കാണാക്കിനാവ് – ഭാഗം പന്ത്രണ്ട്

എഴുത്ത്: ആൻ.എസ്.ആൻ

പതിനൊന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..

രാവിലെ ലക്ഷ്മിയമ്മ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. ഫ്രഷായി വന്നപ്പോഴേക്കും ചായയും തന്നു. അമ്പലത്തിലേക്ക് ഇറങ്ങുകയാണ് എന്നും പെട്ടെന്ന് തന്നെ വരാമെന്നും പുറത്തൊന്നും ഇറങ്ങി നടന്നിട്ട് പനി കൂട്ടേണ്ട എന്നും പറഞ്ഞു. കാട്ടാളനെ കാണുന്നതിന് മടിച്ച് ഞാനും മുറിയിൽ തന്നെയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അമ്മ ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ എന്ന് ചിന്തിച്ചതും “പാർവ്വതി” എന്നുള്ള വിളി കേട്ടു. ശബ്ദ സ്രോതസ്സ് കാട്ടാളൻ തന്നെ…അമ്മ പോയ തക്കത്തിന് ഇനി എന്നെ പിടിച്ചു ഔട്ട് ഹൗസിൽ തള്ളാൻ ആകുമോ…?

ഞാൻ വെപ്രാളത്തോടെ വരാന്തയിലേക്ക് ചെന്നു. കാട്ടാളനോട് എന്തോ സംസാരിച്ചു നിൽക്കുന്ന ആൾ എന്നെ കണ്ടതും ഇടിവെട്ടേറ്റതു പോലെ നിൽക്കുന്നു…സാക്ഷാൽ ഡോക്ടർ…ആശ്ചര്യത്തോടെയും പിന്നെ സന്തോഷത്തോടെയും എന്റെ കണ്ണുകൾ വിടർന്നപ്പോഴേക്കും…

“ഇതെന്തൊരു മേക്ക് ഓവർ ആടോ…?” അവിടെ നിന്നിട്ട് ഒരു സമാധാനം കിട്ടാതെ ഞാനോടി പിടിച്ചു. അവശയായ രോഗിയെ കാണാൻ വന്നിട്ട്. ഇതിപ്പോ ഒരുമാതിരി കാവിലെ ഭഗവതി ടൈപ്പ് ലുക്ക് ഒക്കെ ആണല്ലോ പാറു…ഡോക്ടർ അത് പറഞ്ഞതും കാട്ടാളന്റെ മുഖം ദേ കോടുന്നു ഒരു വശത്തേക്ക്….അല്ലെങ്കിലും ആരെക്കുറിച്ചും നല്ലതൊന്നും തന്നെ കേട്ടേക്കരുത്. എന്നെക്കുറിച്ച് ആയാൽ പിന്നെ പറയുകയും വേണ്ടല്ലോ…?

പിന്നെ ഞങ്ങളെ മൈൻഡ് പോലും ചെയ്യാതെ വരാന്തയുടെ ഹോളിലേക്ക് തുറക്കുന്ന അറ്റത്ത് പോയിരുന്നു ടി വി കാണാനിരുന്നു കാട്ടാളൻ. ഞാൻ ഡോക്ടറോട് കയറി ഇരിക്കാൻ പറഞ്ഞു. ഡോക്ടർ അമ്മായിയുടെ അടുത്ത് പോയി എന്റെ ബാഗും കൊണ്ടാണ് വന്നിട്ടുള്ളത്. ഞാനവിടെ നിന്നും മാറിയതിൽ അമ്മായിക്ക് ഒത്തിരി പരിഭവം ഉള്ളതായി പറഞ്ഞു. സൂരജ് അവിടെ നിന്നും താമസം മാറി. എന്നും എനിക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ടേക്ക് തിരികെ വരാം എന്നും പറഞ്ഞു.

അപ്പോഴേക്കും ഡോക്ടറുടെ ഫോണിൽ നന്ദുവിന്റെ വീഡിയോ കോൾ വന്നിരുന്നു. അവളോടും ടീച്ചർ അമ്മയോടും ഒക്കെ സംസാരിച്ചു. ടീച്ചർ അമ്മയ്ക്ക് നല്ല പുരോഗതിയുണ്ട് എന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. അരുൺ ഏട്ടനും നന്ദുവിനും വേണമെങ്കിൽ തിരിച്ചു പോകാവുന്ന അവസ്ഥയാണെന്നും ഹോസ്പിറ്റലിലെ കാര്യങ്ങളൊക്കെ ഡോക്ടർ നോക്കിക്കൊള്ളാമെന്നും ഇനി അഥവാ അത്യാവശ്യമുണ്ടെങ്കിൽ ഞാനോ നന്ദുവോ ഒരാഴ്ചയോളം വന്നു നിന്നാൽ മതി എന്നും ഡോക്ടർ പറഞ്ഞു.

അപ്പോഴേക്കും എന്റെ ഫോട്ടോയെടുത്ത് നിയക്ക് അയച്ചുകൊടുത്തിരുന്നു ഡോക്ടർ. അതു കണ്ടിട്ട് അവളും തിരിച്ചുവിളിച്ചു. അവരുടെ സംസാരത്തിൽ നിന്നും ഡോക്ടറും നിയയും ഇപ്പോൾ നല്ല കൂട്ടായിട്ട് ഉണ്ടെന്ന് മനസ്സിലായി. ഇനി അവൾ നാട്ടിൽ എത്തുമ്പോഴേക്കും ഞാനും തിരിച്ചു ചെല്ലാം എന്ന് ഏറ്റു. ഇതിനിടയിൽ ഞാൻ കാട്ടാളനെ നോക്കുമ്പോൾ അവിടെയിരുന്നു ചാനൽ മാറ്റി കളിക്കുകയാണ്. പക്ഷേ ചെവി കൂർപ്പിച്ച് ശ്രദ്ധ മൊത്തം ഇങ്ങോട്ടേക്ക് ആണ്. ഡോക്ടറുടെ പെരുമാറ്റത്തിൽ നിന്നും നിയ പറഞ്ഞ കഥകൾ ഒന്നും തന്നെ അദ്ദേഹത്തിന് അറിയില്ലെന്ന് മനസ്സിലായി. ഇവിടെ വച്ച് അത് ഞാനായിട്ട് പറയേണ്ട എന്ന് തോന്നിയത് കൊണ്ട് ഞാനും മിണ്ടാതിരുന്നു.

കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു ഡോക്ടർ ഇറങ്ങാൻ ഒരുങ്ങി. ലക്ഷ്മി അമ്മയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. പിന്നീട് വരാം. ഇപ്പോൾ വീട്ടിൽ പോയി അമ്മയെ കണ്ടിട്ട് നേരെ തിരിച്ചു പോകും എന്നും പറഞ്ഞ് ഇറങ്ങി. കാട്ടാളന്റെ ഭാഗത്തുനിന്നും ഡോക്ടറോട് തന്റെ അമ്മയ്ക്ക് വേണ്ടി ചെയ്തതിന് ഒരു നന്ദി പ്രകാശനം ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല…അല്ലെങ്കിലും കയ്യിലിരിപ്പ് വെച്ച് അതിൽ അത്ഭുതം ഒന്നും വേണ്ടല്ലോ…?

ഡോക്ടർ ഇനി വീട്ടിൽ പോയി അമ്മയോട് ഇവിടെ വന്നത് പറഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക…? പാവം ഡോക്ടർ…ആ നല്ല മനസ്സ് ഈ കഥയൊക്കെ കേട്ടാൽ എങ്ങനെയായിരിക്കും ഉൾക്കൊള്ളുക എന്നറിയില്ല…? ഡോക്ടറുടെ കാർ പടിപ്പുര കഴിഞ്ഞു പോയതും കാട്ടാളൻ ധൃതിപ്പെട്ട് എണീറ്റ് എന്റെ നേരെ വരുന്നത് കണ്ടു. ഉദ്ദേശം എന്താണ് എന്നറിയില്ല എങ്കിലും നേരിയൊരു മുന്നൊരുക്കത്തിൽ ഞാൻ നിന്നു.

എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ ബാഗ് എടുത്തിട്ട് എന്റെ മുറിയിലേക്ക് നടന്നു കാട്ടാളൻ….അങ്ങിനെ ഒരാഴ്ച ജോലിക്ക് പോകാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ശരിക്കും പറഞ്ഞാൽ ലക്ഷ്മി അമ്മയോടൊപ്പം ഓരോ നിമിഷങ്ങളും ആസ്വദിച്ച് പുതിയൊരു ജീവിതം ജീവിക്കുകയായിരുന്നു ഞാൻ.

എന്റെ ആരോഗ്യം കണക്കാക്കി പലപ്പോഴായി വിലക്കിയെങ്കിലും പച്ചക്കറി തോട്ടത്തിലും, പശുവിൻറെ ആലയിലും, അടുക്കളയിലും, സന്ധ്യാദീപം കൊളുത്തുമ്പോളും, നാമജപങ്ങൾ ഉരുവിടുമ്പോളും എന്നുവേണ്ട അവർ പോകുന്നിടത്തെല്ലാം വാല് പോലെ ഞാനും….മറ്റൊരു അത്ഭുതം എന്തെന്നാൽ ഒരിക്കൽപോലും കാട്ടാളൻ എന്നോട് വഴക്കിടാൻ വന്നില്ല. ലക്ഷ്മി അമ്മയും ഞാനും ഒരുമിച്ചു നടക്കുന്നത് ദൂരെ നിന്നും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കുന്നത് അല്ലാതെ ഞങ്ങളുടെ വഴിയേ വന്നതേയില്ല.

പക്ഷേ അതിനിടയിലും കാട്ടാളനും ലക്ഷ്മി അമ്മയും തമ്മിൽ എവിടെയോ ഒരു സ്വരച്ചേർച്ചയില്ലായ്മ എനിക്ക് തോന്നിയിരുന്നു. ആദ്യമൊക്കെ ഞാൻ മൂന്നാമതൊരാൾ ആയി അവരുടെ ഇടയിൽ ഉള്ളതുകൊണ്ടാണ് എന്ന് കരുതി. എങ്കിലും അവർക്കിടയിൽ സാധാരണ വീടുകളിൽ അമ്മയും മകനും തമ്മിൽ കാണാറുള്ളതുപോലെ തുറന്നു പറച്ചിലുകളോ സ്നേഹപ്രകടനമോ ഒന്നും കണ്ടില്ല.

പാവം ലക്ഷ്മിയമ്മ…ഈ കാട്ടാളൻ എങ്ങിനെയാ ഇങ്ങനെ മുരടൻ ആയിപ്പോയത്. ആ ഒരാഴ്ച ഓഫീസിൽ എന്തോ വലിയ തിരക്ക് ഉള്ളത് പോലെ തോന്നി. കാട്ടാളനും ശങ്കരേട്ടനും രാവിലെ തന്നെ ധൃതി പിടിച്ച് പോകാറുണ്ട്. വൈകിട്ട് ആവും തിരിച്ചെത്തുന്നത്. ജോലിക്ക് പോയില്ലെങ്കിലും എന്നും വൈകീട്ട് അറ്റൻഡൻസ് രജിസ്റ്റർ എനിക്ക് ഒപ്പിടാൻ വേണ്ടി കൊണ്ടുവരുന്ന ശങ്കരേട്ടനും അത് കണ്ടിട്ടും മറിച്ച് ഒന്നും പ്രതികരിക്കാത്ത കാട്ടാളനും എനിക്ക് വീണ്ടും അത്ഭുതമായിരുന്നു.

അങ്ങനെ കൈയ്യിലെ കെട്ടഴിച്ച ദിവസം പിറ്റേന്ന് തൊട്ട് ഓഫീസിൽ പോകാൻ തീരുമാനിച്ചു. അങ്ങനെയാണെങ്കിൽ രാവിലെ ഒരുമിച്ച് അമ്പലത്തിൽ പോകാം എന്ന് ലക്ഷ്മി അമ്മ പറഞ്ഞു. സെറ്റും മുണ്ടും തനിയെ ഉടുക്കുന്നത് പഠിപ്പിച്ചാൽ മാത്രം കൂടെ വരുന്നത് ആലോചിക്കാമെന്ന് കളിപറഞ്ഞ എന്നോട് അല്പം സങ്കടത്തോടുകൂടി അവർ പറഞ്ഞു തുടങ്ങി…

“നാളെ എന്റെ പിറന്നാൾ ആണ്. അദ്ദേഹം പോയതിൽ പിന്നെ ഞാൻ ഇന്ന് വരെ തനിച്ചാണ് അമ്പലത്തിൽ പോകാറ്. ഇത്തവണ നിന്നെ കിട്ടിയപ്പോൾ എനിക്ക് ഒരു കൂട്ടാവുമെന്ന് തോന്നി. എനിക്കും ഉണ്ടാവില്ലേ കുട്ടി ചില ആഗ്രഹങ്ങളും പരിഭവങ്ങളും ഒക്കെ…?ആരെങ്കിലുമൊക്കെ എന്നെ മനസ്സിലാക്കി…എന്നെ സ്നേഹിക്കാനും കൊതി ഉണ്ടാവില്ലേ…?”

അവരിത് പറഞ്ഞപ്പോഴേക്കും എനിക്കെന്തോ വല്ലാതായിപ്പോയി…”ഞാൻ ഒരു കളി പറഞ്ഞതല്ലേ ലക്ഷ്മി അമ്മേ…? ഈ മുഖത്ത് ഒരു ചിരി തെളിയാൻ ഒന്നല്ല…ഒരായിരം പ്രാവശ്യം കൂട്ടു വരാൻ എനിക്ക് സന്തോഷമേയുള്ളൂ…അമ്പലത്തിലേക്ക് എന്നല്ല. ഏതു നരകത്തിലേക്കും…പിന്നെ കൂട്ടു വരുന്നത് പിറന്നാൾ കാരിക്ക് ആവുമ്പോൾ പിന്നെ പറയുകയും വേണ്ട…” ചിരിച്ചുകൊണ്ട് ഞാൻ അത് പറഞ്ഞ് നോക്കിയതും കണ്ടു കോണിപ്പടിയിൽ ഞങ്ങൾ പറഞ്ഞതെല്ലാം കേട്ട് നിൽക്കുന്ന കാട്ടാളനെ…

പിന്നെ ഞാൻ അവിടെ നിന്നില്ല. എന്റെ പിറകെ ലക്ഷ്മി അമ്മയും മുറിയിലേക്ക് പോന്നു. അപ്പോൾ തന്നെ സെറ്റും മുണ്ടും സാരിയും ഒക്കെ ഉടുക്കുന്നത് പഠിപ്പിച്ചു തന്നു. അങ്ങിനെ രാവിലെ എഴുന്നേറ്റ് സെറ്റും മുണ്ടും ഒക്കെ ആയി ഞാനും അമ്മയും അമ്പലത്തിലേക്ക് ഇറങ്ങി. വണ്ടിയോടിക്കാൻ കുടക്കമ്പി കയറുമ്പോഴേക്കും കണ്ടു “ഞാൻ എടുക്കാം” എന്നും പറഞ്ഞു വരുന്ന കാട്ടാളനെ.

“അതിനിവർ പോകുന്നത് അമ്പലത്തിലേക്ക് ആണ്. അവിടെ ഹരി കുഞ്ഞിന് എന്താ കാര്യം…?” കാട്ടാളൻ കുടക്കമ്പിയെ ദേഷ്യപ്പെട്ട് ഒന്നു നോക്കി. ലക്ഷ്മി അമ്മ മുൻപ് പറഞ്ഞ സങ്കടം ഓർമ്മയുള്ളതിനാൽ “അമ്പലത്തിനുള്ളിൽ കയറുന്നവർ മാത്രം ഓടിച്ചാൽ മതിയെന്ന്” എന്റെ ഉള്ളിൽ നിന്നും വന്നത് കേട്ട് ഞാൻ തന്നെയാണോ ഈ പറഞ്ഞത് എന്ന് ഞാനും ഒന്ന് അമ്പരന്നു.

“ചേച്ചി പറഞ്ഞത് കേട്ടല്ലോ…? കുഞ്ഞ് ഏതായാലും തൊഴാൻ പോകില്ല. മാറിയാട്ടെ ഞാൻ ഓടിക്കാം.” എന്നെയൊന്ന് രസിക്കാത്ത മട്ടിൽ നോക്കിയിട്ട് കുടക്കമ്പിയേ തൂത്തു നീക്കി ഡ്രൈവർ സീറ്റിൽ കയറിയിരുന്നു കാട്ടാളൻ. പോകുന്ന വഴിക്ക് ആരും ഒന്നും സംസാരിച്ചില്ല. അമ്പലത്തിൽ എത്തിയപ്പോൾ ഞാനും ലക്ഷ്മി അമ്മയും കാട്ടാളനെ കാക്കാതെ തൊഴാൻ കയറി. നേരത്തെ സംഭവിച്ചതുപോലെ ഇനിയും വിഘ്നങ്ങൾ ഒന്നും സംഭവിക്കാതെ നല്ലൊരു തുടക്കം തരണേ എന്നും, എന്റെ ടീച്ചർ അമ്മയ്ക്കും പിന്നെ ലക്ഷ്മി അമ്മയ്ക്കും ദീർഘായുസ്സ് നൽകണേ എന്നും പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ കണ്ടു അമ്മയ്ക്കു പിന്നിലായി കണ്ണുമടച്ച് തൊഴുതു നിൽക്കുന്ന കാട്ടാളനെ…

തിരിച്ചുള്ള വഴിയിൽ സന്തോഷവതിയായി കണ്ട ലക്ഷ്മിയമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ ദിവസം മുഴുവൻ അവർ ഒരു സന്തോഷ വലയത്തിലായിരുന്നു. ഞാൻ വലതുകാൽവെച്ച് ഓഫീസിൽ എത്തി. അവിടെ ചെന്നപ്പോൾ കാട്ടാളനെ കണ്ടില്ല. ഇത് മോൾ വരുമ്പോൾ തരാൻ ഹരി കുഞ്ഞ് പറഞ്ഞതാ…കഴിഞ്ഞ ഒരാഴ്ച ഇതിനു വേണ്ടിയായിരുന്നു കുഞ്ഞിന്റെ ഓട്ടം എന്നും പറഞ്ഞു ശങ്കരേട്ടൻ എന്റെ കയ്യിൽ ഒരു എൻവലപ്പ് വച്ച് തന്നു.

ഇനി ഇത് എന്തായിരിക്കും എന്ന് പേടിച്ചു കൊണ്ട് തുറന്നുനോക്കിയപ്പോഴാണ് സൂരജിന്റെ കൺസ്ട്രക്ഷൻ സൈറ്റുകളിൽ പരിശോധന നടത്തി അഴിമതി കണ്ടുപിടിച്ചത് പ്രകാരം നിലവിലുള്ള എല്ലാ വർക്കുകളും നിർത്തി വെച്ചുകൊണ്ടുള്ള ഓർഡർ. സന്തോഷംകൊണ്ട് എന്റെ മനസ്സ് നിറഞ്ഞു പോയി. കാട്ടാളനെ അപ്പോൾ കണ്ടു കിട്ടിയിരുന്നെങ്കിൽ ഓടിപ്പോയി ഒരു നന്ദി പറഞ്ഞേനെ ഞാൻ. അപ്പോൾ തന്നെ ഡോക്ടറെയും നിയയേയും വിളിച്ച് കാര്യം പറഞ്ഞു. കാട്ടാളൻ കരുതിയ അത്ര മോശക്കാരനല്ല എന്ന് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

പിറ്റേ ദിവസം രാവിലെ എണീറ്റ് നോക്കിയപ്പോൾ ലക്ഷ്മി അമ്മയ്ക്ക് ചെറിയൊരു പനികോളുണ്ട്. ഞാൻ അടുക്കളയിൽ കയറട്ടെ എന്ന് ചോദിച്ചപ്പോൾ ദോശ മാവ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട് അത് ചുട്ടെടുതാൽ മതി എന്ന് പറഞ്ഞു. രണ്ടും കൽപ്പിച്ച് ഞാൻ അടുക്കളയിലേക്ക് ചെന്നു. ദോശ ചുടുന്നത് ഒക്കെ കണ്ടു പരിചയം മാത്രമുള്ള ഞാൻ അത് തിരിച്ചും മറിച്ചുമൊക്കെ ഇടാൻ നന്നേ കഷ്ടപ്പെട്ടു. ചിലത് ആണെങ്കിൽ അടിയിൽ കേറി ഒട്ടിപ്പിടിക്കുന്നു.

“അമ്മേ വെള്ളം” എന്നും പറഞ്ഞു അടുക്കളയിലേക്ക് വന്ന കാട്ടാളൻ എന്നെയാണ് കണ്ടത്. “ലക്ഷ്മിയമ്മ കിടക്കുകയാണ്…ഞാൻ എടുത്തു തരാം” ഗ്ലാസ് എടുക്കാനായി ഞാൻ കൈ പൊക്കാൻ നോക്കിയതും “വേണ്ട…നീ എടുക്കണ്ട…ഞാൻ എടുത്തോളാം” എന്നും പറഞ്ഞു നടന്നു വന്നു കാട്ടാളൻ.

ഗ്ലാസ് എടുക്കാനായി എന്റെ നേരെ തൊട്ടു പിറകിൽ വന്നു കൈ നീട്ടി ഗ്ലാസ് എടുത്തു. കാട്ടാളന്റെ ശ്വാസ നിശ്വാസം എന്റെ പിൻ കഴുത്തിൽ തട്ടിയപ്പോൾ എനിക്ക് ഇക്കിളി ആകുന്നത് പോലെ തോന്നി. എന്റെ ചെവിയോട് ചുണ്ടുകൾ അടുപ്പിച്ചിട്ട് എന്റെ കാതിൽ ആയി മെല്ലെ പറഞ്ഞു….”നീ ഇങ്ങനെ കഷ്ടപ്പെട്ട് കുക്കിംഗ് ഒന്നും പഠിക്കേണ്ട…അത്യാവശ്യം എനിക്കും വശമുണ്ട്” ഞാൻ കേട്ടത് തന്നെയാണോ കാട്ടാളൻ പറഞ്ഞത് എന്ന് ഞാൻ അവിശ്വസനീയമായി തിരിഞ്ഞു നോക്കി.

“സത്യമാടോ….ക്ലീനിങ്ങും, വാഷിംഗ്…അങ്ങനെ പലതും ഒക്കെ സ്റ്റേറ്റിൽ പോയത് തൊട്ട് അറിയാം. പിന്നെ ഒരു കുറവുള്ളത് കുട്ടികളെ നോക്കാൻ അറിയില്ല. അതും അവസരം കിട്ടാഞ്ഞിട്ടാ…താനായിട്ട് ഒരു അവസരം താടോ…ഞാൻ മിന്നിച്ചിരിക്കും…”

വായും തുറന്നു നിൽക്കുന്ന എന്റെ വായ കൈകൊണ്ടടച്ച് “നിന്റെ ദോശ കരിഞ്ഞു” എന്നും പറഞ്ഞ് കുസൃതിച്ചിരിയോടെ കാട്ടാളൻ പോയിട്ടും എന്റെ മനസ്സും ശരീരവും കെട്ടു വിട്ട പട്ടം പോലെ പാറി പറക്കുകയായിരുന്നു…