നിനക്കു ഞാനില്ലെടാ വേണേൽ നീ എന്നെ പ്രേമിച്ചോ എന്നവൾ കളിയായിട്ടത് പറയുമ്പോളും പുഞ്ചിരിച്ചുകൊണ്ടവളുടെ കവിളിൽ പിച്ചുകയാണ് ഞാൻ ചെയ്തത്…

കോങ്കണ്ണൻ പ്രണയം ~ എഴുത്ത്: ആദർശ് മോഹനൻ

“സ്വന്തം പുസ്തകത്തിലേക്ക് നോക്കി എഴുതെടാ വല്ലവന്റേം ബുക്കിലാ അവന്റെ കണ്ണ് “

കണക്കു സാറിന്റെ ശബ്ദം ക്ലാസ്സിലൊകെ മുഴങ്ങിയപ്പോ ഉള്ളൊന്നാളിയതാണ് പറഞ്ഞു തീരും മുൻപേ ആരോ പിറകിൽ നിന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു അവൻ കോങ്കണ്ണന സാറേ നോക്കി എഴുതുന്നതല്ല എന്ന്

അതുകേട്ടപ്പോ തന്നെ മനസ്സ് വല്ലാതെ അസ്വസ്ഥമായി ക്ലാസ്സിലെ സഹപാഠികളത് കേട്ട് അടക്കി ചിരിച്ചപ്പോൾ നെഞ്ചിനു വല്ലാത്ത നീറ്റൽ തോന്നി

പെൺകുട്ടികളുടെ സൈഡിലെ ഫസ്റ്റ് ബെഞ്ചിലേക്ക് എന്റെ കണ്ണൊന്നു പാളി, കൂടെ ചിരിച്ചവർക്കൊപ്പം മുഖം പൊത്തി ചിരിക്കുന്നുണ്ടായിരുന്നവരിൽ അനുക്കുട്ടിയെയും കണ്ടപ്പോ കണ്ണാകെ നിറഞ്ഞു

അത് പറഞ്ഞ കണക്കു മാഷിന്റെ മുഖമൊന്നു വടിയതു കണ്ടപ്പോ ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ഒന്നും സംഭവിച്ചില്ലെന്ന മട്ടിലാണ് ഞാനും ഇരുന്നത്

അല്ലേലും എനിക്കിതൊരു ശീലമാണ്. ഈ കോങ്കണ്ണൻ വിളി ഒരുപാടു കേട്ടതാണ്. കൂടെ കളിക്കാറുള്ള കളിക്കൂട്ടുകാരുടെ കയ്യിൽ നിന്ന് , കവലത്തിണ്ണയിലിരിക്കുന്ന കാർന്നോന്മാർടെ കയ്യിൽ നിന്ന്, എന്തിനേറെ കുളിക്കടവിലെ അലക്കുകാരി ചേച്ചിമാരുടെ കയ്യിൽ നിന്ന് വരെ, അങ്ങനെ കണക്കെടുത്താൽ നീണ്ടൊരു ലിസ്റ്റ് തന്നെ ഉണ്ടാകും എന്നതാണ് സത്യം

ക്ലാസ്സ്‌ കഴിഞ്ഞു എന്നെയൊന്നു വന്നു കാണാൻ കണക്കുമാഷ് പറഞ്ഞപ്പോ എനിക്ക് മനസ്സിലായി എന്റെ മനസ്സ് നൊന്തെന്നു ആൾക്ക് മനസായിലായിക്കാണും എന്ന്

സ്റ്റാഫ്‌ റൂമിൽ കണക്കു പരീഷയുടെ മൂല്യനിര്ണയത്തിനിടക്കെയാണ് ഞാനങ്ങോട്ടു കേറിചെല്ലുന്നതും

എന്നെക്കണ്ടതും മാഷെന്റെ മുഖത്ത് നോക്കിയൊന്നു പുഞ്ചിരിച്ചു എനിക്ക് നേരെയാ ഉത്തരക്കടലാസ് നീട്ടിയിട്ട് അദ്ദേഹമെന്നോടായ് പറയുന്നുണ്ടായിരുന്നു കണ്ണിനു ഒരുകുഴപ്പവുമില്ല അമ്പതിൽ അമ്പതാണ് നിന്റെ മാർക്ക്‌ എന്ന്

കണക്കിൽ മാത്രമല്ല ക്ലാസ്സിലെ ടോപ്പർ ആയിരുന്ന എനിക്ക് മറ്റു പല വിഷയങ്ങളിൽ ഫുൾ മാർക്ക്‌ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ടീച്ചർമാർക്കൊക്കെ ഏറെ പ്രിയപ്പെട്ടവനായിരുന്നു ഞാൻ , അതുപോലെ തന്നെ ക്ലാസ്സിലെ കുട്ടികളിൽ ഒട്ടുമിക്കപേർക്കും എന്നെ ഇഷ്ടമായിരുന്നില്ല ഒരാളൊഴികെ

എന്റെ അച്ചു, നഴ്സറി തൊട്ടങ്ങോട്ട്‌ വിരലിൽ വിരൽ കോർത്തു നടന്ന എന്റെ കളിക്കൂട്ടുകാരി, എന്നെ കൊങ്കണ്ണാ എന്ന് വിളിക്കുന്നോരെ കല്ലെടുത്തോടിക്കാറുള്ള എന്റെ മാത്രം ചങ്കത്തിപെണ്ണ്

ചങ്ക് പറിച്ചു താരനും ചങ്ക് പറിച്ചെടുക്കാനും ഇന്നീ ലോകത്തു അവകാശമുള്ള ഒരേയൊരു പെൺകൊടി അതെന്റെ അച്ചൂട്ടി ആണ്

കോങ്കണ്ണാ എന്ന് അവൾ വിളിക്കുമ്പോ മാത്രം എനിക്ക് സങ്കടം വരാറില്ല , എന്റെ കണ്ണ് നിറയാറില്ല , എന്റെ മനസ്സ് നോവാറില്ല . കാരണം അത്ര മാത്രം അടുപ്പമുണ്ടായിരുന്നു ഞങ്ങൾ തമ്മിൽ

അതുകൊണ്ട് തന്നെ ക്ലാസ്സിൽ പഠിക്കണ അനുക്കുട്ടിയെ അവൾക്ക് കണ്ണെടുത്താ കണ്ടുണ്ടായിരുന്നു, ഈ കോങ്കണ്ണൻ കണ്ണന് ആദ്യമായി പ്രണയം തോന്നിയ ധവളഹംസം, പലപ്പോഴും അവളുടെ പേരും പറഞ്ഞാണ് ഞങ്ങൾ വഴക്കടിക്കാറുള്ളതും

മനസ്സിലെ ഇഷ്ട്ടം തലോടിത്താലോലിച്ചു വളർത്തി 5 വർഷം കഴിഞ്ഞാണ് തുറന്നു പറയുന്നതും

എടുത്തു പറയാൻ വയസ്സിയായ ഒരമ്മ മാത്രം സമ്പാദ്യമായിട്ടുണ്ടായിരുന്ന പ്ലസ്ടുക്കാരന്റെ പ്രണയാഭ്യർത്ഥന കേട്ടപ്പോ അവളാദ്യമൊന്നു പുച്ഛിക്കുകയാണ്‌ ചെയ്തതും

ആദ്യം മുഖത്തേക്ക് നേരെ ചൊവ്വേ നോക്കെന്നവൾ പറഞ്ഞപ്പോ കുമ്പിട്ടു നിന്ന ശിരസ്സിനു കനം കൂടിയ പോലെ തോന്നി

അവളുടെ ചൂണ്ടുവിരൽ നേരെയാ ടൗണിലെ മുത്തൻ ബിൽഡിങ്‌ലേക്ക് നീണ്ടു

“അതെന്റെ പപ്പയുടെ ഷോപ്പിംഗ് മാളാണ് അത് വിലക്ക് വാങ്ങാൻ പ്രാപ്തിയാകുമ്പോ വീട്ടിൽ വന്നു ചോദിച്ചാ മതി ഞാൻ സമ്മതം മൂളിക്കോളാം”

പറഞ്ഞത് വായകൊണ്ടാണെങ്കിലും അത് അസ്ത്രം കണക്കെ പതിച്ചതെന്റെ ഹൃദയത്തിലായിരുന്നു കാൽക്കാശിനു ഗതിയില്ലാത്തോൻ പ്രേമിക്കാൻ പോകരുതെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്

മുഷിഞ്ഞ ഷർട്ടിന്റെ മൂലക്കൊണ്ടെന്റെ കണ്ണീരൊപ്പുന്ന കണ്ടപ്പോ തന്നെ ഓടിവന്ന അച്ചൂട്ടി എന്താണ് കാര്യമെന്ന് തിരക്കി,

ഒന്നും മിണ്ടാതെയാ ആൽത്തറയിൽ ആകാശം നോക്കിയിരുന്നപ്പോൾ കാര്യം മനസ്സിലാക്കാനായവൾച്ചെന്നത് നേരെ അനുവിന്റെ കൂട്ടുകാരിയുടെ അടുക്കലേക്കായിരുന്നു…

കണക്കിന് കളിയാക്കളേറ്റുവാങ്ങിയ അവൾ എന്നെ പോലെ മിണ്ടാപ്പൂച്ചയായില്ലവിടെ

അപ്പൻ പൈസക്കാരനാണെങ്കിൽ അതിന്റെ തണ്ട് നീ ഇവിടെ കാണിക്കണ്ടായെന്നവളവരുടെ മുഖത്ത് നോക്കി പറയുമ്പോ ആ തൊണ്ടയൊന്നിടറിയിരുന്നു,

ഇന്നു കാണുന്ന നിന്റെയീ നെഗളിപ്പ് എന്നും ഉണ്ടായെന്ന് വരില്ല, പണം വരും പോകും അതിന്റെ മൂല്യം നോക്കി ആളുകളെ അളക്കരുത്

കനപ്പിച്ചവളവളത് പറയുമ്പോൾ മനസ്സിൽ മഞ്ഞുകോരിയിട്ട സുഖം തോന്നി, എന്റെ ചുണ്ടിൽ നേർത്തയൊരു മന്ദഹാസം വിടർന്നു

നിനക്കു ഞാനില്ലെടാ വേണേൽ നീ എന്നെ പ്രേമിച്ചോ എന്നവൾ കളിയായിട്ടത് പറയുമ്പോളും പുഞ്ചിരിച്ചുകൊണ്ടവളുടെ കവിളിൽ പിച്ചുകയാണ് ഞാൻ ചെയ്തത്

അമ്മക്ക് വയ്യാതായതോടെ പഠിപ്പ് പാതി വഴിയിലുപേക്ഷിച്ചു പൈസയുണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീടങ്ങോട്ട്

ആ ഓട്ടത്തിനിടയിൽ പഴയയാ കളിക്കൂട്ടുകാരിയെ മനപ്പൂർവം മറക്കുകയായിരുന്നു ഞാൻ

ഇടക്കൊക്കെ കാണണമെന്ന് തോന്നുമ്പോഴൊക്കെ വീട്ടിലേക്കു വരാറുണ്ടവൾ അന്നും ജോലിത്തിരക്കിനിടയിൽ ഒന്ന് സംസാരിക്കാൻ കൂടെ കഴിയാറില്ല അവളോട്

മനസ്സിലപ്പോഴും അനുവിന്റെ ചൂണ്ടുവിരലും ആ വലിയ ഷോപ്പിംഗ് മാളും ആയിരുന്നു ,അപ്പോഴൊക്കെ എന്റെ മനസ്സാകുന്ന ക്യാൻവാസിൽ അതിനേക്കാൾ വലിയൊരു ബിൽഡിംഗ് ന്റെ ചിത്രം ഞാൻ വരച്ചുകൊണ്ടിരിക്കുകയായിരുന്നു

ആകെപ്പാടെ കൈമുതലായി എന്തും നേരിടാനുള്ള ചങ്കുറപ്പും അതിനൊത്ത പോസിറ്റീവ് എനർജിയും മാത്രമായിരുന്നു

കുന്നോളം ആശിച്ചാലേ കുന്നിക്കുരുവോളമെങ്കിലും കിട്ടു എന്ന് കേട്ടിട്ടുണ്ട്, പണ്ടത്തെ പത്രങ്ങളിൽ വായിച്ചറിഞ്ഞ ഒറ്റരൂപാ കോയിൻ പരത്തിയിട്ട് രണ്ട് രൂപയ്ക്കു മറിച്ചു വിൽക്കണ അംബാനിയും മരംവെട്ടുകാരനായിരുന്ന ബിൽഗേറ്റ്സും ആയിരുന്നു പ്രചോദനം

അതുകൊണ്ട് തന്നെ കച്ചവടമേഖലയിൽ ടൗണിൽ പച്ചപിടിച്ചപ്പോൾ നെയ്തെടുത്ത സ്വപ്നങ്ങളിലേക്ക് ഒന്ന് എത്തിനോക്കിത്തുടങ്ങി

അനുവിന്റെ അച്ഛന്റെ കമ്പനി നഷ്ടത്തിലായതും കടക്കെണിയിൽ പെട്ട് ഷോപ്പിംഗ് മാള് മറച്ചു വിൽക്കാൻ നിൽക്കുമ്പോളും അത് വാങ്ങിക്കാനുള്ള പ്രാപ്തിയെനിക്കുണ്ടായിരുന്നിട്ടും മുഴുവൻ തുകയുടെയും ചെക്ക് കൈകൈലേല്പിച്ചുകൊണ്ട് പാതി ഷെയർ മാത്രം എനിക്ക് മതി ബാക്കി പതുക്കെ തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞപ്പോൾ അയാളുടെ മിഴികൾ നിറഞ്ഞിരുന്നു, എന്റെ കോങ്കണ്ണിലേക്ക് നോക്കി അപ്പോളയാൾ പറയുന്നുണ്ടായിരുന്നു, എന്നെ ദൈവത്തിന്റെ പ്രതിരൂപമായാണയാൾ കാണുന്നതെന്ന്

മുൻപിൽ വന്നു നിക്കാൻ അർഹതയുണ്ടോ എന്ന് പണ്ട് ഞാൻ ചിന്തിച്ചവരൊക്കെ ഇന്നെന്റെ ഉറ്റ സുഹൃത്തുക്കളാണെന്നറിയുമ്പോൾ എന്റെ വിജയത്തിന്റെ ഓരോ ഘട്ടങ്ങളും ആസ്വാദിക്കുകയായിരുന്നു ഞാൻ

എല്ലാം കഴിഞ്ഞു സന്ധ്യക്ക്‌ കണ്ണാടിയുടെ മുകളിൽ നിന്നുകൊണ്ടെന്റെ കണ്ണുകളെ വീക്ഷിച്ചു, എന്നിട്ട് സ്വയം വിളിച്ചു കോങ്കണ്ണൻ എന്ന്,

വർഷങ്ങൾക്ക് ശേഷം ആ വിളി കേൾക്കാൻ ഒരു കൊതി തോന്നി , അങ്ങനെ വിളിക്കാൻ ഇന്നാർക്കും അതിനുള്ള കെല്പില്ല എന്നതാണ് സത്യം, കണ്ണാടിക്കു കീഴെ മേശ വലിപ്പിൽ നിന്ന് ആ റെയ്ബാൻ ഗ്ലാസ്സെടുത്തു കണ്ണ് മറച്ചു ആദ്യമായി ഞാനെന്റെ സൗന്ദര്യത്തെ ആവോളം ആസ്വദിച്ചു

ഒറ്റാം തടിയും വീർത്തുകൊണ്ടിരിക്കുന്ന വയറും മാത്രം മതിയോ ഒരു പെണ്ണ് കെട്ടേണ്ടേയെന്നുള്ള അമ്മയുടെ ചോദ്യo കേട്ടപ്പോൾ മേശമുകളിൽ നിരത്തിയിട്ട തരുണീമണിമാരുടെ ചിത്രങ്ങളിക്ക് എന്റെ കണ്ണൊന്നുടക്കി

പരിചിതമായ ആ പഴയ പതിനാറുകാരിയുടെ ഫോട്ടോ ഞാൻ കയ്യിലെടുത്തു, എന്റെ ആദ്യ പ്രണയം അനുക്കുട്ടി ആയിരുന്നു അത് , ആ പഴയ മാൻപേടമിഴികൾ വാലിട്ടെഴുതിയതിനു പണ്ടത്തേക്കാൾ മാറ്റ് കൂടിയിട്ടുണ്ട്

“ഇങ്ങോട്ട് വന്ന ആലോചനയാടാ കണ്ണാ നല്ല കുട്ടിയ എനിക്കിഷ്ടായി…”

അമ്മയതു പറഞ്ഞപ്പോൾ കേൾക്കാത്ത ഭാവം നടിച്ചു പിന്നാമ്പുറത്തേക്ക് നടന്ന എന്നെ തടഞ്ഞു നിർത്തി നമുക്കൊന്ന് പോയി കണ്ടാലോ എന്നയാ പ്രതീക്ഷ തുളുമ്പിയ വാക്കുകൾക്ക് ഞാൻ മൗന സമ്മതം മൂളി

പിറ്റേന്ന് കുളിച്ചൊരുങ്ങി വീണ്ടുമാ കണ്ണാടി ക്കു മുൻപിൽ ചെന്ന് നിൽമ്പോൾ മനസ്സൊന്നുറക്കെ അട്ടഹസിച്ചു . ജയിച്ചു പൂർണമായി ജയിച്ചു എന്ന് മനസ്സിൽ മൂന്നു തവണ ഞാൻ പറഞ്ഞു

പെണ്ണുകാണലിനു പോകാൻ എന്നേക്കാൾ നന്നായി ഒരുങ്ങിയത് അമ്മയായിരുന്നു നെഞ്ച് വിരിച്ചു ഞാനാ കാറിൽ കയറിയിരുന്നപ്പോഴും ആദ്യത്തെയും അവസാനത്തേയുമായ ഈ പെണ്ണുകാണൽ അമ്മയെ ഞെട്ടിച്ചു കൊണ്ടായിരിക്കണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു

വണ്ടി പാതിവഴിയിലെത്തിയപ്പോൾ റൈറ്റ് എടുക്കാൻ ഞാൻ ഡ്രൈവറോട് പറഞ്ഞപ്പോ അമ്മ പറഞ്ഞു വഴിതെറ്റി കണ്ണാ നമുക്ക് നേരെയാ പോകേണ്ടത് കുറച്ചു ദൂരം കൂടിയേ ഉള്ളോ എന്ന്

ഇല്ലമ്മേ ഇതുവരെ ഞാൻ ശെരിയായ പാതയിലൂടെയാണ് പോയത് ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോ അമ്മ കണ്ണു മിഴിച്ചെന്നെത്തന്നെയിങ്ങനെ നോക്കിയിരിക്കുന്നുണ്ടായിരുന്നു

ആ ഓടിട്ട വീടിനു മുൻപിൽ ഞാനെന്റെ ബെൻസ് കാറിൽ വന്നിറങ്ങുമ്പോൾ ഉമ്മറത്ത് കളം മെഴുകിക്കൊണ്ടിരുന്ന ആ വൃദ്ധയായ സ്ത്രീ നെറ്റിയിൽ കൈവച്ച് ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

“വഴിതെറ്റി വന്നതാണോടാ കോങ്കണ്ണാ “?

ചോദ്യം കേട്ടു ഞാൻ പിന്തിരിഞ്ഞു നോക്കി, കയ്യിലൊരു കുടം വെള്ളവുമായി പാവാട അരയിൽ തിരുകി നിൽക്കുന്നുണ്ടായിരുന്നപ്പോൾ എന്റെ പഴയ കളിക്കൂട്ടുകാരി, അല്ലേലും ഇന്നെന്നെ കോങ്കണ്ണായെന്ന് വിളിക്കാനും മാത്രമുള്ള ധൈര്യം അവൾക്ക് മാത്ര ഉള്ളൂ

വഴിതെറ്റിയതല്ല ഒരു പെണ്ണ് കാണാൻ ഇറങ്ങിയതാണ് എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും വാടിയ ആ മുഖം മറച്ചു പിടിക്കാനവൾ പാടുപെടുന്നുണ്ടായിരുന്നു.

“എന്നിട്ട് കണ്ടോ? “

“ആ കണ്ടു. ഇപ്പൊ കണ്ടു , ദേ എന്റെ മുന്പിലിങ്ങനെ അണിഞ്ഞൊരുങ്ങി നിക്കല്ലേ അവൾ “

പറഞ്ഞു തീർന്നതും തുളുമ്പിയ നിറകുടത്തെക്കാൾ വേഗതയിൽ അവളുടെ കണ്ണീർ ധാരയായി ഒഴുകി നിലംപതിക്കാൻ തുടങ്ങിയിരുന്നു.

“അനുവാദം ചോദിക്കാൻ വന്നതാണ്…….

അന്ന് നീ പറഞ്ഞില്ലേ വേണമെങ്കിൽ നിന്നെ പ്രണയിച്ചോളാൻ,

പ്രണയിച്ചോട്ടെ ഞാൻ ഈ ജീവിതകാലം മുഴുവനും? “

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായവളെന്റെ മുൻപിലേക്ക് നടന്നടുത്തു, എന്റെ മൂക്കിൻ തുമ്പമ്പത്തു നിന്നാ റെയ്ബാൻ ഗ്ലാസ്‌ എടുത്തു മാറ്റിയിട്ടെന്നോടായവൾ എന്നോടായ് പറയുന്നുണ്ടായിരുന്നു,

എന്നെ പ്രണയിക്കാൻ നിന്റെ കണ്ണുകൾക്ക് ഒരു മറയുടെ ആവശ്യമില്ല എന്ന്

എനിക്കേറ്റവും ഇഷ്ട്ടം മൂടിവെക്കാത്ത നിന്റെ കണ്ണുകളെയാണ് എന്ന്

അതെ പണ്ടും ഈ കോങ്കണ്ണന്റെ തെറ്റിയ കണ്ണുകളെ ആകെ പ്രണയിച്ചിട്ടുള്ളത് അവൾ മാത്രമാണ്

മെല്ലെ ഞാനെന്റെ കഴുത്തുവെട്ടിച്ചെന്റെ അമ്മയെ നോക്കി ഉമ്മറത്തെ മെഴുകിയിട്ട കരിക്കളത്തിലേക്ക് ഒരു തുള്ളി ആനന്ദക്കണ്ണീര് വീണത് കണ്ടപ്പോൾ അമ്മയോടായ് ഞാനാ ചോദ്യം ചോദിച്ചിച്ചു

എനിക്ക് തെറ്റിയില്ലല്ലോ അമ്മേ? എന്റെ വഴി ശെരിയായ വഴി തന്നെയല്ലേ എന്നയാ ചോദ്യം