എന്റെ ആത്മാവിനെ തൊട്ടുണത്തിയ ധൃതംഗ കുൽസുമ ഗന്ധർവ പുരുഷനാണ് വൈശുവേട്ടൻ. ചേട്ടനോടുള്ള…

എഴുത്ത്: വര രുദ്ര

“ഡി കടവാവലെ നീ msg റിപ്ലൈ ചെയ്യാതെ എന്തോ ചെയ്യുവാ….”

“ഞാനൊരു പ്രേമലേഖനം എഴുതാൻ ആലോയിക്കുവാടാ..” “ആർക്കാടി പീജിയിലെ ചേട്ടന്മാർക്ക് ആണോ” “അവിടെ കൊറേ പേർ ഇല്ലെടാ ഒരാൾക്ക് കൊടുത്താ ബാക്കിയുള്ളോർക്ക് വെഷ്മായാലോ…”

“ഇങ്ങനൊരു വായിനോക്കി. കാര്യം പറയടി എന്താ സംഭവം…” “അത്..പിന്നേയ്..കോളേജിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗായിട്ടു ഒരു ബോക്സ് വെച്ചിട്ടിണ്ട് നമുക്ക് ഇഷ്ടമുള്ള ആൾക്ക് ലെറ്റർ എഴുതി അതിൽ ഇടാം പേര് വെക്കണ്ട”

“ആർക്കാ മോൾ പണി കൊടുക്കാൻ ഉദ്ദേശിക്കുന്നെ” “മനസ്സിലായല്ലേ നമ്മൾടെ വൈശുന് എഴുതിയാലോ ? അവൻ അല്ലെ എന്റെ സ്ഥിരം ഇര.” “ആ അത് മതി പാവം ചെക്കൻ അവന്റെ വിധി. തിരിച്ചു തല്ല് കിട്ടാണ്ട് നോക്കിക്കോ””ഏയ് അവൻ തല്ലൂല കൊറച്ചു സംസ്‌കൃത ശ്ലോകങ്ങൾ റിലീസ് ചെയ്യും അത്രേ ഉള്ളു.” “ഉവ്വാ …എന്നിട്ട് എഴുതി തൊടങ്ങിയാ” “ഞാൻ ഒറ്റയ്ക്ക് തൊടങ്ങും എന്ന് തോന്നണിണ്ടോ നീയില്ലാതെ എനിക്കെന്തു ആഘോഷം ചങ്കേ! അപ്പോ തൊടങ്ങിക്കോ.”

” അപ്പോ തുടക്കം എഴുതിക്കോ ഇതിൽ കൂടെ നിന്റേം ചേർത്തു പൊളിക്ക്.” അങ്ങനെ അവർ എഴുതി തീർത്ത് അടുത്ത സ്റ്റെപ് വിശകലനം…”ഡാ ഇതിത്തിരി ഓവർ ആകുവോ” “ഇച്ചിരി ഓവർ ആകട്ടെടി. നീ കൊറച്ചൂടെ കൂട്ടുമ്പോ തറ ആയിക്കോളും” “അപ്പോ ശേഷം കോളേജിൽ”.

രാവിലെ തന്നെ അവൾ അത് ആ ബോക്സിൽ കൊണ്ടിട്ടു. ഉച്ചക്ക് ആണ് ബോക്സെടുക്കുന്നത് അത്കൊണ്ട് ക്ലാസ്സിൽ കേറി ഒന്നും അറിയാത്ത പോലെ അങ്ങട് ഇരുന്നു. ഉച്ച ആയപ്പോൾ മിസ് വന്നു വിളിച്ചു, “നീതു നാളെ അല്ലെ ആ സ്കൂളിൽ ട്രെയിനിംഗ് പ്രോഗ്രാം. ചെന്നു പിജികാർക്ക് പേപ്പർ പെൻ പഠിപ്പിച്ചു കൊടുക്ക്. ഇന്ന് 100 എണ്ണം ഉണ്ടാക്കണം അവിടെ കൊടുക്കാൻ. നാളെ നീ ആണ് ട്രെയിനിംഗ് കൊടുക്കുന്നെ…”

“ഞാനോ” “അതേ… എന്തേ നീ പുറത്തു കോളേജുകളിൽ ക്ലാസ് എടുക്കാൻ പോകാറുള്ളതല്ലേ.” “അത്… അതേ ഞാൻ ചെയ്തോളാം” “അപ്പൊ ചെല്ല്” അങ്ങനെ ക്ലാസ്സിൽ നിന്നു രക്ഷപ്പെട്ടു പിജി ക്ലാസ്സിൽ ചെന്നു ചേട്ടന്മാരേം ചേച്ചിമാരെ കൊണ്ടും പണിയെടുപ്പിച്ചു നോക്കി നിന്നു. ഇക്കാര്യത്തിൽ അവരെക്കാൾ റോൾ എനിക്കാ ഡിപാർട്മെന്റിൽ. നാളെ ഒരു സ്കൂളിൽ ഡിപാർട്മെന്റിൽ നിന്ന് പേപ്പർ പെൻ ട്രെയിനിംഗ് കൊടുക്കുന്നുണ്ട്. ഞാൻ ആണെങ്കിൽ nss ഇൽ ഉള്ളതുകൊണ്ട് പല കോളജുകളിലും അതിന്റെ ട്രെയിനിങ് കൊടുക്കാൻ പോകാറും ഉണ്ട്. അതോണ്ട് എനിക്ക് മിസ്മാരുടെ അടുത്ത് നല്ല ഇമേജ് ആണ് . നോക്കി നിന്നു ഇപ്പൊ നോക്കി ഇരിപ്പ് ആയി അവർ പണി എടുക്കട്ടെന്നേ.

“ദേ മുറ്റത്തൊരു മൈന അല്ല വൈശു” “ഡി ഇങ്ങോട്ട് വാ” “ന്തെടാ” “വാന്നേ” “ബരൂല കാര്യം പറയ്” “വാടി ഒന്ന് വേം പോവാ”

പതുക്കെ അടുത്തേക്ക് ചെന്നു “നീ ആണോ ആ ലെറ്റർ എഴുതിയെ” “ഏത് ലെറ്റർ” “ഉരുളല്ലേ മോളെ നീയെ അങ്ങനെ ചെയ്യൂ. സത്യം പറഞ്ഞോ നീ അല്ലെ…അത് കിട്ടുമ്പോ സനിൽ സാറിന്റെ ക്ലാസ് ആയിരുന്നു അങ്ങേർ അത് ആ ആദിൽനെ കൊണ്ടു ക്ലാസ്സിൽ വായിപ്പിച്ചു ഞാൻ നാണം കെട്ടു . പറയെടി പട്ടി നീ അല്ലെ….?”

“ഇഇഇ…ഞാൻ സംവിധാനം ഉള്ളുടാ തിരക്കഥ ജിച്ചുവാ, ഡയലോഗ് ഒക്കെ അവൻറെയാ പൊളിയല്ലേ…”

“ആ ചെവി ഇങ്ങു കൊണ്ടു വന്നേ..”

“ന്താടാ”

“#$@$#&#@#$#$#@”

“മതിയെടാ ചെവി ഇനി ഡെറ്റോൾ ഒഴിച്ച് കഴുകണം” “പോടി കുരുട്ടെ അവനുള്ളത് ഞാൻ കൊടുത്തോളാം. ഡയലോഗ് അവന്റെ മാത്രം അല്ലാന്നും എനിക്ക് അറിയ….എന്തു ചെയ്യുമ്പോഴും ഉണ്ടാവോലോ ആ ഈനാം പേച്ചി ഈ മരപ്പട്ടിക്ക്” “ഓ! ഞാൻ പോവാ അല്ലേലും” “ബാഗ് എടുത്തോണ്ട് വാ എല്ലാരും പോയി. ഞാൻ ബസ് സ്റ്റോപ്പിൽ ആക്കി തരാ”

“ഓ എടുക്കാൻ പോവാ” “വേം വാടി പിശാശേ ബോട്ടണി ഡിപാർട്മെന്റു വഴി പോണം കുഞ്ഞു പോണെനു മുന്നേ എത്തണം” “ഓ അവന്റെ ഒരു ഉണക്ക പ്രേമം ബാ നോക്കാ അവളെ ” “എന്നാലും എടി ദുഷ്‌ടീ…എന്നോടിത് വേണ്ടാർന്നു”

“ഇഇഇ…എനിക്ക് പണി തരാൻ നീ അല്ലെ ഉള്ളു മുത്തേ” “പോടി” എത്രയൊക്കെ പണി കൊടുത്താലും പിണങ്ങിയാലും ചേർത്തു പിടിക്കുന്ന കൂടപ്പിറപ്പുപോൽ കരുതലും സ്നേഹവും നിറഞ്ഞൊരുവൻ…ചില സൗഹൃദങ്ങളിൽ രക്തബന്ധം പോലും മാറി നിൽക്കും…

NB: ആ ലെറ്റർ…

.പ്രായപ്പെട്ട വൈശുവേട്ടന്…കൊറേ കൊറേ സ്നേഹത്തോടെ ചേട്ടന്റെ ചക്കരമോൾ എഴുതുന്നത്. എന്റെ വൈശു ചേട്ടനെ കാണുമ്പോൾ ഞാൻ പ്രേമോദാര പുളകിതയാവും. ചേട്ടന്റെ ആ കുരുവിക്കൂട് മുടിയും ജിംനാസ്റ്റിക് ബോഡിയും പിന്നെ ആ മൂന്നാലു താടിയും കാണുമ്പോ ആ സൗന്ദര്യത്തിൽ ഞാൻ മയങ്ങി വീഴും. എന്റെ ആത്മാവിനെ തൊട്ടുണത്തിയ ധൃതംഗ കുൽസുമ ഗന്ധർവ പുരുഷനാണ് വൈശുവേട്ടൻ. ചേട്ടനോടുള്ള എന്റെ പ്രണയത്തിന്റെ സ്മാരകമാണ് ഈ കത്ത്. എന്റെ കരോളിന്റെ കരോളിൽ ചേട്ടൻ മാത്രമാണ്. ചേട്ടായിക്കു വേണ്ടി കാത്തിരിക്കുന്നു….നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു….

എന്ന് ചേട്ടന്റെ ചക്കരമോൾ, ലുമ്മം…