ചാടിത്തുള്ളി പുറത്തേക്കു നടക്കാനാഞ്ഞ എന്നെ അവൻ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു. വീണ്ടും ദുർബലയായ പോലെ..

സ്നേഹകടലാഴങ്ങളിൽ – എഴുത്ത്: Shimitha Ravi

“എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…ഐ നീഡ് ഡിവോഴ്സ്…”

കണ്ണുകൾ അനുസരണയില്ലാതെ നിറയുന്നതറിഞ്ഞുകൊണ്ടുതന്നെയാണ് മനുവിൽ നിന്നു ഞാൻ മുഖം തിരിച്ചു നിന്നത്. പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറികൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഏറെ നേരത്തെ നിശബ്ദത ക്കുശേഷം മുഖം തിരിച്ചപ്പോൾ അവൻ നിന്നിടം ശൂന്യമായിരുന്നു.

മനസ്സു വെന്തു നീറാൻ തുടങ്ങി.

വേദനിപ്പിച്ചു ഞാൻ അവനെ…വേണ്ടിയിരുന്നില്ല…മൂന്നാം വർഷത്തെ ദാമ്പത്യം…എപ്പോഴാണ് പരസ്പരം ഞങ്ങൾ അകന്നുപോയത്. ഓർമയിൽ പരതികൊണ്ട് അങ്ങനെ വെറുതെ കിടന്നു…എണീക്കാൻ തോന്നിയില്ല..ഇടക്ക് മനുവിന്റെ അമ്മ വന്നു നോക്കിയിട്ടുപോകുന്നതും കണ്ടില്ലെന്നു നടിച്ചു..നോക്കട്ടെ…ഇനിയെന്തു വേണമെങ്കിലും പറഞ്ഞോട്ടെ…ശിരസ്സു വരെ മുങ്ങി നിൽക്കുന്നവർക്ക് ഇനി നിലനിൽപ്പിനെ പറ്റി ഭയക്കേണ്ടലോ…

സന്ധ്യയായതും ഇരുട്ടിയതും ഒന്നും അറിഞ്ഞില്ല..വിശന്നില്ല ദാഹിച്ചില്ല..ആർക്കോ വേണ്ടിയെന്ന പോലെ കണ്ണുകൾ മാത്രം പെയ്തുകൊണ്ടേയിരുന്നു…ഒരു വാക്ക് മിണ്ടാതെ പോയതെന്തേ… എന്തേലും ഒന്നു പറഞ്ഞൂടാരുന്നോ…എപ്പോഴാണ് കണ്ണുകൾ അടഞ്ഞുപോയതെന്നറിയില്ല…എന്തൊക്കെയോ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്…

അരണ്ട വെളിച്ചത്തിലെ ആൾരൂപം മനുവാണെന്നു തിരിച്ചറിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്…എഴുന്നേറ്റിരുന്നു അഴിഞ്ഞുവീണ മുടി വാരിക്കെട്ടി ലൈറ്റ് ഓണ് ചെയ്തു. ഇവനെന്താണ് ഇത്ര വേഗത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത്‌?

“മനൂ…. ” ശബ്ദം നേർത്തുപോയി…”എന്താ ചെയ്യുന്നേ?”

അവൻ മിണ്ടുന്നില്ല…തിടുക്കത്തിൽ എന്തൊക്കെയോ വാരിയിട്ടു ബാഗ് പാക്ക് ചെയ്യുവാണ്‌…അത്…അതെല്ലാം…ഒട്ടൊരു അവിശ്വസനീയതയോടെ തന്നെയാണ് കണ്ടത്…എല്ലാം എന്റെ വസ്ത്രങ്ങളാണ്. ബാഗ് വലിച്ചടച്ചു അതുമായി അവൻ എന്റെ മുൻപിൽ വന്നു നിന്ന നിമിഷം എനിക്കെന്റെ ശ്വാസം നിന്നുപോകുന്ന പോലെ തോന്നി.

“പോകാം?”

“എവിടേക്ക്?”

“നിന്റെ വീട്ടിലേക്ക്…”

കാതുകൾ കൊട്ടിയടക്കപ്പെടുന്ന പോലെ…ഇത്ര പെട്ടെന്ന്….മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ഞാൻ അവനെ പിരിഞ്ഞുപോകാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞത്…അപ്പോഴേക്കും…? ഇത്രയെളുപ്പത്തില് അവൻ തന്നെ ഒഴിവാക്കും എന്നു കരുതിയതല്ലാ…മനസ്സിപ്പോഴും അവനെയാണ് ആഗ്രഹിക്കുന്നത്…അവനോട് ചേർന്നു നിക്കാൻ…ഒന്നു മനസ്സു തുറന്നു കരയാൻ…

പെട്ടെന്ന് വരണം. ഞാൻ താഴെ നിൽക്കാം…ബാഗുമായി അവൻ ഇറങ്ങിപോകുന്നത് കണ്ണീരോടെ കണ്ടുനിൽക്കാൻ മാത്രമേ എനിക്കപ്പോഴയുള്ളൂ…

വണ്ടിയിൽ മൂകത തളം കെട്ടിനില്കുകയായിരുന്നു. ആദ്യമായാണ് ഇങ്ങനെയൊരു യാത്ര. എന്നും ചിരിയും വിശേഷങ്ങളുമായി നിറഞ്ഞുനിന്ന യാത്രകൾ. ശ്വാസം മുട്ടുന്നപോലെ തോന്നിയപ്പോൾ വിൻഡോ ഗ്ലാസ് താഴ്ത്തി…അൽപ്പം ആശ്വാസം തോന്നി…പുറത്തെ വെളിച്ചം നിറഞ്ഞ കാഴ്ചകളിലേക്ക് കണ്ണു നട്ടിരിക്കുമ്പോൾ വിദൂരതയിലെന്ന വണ്ണം മനുവിന്റെ ശബ്ദം…

“ആരാ ആള്?”

മനസിൽ പെട്ടെന്ന് തണുത്ത വെള്ളം വീണപോലെ എന്റെ ഉടലൊന്നു വിറച്ചു. മനുവിന്റെ ശബ്ദം…വല്ലാത്ത ആശ്വാസം…”എന്താ…?” അവൻ വീണ്ടും എന്തോ ചോദിച്ചപോലെ തോന്നി…

“ആരാ ആളെന്ന്…” “നേരത്തെ പറഞ്ഞില്ലേ ഇഷ്ടം ആണെന്ന്…”

“അത്….അത്‌പിന്നെ….”ഉത്തരം തൊണ്ടയിൽ തടഞ്ഞു…”എന്തിനാ മനു അതൊക്കെ?” എന്റെ ശബ്ദത്തിലെ ദയനീയത തിരിച്ചറിഞന്നോണം അവനെന്റെ കണ്ണുകളിലേക്ക് നോക്കി.

“അല്ല തനിക്കിഷ്ടമില്ലെങ്കിൽ പറയണ്ട…എനിക്കെന്തോ അറിയണം എന്നു തോന്നി….”

അതേ…എന്റെ ഇഷ്ടങ്ങൾ…മനുവിന് എന്നും അത് തന്നെ ആയിരുന്നല്ലോ വലുത്…ഇപ്പോഴും…ഈ അവസാന നിമിഷത്തിലും…എന്റെ ഹൃദയം ഇപ്പോൾ വിങ്ങിപൊട്ടുമോ എന്നു ഞാൻ ഭയപ്പെട്ടു. ചുറ്റും നിശബ്ദത കനക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. വീണ്ടും കാതങ്ങൾക്കപ്പുറത്തു നിന്നെന്ന പോലെ മനുവിന്റെ ശബ്ദം…കാതുകൾ അടഞ്ഞുപോയിരുന്നു…എങ്കിലും പ്രയാസപ്പെട്ടു അവന്റെ വാക്കുകളെ ഞാൻ ചേർത്തുപിടിച്ചു..

“പോയാലും നമ്മളെന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കണം. കേട്ടോഡോ..? നമ്മൾ തല്ലിപിരിഞ്ഞു പോവൊന്നും അല്ലാലോ…”

“മ്മ്….” വെറുതെ മൂളി…

“എവിടെ ആയാലും താൻ സന്തോഷായിട്ടു ഇരിക്കണം…എനിക്കത്രേ ഉള്ളു…”

”മ്മ്….”

എന്റെ സന്തോഷം…അത് മനുവിൽ ആരംഭിച്ചു മനുവിൽ തന്നെ അവസാനിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു ആ നെഞ്ചിൽ ചേരാൻ മനസ്സു വെമ്പുന്നപോലെ…വേണ്ട…ഒന്നും വേണ്ട…എല്ലാം ഇങ്ങനെ അവസാനിക്കട്ടെ…

“തൻവീ….”

വീണ്ടും മനുവാണ്…എനിക്ക് മനസിലാവുന്നുണ്ട്. മനുവിന് അറിയണം ആരാണെന്ന്… ഞാൻ അയാളുടെ കൂടെ സന്തോഷമായി ഇരിക്കുമോ എന്നറിയാനാണ്…എന്നെ നന്നായി നോക്കുന്നവൻ ആണോ എന്ന ആശങ്കയാണ്…എങ്ങനെയാണ് മനു നിനക്കെന്നെ ഇപ്പോഴും സ്നേഹിക്കാൻ കഴിയുന്നത്…? കീറിമുറിച്ചു കളയാൻ മാത്രം മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നിന്നെ ഞാൻ ആക്രമിച്ചിട്ടും ഞാൻ സന്തോഷമായി ഇരിക്കണം എന്നു നിനക്കെങ്ങനെ ആഗ്രഹിക്കാൻ കഴിയുന്നു..? നിനക്കെന്നെ വെറുത്തൂടെ…? അതാണ് ഞാൻ ആഗ്രഹിക്കുന്നത്…നീയത് പറയുന്നതെനിക്ക് കേൾക്കണം…ക്രൂരമായ ഒരാനന്ദം എന്റെ ഉള്ളിൽ നിറഞ്ഞു…പ്രതികാരമാണ് മനസ്സു നിറയെ…എന്നോട് തന്നെയുള്ള പ്രതികാരം.

“ഹരിയേട്ടൻ…ഹരിയേട്ടനാണ് മനു…” ചുണ്ടുകൾ മന്ത്രിച്ചു.

വണ്ടി സഡൻ ബ്രേക്കിൽ ഉലഞ്ഞതും മനു എന്റെ മുഖത്തോട്ടു അവിശ്വാസനീയതോടെ നോക്കിയതും എല്ലാം ഞാൻ കണ്ടില്ലെന്നു നടിച്ചു…ഇനിയൊരു നുണ കൂടി താങ്ങാൻ കഴിവില്ലാതെ എന്റെ നാവു തളർന്നിരുന്നു…

പാവം ഹരിയേട്ടൻ…ഒന്നുമറിയാത്ത ആ പാവത്തിനെ കൂടി ഇതിലേക്ക് വലിച്ചിഴച്ചു…സോറി ഹരിയെട്ടാ…മറ്റേത് പേരു പറഞ്ഞാലും ഒരുപക്ഷേ മനു വിശ്വസിക്കണമെന്നില്ല…എന്നെ എന്നെക്കാളും നന്നായി അവനല്ലേ അറിയുക…കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി…ഇടക്കെപ്പഴോ മ്യൂസിക് സിസ്റ്റം ഓണ് ആയതും അതിന്റെ മാന്ത്രികതയിൽ എന്റെ കണ്ണുനീരലിഞ്ഞു പോവുന്നതും ഞനറിയുന്നുണ്ടായിരുന്നു.

“ഹൃദയ സഖീ….സ്നേഹമയീ….ആത്മസഖീ അനുരാഗമയീ…എന്തിനു നിൻ നൊമ്പരമിനിയും…എന്തിനു നിൻ നോവുകളിനിയും…”

കണ്ണു തുറക്കുമ്പോൾ ഞാനെന്റെ വീട്ടിലെ എന്റെ റൂമിൽ ആയിരുന്നു…എല്ലാം ഒരു സ്വപ്നം പോലെ തോന്നി ആദ്യം…പിന്നെ മേശയുടെ അരികിലിരുന്ന റോളിങ്ങ് സ്യൂട് കേസ് എല്ലാം സത്യം തന്നെ എന്നു എന്നെ ഓർമിപ്പിച്ചു.

മനു…മനു എവിടെ…? കണ്ണുകൾ ചുറ്റും പരതി…പൊയ്കളഞ്ഞല്ലോ…അവസാനമായി ഒന്നു കാണാൻ…കണ്ണുകൾ അനുസരണയില്ലാതെ വീണ്ടും പെയ്തു തുടങ്ങി. അമ്മയെ കൈവിട്ടുപോയ കൊച്ചു കുഞ്ഞിന്റെ വേപഥുവോടെ ഫോണെടുത്തു.. സ്ക്രീനിൽ മനുവിന്റെ ചിരിക്കുന്ന മുഖം…തുരുതുരെ സ്ക്രീനിൽ ഉമ്മ വെക്കുമ്പോൾ തീരാത്ത നഷ്ടബോധം എന്നെ കീഴടക്കിയിരുന്നു…

പെട്ടെന്നാണ് ബാത്റൂമിലെ വാതിൽ തുറന്നു തല തുവർത്തികൊണ്ടു മനു പുറത്തേക്കു വന്നത്..ഒരു നിമിഷം പ്രജ്ഞയറ്റവളെ പോലെ ഞാനവനെ തുറിച്ചുനോക്കി…കൈവിട്ടുപോയത് പെട്ടെന്ന് കണ്മുന്നിൽ കണ്ടതിലുള്ള ഞെട്ടൽ മൂലം എനിക്കെന്തു ചെയ്യണം എന്നറിയില്ലായിരുന്നു…

ഒന്നും സംഭവിക്കാത്തതുപോലെ മനു മുന്നിൽ നിന്നു മുടി ചീകാൻ തുടങ്ങി…

“അമ്മ നിർബന്ധിച്ചു..ഇന്നിവിടെ തങ്ങാൻ… അമ്മയോട് വെട്ടിത്തുറന്നു പറയാൻ വയ്യല്ലോ നടന്നതെ ല്ലാം…” ഓഹ്…എനിക്ക് മുഖം തരാതെയാണ് അവനത്രയും പറഞ്ഞത്…

“മ്മ്…” വെറുതെ ഒന്ന് മൂളി…

അവനെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു…മനസ്സിന്റെ നിയന്ത്രണം കയ്യിലില്ലെന്നു മനസിലായപ്പോൾ ഞാൻ മെല്ലെ എണീറ്റു…വാതിൽ തുറക്കാനാഞ്ഞപ്പോൾ പിന്നെയും മനുവിന്റെ ശബ്ദം…

“നേരം എത്രയായെന്നാ…അവരെല്ലാം കിടന്നു…”

എത്ര നേരമായി ക്ലോക്കിലേക്കു നോക്കി…പന്ത്രണ്ടര… “ഇത്ര സമയമായോ…ഈ സമയത്താണോ മനു കുളിക്കുക? പനി വരുമല്ലോ.”

മനു കൗതുകത്തോടെ എന്നെ നോക്കി…”വന്നോട്ടെ അതിനു തനിക്കെന്താ?”

ഉത്തരം മുട്ടിപോയി എനിക്ക്…മൂന്നു വർഷം ഒരു കുഞ്ഞിനെയെന്നപോലെ നോക്കിയവനാണ് ചോദിക്കുന്നത്…എനിക്കെന്താണ് പോലും…എനിക്ക് പലതും ഉണ്ട് എന്ന് ഉറക്കെ പറയാൻ തോന്നി…പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു…

“താൻ എന്ത് ഉറക്കമാണെടോ ഉറങ്ങിയത്…ഇവിടെ വന്നിട്ടു വിളിച്ചപ്പോ താൻ എനിക്കുന്നെ ഇല്ലാരുന്നു…ഞാനാദ്യം ഓർത്തു ബോധം പോയെന്ന്…പിന്നെ ഓർത്തു ബോധം ഉള്ളവർക്കല്ലേ അതൊക്കെ പോവൂ ന്ന്…”

തിരിഞ്ഞു നിന്നാലും എനിക്ക് ദേഷ്യം വരും കേട്ടോ…തലയിണയെടുത്തു ഒരേറ് കൊടുത്തു…അവന്റെ ഒരു ഉണക്ക തമാശ..മനുഷ്യനിവിടെ അകവും പുറവും നിന്നു കത്തുവാണ്…അപ്പോഴാ…

അവനാ തലയിണയും പിടിച്ചെടുത്തു ഒരു മൂളി പാട്ടോടെ കട്ടിലിലേക്ക് കിടന്നു…എനിക്ക് പിന്നെയും അത്ഭുതം തോന്നി..എന്ത് ലാഘവത്തോടെയാണ് അവൻ പെരുമാറുന്നത്…എനിക്കേ ഉള്ളു വേദന… നൊമ്പരം..നിത്യ പറഞ്ഞത് ഞാനോർത്തു…

“ചേച്ചിക്ക് മനുവിനെ അറിയത്തോണ്ടാ…അവനൊരു പെണ്ണേയുള്ളു ഈ ജന്മത്തിൽ…”

എനിക്ക് ചിരി വന്നു…അതേതയാലും ഞാനല്ല… ജനൽപടിയിൽ കയറിയിരുന്നു പുറത്തേക്ക് നോക്കി എങ്ങും നിശബ്ദത…ഇരുട്ട്…എത്ര നേരം അങ്ങനിരുന്നു എന്നറിയില്ല

“പെണ്ണേ…”

തൊട്ടടുത്ത് മനുവിന്റെ ശബ്ദം..ഞെട്ടിയെണീറ്റതും അവന്റെ നെഞ്ചിൽ ചെന്നിടിച്ചുനിന്നു…ആ ഹൃദയമിടിപ്പ്… അതിന്റെ താളം…എനിക്ക് പെട്ടെന്ന് സങ്കടം വന്നു…അവനെ ചുറ്റിപിടിച്ചു ആ നെഞ്ചിൽ ചാഞ്ഞുനിന്നു കരഞ്ഞപ്പോൾ നാളെ മുതൽ ഈ കരുതൽ എനിക്കില്ലലോ എന്ന നോവ്‌ മാത്രമായിരുന്നു ഉള്ളിൽ..അവനെന്റെ തലയിൽ തഴുകികൊണ്ടു നിശ്ചലം നിന്നു…എത്ര നേരം…എനിക്കറിയില്ല…ഈ രാത്രി കഴിഞ്ഞപോകാതെയിരുന്നെങ്കിൽ…നടന്നതൊന്നും നടക്കാതിരുന്നെങ്കിൽ…അവനെ ഞാനിത്ര സ്നേഹിക്കാതിരുന്നെങ്കിൽ…കാലങ്ങൾക്ക് പുറകിലേക്ക് മനസ്കുതിക്കുമ്പോൾ ഞാൻ പിന്നെയും ദുർബലയായി…

“എന്നാ നിന്റെ കല്യാണം..എന്നെ വിളിക്കുവോ…”

“മനൂ…….!!!” അവനെ ഞാൻ തള്ളിമാറ്റി. “ഹ്ഹോ ന്തൊരു ദേഷ്യം…മൂക്കിൻതുമ്പൊക്കെ ചുവന്നല്ലോ”

അവനെന്നെ പരിഹസിക്കുവാണോ…എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി. ചാടിത്തുള്ളി പുറത്തേക്കു നടക്കാനാഞ്ഞ എന്നെ അവൻ കയ്യിൽ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു. വീണ്ടും ദുർബലയായ പോലെ..അവനെ തള്ളിയകറ്റാൻ വയ്യാതെ ഞാൻ നിന്നുരുകി.

“എന്നെ വിളിക്കോ കല്യാണം?”

“ല്യ…”

“ന്തേ..?”

“മ്മ് ഹ്…”

“ഞാൻ വന്നാ നിനക്ക് പേടിയാണല്ലേ?”

“ന്തിന്?”

“ഞാൻ വന്നാ നീ ഏത് കൊലകൊമ്പനെയും പുല്ലുപോലെ കളഞ്ഞിട്ട് എന്റെ കൂടെ വരും…”

ഞാൻ അവിശ്വസനീയതയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. “ഇങ്ങനെ നോക്കാതെ പെണ്ണേ…ഒരുമ്മ തരട്ടെ?” അവന്റെ കണ്ണുകളിൽ കുസൃതി. ഒരു തള്ളു കൊടുത്തു…വഷളൻ…അവൻ വീണിടത്തു കിടന്നു വയറു പൊത്തി ചിരിക്കാൻ തുടങ്ങി…

“ന്താ ഒരു കഥ…പ്രേമം..കല്യാണം..ഡിവോഴ്സ്…ഒലക്ക…!!!” എനിക്കും ചിരി വരുന്നുണ്ടായിരുന്നു. മനസിലെന്തോ തണുപ്പ് വീണ പോലെ…

“എങ്ങനെ മനസിലായി…”

“ന്ത്?”

“എല്ലാം കഥയാണെന്ന്…”

“ഏഹ് അപ്പൊ കഥ ആയിരുന്നോ…? ഛേ ഞാൻ രക്ഷപെട്ടെന്നു വിചാരിച്ചതാ…” അവൻ ഒരു സാഡ് എസ്പ്രെഷൻ ഇട്ടു…നീണ്ട നഖം കൊണ്ടു കൈത്തണ്ടയിൽ ഒരു മറുപടി കൊടുത്തിട്ട് ഓടാൻ ഭാവിക്കും മുൻപേ അവനെന്നെ പൂണ്ടടക്കം കെട്ടിപിടിച്ചു. കുതറി മാറാൻ ശ്രമിച്ചപ്പോൾ മെല്ലെ കാതിൽ മന്ത്രിച്ചു..

“നീയെന്റെയാ..നീയെന്റെയാ പെണ്ണേ..എനിക്കറിയാം നിന്റെയുള്ളിൽ എത്ര ത്തോളം ഞാൻ ഉണ്ടെന്ന്‌..” എന്റെ കണ്ണു അനുസരണയില്ലാതെ നിറഞ്ഞു.

“ഹരിയേട്ടൻ…”

“ഹരിയെട്ടനോ…? അവനോട് പോവാൻ പറ… അവനു രണ്ടെണ്ണത്തിനെ ഒരുമിച്ചു മാനേജ് ചെയ്യാനൊന്നും പറ്റത്തില്ല..”

“ഏഹ്???”

“എടി പോത്തെ രണ്ടുമാസം കഴിഞ്ഞു അവന്റെ കല്യാണം ആണ്. അവൾക്കു വേറെ ആരേം കിട്ടിയില്ല കള്ള കാമുകൻ ആക്കാൻ…”

എന്റെ മണ്ടത്തരം ഓർത്തു എനിക്ക് തന്നെ ചിരി വന്നു. “വേറൊന്നുടി പറയാം…അവന്റെ അനിയനും നിത്യവും തമ്മിൽ ഇഷ്ടത്തിലാണ്…”

അതെനിക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു…മനുവും നിത്യയും ഒരുമിച്ചു കളിച്ചു വളർന്നവർ ആണ്. അവരുടെ വിവാഹവും ഏകദേശം ധാരണയിൽ എത്തിയതായിരുന്നു…പക്ഷെ ജാതകത്തിൽ എന്തോ ദോഷം…അത് നടന്നില്ല. വിവാഹത്തിനു ശേഷവും അവരുടെ സൗഹൃദം അവർ സൂക്ഷിച്ചിരുന്നു. ഞാൻ അറിയെ തന്നെ…

ഒരു കുഞ്ഞില്ലാത്തത്തിന്റെ വിഷമം വല്ലാത്തൊരു മാനസികാവസ്ഥയിൽ എന്നെ എത്തിച്ചിരുന്നു. ആ സമയത്താണ് മനുവിന്റെ അമ്മ ജ്യോൽസ്യന്റെ കുറിപ്പും കൊണ്ടു വന്നത്…എനിക്ക് പുത്ര ഭാഗ്യം ഇല്ലത്രേ..രണ്ടാമതൊരു വിവാഹം മനുവിന്റെ ജീവിതത്തിൽ ഉണ്ടാകും എന്നത് ഉറപ്പാണ് പോലും…

ഒരു മച്ചിയെ കെട്ടി ഇനിയും എത്ര കാലം അവൻ കഷ്ടപെടണം. ഒന്നു പെട്ടെന്ന് ഒഴിവായി തന്നൂടെ എന്നു എന്റെ മുഖത്തുനോക്കി അമ്മ പറഞ്ഞപ്പോൾ തകർന്നുപോയി ഞാൻ…മനു എന്നെ ഒഴിവാക്കുന്ന ഒരവസ്ഥ…അതെനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് സ്വയം ഒഴിഞ്ഞുപോകുക എന്ന ചിന്ത എന്നിലേക്ക്‌ വന്നത്.

നിത്യ എനിക്ക് അവനു നൽകാവുന്ന ഏറ്റവും നല്ല ഓപ്ഷൻ ആയിരുന്നു. അവൾക്ക് അവനെ താങ്ങി നിർത്താൻ കഴിയും എന്ന ഉത്തമ ബോധ്യം. എന്നിട്ടും അവളോട് സംസാരിച്ചപ്പോൾ എന്റെ തൊണ്ട വരണ്ടു. അവളെന്നോട് പറഞ്ഞു….”എടി മണ്ടി…മനുവിനെ നിനക്കിത്ര നാളായിട്ടും മനസ്സിലായില്ലേ…അവന് ഒരു പെണ്ണേ ഉള്ളൂ..അത് നീയാണ്..അവന്റെ ഓരോ ഹൃദയമിടിപ്പിലും ശ്വാസത്തിലും തൻവി മാത്രമേയുള്ളു…”

ശരിയാണ്…ഇപ്പോൾ…ഈ നിമിഷം എനിക്കത് അറിയാൻ കഴിയുന്നുണ്ട്. എനിക്ക് വേണ്ടി സ്പന്ദിക്കുന്ന ഹൃദയം. അതിൽ അലിഞ്ഞുനിൽക്കുമ്പോൾ മറ്റൊന്നും ഞാനറിയുന്നില്ല. ഓർക്കുന്നില്ല…

“മനുവിന് എങ്ങനെ മനസിലായി ഞാൻ ചുമ്മാ പറഞ്ഞതാണെന്ന്…?”

“ഓഹ് അതിനിപ്പോ ന്താ ഇത്ര മനസിലാക്കാൻ…നീ വേറെ വല്ല കാരണോം പറഞ്ഞെങ്കി ഞാൻ വിശ്വസിച്ചേനെ…ഇതിപ്പോ വേറെ ആളോട് പ്രേമം ആണ് പോലും…നിന്റെ വാക്കിലും നോക്കിലും നിന്റെ ഓരോ പുഞ്ചിരിയിൽ പോലും എന്നോടുള്ള സ്നേഹം കാണാം എനിക്ക്…ആ നീ…വിശ്വസിക്കും ഞാനിപ്പോ നോക്കിരുന്നോട്ടോ…”

അവൻ ഉറക്കെ ചിരിച്ചു….ഒന്നും മിണ്ടാൻ തോന്നിയില്ല…ഒരു പൂച്ച കുഞ്ഞിനെപോലെ അവനോട് പറ്റി ചേർന്നു നിന്നു. “ഇങ്ങനെ നിന്നാമത്യോ…? നീ ഉറങ്ങുന്നില്ലേ പെണ്ണേ”

“മതി…ഇങ്ങനെ നിന്നാൽമതി എനിക്ക്…എന്നും..എപ്പോഴും….”

“മതിയോ?”

“മ്മ്…”

“ന്നാ എനിക്കും…” വീണ്ടും കുസൃതിച്ചിരി…

“പോ ചെക്കാ…”

അവന്റെ നെഞ്ചിൽ നുള്ളുമ്പോൾ എൻറെയുള്ളിലെ ആ കുസൃതികാരി വീണ്ടും ഉണർന്ന പോലെ…പലപ്പോഴായി അവൻ പറഞ്ഞ വാക്കുകൾ…

“നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നൊന്നും ആരും പറഞ്ഞിട്ടില്ല…സമയം ആവുമ്പോ അവനോ അവളോ കൃത്യമായിട്ടു ഇങ്ങു വന്നോളും…ഇനി അതല്ല നമുക്ക് നമ്മളെ ഉള്ളു എങ്കിലും സാരല്യ… നീയുണ്ടല്ലോ എനിക്ക്…”

നിത്യയുടെ കാര്യം പറഞ്ഞു പലപ്പോഴും കളിയാക്കുമ്പോൾ പറഞ്ഞിരുന്നു… “ആ ജ്യോൽസ്യന്റെ ജ്യോൽസ്യം ഒക്കെ കണക്കാ…ഇന്നലെ പറയുന്നതല്ല ഇന്ന്…നാളെ പറയുന്നതല്ല മറ്റന്നാൾ…പിന്നെ അമ്മയുടെ ഓരോരോ വിശ്വാസങ്ങൾ…പിന്നെ അങ്ങേരെനിക്ക് ചെയ്ത ഒരേ ഒരു നല്ല കാര്യം…അത് നീയാണ്…ആ വട്ടത്തി നിത്യയെ സഹിക്കേണ്ടി വന്നില്ലലോ…”

ഇത് കേട്ട് വന്ന നിത്യ അന്ന് അവനെ വീട് മുഴുവൻ ചുറ്റി ഓടിച്ചു…ഞാൻ വെറുതെ എന്നിലേക്ക്‌ തന്നെ നോക്കി…വിഡ്ഢിയാണോ ഞാൻ…ഇത്ര വിദ്യാഭ്യസമുണ്ടായിട്ടും എന്തൊക്കെയാണ് ഞാൻ കാട്ടികൂട്ടിയത്…മനുവിന്റെ സ്ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഇപ്പോൾ…എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഉത്തരം എന്നിൽതന്നെ ഉണ്ടായിരുന്നു. പക്ഷെ തളർന്നിരുന്ന മനസിലേക്ക് വീണ്ടും തീ വീണപ്പോൾ ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുപോയി…ഒരു നിമിഷത്തെ എടുത്തുചാട്ടം…നന്ദിയുണ്ട് ഭഗവാനേ…ഒന്നും നഷ്ടപ്പെടുത്താഞ്ഞതിൽ…എന്റെ മനുവിനെ എനിക്ക് തന്നതിൽ…

“എടി പെണ്ണേ…ന്തോന്നു ഓർത്തു നിക്കുവാ…എനിക്ക് രാവിലെ പോവേണ്ടതാ..വന്നു കിടന്നേ…”

“മനു എവിടെ പോവുന്നു…?” ഒട്ടൊരു ആന്തലോടെ തന്നെയാണ് ചോദിച്ചത്…”പിന്നെ ഞാനിവിടെ താമസിക്കാൻ വന്നതാണെന്നു കരുതിയോ…നിന്നെ ആക്കിട്ടു പോകാൻ വന്നതല്ലേ ഞാൻ..” വീണ്ടും നെഞ്ചിൽ ഒരു വെള്ളിടി…

“ഡി പെണ്ണേ ഞെട്ടൊന്നും വേണ്ട. എനിക്ക് ഒരാഴ്ച ചെന്നൈ വരെ പോവണം. നിന്നെ അവിടെ നിർത്തിട്ടുപോയാ ശരിയാവില്ല. മോള് അമ്മേടെ കൂടെ ഒരാഴ്ച നിന്നു പഴയ കുറുമ്പിപെണ്ണായിട്ടു വാ…ന്നിട്ടു ചേട്ടൻ വന്നു കൊണ്ടുവട്ടോ…”

എനിക്ക് പിന്നെയും ചിരി വന്നു..ഇത് മനുവാണ്…ഓരോ അണുവിലും തൻവിയെ പേറുന്ന മനു…എത്ര വലിച്ചെറിഞ്ഞു കളഞ്ഞാലും എന്നിലേക്ക് തിരിച്ചെത്തുന്ന എന്റെ സ്നേഹം…എന്റെ പ്രണയം…

കണ്ണുനീരിൽ കുതിർന്ന എന്റെ പുഞ്ചിരിയിൽ ഞാൻ നിത്യയെ ഓർത്തു. എനിക്കറിയാം നിത്യ…നീയാണ്…നീയാണ് എല്ലാം അവനോട് പറഞ്ഞതെന്ന്…നിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞുപോയ നിന്റെ പ്രണയത്തെ നീയെനിക്ക് വച്ചു നീട്ടിയതാണ്…ഇന്നും എന്നും മനുവിനെ നീ മറന്നിട്ടില്ലെന്നു…പക്ഷെ നീ, നീയാണ് നിത്യ യഥാർത്ഥ പെണ്ണ്…നിന്നെപ്പോലെ ആവാൻ എനിക്കൊരിക്കലും കഴിയില്ലാലോ…നിന്റെ സ്നേഹത്തെ ഒരിക്കലും എനിക്ക് തോൽപിക്കാൻ കഴിയില്ലലോ…ഇനിയൊരു ജന്മമുണ്ടെങ്കിൽ മനു നിന്റേതാവട്ടെ എന്നു ഞാൻ പ്രാർത്ഥിക്കും….ഈ ജന്മം…അത് ഞാൻ മതിയാവോളം അവനെ സ്നേഹിച്ചോട്ടെ…അവനിലലിഞ്ഞു ഞാൻ ഇല്ലാതാവട്ടെ…ഈ ജന്മം സ്നേഹം കൊണ്ട് അവനെന്നെ തോൽപിച്ചു കളഞ്ഞല്ലോ…

വെറുതേ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു…അടിവയറ്റിൽ നേർത്തൊരു ജീവന്റെ സ്പന്ദനം എന്നെ അമ്മേ എന്നു വിളിച്ചപോലെ…