നീയന്നെന്നെ കാണാൻ വരുമെന്ന് പറഞ്ഞപ്പോഴും എനിക്ക് വിശ്വാസമില്ലായിരുന്നു. ചെക്കൻ ചുമ്മാ പറയുന്നതാവുമെന്നേ ഞാൻ കരുതിയിരുന്നുള്ളൂ.

കുലുക്കി സർബത്ത് – എഴുത്ത്: അജ്മൽ വടക്കഞ്ചേരി

ജുനൂ…നീ ഒരുങ്ങിയില്ലേ ഇതുവരെ…? ഉമ്മയുടെ വിളി അവനെ ചിന്തകളിൽ നിന്നും ഉണർത്തി.

ഹം…എന്ത് ചിന്ത…നിറമുള്ള സ്വപ്നം വല്ലതുമാണോ…അല്ല…നാളെ മുതൽ ജനിച്ചു വളർന്ന നാടും വീടും വിട്ട് ഇനിമുതൽ കൊല്ലത്തിൽ ഒരിക്കൽ മാത്രം പെട്ടികെട്ടി വരുന്ന പ്രവാസി…ഒരിക്കലെങ്കിലും താൻ ആഗ്രഹിച്ചിരുന്നോ ഈ പ്രവാസം…ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും. ഉണ്ടായിരുന്നു…അതുപക്ഷേ…ഇങ്ങനെയായിരുന്നില്ല. അല്ലെങ്കിലും നമ്മളൊക്കെ ചിന്തിക്കുന്നതിന്റെ അപ്പുറത്താണല്ലോ ജീവിതത്തിന്റെ fate…

“ടാ…നീയെന്തെടുക്കുകയാ…? എണീറ്റ് വാടെ…അവിടെല്ലാരും അന്വേഷിക്കുന്നു…” ജാഫറിന്റെ ശബ്ദം അവനെ പിന്നെയും ചിന്തകളിൽ നിന്നുമുണർത്തി. “ഓ….ഓളേം ഓർത്ത് മോങ്ങുകയാവും…അല്ലെടാ കുരുപ്പേ…”

“പോടാ…അതൊന്നുമല്ല” അവൻ ചിറി കോട്ടി. “ഉവ്വ….അന്നെ ഇന്നും ഇന്നലെമൊന്നുമല്ലല്ലോ ഞാൻ കാണാൻ തുടങ്ങിയത്…എണീറ്റ് വാ കുരുപ്പേ…” “ആ..വരുന്നു…നടക്ക്…”

അവനോടത് പറഞ്ഞു തിരിഞ്ഞുനടക്കുമ്പോൾ ജാഫറിന്റെ ചിന്തകൾ വർഷങ്ങൾ പിന്നോട്ട് പാഞ്ഞു. ശരിക്കു പറഞ്ഞാൽ…ഒരു 4 കൊല്ലം പിന്നോട്ട്…

**************

എന്ജിനീയറിങ്ങിന് ചേർന്ന കാലം. എല്ലാവരേം പോലെ…റാഗിംഗും…അടിപിടിയും…എല്ലാംകൊണ്ടും കിടിലൻ life…

അവിടെവെച്ചാണ് അവൻ ജുനൈദിനെ പരിചയപ്പെടുന്നത്. എല്ലാവരെയും പോലെ അല്ലായിരുന്നു, ചെയ്യുന്ന എല്ലാത്തിലും ഒരു ചിട്ട ഉണ്ടായിരുന്നവൻ. ആരോടും അധികം മിണ്ടാത്തവൻ. കോളേജിൽ ചേർന്ന് നാളുകുറെ ആയിട്ടും ഫ്രണ്ട്സിനെ ഒന്നും ആക്കാത്തവൻ. പിന്നെ ഞാൻ എങ്ങനെ കമ്പനി ആയി. സിംപിൾ…കമ്പ്യൂട്ടർ ലാബിൽ ഒന്നിച്ചായിരുന്നു. പോരാത്തതിന് റോൾ നമ്പർ പ്രകാരം അടുത്തും. അങ്ങനെ കൂട്ടായി. പിന്നെപ്പിന്നെ…അവനിലെ അപകര്ഷതാബോധം മനസ്സിലായി. ഒരു മുസ്ലിം ഓർത്തഡോസ് കുടുംബത്തിൽ നിന്നും വന്നവൻ…അതിലുപരി വാപ്പിയുടെ കൂടെമാത്രം ലോകം കണ്ടവൻ…കാര്യം അങ്ങനോക്കെ ആണേലും എന്റേം അവന്റേം wavelength ഒരേപോലെ ആയിരുന്നു. അതോണ്ടുതന്നെ…അവനിലെ അപകർഷതാ ബോധം ഒരുപരിധിവരെ മാറ്റിയെടുക്കാൻ അവനു സാധിച്ചു.

പിന്നെപ്പിന്നെ…ഗ്യാങ് വലുതായി…ഊരുതെണ്ടികൾ എന്ന് പേരും വീണു. എങ്ങനാ….ഒരു ലീവ് കിട്ടിയാൽ അപ്പൊ എന്തേലൊക്കെ കള്ളം പറഞ്ഞു ട്രിപ്പ് പോവും. ഒറ്റക്കായിരുന്നോ…അല്ലാ…ഞങ്ങൾ 4 പേർ…അങ്ങനെ ട്രിപ്പും കോളേജും എല്ലാം ഒന്നിച്ചു കൊണ്ടുപോകുന്നതായിരുന്നു.

ഒരു ദിവസം ജുനു വന്നു പറഞ്ഞു…”ടാ..എന്റൊപ്പം പഠിച്ചൊരു കുട്ടി…ഓളായിട്ട് ചാറ്റ് തുടങ്ങീട്ടുണ്ട്…പാവമാ… ഏകദേശം എന്നെപ്പോലെ ഉള്ളൊരു കുട്ടി…””അതുശെരി…അപ്പൊ ചെക്കൻ പ്രേമത്തിലാണ്…” “പോടെ… പ്രേമം…കോപ്പാണ്” “ഉവ്വ… ഉവ്വേ…” ജാഫർ അർത്ഥം വെച്ചൊന്നു ചിരിച്ചു. ജാഫറിനോട് അങ്ങനൊക്കെ പറഞ്ഞെങ്കിലും ഓളോട് ഉള്ളിലെവിടെയോ ഒരു പ്രണയം മൊട്ടിട്ടു  തുടങ്ങിയിരുന്നു…

***************

ഊരുതെണ്ടികൾ അടുത്ത ട്രിപ്പിന് തയ്യാറായിരുന്നു. ഇത്തവണ കോളേജിന്റെ ആശീർവാദത്തോടെ തെക്കുള്ളൊരു കോളേജിലെ ഒരു സെമിനാറിന്…അങ്ങോട്ട് പോവുന്നതടക്കം എല്ലാം ഓൻ ഓളോട് പറഞ്ഞിരുന്നു. പറ്റിയാൽ ഓളേനെ ഒന്നു കാണാനും….

പുലർച്ചെ തന്നെ വീട്ടിൽ യാത്ര പറഞ്ഞു ഉപ്പുപ്പാടെ പെട്ടിയിൽ നേർച്ചയുമിട്ട അവരിറങ്ങി. ബാക്കിയുള്ളവരെല്ലാം സെമിനാറും അവടെ വരാൻ പോകുന്ന girls ഉം….ഫുഡും….രാത്രിയിലെ ബീറടി ഒക്കെ പറഞ്ഞോണ്ടിരുന്നപ്പോൾ അവന്റെ മനസ്സുനിറയെ ഓളായിരുന്നു. ഓളെ കാണാൻ പോവുന്ന ആ നിമിഷത്തെ കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങൾ ആയിരുന്നു. ഓളോട് തന്റെ പ്രണയം പറയണം. ഹോ…ഓർക്കുമ്പോൾ തന്നെ കുളിരാണ്.

അങ്ങനെ കോളേജിലെത്തി. മൂന്നുദിവസത്തെ പരിപാടി…രണ്ടാമത്തെ ദിവസം ഓൻ ചാടി…അവിടുന്ന് പരിചയപ്പെട്ട ഒരുത്തന്റെ ബൈക്കുമെടുത്ത് ഗൂഗിളിത്തയെ മനസ്സിൽ ധ്യാനിച്ച് വണ്ടിയെടുത്തു. കുറച്ചു കറങ്ങിയെങ്കിലും…അവസാനം ഓളെ ഹോസ്റ്റലിന്റെ അടുത്തെത്തി…താഴെയെത്തി ഓളെ വിളിച്ചപ്പോ സ്വിച്ചോഫ്…”പടച്ചോനെ മൂ*&%യോ…” ഇല്ലാത്ത പൈസ ഉണ്ടാക്കി വല്ലവന്റേം വണ്ടി കടമെടുത്ത് ഈ പൊരിവെയിലത്ത് ഓടിവന്നപ്പോ…പണി കിട്ടിയോ….

എന്തുചെയ്യണമെന്ന് ആലോചിച്ചു നിക്കുമ്പോഴാണ് പരിചയമുള്ളൊരു രൂപം ഹിജാബൊക്കെ ഇട്ട് സ്റ്റെപ്പിറങ്ങി വരുന്നത് കണ്ടത്. “ഹോ…എന്റെ സാറേ…വിനോദ് പറഞ്ഞപോലെ  ഇപ്പൊ ഞാൻ മയ്യത്തായിരുന്നേൽ എന്റെ മയ്യിത്തിനു ചിരിച്ച മുഖമായിരുന്നേനെ…”

“എന്നാടാ…വെയിലത്തുനിന്നു ഇളിക്കുന്നേ…” ഓളെ ആദ്യ ചോദ്യം..!!എഹ്…ഇവളെന്തോന്ന്…ഒരുമാതിരി കോട്ടയം കുഞ്ഞച്ചനെപ്പോലെ…ശരിക്ക് സംസാരിക്ക് പോത്തെ…ഓൻ മനസ്സിൽ പറഞ്ഞു. “ആ എന്നതാന്നെലും നീ ആ കോഫീ ഷോപ്പിലേക്ക് വായോ…വെയിലത്തു നിക്കണ്ട…ആഹ്മ്…ശെരി നടക്ക്…ഓളെ കൂട്ടി അതിനകതേക്ക് കേറുമ്പോൾ ഇനി നടക്കാൻ പോവുന്നതായിരുന്നു മനസ്സുനിറയെ…

***************

“ജാഫറേ ഓനെവിടെ വരാൻ പറയ് ഓനോട്…ഇവിടെ മൗലൂദ് തുടങ്ങി” ജുനുവിന്റെ ഉപ്പ ആണ്. എല്ലാവരെയും പോലെ ഗൾഫിൽ പോയി കഷ്ടപ്പെട്ട് സമ്പാദിച്ചത് നാട്ടിൽ ബേക്കറി നടത്തി ജീവിക്കുന്ന ഒരു പാവം പ്രമാണി. കാര്യം ബേക്കറി മുതലാളി ആണേലും…മഹല്ലിലും പുറത്തുമൊക്കെ നല്ല പേരുള്ള കർക്കശക്കാരനായ ഹാജ്യാർ…

“ആ…ഓൻ വരുന്നുണ്ടുപ്പാ…” “വേഗം വരാൻ പറയ്….എല്ലാരും തിരക്കണുണ്ട്” മൂപ്പർ തലേക്കെട്ടും കെട്ടി സദസ്സിലേക്കു പോയി. “ഹാജറാ…ഓനോട്  ഇറങാൻ പറയ്….”

***************

“ന്നാപ്പിന്നെ ഇറങ്ങുകയല്ലേ…” ജാഫറിന്റെ ചോദ്യത്തിന് ഹസ്സനാജി സമ്മതം മൂളി. ഉമ്മാനോടും കുലുസൂനോടും യാത്രപറഞ്ഞു ജുനു ഇറങ്ങി. അവസാനമായി ഓനാ വലിയ വീട് തിരിഞ്ഞു നോക്കി. ഇനിയിവിടെക്ക് കയറിവരുന്നത് അതിഥിയായിട്ട്. യാത്രയിലുടനീളം ജുനു മൗനിയായിരുന്നു….അവന്റെ മനസ്സറിഞ്ഞെന്നോണം ജാഫർ ഒന്നും മിണ്ടിയില്ല…ചോദിച്ചില്ല…അതേസമയം ജുനിവിന്റെ ഖൽബിൽ ആദ്യകാഴ്ച്ച മിന്നിമറഞ്ഞു….

**************

ഓളേം കൂട്ടി കോഫീ ഷോപ്പിൽ ഒരു മൂലക്കായി ഇരുന്നിട്ട് ഓനവളെ കണ്ണിമവെട്ടാതെ നോക്കി, “എന്നതാടാ വായിനോക്കീ എന്നെ നീ മുന്നേ കണ്ടിട്ടില്ലേ….” “ഉണ്ട് വദൂരി…ന്നാലും…അനക്കെവിടുന്ന ഇത്രേം മൊഞ്ചെന്ന് ആലോചിക്കുകയായിരുന്നു…” ആ പറഞ്ഞത് ഓളിൽ ഒരു ചിരി മിന്നിച്ചോ…ഏയ്…ഇല്ലായിരിക്കും…തോന്നിയതാവും..

“പിന്നേയ്…ഞാനന്നെ കാണാൻ വന്നതെന്താച്ചാല്….” അവൻ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഒരുത്തൻ ജ്യൂസുമായി വന്നു. ഓളാന്നേൽ…ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടൻ കണ്ടതുപോലെ ആഞ്ഞുവലിക്കാനും തുടങ്ങി. “എന്നതാടാ നാറീ നോക്കുന്നേ…ഞാൻ നിക്കുന്നതേ ഹോസ്റ്റലിൽ ആണ്. ഡെയ്‌ലി കട്ടൻ കുടിച്ചു മടുത്തു. ആ നീയെന്നതാ പറഞ്ഞു വന്നത്…” ഓള് ചോദിച്ചു.

“ഒന്നുല്ലെന്റെ പുന്നാര ഷഹനാ….അന്റെ കുടി കണ്ടാൽ…ഹോ…”

“ആ…വേണ്ടേൽ പറയണ്ട. പോട്ട് പുല്ല്…”

“അല്ലാ…പറയാനുണ്ട്…””ആ…ന്നാ പറയ്…”

“അല്ലാ… അതിപ്പോ….ഇവിടെവെച്ചു….”

“ഇവിടെവെച്ചായാൽ എന്താ…കിടിലൻ പ്ലെയ്‌സ് അല്ലേ…” “ഓഹ്…”

“പറയനുണ്ടേൽ പറയ്…എനിക്ക് പോവണം…അവിടെ വാർഡൻ കയറുപൊട്ടിക്കും…” ഒന്നു ശ്വാസം വലിച്ചു വിട്ടതിനു ശേഷം അവൻ പറഞ്ഞു…”അനക്കെന്നെ അറിയാല്ലോ….ഇന്നുവരെ ഒരു കൊച്ചിന്റെ മുഖത്തുപോലും നോക്കാത്ത ആളാർന്നില്ലേ…”

“ആ…അതിന്…?” “എഹ്….ഇടക്ക് കേറി കുളമാക്കല്ലേ കുരുപ്പേ…പറയട്ടെ…” “ഓ…പറയ്…പറയ്..” “അതന്നെ….പക്ഷെ… ഇന്നാള് ഇൻസ്റ്റയിൽ ആളുമാറി അനക്ക് മെസ്സേജ് അയച്ചതുമുതൽ എന്തോ ഒരു….”

മുഴുവനാക്കുന്നതിനു മുന്നേ…ഓളവനോട്…”എന്താ മാഷേ… ഇനി നമ്മളെയെങ്ങാനും പ്രേമിക്കാനുള്ള പരിപാടി ആണോ…” അവനൊന്നു ഞെട്ടി. “പുല്ല്…പറയണ്ടാർന്നു…”

“ഐ…ബാക്കി പറയടെ…”

“ആഹ്മ്…ഏറെക്കുറെ അങ്ങനെ ആണ്. അന്നോടെനിക്കെന്തോ…ഒരു തരം…അനുഭവം…ന്താ പറയാ….ഇതൊക്കെത്തന്നെ ആവും പ്രേമം…ല്ലേ…”

സ്ട്രോയിലെ അവസാന തുള്ളിയും വലിച്ചോണ്ടിരുന്ന ഓളൊന്ന് പകച്ചു. “ന്റെ പടച്ചോനെ…ചെക്കൻ കാര്യമായിട്ടാണ്. ഇനി എന്റെ മനസ്സെങ്ങാനും ഇവനറിഞ്ഞോ…ഏയ്..ഇല്ലായിരിക്കും…” “ഇയ്യെന്താ ഒന്നും പറയാത്തെ…”

“അല്ല…അതിപ്പോ…ഞാനങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ലാ. മാത്രവുമല്ല….നമ്മളെങ്ങനാ…ഏയ്…അതൊന്നും ശെരിയാവൂല്ലാ…”

പ്രതീക്ഷിച്ചത് തന്നെ…പാറിപ്പറന്നു നടക്കുന്ന ഒരുത്തിക്ക് എന്നെപ്പോലെ അന്തർമുഖനായ ഒരുത്തനെ എങ്ങനെ ഇഷ്ടമാവാനാണ്. സ്വാഭാവികം…ഉള്ളില് തികട്ടിവന്ന നോവിനെ ഒരു ചെറുപുഞ്ചിരി കൊണ്ടവൻ  തടഞ്ഞുനിർത്തി തല കുനിച്ചപ്പോ ഓളൊന്ന് ചിരിച്ചു.

“ആളു സീരിയസ് തന്നെ ആണ്….” ” ഡേയ്… ബില്ല് കൊടുക്ക്… നമുക്കിറങ്ങാം…” “മം….ശെരി… ഇറങ്ങാം…അല്ലേലും എന്റെ ആഗ്രഹം പൂർത്തിയായി…” ആത്മഗതം ലേശം ഉറക്കെ ആയിപ്പോയോ…

“ന്നാ…എന്റെ പൂർത്തിയായിട്ടില്ല…നീ വണ്ടിയെടുക്ക്. ഇവിടെ അടുത്തൊരു പാർക്കുണ്ട്. അവിടുത്തെ കടയിലെ ബംഗാളിയുടെ കുലുക്കി സർബത്ത് കോട്ടയം മുഴുവൻ ഫേമസ് ആണ്…”

“എഹ്…ഈ സാധനം ഇത്രേം നാളും പട്ടിണി ആയിരുന്നോ…”

“നിന്ന് കിനാവ് കാണാതെ വണ്ടിയെടുക്കടെ..”

ഓളേം കൂട്ടി സർബത്ത് കുടിക്കുമ്പോ അവള് പറയാണ്. “ഡെയ്…കിഴങ്ങൻ  ജുനുവിനെപ്പോലെ അല്ല പുത്തൻപുരക്കൽ ഹസ്സനാജി. ചവിട്ടി ചുവരിൽ കേറ്റും…”

“എന്തൊക്കെ ആണേലും അന്നെ ഇനിയെനിക്ക് മറക്കാൻ പറ്റൂല്ല ഷഹനാ…ഇയ്യ്‌ വേണം എനിക്കിനിവിടുന്നങ്ങോട്ട്….ജുനൈദ് നിക്കാഹ് ചെയ്യുന്നെങ്കിൽ അതന്റുപ്പാടെ കൈപിടിച്ചാവും……” തീരുമാനിച്ചുറപ്പിച്ച ഓന്റെ സംസാരം കേട്ടപ്പോ ഓള് പറഞ്ഞു…”വാ നമുക്കൊന്നു നടക്കാം…” നടത്തിനിടയിൽ…”എടാ അന്ന് നിന്റെ മെസ്സേജ് വന്നപ്പോ അത്ഭുതം ആയിരുന്നു. കൂടെ പഠിച്ച സമയത്തു മുഖത്ത് പോലും നോക്കാത്ത ചെക്കൻ മെസേജ് അയക്കുന്നോ…എവനിനി ആളുമാറി അയച്ചതാവുമോ..”

“എന്നതാന്നെലും അറിയാവുന്ന കക്ഷി അല്ലെ…ചാറ്റാം…വെറുമൊരു ചാറ്റിൽ തുടങ്ങിയ ബന്ധം. പിന്നീടെപ്പോഴോ പ്രണയമായി മാറി. പക്ഷെ….വെറും കണ്ടുപരിചയം മാത്രമുള്ളവളെ ഇത്രേം ആഢ്യത്വം ഉള്ളൊരു തറവാട്ടിലെ സന്തതി എങ്ങനെ പ്രേമിക്കാനാണ്. ആഗ്രഹത്തിനും അർഹത വേണ്ടേ…? നീയന്നെന്നെ കാണാൻ വരുമെന്ന് പറഞ്ഞപ്പോഴും എനിക്ക് വിശ്വാസമില്ലായിരുന്നു. ചെക്കൻ ചുമ്മാ പറയുന്നതാവുമെന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷെ…ഹോസ്റ്റലിന്റെ താഴെ വന്നു നിന്ന് ഫോണിലേക്ക് നോക്കി നേടുവീർപ്പിടുന്ന ജുനുവിനെ നോക്കുമ്പോ കണ്ണുകളിൽ തിളക്കമായിരുന്നു. പടച്ചോനെ…എനിക്ക്  കേൾക്കാനാഗ്രഹിക്കുന്നതാവണേ അവൻ പറയേണ്ടത്.”

*******************

എല്ലാം കേട്ട് അന്ധാളിച് ചിരിക്കണോ കരയണോ…എന്നറിയാത്ത അവസ്ഥയിൽ ഡാഷ് പോയ അണ്ണനെപ്പോലെ നിക്കുന്നവനെ നോക്കി ഓള് പറയാണ്… “നിനക്കെന്നെ ഇഷ്ടമാണേലും അല്ലേലും ഷഹനക്ക് ഒരു നിക്കാഹ്ണ്ടേൽ അത് ഈ നിക്കുന്ന കുരുപ്പുമായിട്ടായിരിക്കും…”

പുന്നാരമോനെ ജുനുവേ….മാവ് പൂത്തടേ…എന്നും പറഞ്ഞു എന്നെനോക്കി പുഞ്ചിരിച്ചു കൊണ്ട് പോക്കറ്റിൽ കയ്യിട്ട് പേഴ്‌സ് എടുത്ത പെണ്ണിനെ നോക്കി ഞാൻ അന്തംവിട്ടുനിന്നു. “പടച്ചോനെ ഈ കേട്ടതൊക്കെ സത്യമാണോ….ഇതിപ്പോ എനിക്ക് പ്രാന്തായതാണോ….അതോ ഓൾക്ക് പ്രാന്തായതാണോ….”

“പ്രാന്ത് നിന്റെ മറ്റവൾക്കാടാ നാറീ…വന്നെന്നെ ഹോസ്റ്റലിൽ  ആക്ക്. നേരമൊരുപാടായി. ഇനീം  വൈകിയാൽ വാർഡമ്മച്ചി കലിപ്പിലാവും….” അത്രയും പറഞ്ഞു ഓള് ബൈക്കിനടുത്തേക്ക് നടന്നു. ഓടിച്ചെന്ന് ഓൾടൊപ്പം ബൈക്കിനടുത്തേക്ക് നടക്കുംമ്പോൾ അറിയാതെ തന്നെ കൈകൾ പിണഞ്ഞിരുന്നു…അകലാനാവാത്തവിധം…

************

“ടാ….എണീക്ക്….എയർപോർട്ടെത്തി…”

ജാഫറിന്റെ വിളികേട്ട് ജുനു ഞെട്ടിയുണർന്നു. അല്ലേലും ഓർമകൾക്ക് മാധുര്യം കൂടുതലായിരിക്കും. ഏലക്കയിട്ട സുലൈമാനി കുടിക്കുന്നപോലെയാണ് പ്രണയിനിയുടെ മുഖത്തുനിന്നും കേൾക്കാനാഗ്രഹിച്ച വാക്കുകൾ കേൾക്കുന്ന അനുഭവം. ഓരോ തവണ ആലോചിക്കുമ്പോഴും  മധുരമേറിവരും…പുത്തനുണർവ്വ്  സമ്മാനിക്കും…പക്ഷെ ഇത്തവണ അതല്ലായിരുന്നു. ജുനുവിന്റെ ഉള്ളം പൊള്ളുകയായിരുന്നു. ഇനിയെന്നു കാണും. ഇനിയൊരു കാഴ്ചയുണ്ടാകുമോ….ഇൻഷാ അല്ലാഹ്…റബ്ബ് വിധിച്ച പോലെ…

*************

അന്നവിടെന്നു  പിരിയുമ്പോൾ ഓളവനൊരു സമ്മാനം നൽകി. ഇറുക്കിപ്പിടിച്ച അവന്റെ കൈക്കുമുകളിൽ ബുർഖ കൊണ്ടുപൊതിഞ്ഞ ചുണ്ടുകൾ കൊണ്ടൊരു നേർത്ത ചുംബനം. സന്തോഷവും സങ്കടവും കൊണ്ടവന്റെ കണ്ണുനിറഞ്ഞപ്പോ  “അയ്യേ…കരയുന്നോടാ പോത്തേ…നാണമുണ്ടോടാ…ഓവറാക്കി ചളമാക്കാതെ എണീറ്റ് പോടെ…”

“ആ പോകുവാ….ഇനി എന്നേലും കാണാം…” എന്നുപറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയപ്പോ  അടക്കിവെച്ച കണ്ണുനീർ പെയ്തൊഴിയുക തന്നെ ചെയ്തു.

***************

തിരികെ കോളേജിന്റെ പാർക്കിങ് ഏരിയയിൽ വണ്ടി വെച്ച് അതു തന്നവനെ കെട്ടിപ്പിടിച്ചു നന്ദിയും പറഞ്ഞു പിള്ളേരുടെ അടുത്തേക്കവൻ  ഓടിവന്നു ഒറ്റശ്വാസത്തിൽ പറഞ്ഞു, “…ടാ…ഓൾക്കെന്നേം ഇഷ്ടമായിരുന്നെടാ…ഓളെന്നോട് പറഞ്ഞെടാ…ഷഹാന ജുനുവിന്റെയാണെന്ന്…”

“ജുനുവേ കള്ളനായിന്റെ മോനേ…ഇന്ന് ട്രീറ്റ് തന്നില്ലേൽ അന്റെ ശവമടക്കാണ്…”സെയ്ഫു ചാടിയെണീറ്റ്  വിളിച്ചുപറഞ്ഞു…..

അവിടുന്നങ്ങോട്ട് പ്രണയം പൂത്തുലഞ്ഞ നാളുകളായിരുന്നു…ഒടുവിൽ ഷഹാനയുടെ വീട്ടിൽ നിക്കാഹാലോചന കൊടുമ്പിരി കൊണ്ടപ്പോ മടിച്ചുമടിച്ചാണെങ്കിലും അവളവന്റെ പേരു പറഞ്ഞു. “വാപ്പ…എനിക്കൊരാളെ ഇഷ്ട്ടമാണ്. ആളെ വാപ്പയറിയും…നമ്മുടെ ഹസ്സനാജിടെ മകൻ…ജുനൈദ്…”

“അതുശെരി…എന്റെ മോളപ്പൊ ബ്രോക്കറിന്റെ പണിക്കൂടെ എടുക്കുന്നുണ്ടായിരുന്നോ….മകളിത്രേം പോന്നത് ഈ വാപ്പയറിഞ്ഞില്ലല്ലോ…വരട്ടെ നോക്കാം….” ഓടിവന്ന് വാപ്പയുടെ കാലിൽവീണ് കരഞ്ഞപ്പോ അങ്ങേരു പറയാണ്…” എന്റെ മോൾടെ ആഗ്രഹം അല്ലെ ഈ ഉപ്പൻറേം ആഗ്രഹം. ഞാനതിന് തടസ്സം നിക്കുമോ” അയ്യേ… എന്തായിത്…എന്റെ ഷഹാനാരാജകുമാരി കരയുന്നോ…” “സന്തോഷം കൊണ്ടാണുപ്പാ…”

പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ഹസ്സനാജി കലിതുള്ളി അലറുന്നത് അയൽപ്പക്കത്തൊക്കെ ആശ്ചര്യമായിരുന്നു. “എന്തൊക്കെ സംഭവിച്ചാലും എന്റെ മകന് ഞാൻ കണ്ടെത്തുന്ന കുട്ടിയെ അല്ലാതെ ഇനി യൂസഫലിയുടെ മകളാന്നേലും കെട്ടിച്ചുകൊടുക്കില്ലാ….” മറുത്ത് പറയാൻ ആവുന്നതിനു മുന്നേ ഒന്നുകൂടി പറഞ്ഞു…”ഇയ്യോളെ മറന്നെക്കണം. അടുത്തമാസം വിസ ശെരിയാവും. വേറൊന്നും ചെയ്യണ്ട. അബുക്കടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പഠിച്ച എഞ്ചിനീയറിന്റെ പണി എടുത്താൽ മാത്രം മതി….”

തിരിച്ചൊന്ന് പറയാനാവുന്നതിനു മുന്നേ എന്ജിനീറിങ് പാസ്സായപ്പോ വാങ്ങിക്കൊടുത്ത വിലകൂടിയ ഫോൺ തറയിലെറിഞ്ഞു അമർത്തിച്ചവിട്ടി ഹസ്സനാജി നടന്നകന്നു. പിന്നീടങ്ങോട്ട് എല്ലാം ഹസ്സനാജി മനസ്സിലുറപ്പിച്ചപോലെ ആയിരുന്നു…

ഇന്നിപ്പോ ഈ എയർപോർട്ട് ലോഞ്ചിൽ ഏകനായിരിക്കുമ്പോ ഓളവിടെ കയ്യിൽ മൈലാഞ്ചി ഇടുകയാവും…ഞാനിവിടെ പ്രവാസത്തിലേക്ക് പറന്നുയരുമ്പോ എന്റേതെന്ന് ഞാൻ വിശ്വസിച്ചിരുന്നവൾ മാറ്റാരുടെയോ ആയിത്തീരാൻ പോവുകയാണ്….

അപ്പോഴും ആ പ്രണയത്തിനു സാക്ഷ്യം വഹിച്ച ബംഗാളിയുടെ കുലുക്കിക്കടയിൽ തിരക്കേറുന്നുണ്ടായിരുന്നു…തിരക്കിൽ പെട്ട് ഏതോ രണ്ടുപേർ പരസ്പരം അടുക്കാനാവത്തവിധം അകന്നുപോകുന്നുണ്ടായിരുന്നു…