖത്തിൽ നിന്നും സന്തോഷമായ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഹരിയേട്ടാ ഞാൻ വീണ്ടും ഗർഭണിയാണ്. ഹാവൂ ഇപ്പഴാ ശിവേ എനിക്ക് ആശ്വാസമായത്. കഴിഞ്ഞ ആറ് മാസമായി ഞാനിത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ എനിക്കെന്തോ പേടി തോന്നുവാ ഹരിയേട്ടാ. ഏയ് ഇനി എന്തിനാ പേടിക്കുന്നത് പ്രശ്നം എല്ലാം നന്മൾ തീർത്തില്ലേ. ഉം നല്ല ബെഡ് റെസ്റ്റ് വേണം ന്നാ ഡോക്ടറ് പറഞ്ഞത്. ആ അത് സാരല്ല്യ ഇത്തവണ എല്ലാം ശരിയാക്കും.

മാസങ്ങൾ വളരെ പെട്ടെന്ന് കടന്നു പോയി, ശിവയുടെ പ്രസവ ഡേറ്റ് ആയി. എന്താമ്മേ വിവരം ഒന്നും ഡോക്ടർ പറയാത്തെ കുറെ സമയം ആയല്ലോ. നേഴ്സ്മാര് ഓടി നടക്കണതല്ലാതെ ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. ഇതാമ്മേ ഡോക്ടർ വരുന്നു ചോദിക്കാം. ആ ഹരീഷേ ഇത്തവണയും ദൈവം നമ്മളെ കൈവിട്ടു. സാർ എന്താണ് പറയണത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് നിങ്ങൾക്ക് പ്രസവം എടുക്കാൻ അറിയില്ലേങ്കിൽ അതു പറ ഞങ്ങൾ വേറെ ആശുപത്രിയിൽ കൊണ്ടോയിക്കോളാം. ഹരി ഡോക്ടർക്ക് നേരെ തിരിഞ്ഞു.

ഹരീഷേ ഞാൻ പറയുന്നത് കേൾക്ക്, വേറെ എവിടെ കൊണ്ടു പോയാലും ഇതു തന്നെ സംഭവിക്കൂ…ഞാൻ മുപ്പത് വർഷമായി പ്രസവം എടുക്കാൻ തുടങ്ങിയിട്ട്, നിന്നെയും ഇവിടെ തന്നെല്ലേ പ്രസവിച്ചേ. ഹരി ഡാ ഇവിടെ കിടന്ന് ഒച്ചവക്കല്ലേ ആളുകൾ എല്ലാം നോക്കുന്നു. നീ ഇങ്ങോട്ട് വന്നേ…അവൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ടു പോയി. എന്താമ്മേ ഇനി ഞാൻ അവളോട് പറയുക. എനിക്ക് വയ്യ ഈശ്വരാ…ഹരി തലയിൽ കൈ വെച്ച് അവിടെ ഇരുന്നു.

ശിവേ ശിവേ ഒന്നു നോക്കിയെ അവൾ അവളെ പതിയെ വിളിച്ചു. അവൾ ഒന്നും പറഞ്ഞില്ല. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണൂനീർ മാത്രമായിരുന്നു മറുപടി. ഹരി നിന്നോട് ഡോക്ടറുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. ഹരീഷേ…സംഭവവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഞാൻ എൻ്റ പരമാവതി നോക്കി. പക്ഷേ ദൈവം കൂടി കനിയണ്ടേ…മൗനമായി അവൻ കസേരയിൽ ഇരുന്നു. ഇനി കുറച്ചു കാലത്തിന് അടുത്ത കുട്ടിക്ക് വേണ്ടി ട്രൈ ചെയ്യരുത്. അത് വലിയ അപകടം ഉണ്ടാക്കാം ഈ ചെറുപ്രായത്തിൽ 2 പ്രസവം കഴിഞ്ഞതല്ലേ. ഞാൻ കുറച്ച് മരുന്ന് എഴുതാം വർഷം തുടർച്ചയായി കഴിക്കട്ടെ എന്നിട്ട് നോക്കാം.

ഹരി ഡോക്ടർ പറഞ്ഞത് അനുസരിച്ചു. ഒരു ഭാഗത്ത് മരുന്നും വഴിപാടുമായി ഹരിയുടെ കുടുംബം നടന്നു. വർഷങ്ങൾ രണ്ട്‌ കഴിഞ്ഞു. ഹരിയേട്ടാ അമ്മക്ക് ഇപ്പോ എന്നോട് പണ്ടത്തെപ്പോലെ സ്നേമില്ലാന്ന് ഒരു തോന്നൽ. ഹേയ് അത് നിനക്ക് വെറുതെ തോന്നുന്നതാണ്. ഉണ്ടെങ്കിൽ തന്നെ നീ ഒരു കുഞ്ഞിനെ ആ കയ്യിൽ വെച്ചു കൊടുത്താൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു…ഉം…എന്നാൽ ഇനി ഒരു ആറ് മാസം കൂടി കാത്തിരുന്നാൽ മതി. ഹേ സത്യാണോ ശിവേ…

ഭഗവാനെ ഈ കുഞ്ഞിനെ ഞങ്ങൾക്ക് തരണേ ഞാൻ ഗുരുവായൂരപ്പന് വെണ്ണ കൊണ്ട് തുലാഭാരം ചെയ്തേക്കാം. ഇല്ല ഹരിയേട്ടാ ഈ കുഞ്ഞ് നമ്മുക്ക് ഉളളതാ..ഇതിനേയും ഈശ്വരൻ തിട്ടയെടുത്താൽ പിന്നെ ഈ ശിവ ജീവിച്ചിരിക്കില്ല. അതൊരു ഉറച്ച തീരുമാനമാണെന്ന് ഹരിക്ക് അറിയാമായിരുന്നു.

ഈ പ്രാവശ്യം ഞാൻ ഇവിടെ നിൽക്കുന്നില്ലമ്മേ…എനിക്കതിന് കഴിയില്ല. ഹരി നീ പോകല്ലേടാ ഈ കുഞ്ഞിനെ നേഴ്സ് തരുമ്പോൾ നിൻ്റെ കൈ കൊണ്ടാണ് മേടിക്കേണ്ടത് ഈ പ്രാവശ്യം ദൈവം നന്മളെ കൈവിടില്ലാ. രണ്ടു പേരും ലേബർ റൂമിൻ്റെ മുന്നിൽ നിന്നും പ്രാർത്ഥനയിൽ മുഴുകി. ഇനി വിളിക്കാത്ത ദൈവങ്ങൾ ഇല്ല. റൂമിൻ്റെ വാതിൽ പതിയെ തുറക്കുന്ന ശബ്ദം കേട്ടു. ഹരിക്ക് കണ്ണൂകൾ തുറക്കാൻ കഴിയുന്നില്ല….

ഡാ…പോത്തുപോലെ വളർന്നു. സമയം എട്ടു മണിയായി. എപ്പഴാ ഇനി പെണ്ണ് കാണാൻ പോണത്….?

ഹരി ഞെട്ടി എഴുന്നേറ്റു. വേഗം ഫോൺ എടുത്ത് സമയം നോക്കി. ദൈവമേ സമയം ഒരു പാടായല്ലോ. പെണ്ണ് കാണാൻ പോകുന്നതേള്ളു എന്താപ്പോ ഇങ്ങനെ ഒരു സ്വപ്നം പടച്ചോനെ, പണി പാലിൻ വെള്ളത്തിൽ കിട്ടുമോ…?

ഈ കല്ല്യണം നടന്നാൽ എൻ്റെ പെണ്ണിനെയും അവളുടെ കടിഞ്ഞൂൽ പ്രസവവും നീ തന്നെ കാത്തോണേ….