നിനക്കായ് – ഭാഗം 4 – എഴുത്ത്: ആൻ എസ് ആൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സരോവരത്തിലെ ഹാളിലിരുന്ന് ഭാവികാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു സാവിത്രിയും ജനാർദ്ദനനും. കുറച്ചു കഴിഞ്ഞതും കയ്യിൽ ഒരു പുസ്തകവുമായി കിച്ചുവും അവരുടെ അടുത്തായി വന്നിരുന്നു.

“കല്യാണത്തിന് നമ്മുടെ സൗകര്യത്തിന് ഉള്ള ഒന്നോ രണ്ടോ ഡേറ്റ് കണ്ടുവെച്ച് വാസു മാഷിനെ അറിയിച്ചു കൊടുക്കണ്ടേ ഏട്ടാ…മിക്കവാറും നാളെ തന്നെ സമയം കുറിപ്പിക്കാൻ കണിയാനെ കാണാൻ പോകും എന്നാണ് മാഷ് പറഞ്ഞത്.. അതിൻറെ മുൻപേ അറിയിക്കണം”

” കിച്ചുവിൻറെ കല്യാണത്തിന് സൗകര്യമുള്ള ഡേറ്റ് അവനും ആ കുട്ടിയും കൂടി അല്ലേ തീരുമാനിക്കേണ്ടത്… അല്ലാതെ ഏതെങ്കിലും കണിയാനാണോ ?.. ഏത് കണിയാനോട് ചോദിച്ചിട്ട് നീ പണ്ട് എൻറെ കൂടെ ഇറങ്ങി പോന്നത് ? എന്നിട്ട് നിനക്ക് വല്ല മോശവും ഇന്നേവരെ വന്നോ ?..അവൻറെ കല്യാണമാണ്..അവനിപ്പം നാളെ വേണമെന്ന് പറഞ്ഞാലും ഞാൻ നടത്തിക്കൊടുക്കും. അല്ലാതെ ഓരോ അന്ധവിശ്വാസത്തിന് ചെവിയോർക്കലല്ല എൻറെ ജോലി..” ജനാർദ്ദനൻ തൻറെ നിലപാട് വ്യക്തമാക്കി.

രണ്ടാളും കൊമ്പുകോർക്കാൻ ഉള്ള പുറപ്പാട് ആണെന്ന് കണ്ടതും കിച്ചു തിടുക്കത്തിൽ കേറി ഇടപെട്ടു.

“മൂന്നാഴ്ച കഴിഞ്ഞാൽ കോളേജ് വെക്കേഷനായിട്ട് അടയ്ക്കും. പിന്നെ ഒരു മാസം ഞാൻ ഫ്രീയാണ്. അതുകൊണ്ട് അവധി തുടങ്ങിയിട്ടുള്ള ആദ്യത്തെ ഞായറാഴ്ച പറ്റുമോ എന്ന് നോക്കാൻ പറയ് മാഷിനോട്. അതാവുമ്പോൾ ലീവ് എടുക്കാതെ തന്നെ വേണ്ടപ്പെട്ട എല്ലാവർക്കും പങ്കെടുക്കാം…”

“അത് മതി… അവർക്കും കൂടി സമ്മതമാണോ എന്ന് ഇപ്പോ തന്നെ മാഷിനെ വിളിച്ചു ചോദിച്ചേക്ക് സാവിത്രി..” ജനാർദ്ദനനും തീരുമാനം ശരി വെച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ സിദ്ധാർഥ് അവിടെ നടക്കുന്ന ചർച്ചകളെല്ലാം കേട്ടുകൊണ്ടാണ് കയറി വന്നത്.

“എൻറെ സൗകര്യങ്ങൾ ഒന്നും ഇവിടെ ആർക്കും ഒരു നോട്ടവും ഇല്ലേ?.. ഈ വീട്ടിലെ ആദ്യത്തെ കല്യാണമാണ് .. എല്ലാത്തിനും ഓടി നടക്കേണ്ടത് ഞാനാണ് ..അച്ഛനും അമ്മയും പോട്ടെ ചേട്ടനെങ്കിലും ഒരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു..” സിദ്ധാർഥ് കപട ദേഷ്യം പുറത്തെടുത്തു.

“നിൻറെ കല്യാണത്തിന് തീർച്ചയായും നിൻറെ സൗകര്യം ഞങ്ങൾ നോക്കും അനിയാ.. ഇപ്പോ നീ തൽക്കാലം എൻറെ സൗകര്യത്തിന് ലീവ് എടുത്തു കല്യാണം കൂട്..” കിച്ചുവും പൊടിക്ക് പോലും വിട്ടുകൊടുത്തില്ല.

“കണ്ടോ കണ്ടോ.. ഏട്ടത്തിയെ കിട്ടിയതും അനിയൻ പുറത്തായി. പെണ്ണ് വന്ന് കയറിയില്ല.. അതിന് മുൻപേ തനിക്കൊണം കാണിച്ചു തുടങ്ങി എൻറെ ഏട്ടൻ…ഇതൊക്കെ പെണ്ണ് കേട്ടാതെ ഇത്രകാലം എങ്ങനെ പിടിച്ചുനിന്നു ആവോ”

“എടാ.. അനാവശ്യം പറയുന്നോ” എന്ന് പറഞ്ഞു സിദ്ധുവിൻറെ ചെവിയിൽ കളിയായി പിടിച്ചു കിച്ചു.

അവരെ രണ്ടുപേരെയും നോക്കിയിരിക്കുകയായിരുന്ന സാവിത്രിയുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മിന്നിമറഞ്ഞു. അവരത് എല്ലാവരുമായി പങ്കുവെച്ചു.

“ഞാനൊരു കാര്യം ആലോചിക്കുകയായിരുന്നു ഏട്ടാ..

കിച്ചുവും സിദ്ധുവും തമ്മിൽ വെറും ഒന്നര വയസ്സ് വ്യത്യാസം അല്ലേ ഉള്ളൂ.. നമുക്ക് സിദ്ധുവിൻറെത് കൂടി ഇക്കൂട്ടത്തിൽ തന്നെ അങ്ങ് നടത്തിയാലോ?..”

അമ്മയുടെ ഭാഗത്തുനിന്നും അങ്ങനെയൊരു സംസാരം സിദ്ധാർഥ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

“എൻറെ പൊന്നമ്മേ ചതിക്കല്ലേ.. കുറച്ചു കാലം കൂടെ ഞാൻ സമാധാനത്തോടെ ജീവിച്ചോട്ടെ..” സിദ്ധു കളിയായി തൊഴുതു കാട്ടി.

“അമ്മ മനസ്സിൽ ആരെയെങ്കിലും കണ്ടു വെച്ചിട്ടാണോ ഇത് പറഞ്ഞത്?” കിച്ചു പക്ഷേ വിടാൻ ഭാവമില്ല..

“ഉവ്വ്.. മീനുവിനെയും മാളുവിനെയും ഒരുമിച്ച് കണ്ടപ്പോൾ മുതൽ തുടങ്ങിയ ചിന്തയാണ്. അവര് തമ്മിലുള്ള സ്നേഹത്തിൻറെ കാര്യം മുത്തശ്ശി പറഞ്ഞത് കേട്ടില്ലേ..അങ്ങനത്തെ 2 കുട്ടികൾ വീട്ടിലേക്ക് മരുമക്കളായി വരണം എന്ന് ഏത് അമ്മയാ ആഗ്രഹിക്കാത്തത്.. എൻറെ രണ്ട് മക്കളും എന്നും പരസ്പരം പിരിയാതെ ഒരുമിച്ച് നിൽക്കണമെങ്കിൽ മാളു തന്നെ സിദ്ദുവിൻറെ ഭാര്യയായി വരണം എന്നൊരു ഒരു മോഹം മനസ്സിൽ.. നിങ്ങൾക്കൊക്കെ എന്താ അഭിപ്രായം .” സാവിത്രി എല്ലാവരുടെയും അഭിപ്രായം അറിയാനായി ചോദിച്ചു.

അമ്പല നടയിൽ വച്ച് തന്നെയും മാളുവിനെയും എത്തി നോക്കി പോയ ചെറുപ്പക്കാരൻറെ മുഖമാണ് സിദ്ദുവിൻറെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്. പിന്നീട് ഓർത്തത് അയാളുടെ അടുത്തേക്ക് കാലുകൾ നിലത്തുറക്കാത്ത വേഗത്തിൽ സന്തോഷത്തോടെ സ്റ്റെപ്പുകൾ ഇറങ്ങി പോകുന്ന മാളുവിനെയും.

“അതൊരു നല്ല കാര്യം തന്നെ.. ഈയടുത്തിടെ എൻറെ ഭാര്യ പറഞ്ഞതിൽ വെച്ച് ഏറ്റവും നല്ലത് ഇക്കാര്യം തന്നെ..” ജനാർദ്ദനൻ പാതി കളിയായും കാര്യമായും പറഞ്ഞു..

“ചിലരുടെയൊക്കെ യാത്ര പറച്ചിൽ കണ്ടപ്പോൾ തന്നെ ഇത് ഇങ്ങനെയൊക്കെ ആയി വരും എന്ന് എനിക്കറിയാമായിരുന്നു. ഇതിപ്പോ വിചാരിച്ചതിലും നേരത്തെ കോളടിച്ചല്ലോ അനിയാ?…” കിച്ചുവും അഭിപ്രായം രേഖപ്പെടുത്തി.

ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ നിസ്സഹായനായി നിന്നു സിദ്ധാർത്ഥ്. കണ്ട കാര്യം ചാടിക്കയറി പറഞ്ഞാൽ ഒരുറപ്പും ഇല്ലാതെ ഒരു പെൺകുട്ടിക്ക് നേരെ ആരോപണം ഉന്നയിക്കലാവും. തൻറെ എടുത്തുചാട്ടം കാരണം ആ കുടുംബവുമായുള്ള ബന്ധത്തിൽ തുടക്കത്തിലെ ഒരു മുഷിച്ചിൽ വേണ്ട. ഇലക്കും മുള്ളിനും കേടില്ലാതെ തൽക്കാലം ഒതുക്കിത്തീർക്കുന്നതാവും ബുദ്ധി .

“ഞാനിപ്പോൾ ഒരു കല്യാണത്തിന് ഒരുക്കമല്ല..ആ കുട്ടി അവിടെ തന്നെ കാണുമല്ലോ.. വേണമെങ്കിൽ നമുക്ക് വഴിയെ അന്വേഷിക്കാം.. ഇപ്പം ഏട്ടൻറെ കാര്യങ്ങളൊക്കെ നടക്കട്ടെ…” അവൻ ഒഴുക്കൻമട്ടിൽ പറഞ്ഞു.

“അപ്പൊ നിനക്ക് ഇഷ്ട കുറവൊന്നുമില്ല അല്ലേ..ഒരു പരിചയമില്ലാത്ത ഒരു പെണ്ണിനോട് നീ കാര്യമായിട്ട് യാത്ര പറയുന്നത് കണ്ടപ്പോളേ ഞാൻ ഊഹിച്ചു…” കിച്ചു തൻറെ പിറകെയാണെന്ന് സിദ്ദുവിന്ന് തോന്നി.

“എൻറെ ഏട്ടാ.. നിങ്ങളെക്കാളൊക്കെ മുന്നേ ആ കുട്ടിയെ ഞാൻ അമ്പലത്തിൽ വച്ച് കണ്ടിട്ടുണ്ട്. ഏട്ടൻറെ മംഗല്യ മുട്ടിന്റെ പ്രസാദം ആ കുട്ടി ആദ്യം തെറ്റി വാങ്ങിച്ചു പോയി. അതിൻറെ കയ്യിൽ നിന്നും അത് ചോദിച്ചു വാങ്ങിച്ചപ്പോൾ പരിചയപ്പെട്ടതാണ്. അതിനെ തന്നെ ഏടത്തിയുടെ വീട്ടിൽ വെച്ച് വീണ്ടും കണ്ടപ്പോൾ കൗതുകം തോന്നി എന്നത് സത്യമാണ്… അതിൽ കവിഞ്ഞ് ഒന്നുമില്ല.. ഏട്ടൻ വെറുതെ എഴുതാപ്പുറം വായിക്കണ്ട…”

അവിടെ ഇരുന്നാൽ ഏട്ടൻ ഇനിയും പലതും ചികഞ്ഞ് ചികഞ്ഞ് ചോദിക്കും എന്നറിയാവുന്നതിനാൽ സിദ്ധാർത്ഥ് അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് പോയി.

“ഇതൊക്കെ ഒരു നിമിത്തം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ഏതായാലും മാഷിനെ വിളിക്കുമ്പോൾ ഇക്കാര്യം കൂടി ഒന്ന് സൂചിപ്പിക്കും.. അവർക്കും താല്പര്യമുണ്ടെങ്കിൽ ഈ കൂട്ടത്തിൽ തന്നെ നടത്തണം .അവൻറെ സമ്മതം ഒന്നും നോക്കേണ്ട..” സാവിത്രി എല്ലാം തീരുമാനിച്ചതുപോലെ ഫോണെടുത്തു ചന്ദ്രോത്ത് നമ്പർ ഡയൽ ചെയ്തു.

ഫോണെടുത്തത് വാസുദേവൻ മാഷ് തന്നെയായിരുന്നു. മാളുവിൻറെ വിവാഹമുറപ്പിച്ച ശേഷം പെങ്ങളും കുടുംബവും യാത്രയായ സന്തോഷത്തിലായിരുന്നു അയാൾ.

“ഹലോ..” മറുതലക്കൽ നിന്നും സാവിത്രി ടീച്ചറുടെ ശബ്ദം തിരിച്ചറിഞ്ഞതും അയാൾക്ക് തൻറെ ഉള്ളിലെ സന്തോഷം അവരോട് പങ്കുവയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ഹലോ ടീച്ചറെ.. ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കയായിരുന്നു.രാവിലത്തെ നിങ്ങളുടെ വരവ് ഈ തറവാട്ടിലേക്ക് ഒത്തിരി സന്തോഷങ്ങളും കൊണ്ടാണ്. ടീച്ചർക്ക് ഓർമ്മയുണ്ടോ എൻറെ പെങ്ങളുടെ ഇളയ മകൻ കണ്ണനെ.. കുഞ്ഞായിരുന്നപ്പോൾ ടീച്ചർ കണ്ടു കാണും.. അവന് സ്റ്റേറ്റ് ബാങ്കിൽ ജോലി ശരിയായി. മാളുവിൻറെയും അവൻറെയും കാര്യം പണ്ടേ ഞങ്ങൾ വാക്കാൽ ഉറപ്പിച്ചതാണ്. അവൻറെ ജോലി ശരിയായ സ്ഥിതിക്ക് അതും കൂടി ഇനി ഇക്കൂട്ടത്തിൽ തന്നെ നടത്താം …”

അയാളുടെ വാക്കുകൾ സാവിത്രി ടീച്ചറിൽ വല്ലാതെ നിരാശ പടർത്തി. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ അവർ നന്നേ ശ്രദ്ധിച്ചു. തങ്ങൾ കണ്ട് വെച്ചിരിക്കുന്ന തീയതിയുടെ കാര്യം അയാളെ അറിയിച്ചു. ഇരു കല്യാണവും ഒരു ദിവസം തന്നെ വേണം എന്നുള്ളതിനാൽ സഹോദരിയുമായി സംസാരിച്ചിട്ട് തീരുമാനം അറിയിക്കാമെന്ന് മാഷും സമ്മതിച്ചു.

സാവിത്രിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞതും കിച്ചുവിനും വല്ലായ്മ തോന്നി. മുറിയിലേക്ക് നടക്കുന്ന വഴിക്ക് സിദ്ദു അവൻറെ റൂമിൽ ഇരിക്കുന്നത് കണ്ടു.

” മാളുവിൻറെ വിവാഹം ഉറപ്പിച്ചു സിദ്ധു.. അവളുടെ മുറച്ചെറുക്കൻ കണ്ണനുമായിട്ട്.. നീ ഇനി അത് പ്രതീക്ഷിക്കേണ്ട..” നിരാശയോടെ സങ്കടപ്പെട്ട് നിൽക്കുന്ന കിച്ചുവിനെ കണ്ടതും സിദ്ദുവിന് ചിരിവന്നു.

താൻ കണ്ട പയ്യൻ തന്നെയായിരിക്കും കണ്ണൻ എന്നവൻ ഊഹിച്ചു. എങ്കിലും താൻ അവരെ ഒരുമിച്ച് അമ്പലത്തിൽ കണ്ട കാര്യം അവൻ കിച്ചുവിനോട് മറച്ചു വെച്ചു.

രാത്രി ഉറങ്ങാൻ നേരം മീനാക്ഷിയുടെ മുഖം കിച്ചുവിൻറെ മനസ്സിൽ നിറഞ്ഞു നിന്നു. അവളുടെ നമ്പർ പോലും തൻറെ കയ്യിൽ ഇല്ലല്ലോ എന്ന് ഓർത്തു അയാൾ…അതേസമയം തൊട്ടപ്പുറം ഗാഡനിദ്ര യിൽ ഏതോ സ്വപ്നത്തിൽ ആയിരുന്നു സിദ്ധാർത്ഥ്.

ദേവിയുടെ നടയിൽ തൊഴുകൈയോടെ നിന്ന് എല്ലാം അവസാനിച്ചത് പോലെ പൊട്ടിക്കരയുന്ന ഒരു പെൺകുട്ടി.. മുഖം വ്യക്തമല്ലെങ്കിലും അവളുടെ കരച്ചിലിൻറെ തേങ്ങലുകൾ കൂടി വന്നതും തൻറെ നെഞ്ചിൽ വേദന പടരുന്നത് ഉറക്കത്തിലും അവനിൽ അസ്വസ്ഥത സൃഷ്ടിച്ചു..

*******************

“എല്ലാം ഒരു സ്വപ്നം പോലെ അല്ലേ ചേച്ചി?” ഉറങ്ങാൻ നേരം ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം ഓർത്തു കിടക്കുകയായിരുന്നു മാളു.

“അതെ.. നീ ഭാഗ്യവതിയാണ് മോളേ.. കണ്ണൻ നിന്നെ പൊന്നുപോലെ നോക്കും..”

“കിച്ചു ഏട്ടനെ ചേച്ചിക്കും ഇഷ്ടമായില്ലേ?.. പിന്നെന്താ ..ഞാനൊരു കാര്യം പറയട്ടെ ..എനിക്ക് കിച്ചു ഏട്ടന്ക്കാൾ ഇഷ്ടമായത് നിങ്ങളുടെ അമ്മയെ ആണ്..”

“അത് എനിക്കും തോന്നി. നമ്മളെ കുടുംബത്തെ അവർക്ക് നല്ല പോലെ അറിയാം. ഒരുകണക്കിന് എൻറെ ജീവിതത്തിൽ നടന്നതെല്ലാം നല്ലതിനായിരിക്കും എന്നിപ്പോൾ തോന്നുന്നു…”

“എന്നാലും നീ അപ്പുവേട്ടനോട് ഇത്ര പെട്ടെന്ന് ക്ഷമിക്കാൻ പാടില്ലായിരുന്നു ചേച്ചി.. നിന്നോട് ചെയ്ത ചതി എനിക്ക് എന്തായാലും പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല..”

“എന്നെ ആരും ചതിച്ചിട്ടില്ല മാളു.. ഇനിയെങ്കിലും നീ അതൊക്കെ അറിയണം. ഇല്ലെങ്കിൽ നാളെ വിവാഹം കഴിഞ്ഞ് ചെന്നാലും നിനക്ക് അമൃതയോട് പൊറുക്കാൻ കഴിഞ്ഞെന്നുവരില്ല. ആ കുട്ടി അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ല..അപ്പുവേട്ടനോട് വല്ലാത്ത ഭ്രമം ആയിരുന്നു ആ കുട്ടിക്ക്..സ്നേഹിക്കുമ്പോൾ അതിന് എൻറെ കാര്യം ഒന്നും അറിയില്ലായിരുന്നു. ആദ്യമൊക്കെ അവൾ കാട്ടിക്കൂട്ടുന്ന ഓരോ കാര്യം പറഞ്ഞു ചിരിക്കുമായിരുന്നു ഏട്ടൻ. പിന്നെ പിന്നെ അത് സഹതാപം ആയി.. സൗഹൃദമായി.. സ്നേഹം ആയി.. ആരും ഒന്നും ഒന്നും മനപൂർവ്വം ചെയ്യുന്നതല്ല.. സംഭവിച്ചു പോകുന്നതാണ് മാളു..

എംടി ഫസ്റ്റ് ഇയർ വെക്കേഷന് വന്ന അപ്പുവേട്ടൻ എൻറെ മുന്നിൽ കരഞ്ഞു.. അമൃതയ്ക്ക് വീട്ടിൽ കല്യാണം നോക്കുന്നു എന്തു ചെയ്യണം എന്ന് അറിയില്ലെന്നും പറഞ്ഞു..ആ കണ്ണുനീർ അമൃതയെ നഷ്ടപ്പെടുമെന്ന ഭയമാണെന്ന് അറിഞ്ഞതും അവൾ എത്രമാത്രം ആഴത്തിൽ അപ്പുവേട്ടൻറെ ഹൃദയത്തിൽ ഉണ്ടെന്ന് മനസ്സിലായി..പുരുഷനെ സന്തോഷിപ്പിക്കാൻ സ്ത്രീക്ക് എളുപ്പമാണ്.. പക്ഷേ അവൻറെ കണ്ണിൽനിന്നും തനിക്കായി കണ്ണുനീർ വരുത്താൻ ശേഷിയുണ്ടെങ്കിൽ അവൾ പിന്നെ അവൻറെതാണ്… അത് തിരിച്ചറിഞ്ഞു അവരെ ചേർത്ത് വെക്കാൻ അറിഞ്ഞുകൊണ്ട് ഒഴിഞ്ഞ് കൊടുത്തതാണ് ഞാൻ. മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറായി കൊള്ളാമെന്ന് ഞാൻ വാക്ക്കൊടുത്തില്ലായിരുന്നെങ്കിൽ ഒരിക്കലും അപ്പുവേട്ടൻ അവളെ രജിസ്റ്റർ മാരേജ് ചെയ്യില്ലായിരുന്നു. എല്ലാവർക്കും വേണ്ടി എന്നെ വിവാഹം കഴിച്ചു നല്ല ഭർത്താവായി തകർത്ത് അഭിനയിച്ചേനെ ..

ഞാനും അപ്പുവേട്ടനേ സ്നേഹിച്ചതല്ലേ.. ഇഷ്ട്ടപ്പെട്ടത് നഷ്ടപ്പെടുന്ന സങ്കടം ഏട്ടൻ കൂടി അനുഭവിക്കണ്ട എന്ന് തോന്നി..പിന്നെ ഞാനും അറിഞ്ഞു കൊണ്ടാണ് ഇതൊക്കെ എന്ന് അച്ഛൻറെ മുന്നിൽ സമ്മതിച്ചു കൊടുക്കാൻ ഭയമായിരുന്നു.. എങ്കിലും നിന്ടെയും കണ്ണൻറെയും കാര്യത്തിൽ തടസ്സം വരികയാണെങ്കിൽ അന്ന് എല്ലാം അച്ഛനോട് തുറന്നു പറയണം എന്ന് തന്നെ കരുതി..അത് വേണ്ടി വന്നില്ല എങ്കിലും ഇനിയിപ്പോൾ എല്ലാവരോടും പറയണം.. ആരുടെയും മനസ്സിൽ പരസ്പരം മുഷിച്ചിൽ ഒന്നും വേണ്ട. നീയും എനിക്ക് വാക്ക് തരണം അമൃതയെ എന്നെപ്പോലെ തന്നെ സ്വന്തം ചേച്ചിയായി കരുതുമെന്ന്…”

അവളുടെ മനസ്സമാധാനത്തിനു വേണ്ടി തലകുലുക്കി സമ്മതിച്ചു കൊടുത്തു. എങ്കിലും മനസ്സുകൊണ്ട് അപ്പുവേട്ടനെ ന്യായീകരിക്കാൻ കഴിഞ്ഞില്ല. ചേച്ചിയുടെ സ്ഥാനം ആദ്യമേ ആ മനസ്സിൽ ഭദ്രം ആയിരുന്നെങ്കിൽ പിന്നീട് ഒരാളും അങ്ങോട്ട് കയറില്ലായിരുന്നു എന്ന് തന്നെ തോന്നി.ചേച്ചിക്ക് പക്ഷേ ഒരിക്കലും അപ്പു ഏട്ടനെ മറക്കാൻ കഴിയില്ല..കിച്ചുവേട്ടനെ ഭർത്താവായി സ്വീകരിച്ചാലും ഉള്ളിൽ ഒരു നോവായി ആദ്യപ്രണയം അവളെ വീർപ്പു മുട്ടിക്കും.. ഒരു വ്യക്തിക്ക് ജീവിതത്തിൽ പ്രണയം ഒന്നേയുള്ളൂ എന്നത് അവൾ ഉൾക്കൊണ്ടിട്ടില്ല. എല്ലാം സഹിക്കാനുള്ള ശക്തി അവൾക്ക് കൊടുക്കണം എന്ന് പ്രാർത്ഥിച്ചു.

കണ്ണടച്ചതും കണ്ണേട്ടനേ ഓർമ്മ വന്നു. നനുത്ത ചുംബനങ്ങൾ വീണ്ടും വീണ്ടും എന്നെ വീർപ്പ് മുട്ടിക്കുന്നത് പോലെ. മധുരമുള്ള ആലസ്യം ഉറക്കത്തിന് വഴിമാറി.

പിറ്റേന്ന് കോളേജിൽ പോകാൻ വല്ലാത്ത ആവേശമായിരുന്നു. കൂട്ടുകാരോട് എല്ലാം ഓടിനടന്ന് കണ്ണേട്ടന് ജോലി കിട്ടിയതും രണ്ട് വിവാഹങ്ങൾ ഉറപ്പിച്ച വാർത്തയും അറിയിച്ചു. ട്രീറ്റ് വേണം എന്ന് പറഞ്ഞു എല്ലാം കൂടെ പിന്നാലെ കൂടി. കണ്ണേട്ടൻ ഇടയ്ക്ക് വിളിച്ചപ്പോൾ കാര്യം സൂചിപ്പിച്ചു. ക്ലാസ് കഴിഞ്ഞ് എല്ലാത്തിനെയും കൂട്ടി കോളേജിനടുത്തുള്ള മാളിൻറെ ഫുഡ് കോർട്ടിലേക്ക് പൊക്കോളാൻ അനുവാദം തന്നു. ഞാൻ പക്ഷേ വളരെയടുത്ത നാല് പേരെ മാത്രമെ കൂട്ടിയുള്ളൂ. ബാക്കി എല്ലാവർക്കും കണ്ണേട്ടൻ കൂടി ഉള്ളപ്പോൾ വിപുലം ആയിട്ട് ട്രീറ്റ് കൊടുക്കാം എന്ന് കരുതി.

ഫുഡ് കോർട്ടിൽ ഇരുന്ന് കൂടെയുള്ള ഡോക്ടറുമായി ഒരു കേസിൻറെ ഡിസ്കഷൻ നടത്തുകയായിരുന്നു സിദ്ദു. പെൺകുട്ടികളുടെ ഉച്ചത്തിലുള്ള ശബ്ദം വീണ്ടും വീണ്ടും അലോസരമായി തോന്നിയതും അവരിരിക്കുന്ന ടേബിളിലേക്ക് നോക്കി. നോട്ടം എത്തിയത് പൊട്ടിച്ചിരിച്ച് എന്തോ വീമ്പ് പറയുന്ന മാളുവിലേക്കാണ്. അവളെ വീണ്ടും കണ്ടതിൽ കൗതുകം തോന്നി. അവളുടെ വിവാഹം ഉറപ്പിച്ച കാര്യം ഓർമ്മ വന്നു. അവൻ എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു.

“കൺഗ്രാജുലേഷൻസ് മാളവിക.. കല്യാണം ഒക്കെ ശരിയായതിൻറെ ട്രീറ്റ് ആണോ?.”

അവനെ കണ്ടതും മാളു ഭവ്യതയോടെ എഴുന്നേറ്റു. അതെയെന്ന അർത്ഥത്തിൽ തലകുലുക്കി..

“എന്നിട്ട് കക്ഷി എവിടെ പോയി?.. ഇന്നലെ അമ്പലത്തിൽ ഉണ്ടായിരുന്നല്ലോ ആള്?..”

അവൻ ഇന്നലെ തങ്ങളെ ശ്രദ്ധിച്ചിരുന്നോ എന്ന് മാളുവിന് അത്ഭുതം തോന്നി. അതിലേറെ ജാള്യതയും..

“പേടിക്കണ്ട.. ഞാനാരോടും പറഞ്ഞിട്ടില്ല. ചുമ്മാ ചോദിച്ചെന്നേയുള്ളു..”

“ഞങ്ങളുടെ കൂടെ ജോയിൻ ചെയ്യുന്നോ… ഒരു കോഫി കുടിക്കാൻ…” അവൾ വിഷയം മാറ്റാനായി ചോദിച്ചു.

അവൻറെ നോട്ടം ടേബിളിലേക്ക് എത്തി.. ബർഗറും പിസയും ഒക്കെ കിടക്കുന്നു.

“താങ്ക്സ്… പിന്നീടാവാം…പിന്നെ ഞങ്ങൾ ഡോക്ടർസ് ആരോഗ്യം നോക്കാതെ ഇങ്ങനെ ജങ്ക് ഫുഡ് ഒന്നും കഴിക്കാറില്ല… കുറച്ച് കഴിയുമ്പോൾ അറിയാം ഇതിൻറെയൊക്കെ പ്രശ്നങ്ങൾ.. അതുപോട്ടെ ..മാളുവിന് വിരോധമില്ലെങ്കിൽ എടത്തിയുടെ നമ്പർ ഒന്ന് തരാമോ?.. ഏട്ടൻ ഇന്നലെ ധൃതിയിൽ വാങ്ങിക്കാൻ മറന്നു കാണും”

അതൊരു നല്ല കാര്യമായി മാളുവിനും തോന്നി . പെട്ടെന്ന് തന്നെ ഒരു പേപ്പർ എടുത്തു ചേച്ചിയുടെ നമ്പർ എഴുതി കൊടുത്തു. അവൻ അത് മൊബൈലിൽ സേവ് ചെയ്തു . അതേ പേപ്പറിൽ കിച്ചുവിൻറെയും തൻറെയും നമ്പർ എഴുതി കൊടുത്തു അവളോട് യാത്ര പറഞ്ഞിറങ്ങി.

സിദ്ധാർത്ഥ് പോയി കഴിഞ്ഞതും അവൻറെ വിവരങ്ങൾ ചോദിച്ചറിയാൻ തൻറെ കൂടെയുള്ള പെട്ടകോഴികൾ നാലെണ്ണവും പരസ്പരം അടി കൂടുന്നത് കണ്ടപ്പോൾ മാളുവിന് ചിരി വന്നു.

തുടരും….