കാണാക്കിനാവ് – ഭാഗം പതിനൊന്ന്

എഴുത്ത്: ആൻ.എസ്.ആൻ

പത്താം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഞാൻ പതുക്കെ കണ്ണുകൾ തുറന്നു നോക്കി. ഒരു കട്ടിലിൽ കിടക്കുകയാണ്. മരുന്നിന്റെ മനം മടുപ്പിക്കുന്ന മണമടിച്ചപ്പോഴാണ് ഹോസ്പിറ്റൽ ആണെന്നും പിന്നെ നേരത്തെ നടന്ന കാര്യങ്ങൾ ഒക്കെയും തെളിഞ്ഞു വന്നത്. നേരെ നോക്കിയതും കണ്ടു ഒരു കസേരയിൽ ഇരുന്നിട്ട് എന്റെ കാൽ ഭാഗത്ത് കുറച്ച് താഴെയായി ബെഡിൽ തല വെച്ച് കിടന്നുറങ്ങുന്നു….സാക്ഷാൽ കാട്ടാളൻ…

ഛെ…ഞാൻ ഇയാളുടെ മേലേക്ക് ആണോ മറിഞ്ഞു കെട്ടി വീണത്…? ഒരിത്തിരി ചോര കണ്ടപ്പോഴേക്കും ബോധം കെട്ട് വീണ പൊട്ടി ആയിപ്പോയില്ലേ ഞാൻ ഇയാളുടെ മുന്നിൽ…? അതും എന്തിനാ വെറുതെ ഓരോന്ന് അയാളോട് വിളിച്ചു പറയാൻ പോയത്…? ഇനിയിപ്പം ചോദിക്കാനും പറയാനും കാര്യമായി ആരുമില്ലെന്ന് അറിഞ്ഞ സ്ഥിതിക്ക് പന്ത് തട്ടുന്നത് പോലെ ആയിരിക്കും എന്നെ ഇയാൾ ഓടിക്കുക. ആകെ വശപ്പിശക് ആയല്ലോ…?

“മോൾ ഉണർന്നോ…?” ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കയ്യിൽ ഒരു ഫ്ലാസ്ക് കൊണ്ട് നടന്നു വരുന്നു കാട്ടാളന്റെ അമ്മ. ഈശ്വരാ….എനിക്ക് ഒരു അഞ്ചു മിനുട്ട് ബോധം പോയപ്പോഴേക്കും ഇവിടെ എന്തൊക്കെയാ സംഭവിച്ചത്…? ഇതൊക്കെ എപ്പോൾ…എന്ന മട്ടിൽ ഞാൻ അവരെ നോക്കി നിന്നു പോയി.

“മോള് കിടന്നോ….ചെറുതായി കൈക്ക് പോറൽ ഉണ്ട്. ഏറിയാൽ ഒരാഴ്ച. അത്രയേ വേണ്ടൂ. കൂട്ടത്തിൽ ഒരു ചെറിയ പനിക്കോളും. പേടിച്ചു പോയതിന്റെ ആയിരിക്കും.” എന്റെ അടുത്ത് വന്ന് നെറ്റിയിൽ തൊട്ടു നോക്കി ഒരു ഗ്ലാസ് ചായ എനിക്കായി നീട്ടി കൊണ്ടാണ് അവർ ഇത്രയും പറഞ്ഞത്.

അപ്പോഴേക്കും കാട്ടാളൻ ഞെട്ടി എണീറ്റ് മാറി നിന്നിരുന്നു. ഞാൻ ചായ വാങ്ങി കൊണ്ട് രണ്ടു പേരെയും മാറി മാറി നോക്കി. “മോള് നോക്കണ്ട. ഹരിക്കുട്ടൻ അല്ല…ഗോപിയാണ് എന്നോട് പറഞ്ഞത് മോൾക്ക് എന്തോ അപകടം പറ്റിയെന്ന്….അപ്പോ തന്നെ അവനെയും കൂട്ടി ഞാൻ ഇങ്ങോട്ടു പോന്നു.”

ഈ കുടക്കമ്പിയെ കൊണ്ട് തോറ്റല്ലോ…? ഇനി ഈ വാർത്ത എവിടെയൊക്കെ അടിച്ചിറക്കി കാണും. ഇതിന് കാട്ടാളനെ വിട്ട് വല്ല ബി. ബി. സിയിലും പോയി ചേരരുതോ…? എന്ന് ഞാൻ മനസ്സിൽ കരുതിയതും കാട്ടാളൻ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്റെ ഫോൺ എന്റെ നേരെ നീട്ടി.

“വിളിച്ചു പറഞ്ഞേക്ക് നിന്റെ സുഹൃത്തിനോട്…നീ ഇനി അങ്ങോട്ടേക്ക് ഇല്ലെന്ന്…പിന്നെ നിന്റെ സാധനങ്ങളൊക്കെ ഇവിടെ കൊണ്ടെത്തിക്കാൻ പറ ആ അരവട്ടിനോട്…”

അരവട്ട് എന്ന് പറഞ്ഞത് നിയയെ ആണെന്ന് മനസ്സിലായി. അവളെങ്ങാനും കേൾക്കണം. രണ്ടു കുടുംബങ്ങളും പണ്ടെങ്ങാണ്ട് നിർത്തി വെച്ച “പാനിപ്പറ്റ്” യുദ്ധം ഇപ്പോൾ ഇവിടെ നടത്തും അവൾ.

കാട്ടാളന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിക്കുമ്പോൾ ഞാൻ വല്ല സ്വപ്നവും കാണുകയാണോ എന്ന മട്ടിൽ ഞാൻ മിഴിച്ചിരുന്നു. എനിക്ക് പോയേ പറ്റൂന്ന് പറയാനാ ആദ്യം തോന്നിയത്…പിന്നെയാണ് സൂരജിനെ അവിടെവച്ച് ഇനിയും കാണുന്നതിനെക്കുറിച്ച് ഓർത്തത്….പിന്നെ ഒന്നും മിണ്ടാൻ തോന്നിയില്ല.

എന്റെ ആശയക്കുഴപ്പം കണ്ടിട്ടാവണം കാട്ടാളന്റെ അമ്മ എന്റെ കയ്യിൽ പിടിച്ചു. “മോളുടെ കുറച്ചു കാര്യങ്ങളൊക്കെ ഞാൻ കുത്തി കുത്തി ചോദിച്ചപ്പോൾ ആണ് ഇവൻ പറഞ്ഞത്. അതു കേട്ടപ്പോൾ ഞാനാണ് പറഞ്ഞത് മോളെ ഇനി അങ്ങോട്ടേക്ക് വിടേണ്ടെന്ന്. മോൾക്ക് ഞങ്ങളുടെ അടുത്ത് താമസിക്കാം. അവിടെ അതിനുള്ള സൗകര്യം ഉണ്ടല്ലേ…? ആദ്യമേ അങ്ങനെ ചെയ്താൽ മതിയായിരുന്നു. എങ്കിൽ ഇപ്പോൾ ഇങ്ങനെ ഒന്നും വരില്ലായിരുന്നു, സാരമില്ല. ഒന്നുമില്ലെങ്കിൽ മോൾ എനിക്ക് അന്ന് ചെയ്തു തന്നതിന് പ്രത്യുപകാരമായി തന്നെ കൂട്ടിക്കോളൂ.”

പിന്നെ എന്തോ എനിക്കും അവരോട് മുടക്കം പറയാൻ തോന്നിയില്ല. ഞാൻ കാട്ടാളനെ ഒന്ന് നോക്കി. അപ്പോൾ അതാണ് കാര്യം. അമ്മ പറഞ്ഞിട്ടാണ്. അല്ലാതെ കാട്ടാളന്റെ മനസ്സുമാറി ഉൾവിളി വന്നിട്ട് ഒന്നും അല്ല. അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്തിരുന്നു. ഡോക്ടർ ആണ്. ആൻസർ ചെയ്തതും പരിഭവം കേട്ടു…

“പാറു…താൻ എവിടെയാ…? താൻ എന്താ നിയ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞെ…? അവളാകെ പരിഭ്രമിച്ചു എന്നെ വിളിച്ചത…ഞാനും കുറെ നേരമായി വിളിക്കുന്നു. സൂരജ് ഏതോ ഫയലിൽ എന്തൊക്കെയോ ചെയ്തു എന്ന് ഒക്കെ നിയ പറഞ്ഞു. എനിക്ക് വ്യക്തമായി ഒന്നും ഒന്നും മനസ്സിലായിട്ടില്ല. താൻ പറ ശരിക്കും എന്തൊക്കെയാ നടക്കുന്നത്…?”

ഞാൻ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അതു കേട്ടു കഴിഞ്ഞപ്പോൾ ഡോക്ടർക്കും ദേഷ്യമോ സങ്കടമോ ഒക്കെ വന്നുവെന്ന് ശബ്ദത്തിലെ പതർച്ചയിൽ നിന്നും മനസ്സിലായി. “താമസത്തിന്റെ കാര്യം താൻ എന്താ വേണ്ടതെന്നു വച്ചാൽ തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യ്. ഞാൻ നീയയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞോളാം. താൻ ഇപ്പം റസ്റ്റ് എടുക്കു…ആരെയും വിളിക്കാനൊന്നും പോകണ്ട. എന്നാലും ഇതിപ്പം ഞാൻ ആയിട്ടാണല്ലോ പാറു തന്നെ ഇതിലേക്ക് ഇട്ടത് എന്നോർക്കുമ്പോഴ…എനിക്ക് എന്താ ചെയ്യാൻ പറ്റുക എന്ന് ഞാനൊന്നു നോക്കട്ടെ…”

വൈകിട്ട് ആയപ്പോഴേക്കും ഞങ്ങളെ ചെക്ക് ചെയ്ത ഡോക്ടർ വന്നു. എനിക്ക് വേദനക്കും പനിക്കും ഉള്ള മരുന്നുകൾ മാത്രം തന്നിട്ട് ഇന്ന് തന്നെ പൊക്കോളാൻ പറഞ്ഞു. പരിക്ക് പറ്റിയ കുട്ടിയുടെ അമ്മ മാത്രമായിരുന്നതിനാൽ താൻ കൂട്ടു നിന്നോളാം എന്ന് കാട്ടാളൻ പറഞ്ഞു.

കുടക്കമ്പിയാണ് വണ്ടി ഓടിച്ചത്. വണ്ടിയിൽ നിന്നിറങ്ങി ഞാൻ ഔട്ട് ഹൗസിനു നേരെ നടക്കാൻ ഒരുങ്ങിയതും എങ്ങോട്ടേക്ക് എന്ന ഭാവത്തിൽ കാട്ടാളന്റെ അമ്മ എന്നെ നോക്കി. ഔട്ട് ഹൗസിലേക്ക് എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ എന്റെ അടുത്ത് വന്നു ഒന്നും പറയാതെ എന്റെ കൈയും പിടിച്ചു വീടിന്റെ സ്റ്റെപ്പിന്റെ നേരെ നടന്നു.

സ്റ്റെപ്പുകൾ കയറുമ്പോഴും ഇനിയിപ്പോൾ കാട്ടാളൻ വന്നിട്ട് എന്നെ വീട്ടിൽനിന്നും നിന്നും ഇറക്കി ഔട്ട് ഹൗസിലേക്ക് മാറ്റുന്ന കാഴ്ച മാത്രം ആയിരുന്നു എന്റെ മനസ്സിൽ ഓടിയത്. അമ്മയുടെ മുറിയുടെ അടുത്തുള്ള ഉള്ള താഴത്തെ ഒരു മുറിയാണ് എനിക്ക് തന്നത്. കുളിച്ചു മാറാൻ എന്തുചെയ്യും എന്ന് ആലോചിക്കുമ്പോൾ ആണ് ഒരു സെറ്റുമുണ്ടും കൊണ്ടു വന്നു അവർ. പനീകോൾ ഉള്ളതിനാൽ മേൽ മാത്രം കഴുകിയാൽ മതി എന്നും പറഞ്ഞു എന്റെ കൈ തട്ടാതിരിക്കാൻ എന്നെ സഹായിച്ചു തന്നു.

എനിക്ക് സാരിയുടെ എ ബി സി ഡി പോലും അറിയാത്തതിനാൽ അവർ തന്നെ അത് ഉടുപ്പിച്ചു തന്നു. കൂടാതെ വാത്സല്യത്തോടെ എന്റെ മുടിയും ചീകി കെട്ടി തന്നു കഴിഞ്ഞപ്പോഴേക്കും സങ്കടം ആണോ സന്തോഷം ആണോ അതോ ജീവിതത്തിൽ ഇതൊക്കെ ആദ്യമായിട്ട് ആയതു കൊണ്ടാണോ എന്നറിയില്ല കണ്ണിൽനിന്നും മിഴി നീരുറ്റിയിരുന്നു.

“വേദനയുണ്ടോ മോളെ…?” ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി. “പിന്നെ എന്തിനാ കുട്ടി. നിനക്ക് ഇത്ര സങ്കടം…മോളുടെ കാര്യങ്ങളൊക്കെ വിശദമായി എന്നോട് പറയൂ. ഹരിക്കുട്ടൻ എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ കാര്യം ആയി ഒന്നും അറിയില്ല എനിക്ക്. അവനോട് ആണെങ്കിൽ എന്തെങ്കിലും ചോദിച്ചാൽ ചാടിക്കടിക്കാൻ ആവും വരിക.”

അങ്ങിനെ എന്റെ ചെറുപ്പം മുതലേയുള്ള ഓരോ കാര്യവും ഞാൻ അവരോടു പറഞ്ഞു. ഫോണിൽ കിടന്ന ടീച്ചറമ്മയുടെ ഫോട്ടോയും കാട്ടിക്കൊടുത്തു. “ഇനി മുതൽ മോൾക്ക് ടീച്ചറമ്മ മാത്രമല്ല…ഈ അമ്മയും കൂടി ഉണ്ട്. ഇഷ്ടമുണ്ടെങ്കിൽ അമ്മയെന്ന തന്നെ വിളിച്ചോളൂ. മോളുടെ ടീച്ചർ അമ്മയ്ക്ക് ഒന്നും വരില്ല. നല്ല മനസുള്ളവരെ ഭഗവാൻ കാത്തോളും. അതുപോലെ ഒരു ജന്മം തന്നെയാ കുട്ടി നിൻറെതും. നിന്റെ പരീക്ഷണ കാലമൊക്കെ കഴിഞ്ഞു. ഇനി നല്ലത് മാത്രമേ നടക്കൂ…ഈശ്വരനെ പ്രാർത്ഥിച്ചു മോൾ ഉറങ്ങിക്കോ അപ്പോഴേക്കും ഞാൻ കഞ്ഞിയും ചുക്കുകാപ്പിയും ഇട്ടു തരാം.”

എപ്പോഴോ ഉറങ്ങിപ്പോയ എന്നെ വിളിച്ചുണർത്തി കഞ്ഞി കോരി തന്നിട്ടാണ് അമ്മ കിടന്ന്. നേരത്തെ ഉറങ്ങിയതിനാലാവാം ഉറക്കം വരുന്നില്ല. ഞാൻ നിയയെ വിളിച്ചു എല്ലാം നേരിട്ടു തന്നെ പറഞ്ഞു. നാളെ രാവിലെ തന്നെ അവൾ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകും. സാധനങ്ങളെല്ലാം ഡ്രൈവറുടെ കയ്യിൽ കൊടുത്തു വിടാം എന്ന് പറഞ്ഞു. ഡോക്ടർക്കും നന്ദുവിനും ഗുഡ്നൈറ്റ് മെസ്സേജ് മാത്രം അയച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നും പക്ഷേ റിപ്ലൈ ഒന്നും തന്നെ വന്നില്ല.

കുറച്ചു കഴിഞ്ഞതും ആരോ മുട്ടുന്നത് പോലെ തോന്നി. ഒന്നും കൂടെ ശ്രദ്ധിച്ചു. തോന്നലല്ല ശരിക്കും മുട്ടുന്നുണ്ട്…ഇനിയിപ്പം ഇത് വല്ല ഭാർഗ്ഗവീ നിലയം ആണോ…? പേരുകേട്ട പഴയ തറവാട് അല്ലേ…ഇനി പണ്ട് അരുതാത്തത് വല്ലതും…? ഹേയ്…കാട്ടാളൻ വാഴുന്ന ഈ കോട്ടയിൽ എങ്ങനെയാ വേറെയൊരു പിശാച്…? ഒരു നിമിഷം അമ്മയെ വിളിച്ചാൽ എന്ന് ഓർത്തു. പിന്നെ മൊബൈൽ ടോർച്ച് എടുത്തു രണ്ടും കൽപ്പിച്ച് ഹോളിലെ ലൈറ്റിട്ട് വാതിൽ തുറന്നു.

ദേ നിൽക്കുന്നു പിശാച്…അല്ല കാട്ടാളൻ..!!

വാതിൽ തുറന്നതും എന്നെ കണ്ടതും ഒരു നിമിഷം എന്ന തന്നെ നോക്കി നിന്നു. എന്നെ ഔട്ട് ഹൗസിന് പകരം വീടിനകത്ത് കണ്ടു കാട്ടാളന് ബോധം പോയത് ആണെന്ന് മനസ്സിലായി. പിന്നെ ഒന്നും പറയാതെ അകത്തേക്ക് കടന്നു കോണി കയറാൻ തുടങ്ങി. പാതിരാത്രി ആയതുകൊണ്ടാവും നാളെ രാവിലെ പറയുമായിരിക്കും ഇറങ്ങി കൊള്ളാൻ.

“നിന്റെ കൈ എങ്ങനെയുണ്ട്…? പെയിൻ ഉണ്ടോ ഇപ്പോൾ…?” പാതിവഴിയിൽ എത്തിയതും കാട്ടാളൻ ആണ്. “കുഴപ്പമില്ല” ഞാനും അതിൽ ഒതുക്കി.

ആ കുട്ടിക്ക് എന്തായി…? വല്ലതും കഴിക്കാൻ വേണോ…?എന്നൊക്കെ ചോദിക്കാൻ തോന്നിയെങ്കിലും എന്തിനാ വെറുതെ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത് എന്നോർത്ത് വേണ്ടെന്ന് വെച്ചു.

തിരിച്ച് മുറിയിൽ വന്നു ലൈറ്റിട്ട് വെള്ളം കുടിച്ചപ്പോൾ ആണ് കണ്ണാടിയിൽ എന്റെ നോട്ടം എത്തിയത്. സെറ്റുമുണ്ടും, പിന്നിയിട്ട മുടിയും ഒക്കെയായി നിൽക്കുന്ന ഈ ശാലീന രൂപം ഞാനാണെന്ന് എനിക്ക് എന്നെ തന്നെ ബോധിപ്പിക്കേണ്ടി വന്നു. പിന്നെയല്ലേ എന്നെ നേരത്തെ ഇങ്ങനെ കണ്ട കാട്ടാളന്…

തുടരും