ഒരാശ്വാസത്തോടെ അവൾ തിരിഞ്ഞു നടന്നതും പെട്ടെന്നാരോ പിന്നിൽ നിന്നും അവളെ കയറി പിടിച്ചു. അവൾ നിലിവിളിക്കാനാഞ്ഞതും ഇടത്കൈകൊണ്ടയാൾ അവളുടെ…

ഭ്രാന്തന്റെ മകൾ – എഴുത്ത്: മീനാക്ഷി മീനു

“ഇക്കാ….നിയാസിക്കാ…ഒന്ന് കതക് തുറക്കി….” കതകിൽ ആഞ്ഞുള്ള തട്ടലും വിളിയും കേട്ട് കഞ്ഞി വിളമ്പിക്കൊണ്ടിരുന്ന നബീസുമ്മ തവി കലത്തിൽ തന്നെയിട്ട് കതക് ലക്ഷ്യമാക്കി നടന്നു. അകത്തെ മുറിയിൽ നിന്നും ശബ്ദനയും മുടി വാരിക്കെട്ടിക്കൊണ്ട് ഉമ്മയുടെ കൂടെ ചെന്നു…

“ഹസീനാന്റെ ഒച്ച പോലിണ്ടല്ലോ…എന്താണാവോ കാര്യം.” ആകാംക്ഷയോടെ അവർ കതകിന്റെ ഇരു പാളികളും വലിച്ചു തുറന്നു…മുന്നിലതാ എങ്ങലടിച്ചു കൊണ്ട് ഹസീന. “ഇക്കാനോട് ഒന്ന് വരാൻ പറയോ ഉമ്മാ…ഉപ്പയ്ക്ക് പിന്നേം അസുഖം കൂടി. ഞാൻ പിടിച്ചിട്ട് നിയ്ക്കണില്ല. എന്തു ചെയ്യണംന്ന് അറിയില്ലെനിക്ക്…” എങ്ങിയേങ്ങി അവളത്രയും പറഞ്ഞൊപ്പിച്ചു.

ഇയ്യു കരയാണ്ടിരിക്ക്…ഓനിപ്പോ പണി കഴിഞ്ഞു വന്നിട്ടേള്ളു. ഞാ വിളിക്കാ…നിയാസേ…ഒന്നിങ്ങോട് വന്നേ…ദേ ഹൈദ്രോസിക്കായ്ക്ക് പിന്നേം അസുഖം കൂടിയേക്കണ്. ഉമ്മയുടെ ശബ്ദത്തിലെ പരിഭ്രമം അറിഞ്ഞിട്ടാവണം ഷർട്ടിന്റെ ബട്ടൻസ് ഓരോന്ന് വേഗത്തിൽ ഇണച്ചുകൊണ്ട് നിയാസ് ഇറങ്ങി വന്നു.

പെട്ടെന്ന് എന്താണ്ടായത് കൂടാൻ മാത്രം ഹസീനാ…? അറിയില്ലിക്കാ…കഞ്ഞി കൊടുത്തോണ്ടിരുന്നതാ ഞാൻ. പെട്ടെന്ന് ഉച്ചത്തിൽ നിലവിളിച്ചോണ്ട് കഞ്ഞി എന്റെ നേർക്ക് തുപ്പി. ചങ്ങല പൊട്ടിക്കാൻ നോക്കി. കാലു മുറിഞ്ഞു ചോര വരുവാ…വല്ലാത്ത ബഹളം. ഞാൻ പിടിച്ചിട്ടാണേ നിക്കണൂല്ല…

ഹസ്സൻ വന്നില്ലേ ഇനീം…

ഇക്ക ബോധില്ലാണ്ട് എപ്പഴാ വരുക എന്നറിയില്ല. കുത്തിവെയ്ക്കാതെ ഉപ്പ അടങ്ങില്ല. എനിക്കുറപ്പാ…

ശരി. ഞാനൊരു വണ്ടി വിളിക്കാ…ഉമ്മാ…ആ ടോർച്ചിങ്ങോട്ട് എടുക്കി.

അന്നെക്കൊണ്ടു മാത്രം കൂട്ടിയാ കൂടോ നിയാസേ…ഇയ്യാ മജീദിനേം അന്ത്രോസിനേം കൂടെ വിളിക്കി.

ഉം…വിളിക്കാ…ഹസീനാ ഇയു വീട്ടിലേക്ക് പൊയ്ക്കോ…ഞാനിപ്പം വരാ…കണ്ണുനീർ തുടച്ചുകൊണ്ടു തലയാട്ടി അവൾ വീട് ലക്ഷ്യമാക്കി ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. നബീസുമ്മ വൈഷമ്യത്തോടെ താടിക്ക് കൈയൂന്നി അത് നോക്കി നിന്നു.

വല്ലാത്തൊരു വിധി തന്നെ ഈ പെണ്ണിന്റത്. ഓൾക്ക് എട്ടു വയസുള്ളപ്പഴാ ഖദീജാന്റെ മരണം. അനക്കറിയോ ശബ്ദനാ…എന്റെ കളികൂട്ടുകാരിയാരുന്നു ഖദീജ. കൂട്ടുകൂടി നടന്നതും പള്ളിക്കൂടത്തീപോയതും. ഒക്കെ ഞമ്മള് ഒരുമിചായിരുന്നു. തടിക്കച്ചവടക്കാരൻ ഹൈദ്രോസിന് ഓളോട്‌ മൊഹബത്താണെന്ന് ആദ്യം കണ്ടുപിടിച്ചത് ഞമ്മളാണ്. ഓൾടെ പതിനാറാം വയസ്സില്…പിന്നെ ഓരുടെ നിക്കാഹ്…അത് കഴിഞ്ഞു കല്യാണം വരെയുള്ള പ്രേമം…ഒക്കെ ഞമ്മള് കണ്ടേക്കണ്…

ഈ ഹൈദ്രോസിന്റെ കൺ മുന്നീവെച്ചാ പെട്ടെന്ന് തെങ്ങുവീണ് ഓള് മരിക്കണത്. പാതി ചതഞ്ഞ ഓളെ മുഖം കണ്ട് ഒറക്കെ നിലവിളിച്ചും പിന്നെ പിന്നെ വലിയ വായില് ചിരിച്ചും കൊണ്ടും ഓടിയ ഹൈദ്രോസിനെ എനിക്കിപ്പഴും നല്ലോർമ്മിണ്ട്. അങ്ങനൊരു കാഴ്ച്ച കണ്ടാപ്പിന്നെ പിരാന്ത് വരാതിരിക്കോ. അന്ന് തൊട്ട് കൊല്ലം കൊറേയായില്ലേ ആ ഹസീന ഹൈദ്രോസിനെ നോക്കണ്. ആങ്ങള ഒരുത്തനാണേൽ കള്ളും കുടിച്ചിട്ട് ഏതു റോട്ടിലാ കുഴിലാ കിടപ്പെന്ന് ഒരു പിടീമില്ല. അത് അങ്ങിനെ ഒരുത്തൻ…

എന്റുമ്മാ…ഇക്കഥ ഞാൻ കേൾക്കാൻ തുടങ്ങിട്ട് നാള് കൊറേ ആയിക്കണു. പറയണ ഉമ്മയ്ക്ക് ബോറടില്ല. പക്ഷെ…കേക്കണ എനിക്ക് നല്ലോണം ബോറടിണ്ട്.

അഹങ്കാരി. സൗവര്യം കൂടി പോയതിന്റെയ അനക്ക്. ആ പെണ്ണിന്റെ അനുഭവം അറിയണെങ്കി നീയിനീം ജനിക്കണം.

ഇത്രയ്ക്ക് അനുഭവിക്കാനെന്താ. ഉപ്പാനെ ഏതേലും ഭ്രാന്താശൂത്രീല് ആക്കിയാൽ പോരെ. പിന്നെ ഈ പ്രശ്‌നം ഇല്ലല്ലോ…

പോത്തെ…ഓരേ ആ പ്രാന്തൻമാരിടെ കൂട്ടത്തിലിട്ടു നരകിക്കാൻ വിടാതെ ഇവിടെ നിർത്തണത് ആ പെണ്ണിന്റെ നല്ല മനസ്സ്…അയിന് പടച്ചോൻ ഓൾക്ക് കൊടുക്കും..അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

**********************

മുറിയിലെ അരണ്ട വെളിച്ചതിലിരുന്നു ചങ്ങലകീറിയ മുറിവിൽ മരുന്നു വയ്ക്കുകയായിരുന്നു ഹസീന…ഉപ്പ നല്ലയുറക്കമാണ്…മരുന്നിന്റെ ശക്തികൊണ്ട് ഇനി കുറെ മണിക്കൂറുകൾ മൂപ്പര് നന്നായിട്ടുറങ്ങും…ഉറങ്ങട്ടെ…കൊല്ലുന്ന ചിന്തകളിൽ നിന്ന് അത്രയും നേരമെങ്കിലും ആ പാവത്തിനൊരു ആശ്വാസം കിട്ടുമല്ലോ…കണ്ണിൽ നിന്നുതിർന്ന കണ്ണുനീർതുള്ളികൾ അവൾ പതിയെ തുടച്ചു.

ആരോ കതക് തുറക്കുന്ന ശബ്ദം. ഇക്കയായിരിക്കും…അവൾ പതിയെ എഴുന്നേറ്റ് അങ്ങോട്ടേക്ക് നടന്നു. നിലത്ത് കാലുറപ്പിക്കാനാകാതെ രണ്ടു കൈകളും ചുവരിൽ ഊന്നി ആടിയാടി നിൽക്കുകയായിരുന്നു ഹസ്സൻ. ഹസീനയെ കണ്ടതും അയാൾ ചിറികോട്ടി ഒന്ന് ചിരിച്ചു. അവളയാളെ ഗൗരവത്തോടെ ഒന്ന് നോക്കി.

“ബെൽകം…പ്രാന്തന്റെ മകൾ ഹഷീനാ….” പറഞ്ഞിട്ടവൻ കുലുങ്ങിചിരിച്ചു. നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിതുടച്ചു കൊണ്ടവൾ ഉപ്പയുടെ മുറി ലക്ഷ്യമാക്കി തിരികെ നടന്നു. “പോകെയാണോ…പത്രാസുകാരി…ഹസ്സന് ബെൽകം ചെയ്യാൻ ആരുമില്ല ഇവടെ…പ്രാന്തനെ ഊട്ടാനും ഉറക്കാനും മാത്രേ നിനക്ക് നേരമുള്ളോടി ചൂലെ…അവടെയൊരു ഉപ്പ…ക്രാ..ത്ഫൂ…” അയാൾ തിണ്ണയിലേക്കൊന്നു കാർക്കിച്ചു തുപ്പി…

“പന്ന കിളവന്റെ തല പോയാ വീടും പറമ്പും എങ്കിലും എനിക്ക് കിട്ടും…അന്ന്…എന്നെ നോക്കാത്ത പന്ന പെങ്ങളെ…നിന്നെ ഞാൻ റോഡിലോട്ട് ഇറക്കി വിടും…പെരുമഴയത്ത്…ഇരുട്ടത്ത്…പോയി ചാവെടി. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട….” കാലുയർത്തി അയാൾ കതകിലൊന്ന് ആഞ്ഞു തൊഴിച്ചു അതിവേഗതയിൽ കതക് ചുവരിലിടിച്ചു തിരിച്ചു വന്നു. അതേവേഗതയിൽതന്നെ മലർന്നടിച്ചു ഹസ്സൻ നിലത്തേക്ക് വീണു. വീണ്ടും മുഷ്ഠിചുരുട്ടി ചില ശാപവാക്കുകൾ ഉരുവിട്ടുകൊണ്ടു കുറച്ചു സമയത്തിന് ശേഷം അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു.

ഈ സമയമത്രയും ഉപ്പയുടെ കാൽക്കീഴിൽ ചടഞ്ഞുകൂടിയിരുന്നു കണ്ണുനീരൊഴുക്കുകയായിരുന്നു ഹസീന. കുറെ വർഷങ്ങളായി ഇക്ക ഇങ്ങനെ…ഭ്രാന്തന്റെ മകൻ എന്ന നാട്ടുകാരുടെ പരിഹാസവും കളിയാക്കലും പതുക്കെ ഉപ്പയോടുള്ള ദേഷ്യമായി മാറി. ഇടയ്ക്കിടെ ഉപ്പയുടെ അസുഖം കൂടുമ്പോ ചെയുന്ന അക്രമങ്ങൾ ഒക്കെ ഇക്കയെ ദേഷ്യം പിടിപ്പിച്ചു. ശല്യം ഒഴിവാക്കാൻ ഭ്രാന്താശുപത്രിയില് ആക്കാൻ പോയപ്പോ സമ്മതിക്കാത്തതിന് എന്നോടും ദേഷ്യമായി. അതുപോലൊരു സ്ഥലത്തു…പീഡനങ്ങളും സഹിച്ചു എന്റുപ്പ…റബ്ബേ…ഞാനെങ്ങനെ അതിന് സമ്മതിക്കും.

ഒന്നോർത്താൽ ഉപ്പയെക്കാൾ കൂടുതലാണ് ഇക്കാ ചെയ്യുന്ന അക്രമങ്ങൾ…കഴിഞ്ഞ ദിവസം കതകിന്റെ പൂട്ട് ചവിട്ടി പൊട്ടിച്ചു. ഇപ്പൊ കതക് പൂട്ടിയിടാൻ വയ്യ…പ്രായപൂർത്തിയായ ഒരു പെണ്ണുള്ള വീടാണ് എന്ന വിചാരമില്ലാതെ കള്ളും കുടിച്ചു ബോധമില്ലാതെ വീട്ടിലുള്ള സാധനങ്ങൾ ഒക്കെ നശിപ്പിക്കുക. ഓരോന്ന് ആലോജിച്ചുകൊണ്ടു ആ ഇരുപ്പിൽ അവളുമുറങ്ങിപ്പോയി.

*********************

രാവിലെ സുബോധം തിരികെ വന്നതും കണ്ണു തുറന്ന ഹസ്സൻ തലയ്ക്കുഴിഞ്ഞു കൊണ്ട് ഒന്ന് എണീറ്റിരുന്നു. സമീപത്തു വെച്ചിരുന്ന കട്ടൻ ചായ എടുത്തു വലിച്ചു കുടിച്ചു. തലയ്ക്ക് വല്ലാത്ത പെരുപ്പ്…അയാളെഴുന്നേറ്റു അകത്തെ മുറി ലക്ഷ്യമാക്കി നടന്നു. അടുത്ത മുറിയിലതാ ഉപ്പയ്ക്ക് കഞ്ഞി കോരി കൊടുക്കുന്നു ഹസീന. അത് കണ്ട് പല്ല് കടിച്ചുകൊണ്ടയാൾ മുറിയിൽ കയറി കതക് വലിച്ചടച്ചു…പ്ഡോ.. എന്ന വലിയ ശബ്ദം കേട്ട് ഉപ്പ പരിഭ്രമത്തോടെ ഹസീനയെ നോക്കി. അവൾ ചെറിയ പുഞ്ചിരിയോടെ ഒന്നുമില്ല എന്നയർത്തിൽ ഒന്ന് കണ്ണു ചിമ്മി.

അകത്തു കടന്ന ഹസ്സൻ…മുഷിഞ്ഞു പഴംതുണികെട്ടുപോലെ കട്ടിലിൽ കിടന്ന കിടക്കയൊന്ന് ഉയർത്തി. അതിന്റെ അടിയിൽ നിന്നും ഒരു പൊതി പുറത്തേയ്ക്കെടുത്തു. കട്ടിലിനടിയിലെ പത്രക്കെട്ടുകളിൽ നിന്നും ഒരു കഷണം പേപ്പർ കീറിയെടുത്ത് പൊതിക്കുള്ളിൽ സൂക്ഷിരുന്ന മിശ്രിതം കുറച്ചു അതിലേയ്ക്ക് നിറച്ചു. പൊതി ഭദ്രമായി അടച്ചു ഇരുന്നിടത്തേയ്ക്ക് തിരുകിവെച്ചതിന് ശേഷം ഇരു കൈയുടെയും ഉള്ളംകൈകൊണ്ടു പേപ്പർ തെറുത്തെടുത്ത് ചുണ്ടിലേക്ക് ചേർത്തു. തീപ്പെട്ടി കത്തിച്ചു മറ്റേയറ്റത്ത് തീ കൊടുത്തുകൊണ്ടയാൾ ആഞ്ഞു വലിച്ചു. പിന്നെ പതിയെ ചുവരിനോട് ചേർന്ന് ചാരിയിരുന്നു കണ്ണുകളടച്ചു. അയാളുടെ ചിന്താമണ്ഡലത്തിന്റെ സർവനാടികളിലൂടെയും ആ പുകചുരുളുകൾ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഭ്രാന്തന്റെ മോനെ…എന്നു വിളിച്ചുകൊണ്ട് വെളുക്കെ ചിരിക്കുന്ന അനേകർ അയാളുടെ കണ്മുന്നിൽ തെളിഞ്ഞു. ചങ്ങലകിലുക്കി കുലുങ്ങി ചിരിക്കുന്ന ഉപ്പ….പിന്നെയൊരു പെണ്ണുടൽ…കാമമെരിയുന്ന കണ്ണുകളോടെ അയാളവളെ നോക്കി….പിന്നെ ഒരു ചിരിയോടെ കണ്ണുകളടച്ചു…

******************

പവർടൂൾസ് കടയിൽ നിന്നും മെഷിൻ എടുക്കാൻ കവലയിൽ വന്നപ്പോഴാണ് നിയാസ് ബസ്സ്റ്റോപ്പിൽ നിൽക്കുന്ന ഹസീനയെ കണ്ടത്. അവനെക്കണ്ടതും അവളൊന്നു ചിരിച്ചു…”ഉപ്പയ്ക്ക് ഇപ്പൊ എങ്ങനുണ്ട്…?”

“ഇപ്പൊ കുറവുണ്ട് ഇക്കാ…ബഹളമൊന്നുമില്ല. രാവിലെ കഞ്ഞി കുടിച്ചു. മരുന്നും കഴിച്ചു. ഉച്ചയ്ക്കത്തെ ചോറ് എടുത്ത് അരികിൽ മൂടി വെച്ചട്ടാണ് ഞാൻ പോന്നത്. വിശക്കുമ്പോ തിന്നോളും…”

“ഇന്നൊരു ദിവസം ലീവ് എടുക്കമായിരുന്നില്ലേ നിനക്ക്. ഉപ്പയ്ക്ക് വയ്യാത്തതല്ലേ…”

“പറ്റില്ല ഇക്കാ…ഹസ്സനിക്കയ്ക്ക് ജോലി ഒന്നുല്ല. അറിയാലോ…വീട് കഴിയണ്ടേ. മരുന്നിനുള്ള കാശ് വേറെയും വേണം. ഒരുപാട് അവധിയൊക്കെ എടുത്ത് ഈ ജോലീം കൂടെ പോയാ പിന്നെ ഞാനെന്തു ചെയ്യും. ഇതിപ്പോ ഓടിച്ചെന്ന് കാശ് ചോദിക്കാൻ എങ്കിലും ഒരു ആശ്രയമുണ്ടല്ലോ…”

“ഉം…ഹസ്സന് ഒരു മാറ്റവുമില്ലേ…”

“എവിടെ…അതുപോലെ തന്നെ. കള്ള് കുടിക്കാൻ കാശ് എവിടെ നിന്നാണ് എന്ന എനിക്ക് അറിയാൻ വയ്യാത്തത്…”

“എല്ലാം ശരിയാകും. ഞാൻ ചെല്ലട്ടെ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കി നീ വിളിച്ചാ മതി…” ഒരു ചിരിയോടെ അവൾ തലയാട്ടി. ടൂൾസ്ഷോപ്പിലിരുന്ന സജീർ അവരിരുവരെയും നോക്കിയൊരു കള്ള ചിരി ചിരിച്ചു…”എന്താണ് നിയാസേ…ഒരു കുശലം പറച്ചില്…”

“ഓൾടെ ഉപ്പയ്ക്ക് എങ്ങനെയുണ്ട് എന്നു ചോദിച്ചതാ…”

“ഉവ്വ് ഉവ്വെ…”

“ഹാ…ചുമ്മാ ഇളക്കാതെ സജീറെ…ഓൾടെ അവസ്ഥ ഓള്ക്കറിയാം…അനക്കൊക്കെ ഈ ഒരു വിചാരല്ലേ ഉള്ളു…” രംഗം പന്തിയല്ലെന്ന് കണ്ട സജീർ പതുക്കെ വിഷയം മാറ്റി.

***********************

രണ്ടാഴ്ചയ്ക്ക് ശേഷം രാത്രിയിൽ ഉപ്പയുടെ കാലും തിരുമ്മികൊണ്ടു വിശേഷങ്ങൾ പറയുകയായിരുന്നു ഹസീന…ഉപ്പാ അറിഞ്ഞോ…അങ്ങേലെ ശബ്ദനേടെ നിക്കാഹാണ് പോലും അടുത്ത മാസം. ഓള് എന്നെക്കാളും എത്ര ചെറിയ കുട്ടിയാന്നറിയോ. കഞ്ഞീം കറിയും വെക്കാൻ പോലും അറിയില്ല. പേർഷ്യക്കാരനാണ് ചെക്കൻ എന്നാ നബീസുമ്മ പറഞ്ഞത്…

“ഉപ്പാന്റെ മോൾടെ രാശകുമാരൻ ഒടനെ വരും. ഖലീഫാ ഉമർ. കേട്ടിട്ടുണ്ടോ….ഉപ്പ എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്…മോൾക്ക് സമ്മതല്ലേ….?”

“ഉം” അവൾ തലയാട്ടി. ഭ്രാന്തന്റെ മകളെ കെട്ടാൻ ആരും വരില്ലെന്ന സത്യം ഉപ്പയ്ക്ക് അറിയില്ല. അറിയണ്ട…ഒന്നും അറിയണ്ട…”പുയ്യാപ്ളേന്റെ കൂടെ ഇയ്യു പോയാ ഉപ്പാനെ മറക്കോ…ഉപ്പാനെ മറന്നാലും ഉമ്മാനെ മറക്കരുത് ഓൾക്കത് സഹിക്കൂല…ഇങ്ങളെന്നെ മറക്കോ മറക്കോന്ന് ഓളെപ്പോഴും ന്നോട് ചോദിക്കും. അന്റുമ്മാനോട് ഇയു പറയണം, ഉയിരുള്ള കാലത്തോളം ഉപ്പാ ഉമ്മാനെ മറന്നിട്ടില്ലെന്നു…” അത്രയും പറഞ്ഞിട്ടയാൾ ഉറക്കെ ചിരിച്ചുകൊണ്ട് ചുവരിലേക്ക് ദൃഷ്ടിയൂന്നി. ആ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിരുന്നു.

അവൾ വേഗമെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. പാവം ഉപ്പാ…കഞ്ഞി പാത്രത്തിലേക്ക് പകർത്തുമ്പോഴും അവളത് തന്നെ ആലോചിച്ചു കൊണ്ടിരുന്നു. ഉമ്മ എത്ര ഭാഗ്യവതിയാണ്. ഇത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ…പെട്ടെന്ന് പിറകിൽ ആരുടെയോ കാൽപെരുമാറ്റം കേട്ടവൾ തിരിഞ്ഞു നോക്കി. ആരുമില്ല…റബ്ബേ…കതക് അടച്ചിരുന്നില്ല…അടയ്ക്കാൻ പറ്റില്ലല്ലോ…ആരെങ്കിലും അകത്തു കയറിക്കാണുമോ…? അടുക്കളത്തട്ടിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി കയ്യിലെടുത്തുകൊണ്ടു അവൾ മുൻവാതിൽ ലക്ഷ്യമാക്കി നടന്നു. വാതിൽ ചാരി കിടക്കുകയാണ്. എപ്പോഴത്തെയും പോലെ….

അപ്പൊ ആരും കയറിയതല്ല. ഒരാശ്വാസത്തോടെ അവൾ തിരിഞ്ഞു നടന്നതും പെട്ടെന്നാരോ പിന്നിൽ നിന്നും അവളെ കയറി പിടിച്ചു. അവൾ നിലിവിളിക്കാനാഞ്ഞതും ഇടത്കൈകൊണ്ടയാൾ അവളുടെ വായ്പൊത്തി. അയാളുടെ കയ്യിൽ കിടന്ന് അവൾ കുതറി. അയാളവളെ ചുവരിലേക്ക് ചേർത്തമർത്തി. ഇരുകൈകളും പിന്നിലേക്ക് വലിച്ചു പിടിച്ചുകൊണ്ട് അവളുടെ പിൻകഴുത്തിൽ അയാൾ ചുണ്ടുകളമർത്തി. ഒരു പിടച്ചിലോടെ കുതറി തിരിഞ്ഞയവൾ ആളെ കണ്ട് പ്രജ്ഞയറ്റു നിന്നു…

“ഹസ്സനിക്കാ…” നിലവിളിച്ചുകൊണ്ടവൾ തലതല്ലികരഞ്ഞു. കഞ്ചാവിന്റേയും മദ്യത്തിന്റെയും ഉയർന്നലഹരിയിൽ ചുവന്നകലങ്ങിയ കണ്ണുകളുമായി ഹസ്സൻ അവളുടെ ഉടലളവുകൾ ഒപ്പിയെടുത്തുകൊണ്ടു നിന്നു. വീണ്ടും മുന്നോട്ടാഞ്ഞ അയാളുടെ നേർക്ക് അവൾ വെട്ടുകത്തിയുയർത്തി ചീറി. ഒരു ചിരിയോടെ…കത്തി പിടിച്ച കയ്യിൽ പിടിച്ചയാൾ തിരിച്ചു…വേദനയാൽ അവൾ നിലവിളിച്ചു.

വലതുകാലുയർത്തി അവൾ അയാളുടെ മർമ്മ ഭാഗത്തു ആഞ്ഞു തൊഴിച്ചതും അതിവേദനയാൽ കുനിഞ്ഞയാൾ നിലത്തേയ്ക്കിരുന്നു. അവൾ വേഗമോടി അകത്തെ മുറിയിലേക്ക് കയറി…ജനൽ ഭാഗത്ത് വന്ന് “നബീസുമ്മാ…ഇക്കാ…” എന്നവൾ ഉറക്കെ വിളിച്ചു. ആർത്തുപെയ്യുന്ന പെരുമഴയുടെ മേളത്തിനിടയിൽ അവളുടെ നിലവിളി അവരിലേയ്ക്ക് എത്തിയില്ല. വന്യമായ ഭാവത്തോടെ ഹസ്സൻ അകത്തെ മുറിയിലേക്ക് കയറി വന്നു. ജനലിനരുകിൽ നിന്ന അവളുടെ ഇടുപ്പിൽ തന്നെ അയാൾ കാലുയർത്തി തൊഴിച്ചു. നിലത്തു വീണ അവളുടെ കയ്യിൽ നിന്നും വെട്ടുകത്തി തെറിച്ചു ചുവരിലടിച്ചു നിലത്തുവീണു. ഒപ്പം…ചുവരിൽ തൂക്കിയിരുന്ന ഉമ്മയുടെ ചിത്രവും…

നിലത്തുവീണ അവളുടെ ദേഹത്തു കയറിയിരുന്ന് അയാൾ കൈ വീശി വീശി മുഖത്തടിച്ചു. പതിയെ അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി. നിലവിളി തൊണ്ടക്കുഴിയിൽ ഉടക്കി നിൽക്കവേ…അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി അവൻ തല കുനിച്ചു.

പെട്ടെന്നു…ചുടുചോര മുഖത്തു തെറിച്ചു വീണതും അവൾ കണ്ണ് വലിച്ചു തുറന്നു. അവ്യക്തമായ ചില കാഴ്ചകൾ.. .മുന്നിലതാ ചോര പുരണ്ട വെട്ടുകത്തിയും പിടിച്ചു ഉപ്പാ…കഴുത്തിൽ വെട്ടു കൊണ്ട് പിടയ്ക്കുന്ന ഇക്കാ…ഭയന്നു വിറച്ചവൾ അവന്റെ കീഴിൽ നിന്നും നിരങ്ങി മാറി നെഞ്ചിടിപ്പോടെ ചുവരിൽചാരിയിരുന്നു. അൽപസമയത്തിനുള്ളിൽ അവനിലെ ജീവന്റെ തുടിപ്പ് നിലച്ചു. ആ ശരീരം നിശ്ചലമായി.

നിറകണ്ണുകളോടെ അവൾ ഉപ്പയെ നോക്കി…”ന്റെ മോള് പേടിക്കണ്ട. ഉപ്പാനെ ആരും ഒന്നും ചെയൂല…ഉപ്പാക്ക് പിരാന്തല്ലേ മോളെ….പിരാന്ത്…”

“ഉപ്പാ…” എന്നു ഉറക്കെരഞ്ഞുകൊണ്ടവൾ അയാളെ ചേർത്തു പിടിച്ചു. “ന്റെ മോള് കരയരുത്. നി നല്ലോണം ജീവിക്കണം. സ്വന്തം പെങ്ങളെ കേറി പിടിച്ച ഈ കള്ളപ്പന്നി ചാകണം. ഓനെ കൊല്ലാൻ കഴിഞ്ഞില്ലെങ്കി ഞമ്മള് പിന്നെന്തിനാ ജീവിക്കണ്. ഉപ്പാനെക്കൊണ്ട് ന്റെ മോൾക്ക് അങ്ങനെലും ഒരു ഗുണമുണ്ടാവട്ടെ…” അതും പറഞ്ഞയാൾ ഉറക്കെ ഉറക്കെ ചിരിച്ചു. നാടുമുഴുവൻ കേൾക്കുമാറു ഉറക്കെ ഉറക്കെ….പൊട്ടിപൊട്ടിചിരിച്ചു…