ആൺപിള്ളേര് വീട്ടിൽ ജോലി ചെയ്യാൻ പാടില്ലെന്ന് ഉണ്ടോ. അവർ കഴിക്കുന്ന പാത്രം പോലും നീയും മോളും അല്ലേ കഴുകി വയ്ക്കുന്നത്….

എഴുത്ത്: ANU BEN

“ഡി അഞ്ചു നിനക്ക് ഇതുവരെയും എഴുന്നേൽക്കാറായില്ലേ, നേരം എത്രയായെന്ന് അറിയോ ?”

പതിവ് പോലെ അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്. ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ മണി 6 ആവുന്നേയുള്ളൂ. ഇത്രയും നേരത്തെ എഴുന്നേറ്റിട്ട് ഞാൻ എങ്ങോട്ട് പോകുവായിരിക്കും എന്നായിരിക്കും അല്ലേ നിങ്ങൾ ആലോചിക്കുന്നത് എങ്ങും പോവാനില്ല. പിന്നെയെന്തിനാണ് ഈ വിളി എന്നാവും അല്ലേ ദേ കേട്ടോ

“എന്തിനാ അമ്മേ എന്നും രാവിലെ ഇങ്ങനെ വിളിച്ചു എഴുന്നേൽപ്പിക്കുന്നത്. കുറച്ചു നേരം കൂടെ ഉറങ്ങിയെന്ന് വച്ചു ആകാശം ഇടിഞ്ഞു വീഴുകയൊന്നും ഇല്ല”

ഞാൻ കുറച്ചു ദേഷ്യത്തോടെ തന്നെ പറഞ്ഞു

“പെണ്ണ്പിള്ളേരായാൽ രാവിലെ സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുന്നേൽക്കണം”

പറയുന്നത് കേട്ടാൽ തോന്നും ഞാൻ പോയി വേണം ഇനി സൂര്യനെ ഉദിപ്പിക്കാൻ എന്ന്. പഠിത്തം ഒക്കെ കഴിഞ്ഞു ജോലി നോക്കുവാണ് ഞാൻ. പഠിക്കുന്ന കാലത്ത് നേരെ ചൊവ്വേ ഉറങ്ങാൻ സമ്മതിച്ചിട്ടില്ല പഠിത്തം കഴിഞ്ഞപ്പോ ഇനി ജോലി കിട്ടുന്ന വരെയെങ്കിലും സുഖമായി കിടന്ന് ഉറങ്ങാമല്ലോ എന്നോർത്തതാണ് അതിനും സമ്മതിക്കില്ല. ഇനി രക്ഷയില്ല എന്നറിയാവുന്ന കൊണ്ട് എഴുന്നേൽക്കാൻ തീരുമാനിച്ചു.

രാവിലെ പല്ല് തേയ്ക്കുന്നതിന് മുൻപ് ഒരു കട്ടൻകാപ്പി കുടിച്ചില്ലെങ്കിൽ പല്ല് തേയ്ക്കാൻ ഒരു സുഖമുണ്ടാവില്ല അതുകൊണ്ട് പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റ് നേരെ അടുക്കളയിലേക്ക് നടന്നു ഒരു കട്ടൻകാപ്പി ഇട്ട് അതും എടുത്തു നേരെ മുറ്റത്തേക്ക് നടന്നു.

രാത്രി തുടങ്ങിയ മഴയാണ് ഇതുവരെയും തോർന്നിട്ടില്ല. തണുത്തിട്ട് ആണെങ്കിൽ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി. മഴ നോക്കിയിരുന്നു കട്ടൻകാപ്പി കുടിക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്. പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി ഒന്ന് കൂടെ ഉറങ്ങാൻ പറ്റിയെങ്കിൽ എന്ന് വെറുതെയെങ്കിലും ഒന്ന് ആശിച്ചു.

പല്ല് തേച്ച് മുഖം കഴുകി തിരിച്ചു മുറിയിലേക്ക് വന്നപ്പോഴാണ് മേശയിൽ മടക്കി വച്ചിരുന്ന ആ പുസ്തകം ശ്രദ്ധിച്ചത്. ഇന്നലെ വാങ്ങിയ പുസ്തകമാണ് പുറംചട്ട കണ്ടപ്പോൾ തന്നെ എന്തോ ഒരു ആകർഷണം തോന്നി രാത്രി തന്നെ വായിക്കാൻ തുടങ്ങി. എപ്പോഴോ ഉറക്കം വന്നപ്പോൾ മടക്കി മേശയിൽ വച്ചിട്ട് ഉറങ്ങിയതായിരുന്നു. ആ പുസ്തകവും എടുത്തു വരാന്തയിലേക്ക് നടന്നു. വരാന്തയിൽ തണുത്ത കാറ്റേറ്റ് ഇരുന്ന് ആ പുസ്തകം വായിക്കാൻ തുടങ്ങി.

“ഹോ അവളുടെ ഒരു പുസ്തകവായന പഠിച്ചു പരീക്ഷയ്ക്ക് പോവാൻ ഉള്ളതാണല്ലോ. വയസ്സാംകാലത്ത് ഞാൻ അവിടെ കിടന്ന് ഒറ്റയ്ക്ക് കഷ്ടപ്പെടുവാ, അവിടം വരെ വന്ന് ഒന്ന് സഹായിക്കണം എന്ന വിചാരം ഒന്നും അവൾക്ക് ഇല്ലല്ലോ”

ഞാൻ വായിച്ചു തുടങ്ങിയ പുസ്തകം മടക്കി മുറിയിൽ കൊണ്ടു വച്ചു നേരെ അടുക്കളയിലേക്ക് നടന്നു. പോകുന്ന വഴി ഏട്ടന്റെയും അനിയന്റെയും മുറിയിലേക്ക് ഒന്ന് നോക്കി രണ്ടു പേരും നല്ല ഉറക്കത്തിലാണ്. ഒന്നും മിണ്ടാതെ പോയി അരിഞ്ഞു വച്ചിരുന്ന പച്ചക്കറി എടുത്തു സാമ്പാർ വച്ചു.

“അമ്മേ അവർ ഇതുവരെയും എഴുന്നേറ്റില്ലല്ലോ ഞാൻ പോയി അവരെ ഉണർത്തിയിട്ട് വരാം”

“അവരെ ഉണർത്തിയിട്ട് ഇപ്പൊ എന്തിനാ ഇന്ന് ഞായറാഴ്ച അല്ലേ ഒരിടത്തും പോവണ്ടല്ലോ പോരാത്തതിന് നല്ല തണുപ്പും അവർ കുറച്ചു നേരം കൂടെ ഉറങ്ങിക്കോട്ടെ”

ഉത്തരം ഇതായിരിക്കും എന്ന് അറിയാമെങ്കിലും വെറുതെ ഒന്ന് ചോദിച്ചതാണ്. തികട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി ഞാൻ ഓർത്തു, ‘എനിക്ക് ഈ പറയുന്ന തണുപ്പും ക്ഷീണവും ഒന്നുമില്ലല്ലോ എന്നെ എന്താ വല്ല ഇരുമ്പിലും പണിതതാണോ, അതോ ഞാൻ ഇനി അച്ഛന്റെയും അമ്മയുടെയും മോളല്ലേ, ആണായിട്ട് ജനിച്ചാൽ മതിയായിരുന്നു’

“ആ സാമ്പാർ തിളയ്ക്കുന്നത് നീ കാണുന്നില്ലേ എന്തോന്ന് ആലോചിച്ചു കൊണ്ടു നിൽക്കുവാ”

അമ്മ പറയുന്ന കേട്ടാണ് ഓർമയിൽ നിന്നുണർന്നത്. സാമ്പാർ അടുപ്പത്ത് നിന്നിറക്കി ചോറിനുള്ള അരി അടുപ്പത്ത് വച്ചു പച്ചക്കറി അരിയാൻ എടുത്തപ്പോഴേക്കും അച്ഛൻ വന്നു.

“ഹാ മോള് ഇത്ര നേരത്തെ എഴുന്നേറ്റോ, എന്തിനാ മോളെ ഈ തണുപ്പത്ത് ഇത്രയും നേരത്തെ എഴുന്നേറ്റത് കുറച്ചു നേരം കൂടെ ഉറങ്ങാം ആയിരുന്നില്ലേ”

സങ്കടം മറച്ചു വച്ചു ഒരു ചിരിയും നൽകി അച്ഛനുള്ള ചായ എടുക്കാനായി തിരിഞ്ഞപ്പോഴേക്കും അമ്മ തുടങ്ങി

“നിങ്ങൾ വെറുതെ ആവശ്യമില്ലാത്ത ഒക്കെ പറഞ്ഞു കൊടുത്തോ കെട്ടിച്ചു വിടാൻ പ്രായമായി നാളെ വേറൊരു വീട്ടിലേക്ക് പോവാനുള്ള പെണ്ണാണ്, ഇവിടെ കാണിക്കുന്നതെ അവിടെയും പോയി കാണിക്കുള്ളൂ. പിന്നെ മോള് ജീവിതകാലം മുഴുവൻ ഈ വീട്ടിൽ തന്നെ നിൽക്കേണ്ടി വരും.”

അമ്മയോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്നറിയാവുന്ന കൊണ്ട് അച്ഛൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. സാരമില്ല എന്ന് എന്നോട് കണ്ണ് കാണിച്ചിട്ട് ചായയും വാങ്ങി അച്ഛൻ പോയി. ഒരുവിധം ജോലികൾ എല്ലാം ഒതുക്കി പ്രഭാതഭക്ഷണം കഴിക്കാൻ നേരമായപ്പോഴും ഏട്ടനും അനിയനും എഴുന്നേറ്റിട്ടില്ല.

അച്ഛനും അമ്മയ്ക്കും ആഹാരം വിളമ്പി ഞാനും ഇരുന്ന് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഏട്ടൻ എഴുന്നേറ്റ് വരുന്നത്.

“അമ്മേ ചായ”

കേട്ടഭാവം നടിക്കാതെ ഞാൻ അടുത്ത ദോശ എടുത്തു പ്ലേറ്റിലേക്ക് വച്ചു കഴിക്കാൻ തുടങ്ങി.

“എടി അവൻ ചോദിച്ചത് കേട്ടില്ലേ പോയി ചായ എടുത്തു കൊടുത്തേ”

അമ്മയുടെ വാക്കുകൾ കേട്ട് ദേഷ്യത്തോടെ ഉത്തരം പറയാൻ തുടങ്ങിയപ്പോഴേക്കും അച്ഛൻ ഇടയിലേക്ക് കയറി

“അവൾ കഴിക്കുവല്ലേ കഴിച്ചു കഴിയട്ടെ”

“ഇനി അവള് കഴിച്ചു കഴിയുന്നത് വരെയും അവൻ ചായയ്ക്ക് കാത്തു നിൽക്കണോ പോയി ചായ എടുത്തു കൊടുത്തിട്ട് ബാക്കി കഴിച്ചാൽ മതി”

നിറഞ്ഞു വന്ന കണ്ണീര് ആരും കാണാതെ ഇരിക്കാൻ പെട്ടെന്ന് തന്നെ ഞാൻ അടുക്കളയിലേക്ക് പോയി. കണ്ണൊക്കെ തുടച്ചു ഏട്ടനുള്ള ചായ ഇട്ടു കൊണ്ടു കൊടുത്തപ്പോൾ മുഖത്തേക്ക് പോലും നോക്കാതെ ചായയും വാങ്ങിച്ചു മുറിയിലേക്ക് പോയി. അപ്പോഴേക്കും അനിയനും എഴുന്നേറ്റ് വന്നു അവനും ചായ കൊടുത്തു ബാക്കി ആഹാരവും കഴിച്ചു ജോലിയെല്ലാം തീർത്തു മുറിയിലേക്ക് പോയി ഇരുന്നു.

ഇതുവരെയും മഴ തോർന്നിട്ടില്ല തണുപ്പിനും ഒരു ശമനം ഇല്ല. ഫോണും എടുത്തു കട്ടിലിൽ കിടന്നു പുതപ്പ് വലിച്ചു ഇട്ടു. ഹോ എന്തൊരു ആശ്വാസം!!! ഫോൺ എടുത്തു വാട്സാപ്പിലെ മെസേജുകൾ നോക്കി ഫേസ്‌ബുക്കിൽ കൂടെ ഒന്ന് നടക്കുവായിരുന്നു. അപ്പോഴാണ് പുറത്തു അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഒക്കെ ശബ്‌ദം ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയത്. എന്തെന്ന് അറിയാൻ ഞാൻ മുറിയിൽ നിന്ന് എഴുന്നേറ്റ് പോയി നോക്കി.

“ഏത് നേരവും ഫോണിലാണ് രാവിലെ എഴുന്നേറ്റാൽ ഇരുട്ടുന്നത് വരെയും അതിൽ തോണ്ടി കൊണ്ടിരുന്നാലെ അവൾക്ക് പറ്റുള്ളൂ. നിങ്ങൾ ഒന്ന് ആ ഫോൺ വാങ്ങിച്ചു നോക്കുന്നുണ്ടോ അവസാനം അവൾ വല്ലവന്റെയും കൂടെ പോയിട്ട് പിന്നെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു ഇനി അച്ഛനും മോളും എന്താണെന്ന് വച്ചാൽ ആയിക്കോ”

അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി നിന്നു പോയി. ഇത്രയും നേരം ജോലി ചെയ്തു ഇപ്പോഴാണ് ഒന്ന് വന്നു ഫോൺ എടുത്തത് എന്നിട്ടും എന്തിനാ അമ്മ ഇങ്ങനെയൊക്കെ പറയുന്നത്. അമ്മയെ സപ്പോർട്ട് ചെയ്യാൻ ഏട്ടനും ഉണ്ട്, അച്ഛൻ ഒന്നും മിണ്ടുന്നില്ല. എന്നും ഈ വീട്ടിൽ എനിക്ക് സങ്കടങ്ങൾ മാത്രമാണല്ലോ. എത്രയാണെന്ന് വച്ചാണ് ഇങ്ങനെ സഹിക്കുന്നത് എന്തിനും ഏതിനും ഞാൻ ചെയ്യുന്നതിന് മാത്രം അമ്മയ്ക്ക് കുറ്റമാണ്. എന്നും ഇങ്ങനെ കേട്ടു കൊണ്ടിരിക്കുകയാണ് പതിവ്, ഇനി വയ്യ.

“അച്ഛാ, ഞാൻ അച്ഛന്റെയും അമ്മയുടെയും മോള് അല്ലെങ്കിൽ പറയ് അച്ഛാ ഞാൻ എവിടേക്കെങ്കിലും പൊയ്ക്കൊള്ളാം. എന്തിനാ എന്നെ ഇങ്ങനെ എന്നും വഴക്ക് പറയുന്നത് ഞാൻ എന്ത് ചെയ്തിട്ടാ”

കരഞ്ഞു കൊണ്ട് അച്ഛന്റെ കാൽക്കൽ നിന്ന് അത്രയും പറഞ്ഞപ്പോഴേക്കും അമ്മ പിന്നെയും തുടങ്ങി

“എന്തെങ്കിലും പറയാൻ കാത്തുനിൽക്കുവാ മുതലക്കണ്ണീര് പൊഴിക്കാൻ”

അപ്പോഴേക്കും അച്ഛൻ ഇടപെട്ടു

“മതി നിർത്തു, കുറെ നാളായി ഞാൻ എല്ലാം സഹിക്കുന്നു. ഞാനും കാണുന്നതാണ് എന്തിനും ഏതിനും അവളെ വഴക്കുപറയുന്നത്. ഇവരെ രണ്ടു പേരെയും പോലെ അവളും നമ്മുടെ മോളാണ് അത് നീ മറക്കരുത്.”

ആദ്യമായാണ് അച്ഛന്റെ ശബ്ദം ഉയർന്ന് കാണുന്നത്. എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളുടെ മുൻപിൽ വച്ചു അച്ഛനും അമ്മയും വഴക്ക് ഉണ്ടാക്കാറില്ല. അച്ഛൻ ഞങ്ങൾ മക്കളോടും അങ്ങനെ അധികം ദേഷ്യപ്പെട്ടിട്ടില്ല. അച്ഛന് ഞങ്ങൾ മൂന്ന് പേരും ഒരു പോലെയാണ് ഇന്ന് വരെയും ഒരു സ്നേഹ കൂടുതലോ കുറവോ ആരോടും കാണിച്ചിട്ടില്ല.

“നാളെ വേറൊരു വീട്ടിലേക്ക് പറഞ്ഞു വിടേണ്ട പെണ്ണാണ് അവിടെ പോയി എന്തെങ്കിലും കാണിച്ചാൽ നിങ്ങളെ ആരും കുറ്റം പറയില്ല, എന്നെയെ എല്ലാരും പറയുള്ളൂ”

“മതി അവൾ ഈ തണുപ്പത്ത് രാവിലെ എഴുന്നേറ്റ് എല്ലാ ജോലിയും ചെയ്തിട്ട് ഇപ്പോഴല്ലേ ഒന്ന് അകത്തേക്ക് പോയത്. എന്നിട്ടും നിനക്ക് പറയാൻ കുറ്റവും കുറവും മാത്രമേ ഉള്ളോ. ബാക്കി രണ്ട് പേരും 10 മണി കഴിഞ്ഞിട്ടല്ലേ എഴുന്നേറ്റ് വന്നത് എന്തെങ്കിലും ജോലി അവർ ചെയ്തോ എന്നിട്ട് അവരോട് ഒരക്ഷരം നീ പറഞ്ഞോ”

“ഞാൻ എന്താ വേണ്ടത് ആണ്പിള്ളേരെ കൊണ്ട് വീട്ടിലെ ജോലി ചെയ്യിക്കണോ ?”

“ആണ്പിള്ളേര് വീട്ടിൽ ജോലി ചെയ്യാൻ പാടില്ലെന്ന് ഉണ്ടോ. അവർ കഴിക്കുന്ന പാത്രം പോലും നീയും മോളും അല്ലേ കഴുകി വയ്ക്കുന്നത്, അവൻ രാവിലെ കുടിച്ച ചായ ഗ്ലാസ്സ് പോലും മോള് അല്ലേ കൊണ്ട് കഴുകി വച്ചത്, അവന് കഴിക്കാനുളള ആഹാരം പോലും അടുത്തു എടുത്തു വച്ചാൽ അല്ലേ കഴിക്കുള്ളൂ, ഒരിക്കലെങ്കിലും അവനോട് എടുത്തു കഴിക്കാൻ നീ പറഞ്ഞിട്ടുണ്ടോ? ഈ ചെറിയ ജോലികൾ പോലും അവരെ കൊണ്ട് ചെയ്യിക്കാതെ മോള് ചെയ്യുന്ന എല്ലാത്തിനും കുറ്റം കണ്ടുപിടിക്കുന്ന എന്തിനാ.”

“അവരെ പോലെ ആണോ ഇവള്, ഇവളൊരു പെണ്ണല്ലേ കല്യാണം കഴിപ്പിച്ചു വിടാനുള്ളത് അല്ലേ ?”

“ഏത് നേരവും പറയാറുണ്ടല്ലോ മോള് വേറെ വീട്ടിലേക്ക് പോവാൻ ഉള്ളതാണെന്ന്, അതുപോലെ വേറെ വീട്ടിലെ രണ്ട് പെണ്കുട്ടികൾ ഇങ്ങോട്ടും കയറി വരാൻ ഉള്ളതാണ്. നമ്മൾ കാണിക്കുന്നത് കണ്ടാണ് നമ്മുടെ മക്കളും പഠിക്കുന്നത് ഈ വീട്ടിലെ സാഹചര്യം കണ്ട് നമ്മുടെ മക്കളും പെണ്ണിനെ അടിമയെ പോലെ കാണുകയുള്ളൂ. ഇതിലും മോശമായിട്ട് ആയിരിക്കും നമ്മുടെ മക്കൾ അവരോട് പെരുമാറുന്നത്.”

“എന്നു വച്ചു ഞാനിനി കൊഞ്ചിക്കണോ ?”

“തെറ്റ് കണ്ടാൽ ശാസിക്കണം അല്ലാതെ ചെയ്യുന്ന എന്തിലും കുറ്റം കണ്ടുപിടിച്ചു വഴക്ക് ഉണ്ടാക്കാൻ തുടങ്ങിയാൽ… നമ്മുടെ മക്കളെ നമ്മൾ അല്ലാതെ വേറെ ആരാ സ്നേഹിക്കാൻ ഉള്ളത്. എന്റെ മോളെ ഞാൻ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് ആരുടെയും വീട്ടിലെ വേലക്കാരി ആവാനല്ല, അത്യാവശ്യം വേണ്ട ജോലികൾ മോള് ഇവിടെ ചെയ്യാറുണ്ട്. ഒന്നുമില്ലെങ്കിലും നീ ഒരു ദിവസം വയ്യാതെ കിടന്നാൽ നിന്റെ ഒരു കുറവും ഇല്ലാതെ നമ്മുടെ മോള് വീട്ടിലെ എല്ലാ ജോലിയും ഭംഗിയായി ചെയ്യാറില്ലേ അതു മതി. “

ഒന്നും മിണ്ടാതെ അമ്മ അകത്തേക്ക് പോയി പിറകെ ഏട്ടനും.

——————————

ഇങ്ങനെ ഉള്ള അമ്മമാർ ഇപ്പോഴുമുണ്ട്. ആണുങ്ങൾ കഴിക്കുന്ന പാത്രം പോലും കഴുകണ്ട എന്ന് പറഞ്ഞു അതും കൂടെ പെണ്മക്കളെ കൊണ്ട് ചെയ്യിക്കുന്നവർ. മകളെ വേറെ വീട്ടിൽ പറഞ്ഞയയ്ക്കാൻ ഉള്ളതാണ് അതുകൊണ്ട് വീട്ടിലെ എല്ലാ ജോലിയും ചെയ്യിക്കുന്നത് തെറ്റല്ല പക്ഷേ അങ്ങനെ ചെയ്യിക്കുമ്പോൾ ആണ്മക്കൾക്കും ചെറിയ ജോലികൾ ചെയ്ത് ശീലിപ്പിക്കുക. കാലം മാറി പെണ്കുട്ടികളും ജോലിക്ക് പോകുന്നവരാണ് എന്നു വച്ചു ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾക്ക് കുറവ് വരുത്താറില്ല. ഭർത്താവ് ചെറിയ ചില ജോലികൾ എങ്കിലും ചെയ്തു സഹായിച്ചാൽ അത് അവർക്ക് വലിയൊരു സഹായം തന്നെയാണ്. അമ്മമാർ ഇങ്ങനത്തെ ശീലങ്ങൾ ആണ്മക്കൾക്ക് പഠിപ്പിച്ചു കൊടുത്താൽ അത് അവർക്ക് ഒരു സഹായം ആവും.